UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

മൂന്നാര്‍ കയ്യേറ്റം; സബ് കളക്ടര്‍ പൊളിക്കുകയാണ്

നിയമംകൊണ്ടുള്ള നീക്കമാണ്. അതുകൊണ്ട് ശ്രീറാം വെങ്കിട്ടരാമനെ ഭയക്കണം; കയ്യേറ്റക്കാര്‍.

പാപ്പത്തിചോലയിലെ ഭീമന്‍ കുരിശ് ജെസിബി കൈകള്‍ പിഴുതു മാറ്റിയത് അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടി തുടങ്ങിയതിന്റെ ലക്ഷണമായി കാണാമെന്നാണ് മൂന്നാറില്‍ നിന്നുള്ള പ്രതികരണങ്ങള്‍. രണ്ടു തവണ ഇതേ കുരിശു മാറ്റാന്‍ എത്തി റവന്യു സംഘം തോറ്റു മടങ്ങിയിരുന്നു. ആത്മീയ ടൂറിസത്തിന്റെ പേരില്‍ ഇവിടെ നൂറ് ഏക്കറിനടുത്ത് റവന്യു ഭൂമിയാണ് അനധികൃതമായി കയ്യേറിയിരിക്കുന്നത്. ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യമാണിത്. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് ഇതിനു പിന്നില്‍. എന്നാല്‍ ഈ സംഘടന ഏതെങ്കിലും ക്രിസ്തീയ സഭയുടെ കീഴില്‍ ഉള്ളതാണോയെന്നു വ്യക്തമല്ല. തൃശൂര്‍ സ്വദേശിയായ ഒരു വ്യക്തിയാണ് ഈ സംഘടനയ്ക്കു പിന്നിലെന്നാണ് അറിയുന്നത്. ഭൂസംരക്ഷണ സേന രണ്ടു തവണയും ഇവിടെയെത്തി കയ്യേറ്റം ഒഴിപ്പിക്കാനും കുരിശു തകര്‍ക്കാനും നോക്കിയെങ്കിലും ഇവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കാന്‍ വന്നവര്‍ ഈ വ്യക്തിയുടെ ഗൂണ്ടകളായിരുന്നുവെന്നു പറയപ്പെടുന്നു.

എന്നാല്‍ ഇത്തവണ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എല്ലാ തയ്യാറെടുപ്പുകളുമായി എത്തിയപ്പോള്‍ പാപ്പാത്തി ചോലയില്‍ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച കൂറ്റന്‍ കുരിശു നിലംപൊത്തി, കയ്യേറ്റഭൂമിയിലെ കുടിലുകള്‍ പൊളിച്ചു നീക്കപ്പെട്ടു.

വി എസ് സര്‍ക്കാരിന്റെ മൂന്നാര്‍ ദൗത്യസംഘത്തേതില്‍ നിന്നും നയപരമായ ചില വ്യത്യാസങ്ങളോടെയാണു ശ്രീറാം വെങ്കിട്ടരാമന്റെ ഒഴിപ്പിക്കല്‍ ദൗത്യം. നിയമവിരുദ്ധമായി നടത്തുന്ന പ്രവര്‍ത്തികള്‍ക്കു നിയമംകൊണ്ടു തന്നെ പ്രതിരോധം തീര്‍ക്കുന്ന അത്ഭുതമാണ് മൂന്നാറില്‍ നടക്കുന്നത്. അതുകൊണ്ടു തന്നെ കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കി സമയം കൊടുത്തശേഷമാണ് പുതിയ റവന്യു സംഘത്തിന്റെ ഒഴിപ്പിക്കല്‍ നടപടി. കയ്യേറ്റക്കാര്‍ക്ക് നിയമം പറഞ്ഞ് പ്രതിരോധിക്കാന്‍ സാധിക്കാതെ വരും. കയ്യേറ്റഭൂമിയാണ് ഒഴിപ്പിച്ചെടുക്കുന്നത്, അനധികൃത നിര്‍മാണങ്ങളില്‍ തത്കാലം തൊടുന്നില്ല. ഇതു രണ്ടാംഘട്ടമായിട്ടായിരിക്കും നടത്തുക. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരേ ഉടമകള്‍ക്ക് കോടതിയില്‍ പോകാം, പൊളിക്കുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ പ്രകൃതിക്കു വലിയ ദോഷകരമായി അവശേഷിക്കും. അതല്ലെങ്കില്‍ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരും. നിയമപരമായ സാധ്യതകള്‍ ആലോചിച്ചുമാത്രമാകും ഈ നടപടിയിലേക്കു പോകുന്നത്.

