ശ്രീറാമിനെ പോലുള്ളവരെ അവരുടെ ജോലി ചെയ്യാന്‍ വിടൂ; അവര്‍ തിരികെ നല്‍കും യഥാര്‍ത്ഥ മൂന്നാറിനെ.
ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ട് വീണ്ടും പുറത്തുകൊണ്ടുവന്നത് മൂന്നറിലെ അനധികൃത കയ്യേറ്റങ്ങള്‍. ഇതാദ്യമായല്ല മൂന്നാറിനെ മുഴുവനായി വിഴുങ്ങുന്ന കയ്യേറ്റങ്ങളുടെ വിവരം പുറത്തു വരുന്നത്. 2007 ല്‍ വി എസ് അചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും അതിന്റെ അവസാനവും കേരളം കണ്ടതാണ്. വി എസ് നിയോഗിച്ച മൂന്നാര്‍ ദൗത്യത്തിന്റെ പ്രധാന ചുമതലക്കാരനായിരുന്ന സുരേഷ് കുമാര്‍ ഐഎഎസ് എന്തുകൊണ്ട് അന്നത്തെ ദൗത്യം പാതിയില്‍ നിലച്ചു പോയെന്നും, ഇപ്പോള്‍ മൂന്നാറില്‍ വീണ്ടും ഉയര്‍ന്നിരിക്കുന്ന കയ്യേറ്റ വിവാദങ്ങളില്‍ എന്തു നടപടിയുണ്ടാകുമെന്നും അഴിമുഖത്തോട് തുറന്നു പറയുന്നു.
നമ്മുടെ നാട്ടിലെ പൊതുഭൂമി അഥവ സര്‍ക്കാര്‍ ഭൂമി കയ്യേറുന്നതു തടയുന്നതില്‍ വിവിധ വകുപ്പുകള്‍ക്ക് അവരുടെതായ ഉത്തരവാദിത്തമുണ്ട്. വനം കയ്യേറ്റം തടയാന്‍ വനം വകുപ്പിന് ബാധ്യതയുണ്ട്, ദേശീയപാതയുടെ സ്ഥലം കയ്യേറുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ദേശീയപാത അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തയ്യാറാകണം. ഇതുപോലെ പൊതുവകകള്‍ സംരക്ഷിക്കാന്‍ ഇവിടെയുള്ള ഓരോ ചെറിയ സംവിധാനങ്ങള്‍ പോലും ചുമതലപ്പെട്ടിരിക്കുന്നു.
പക്ഷെ എന്താണ് ശരിക്കും സംഭവിക്കുന്നത്? മൂന്നാര്‍ പോലൊരു സ്ഥലത്ത് ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതിലെ നയം എന്താണ്? അതുപലപ്പോഴും ശിക്ഷ നടപടിപോലെയാണ്. ഉദ്യോഗസ്ഥരെ അവിടെ കൊണ്ടുവന്നു തള്ളുന്നതുപോലെ. ഇതിന്റെ കുഴപ്പം എങ്ങനെയാണെന്നു വച്ചാല്‍, തങ്ങളുടെ ഉത്തരവാദിത്വം എന്താണോ അതു ചെയ്യാന്‍ അവര്‍ ആരാലും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. രവീന്ദ്രന്‍ പട്ടയം വിവാദത്തിലെ ഉദ്യോഗസഥനായ രവീന്ദ്രനൊക്കെ അതിന് ഉദ്ദാഹരണമാണ്. ഇങ്ങനെ വരുന്ന ഉദ്യോഗസ്ഥരില്‍ പലര്‍ക്കും പൊതുകാഴ്ചപ്പാടൊക്കെ നഷ്ടപ്പെട്ട് എങ്ങനെയെങ്കിലും നാലുകാശുണ്ടാക്കി പോകണം എന്ന ചിന്തയാകും.
മൂന്നാര്‍ ദൗത്യം-തുടക്കം
നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ച് മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഒരുപാട് കയ്യേറ്റങ്ങളുണ്ട്. അതു ഭീകരമായി നടക്കുന്നു എന്ന തിരിച്ചറിവിലാണു മൂന്നാര്‍ ദൗത്യം ഉണ്ടാകുന്നത്. മൂന്നാറിലെ ഈ കയ്യേറ്റങ്ങള്‍ തടയാന്‍ എല്ലാ വകുപ്പുകളും പരാജയപ്പെട്ടിരുന്നു, ഏതെങ്കിലും ഒരു വകുപ്പ് മാത്രമല്ല. ഈ പരാജയത്തെ കുറിച്ച് വ്യാപകമായ പരാതികളും ഉയര്‍ന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് മന്ത്രിസഭ മൂന്നാര്‍ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ തീരുമാനം എടുക്കുന്നത്. എടുക്കേണ്ടി വരികയായിരുന്നു എന്നു പറയണം.
A special officer being set up in munnar to coordinate the activities of various departments to evict all encroachments in and around munanr and to remove all illegal structures
ഇങ്ങനെയായിരുന്നു ആ കാബിനറ്റ് നോട്ടില്‍ എഴുതിയിരുന്നത്. നിയമങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിവിധ വകുപ്പുകള്‍ പരാജയപ്പെട്ടതായി സര്‍ക്കാര്‍ മനസിലാക്കിയെന്നു തന്നെയാണു ഈയൊരു തീരുമാനത്തിനു പിന്നില്‍. അങ്ങനെയാണു സ്‌പെഷ്യല്‍ ഓഫിസറായി എന്നെ നിയോഗിക്കുന്നതും ദൗത്യത്തിനുളള പൊലീസ് സഹായത്തിനായി ഋഷിരാജ് സിംഗിനെ നിയമിക്കുന്നതും.
മൂന്നാറിലെ കയ്യേറ്റങ്ങളെ കുറിച്ച് പല റിപ്പോര്‍ട്ടുകളും ഈ സമയത്ത് സര്‍ക്കാരിനു മുന്നില്‍ വന്നിരുന്നു. അന്നത്തെ റവന്യു സെക്രട്ടറിയായിരുന്ന നിവേദിത പി ഹരന്റെ റിപ്പോര്‍ട്ടില്‍ സിപിഐ കയ്യേറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടായിരുന്നു.
