UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ. ചുടുന്നെങ്കില്‍ ചുടട്ടെ’; മൂന്നാര്‍ സമരനായിക ഗോമതി സംസാരിക്കുന്നു

ഗോമതി/രാംദാസ് എം കെ 

മൂന്നാറിലെ പെണ്‍പിളൈ ഒരുമൈ സമരം കേരളത്തിന്റെ സമരചരിത്രത്തിലെ ഐതിഹാസികമായ ഒരേടാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെയും ട്രേഡ് യൂണിയനുകളെയും തിരസ്കരിച്ച് തേയിലത്തോട്ടത്തിലെ സ്ത്രീകള്‍ കൂലി കൂടുതലിനും ബോണസിനും മെച്ചപ്പെട്ട ആരോഗ്യ, പാര്‍പ്പിട, വിദ്യാഭ്യാസ സൌകര്യങ്ങള്‍ക്കും വേണ്ടി നടത്തിയ സമരം. അതിന്‍റെ മുഖ്യ സമരനായിക ഗോമതിയുമായി അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ രാംദാസ് എം കെ സംസാരിക്കുന്നു.

നിങ്ങള്‍ ഒരു സംഘടന തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ?
അത് തീരുമാനമായിട്ടില്ല. തുടങ്ങണം എന്നു ആലോചിച്ചിട്ടുണ്ട്. നമുക്ക് തനിച്ച് ഒരു ട്രേഡ് യൂണിയന്‍ തുടങ്ങാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. നേതാക്കളൊക്കെയും അവരുടെ പെണ്ണുങ്ങളും വിളിച്ചിട്ടുണ്ടായിരുന്നു. നമുക്ക് അവിടെ ചര്‍ച്ച ചെയ്യാമെന്നും നിങ്ങളോട് കുറേ സംസാരിക്കാന്‍ ഉണ്ടെന്നും നിങ്ങളൊക്കെ വായെന്നും പറഞ്ഞു. ഞാന്‍ പോയില്ല.

നിങ്ങള്‍ ട്രേഡ് യൂണിയനില്‍ ഉണ്ടായിരുന്നോ?
എഐടിയുസിക്കാരിയായിരുന്നു ഞാന്‍. 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. മഹിളാ വെല്‍ഫയര്‍ പ്രസിഡന്റാണ് ഞാന്‍. നേരത്തെ എസ്റ്റേറ്റിലെ മഹിളാ വെല്‍ഫയര്‍ സൊസൈറ്റിയിലെ സെക്രട്ടറിയായിരുന്നു. പക്ഷെ, അതില്‍ ഇരുന്നിട്ട് ഒരു പ്രയോജനവുമില്ല.

 

നിങ്ങളുടെ നേതാവ് സി.എ കുര്യന്‍ അല്ലേ? അദ്ദേഹത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?
നല്ല അഭിപ്രായമുണ്ട് അദ്ദേഹത്തെക്കുറിച്ച്. കുറേ ആള്‍ക്കാരെ സഹായിച്ചിട്ടുണ്ട്. നേതാക്കളാണ് ഞങ്ങളുടെ ബോണസ് പ്രശ്‌നവും മറ്റും പറയാറുള്ളത്. പക്ഷേ അവര്‍ പറയുന്നത് നിങ്ങള്‍ സ്ലോ വര്‍ക്ക് ചെയ്യ്, പിന്നീട് മാനേജ്‌മെന്‍റിനോട് സംസാരിക്കാം എന്നാണ്. പക്ഷേ ഞങ്ങള്‍ രണ്ടാഴ്ചയായിട്ട് സ്ലോ വര്‍ക്ക് തുടങ്ങിയപ്പോള്‍ അതിന് ഒരു തീരുമാനവും ഉണ്ടായില്ല. അതുകൊണ്ട് ഞങ്ങള്‍ പെണ്ണുങ്ങളൊക്കെ ഇറങ്ങി. മൂന്നാറില്‍ രണ്ടാം തീയതിയാണ് സമരം തുടങ്ങിയത്. അത് ബോണസ്സിനുവേണ്ടിയായിരുന്നു. മൂന്ന് ട്രേഡ് യൂണിയനും ചേര്‍ന്ന് ഒന്നിച്ചാണ് സമരം വെച്ചത്.