സാധാരണ മൂന്നാറില്‍ കണ്ടുവരുന്ന കാര്യമുണ്ട്. കയ്യേറ്റം ഒഴിപ്പിക്കാനോ നിര്‍മാണങ്ങള്‍ പൊളിക്കാനോ റവന്യു സംഘം തീരുമാനം എടുക്കുമ്പോള്‍ തന്നെ വിവരം മറ്റുള്ളവരില്‍ എത്തിയിരിക്കും. കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാക്കാന്‍  സമയവും ഇവര്‍ക്കുണ്ടാകും. അതല്ലെങ്കില്‍ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കു സമയം കിട്ടുമെന്ന് ഒരു റവന്യു ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്നു. സര്‍ക്കാര്‍ ഓഫസിനോടു ചേര്‍ന്ന സ്ഥലം കയ്യേറി കെട്ടിടം വച്ചു വാടകയ്ക്കു കൊടുക്കുന്ന ഒരു വ്യക്തിയില്‍ നിന്നും ഭൂമി തിരികെ പിടിക്കാന്‍ തീരുമാനം എടുത്തെങ്കിലും രഹസ്യമായി കൈക്കൊണ്ട തീരുമാനം പ്രസ്തുത വ്യക്തി മനസിലാക്കുകയും ഇതിനെതിരേ കോടതി വിധി സമ്പാദിക്കുകയും ചെയ്തത് പുതിയ സംഭവികാസങ്ങള്‍ മൂന്നാറില്‍ ആരംഭിച്ചശേഷമായിരുന്നു. പൊളിക്കല്‍ അല്ല ഏറ്റെടുക്കലാണു നടത്തുന്നതെന്നു കോടതിയില്‍ വ്യക്തമാക്കിയശേഷം വീണ്ടും റവന്യു സംഘം അതേ ഭൂമി തിരിച്ചു പിടിക്കാന്‍ എടുത്ത തീരുമാനവും കയ്യേറ്റക്കാരന്‍ അറിഞ്ഞു. റവന്യു സംഘം വരുമ്പോള്‍ ഭീഷണിപ്പെടുത്താനായി കയ്യില്‍ പെട്രോള്‍ നിറച്ച കന്നാസുമായി കാത്തിരിക്കുകയും ചെയ്തു. റവന്യു സംഘം മനസില്‍ കാണുമ്പോള്‍ എതിര്‍പക്ഷത്തുള്ളവര്‍ അതു മാനത്തു കാണുന്നു എന്നാണ് ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

മൂന്നാറില്‍ എല്ലാക്കാലവും റവന്യു-പൊലീസ്-ഫോറസ്റ്റ് വിഭാഗങ്ങള്‍ യോജിപ്പില്ലാതെയാണു പോകുന്നതെന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ കാര്യങ്ങളും. തങ്ങളുടെ ഓപ്പറേഷന്‍ തീര്‍ത്തും രഹസ്യമായി വയ്ക്കാനാണു ശ്രീറാം ശ്രമിക്കുന്നത്. മാധ്യമങ്ങളോട് സൗഹാര്‍ദപരമായാണു പെരുമറുന്നതെങ്കിലും ഏതൊക്കെ കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്നു മുന്‍കുട്ടി പറയാന്‍ സബ് കളക്ടര്‍ മടിക്കുന്നതിനു പിന്നിലെ കാരണവും അതാണ്.

പാപ്പാത്തി ചോലയിലെ കുരിശു പൊളിക്കുമെന്ന വാര്‍ത്ത രണ്ടു ദിവസം മുന്നേ പ്രമുഖ പത്രത്തില്‍ വന്നിരുന്നു. എക്സ്‌ക്ലൂസീവ് വാര്‍ത്തയാണെങ്കില്‍ കൂടി കുറ്റക്കാര്‍ക്ക് മുന്‍കട്ടി വിവരം നല്‍കുന്നതിന്റെയൊരു സ്വഭാവം കൂടി അതിലുണ്ട്. വെളുപ്പിനു നാലരയ്ക്കു പാപ്പാത്തി ചോലയിലേക്കു പോയ റവന്യൂ സംഘത്തെ വഴിയില്‍ വാഹനങ്ങള്‍കൊണ്ടിട്ടു തടയാന്‍ നോക്കിയതൊക്കെ വരുന്നവരുടെ വിവരങ്ങള്‍ അറിയേണ്ടവര്‍ നേരത്തെ അറിഞ്ഞിരിക്കുന്നു എന്നാണു വ്യക്തമാക്കുന്നത്. പക്ഷേ ശ്രീറാം ഈ പ്രതിഷേധം മുന്‍കൂട്ടി കണ്ടുതന്നെയാണ് ആവശ്യത്തിനു പൊലീസ് സന്നാഹങ്ങളുമായി പോയതും. പോയകാര്യം സാധിക്കാതെ മടങ്ങില്ലെന്ന വാശി ഈ ഉദ്യോഗസ്ഥനുണ്ടെന്നാണ് മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ജനകീയപ്രതിഷേധം ഉയര്‍ത്തുന്നവരുടെ സാക്ഷ്യം. ദേവികുളം പൊലീസ് സ്റ്റേഷന്‍ പരിസരത്തെ ഭൂമി ഒഴിപ്പിക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള സൗകര്യങ്ങള്‍ ശ്രീറാം നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു. ജില്ല പൊലീസ് മേധാവി പോലും സബ് കളക്ടറുടേത് എടുത്തുചാട്ടം എന്നു വിമര്‍ശിച്ചിട്ടും പൊലീസ് സംഘത്തെ വിട്ടുകൊടുക്കാന്‍ സന്നദ്ധനായത് മുകളില്‍ നിന്നുള്ള നിര്‍ദേശമാണ്. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും കയ്യേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കാനുള്ള പിന്തുണ സബ് കളക്ടര്‍ക്കു നല്‍കിയിട്ടുണ്ട്. സര്‍ക്കാരില്‍ തന്നെയുള്ളവരും സിപിഎമ്മിന്റെ ജില്ലഘടകവും ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പിന്തുണ കിട്ടുന്നതു തന്നെയാണ് സബ് കളക്ടറുടെ ആത്മവിശ്വാസം. ഒപ്പം വകുപ്പ് മന്ത്രിയുടെ നിലപാടും.

