UPDATES

ട്രേഡ് യൂണിയനല്ല പ്രശ്നം; മാറേണ്ടത് നേതാക്കള്‍- മൂന്നാര്‍ സമര നേതാവ് ഇന്ദ്രാണി സംസാരിക്കുന്നു

Avatar

ഇന്ദ്രാണി/രാംദാസ് എം കെ

മിനിമം കൂലി അഞ്ഞൂറു രൂപ ആവശ്യപ്പെട്ടുകൊണ്ട് മൂന്നാറില്‍ പെണ്‍പിളൈ ഒരുമയും ട്രേഡ് യൂണിയനും  വെവ്വേറെ സമരം തുടരുകയാണ്. ഇതിനിടയില്‍ പെണ്‍പിളൈ ഒരുമയുടെ നേതൃ നിരയിലും സമരത്തിലും വിള്ളലുണ്ടാക്കാന്‍ ട്രേഡ് യൂണിയനുകള്‍ ശ്രമിക്കുകയുണ്ടായി. നേരത്തെ  പെണ്‍പിളൈ ഒരുമയുടെ മുന്‍നിരയിലുണ്ടായിരുന്ന ഇന്ദ്രാണി  സി ഐ ടി യുവിന്‍റെ പ്രതിനിധിയായി ട്രേഡ് യൂണിയന്‍ സമരത്തില്‍ പങ്കാളിയായി. സെപ്തംബര്‍ 26 ന്റ്റെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി മീറ്റിംഗിന് മുന്പാണ് ഇന്ദ്രാണിയുമായി അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ രാംദാസ് എം കെ സംസാരിച്ചത്. ട്രേഡ് യൂണിയനല്ല  പ്രശ്നം മറിച്ച് നേതാക്കളാണ് എന്ന നിലപാടാണ് ഇന്ദ്രാണി അന്ന് സ്വീകരിച്ചത്.  ഇതിനിടെ  പെണ്‍പിളൈ ഒരുമയുടെ രണ്ടാം ഘട്ട സമരത്തെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് ട്രേഡ് യൂണിയന്‍ ശ്രമിച്ചത്.  പെണ്‍പിളൈയുടെ രാപ്പകല്‍ നിരാഹാരത്തിന് സംരക്ഷണം നല്കാന്‍ സാധിക്കില്ല എന്ന് പോലീസും നിലപാടെടുത്തു. എങ്കിലും സമരവുമായി പൂര്‍വാധികം ശക്തമായി മുന്നോട്ടു പോവുകയാണ് പെണ്‍പിളൈ ഒരുമ. നേരത്തെ പെണ്‍പിളൈ ഒരുമ നേതാവ് ഗോമതിയുമായുള്ള അഭിമുഖം (‘കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ. ചുടുന്നെങ്കില്‍ ചുടട്ടെ’; മൂന്നാര്‍ സമരനായിക ഗോമതി സംസാരിക്കുന്നു) ഴിമുഖം പ്രസിദ്ധീകരിച്ചിരുന്നു.

നിങ്ങള്‍ ഇവിടെ തന്നെ ജനിച്ചവരാണോ?
അതെ. അച്ഛന്‍, അമ്മ, അവരുടെ അമ്മ എല്ലാവരും ഇവിടെതന്നെയുള്ളവരാണ്. അവരുടെ കുടുംബമൊക്കെ പണ്ട് തിരുനല്‍വേലിയിലായിരുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പ് അടിമകളായി മൂന്നാറിലേക്ക് കൊണ്ടുവന്നതായിരിക്കും. അത് ശരിക്ക് അറിയില്ല. ഞാന്‍ ഒന്‍പതാം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. അതിനുശേഷം ജോലിക്കായി ഇറങ്ങി. 13 വയസ്സുമുതല്‍.

എന്ത് ജോലിയാണ് ആദ്യം ചെയ്യാന്‍ തുടങ്ങിയത്?
വളമൊക്കെ ഇടുന്ന സമയമുണ്ട്. ആ സമയത്ത് കുറച്ച് ശമ്പളത്തില്‍ ചെറിയ കുട്ടികളെ കയറ്റും. അങ്ങനെയാണ് ജോലി തുടങ്ങിയത്.

എത്ര വര്‍ഷം അങ്ങനെ പണിയെടുത്തു?
18 വയസ്സുവരെ. 18 വയസ്സിന് മുകളില്‍ ഫുള്‍ ശമ്പളം കിട്ടും. ഇപ്പോ സ്ഥിരമായിട്ട് 17 വര്‍ഷമായി. അതിനുമുമ്പ് ദിവസക്കൂലിയില്‍ ജോലിചെയ്തു.