അപ്പോള്‍ ഡി കുമാര്‍ എന്ന കോണ്‍ഗ്രസ്സിലെ നേതാവുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു, നിങ്ങള്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്, നിങ്ങള്‍ മിണ്ടാതിരിക്കൂ, മിണ്ടാതിരിക്കൂ എന്ന് പറഞ്ഞു. ആ സമയം പെണ്ണുങ്ങളൊക്കെ ചേര്‍ന്നുകൊണ്ട് പറഞ്ഞു. അതില്‍ ഒരു നേതാവോ ഒരാളോ അല്ല, എല്ലാവരും കൂടിചേര്‍ന്ന് പറഞ്ഞു, നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതൊക്കെ മതി. ഇനി ഞങ്ങള്‍ നോക്കിക്കൊള്ളാം ഞങ്ങളുടെ കാര്യം എന്ന് പറഞ്ഞു. അങ്ങനെ മൈക്കും മറ്റും എല്ലാം വലിച്ച് പിടിച്ച് എറിഞ്ഞതാണ്.

രണ്ടാം തീയതി സമരം ആരംഭിച്ചു. അഞ്ചാം തീയതി എല്ലാവരും കൂടി ചേര്‍ന്ന് പറഞ്ഞു ഞങ്ങളുടെ ശമ്പളത്തിനുവേണ്ടി നമ്മള്‍ക്ക് എല്ലാവര്‍ക്കും കൂടി അവരെ പോയി കാണാമെന്ന്. അവര്‍ എല്ലാവരും കൂടി എന്നോട് പറഞ്ഞു, ഗോമതി നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി പോകാം. നിനക്ക് സമ്മതമാണോ എന്ന് ചോദിച്ചു. ഞാന്‍ വരാമെന്ന് അവരോട് പറഞ്ഞു. ശനിയാഴ്ച 12 മണിക്ക് ഞങ്ങള്‍ പണി നിര്‍ത്തി. ശമ്പളം മേടിച്ചിട്ട് ജീപ്പ് ഒക്കെ പിടിച്ചിട്ട്  ഞങ്ങള്‍ മൂന്നാറില്‍ പോയി ഇറങ്ങി. അവിടെ സമരം തുടങ്ങി. പിന്നീട് കുറെ പെണ്ണുങ്ങളൊക്കെ വന്നു. പിന്നെ ഞായറാഴ്ചയും പെണ്ണുങ്ങളൊക്കെ വന്നു.

അതെന്താ ആണുങ്ങളൊന്നും വരാത്തെ?
ആണുങ്ങളെയൊക്കെ ഞങ്ങള്‍ വേണ്ടെന്ന് വച്ചതാ. ഞങ്ങളാണ് ഇവിടെ കൊളുന്ത് നുള്ളിക്കൊടുക്കുന്ന ആള്‍ക്കാര്‍. ഇത് ഞങ്ങളുടെ കഷ്ടപ്പാടാണ്. അതുകൊണ്ടാണ്. ലൈറ്റൊക്കെ അടിച്ചിട്ടാണ് രാവിലെ അഞ്ച് മണിക്ക് ഞങ്ങള്‍ പണിക്ക് പോകുന്നത്. ഞങ്ങളുടെ കഷ്ടപ്പാട് ഞങ്ങള്‍ക്കെ അറിയാവൂ.

അവരെ വിശ്വാസം ഇല്ലാത്തതുകൊണ്ടാണോ?
അതല്ല, അവരുടെ സമ്മതം ചോദിക്കാതെ ഞങ്ങള്‍ ഇറങ്ങി. ഞങ്ങളുടെ കഷ്ടപ്പാടും മറ്റുമൊക്കെ ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് അറിയാമല്ലോ? അതുകൊണ്ട് അവരൊന്നും പറഞ്ഞില്ല. എല്ലാവരും പോകുന്നെങ്കില്‍ നിങ്ങളും പൊയ്‌ക്കോ എന്നാണ് ഭര്‍ത്താവ് പറഞ്ഞത്.

നിങ്ങള്‍ക്ക് ഇങ്ങനെയൊരു ധൈര്യം എങ്ങനയാ കിട്ടുന്നത്?
ഒരു തരം അടിമ ജോലിപോലെയാണ് ചെയ്തുകൊണ്ടിരുന്നത്. ഈ ട്രേഡ് യൂണിയനുകള്‍ നമ്മളെ പറ്റിക്കുകയാണെന്നും ഞങ്ങള്‍ പരസ്പരം പറയാറുണ്ട്. അത് മീഡിയക്കാരാണ് ലോകം മുഴുവന്‍ അറിയിച്ചത്. ഞങ്ങള്‍ അടിമപ്പണിയാണ് ചെയ്യുന്നതെന്നും മറ്റുമുള്ള കാര്യങ്ങള്‍.