അന്നത്തെ ദൗത്യസംഘത്തിനു വലിയൊരു mandate ഉണ്ടായിരുന്നു. a blanket kind of mandate was given to the special officer look at all the government land see part of the encroachment happening there… റവന്യു വകുപ്പിനെ മാത്രമായിരുന്നു ഏല്‍പ്പിച്ചിരുന്നെങ്കില്‍ കൈയേറ്റക്കാര്‍ക്ക് ഒരു മന്ത്രിയേയും ഒരു കളക്ടറേയും സ്വാധീനിച്ചാല്‍ മതിയായിരുന്നു. പക്ഷെ ഒരു പ്രത്യേക ദൗത്യസംഘത്തിനുമേല്‍ അങ്ങനെ നടക്കില്ല. ഇതില്‍ എനിക്കുണ്ടായ പ്രത്യേക advantage ഏതെങ്കിലും മന്ത്രിയുടെ കീഴില്‍ ആയിരുന്നില്ല ഞാന്‍ എന്നതാണ്. ഞാന്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും നിയമിതനാവുകയായിരുന്നു. എന്നെ ഒരു റവന്യു മന്ത്രിയും വിളിക്കില്ലായിരുന്നു. അവര്‍ക്ക് എന്റെ സ്വഭാവം അറിയാം. ഞാന്‍ എന്റെ കരിയറില്‍ എപ്പോഴും രാഷ്ട്രീയക്കാരില്‍ നിന്നും അകന്നു നിന്നൊരാള്‍ ആയിരുന്നു. മന്ത്രിമാരുടെ ഓഫിസില്‍ നിന്നുള്ള വിളികളൊന്നും ഞാന്‍ എടുക്കില്ലായിരുന്നു.
കയ്യേറ്റങ്ങള്‍ കണ്ടെത്തുക, പൊളിക്കുക
മൂന്നാര്‍ ദൗത്യത്തിനു നിയോഗിക്കുമ്പോള്‍ ഞങ്ങളോടു പറഞ്ഞിരുന്നത്, മൂന്നാറിലും പരിസരപ്രദേശത്തമുള്ള എല്ലാ കയ്യേറ്റങ്ങളും കണ്ടെത്തുക എന്നായിരുന്നു. നാലായിരത്തിനും അയ്യായിരത്തിനും ഇടയില്‍ വന്‍കിട കയ്യേറ്റങ്ങള്‍ അവിടെയുണ്ടായിരുന്നു. ഞാന്‍ അതിനകത്ത് അന്നു തിരഞ്ഞെടുത്ത strategy കൈയ്യേറ്റങ്ങളെ തരംതിരിച്ചു. ഓരോ കാറ്റഗറിയിലേയും വന്‍കിടക്കാരെ ആദ്യം കൈകാര്യം ചെയ്യുക എന്നതായിരുന്നു. ഉദ്ദാഹരണത്തിനു ദേശീയപാതയില്‍ നടത്തിയിരിക്കുന്ന കയ്യേറ്റം. ദേശീയ പാത എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കൈയ്യേറ്റങ്ങള്‍ തടയുന്നതിനോ പൊളിക്കുന്നതിനോ നിയമനടപടികള്‍ സ്വീകരിച്ചില്ല. അതിനുള്ള അധികാരം ഉണ്ടോയെന്നതായിരുന്നു സംശയം. നിയമം പലരെയും പഠിപ്പിച്ചു കൊടുക്കേണ്ടി വന്നു. മൂന്നാറിലെ ഏറ്റവും വലിയ കയ്യേറ്റക്കാരായ ടാറ്റയാണ് ദേശീയപാത കൈയറ്റത്തിനു പിന്നിലെ പ്രധാനിയും. ടാറ്റയക്ക് നോട്ടീസ് നല്‍കാന്‍ ഞങ്ങള്‍ എന്‍ എച്ച് ഇ ഇ യോടു നിര്‍ദേശം നല്‍കി. ഒന്നര കിലോമീറ്ററോളം ദേശീയപത കയ്യേറ്റം ടാറ്റ നടത്തിയിരുന്നു. 90-92 കിലോമീറ്ററോളം ദേശീയ പാത കയ്യേറ്റം അവിടെ നടന്നിരുന്നു. ഏലം തോട്ടം കൃഷി ചെയ്യാനായിട്ടു പാട്ടത്തിനു കൊടുത്തിട്ടുള്ളതും പട്ടയം കൊടുത്തിട്ടുള്ളതുമായ ഭൂമിയില്‍ ഒരു മരച്ചില്ലപോലും വെട്ടാതെ വനം സംരക്ഷിച്ചുകൊണ്ട് അതിന്റെ തണലില്‍ വേണം കൃഷി നടത്താന്‍ എന്നാണു വ്യവസ്ഥ. അവിടെ ഏല കൃഷി മാത്രമെ ചെയ്യാന്‍ പാടുള്ളൂ. ഈ കരാറിലണു പട്ടയം നല്‍കുന്നതെങ്കിലും ഞാന്‍ പോയി നോക്കിയിടത്തൊന്നും ഒറ്റ ഏലക്കൃഷി പോലും ഇല്ലായിരുന്നു. പള്ളിവാസലില്‍ ബിസിജിയുടെ റിസോര്‍ട്ട് ഉണ്ടായിരുന്നു. അവിടെ 25 ഏക്കര്‍ ഭൂമിയില്‍ ഒരു വനവൃക്ഷം പോലും ഇല്ലാതെ എല്ലാംം മുറിച്ചുമാറ്റിയിരുന്നു. മാത്രമല്ല അനധികൃമായ ക്വാറികള്‍ അതില്‍ പ്രവര്‍ത്തിച്ചിരുന്നു. ആ പാറയുപയോഗിച്ചു മുപ്പത്തഞ്ചോളം കോട്ടേജുകള്‍ അവര്‍ പണിതിരുന്നു. അതിനകത്തുു കൂടി ഒഴുകിയിരുന്ന കാട്ടരുവി 150 കിലോമീറ്ററോളം നീളത്തില്‍ ഒരു ഡാം പണിതു കെട്ടി നിര്‍ത്തിയിരിക്കുകയായിരുന്നു. ആ വെള്ളം റിസോര്‍ട്ടിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു.
മറ്റൊന്ന് കൃഷി ആവശ്യത്തിനു കൊടുത്ത ഭൂമി റസിഡന്‍ഷ്യല്‍ ഉപയോഗത്തിനായി മാറ്റിയെടുക്കുന്നതായിരുന്നു. ഇത്തരം കരാര്‍ ലംഘനങ്ങളും കയ്യേറ്റത്തിന്റെ പരിധിയിലായിരുന്നു. അതിന്റെ ഉദ്ദാഹരണമായിരുന്നു സിപിഐ പി കെ വാസുദേവന്‍ നായരും ഭാര്യയും ഇവിടെ കുടില്‍ കെട്ടി കൃഷി ചെയ്തു താമസിച്ചു വരുന്നു എന്നായിരുന്നു പട്ടയത്തില്‍ പറഞ്ഞിരുന്നത്. അവിടെയൊരു ഏഴുനില കെട്ടിടത്തില്‍ ടൂ സ്റ്റാര്‍ ഹോട്ടലാണ് അന്നും ഇന്നും നടക്കുന്നത്. കൃഷി ചെയ്യാന്‍ നല്‍കിയ ഭൂമി സ്വകാര്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ ഉദ്ദാഹരണമായിരുന്നു അത്. ഇത്തരത്തില്‍ ഏഴെട്ടു തരത്തില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ക്കെതിരേ നടപടിയെടുത്തു. അതു പൂര്‍ത്തിയാകുമ്പോഴേക്കും അവിടെ കൂടുതല്‍ നില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.
