UPDATES

മൂന്നാറിലെ സ്ഥിതി അതീവ ഗുരുതരം; യുഡിഎഫിന്റെ കാലത്ത് വന്‍തോതില്‍ അനധികൃത റിസോർട്ട് നിർമ്മാണം

റവന്യു വകുപ്പിനെതിരെയും രൂക്ഷ വിമർശനം

മൂന്നാറിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയതോടെ വിഷയം രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുകയാണ്. സിപിഎം-സിപിഐ പ്രാദേശിക നേതൃത്വങ്ങള്‍ സബ് കളക്റ്റര്‍ ശ്രീറാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്; പൊളിച്ചു നീക്കല്‍ നടപടികള്‍ ഉണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഭയം സര്‍ക്കാറിനുമുണ്ട്. ഈ സാഹചര്യത്തില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം തടഞ്ഞാല്‍ മതിയെന്ന നിലപാടിലേക്ക് സംസ്ഥാന റവന്യൂ വകുപ്പ് എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മൂന്നാറിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ലാന്‍ഡ് റവന്യു കമ്മീഷണരുടെ റിപ്പോർട്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടന്ന പ്രവര്‍ത്തനങ്ങളാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളിലേക്ക്:

മൂന്നാറിലെ അതീവ ദുർബല മേഖലകളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള ചരിവുള്ള പ്രദേശങ്ങളിലും  കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വൻതോതിൽ അനധികൃത റിസോർട്ട് നിർമ്മാണം നടന്നു. മൂന്നാർ പ്രദേശത്തു നടക്കുന്ന നിർമ്മാണങ്ങൾക്ക് കലക്ടറുടെ അനുമതി വേണമെന്ന്   ഹൈക്കോടതി ഡിവിഷൻ ബഞ്ച് 2010 ൽ ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി വിധിയിലെ മൂന്നാർ എന്ന പരാമർശം ‘മൂന്നാർ ടൗൺ’ എന്ന് തെറ്റായി വ്യാഖ്യാനിച്ചാണ് 2010 മുതൽ 2016 വരെ മറ്റ് വില്ലേജുകളിൽ നിർബാധം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.

ഏലച്ചട്ടങ്ങൾ ബാധകമായ ദേവികുളം താലൂക്കിലെ പള്ളിവാസൽ, ആനവരിട്ടി, വില്ലേജുകളിൽ മരങ്ങൾ മുറിച്ചുമാറ്റി പാറ, മണ്ണ് ഖനനം നടത്തി. അതോടൊപ്പം വൻകിട നിർമ്മാണങ്ങളും തുടരുകയാണ്. മാങ്കുളം റോഡിൽ ലക്ഷ്മി എസ്റ്റേറ്റിന് സമീപത്തായുള്ള പുളിമൂട്ടിൽ എസ്റ്റേറ്റ് എന്നറിയപ്പെടുന്ന ഏലത്തോട്ടത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനവും പള്ളിവാസൽ വില്ലേജിൽ ഏലത്തോട്ടത്തിൽ നിർമിച്ച പോയിൻറ് ബ്ലാങ്ക് റിസോർട്ടും നിയമലംഘനത്തിന് ഉദാഹരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വനഭൂമിയുടെ സ്വഭാവമുള്ള ഇത്തരം ഏലത്തോട്ടങ്ങൾ വ്യാവസായിക നിർമാണത്തിനായി മരങ്ങൾ മുറിച്ചും ഖനനം നടത്തിയും ഇനം മാറ്റിയതും വൻ പാരിസ്ഥിതിക ആഘാതത്തിന് കാരണമാവും. മൂന്നാർ പ്രദേശത്തെ പരിസ്ഥിതി ലോലമേഖലയായ കുഞ്ചിത്തണ്ണി, മാങ്കുളം, പൂപ്പാറ തുടങ്ങിയ വില്ലേജുകളിലും ഭൂപതിവ് വ്യവസ്ഥകൾ ലംഘിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