നിങ്ങളുടെ പിന്നില്‍ വേറെഏതോ ശക്തികള്‍ ഉണ്ടെന്നും മറ്റും പറയുന്നത് ശരിയാണ്. അത് എന്താണ്?
അത് ശരിയല്ല. തീവ്രവാദികളൊന്നും ഇവിടെ വന്നില്ല. ഞങ്ങളുടെ കൂട്ടത്തില്‍ ആരും ഇല്ല. പിന്നെ അച്യുതാനന്ദന്‍ ഉണ്ടായിരുന്നു. അദ്ദേഹം തീവ്രവാദിയല്ലല്ലോ. മുദ്രാവാക്യം വിളിച്ചത് ഞാനാണ്. ഞങ്ങളുടെ കഷ്ടപ്പാടില്‍ നിന്നാണ് അത് വന്നത്. ഞങ്ങളുടെ കഷ്ടപ്പാടാണ് അത്. അത് ഏറ്റുവിളിക്കാന്‍ ആളുണ്ട്.

ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആളുണ്ട്. എനിക്ക് നേതാവൊന്നും ആകണ്ട. എനിക്ക് തനിച്ച് ഇത് തീര്‍ക്കാന്‍ അറിയാം. എന്നെ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ. ചുടുന്നെങ്കില്‍ ചുടട്ടെ. ജയിലില്‍ ഇടുന്നെങ്കില്‍ ഇടട്ടെ. എന്റെ ഭര്‍ത്താവും മൂന്ന് ആണ്‍ മക്കളും എനിക്ക് ഉണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ വിളിക്ക് വിളിക്ക് എന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എല്ലാവരും എനിക്ക് പിന്നിലുണ്ട്. ഇനി ഞങ്ങള്‍ പിന്നോട്ടില്ല.

മുന്നോട്ടേക്കുള്ള പോക്ക്,  ഇനി എങ്ങനെയാണ് ഉദ്ദേശിക്കുന്നത്?
മുന്നോട്ട് കൂടെയുള്ള തൊഴിലാളികള്‍ പറയുന്നതുപോലെ പോകും. ഇവിടെ ഡിസ്മിസ് ആയവര്‍ക്ക് പണികൊടുക്കണമെന്ന് മാനേജ്മെന്‍റിനോട് പറയും. പിന്നെ മനോജ് എന്ന ഒരു ചെറുക്കനുണ്ട്. അയാള്‍ കമ്പനി ഓഫീസില്‍ പണിയെടുക്കുന്നതാണ്. അവനും ഞങ്ങളുടെ കൂടെയുണ്ട്. അവിടെ ആ ചെറുക്കന്‍ വളരെ കഷ്ടപ്പെടുകയാണ്. അവനെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവനും ഇതുപോലെ അവന്റെ കഷ്ടപ്പാടൊക്കെ എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. ഞാന്‍ അവിടെ വരട്ടെ എന്ന് ചോദിച്ചപ്പോള്‍ ചേച്ചി വരണ്ട എന്ന് പറഞ്ഞു. ഞാന്‍ തീരുമാനിച്ചിട്ട് പറയാം എന്ന് പറഞ്ഞിരിക്കുന്നു. പിന്നെ നമ്മുടെ ജോയിസ് ജോര്‍ജ് എംപിയുണ്ടല്ലോ അദ്ദേഹം പറഞ്ഞു. സ്റ്റേഷനില്‍ പോയി ഒരു പരാതി കൊടുക്കാന്‍. ഈ മാനേജ്‌മെന്റും ട്രേഡ് യൂണിയനും ചേര്‍ന്ന് കുറെ തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്. പിന്നെ ഞങ്ങളെ അവര്‍ വിളിച്ചിട്ടുണ്ട്. ഇനിയും പോയാല്‍ ഇവര്‍ അടിമപ്പണിതന്നെ നടത്തും. അതുകൊണ്ട് ഞാന്‍ പോകില്ല. എനിക്കു പിന്നില്‍ തൊഴിലാളികളുണ്ട്.