Also Read: ദേവികുളം സബ് കലക്ടറുടെ ‘തോന്ന്യാസങ്ങള്‍’
ആ ദൗത്യം പരാജയപ്പെട്ടത് എന്തുകൊണ്ട്?
ഭൂരിഭാഗവും വിചാരിക്കുന്നത് മൂന്നാര്‍ ദൗത്യം അവസാനിക്കുന്നത് സിപിഐ ഓഫിസിനു മുന്നില്‍ ഞങ്ങളെത്തിയതോടെയാണെന്നാണ്. സിപിഐ ഓഫിസ് ഇടിച്ചതൊന്നുമല്ല കാരണം. സിപിഐ ഓഫിസ് ഇടിച്ചിടേണ്ടതു തന്നെയാണെന്ന് അന്നും ഇന്നും ഞാന്‍ പറയുന്നു. പക്ഷേ ദൗത്യത്തെ ഇല്ലാതാക്കാനുള്ള കാരണം അതല്ല, ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ അവിടുത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും( ഞാനന്നു മനസിലാക്കിയതില്‍ അവിടുത്തെ കയ്യേറ്റക്കാരുമായി നേരിട്ട് ഒരു ബന്ധമില്ലാതിരുന്ന ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി ബിജെപി മാത്രമായിരുന്നു, ദൗത്യസംഘത്തിനെതിരേ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും എല്ലാം ചേര്‍ന്നു നടത്തിയ സര്‍വകക്ഷി ഹര്‍ത്താലിലും പങ്കെടുക്കാതിരുന്നതും ബിജെപി മാത്രമാണ്) ഒരുമിച്ചു കൂടുകയായിരുന്നു. അവരെല്ലാം ഒരു കോക്കസാണ്. പണവും സ്വാധീനവും രാഷ്ട്രീയവും ഒരുപോലെയവര്‍ ഉപയോഗിച്ചു. ഈ സത്യം ആദ്യം തന്നെ എനിക്കു മനസിലായതാണ്. ഈ ദൗത്യം അധികം മുന്നോട്ടുപോകില്ലെന്നും അറിയാമായിരുന്നു. അവിടെയെത്തി രണ്ടാം ദിവസം തന്നെ ടി രാജേന്ദ്രന്‍ എംഎല്‍എ പത്തുപതിനൊന്നു പേരടങ്ങിയ ഒരു സംഘത്തെയും നയിച്ചുകൊണ്ട് ഗസ്റ്റ് ഹൗസില്‍ വന്നിരുന്നു. ഞാനവരോട് കര്‍ശനമായി പറഞ്ഞത്, ഇത്തരം ആവശ്യങ്ങള്‍ നടക്കില്ല, ഇനിയീക്കാര്യം പറഞ്ഞ് എന്റെടുത്ത് വരാനും പാടില്ലെന്നാണ്. നോട്ടീസ് നല്‍കിയിരിക്കുന്നത് സ്വയം പൊളിച്ചു മാറ്റുക, അല്ലെങ്കില്‍ ഞങ്ങള്‍ പൊളിച്ചു മാറ്റും എന്ന ഉറച്ച സന്ദേശം നല്‍കിയാണു രാജേന്ദ്രനെ പറഞ്ഞുവിട്ടത്. 92 ഓളം കയ്യേറ്റങ്ങള്‍ ഇടിച്ചിടുകയും ചെയ്തു. എനിക്കന്നത് സാധിച്ചത് ദൗത്യത്തിന്റെ ആദ്യഘട്ടത്തിലെങ്കിലും ഉണ്ടായിരുന്ന രാഷ്ട്രീയ ഇച്ഛാശക്തി തന്നെയായിരുന്നു.
മുപ്പത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വി എസ്സിന്റെ നിലപാടില്‍ തന്നെ മാറ്റങ്ങള്‍ വന്നു. വി എസ് എന്നെ വിളിച്ചിട്ടു പറഞ്ഞു;
സുരേഷേ, മൂന്നാര്‍ ടൗണിലെ കയ്യേറ്റങ്ങളൊന്നും ഇനി ഒഴിപ്പിക്കേണ്ട, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വങ്ങള്‍ അതിനെ എതിര്‍ക്കുകയാണ്.
പക്ഷേ മന്ത്രിസഭ തീരുമാനം in and around munnar എന്നല്ലേ ഞാന്‍ തിരിച്ചു ചോദിച്ചു. എന്തായാലും ഞാന്‍ ഇപ്പോള്‍ മൂന്നാറിനു ചുറ്റുമുള്ള കയ്യേറ്റങ്ങള്‍ നോക്കാം, അതു കഴിഞ്ഞു ടൗണിലേക്ക് വരാം, ഞാന്‍ കൂടെ പറഞ്ഞു.
വി എസ് അതു സമ്മതിച്ചു. അങ്ങനെ ഏലഭൂമിയിലേ കയ്യേറ്റങ്ങളുമായി മുന്നോട്ടുപോയി. ഇതുമായി രണ്ടുമൂന്നു ആഴ്ച മുന്നോട്ടു പോയിക്കഴിഞ്ഞപ്പോള്‍ വി എസ് വീണ്ടും വിളിപ്പിച്ചിട്ടു പറഞ്ഞു, സുരേഷ് ഏല കര്‍ഷകരുമായി സിപിഐ ഒരു ധാരണയില്‍ എത്തി. ഞാനുടനെ പറഞ്ഞു, സാറേ ഞാനവിടെ നോക്കിയിട്ട് ഒറ്റ ഏല കര്‍ഷകനെയും കണ്ടിട്ടില്ല. ഏല ഭൂമിയില്‍ മുഴുവന്‍ റിസോര്‍ട്ട് കൃഷിയാണു നടക്കുന്നത്. റിസോര്‍ട്ട് കര്‍ഷകരുടെ സംഘവുമായി സിപിഐ ഒത്തുചേര്‍ന്നെന്നാണോ സാര്‍ പറയുന്നത്? വി എസ് അതിനെന്തൊക്കെയോ മറുപടി പറഞ്ഞൊഴിഞ്ഞു.