ഇപ്പോള്‍ തേയില നുള്ളലാണോ ജോലി?
അതെ,

തുടങ്ങിയ കാലം മുതല്‍ മെഷീന്‍ ആണോ ഉപയോഗിക്കുന്നത്?
ഞാന്‍ തുടങ്ങിയത് കൈകൊണ്ട് നുള്ളിയാണ്. പിന്നെ സീസണ്‍ സമയത്ത് മാത്രം മെഷീന്‍ ഉപയോഗിക്കും. അതും പത്ത് ദിവസം മാത്രം.  മെഷീന്‍ വേണ്ട നിങ്ങളുടെ ഭാവി പോകും എന്നാണ് അവര്‍ പറഞ്ഞത്. കൈയ്യില്‍ നുള്ളിയാമതിയെന്ന് പറയും. ഇപ്പോള്‍ പി എല്‍ സിയില്‍ കൈനുള്ളി എന്നാണ് റിക്കാര്‍ഡ്. അവര് മെഷീന്‍ കൊടുക്കുന്നുണ്ട്. ഇപ്പോള്‍ പവര്‍ മെഷീന്‍.

മെഷീന്‍ ഉപയോഗിക്കുമ്പോഴുള്ള പ്രശ്നങ്ങള്‍?
മെഷീന്‍ ഉപയോഗിക്കുമ്പോള്‍ കിഡ്നിയില്‍ നമുക്ക് ഷെക്ക് ചെയ്യുന്നത് അനുഭവപ്പെടും. ഇപ്പോ ശരീരത്തിന് പ്രശ്‌നമൊന്നുമില്ല. എന്നാല്‍ പിന്നീട് അത് പ്രശ്‌നമാകും. കൂടിപോയാല്‍ രണ്ടോ മൂന്നോ കൊല്ലം മാത്രമെ മെഷീന്‍ കൊണ്ട് വെട്ടാന്‍ പറ്റുകയുള്ളൂ. 

മിക്കവാറും എല്ലാവര്‍ക്കും ശാരീരിക പ്രശ്നങ്ങളുണ്ട്.  ഷോള്‍ഡര്‍ വേദന, എല്ലു തേയ്മാനം, 30 – 35 വയസ്സാകുമ്പോള്‍ തന്നെ ഗര്‍ഭപാത്രം പ്രശ്‌നമാകുന്നു. മിക്കപേര്‍ക്കും അത് എടുത്തുകളയുന്നു. അപ്പോള്‍ കുട്ടികളെ മറ്റും വളര്‍ത്താന്‍ നിവര്‍ത്തിയില്ലാതെ വരുന്നു. വീണ്ടും ജോലിക്ക് വരേണ്ട സാഹചര്യം വരുന്നു. ലൈറ്റ് വര്‍ക്ക് കൊടുക്കാന്‍ അവര്‍ തയ്യാറാവില്ല. നല്ല ചികിത്സകള്‍ കിട്ടുന്നില്ല. അതിന്‌ ശേഷവും കൊളുന്ത് നുള്ളാന്‍ തന്നെ കിട്ടും. അവര്‍ക്കെല്ലാം വീണ്ടും തൈറോയിഡ് പ്രശ്‌നം, പ്രഷര്‍, ഹൈപ്രഷര്‍, ലോ പ്രഷര്‍, തുടങ്ങിയവയുള്ള ഒരുപാട് പേരുണ്ട്.

ക്യാന്‍സര്‍ പോലുള്ള രോഗം ഉണ്ടാകുന്നുണ്ടോ?
അത് എനിക്ക് ശരിക്ക് അറിയില്ല. യുട്രസ്സിന്റെ പ്രശ്‌നം, തൈറോയിഡിന്റെ പ്രശ്‌നം എന്നിവയെല്ലാം ഉണ്ട്. അതുപോലെ പെണ്ണുങ്ങളുടെ മുഖമൊക്കെ ഒരു ഷെയ്പ്പ് ഇല്ലാതെ കറുത്തിട്ട് ഒരുമാതിരി ഇരിക്കും. അത് ശരിക്ക് അറിയാം.