നിങ്ങളുടെ നേതാക്കന്മാര്‍ ഇങ്ങനെ ആയിപ്പോയതെന്താ?
അവരിക്കിപ്പോള്‍ പേടിയാ, ഭക്ഷണമെങ്ങനെ കഴിക്കും?  ജീവിതം എങ്ങനെ പോകും? ഞങ്ങളുടെ കാശല്ലേ അവര്‍ അടിച്ച് മാറ്റിയത്. ഇനി ഞങ്ങളുടെ കാശ് അവര്‍ക്ക് തരത്തില്ലെന്ന് ഞങ്ങള്‍ പറയുന്നുണ്ട്. അവരുടെ കാശില്‍ ഞങ്ങള്‍ ജീവിക്കുന്നില്ല. ഞങ്ങളുടെ കാശില്‍ അവര്‍ ജീവിക്കുന്നുണ്ട്. അതുകൊണ്ട് അവര്‍ക്ക് പേടിയായി. അതുപോലെ ഇപ്പോള്‍ ഇലക്ഷന്‍ വരുന്നുണ്ടല്ലോ? അതുകൊണ്ട് അവര്‍ക്ക് പേടിയായിട്ട് ഞങ്ങളെയൊക്കെ അങ്ങോട്ട് വിളിക്കുന്നുണ്ട്. ഞാന്‍ പോകത്തില്ല.

ഈ ഇലക്ഷനില്‍ നിങ്ങള്‍ സ്വന്തമായി തീരുമാനമെടുക്കുമോ?
സ്വന്തമായി തീരുമാനമെടുക്കും. പക്ഷെ ഞാന്‍ നേതാവായൊന്നും നില്‍ക്കുന്നതല്ല. പാര്‍ട്ടിയുടെ അടിസ്ഥാനത്തിലല്ലാതെ ആള്‍ക്കാര്‍ എന്ത് പറയുന്നുണ്ടോ അതുപോലെ ചെയ്യും. എനിക്ക് ആഗ്രഹമില്ല, മാനേജ്‌മെന്‍റിനോട് നേരിട്ട് സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ട്. അതിന് എനിക്ക് ഒരു അംഗീകാരം വേണം. ഇത് തൊഴിലാളി പ്രശ്‌നമാണ്. ഞങ്ങളെപ്പോലുള്ള തൊഴിലാളികളുടെ പ്രശ്‌നമൊക്കെ എന്നെക്കൊണ്ട് കഴിയും വിധം സഹായിക്കും. എനിക്ക് അതിനുള്ള ധൈര്യമുണ്ട്. അതുപോലെ എന്നെപ്പോലുള്ള പല പെണ്ണുങ്ങളുമുണ്ട്. പുറത്തുവരാത്തവരായി. അവരാണ് പുറത്ത് വരാതെ എന്റെ പിന്നിലിരിക്കുന്നത്.

നിങ്ങള്‍ ഇനി ട്രേഡ് യൂണിയനില്‍ അംഗമാകില്ലേ?
ഇനി ഞങ്ങള്‍ പോകുകയുമില്ല. അംഗമാകുകയുമില്ല. ഇവിടെ കഷ്ടപ്പെട്ട് പണിയെടുക്കുന്നു. അതിനുള്ള കൂലി എനിക്ക് കിട്ടിയാമതി. ഈ പണിയല്ലെങ്കില്‍ മേശിരിപ്പണിയുണ്ട്. അല്ലെങ്കില്‍ ഏലത്തോട്ടം പണിയുണ്ട്. ഏത് പണിവേണമെങ്കിലും ഞങ്ങള്‍ എടുക്കും. ഞങ്ങള്‍ തോട്ടം തൊഴിലാളികളുടെ പിള്ളേരല്ലേ. ഞങ്ങള്‍ക്ക് അതിനുള്ള ധൈര്യമുണ്ട്. ആരുടെ കാലിലും ഞങ്ങള്‍ വീഴുകയില്ല. നിങ്ങള്‍ അതുചെയ്യ് ഇതുചെയ്യ് എന്ന് ഞങ്ങള്‍ കൂട്ടും ചേര്‍ക്കുന്നില്ല. ഇപ്പോഴുള്ളത് ഞാന്‍ ചേര്‍ത്ത കൂട്ടമല്ല. എന്റെ പിന്നിലുള്ള കൂട്ടമാണ്. ഞാന്‍ പോയി ആരെയും വിളിച്ചിട്ടില്ല. എന്റെ പിന്നില്‍ വന്ന കൂട്ടമാണിത്.