യഥാര്‍ത്തത്തില്‍ സംഭവിച്ചത് സിപിഐ യെ മുന്‍നിര്‍ത്തി സിപിഎം ഔദ്യോഗിക പക്ഷം തന്നെയാണു വി എസ്സിനെ സമ്മര്‍ദ്ദത്തിലാക്കിയത്. വി എസ്സിന്റെ ആ നിലപാട് എന്നെ നിരാശനാക്കി. ഞാനത് പ്രകടിപ്പിച്ചു. മൂന്നാറില്‍ മുഴുവന്‍ കയ്യേറ്റമാണെന്നു പറഞ്ഞു ഞങ്ങളെ നിയോഗിക്കുന്നു. പിന്നെ പറയുന്നു മൂന്നാര്‍ ടൗണില്‍ ഒന്നും ചെയ്യേണ്ടെന്ന്, അതു കഴിഞ്ഞു പറയുന്നു പരിസര പ്രദേശങ്ങളിലും ചെയ്യേണ്ടെന്ന്, ഇങ്ങനെയാണെങ്കില്‍ പിന്നെ ഞാനെന്തിനാണ് ഇവിടെയിരിക്കുന്നത്?
വി എസ് പരാജയപ്പെടുന്നു
ഇതേ സാഹചര്യമാണ് ഇപ്പോള്‍ മൂന്നാര്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും നേരിടുന്നത്. ഒരു കയ്യേറ്റം ഒഴിപ്പിക്കാനും അവിടെയുള്ളവന്മാര്‍ അദ്ദേഹത്തെ സമ്മതിപ്പിക്കില്ല. ഞാനവിടെയിരുന്ന് ഒന്നും ചെയ്യുന്നില്ല എന്നു വരുത്തി തീര്‍ത്ത് എന്നെ ബലിയാടാക്കാനായിരുന്നു അന്നത്തെ ശ്രമം. ഇതറിഞ്ഞുകൊണ്ടാണ് കണ്ണുവേദനായാണ്, മൂക്കുവേദനയാണെന്നൊക്കെ പറഞ്ഞു ഞാന്‍ അവിടെ നിന്നും പോയത്. ഇപ്പോള്‍ 11 വര്‍ഷം കഴിയുമ്പോഴും മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ സാധാരണ ജനം എന്നെ അധിക്ഷേപിക്കുന്നില്ല. അന്നത്തെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിന്നുപോയത് അതിനു പിന്തുണ നല്‍കിയിരുന്ന രാഷ്ട്രീയ ഇച്ഛാശക്തി ദുര്‍ബലപ്പെട്ടു പോയതുകൊണ്ടാണ്. എന്റെയോ ഋഷിരാജ് സിംഗിന്റെയോ കുഴപ്പം കൊണ്ടല്ല, ഞങ്ങള്‍ ജോലി കൃത്യമായി ചെയ്തിരുന്നു. ഞങ്ങള്‍ക്കു കിട്ടിയിരുന്ന രാഷ്ട്രീയ പിന്തുണ കുറഞ്ഞു വരികയും ഒടുവില്‍ മുഖ്യമന്ത്രി തന്നെ എന്നെ വിളിച്ച് ഇനിയൊന്നും ചെയ്യേണ്ടെന്നു പറഞ്ഞതോടെയാണ് എല്ലാം അവസാനിച്ചത്.
92 ഓളം അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുകയും 16,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുകയും ഞങ്ങള്‍ ചെയ്തിരുന്നു. ഞങ്ങളെ മാറ്റിയശേഷം അവിടുത്തെ മൊത്തം പരിപാടിയും സിപിഐ യെ ഏല്‍പ്പിച്ചു. അങ്ങനെയാണു കെ പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടങ്ങുന്നത്. റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരനായിരുന്നു സെപ്ഷ്യല്‍ ഓഫിസറുടെ ചാര്‍ജ്. പക്ഷേ എന്ത് ചലനമാണ് അവിടെ ഉണ്ടായത്? വി എസ് ഭരണത്തിലെ അവസാന നാലുവര്‍ഷത്തില്‍ ഒരു അനധികൃത നിര്‍മാണം പോലും മൂന്നാറില്‍ പൊളിച്ചു നീക്കിയോ? ഒരിഞ്ച് ഭൂമിപോലും തിരിച്ചു പിടിച്ചോ? വി എസ്സിന്റെ കാലത്തു തന്നെ ഞങ്ങള്‍ തകര്‍ത്ത അനധികൃത നിര്‍മാണങ്ങള്‍ പുനഃനിര്‍മിക്കപ്പെടുകയും ഉണ്ടായി. പൊളിക്കാന്‍ പറഞ്ഞ രാഷ്ട്രീയ ഇച്ഛാശക്തി പരാജയപ്പെട്ടെന്നു മാത്രമല്ല, പുനഃസ്ഥാപിക്കാന്‍ വേണ്ടി താങ്ങി നിന്നുകൊടുത്തെന്നും ഇതില്‍ നിന്നു മനസിലാക്കാം.
വ്യക്തപരമായി ആ കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കണമെന്നു വി എസ്സിനുണ്ടായിരുന്നു. വി എസ് പറഞ്ഞിട്ടു തന്നെ ഞങ്ങള്‍ രഹസ്യമായി മൂന്നാറില്‍ പോവുകയും അവിടുത്തെ പുതിയ കയ്യേറ്റങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി അദ്ദേഹത്തെ കാണിക്കുകയുമുണ്ടായി. ഇതെല്ലാം കണ്ടിട്ടു വി എസ് തന്നെ മൂന്നാര്‍ രണ്ടാം ദൗത്യം മൂന്നാം ദൗത്യം എന്നൊക്കെ പറഞ്ഞു അവിടെ പോയിരുന്നു. ശാന്തന്‍പാറയിലെ കയ്യേറം കണ്ടു, അബാദിന്റെ കയ്യേറ്റം കണ്ടു. ഇതെല്ലാം കണ്ടശേഷം ഇന്നയിന്ന നടപടികളെടുക്കണമെന്നവശ്യപ്പെട്ട് എഴുതി കൊടുത്തിട്ടും പുല്ലുവില കൊടുത്തില്ല സിപിഐ മന്ത്രി. ടാറ്റയുടെ കൈയില്‍ അനധികൃതമായി 25,000 ഏക്കറോളം ഭൂമിയുണ്ടായിരുന്നു. ഞാനവിടെ ഉള്ള സമയത്ത് ആയിരത്തിയഞ്ഞൂറോളം ഏക്കര്‍ അളന്നു തിട്ടപ്പെടുത്തി ടാറ്റയുടെ ബോര്‍ഡ് എടുത്തു മറ്റി പകരം കേരള സര്‍ക്കാരിന്റെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. വി എസ് തന്നെയാണു വന്നു ടാറ്റയുടെ ബോര്‍ഡ് മാറ്റി സര്‍ക്കാര്‍ ബോര്‍ഡ് വച്ചത്. മാധ്യമങ്ങളൊക്കെ അതു വലിയ വാര്‍ത്തയാക്കി കൊണ്ടാടുകയും ചെയ്തു. 1250 ഏക്കര്‍ മാത്രമുള്ള ഒരു സിംഗിള്‍ പ്ലോട്ട് മാത്രമായിരുന്നു അത്. ബാക്കിയുള്ള 25,000 ഏക്കറോളം ഭൂമി എന്തുകൊണ്ടാണു സിപിഐ ടാറ്റയില്‍ നിന്നും എടുക്കാതിരുന്നത്? അവര്‍ ഒന്നും ചെയ്തില്ലെന്നല്ല, അവിടെ നടക്കുന്ന കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയാണവര്‍ ചെയ്തത്.
