UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

ദേവികുളം സബ് കലക്ടറുടെ ‘തോന്ന്യാസങ്ങള്‍’

ശ്രീരാം വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ടില്‍ തെളിഞ്ഞത് ഇടുക്കിയിലെ നിയമ ലംഘനത്തിന്റെയും അഴിമതിയുടെയും ഹിമാലയന്‍ വന്‍കര; സജി ഉലഹന്നാന്‍ എന്ന ക്വാറി മുതലാളിയുടെ സമാന്തര ഭരണം

ദേവികുളത്ത് പുതിയൊരു സബ്കലക്ടര്‍ ചാര്‍ജെടുത്തു. തികഞ്ഞ ‘തോന്ന്യാസി’. ഇടുക്കി കേരളത്തിലാണെന്നും ഭൂമിക്കും കാടിനും പരിസ്ഥിതിക്കുമെല്ലാം നിയമങ്ങളുണ്ടെന്നും അത് അനുസരിക്കണമെന്നും ജനങ്ങളെ പഠിപ്പിക്കാന്‍ വന്നിരിക്കുന്ന പുതിയ വിദ്വാന്‍. കാലങ്ങളായി ആചാരവിശ്വാസത്തോടെ രൂപപ്പെടുത്തിയ അധികാരവ്യവസ്ഥയെ വെല്ലുവിളിക്കുന്നു. ചരിത്രത്തില്‍ ഇത്തരം വെല്ലുവളികള്‍ ഉയര്‍ത്തിയവരുടെയെല്ലാം ദുര്‍ഗതി ലോകം കണ്ടതാണെന്ന് സ്ഥലത്തെ പ്രധാന പയ്യന്മാര്‍ ഓര്‍മ്മിപ്പിച്ചു. അവര്‍ക്കൊന്നും പിന്നെ പരഗതിയുണ്ടായില്ല. ഇതോര്‍ത്താല്‍ ശ്രീറാം വെങ്കിട്ടരാമനും നന്നെന്നാണ് രാഷ്ട്രീയപക്ഷം. എന്നാല്‍ പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് വെങ്കിട്ടരാമന്‍. അദ്ദേഹം നടത്തിയ ചില മിന്നല്‍ പരിശോധനകളില്‍ ഇടുക്കി കുലുങ്ങിത്തുടങ്ങിയിരിക്കുന്നു. ഏഴ് പേജുള്ള റിപ്പോര്‍ട്ടില്‍ ഇടുക്കിയിലെ കരിങ്കല്‍ ക്വാറിമാഫിയയും നടുങ്ങി. അതിന്റെ പ്രതിഫലനമാണ് ഇടുക്കിയില്‍ കണ്ടു തുടങ്ങിയ സമര പരമ്പര.

കോടികളുടെ വ്യാപാര മേഖലയ്ക്കാണ് സബ് കലക്ടര്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആദ്യം തീരുമാനിച്ചത് കരിങ്കല്‍ ഖനനം പൊതു മേഖലയിലാക്കണമെന്നാണ്. ‘ഉരാളുങ്കല്‍ മോഡല്‍’ സഹകരണമേഖലയും അവര്‍ക്ക് മാതൃകയായിട്ടുണ്ട്. എന്നാല്‍, ഇടുക്കിയിലെ എംഎല്‍എ എസ് രാജേന്ദ്രന്‍ ഇത് അംഗീകരിക്കില്ല. നിലവിലുള്ള സമ്പ്രദായം അതേപടി തുടരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇടുക്കിയില്‍ പ്രകൃതിക്കും മനുഷ്യനുമെല്ലാം ഇണങ്ങിയ വികസനം അദ്ദേഹം നടപ്പാക്കുമ്പോഴാണ് സബ് കലക്ടര്‍ അതിന് വിലങ്ങിട്ടത്. നിയമം വരികള്‍ക്ക് ഇടയിലൂടെ വായിക്കുന്നുവെന്നാണ് രാജേന്ദ്രന്റെ വിമര്‍ശനം. ഈ സബ് കലക്ടറെ ഇടുക്കിക്ക് ആവശ്യമില്ലെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.