ഇതിന് ഒരു സംഘടിത രൂപമുണ്ടാക്കാന്‍ ആലോചിച്ചിട്ടുണ്ടോ?
ആലോചിച്ചിട്ടുണ്ട്. ആള്‍ക്കാരൊക്കെ തീരുമാനിച്ചിട്ടുണ്ട്. പിന്നോട്ട് പോകുന്നവര്‍ പോകട്ടെ. മുന്നോട്ട് വരുന്നവര്‍ക്കായി നമുക്ക് ഒരു പഞ്ചായത്ത് തുടങ്ങാം. നമുക്കായി എല്ലാ തുടങ്ങാമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ അവിടത്തെ ട്രേഡ് യൂണിയനിലുള്ളവര്‍ വന്നില്ലേ. ഞങ്ങളുടെ കൂടെ നില്‍ക്കണം എന്ന് ആവശ്യപ്പെട്ട്?
ആവശ്യപ്പെട്ടു. ആലോചിക്കാം എന്ന് പറഞ്ഞിട്ടു പോയി.

നിങ്ങള്‍ രാജേന്ദ്രനെ എന്തിനാ ഓടിച്ചത്?
ഏഴാം ദിവസമാണ് വന്നത്. നിങ്ങളുടെ തോട്ടം തൊഴിലാളിയുടെ മകനാണ് ഞാന്‍. ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളുടെ പ്രശ്‌നങ്ങളൊക്കെ ഞാന്‍ തീര്‍ത്തുതരാം, എന്നൊക്കെ പറഞ്ഞ് ഒരുനോട്ടീസ് മാത്രം തന്നു. അതു വിശ്വസിച്ച് ഞങ്ങളില്‍ കുറെപ്പേര്‍ അവര്‍ക്ക് വോട്ടുകൊടുത്തു. പക്ഷെ അവര്‍ ഏഴാം ദിവസമാണ് വന്നത്. ഞങ്ങള്‍ക്ക് ഒന്നാം ദിവസം തന്നെ ഒരു നോട്ടീസ് കൊടുക്കാമായിരുന്നല്ലോ. ഞങ്ങളൊക്കെ അവിടെ ഇരുന്നതല്ലേ. ഞാനിവിടയില്ല. ഞാന്‍ വന്നിട്ട് നിങ്ങളുടെ പ്രശ്‌നമൊക്കെ സംസാരിക്കാം എന്ന് ഒന്നാം ദിവസം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതു കേള്‍ക്കുമായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ കയറ്റാത്തത്.

പക്ഷേ ബിജിമോളോട്…?
ബിജിമോളുടെ അടുത്ത് ഞങ്ങള്‍ ചോദിച്ചു. നിങ്ങളെ ട്രേഡ് യൂണിയനുകളാണോ ഞങ്ങളുടെ അടുത്ത് അയച്ചത് എന്നൊക്കെ. അപ്പോള്‍ ബിജിമോള്‍ പറഞ്ഞു. ഞങ്ങള്‍ പെണ്ണുങ്ങളുടെ പ്രശ്‌നമാണ്. ആ പ്രശ്‌നത്തില്‍ ഞാനുമുണ്ടെന്ന് ബിജിമോള്‍ പറഞ്ഞു. എന്നെ യൂണിയന്‍കാര്‍ പറഞ്ഞ് വിട്ടതല്ല. ഞാന്‍ നിങ്ങളുടെ കൂടെയുണ്ടെന്ന് പറഞ്ഞു. അതുകൊണ്ടാണ് അവരെ ഞങ്ങള്‍ കയറ്റിയത്.

പിന്നെ ജോയ്സ് ജോര്‍ജ് എംപി വന്നു. അവരെയും ഞങ്ങള്‍ കയറ്റി. ഞങ്ങള്‍ വോട്ട് ചെയ്ത ആളാണ്. മുഖം കണ്ടാല്‍ അറിയാം ഞങ്ങള്‍ക്ക്. ആര് ഞങ്ങളുടെ ഞങ്ങളുടെ പ്രശ്‌നം തീര്‍ത്ത് തരുമെന്ന്.

വി എസ് എന്താ നിങ്ങളുടെ കൂടെ വളരെ ആവേശത്തില്‍?
വി എസ് ഞങ്ങള്‍ വോട്ട് ചെയ്ത ആളാ. ഞങ്ങളുടെ മുത്തച്ഛനും അമ്മയും അച്ഛനുമൊക്കെ വോട്ട് ചെയ്ത ആളാ. അവരൊക്കെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം നല്ല മനുഷ്യനാണെന്ന്. കുറെ സ്ഥലമൊക്കെ പഴയ ആള്‍ക്കാര്‍ക്ക് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ക്ക് അവരുടെ മേല്‍ ഒരു മര്യാദയുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെയും ഞങ്ങള്‍ കയറ്റിയത്. അവര് എം എല്‍ എ മാരെ ഒന്നും കണ്ടില്ല. ഞങ്ങളുടെ പ്രശ്‌നം തീര്‍ക്കാമെന്ന് പറഞ്ഞ് ഞങ്ങളുടെ കൂടെ വന്നിരുന്നു. അതുകൊണ്ട് ഞങ്ങളും നല്ല സ്ഥലവും മര്യാദയും കൊടുത്ത് ഞങ്ങളുടെ കൂട്ടത്തില്‍ അവരേയും ഇരുത്തി.

