UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

സത്യത്തില്‍ മൂന്നാര്‍ ഇപ്പോള്‍ ആരുടെതാണ്?

രാഷ്ട്രീയക്കാര്‍ കണ്ണടച്ചിരിക്കുമ്പോള്‍ മാഫിയകള്‍ തീറെഴുതിയെടുക്കുകയാണ് മൂന്നാര്‍

കെ എ ആന്റണി

കെ എ ആന്റണി

കശ്മീരിനെക്കുറിച്ച് ഏറെ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. അതാവട്ടെ ‘നമ്മള്‍ (ഭാരതം) നമ്മുടേതെന്നും അവര്‍ (പാകിസ്ഥാന്‍) അവരുടേതെന്നും അവകാശപ്പെടുന്ന പ്രദേശം’ എന്നുള്ളതാണ്. ഒരര്‍ത്ഥത്തില്‍ മൂന്നാറിനും ഈ വിശേഷണം ചേരുമെന്ന് തോന്നുന്നു. കാരണം കശ്മീര്‍ പോലെ തന്നെ പ്രകൃതിരമണീയമായ മൂന്നാര്‍ ഇപ്പോഴും കേരളത്തില്‍ തന്നെയാണെങ്കിലും ആ ഭൂപ്രദേശം സത്യത്തില്‍ ആരുടെതെന്ന് നിര്‍ണയിക്കാന്‍ ആവാത്ത അവസ്ഥയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. ഇതാവട്ടെ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നടത്തുന്നതുപോലെ ഒരു ഇടപെടല്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് നടത്തുന്നതുകൊണ്ടല്ല. ഇവിടെ പ്രശ്‌നക്കാര്‍ കയ്യേറ്റക്കാരും കുടിയേറ്റക്കാരുമാണ്. അവര്‍ക്കു കുടപിടിക്കാന്‍ രാഷ്ട്രീയക്കാരും പള്ളിയുമൊക്കെ ഉണ്ട് എന്നത് മറ്റൊരു കാര്യം. ഇവര്‍ എല്ലാവരും ചേര്‍ന്ന് പരിസ്ഥിതിലോല പ്രദേശമായ മൂന്നാറിനെ കൊത്തി മുറിക്കുകയും പിച്ചി ചീന്തുകയും ചെയ്യുന്നു.

കുടിയേറ്റക്കാരും കയ്യേറ്റക്കാരും മൂന്നാറിലെന്നല്ല കേരളത്തിന്റെ മലമടക്കുകളില്‍ എന്നും സജീവമായിരുന്നു. എന്നാല്‍ ഇതര ജില്ലകളെ അപേക്ഷിച്ച് ഇടുക്കി ജില്ലയിയിലെ മൂന്നാറില്‍ ഇക്കൂട്ടര്‍ ആക്രാന്തം കാട്ടുന്നത് ഇന്നും തുടരുന്നു, എന്ന് മാത്രമല്ല ഇവരുടെ കടന്നാക്രമണം നാള്‍ക്കുനാള്‍ ശക്തി പ്രാപിക്കുകയും ചെയ്യുന്നു.

മൂന്നാറിലെ ഭൂമി പ്രശ്‌നത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഈ വിഷയം പൊതു ശ്രദ്ധയിലേക്ക് കടന്നുവന്നിട്ട് ഏതാണ്ട് ഇരുപതില്‍ താഴെ വര്‍ഷമേ ആയിട്ടുള്ളു. ചുരുക്കി പറഞ്ഞാല്‍ വി എസ് അച്യുതാനന്ദന്റെ പ്രത്യേക ദൗത്യ സംഘം മൂന്നാറിലേക്ക് തങ്ങളുടെ ബുള്‍ഡോസറുകള്‍ ഓടിച്ചു കയറ്റിയപ്പോഴാണ് മൂന്നാറിലെ തീവെട്ടിക്കൊള്ള പുറംലോകത്തിനു വ്യക്തമായതും ഈ കൊള്ളക്ക് പിന്നിലെ രാഷ്ട്രീയ ദല്ലാളന്മാരുടെ പൊയ്മുഖം അഴിഞ്ഞുവീണതും.

ടാറ്റയുടേത് കയ്യേറ്റം ആയിരുന്നെങ്കില്‍ അതിനും ശേഷം നടന്ന കുടിയേറ്റങ്ങള്‍ക്കു പിന്തുണ നല്‍കുക എന്ന മനുഷ്യത്വപരമായ സര്‍ക്കാര്‍ കാഴ്ചപ്പാടില്‍ രാഷ്ട്രീയക്കാര്‍ കക്ഷി ഭേദമന്യേ വെള്ളം ചേര്‍ത്തതിന്റെ തെളിവുകളാണ് അന്ന് പുറത്തു വന്നത്. ഈ വെള്ളം ചേര്‍ക്കല്‍ ഇന്നും തുടരുകയാണ്.