നിയമം വായിക്കുമ്പോള്‍

എംഎല്‍എ സൂചിപ്പിച്ചതുപോലെ സബ് കലക്ടര്‍ വായിച്ചപ്പോള്‍ ഇടുക്കി കേരളത്തിലല്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിച്ചറിഞ്ഞു. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ അത് പാലിക്കുന്നില്ലെന്നും. അദ്ദേഹം നിയമസഭ പാസാക്കിയ 1957ലെ മൈന്‍സ് ആന്റ് മിനറല്‍ ആക്ട്, 1993ലെ പ്രത്യേക ഭൂപതിവ് ചട്ടങ്ങള്‍, മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍, 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം എന്നിവ മറിച്ചുനോക്കി. ഇതൊന്നും ഇടുക്കിയില്‍ നിലവിലില്ലെന്നും തിരിച്ചറിഞ്ഞു. അദ്ദേഹം ആത്മസംഘര്‍ഷത്തിലായി. അപ്പോഴാണ് ഇടുക്കി കലക്ടറുടെ (ഫെബ്രുവരി രണ്ടിന്) ചില നിര്‍ദേശങ്ങളെത്തിയത്. തൊട്ടുപിന്നാലെ ഹൈക്കോടതി മാര്‍ച്ച് ആറിന് ഉത്തരവിട്ടു. ഇതു രണ്ടും നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥന്‍ എന്നനിലയിലാണ് വെങ്കിട്ടരാമന്‍ ദേവികുളത്തിന്റെ മണ്ണിലേക്കിറങ്ങിയത്.

കലക്ടറുടെ നിര്‍ദേശപ്രകാരമാണ് അടിമാലി നെടുങ്കണ്ടം റോഡില്‍നിന്ന് ഏകദേശം 800 മീറ്റര്‍ ദൂരത്തുള്ള തിങ്കള്‍ക്കാട് പാറമടയില്‍ അദ്ദേഹം എത്തിയത്. നെടുങ്കണ്ടത്തുകാരന്‍ പന്തപ്പള്ളില്‍ സജി ഉലഹന്നാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം. നേരത്തെ മാര്‍ച്ച് 16ന് ഈ സ്ഥാപനത്തില്‍ ദേവികുളം റവന്യു ഡിവിഷണല്‍ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. പ്രഥമിക പരിശോധനയില്‍തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയതിനേക്കാള്‍ വളരെയധികം പാറ ഖനനം ചെയ്തിട്ടുള്ളതായി ആര്‍ഡിഒ കണ്ടെത്തിയിരുന്നു. അതാകട്ടെ സര്‍ക്കാര്‍ പുറമ്പോക്കില്‍നിന്നും പട്ടയഭൂമിയില്‍നിന്നുമാണ് ഖനനം ചെയ്തിരിക്കുന്നത്. നിയമലംഘനം നേരില്‍ ബോധ്യപ്പെട്ട സ്ഥിതിക്ക് ജൂനിയര്‍ സൂപ്രണ്ട് നിയമം അനുസരിച്ച് 45 വാഹനങ്ങള്‍ താല്‍ക്കാലികമായി കസ്റ്റഡിയിലെടുത്തു. ഇക്കാര്യം സംബന്ധിച്ച് മാര്‍ച്ച് 16ന് തന്നെ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പരിശോധിക്കാനെത്തിയപ്പോഴും ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