ബോണസ്സിന്റെ പ്രശ്‌നം എന്താണ്, കമ്പനി നഷ്ടത്തിലാണെന്നാണോ?
ബോണസായി കമ്പനി ഇപ്പോള്‍ ഞങ്ങള്‍ക്ക് കരാര്‍ വെച്ചത് 8.33 ശതമാനമാണ്. പിന്നെ 11.67 കറന്റ് തുകയായി ഞങ്ങള്‍ കൊടുക്കണം. ഇത് പലര്‍ക്കും അറിയില്ല. ബോണസ് നമുക്ക് 20 ശതമാനം കിട്ടിയെന്നാണ് പറയുന്നത്. ഉമ്മന്‍ചാണ്ടി അറിയിച്ചത് ഞങ്ങള്‍ക്ക് 20 ശതമാനം ബോണസ് എന്നാണ്. പക്ഷെ കമ്പനിയില്‍ ഞങ്ങളോട് ഇത് പറഞ്ഞതുകൊണ്ട് ഇതൊരു ചതിയാണെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. പിന്നെ ഞങ്ങള്‍ ആള്‍ക്കാരെയൊക്കെ തെരഞ്ഞെടുത്ത് കൂടുന്നുണ്ടല്ലോ. നമുക്ക് പുതിയ യൂണിയന്‍ വേണമോ, വേണ്ടയോ എന്നൊക്കെ ഞങ്ങള്‍ ഉടന്‍ തീരുമാനിക്കും. അല്ലെങ്കില്‍ ഈ മൂന്ന് പേരെയും പുറത്താക്കിയിട്ട് ഞങ്ങളുടെ ആള്‍ക്കാര്‍ കയറണോ? പക്ഷെ ആര് വേണമെങ്കിലും കയറട്ടെ, ഞാന്‍ അതിന്റെ അകത്തില്ല എന്ന് പറഞ്ഞിട്ടുണ്ട്.

കമ്പനി നഷ്ടത്തിലാണെന്ന് പറയുന്നു..?
കമ്പനി നഷ്ടത്തിലല്ല. മാനേജ്‌മെന്റിന് പെട്രോള്‍ ചിലവ്, ക്ലീനിംഗ് പണി, കാര്‍, ബൈക്ക്, മൊബൈല്‍ ഫോണിന്റെ ബില്‍, അവരുടെ കിച്ചണ്‍ പണിക്ക് ഒക്കെ ആളുണ്ട്. തോട്ടം പണിക്ക് ആളുണ്ട്. അവര്‍ക്ക് ഡ്രൈവറുണ്ട്. മാനേജ്‌മെന്റ് ശമ്പളമുണ്ട്. ഞങ്ങള്‍ക്ക് വെറും 232 രൂപ. അവര്‍ക്ക് എങ്ങനെയാണ് നഷ്ടം വരുന്നത്. നഷ്ടം വരാന്‍ ഒന്നും ഇല്ല.