ശ്രീറാം വെങ്കിട്ടരാമന് കയ്യേറ്റത്തിനെതിരേ ഒന്നും ചെയ്യാന്‍ കഴിയില്ല
വി എസ് സര്‍ക്കാരിനു പിന്നാലെ വന്ന യുഡിഎഫ് സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു? ഈ കയ്യേറ്റങ്ങളിലേക്ക് തിരിഞ്ഞു നോക്കിയോ? തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫ് സര്‍ക്കാരിലെ ആദ്യത്തെ റവന്യു മന്ത്രി. തിരുവഞ്ചൂര്‍ അന്നു മൂന്നാറില്‍ എത്തി കയ്യേറ്റങ്ങളൊക്കെ ഇപ്പോള്‍ ഒഴിപ്പിക്കും എന്നു വീരവാദങ്ങളൊക്കെ മുഴക്കിയിരുന്നു. മൂന്നാറിലെത്തിയ തിരുവഞ്ചൂരിനു കുടപിടിച്ചു കൊടുക്കുന്നത് ടി രാജേന്ദ്രനാണ്. അന്നു മലയാളം വാരിക ഇതിനെക്കുറിച്ച് ഒരു കവര്‍ സ്റ്റോറി എഴുതിയിരുന്നു, ഒരേ കുടക്കീഴില്‍ എന്നായിരുന്നു തലക്കെട്ട്. തിരുവഞ്ചൂര്‍ പറഞ്ഞതെന്തെങ്കിലും നടന്നോ? ഒരൊറ്റ കയ്യേറ്റം ഒഴിപ്പിച്ചോ?
ഈ സര്‍ക്കാര്‍ വന്നശേഷം എന്തെങ്കിലും ചെയ്‌തോ? ഇവരുടെ ഇടയില്‍ നിന്നും ശ്രീറാമിന് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? ജനങ്ങള്‍ക്കും നാടിനും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു നല്ല താത്പര്യമുള്ള, ആത്മാര്‍ത്ഥതയുള്ള ചെറുപ്പക്കാരനാണ് ശ്രീറാം. പക്ഷേ അയാളുടെ ഓഫിസിനു മുന്നില്‍ മൈക്ക് കെട്ടി മന്ത്രിമാര്‍ തന്നെയാണു നിയമം ലംഘിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. സമൂഹത്തിനു വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്നവരാണല്ലോ ലെജിസ്ലേറ്റീവ് മെംബര്‍മാര്‍. ആ അവര്‍ തന്നെയാണു നിയമം ലംഘിക്കാന്‍ പറയുന്നത്. ജനാധിപത്യത്തെ തകര്‍ക്കുകയാണവര്‍.
Also Read: ദേവികുളം സബ് കലക്ടറുടെ ‘തോന്ന്യാസങ്ങള്‍’
ശ്രീറാമിന് ഒരു അനധികൃത നിര്‍മാണമെങ്കിലും പൊളിച്ചു മാറ്റാന്‍ കഴിയുമെന്നു ഞാന്‍ കരുതുന്നില്ല. സിപിഐക്കാരണല്ലോ ശ്രീരാമിനെ പിന്തുണച്ചു രംഗത്തു വന്നിരിക്കുന്നത്. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് സിപിഐ ഓഫീസ് എന്നു പറഞ്ഞുവച്ചിരിക്കുന്ന തറനിലവാരത്തിലുള്ള ഹോട്ടലിനെ ഇടിച്ചു താഴെയിട്ടിട്ട് അവിടെ പി കെ വാസുദേവന്‍ നായരുടെ ഒരു പ്രതിമ വയ്ക്കുകയാണു വേണ്ടത്. നാലു സെന്റ് പട്ടയം അതിനുവേണ്ടിയാണു കൊടുത്തത്. കൊമേഴ്‌സ്യല്‍ ഹോട്ടല്‍ കെട്ടാനല്ല.
മൂന്നാറിലെ രാഷ്ട്രീയ ഗൂഢാലോചന
ഞാന്‍ മൂന്നാറില്‍ എത്തി രണ്ടു ദിവസത്തിനുള്ളില്‍ തൊടുപുഴ വിജിലന്‍സ് ഓഫിസിലെ ഡിവൈഎസ്പി അലക്‌സ് എന്റെടുത്തു വന്നു. ഉമ്മന്‍ ചാണ്ടിയുടെ ആദ്യത്തെ സര്‍ക്കാരിന്റെ കാലത്ത് വിവാദമായ രവീന്ദ്രന്‍ പട്ടയത്തിന്റെ ഉപജ്ഞാതാവ് തഹസില്‍ദാര്‍ രവീന്ദ്രനെതിരെ അന്വേഷണം നടത്തി അയാളെ പ്രതിയാക്കി ഒരു എഫ് ഐ ആര്‍ ഇട്ടിരുന്നു. രവീന്ദ്രനെതിരേയുള്ള ചാര്‍ജ് ഷീറ്റ് വിജിലന്‍സ് കോടതിയില്‍ കൊടുക്കാന്‍ പോവുകയാണെന്നും അതിനു മുമ്പ് സാര്‍ ഇതൊന്നു നോക്കണമെന്നാവശ്യപ്പെ്ട്ടാണ് അലക്‌സ് വരുന്നത്. ചില തെറ്റുകള്‍ ഉണ്ടായിരുന്നത് ശരിയാക്കി കൊടുക്കുകയും ചെയ്തു. മൂന്നുദിവസത്തിനുള്ളില്‍ കോടതിയില്‍ ഫയല്‍ ചെയ്യും എന്നു പറഞ്ഞാണ് അലക്‌സ് അന്നു പോകുന്നത്. നാലുവര്‍ഷത്തിനുശേഷം വിജിലന്‍സ് മേധാവിയായിരുന്ന സിബി മാത്യൂസിനെ ഒരു വേദിയില്‍വച്ചു കണ്ടു. അന്ന് ഞാന്‍ രവീന്ദ്രനെതിരേയുള്ള ചാര്‍ജ് ഷീറ്റ് കോടതിയില്‍ കൊടുക്കാതിരുന്നതിനെ കുറിച്ച് തിരക്കി. ഭയങ്കര സമ്മര്‍ദ്ദമാണ് സുരേഷേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രവീന്ദ്രനെതിരേയുള്ള എഫ്‌ഐആര്‍ ഇടാന്‍ നിര്‍ദേശിച്ച ഉമ്മന്‍ ചാണ്ടി തന്നെ പിന്നെ അഞ്ചുകൊല്ലം കേരളം ഭരിച്ചു. ആ ചാര്‍ജ് ഷീറ്റ് കോടതിയില്‍ എത്തിയോ? രവീന്ദ്രന്‍ കൊടുത്ത അഞ്ഞൂറു അനധികൃത പട്ടയത്തിന്റെ ഗുണഭോക്തള്‍ ആരൊക്കെയാണെന്ന് അതില്‍ നിന്നും മനസിലാക്കാം. എല്ലാ രാഷ്ട്രീയക്കാരനും അതിന്റെ മെച്ചമുണ്ട്. അഡ്വക്കേറ്റ് രാംകുമാറിന്റെ ധന്യശ്രീ ഹോട്ടല്‍ തുടങ്ങി ടൗണിലെ ഏതാണ്ടെല്ലാ കെട്ടിടങ്ങളും രവീന്ദ്രന്‍ പട്ടയവുമായി നില്‍ക്കുന്നതാണ്. ഇതെല്ലാം കൊണ്ടാണ് രവീന്ദ്രന്‍ പട്ടയവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളെല്ലാം മുങ്ങുന്നത്. ഏതെങ്കിലും പാര്‍ട്ടി ഓഫീസ് മാത്രമല്ല മൂന്നാറിലെ പ്രശ്‌നം. അല്ലെങ്കില്‍ സിപിഐ ഓഫിസോ സിപിഎം ഓഫിസോ സംരക്ഷിക്കണമെന്നു കോണ്‍ഗ്രസുകാര്‍ക്ക് താത്പര്യം വരുന്നത് എന്തുകൊണ്ടാണ്?
