UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി.എസ്സിനെ എങ്ങനെ ഒതുക്കാമെന്നല്ല, തൊഴിലാളികളെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കേണ്ടത്

വി കെ ശശിധരന്‍

ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെയാണ് മൂന്നാറില്‍ തൊഴിലാളികള്‍ രാഷ്ട്രീയനേതാക്കളെ അകറ്റിനിര്‍ത്താന്‍ ശ്രമിച്ചത്. അതെല്ലാം നാം ദൃശ്യമാധ്യമങ്ങളില്‍ കാണുകയും ചെയ്തിട്ടുണ്ട്. കൈക്കൂലി ലിസ്റ്റിലും കക്ഷിരാഷ്ട്രീയ ഭേദം കണ്ടില്ല. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നു പറഞ്ഞതുപോലെ.

പക്ഷെ, ‘പണിയെടുക്കാന്‍ ഞങ്ങളും, പണം പിടുങ്ങാന്‍ നിങ്ങളും’ എന്ന മുദ്രാവാക്യം ആരുടേതാണ് എന്ന് സകലമാന ജനങ്ങള്‍ക്കും അറിയാം. ആ മുദ്രാവാക്യത്തിന്റെ നേരവകാശികളെ സമരരംഗത്തുള്ള തൊഴിലാളികള്‍ അകറ്റിനിര്‍ത്തുമ്പോള്‍ ആ വാര്‍ത്തയ്ക്ക് എരിവും പുളിയും കൂടും. അതാണിവിടെയും സംഭവിച്ചത്.

രാജ്യത്താകമാനം ആഗോളവല്‍ക്കരണത്തിന്റെയും വര്‍ഗീയ ഫാസിസ്റ്റ് ഭീകരതയുടെയും ദുര്‍ഭൂതങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച്, അവര്‍ക്ക് ധൈര്യം പകര്‍ന്ന് സമരരംഗത്തെത്തിക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ ആരാണെന്നും സകലമാന ജനങ്ങള്‍ക്കും അറിയാം. ഈ സാഹചര്യത്തിലാണ് വയനാട്ടിലെ ഹാരിസണ്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ പറയുന്നത്, ഇതുവരെ ഞങ്ങള്‍ക്ക് സമരം ചെയ്യാന്‍ ധൈര്യമില്ലായിരുന്നു. ഇപ്പോള്‍ മൂന്നാര്‍ സമരം ഞങ്ങള്‍ക്ക് ധൈര്യം തരുന്നു എന്ന്. പാലക്കാട്ട് കൊഴിഞ്ഞാമ്പാറയില്‍ ‘മൂന്നാര്‍ മോഡല്‍’ സമരം പൊട്ടിപ്പുറപ്പെടുന്നു. ഇത് കേവലം മാധ്യമ ഗൂഢാലോചനയാണെന്ന് പറയാന്‍ കഴിയില്ല.

ഇടതുപക്ഷ രാഷ്ട്രീയത്തിന് കൈമോശംവന്നുകൊണ്ടിരിക്കുന്ന സമരശക്തി വീണ്ടെടുക്കാനാണ് അകത്തളങ്ങളില്‍ ഇഴകീറിയ ചര്‍ച്ച നടക്കേണ്ടത്. സ്വയംസമാധാനത്തിനു മാത്രമേ ന്യായവാദങ്ങള്‍ ഉപകരിക്കൂ. ആളുകളെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ അവര്‍ക്കിടയിലുണ്ടാവണം. എനിക്ക് തോന്നുന്നത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനു നേരെ തിരിച്ച കണ്ണാടിയാണ് മൂന്നാര്‍ സമരം എന്നാണ്.