കമ്പനി പൂട്ടിപ്പോകും എന്നാണ് അവര്‍ പറയുന്നെങ്കില്‍?
പൂട്ടിപ്പോകട്ടെ, ഞങ്ങള്‍ വീട് വിട്ട് പോകില്ല. ടാറ്റ കമ്പനി എടുത്ത് നടത്തട്ടെ. അല്ലെങ്കില്‍ ഗവണ്‍മെന്റ് എടുത്ത് നടത്തട്ടെ. അങ്ങനെയും സാധിച്ചിട്ടില്ലെങ്കില്‍ അവര്‍ ലോക്കൗട്ട് ചെയ്യട്ടെ. കമ്പനി സ്ഥലമൊക്കെ പിടിച്ച് വ്യവസായം ചെയ്ത് ഞങ്ങള്‍ ഞങ്ങളുടെ കാര്യം നോക്കിക്കൊള്ളാം. ഇത് എന്റെ തീരുമാനമല്ല. എല്ലാവരുടെയും തീരുമാനമാണ്. എല്ലാവരും പറഞ്ഞിട്ടാണ് ഞാന്‍ പറയുന്നത്. നിന്നോട് ആരെങ്കിലും ചോദിച്ചാല്‍ ഇങ്ങനെ പറയ് എന്ന് എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ മന്ത്രിപോലും പറഞ്ഞുവല്ലോ 500 രൂപ കൂട്ടിയാല്‍ ഇത് മുന്നോട്ട് പോകില്ലെന്ന്?
നമ്മുടെ തൊഴില്‍ മന്ത്രിയാണ് അങ്ങനെ പറയുന്നത്. അത് ഞങ്ങള്‍ തീരുമാനിക്കാം. അവരെ ഇതില്‍ ഇനിയും വേണ്ടെന്ന് പറയുന്നുണ്ട്. പിന്നെ അച്യുതാനന്ദന്‍ വിളിച്ച് പറഞ്ഞതല്ലേ നിങ്ങള്‍ക്ക് 500 രൂപ ശമ്പളം ഞാന്‍ വാങ്ങിത്തരാമെന്ന്. അത് കൈയ്യടിക്ക് വേണ്ടിയാണെന്നാണ് പറയുന്നത്. അവര്‍ ഞങ്ങളുടെ ജീവിതവും മറ്റും അറിഞ്ഞിട്ടാണ് അങ്ങനെ പറഞ്ഞത്. അവര്‍ പറഞ്ഞത് തെറ്റൊന്നുമല്ല. നോക്കാം നമുക്ക് ഇനിയും മീറ്റിംഗ് ഉണ്ടല്ലോ. അവിടെ പോയിട്ട് നമുക്ക്‌ നോക്കാം.

പിഎല്‍സി മീറ്റിംഗില്‍ തൊഴിമന്ത്രി വേണ്ടെന്നാണോ?
വേണ്ടെന്ന് അവര്‍ പറയുന്നുണ്ട്. എനിക്കറിയില്ല. അത് അവര്‍ തീരുമാനിക്കട്ടെ. അവര്‍ വലിയ ആള്‍ക്കാരല്ലേ? ഞങ്ങള്‍ ഇവിടെ കൂലിപ്പണിചെയ്യുന്നവരും. ഇനി ഞങ്ങളൊക്കെ ഇവിടെ മുതലാളികളാ. ഞങ്ങളൊക്കെ ഇവിടത്തെ ഷെയര്‍ ഹോള്‍ഡേഴ്സാ. ഞങ്ങള്‍ക്ക് ശമ്പളം കൂടുതല്‍ വേണമെന്ന് മാനേജ്മെന്‍റിനോട് ചോദിക്കണ്ട. എടുത്താല്‍ മതി. പക്ഷെ, ഞങ്ങളെ അവര്‍ അനുവദിക്കുന്നില്ല. ഇവരൊക്കെ പഠിക്കാത്ത മക്കള്‍, ഇവരൊക്കെ ബുദ്ധിയുള്ളവരല്ല അങ്ങനെയൊക്കെ പറയുന്നു. അതൊക്കെ പണ്ടുള്ളവരാ. ഞങ്ങളൊന്നും അങ്ങനെയല്ല. എല്ലാവരും നല്ല ബുദ്ധിശാലികളാ. എല്ലാവരും കണക്ക് ചോദിക്കാന്‍ തുടങ്ങി. അതിനുള്ള വിവരങ്ങള്‍ ഒക്കെ ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ആയതുകൊണ്ടാണ് 232 രൂപയ്ക്ക്പണിയെടുക്കുന്നത്. സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷമായിട്ടും. മൂന്നാര്‍ തൊഴിലാളികള്‍ അടിമപ്പണിയാണ് ചെയ്യുന്നത്, അവര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയില്ല.

പക്ഷെ ഇപ്പോള്‍ ബോണസ് പ്രശ്‌നത്തിന് ഒരു പരിഹാരം കിട്ടിയിട്ടുണ്ട്. അത് വര്‍ഷത്തില്‍ ഒരു തവണ കിട്ടുന്നതാണ്. പക്ഷെ ശമ്പള പ്രശ്‌നത്തിന് ഞങ്ങള്‍ക്ക് നല്ല തീരുമാനം കിട്ടണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ഞങ്ങള്‍ പ്രത്യേകം പറയുന്നുണ്ട്. ഞങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍. അവര്‍ സംസാരിക്കും. തോട്ടം തൊഴിലാളികളുടെ പ്രശ്‌നം അവര്‍ക്ക് അറിയും. ഞങ്ങളുടെ കഷ്ടപ്പാട് അവര്‍ക്ക് അറിയും. അവരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അവരെയാണ് ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നത്. നമ്മള്‍ക്ക് കാണാം. ഞങ്ങളെ അവര്‍ പറ്റിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. പറ്റിച്ചാല്‍ അത് ദൈവം കാണട്ടെ.