അനധികൃത നിർമാണ പ്രവർത്തനങ്ങൾക്ക് കുടപിടിച്ചത് റവന്യു വകുപ്പാണെന്ന രൂക്ഷ വിമർശനവും റിപ്പോർട്ടിലുണ്ട്. വിവിധ ഓഫീസുകളിൽ കൃത്യമായും സുരക്ഷിതമായും രേഖകൾ സൂക്ഷിച്ചിട്ടില്ല. പല കാലങ്ങളിലായി ഉദ്യോഗസ്ഥരുടെ സഹായത്തോടെ വില്ലേജ് , താലൂക്ക് ഓഫീസുകളിൽ സൂക്ഷിച്ചിരുന്ന രേഖകൾ  ഭൂമാഫിയക്കുവേണ്ടി നശിപ്പിച്ചു. വ്യാജ പട്ടയ ലോബിയെ സഹായിക്കാനാണ് ഉദ്യോഗസ്ഥർ ഇത്തരം പ്രവർത്തനം നടത്തിയത്.  വ്യാജരേഖ ചമച്ച് നിർമ്മിച്ച ചിന്നക്കനാലിലെയും മൂന്നാര്‍ ടൗണിലെയും പട്ടയങ്ങൾ, പള്ളിവാസൽ പെൻസ്റ്റോക്കിന് സമീപവും പൂപ്പാറ വില്ലേജിലെയും യോഗ്യമല്ലാത്ത ഭൂമി പതിച്ച് നൽകിയ പട്ടയങ്ങൾ, പട്ടയം നൽകാൻ അധികാരമില്ലാത്ത ഉദ്യോഗസ്ഥർ നൽകിയ രവീന്ദ്രൻ പട്ടയങ്ങൾ, ചിന്നക്കനാൽ, വട്ടവട, കൊട്ടക്കമ്പൂർ വില്ലേജുകളിലെ വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് നടപടി പൂർത്തിയാക്കിയ പട്ടയങ്ങൾ, പൂർണമായും വ്യാജമായി നിർമിച്ച വൃന്ദാവൻ പട്ടയങ്ങൾ എന്നിവ കണ്ടെത്തുന്നതിനും ഭൂമി വീണ്ടെടുക്കുന്നതിനും തടസം നേരിടുകയാണ്. റവന്യു വകുപ്പ് കൊട്ടക്കമ്പൂർ വില്ലേജിലെ 33 പേർക്ക് നോട്ടീസ് അയച്ചതോടെ ബഹുജന പ്രക്ഷോഭവും പ്രാദേശിക നേതാക്കളുടെ ഇടപെടലും ഉണ്ടായി. അതോടെ അതും  നിർത്തിവെച്ചു.  കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഭൂമി തിരിച്ചു പിടിക്കണമെന്നാണ് നിർദേശം.

കൈയ്യേറ്റങ്ങൾ മൂന്നാറിനെ നശിപ്പിക്കുകയാണ്. പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ എതിർപ്പുമൂലം  ഭൂമിയുടെ രേഖകൾ പരിശോധിക്കാൻ കഴിയുന്നില്ല. അനധികൃത ഏലത്തോട്ടങ്ങൾ പിടിച്ചെടുക്കണമെന്നും കമ്മീഷണർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. മൂന്നാറിലെ കണ്ണൻദേവൻ മലകൾ, ചിന്നക്കനാൽ എന്നിവിടങ്ങളിൽ കൈയ്യേറ്റം വ്യാപകമാണ്. വനഭൂമിയുടെ സ്വഭാവമുള്ള ഏലത്തോട്ടങ്ങളിലും അനധികൃത നിർമ്മാണങ്ങൾ വ്യാപകമാണ്.