അതേസമയം മൂന്നാര്‍ ടൗണ്‍, ദേവികുളം ടൗണ്‍ എന്നിവിടങ്ങളില്‍ ഒഴിപ്പിക്കാന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നവയില്‍ സിപിഎം നേതാക്കളുടെ കയ്യേറ്റമുണ്ടെന്നത് റവന്യു സംഘത്തിന് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. റവന്യു സംഘത്തിന്റെ നടപടിയെ എതിര്‍ത്ത് സിപിഎം നേതാക്കള്‍ രംഗത്തു വരുമ്പോള്‍ ഇവിടെ ആ പാര്‍ട്ടി മാത്രമാണ് കയ്യേറ്റം നടത്തുന്നതെന്നു കരുതരുത്. എല്ലാ പാര്‍ട്ടിക്കാരുടെയും വക കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട്. വഴിയെ അവരും സിപിമ്മിനൊപ്പം സംഘം ചേരുന്നത് മനസിലാകുമെന്നാണ് മൂന്നാറിലെ പരിസ്ഥിതി പ്രവര്‍ത്തകനായ മോഹന്‍ കുമാര്‍ പറയുന്നത്. ഒരു കുരിശു മറിച്ചിടാന്‍ സബ് കളക്ടര്‍ക്കു കഴിയുമായിരിക്കും, പക്ഷേ ഈ രാഷ്ട്രീയക്കാരെ മറികടക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞാല്‍ മാത്രമെ മൂന്നാറിന്റെ കാര്യത്തില്‍ പ്രതീക്ഷയുള്ളൂ; മോഹന്‍ കുമാര്‍ പറയുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദവും പ്രാദേശിക വികാരവും മറികടക്കാന്‍ ശ്രീറാമിന് കഴിയുന്നത് അയാള്‍ നിയമത്തിന്റെ വഴിയില്‍ തന്നെ നിന്നുകൊണ്ട് കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഇനി വൈകാരിത മാത്രമാണ് പ്രതിരോധിക്കാനുള്ള മാര്‍ഗം. പാവപ്പെട്ടവരെ ഒഴിപ്പിക്കുന്നു, കാലങ്ങളായി ജീവിച്ചുപോകുന്ന മണ്ണില്‍ നിന്നും ഇറക്കി വിടുന്നു എന്നൊക്കെയുള്ള പ്രചരണം അഴിച്ചുവിട്ട് പ്രദേശവാസികളെ അണിനിരത്തി റവന്യൂ സംഘത്തെ പ്രതിരോധിക്കുകയാണ് കാലങ്ങളായി മൂന്നാറില്‍ നടക്കുന്നത്. സുരേഷ് കുമാറിനും സംഘത്തിനും കാലിടറിയതും അവിടെയാണ്. പക്ഷേ ശ്രീറാം നിയമത്തെ മുന്‍നിര്‍ത്തിയാണു മുന്നോട്ടു പോകുന്നത്. സര്‍ക്കാരിനു മുന്നില്‍ വികാരത്തെക്കാള്‍ നിയമത്തിനാണ് സ്ഥാനം. അതുകൊണ്ടു തന്നെ അദ്ദേഹത്തെ തടയാനും പറ്റില്ല. എംഎല്‍എ, ശ്രീറാമിനെ സിനിമ നടനെന്നൊക്കെ കളിയാക്കുന്നുണ്ടെങ്കിലും തന്റെ മുന്‍ഗാമികളെപോലെ അയാള്‍ പ്രകടനങ്ങള്‍ നടത്തുന്നില്ല എന്നതാണു വാസ്തവം. നിയമംകൊണ്ടുള്ള നീക്കമാണ്. അതുകൊണ്ട്  ശ്രീറാം വെങ്കിട്ടരാമനെ ഭയക്കണം; കയ്യേറ്റക്കാര്‍.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