വി എസിന്റെ മൂന്നാര്‍ ഇടപെടലിനെ നഖശിഖാന്തം എതിര്‍ത്തവരുടെ കൂട്ടത്തില്‍ സിപിഎമ്മുകാരും സിപിഐക്കാരും കോണ്‍ഗ്രസ്സുകാരും ഉണ്ടായിരുന്നു. സിപിഐ ഓഫിസിന്റെ അടിത്തറ ഇളകും എന്ന സ്ഥിതി വന്നപ്പോള്‍ കോട്ടിട്ട ആളെയും അതിനുമുകളിലുള്ള ആളെയും പാര്‍ട്ടിക്ക് പേടിയില്ലെന്നു പറഞ്ഞത് സിപിഐയുടെ ഒരു മുതിര്‍ന്ന നേതാവ് തന്നെയായിരുന്നു. വി എസ് സര്‍ക്കാര്‍ മാറി യു ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത് മൂന്നാര്‍ ദൗത്യവുമായി മുന്നോട്ടു പോകുമെന്നായിരുന്നു. 77 നു മുന്‍പുള്ള കുടിയേറ്റ ഭൂമികള്‍ക്കു പട്ടയം നല്‍കുമെന്നും കയ്യേറ്റക്കാരെ മുഴുവന്‍ പുറത്താക്കുമെന്നുമൊക്കെയുള്ള ചാണ്ടിയുടെ വീരവാദം വെറും പാഴ്‌വാക്കായി. സര്‍ക്കാര്‍ ഭാഗത്തു നിന്നും ഒരു ചെറു വിരല്‍ പോലും അനങ്ങിയില്ലെന്നു മാത്രമല്ല കയ്യേറ്റം കൂടതല്‍ കരുത്താര്‍ജിക്കുകയും അനധികൃത ക്വാറികളുടെയും റിസോര്‍ട്ടുകളുടെയും എണ്ണം പെരുകകയും ചെയ്തു. ഇതെല്ലം ഇപ്പോള്‍ പഴയ കഥയാണ്.

മൂന്നാര്‍ സംബന്ധിയായ പുതിയ കഥ ഭരണത്തില്‍ പത്തുമാസം മാത്രം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി തന്നെയാണ്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നാര്‍ പ്രദേശത്തെ മൂന്നില്‍ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും വിജയം നേടിയത് ഇടതു മുന്നണി. ഇതില്‍ ദേവികുളത്തു നിന്നും വിജയിച്ച എസ് രാജേന്ദ്രന്‍ എന്ന സിപിഎം എംഎല്‍എയാണ് ഭൂമി കയ്യേറ്റത്തിന്റെ പേരില്‍ ഇപ്പോള്‍ പ്രതി സ്ഥാനത്തു നില്‍ക്കുന്ന ഒരാള്‍ എന്നതാണ് പിണറായി സര്‍ക്കാരിനെയും സിപിഎമ്മിനെയും കുഴയ്ക്കുന്ന പ്രശ്നം. രാജേന്ദ്രന്റെ വീട് ഇരിക്കുന്ന സ്ഥലത്തിന് പട്ടയം ഇല്ലെന്നു പ്രതിപക്ഷവും ഉണ്ടെന്നു മുഖ്യമന്ത്രിയും പറയുമ്പോള്‍ രാജേന്ദ്രന്‍ മൂന്നാറിലെ ഭൂമാഫിയയുടെ ആളാണെന്നാണ് വി എസ് അച്യുതാനന്ദന്റെ ആരോപണം. സത്യത്തില്‍ ആരെ തള്ളണം ആരെ കൊള്ളണം എന്നറിയാതെ കുഴങ്ങുകയാണ് മുഖ്യ മന്ത്രി.

ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടയില്‍ ഇതാ വരുന്നു മൂന്നാറില്‍ നിന്നും മറ്റൊരു നടുക്കുന്ന വാര്‍ത്ത. മൂന്നാറിലെ സൂര്യനെല്ലിയിലെ ഏക്കറു കണക്കിന് ഭൂമി കൈയ്യേറി അവിടെ കുരിശ് സ്ഥാപിച്ചിരിക്കുന്നു. കുരിശ് പൊളിച്ചു മാറ്റാന്‍ വരുന്നവരെ നേരിടാന്‍ ഗുണ്ടകളെയും രംഗത്തിറക്കിയിട്ടുണ്ടത്രെ. ആത്മീയ ടൂറിസത്തിന്റെ പേര് പറഞ്ഞാണ് ഈ കൈയേറ്റം. കൈയ്യേറ്റത്തിനുപിന്നില്‍ പള്ളിയും പട്ടക്കാരനും ഉണ്ടോ എന്നറിയില്ല. എങ്കിലും ഒരു കാര്യം വ്യക്തമാണ്, മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലിനെ എതിരിടാന്‍ കയ്യേറ്റക്കാര്‍ കുരിശിനെ കൂട്ടുപിടിച്ചിരിക്കുന്നു. എന്നുവെച്ചാല്‍ ഒരു മത വര്‍ഗീയ പരിവേഷം കൈവന്നിരിക്കുന്നു എന്നു സാരം.

ചുരുക്കി പറഞ്ഞാല്‍ മൂന്നാര്‍ വിഷയം അത്ര എളുപ്പത്തില്‍ പരിഹരിക്കാനാവാത്ത വിധം കുഴഞ്ഞു മറിഞ്ഞു കൊണ്ടിരിക്കുന്നു. രാഷ്ട്രീയ ദല്ലാളുമാരുടെ സഹായത്തോടെ ക്വാറി റിസോര്‍ട്ട് മാഫിയകള്‍ മൂന്നാറിനെ തങ്ങളുടെ സ്വന്തം നാടാക്കി മാറ്റികൊണ്ടിരിക്കുന്നു. ഇനിയെങ്കിലും മുഖം നോക്കാതെയുള്ള ഒരു നടപടിക്ക് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അധികം വൈകാതെ മൂന്നാര്‍ അവര്‍ സ്വയം തീറെഴുതി എടുക്കും എന്ന് സാരം.

 

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