ഏതായാലും മൂന്നാര്‍ സമരം അവസാനിച്ചിരിക്കുന്നു. ട്രേഡ് യൂണിയനുകളുടെ വിശ്വാസ്യത ഏറ്റവും ചുരുങ്ങിയത് ആ മേഖലയിലെങ്കിലും വല്ലാതെ ഇടിഞ്ഞു. പതിറ്റാണ്ടുകളായി അടിമസമാനമായ ജീവിതം നയിച്ച തൊഴിലാളികള്‍ സടകുടഞ്ഞെഴുന്നേറ്റു. അവര്‍ തങ്ങളുടെ അവകാശങ്ങള്‍ ട്രേഡ് യൂണിയനുകളുടെ സഹായമില്ലാതെ പൊരുതി നേടി. യഥാക്രമം AITUC, INTUC, CITU സംഘടനകള്‍ക്ക് തിരിച്ചറിവ് പ്രദാനം ചെയ്യുന്ന സംഭവം. ഏതായാലും സിപിഐ-എം ഈ സമരം ഏറ്റെടുക്കാന്‍ തയ്യാറായി. തൊഴിലാളിസംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് കോടിയേരി സഖാവ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആത്മപരിശോധന നടത്തിയാല്‍ മാത്രം പോരെന്നാണ് എന്റെ അഭിപ്രായം. കങ്കാണിപ്പണി ചെയ്യാന്‍ കൂട്ടുനിന്ന നേതാക്കളെ കയ്യോടെ പിടിച്ച് പുറത്താക്കണം. ട്രേഡ് യൂണിയനില്‍ ഒരു ശുദ്ധികലശം നടത്തണം. ഇനിയെങ്കിലും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അവരിലൊരാളായി നിന്ന് കൈകാര്യം ചെയ്യാന്‍ മനസ്സും കഴിവുമുള്ളവരെ ആ പണി ഏല്‍പ്പിക്കണം. സ്വന്തം പിശകിന് തൊഴിലാളികളില്‍ തീവ്രവാദബന്ധം ആരോപിച്ച സിഐടിയു സെക്രട്ടറിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞത് നന്നായി. ഒരുപക്ഷെ മറ്റ് ഗതിയില്ലാത്തതുകൊണ്ടായിരിക്കാം. യൂണിയന്‍ കങ്കാണിമാര്‍ പതിറ്റാണ്ടുകളായി വഞ്ചിച്ചുകൊണ്ടിരുന്ന ഒരു ജനത ഏത് വഴിക്ക് തിരിയും എന്ന് തിരിച്ചറിയാന്‍ രാഷ്ട്രീയ നേതൃത്വത്തിന് ചെന്നിത്തലപ്പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെയാണ് ആശ്രയിക്കേണ്ടിവരുന്നത് എന്നത് വിചിത്രമാണ്.

മൂന്നാര്‍ സമരം നല്‍കുന്ന സന്ദേശം വായിച്ചെടുക്കുന്നതില്‍ പിശക് സംഭവിക്കരുത്. കൊഴിഞ്ഞാമ്പാറയിലും ഹാരിസണ്‍ പ്ലാന്റേഷനിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും തൊഴിലാളികള്‍ അസംതൃപ്തരാണ്. അവരെ സമരപാതയില്‍ സംഘടിപ്പിക്കാന്‍ കഴിയണം. സംഘടിത മേഖലയില്‍ മാത്രമല്ല, അസംഘടിത മേഖലയിലും തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്നുണ്ട്. ജൗളിക്കടകളിലെ സ്ത്രീകള്‍ ഇരിക്കാന്‍ സമരം ചെയ്തത് നാം മറക്കരുത്. കല്യാണ്‍ സില്‍ക്‌സില്‍ നടന്ന സമരം കണ്ടില്ലെന്ന് നടിച്ചതുപോലെ, നില്‍പ്പ് സമരം കണ്ടില്ലെന്ന് നടിച്ചതുപോലെ, ദളിതര്‍ ജീവന്മരണ സമരത്തിനിറങ്ങിയപ്പോള്‍ സമാന്തര ദളിത് പ്രസ്ഥാനമുണ്ടാക്കി ശ്വാസം മുട്ടിച്ചതുപോലെയുള്ള പിശകുകള്‍ സംഭവിക്കരുത്. അവരെ സംഘടിത തൊഴിലാളി പ്രസ്ഥാനവുമായി കണ്ണി ചേര്‍ക്കണം.