വിശദമായ പരിശോധന

ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ സര്‍വേ നടത്തുകയും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളടേതടക്കം നിരവധി പരാതികള്‍ ലഭിച്ചതിനെതുടര്‍ന്ന് ഇടുക്കി ആര്‍ഡിഒ ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ച് ഫെബ്രുവരി 28ന് ഉത്തരവ് നല്‍കിയിരുന്നു. ഉയര്‍ന്ന പ്രദേശത്ത് നടത്തുന്ന ഖനനപ്രവര്‍ത്തനം പരിസരപ്രദേശത്ത് കുടിവെള്ള ക്ഷാമം സൃഷ്ടിക്കുന്നതായും, പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നതായും ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. ഉത്തരവ് മാര്‍ച്ച് ഒന്നിന് ക്വാറി ഉടമ കൈപ്പറ്റിയിരുന്നു. മാര്‍ച്ച് 11ന് മുമ്പ് ക്വാറിയിലെ നിലവിലുള്ള സ്റ്റോക്ക് മുഴുവന്‍ നീക്കം ചെയ്യണം. 12ന് മുമ്പായി ഖനനത്തിന് ഉപയോഗിക്കുന്ന എല്ലാ യന്ത്ര സാമഗ്രികളും നീക്കം ചെയ്യണമെന്നായിരുന്നു ഉത്തരവ്. അധികാരത്തിന്റെ ഉന്നതങ്ങളില്‍ അപാരമായ ബന്ധമുള്ള സജി ഉലഹന്നാന് പരിശോധനയും ഉത്തരവുമെല്ലാം വെറും തമാശയായി തോന്നി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സജിക്ക് ഇനിയെന്ത് വേണമെന്നായിരുന്നു മന്ത്രിമാര്‍ ചോദിച്ചിരുന്നത്. അങ്ങനെയാണ് ആറ് സര്‍വേ നമ്പരില്‍ ഖനനത്തിന് അനുമതി ലഭിച്ചത്. ഉത്തരവിന് കടലാസിന്റെ വിലകല്‍പ്പിച്ച് ക്വാറിപ്രവര്‍ത്തനം തുടര്‍ന്നു. ജൂനിയര്‍ സൂപ്രണ്ട് വീണ്ടും നിരോധന ഉത്തരവ് നല്‍കാന്‍ വില്ലേജ് ഓഫിസര്‍ക്ക് മാര്‍ച്ച് 16ന് നിര്‍ദ്ദേശം നല്‍കി. അങ്ങനെയാണ് വിശദമായി പരിശോധന നടത്തിയത്.

റവന്യു ഉദ്യോഗസ്ഥര്‍ ക്വാറിയുടമയുടെ തോഴന്മാര്‍

പട്ടയ ഭൂമിയിലും സര്‍ക്കാര്‍ പുറമ്പോക്കിലും നിയമവും ചട്ടവും അട്ടിമറിച്ച് കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിച്ച റവന്യു, മൈനിംഗ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥര്‍ ക്വാറിയുടമയുടെ ഉറ്റ തോഴരാണ്. ഉദ്യോഗസ്ഥര്‍ നടത്തിയ നിയമലംഘനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. ക്വാറി ഉടമയെ സഹായിക്കാന്‍ റവന്യു രേഖകള്‍ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം മറച്ചുവെച്ചുവെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം പന്തപ്പള്ളിയില്‍ സജി ഉലഹന്നാന്റെ കൊന്നത്തടി വില്ലേജിലെ തിങ്കള്‍കാട് എന്ന സ്ഥലത്തെ ക്വാറിയുടെ വില്ലേജ്, താലൂക്ക് ഓഫീസുകളിലെ ഫയലുകളും അനുബന്ധ രേഖകളുമാണ് പരിശോധന നടത്തിയത്. 2012 ഡിസംബര്‍ 17ന് കൊന്നത്തടി വില്ലേജ് ഓഫിസില്‍നിന്നും (സര്‍വേ നമ്പര്‍ 6858/12) നല്‍കിയ സാക്ഷ്യപത്രം അനുസരിച്ച് 1993ലെ വനഭൂമി ക്രമീകരിക്കല്‍ പ്രത്യേക ചട്ടപ്രകാരം കൃഷി, വാസഗൃഹ നിര്‍മാണം, ചെറിയകടകളുടെ നിര്‍മാണം എന്നീ പ്രവര്‍ത്തനത്തിനു മാത്രമേ ഭൂമി വിനിയോഗിക്കാവൂ എന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, ഇതേ ചട്ടമനുസരിച്ച് 225 സര്‍വേ നമ്പരില്‍ 6, 7, 8, 9, 12 എന്നീ സബ്ഡിവിഷന്‍ ഉള്‍പ്പട്ടെ ഭൂമിയുടെ കാര്യത്തില്‍ ‘പ്രത്യേക ആവശ്യത്തിന് പതിച്ചു നല്‍കിയ ഭൂമിയല്ല’ എന്ന വസ്തുതകള്‍ മറച്ചുവെച്ച് വില്ലേജ് ഓഫിസര്‍ സാക്ഷ്യ പത്രം നല്‍കി.

മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ക്വാറിക്ക് അനുമതി നല്‍കിയത് വില്ലേജ് ഓഫിസറുടെ തെറ്റായ സാക്ഷ്യപത്രത്തിന്റെ പിന്‍ബലത്തിലാണ്. അതാകട്ടെ റവന്യു കരിങ്കല്‍ ഖനനത്തിനുള്ള ശുപാര്‍ശയായിരുന്നു. അതുപോലെ സര്‍വേ നമ്പര്‍ 2298/12ല്‍ ഖനനം തുടരുന്നതിന് ക്വാറിയുടമ അനുമതിക്കായി അപേക്ഷ നല്‍കിയപ്പോള്‍ വില്ലേജ് ഓഫീസര്‍ സ്ഥല സന്ദര്‍ശനം നടത്തി. 1993 ചട്ടമനുസരിച്ച് പട്ടയം നല്‍കിയ ഭൂമിയില്‍ ജലസ്രോതസുകള്‍ ഇല്ലെന്ന് ക്വാറി ഉടമക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് 2015 ഡിസംബര്‍ ആറിന് ഇടുക്കി തഹസീദാര്‍ കത്ത് നല്‍കിയിരുന്നു. വില്ലേജ് ഓഫിസര്‍ നല്‍കിയ മറുപടിയില്‍ 1993ലെ ചട്ടപ്രകാരം ‘പ്രത്യേക ആവശ്യങ്ങള്‍ക്കായി പതിച്ച് നല്‍കിയ ഭൂമിയല്ലെന്ന്’ മറപടിയും നല്‍കി. 2017 മാര്‍ച്ച് ആറിലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ജില്ലാ ജിയോളജിസ്റ്റ് കരിങ്കല്‍ ക്വാറിയില്‍ നേരിട്ട് പരിശോധന നടത്തി. എന്നാല്‍, 78400 ക്യുബിക് മീറ്റര്‍ കരിങ്കല്ല് സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് അനധികൃതമായി പൊട്ടിച്ചെടുത്തതായി റിപ്പോര്‍ട്ട് നല്‍കിയില്ല. അതുപോലെ ഏലമലക്കാടുകളിലെ ഖനനം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ നല്‍കിയ 2013 ഡിസംബര്‍ 17ന് കത്ത് നല്‍കിയിരുന്നു. പരിസ്ഥിതിവകുപ്പിന്റെ അനുമതിയും വനംവകുപ്പിന്റെ നിരാക്ഷേപ പത്രവുമില്ലാത്ത ഖനനപ്രവര്‍ത്തനം നിര്‍ത്തിവെക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഉന്നതതല നിര്‍ദേശം ലഭിച്ചിട്ടും അനധികൃത ക്വാറികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ക്വാറിയുടമ വിലക്കെടുത്ത് നിയമ ലംഘനങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