മറ്റു സ്ഥലത്തുള്ളവരൊക്കെ നിങ്ങളെ സഹായത്തിന് വിളിക്കുകയുണ്ടായോ …?
അവര്‍ എന്നെ വിളിച്ചു. സൂര്യനെല്ലി പ്രശ്‌നം തുടങ്ങിയില്ലേ, ആ സമയത്ത് വിളിച്ചപ്പോള്‍ അവിടെ നേതാക്കന്മാരുണ്ട്. ഞാന്‍ വരത്തില്ലെന്ന് പറഞ്ഞു. നേതാക്കന്മാരില്ലെങ്കില്‍ ഞാന്‍ പോകും. എനിക്ക് പണി പോയാലും സാരമില്ല. ഗോമതി ആരെന്ന് അവിടെ ചോദിച്ചുവെന്ന് പറഞ്ഞു. അപ്പോള്‍ അവിടത്തെ പെണ്ണുങ്ങള്‍ പറഞ്ഞു. ഗോമതി ഒരാളല്ല, ഇവിടെ ഇരിക്കുന്ന എല്ലാവരും ഗോമതിയാണെന്ന് പറഞ്ഞു.

സ്ത്രീകളുടെ മൊത്തത്തിലുള്ള പ്രശ്‌നങ്ങളില്‍ ഗോമതി ഇടപെടുമോ?
നഴ്‌സുമാര്‍, സെയില്‍സ് ഗേള്‍സ് അവരൊക്കെ പേടിച്ചിട്ട് പുറത്തുവരുന്നില്ല. ഞങ്ങള്‍ പുറത്തുവന്നു. ഇപ്പോള്‍ അവര്‍ വേദനിക്കുന്നുണ്ട്. ഇവരൊക്കെ ഇറങ്ങിയല്ലോ, ഞങ്ങള്‍ ഇപ്പോഴും അടിമപ്പണിയാണല്ലോ ചെയ്യുന്നത്. അവരെ പുറത്താക്കിയാല്‍ അവരുടെ കൂടെ ഞങ്ങളും കൂടും. അവര്‍ക്ക് കുറെപ്രശ്‌നമുണ്ട്. ഓരോരുത്തര്‍ക്കും വേദനിക്കുന്നുണ്ട്. നഴ്‌സുമാര്‍ക്കും സ്റ്റാഫുകള്‍ക്കും ആശുപത്രിയില്‍ പണിയെടുക്കുന്ന അറ്റന്റര്‍മാര്‍ എല്ലാവര്‍ക്കും കുറെ പ്രശ്‌നങ്ങളുണ്ട്.

തോട്ടത്തിലേത് അടിമപ്പണിയാണ്. ഇവിടെയുള്ളവര്‍ക്കും പലര്‍ക്കും അറിയില്ല. നമ്മള്‍ ഷെയര്‍ ഹോള്‍ഡേഴ്‌സാണെന്ന്. അത് പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. മാനേജ്‌മെന്റും ഞങ്ങളും സഹകരിച്ച് പോയാലേ ഇവിടത്തെ പണി നടക്കൂ. ഇപ്പോള്‍ മാനേജ്‌മെന്റൊക്കെ പറഞ്ഞിട്ടുണ്ട് സ്ലോ വര്‍ക്ക് ചെയ്യണ്ട, നിങ്ങള്‍ എപ്പോഴും പോലെ പണിയെടുക്ക്. ഞങ്ങളുടെ എം ഡി മാത്യു എബ്രഹാം ഒരു നോട്ടീസ് അയച്ചിട്ടുണ്ട്. പക്ഷെ 26-ാം തീയതി വരെ, ഈ പ്രശ്‌നം തീരുന്നതുവരെ ഞങ്ങള്‍ സ്ലോവര്‍ക്ക് ചെയ്യും. ഇവിടെ പത്തായിരം തൊഴിലാളികള്‍ ഉണ്ടെങ്കില്‍ ഞങ്ങളുടെ പിന്നില്‍ എട്ടായിരം പേരും ഉണ്ടായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