വി എസ് തന്നെ പറഞ്ഞത് രവീന്ദ്രന്‍ പട്ടയത്തിലെ അഞ്ഞൂറെണ്ണത്തില്‍ 250 എണ്ണം ശരിയാണെന്നാണ്. എന്തടിസ്ഥാനത്തിലാണു സാര്‍ അങ്ങനെ പറയുന്നതെന്നു ഞാന്‍ ചോദിച്ചു. 250 പട്ടയങ്ങള്‍ ജനകീയ കമ്മിറ്റി കണ്ട് അംഗീകരിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പികെ വാസുദേവന്‍ നായരും ഭാര്യയും കുടിലുകെട്ടി കൃഷി ചെയ്തുവരുന്നതായി എഴുതിവച്ച പട്ടയത്തില്‍ ജനകീയ കമ്മിറ്റി അതിന്റെ എന്തു സത്യസന്ധതയാണു പരിശോധിച്ചത്? land assignment procedure ലെ 12 ചട്ടങ്ങളില്‍ ഒന്നുമാത്രമാണ് ജനകീയ കമ്മിറ്റി. ആ അഞ്ഞൂറു പട്ടയങ്ങളും നിയമവിരുദ്ധമാണ്. land assignment act ല്‍ പറയുന്നത് land can be assign only by a local thahasildar or special thahasildar specifically appointed by government for that purpss എന്നാണ്. ഒരു രാഷ്ട്രീയക്കാരനും ഇതേക്കുറിച്ച് സംസാരിക്കുന്നില്ലല്ലോ? മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം ആരെയും കയ്യേറാന്‍ അനുവദിക്കരുത് എന്ന് ഉറക്കെ പറയുന്ന ഏതെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകനെ ഇപ്പോള്‍ കാണുന്നുണ്ടോ? ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ പ്രസ്ഥാനമോ പറയുന്നുണ്ടോ? കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മൂന്നാറിനെ തൊടാനുള്ള ധൈര്യം ഇല്ല.
ഇനി വി എസ്സിന് ഒന്നും ചെയ്യാന്‍ കഴിയില്ല
വി എസ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് മൂന്നാര്‍ കയ്യേറ്റങ്ങളെ കുറിച്ചു പറയുന്നതുകേട്ടു. ഇതേ വി എസിനു മുഖ്യമന്ത്രിയായിരുന്ന നാലുവര്‍ഷം എന്തേ ഒന്നും ചെയ്യാന്‍ കഴിയാതിരുന്നത്? അതിനുശേഷമുള്ള അഞ്ചുകൊല്ലം പ്രതിപക്ഷ നേതാവായിരുന്നില്ലേ? ഒരു കാര്യം ഞാന്‍ സമ്മതിക്കുന്നു vs is the last genuine politician in kerala, പക്ഷേ അദ്ദേഹത്തിന് അഞ്ചുകൊല്ലം ചെയ്യാന്‍ കഴിയാതിരുന്നത് ഇനി ഏതു രാഷ്ട്രീയ നേതാവ് ചെയ്യുമെന്നാണ്? ഇനിയിപ്പോള്‍ ശബ്ദം ഉയര്‍ത്തിയാലും മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നു സ്വന്തം പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ വി എസ്സിനു കഴിയുമോ? ഇപ്പോള്‍ കാണിക്കുന്നത് ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള പുതിയൊരു നമ്പര്‍ മാത്രമാണ്. നാട്ടുകാരെ പറ്റിക്കാന്‍. അല്ലാതെ ഒന്നും തന്നെ സംഭവിക്കാന്‍ പോകുന്നില്ല.