കമ്പനിയുടെ ഭാഗത്ത് നിന്ന് ചികിത്സാ സൗകര്യമൊന്നും തരുന്നില്ലേ?
ചികിത്സകളൊക്കെ ഉണ്ട്. പനിക്കായാലും തലവേദനയ്ക്കായാലും ഒരു ഗുളിക തരും. അത്രതന്നെ. പിന്നെ ചെറിയ കുട്ടികളെയൊക്കെ കൂട്ടിയിട്ട് പോയാല്‍ ശമ്പളത്തില്‍ നിന്ന് പൈസ പിടിക്കും.

നേരത്തെ ഭര്‍ത്താവ് പുറത്ത് ജോലിചെയ്യുന്നതിനാല്‍ പൈസ പിടിക്കുമായിരുന്നില്ല. ആദ്യ പ്രസവത്തിനും അച്ഛനും അമ്മയ്ക്കും  ചികിത്സയെല്ലാം ഫ്രീയായിരുന്നു. ഇപ്പോള്‍ അങ്ങനെയുള്ള ആനുകൂല്യങ്ങള്‍ ഒന്നും ഇല്ല. എല്ലാത്തിനും പൈസതന്നെ പിടിക്കും. ഭര്‍ത്താവിന് തന്നെ എസ്റ്റേറ്റ് പണിയല്ലാതെ വെളിയില്‍ പണിക്ക് പോകുമ്പോള്‍ ഒരു തലവേദനയോ മറ്റോ വന്നാല്‍ അവരെ ആശുപത്രിയില്‍ കൊണ്ടുപോയാല്‍ പോലും പൈസ പിടിക്കും. മുന്‍പ് നല്ല ചികിത്സയും മറ്റും കിട്ടിയിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് അസുഖം കൂടിയാല്‍പോലും മാനേജ്മെന്‍റ് ഭയങ്കര സ്ട്രിക്ട് ആണ്.   

നേരത്തെ നിങ്ങള്‍ ആവശ്യപ്പെടുന്ന ബോണസ് തന്നിരുന്നോ?
അതെ നേരത്തെയൊക്കെ പറയാതെതന്നെ തന്നിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ ശമ്പളമൊക്കെ ടിവിയിലൊക്കെ കണ്ടില്ലേ? 10 ശതമാനം വാങ്ങി ഞങ്ങള്‍ എന്ത് ചെയ്യും. ഇവിടെ പലരും അവരുടെ വരുമാനത്തിലാണ് കുട്ടികളെ നോക്കുന്നത്. അപ്പോള്‍ തികയാതെ വരുമ്പോള്‍ എന്തെങ്കിലും പണയം വെയ്ക്കുകയോ, പലിശക്കെടുക്കുകയോ ചെയ്യും. ആ പലിശപോലും ഞങ്ങള്‍ക്ക് അടയ്ക്കാന്‍ പറ്റുന്നില്ല.

ഇങ്ങനെ നിങ്ങള്‍ പുലര്‍ച്ചെ പോകാതെന്നും, 7.50ന് കാട്ടില്‍ പോയിട്ട് പതുക്കെ ജോലി ചെയ്താല്‍ മതി മുപ്പതോ നാല്‍പ്പതോ കിലോ എടുക്ക് അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം പോകും എന്നൊക്കെ പുരുഷന്മാര്‍ പറഞ്ഞാലും ഞങ്ങള്‍ പെണ്ണുങ്ങള്‍ കേള്‍ക്കാറില്ല. 10 കിലോ കൂടുതല്‍ എടുത്താല്‍ നമ്മുടെ വീട്ടിലേയ്ക്കുതന്നെല്ലേ പൈസ എന്ന് പറഞ്ഞ് കൂടുതല്‍ ചെയ്യും. ജോലി ചെയ്യുന്നതിന്‍റെ പൈസ സൂപ്പര്‍വൈസര്‍ക്കും, മാനേജര്‍ക്കും, ഫീല്‍ഡ് ഓഫീസര്‍ക്കും, ഗ്രൂപ്പ് മാനേജര്‍ക്കുമായിയാണ് പോകുന്നതെന്നും, ഞങ്ങളുടെ ആരോഗ്യം പോകുമെന്നും വീട്ടിലെ ആണുങ്ങളെല്ലാം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ഈ ബോണസ് പ്രശ്‌നത്തില്‍ എല്ലാവരും ഒരുമിച്ച് നിന്നത്.