തോടും നിലവും പൂര്‍ണമായി നികത്തി

ജില്ലാ ജിയോളജിസ്റ്റ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് സജി ഉലഹന്നാന് കരിങ്കല്‍ ഖനനത്തിന് 2013 ജനുവരി രണ്ട് മുതല്‍ 2016 ജൂലൈ ഏഴിന് എന്നിങ്ങനെ ഏഴ് പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമാണ് ഏഴാമത്തെ പെര്‍മിറ്റ് ലഭിച്ചത്. അതും സര്‍ക്കാര്‍ പുറമ്പോക്കിലാണ്. ആകെയുള്ള ഏഴില്‍ നാലെണ്ണം സര്‍ക്കാര്‍ പുറമ്പോക്കിലും മൂന്ന് എണ്ണം പാട്ട ഭൂമിയിലുമാണ്. പ്രത്യേക സര്‍വേ സംഘം പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ പുറമ്പോക്കില്‍നിന്ന് 74400 ക്യുബിക് മീറ്റര്‍ കരിങ്കല്ലും പട്ടയ ഭൂമിയില്‍നിന്ന് 4000 ക്യുബിക് മീറ്റര്‍ കരിങ്കല്ലും അധികമായി ഖനനം ചെയ്തിട്ടുണ്ട്. അത് വിപണനം നടത്തുകയോ ക്വാറിയില്‍ സൂക്ഷിക്കുകയോ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. അനധികൃത ഖനനം വഴി സര്‍ക്കാരിന് നഷ്ടപ്പെട്ട തുക മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടപ്രകാരം റോയല്‍റ്റി, പിഴ, പാറവില എന്നിവയും 1957ലെ ഭൂസംരക്ഷണ നിയമം അനുസരിച്ച് നഷ്ടപരിഹാരവും ഈടാക്കണം. മൈന്‍സ് ആന്‍ഡ് മിനറല്‍ നിയമത്തിലെ ചട്ടമനുസരിച്ച് രണ്ടുവര്‍ഷം തടവും അഞ്ചുലക്ഷം പിഴയും അടക്കേണ്ട കുറ്റമാണ് ഇവിടെ നടത്തിയത്.

ക്വാറിയോട് അനുബന്ധിച്ചുള്ള ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത് 220/7 റീസര്‍വേ നമ്പരിലെ പട്ടയ ഭൂമിയിലാണ്. എന്നാല്‍, പരിശോധനയില്‍ ഈ സ്ഥലത്തിന് പുറത്തായി റീസര്‍വേ നമ്പര്‍ 220/ 8 ല്‍ ഉള്‍പ്പെട്ട ഭൂമി കൈയേറി ഇതിലും ക്രഷര്‍ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നു. അതിനും ചട്ടമനുസരിച്ച് പിഴ ചുമത്തണം. 220/7 നമ്പരിലെ ഭൂമിയാകട്ടെ 1993 ലെ പ്രത്യേക ഭൂമി പതിവ് ചട്ടപ്രകാരം ലഭിച്ച പട്ടയമാണ്. ഈ വസ്തുവിന്റെ ഇനം റീസര്‍വേ ഫെയര്‍ലാന്‍ഡ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ‘നിലം’എന്നാണ്. എന്നാല്‍, പട്ടയം അനുവദിക്കുമ്പോള്‍ റവന്യു ഉദ്യോഗസ്ഥര്‍ വസ്തുവിന്റെ ഇനം ‘പുരയിടം’ എന്ന് മാറ്റി.

Also Read: മൂന്നാറിന്റെ കയ്യേറ്റ രോഗത്തിന് ചികിത്സയുമായി ഒരു ഡോക്ടര്‍ കളക്ടര്‍

ഇപ്പോള്‍ സ്ഥലം പൂര്‍ണമായി നികത്തിയെടുത്തത് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. മാത്രമല്ല ആ ഭൂമി ഇന്ന വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുകയാണെന്നും പരിശോധനയില്‍ കണ്ടെത്തി. അതുപോലെ സര്‍വേ നമ്പര്‍ 220/5ലെയും 220/9ലെയും പട്ടയം ലഭിച്ച നിലത്തില്‍ ക്രഷര്‍ മാലിന്യം നിക്ഷേപിച്ച് പൂര്‍ണമായും നികത്തി. ക്രമവിരുദ്ധമായി നല്‍കിയ പട്ടയങ്ങള്‍ റദ്ദാക്കാനും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. ക്രഷര്‍ യൂണിറ്റും ക്വാറിയും പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് ഒഴുകിയിരുന്ന രണ്ട് തോടുകളുടെ ഒഴുക്ക് പൂര്‍ണമായും തടഞ്ഞിരിക്കുകയാണ്. ഇതുമൂലം പ്രദേശവാസികള്‍ക്ക് വന്‍തോതില്‍ കുടിവെള്ള ക്ഷാമം നേരിടുന്നതായി പരാതി ലഭിച്ചതും ശരിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഗൂഗില്‍ എര്‍ത്ത് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ 2011 ഫെബ്രുവരി ഒമ്പതിലെ ഉപഗ്രഹ ചിത്രത്തില്‍ രണ്ട് തോടുകളും ഒഴുകുന്നുണ്ട്. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പോലും തോടുകള്‍ വീണ്ടെടുക്കുക അസാധ്യമാണ്. പരിസ്ഥിതി നശിപ്പിച്ചത് ക്വാറി ഉടമയില്‍നിന്ന് കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കനത്ത പിഴ ഈടാക്കാന്‍ നടപടി സ്വീകരിക്കണം.