പാവങ്ങളെ മുന്‍നിര്‍ത്തിയുള്ള നാടകം
ഇത്രയും വിവാദങ്ങളൊക്കെ ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് പുതിയ കയ്യേറ്റങ്ങളൊന്നും അനുവദിക്കില്ല എന്നു മാത്രമാണ്. പുതിയ കയ്യേറ്റങ്ങള്‍ അനുവദിച്ചാല്‍ എവിടെ കേറാനാണ്? മൂന്നാറില്‍ കയ്യേറാന്‍ എവിടെയാണ് ഇനി സ്ഥലം? പരിസ്ഥിതിക്കു ദോഷമായ കയ്യേറ്റങ്ങള്‍ എങ്കിലും പൊളിച്ചു മാറ്റുമെന്നു പറയാന്‍ മുഖ്യമന്ത്രിക്കു തോന്നിയില്ല. വര്‍ഷങ്ങളായി താമസിച്ചുവരുന്നവരെ ഒഴിപ്പിക്കാന്‍ പറ്റില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഞങ്ങള്‍ മൂന്നാറില്‍ എത്തിയതിന്റെ രണ്ടാം ദിവസം ടി രാജേന്ദ്രന്‍ കുറെയാള്‍ക്കാരെയും കൂട്ടിവന്നു. ആ കൂട്ടത്തില്‍ നാലുപേര്‍ അവിടുത്തെ കൊച്ചുപെട്ടിക്കടക്കാരായിരുന്നു. വ്യാപാരി വ്യവസായി സംഘടനയുടെ അവിടുത്തെ ലോക്കല്‍ നേതാക്കള്‍ ആണെന്നും പറഞ്ഞു. നിങ്ങളുടെ കൊച്ചുപെട്ടിക്കടകളോ കുടിലുകളോ ഒന്നും ഞാന്‍ മാറ്റില്ല, വി എസ് ആ ഉറപ്പ് നിങ്ങള്‍ക്കു തന്നെ നേരിട്ട് തന്നിട്ടുള്ളതുമാണ്. ഞങ്ങള്‍ മുകളില്‍ തൊട്ടാണു തുടങ്ങുന്നത്; ഞാന്‍ ഇങ്ങനെ പറഞ്ഞതോടെ അവര്‍ പിന്നിലോട്ട് മാറി നിന്നു. ബാക്കിയുള്ളവര്‍ വന്‍ റിസോര്‍ട്ട് ഉടമസ്ഥരായിരുന്നു രാജേന്ദ്രന്റെ കൂടെ വന്നത്. ദേശീയപാതയിലെ കയ്യേറ്റമാണ്. അവര്‍ക്കു നോട്ടീസ് കൊടുത്തിട്ടുള്ളതുമാണ്. ആ കാര്യത്തില്‍ ഒരുതരത്തിലും പിന്നോട്ടു പോകില്ലെന്നു ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. കയ്യേറിയ ഭാഗത്ത് നിര്‍മാണം നിങ്ങള്‍ തന്നെ പൊളിച്ചു കളയുന്നതാണു നല്ലത്, ഞങ്ങള്‍ പൊളിക്കാന്‍ വന്നാല്‍ അതിനോടു ചേര്‍ന്നുള്ള ഭാഗം കൂടി ചിലപ്പോള്‍ പോയെന്നു വരാം. അവരും അതുകേട്ട് മടങ്ങി. പിന്നെ രാജേന്ദ്രന്‍ മാത്രമായി. രാജേന്ദ്രന്‍ ഗസ്റ്റ് ഹൗസിന്റെ ഡോര്‍ അടച്ചിട്ട് ജനലിന്റെ കര്‍ട്ടന്‍ മാറ്റി റോഡിന്റെ അപ്പുറത്തേക്ക് കൈചൂണ്ടി കാണിച്ചിട്ടു പറഞ്ഞു, സാറേ ആ കാണുന്ന കൊച്ചുകുടില്‍ ഞാന്‍ കയ്യേറിയതാണ് അതുപൊളിക്കരുതെന്ന്. ഞാന്‍ പറഞ്ഞു, ഇതു പൊളിക്കാനല്ല ഞാന്‍ വന്നത്, പക്ഷേ അതിനടുത്ത് എത്തുകയാണെങ്കില്‍ അതും ഞാന്‍ പൊളിച്ചിരിക്കും. പക്ഷേ അവിടംവരെയൊന്നും നിങ്ങള്‍ എത്തിക്കില്ലല്ലോ എന്നു തമാശയായി പറഞ്ഞു രാജേന്ദ്രനെ മടക്കിയയച്ചു. ഈ കാര്യങ്ങള്‍ അപ്പോള്‍ തന്നെ വി എസ്സിനെ വിളിച്ചു പറയുകയും ചെയ്തു. അടുത്ത ദിവസം തൊട്ട് മൂന്നു കെട്ടിടങ്ങള്‍ വീതം 92 കെട്ടിടങ്ങള്‍ ഞങ്ങള്‍ ഇടിച്ചിട്ടു. രാജേന്ദ്രന്‍ പിന്നെ എന്നെ വിളിക്കുകയോ എന്നെ കാണാനോ പറ്റിയിട്ടില്ല. പാവപ്പെട്ട ജനങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് ഇവര്‍ എപ്പോഴും കളിക്കുന്നത്.
രവീന്ദ്രന്‍ പട്ടയത്തിനുവേണ്ടി ഒത്തുകൂടിയവര്‍
എന്റെ കൈയും കാലും വെട്ടുമെന്ന് ആദ്യം പറഞ്ഞത് എം എം മണിയാണ്. എന്തായിരുന്ന മണിയെകൊണ്ട് അത്തരത്തില്‍ പറയാന്‍ പ്രകോപിപ്പിച്ചത്? 93 ലെ പട്ടയം എന്നൊരു സാധനമുണ്ട്. regularization of 3/1977 occupation. അതായതു 1977 നു മുമ്പ് വനത്തില്‍ ഭൂമിയുണ്ടായിരുന്നവര്‍ക്ക് അതു സ്ഥിരീകരിച്ചുകൊണ്ട് പട്ടയം നല്‍കി. കെ എം മാണിയുടെ വലിയൊരു രാഷ്ട്രീയ വിജയമായാണ് അത് ആഘോഷിക്കപ്പെട്ടത്.പക്ഷേ അന്നു പട്ടയം നല്‍കുമ്പോള്‍ ഉണ്ടായിരുന്ന പ്രധാന നിബന്ധന ഈ പട്ടയഭൂമി തലമുറകളായി കൈമാറി ഉപയോഗിക്കാമെങ്കിലും വില്‍ക്കാന്‍ പാടില്ല എന്നായിരുന്നു. എം എം മണിയുടെ സഹോദരന്‍ ലംബോദരന്റെയും മൂന്നു മക്കളുടെയും പേരില്‍ ഏതാണ്ട് 75 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. അവരത് 93 ലെ പട്ടയഭൂമി വാങ്ങിയതാണ്. ഋഷിരാജ് സിംഗ് ഇവര്‍ക്കെതിരേ ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിന്റെ പേരില്‍ ലംബോദരനും മക്കളും ഒളിവില്‍ പോയി. ഇന്ത്യക്കു പുറത്ത് ആഫ്രിക്കയിലോ മറ്റോ ആണു പോയത്. ഇതാണു മണിയെ പ്രകോപിതനാക്കിയതും ഞങ്ങളുടെ കൈയും കാലും വെട്ടുമെന്നു പറയാന്‍ പ്രേരിപ്പിച്ചതും. ഈ സംഭവത്തില്‍ മൂന്നാറിലെ രാഷ്ട്രീയഗൂഢസംഘം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നുകൂടി പുറത്തുവരുന്നുണ്ട്. വി എസ് മുഖ്യമന്ത്രി പദം ഒഴിയുന്നതിനു രണ്ടുമൂന്ന് ആഴ്ച മുമ്പ് ഒരു ഓര്‍ഡിനന്‍സ് പാസാക്കി. 