നിലവിലുള്ള റിസോർട്ടുകളിൽ ഏകദേശം 5000 മുറികളടക്കം താമസ സൗകര്യമുള്ളതിനാൽ പരിസ്ഥിതിക്ക് ദോഷകരമായ റിസോർട്ടുകളുടെ നിർമ്മാണം പൂർണമായും നിരോധിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. പുതിയ റിസോർട്ട്  ആവശ്യമാണെങ്കിൽ  പൊതു സ്ഥലത്ത് പൊതു/സ്വകാര്യ പങ്കാളിത്തവ്യവസ്ഥയിൽ റിസോർട്ടുകൾ നിർമ്മിക്കണം. വ്യാജപട്ടയങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതിന് ദേവികുളം സബ് കലക്റുടെ കീഴിൽ വിപുലമായ സന്നാഹത്തോടെ പ്രത്യേക സംഘത്തെ നിയോഗിക്കണം. മുതിരപ്പുഴയുടെ തീരം കൈയ്യേറിയുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്നതിനും പുതിയ നിർമ്മാണങ്ങൾ അനുവദിക്കാതിരിക്കുന്നതിനും നിയമ നിർമ്മാണം നടത്തണം. നിലവിലുള്ള ഭൂസംരക്ഷണ സേനയെ വിപുലീകരിക്കുന്നതിന് നിയമനിർമ്മാണം നടത്തണം. റവന്യു-സർവേ രേഖകളുടെ പരിശോധിക്കുന്നതിനുള്ള അധികാരം ദേവികുളം സബ് കലക്ടർക്ക് നൽകാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കണം. രേഖകൾ പരിശോധിക്കുമ്പോൾ ക്രമസമാധാന പ്രശ്നം നേരിടുന്നതിന് മൂന്നാർ പൊലീസ് ആംഡ് റിസർവ് ക്യാമ്പിൽ നിന്ന് സുരക്ഷ നൽകണം.  മണ്ണ്, പാറ ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. മുതിര പുഴയുടെ സംരക്ഷണം തദ്ദേശ വകുപ്പിൽ നിന്ന് റവന്യു വകുപ്പ് ഏറ്റെടുക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ മൂന്നാർ വികസന അതോറിറ്റിയുടെ അംഗീകാരത്തോടെയാവണം നടപ്പാക്കേണ്ടത്.  മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കണം. പരിസ്ഥിതി പ്രവർത്തകരെയുൾപ്പെടെയുള്ള വിദഗ്ധരെ ഉൾപ്പെടുത്തി ഉപദേശക സമിതി രൂപീകരിക്കണം. അധ്യക്ഷന് കലക്ടറുടെ അധികാരം നൽകണം.

മൂന്നാർ സ്പെഷ്യൽ ടൂറിസം സോണായി പ്രഖ്യാപിച്ച് പ്രത്യേക നിയമങ്ങൾ കൊണ്ടുവരണം. പ്രത്യേക കെട്ടിട നിർമ്മാണ ചട്ടങ്ങൽ വേണം. യൂക്കാലിപ്റ്റസ്, അക്കേഷ്യ മരങ്ങൾ വേരോടെ പിഴുത് മാറ്റുന്നതിന് പ്രത്യേക സാമ്പത്തിക സഹായം നൽകണം. ഭൂരഹിതരുടെ പട്ടിക തയ്യാറാക്കാൻ ദേവികുളം സബ്കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണം. ഗതാഗത തടസമുണ്ടാക്കുന്ന നിർമ്മാണങ്ങൾ പൊളിച്ചു നീക്കണം. അനധികൃത പാർക്കിങ് നടത്തുന്ന വാഹനങ്ങളിൽനിന്ന്  കനത്ത പിഴ ഈടാക്കണം. ട്രാഫിക് നിയന്ത്രിക്കുന്നത് പ്രത്യേക പൊലീസ് സേനയെ നിയോഗിക്കണം.

മൂന്നാർ പ്രദേശത്ത് നടത്തുന്ന എല്ലാ സ്വകാര്യ നിർമ്മാണ പ്രവർത്തനങ്ങളും സംസ്ഥാന തല അതോറിറ്റിയുടെ നിയന്ത്രണത്തിലായിരിക്കണം. അതിനായി മൂന്നാർ വികസന അതോറിറ്റി രൂപീകരിക്കണം. അതിൻെറ അധ്യക്ഷൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ആയിരിക്കണം. തദ്ദേശ സ്വയം ഭരണം, റവന്യു, വനം വന്യജീവി, പരിസ്ഥിതി, ആരോഗ്യം നഗരാസൂത്രണം, കൃഷി പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ വകുപ്പുകളിലെ പ്രതിനിധികളും പിരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും അംഗങ്ങളാകണം. അതിൻെറ അധ്യക്ഷന്‍ കളക്ടറുടെ അധികാരമുണ്ടായിരിക്കണമെന്നും റിപ്പോർട്ടിലെ ശുപാർശയിൽ ആവശ്യപ്പെട്ടു.

മുല്ലക്കര രത്നാകരൻ എഎൽഎ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയെക്കാൾ കടുത്ത നിർദേശമാണ് കമ്മീഷണർ മുന്നോട്ട് വെച്ചിരിക്കുന്നത്.

ലാൻഡ് റവന്യൂ കമ്മീഷണർ സർക്കാരിനയച്ച റിപ്പോര്‍ട്ട് മൂന്നാർ കയ്യേറ്റം സംബന്ധിച്ച് വിളിച്ചിട്ടുള്ള യോഗത്തിൽ ചർച്ച ചെയ്യും. അടുത്ത തിങ്കളാഴ്ചയാണ് യോഗം നടക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