UPDATES

പെണ്‍പിളൈ ഒരുമൈ സമരം; കബളിപ്പിക്കലിന്റെ രണ്ടാം ഘട്ടം

Avatar

അണിമ മുയാരത്ത് 

അത്യന്തം ആവേശത്തോടെയായിരുന്നു മാധ്യമങ്ങൾ മുല്ലപ്പൂ വിപ്ലവമെന്നും കൊളുന്തു വിപ്ലവമെന്നും വാഴ്ത്തിയ തോട്ടം തൊഴിലാളി സമരത്തിന് സാക്ഷ്യം വഹിക്കാന്‍ മൂന്നാറിലെത്തിയത്. വ്യവസ്ഥാപിത പുരുഷാധിപത്യ ട്രേഡ് യൂണിയനുകളെ മുഴുവൻ തള്ളിപ്പറഞ്ഞുകൊണ്ടാരംഭിച്ച ഈ സമരം ഒരു സ്ത്രീ മുന്നേറ്റമെന്ന നിലയിലും തൊഴിലാളി  മുന്നേറ്റമെന്ന നിലയിലും ഐതിഹാസികവും വ്യത്യസ്തവുമാണെന്ന് തുടക്കം മുതലേ തോന്നിയിരുന്നു. സ്ത്രീ തൊഴിലാളികളെ മനുഷ്യരായി പോലും അംഗീകരിക്കാത്ത ഒരു കാലഘട്ടത്തിൽ ഇത്തരമൊരു സമരം ആവേശം പകരുന്നതായിരുന്നു. എന്നാൽ സമരസ്ഥലത്ത് കാണാൻ കഴിഞ്ഞത് ഭരണകൂടത്താൽ കബളിക്കപ്പെടുന്ന നിരന്തരം വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗം സ്ത്രീ തൊഴിലാളികളെയാണ്.

സമരത്തിന്റെ രണ്ടാം ഘട്ടമാണ് ഇവിടെ നടക്കുന്നത്. ഒന്നാം ഘട്ടം വൻ വിജയമായിരുന്നു എന്ന തോന്നലുണ്ടാക്കി തീര്‍ക്കാൻ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. സത്യത്തിൽ അത് കബളിപ്പിക്കലിന്റെ ഒന്നാം ഘട്ടമായിരുന്നു. അല്ലെങ്കിൽ രണ്ടാമതും സമരരംഗത്തേക്കിറങ്ങേണ്ട ഗതികേട് തൊഴിലാളികൾക്കുണ്ടാവുമായിരുന്നില്ല.

ഞങ്ങളെത്തുമ്പോൾ തൊഴിലാളികൾ സമര സ്ഥലത്തേക്ക് എത്തി തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. അൽപസമയത്തിനുള്ളിൽ പ്രതിഷേധ പ്രകടനങ്ങളാരംഭിച്ചു.

“എ ഐ ടി യു സി എന്നാച്ച്, സി ഐ ടി യു എന്നാച്ച് ” എന്നെല്ലാമുള്ള അവരുടെ വാശിയേറിയ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിലുയർന്നു. സമരസ്ഥലം കമ്പനി ഓഫീസിനു മുൻപിൽ നിന്നും പാലത്തിനപ്പുറത്തേക്ക് മാറ്റിയിരിക്കുന്നു. എന്ന് പറഞ്ഞാൽ കമ്പനിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും നൂറു മീറ്റർ ദൂരത്തേക്ക്. അൽപം മാറി പാലത്തിനു മുകളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സമരം നടക്കുന്നു. ഇടയ്ക്കിടെ യൂണിയൻകാരായ പുരുഷ തൊഴിലാളികൾ സ്ത്രീ തൊഴിലാളികളെ അവരുടെ സമരമുഖത്തേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തുന്നുണ്ട്. അത്തരം ശ്രമങ്ങളെ പോലിസ് തടയുന്നുമുണ്ട്. മൂന്നാർ സമരത്തിൽ പോലിസിന്റെ നിലപാടിനെ പ്രശംസിക്കാത്ത മാധ്യമങ്ങളില്ല. ഡി ജി പി സെൻ കുമാർ, മുന്നാർ എസ്.ഐ വിഷ്ണു കുമാറുമായി ഫോണിൽ സംസാരിക്കുന്ന ശബ്ദ രേഖ(audio) നവ മാദ്ധ്യമങ്ങളിൽ വൈറൽ ആണ്. മൂന്നാറിലെ പോലീസുകാരെ ഡി.ജി.പി നേരിട്ട് അഭിനന്ദിക്കുന്ന ഈ ശബ്ദരേഖ നമ്മളിൽ രൊമാഞ്ചമുളവാക്കും. എന്നാൽ ഈ ശബ്ദരേഖ ചോർന്നത് സമരത്തിന്റെ നിയന്ത്രണം പോലീസിന്റെ കൈപ്പിടിയിലാക്കാനുള്ള അജണ്ടയുടെ ഭാഗമായാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