1977 ലെ കയ്യേറ്റ ഭൂമികള്‍ മുന്‍കാല പ്രാബല്യത്തോടെ വില്‍ക്കുന്നതു സാധൂകരിച്ച് ലാന്‍ഡ് അസൈന്‍മെന്റ് ആക്ടില്‍ മാറ്റം വരുത്തുന്നതായിരുന്നു ആ ഓര്‍ഡിനന്‍സ്. വി എസ് എന്തിന് അങ്ങനെയൊരു ഓര്‍ഡിനന്‍സ് ഇറക്കി? ആരുടെ സമ്മര്‍ദ്ദഫലമായിട്ടായിരിക്കും അദ്ദേഹമത് ചെയ്തത്? ലംബോദരനെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നില്ലേ അത്? നിയമത്തില്‍ അങ്ങനെയൊരു ഭേദഗതി വി എസ്സിനെ കൊണ്ടു തന്നെ അവര്‍ ചെയ്യിപ്പിച്ചു എന്നതാണ് അവരുടെ വിജയം. ഇതിലെ മറ്റൊരു രസം എന്താണെന്നു വച്ചാല്‍, വി എസ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അടുത്ത് എത്തിയെങ്കിലും നിയമം ആയില്ലായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതായിരുന്നു കാരണം. അടുത്ത സര്‍ക്കാര്‍ വന്നു, തിരുവഞ്ചൂര്‍ റവന്യു മന്ത്രിയായിരിക്കുന്ന സമയം. നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് സ്ത്രീകളെ തല്ലി എന്നോ മറ്റുള്ള ആരോപണവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വലിയ ബഹളം നടന്നു. സഭ പിരിയുകയും ചെയ്തു. പക്ഷേ അതേ ദിവസം ഉച്ചയ്ക്കു തന്നെ നിയമസഭ സമിതി കൂടി പഴയ ഓര്‍ഡിനന്‍സ് വീണ്ടും പാസാക്കി. ഈയൊരു സംഭാവം കൊണ്ടു തന്നെ മൂന്നാര്‍ വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള കൂട്ടുകെട്ട് മനസിലാകുന്നതാണ്. ആ ഓര്‍ഡിനന്‍സിന്റെ തിരുവഞ്ചൂര്‍ എഴുതിവച്ചിരിക്കുന്നത് ഇങ്ങനെയാണ്: വനം കൈവശം ഉണ്ടായിരുന്നവര്‍ക്കു പട്ടയം 93 ല്‍ കിട്ടിയെങ്കിലും അവര്‍ക്കത് മറിച്ചുവില്‍ക്കാന്‍ അവകാശമില്ലാതിരുന്നതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടുണ്ട്. ഇതു തിരിച്ചറിഞ്ഞു മുന്‍ ഗവണ്‍മെന്റ് അവര്‍ക്ക് പട്ടയം കൊടുക്കാനുള്ള ശ്രമം നടത്തി, പക്ഷേ ചില സാങ്കേതിക കാരണങ്ങളാല്‍ ആ നിയമം പാസാകാന്‍ ബുദ്ധിമുട്ടുകള്‍ വന്നു. ആ വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഞങ്ങളാ നിയമം പാസാക്കുന്നു.
കേരളത്തിലെ ഏതെങ്കിലും പരിസ്ഥിതി സംഘടനകള്‍ ഇതിനെതിരേ ചെറുവിരല്‍ ഉയര്‍ത്തി പ്രതിഷേധിച്ചോ? ഏതെങ്കിലും മാധ്യമത്തില്‍ ഇതൊരു പ്രധാനവാര്‍ത്തയായോ? ആകില്ല. അത്രശക്തമാണ് മൂന്നാറിലെ രാഷ്ട്രീയ മാഫിയ. അങ്ങനെയുള്ളൊരിടത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ശ്രീറാമിനെ പോലൊരാള്‍ക്ക് വലിയ ബുദ്ധിമുട്ടായിരിക്കും.
മൂന്നാറിന്റെ ശാപം
ഞങ്ങള്‍ മൂന്നാറില്‍ ചെയ്തത് മുഴുവന്‍ നിയമവിരുദ്ധമാണ്. സുരേഷ് കുമാറും കൂട്ടരും ജയിലിലാണ്. കോടിക്കണക്കിനു രൂപ നഷ്ടപരിഹാരം അടയ്‌ക്കേണ്ടി വരുമെന്നൊക്കെ മന്ത്രിയായിരുന്ന തിരുവഞ്ചൂരടക്കം പല മാധ്യമങ്ങളും എല്ലാവരും വിളിച്ചു പറഞ്ഞതാണ്. അങ്ങനെയൊരൊറ്റ കേസും ഇതുവരെ ഉണ്ടായിട്ടില്ല. ക്ലൗഡ് നയന്റെ കേസില്‍ മാത്രമാണ് ഹൈക്കോടതിയില്‍ നിന്നും ഞങ്ങള്‍ക്ക് എതിരെ വിധിയുണ്ടായത്. അതെങ്ങനെ സംഭവിച്ചു എന്നതും വ്യക്തമാണല്ലോ! ട്രാന്‍സഫര്‍ ഓഡര്‍ വന്നതിനുശേഷമാണ് ചീഫ് ജസ്റ്റീസ് അങ്ങനെയൊരു വിധി പറഞ്ഞതുപോലും. അതേ കേസ് സുപ്രിം കോടതിയുടെ മുറ്റത്തു കയറിയപ്പോള്‍ തന്നെ കോടതി ചോദിച്ചത് ഏല ഭൂമിയില്‍ എങ്ങനെയാണു റിസോര്‍ട്ട് പണിഞ്ഞതെന്നായിരുന്നു. ഞങ്ങള്‍ മൂന്നാറില്‍ ചെയ്തതില്‍ ഒരെണ്ണം പോലും നിയമവിരുദ്ധമായിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ ഞാനിപ്പോള്‍ ജയിലില്‍ കിടക്കേണ്ടതല്ലേ? പത്തുപൈസ നഷ്ടപരിഹാരം നല്‍കണമെന്നും ഒരു കോടതിയും എനിക്കെതിരേ ഉത്തരവ് ഇട്ടിട്ടുമില്ല. മൂന്നാറില്‍ ഇനിയും എന്തെങ്കിലും ചെയ്യണമെങ്കില്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയല്ല, പരാജയപ്പെടില്ലെന്ന് ഉറപ്പുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം. ശ്രീറാമിനെ പോലുള്ള ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാന്‍ വിടാന്‍ പറ്റുമോ? അവര്‍ തിരികെ നല്‍കും യഥാര്‍ത്ഥ മൂന്നാറിനെ. പക്ഷേ അനുവദിക്കില്ല. അതാണ് മൂന്നാറിന്റ ശാപം. അല്ല കേരളത്തിന്റെ മൊത്തം ശാപം…