സബ് കലക്ടറുടെ റിപ്പോര്‍ട്ട്

തെരുവില്‍പിടിച്ച കണ്ണാടി

തെരുവില്‍ പിടിച്ച കണ്ണാടിയില്‍ തെളിയുന്ന ചിത്രംപോലെയാണ് സബ് കലക്ടറുടെ റിപ്പോര്‍ട്ട്. അദ്ദേഹം കണ്ടതെല്ലാം പകര്‍ത്തി. സംസ്ഥാനത്തെ നിയമങ്ങളുമായി ഇത് ഒത്തുനോക്കി. അപ്പോള്‍ കണ്ടത് ഇടുക്കിയിലെ നിയമ ലംഘനത്തിന്റെയും അഴിമതിയുടെയും ഹിമാലയന്‍ വന്‍കര. സജി ഉലഹന്നാന്റെ സമാന്തര ഭരണ പ്രദേശമാണ് തിങ്കള്‍ക്കാട്. അദ്ദേഹത്തിന് സാമന്തരായി റവന്യു, മൈനിങ് ആന്‍ഡ് ജിയോളജി, വനംവകുപ്പുകളിലെ ഉദ്യോഗസ്ഥരും. ഉലഹന്നാനെ പിടിച്ചപ്പോള്‍ നടുങ്ങിയത് എംഎല്‍എ എസ് രാജേന്ദ്രനാണ്. കോപം വന്നാല്‍ അദ്ദേഹത്തെ പിടിച്ചുനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. അതിനാല്‍ രാജേന്ദ്രന്‍ പൊട്ടിത്തെറിക്കുകയാണ്. വികസനത്തിന് റിസോര്‍ട്ട് വേണം. റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ പാറയും. അങ്ങനെയങ്കില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കണമെന്നാണ് രാജേന്ദ്രന്റെ വാദം. മുന്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി കൊട്ടക്കമ്പൂര്‍- വട്ടവട റിപ്പോര്‍ട്ട് തയാരാക്കിയപ്പോഴും രാജേന്ദ്രന്‍ അവര്‍ക്ക് വിവരമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. രാജേന്ദ്രന്റെ കൈയില്‍ രവീന്ദ്രന്‍ പട്ടയമുണ്ടെന്നാണ് അറിയുന്നത്. പട്ടയം ലഭിച്ച ഭൂമിയിലല്ല വീട് നിര്‍മ്മിക്കുന്നതെന്നും ആരോപണമുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ ആരും തയ്യാറല്ല.

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ മാധ്യപ്രവര്‍ത്തകരാരും സബ് കലക്ടറുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചില്ല. മുഖ്യമന്ത്രിയാകട്ടെ ഇടുക്കിയിലെ പട്ടയപ്രശ്‌നമാണ് വിശദികരിച്ചത്. ഇടുക്കിയിലെ പട്ടയപ്രശ്‌നമല്ല ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 100 കണക്കിന് കോടികളുടെ കച്ചവടം നടത്തുന്ന അനധികൃത റിസോര്‍ട്ട് നിര്‍മ്മാണവും ക്വാറി പ്രവര്‍ത്തനവുമാണ്. ഇതിനെക്കുറിച്ച് മുഖ്യമന്ത്രിയും നിശബ്ദത പാലിച്ചു. വരാന്‍പോകുന്ന സിഎജി റിപ്പോര്‍ട്ട് കൂടിയാവുമ്പോള്‍ കേരളത്തിന് കരിങ്കല്‍ ക്വാറികളിലൂടെ നഷ്ടപ്പെട്ട കോടികളുടെ കണക്ക് പുറത്ത് വരും.

*ദേവികുളം സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ലഭിക്കുകയുണ്ടായില്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് റിപ്പോര്‍ട്ടില്‍ ചേര്‍ക്കുന്നതായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