സമരസ്ഥലം സന്ദർശിച്ചപ്പോൾ ഇത്തരം സംശയങ്ങൾ ഏറുകയാണ് ചെയ്തത്. മറ്റൊരു ജനകീയ സമരത്തിലും കാണാത്ത അസ്വാഭാവികത പോലീസിന്റെയും ചില മാധ്യമ പ്രവർത്തകാരുടെയും പെരുമാറ്റത്തിലുണ്ടായിരുന്നു. പുരുഷന്മാരായ ഒരു കൂട്ടം പോലീസുകാരും മാധ്യമപ്രവർത്തകരുമാണ് പെമ്പിള ഒരുമൈയുടെ സമരത്തെ നിയന്ത്രിച്ചിരുന്നത്. അവർ എവിടെയിരുന്നു സമരം ചെയ്യണം ആരുമായോക്കെ ബന്ധപ്പെടണം എന്നെല്ലാം തീരുമാനിക്കുന്നത് പോലീസാണ്.

സമരമാരംഭിച്ചത് കമ്പനി ഓഫീസിനു നേരെ മുൻപിലാണ്. എന്നാൽ പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം സമരം ഓഫീസിനു മുൻപിൽ നിന്നും വളരെ ദൂരത്തേക്കു മാറ്റി. റോഡിനരികിൽ ഗതാഗതം തടസപ്പെടുത്താതെയാണ് സമരം നടന്നത്. കമ്പനി ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിച്ചതിനാൽ ഓഫീസിന്റെ നൂറു മീറ്റർ പരിധിക്കുള്ളിൽ സമരം ചെയ്യാനാവില്ല എന്നാണ് പോലിസ് പെമ്പിള ഒരുമൈയെ ബോധിപ്പിച്ചിരുന്നത്. ഇപ്പറയുന്ന ഹൈക്കോടതി ഉത്തരവ് പ്രകാരം സമരക്കാർ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുകയോ സ്ഥാപനത്തിനുള്ളിലേക്ക് മറ്റു തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും കടത്തി വിടുകയോ ചെയ്യരുത് എന്ന് മാത്രമേ ഉള്ളൂ. ഈ ഉത്തരവിനെ തൊഴിലാളികൾ ഓഫീസിന് നൂറു മീറ്റർ പരിധിക്കുള്ളിൽ സമരം ചെയ്യാൻ പാടില്ല എന്ന തരത്തിൽ വ്യാഖ്യാനിച്ചത് പോലീസാണ്. പോലിസ് ഒരു കൈ കൊണ്ട് പെമ്പിള ഒരുമൈയെ സംരക്ഷിക്കുകയും മറു കൈ കൊണ്ട് കമ്പനിക്കു ഒത്താശ ചെയ്യുകയുമാണ് ചെയ്തിരുന്നത്.

ഒരു മുതലാളിത്ത അനുകൂല വലതു പക്ഷ സർക്കാർ നിലവിലിരിക്കുമ്പോൾ ഭരണകൂടത്തിന്റെ ചട്ടുകമായ പോലിസ് വകുപ്പിന് ഒരു തൊഴിലാളി സമരത്തോട് ആഭിമുഖ്യമുണ്ടാകേണ്ട  യാതൊരു ആവശ്യവുമില്ല. അതുണ്ടാവുകയുമില്ല. മറിച്ച് ഇത് യു ഡി എഫ് സർക്കാരും  കേരള പോലീസും ചേർന്ന് നടത്തുന്ന ഒരു നാടകം മാത്രമാണ്.

എന്നാലിതൊന്നും തിരിച്ചറിയാതെ തൊഴിലാളികൾ കടന്നു വരുന്ന ഓരോരുത്തരെയും പ്രതീക്ഷയോടെ ഉറ്റു നോക്കി, സങ്കടങ്ങൾ പങ്കു വച്ചു. അഞ്ചു തലമുറയായി അവർ മൂന്നാറിലെ തോട്ടം തൊഴിലാളികളാണെന്നു പറയുമ്പോൾ അഞ്ചു തലമുറകൾ എല്ല് മുറിയെ പണി എടുത്തിട്ടും അവരുടെ സാമൂഹിക സാമ്പത്തിക അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല എന്ന് കൂടി അർത്ഥമുണ്ട്.