തോട്ടം മേഖലയിലെ ചൂഷണം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ പാര്‍ട്ടികള്‍ മൂര്‍ത്തമായ നിര്‍ദ്ദേശം വയ്ക്കണം. ടാറ്റയുടെയും ഗോയങ്കയുടെയും കൈവശമിരിക്കുന്ന പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷനെയോ, അല്ലെങ്കില്‍ പ്രത്യേകം സംഘടിപ്പിച്ച, തൊഴിലാളികള്‍ക്ക് പ്രാതിനിധ്യമുള്ള സംവിധാനങ്ങളെയോ ഏല്‍പ്പിക്കണം. (ഇപ്പോള്‍ത്തന്നെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന ബോണസ് ഇരുപത് ശതമാനമാണ്). തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പങ്കാളിത്തമുള്ള രീതിയില്‍ വേണം ഈ സംവിധാനത്തെ സംഘടിപ്പിക്കാന്‍. ആധുനിക യന്ത്രസാമഗ്രികളും കുറ്റമറ്റ മാനേജ്‌മെന്റും തൊഴിലാളികളുടെ പങ്കാളിത്തവുമുള്ള സര്‍ക്കാര്‍ സംവിധാനം. അവാര്‍ഡ് ചെയ്ത ഭൂമി ദുരുപയോഗം ചെയ്തു, വനമായി നോട്ടിഫൈ ചെയ്ത ഭൂമിയില്‍ തേയിലയും ഗ്രാന്‍ഡിസും കൃഷി ചെയ്തു, പാട്ടവ്യവസ്ഥകള്‍ ലംഘിച്ചു, മനുഷ്യാവകാശ ലംഘനം നടത്തി… ഇങ്ങനെ എത്രയെത്ര ചാര്‍ജുകളാണ് കുത്തക മുതലാളികള്‍ക്കെതിരെയുള്ളത്. അതിന്റെയെല്ലാം ബലത്തില്‍ നിയമനിര്‍മ്മാണം നടത്തി ആ ഭൂമി പിടിച്ചെടുക്കണം.

അതിനു പകരം മൂന്നാര്‍ ഓപ്പറേഷന്‍ അട്ടിമറിച്ച് ലംബോദരന്മാരെ സംരക്ഷിക്കാനിറങ്ങിയതുപോലുള്ള മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കരുത്. ഇത്തരം കാര്യങ്ങളില്‍ ഗൗരവമായ ചര്‍ച്ച നടത്തുകയും നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിച്ചെടുക്കുകയും വേണം. വീണ്ടും വിഎസ്സിനെ എങ്ങനെ ഒതുക്കാം എന്ന അന്വേഷണത്തിലേക്കാണ് പോകുന്നതെങ്കില്‍ കാര്യം പരുങ്ങലിലാവും.

പാര്‍ട്ടിയുടെ ഔദ്യോഗിക സമരത്തിനല്ല, തൊഴിലാളികളെ കാണാനാണ് പോകുന്നതെന്ന പ്രഖ്യാപനത്തോടെയാണ് വിഎസ് മൂന്നാറിലേക്കിറങ്ങിയത്. മടങ്ങുമ്പോള്‍ രാജേന്ദ്രനെ കാണാന്‍ വരുമെന്ന് ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറയുന്നതും കേട്ടു. ഏതായാലും മടക്കത്തില്‍ രാജേന്ദ്രനെ കണ്ടില്ലെങ്കിലും വല്ലോം നടക്കുകയും ചെയ്തു. ഇനി അതിന്റെ ആള് ആരാണെന്നതു മാത്രമാണ് തര്‍ക്കം. അതില്‍ തര്‍ക്കിക്കേണ്ട കാര്യമേയില്ല. കാരണം, പാര്‍ട്ടി സെക്രട്ടറി അക്കാര്യം വ്യക്തമാക്കി. വിഎസ് പാര്‍ട്ടിയുടെ സിസി മെമ്പറാണ്. (ക്ഷണിതാവാണെന്ന് മറന്നതാവാം) അതായത്, സമരം വിജയിപ്പിച്ചത് പാര്‍ട്ടിയാണ്.

ഈ പ്രശ്‌നമൊന്ന് തീരട്ടെ. പിന്നീട് നമുക്ക് പ്രമേയവുമായി വരാം.

(മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡി.പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു വി കെ ശശിധരന്‍. ദീര്‍ഘനാള്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അധ്യാപക സംഘടന ആയ കെ.എസ്.ടി.എ.യുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. നിലവില്‍ കോഴിക്കോട് കേന്ദ്രമായുള്ള  Knowledge India Publishers പ്രസാധകന്‍ ആണ്).

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