ഒരു തോട്ടം തൊഴിലാളി സ്ത്രീയുടെ സാലറി സ്ലിപ് , അരിക്കും വൈദ്യുതിക്കും കമ്പിളിക്കും മറ്റെല്ലാത്തിനുമുള്ള പണം പിരിച്ചതിനു ശേഷം 3310 രൂപയാണ് ഇവർക്ക് ശമ്പളമായി ലഭിക്കുന്നത് 

2005ൽ കെ ഡി എച്ച് പി Kannan Devan Hills Plantation Company Private Ltd) രൂപീകൃതമായത് മുതൽ തൊഴിലാളികള്ക്ക് കമ്പനിയിൽ ഷെയറുകളുണ്ട്. തൊഴിലാളികളുടെ പങ്കാളിത്തത്തോടു കൂടിയുള്ള മാനേജ്മെന്റു രൂപീകരിച്ച ആദ്യത്തെ ടീ പ്ലാന്റേഷൻ കമ്പനിയാണ് കെ ഡി എച്ച് പി എന്ന കാര്യം കൊട്ടിഘോഷിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ കമ്പനി നഷ്ടത്തിലാണ് എന്ന വ്യാജേനെ ഷെയർ ഹോൾഡർമാരായ തൊഴിലാളികള്‍ക്ക് വർഷത്തിൽ വെറും മുന്നൂറു രൂപയാണ് ലഭിക്കുന്നത്.

1877 ൽ പൂഞ്ഞാർ രാജകുടുംബം ബ്രിട്ടീഷുകാർക്ക് 3000 രൂപ മാസ വാടക നിരക്കിൽ പാട്ടത്തിനു കൊടുത്ത ഭൂമി ഇന്ന് കേരള സർക്കാറിന്റെതാണ്. 24000 ഹെക്ടറോളം വരുന്ന ഈ ഭൂമി ഇന്നും കമ്പനി കൈവശം വെയ്ക്കുന്നത് 3000 രൂപ മാസ വാടകയ്ക്കാണ്. ഇതിൽ നിന്നും മാറി വന്ന സർക്കാരുകളും കമ്പനിയും തമ്മിലുള്ള ഒത്തുകളി വ്യക്തമാണ്. ഈ ഒത്തുകളിക്കിടയിൽ ചെറിയ ചില സൗജന്യങ്ങൾ ചെയ്ത് കൊടുത്തുകൊണ്ട് ട്രേഡ് യൂണിയൻ നേതാക്കന്മാരെ അവരോടൊപ്പം നിർത്തി. ഇത് തൊഴിലാളികളെ നിലയ്ക്കു നിര്‍ത്തുന്നതിനു വേണ്ടി സ്വീകരിച്ച ഒരു തന്ത്രം മാത്രമാണ്.

ഈ അവിശുദ്ധ കൂട്ടുകെട്ടുകൾകൊണ്ട് പൊറുതി മുട്ടിയാണ് സ്ത്രീ തൊഴിലാളികൾ സ്വയം സംഘടിച്ച് രംഗത്തെത്തിയത്. എന്നാൽ പിന്നീട് കണ്ടത്  ഈ സ്ത്രീ തൊഴിലാളികളെയും വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളെയും കമ്പനിയും ഭരണ കൂടവും ചേർന്ന് തമ്മിലടിപ്പിക്കുന്ന കാഴ്ചയാണ്. രണ്ടു മുട്ടനാടുകൾ തമ്മിൽ കൊമ്പു കോർക്കുമ്പോൾ നടുവിൽ നിന്ന് ചോര കുടിക്കുന്ന ചെന്നായയുടെ ചിത്രമാണ് മനസ്സിൽ തെളിഞ്ഞത്. മുന്നാർ സമരത്തെ  കമ്പനിക്കെതിരെയുള്ള സമരമെന്നതിലുപരി ട്രേഡ് യുണിയനുകൾക്കെതിരെയുള്ള സമരമാക്കി മാറ്റുന്നതിൽ ചില മാധ്യമങ്ങളും സജീവ പങ്കു വഹിക്കുന്നുണ്ട്. മുഖ്യ ധാരാ ട്രേഡ് യുണിയനുകളുടെ പുരുഷാധിപത്യ സ്വഭാവവും മറ്റു പോരായ്മകളും മുതലെടുത്ത്  ട്രേഡ് യുണിയനിസത്തെ വേരോടെ നശിപ്പിക്കാനുള്ള കുത്സിത പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്.

മുന്നാറിൽ ഭരണകൂടവും കമ്പനിയും ദൃശ്യ മാധ്യമങ്ങളെ വിലക്കെടുത്തു കൊണ്ട് കേരള സമൂഹത്തിനു മുൻപിൽ നാടകം കളിക്കുകയാണ്. ഇവിടെ  ഇരയാക്കപ്പെട്ടത് തലമുറകളായി ചൂഷണം ചെയ്യപ്പെടുന്ന ഒരു വലിയ വിഭാഗം തൊഴിലാളികളാണ്. ട്രേഡ് യുണിയനിസത്തെ ഇല്ലാതാക്കി കൊണ്ട് തൊഴിലാളികളുടെ സംഘടിത സ്വഭാവത്തെ തകർക്കലാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം. 

(അഭിഭാഷക, ഇപ്പോൾ മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് സോഷ്യൽ സയൻസിലെ പ്രൊജക്റ്റ് ഫെല്ലോ ആണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