മുമ്പൊക്കെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ പറഞ്ഞിരുന്നത് യൂണിയനുകളാണ്, ഇപ്പോള്‍ അതില്‍ എന്താണ് സംഭവിച്ചത്?
ഇതില്‍ ഞങ്ങള്‍ വരാന്‍ കാരണം, യൂണിയന്‍ തന്നെയാണ്. ആദ്യം എല്ലാ കാര്യങ്ങളും സാധിച്ചുകൊടുത്തതും യൂണിയന്‍ തന്നെയാണ്. വര്‍ക്കേഴ്‌സിന് ഒരു പ്രശ്‌നമെന്നൊക്കെ പറഞ്ഞാല്‍ അവിടെ നേതാക്കളൊക്കെ വരുമായിരുന്നു. ഇവിടെ വന്ന് മാനേജ്‌മെന്റിനോട് പറഞ്ഞ് ശരിയാക്കുമായിരുന്നു. പ്രശ്‌നങ്ങളൊക്കെ  പരിഹരിച്ച് കൊടുക്കുമായിരുന്നു.

മാനേജ്‌മെന്റും ട്രേഡ് യൂണിയനും തന്നെയാണ് ബോണസും എല്ലാം സംസാരിക്കുന്നതും ചെയ്യുന്നതും. അതുകൊണ്ട് അവര്‍ അറിയാതെ ഒന്നും നടക്കില്ല. അവരോട് എല്ലാം പറഞ്ഞ് വെച്ചിട്ട് നിങ്ങള്‍ എപ്പോഴും പോലെ ജോലിചെയ്യ് എന്നു പറഞ്ഞു.

ഇപ്പോഴാണെങ്കില്‍ അവര്‍ പറഞ്ഞു, ബോണസ് ഇപ്പോള്‍ വാങ്ങണ്ട. എപ്പോഴും പോലെ നിങ്ങള്‍ ജോലിചെയ്യ് പിന്നീട് ശരിയാക്കാമെന്ന് പറഞ്ഞതാണ് എല്ലാവര്‍ക്കും വേദനയായത്.

കമ്പനി നഷ്ടത്തിലാണെന്ന് പറഞ്ഞാണല്ലോ ഈ പ്രശ്‌നം?
ഒരുപാട് ലാഭം ഉണ്ട്. ഞങ്ങള്‍ക്ക് കൂട്ടിയൊക്കെ തരാം. കഴിഞ്ഞവര്‍ഷം 19 ശതമാനം തന്നു. അത് അനുസരിച്ച് നോക്കിയാലും അവര്‍ പറയുന്നത് ശരിയല്ല. തൊഴിലാളിക്ക് എപ്പോഴും 20 ശതമാനം കൊടുത്തുകൊണ്ടിരുന്നാല്‍ ആട്ടോമാറ്റിക് ആയി എപ്പോഴും പോലെ എല്ലാം നടക്കും. കമ്പനിയില്‍ നല്ല ലാഭം ഉണ്ടാകുകയും ചെയ്യും. 10 ശതമാനം കുറച്ചതുകൊണ്ടാണ് ഇപ്പോള്‍ ഇത്രയും നാശം വന്നത്.

ഞങ്ങള്‍ക്ക് ഇപ്പോള്‍ ബോണസ് തന്നിട്ട് കണക്ക് പറയുകയും, കമ്പനിക്ക് നഷ്ടമാണ് അതുകൊണ്ട് നല്ല ജോലിചെയ്യണമെന്നും, അടുത്ത വര്‍ഷം ഇങ്ങനെ ഉണ്ടാകരുതെന്നും ലാഭം ഉണ്ടാക്കണമെന്നും പറഞ്ഞിരുന്നെങ്കില്‍ ഞങ്ങളും അങ്ങനെ അനുസരിക്കുമായിരുന്നു. അതിനുപകരം മാനേജ്‌മെന്റും ട്രേഡ് യൂണിയനുകളും ഞങ്ങളെ പറ്റിച്ചതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്.

ട്രേഡ് യൂണിയനുകളുടെ നേരത്തെയുള്ള സ്വഭാവം ഇങ്ങനെയായിരുന്നു?
ഇങ്ങനെയൊക്കെ തന്നെ. പക്ഷേ, ഞങ്ങള്‍ക്കുവേണ്ടി കുറച്ച് കാര്യങ്ങളെങ്കിലും ചെയ്തുകൊണ്ടിരുന്നു. ഇപ്പോഴാണെങ്കില്‍ 10 ശതമാനമെന്നാണ് അറിയിച്ചിരുന്നത്. രണ്ട് ശതമാനം കൂടി കൂടുതല്‍ വേണമെന്ന് ഞങ്ങള്‍ പറഞ്ഞു. 4500 രൂപ വാങ്ങി ഞങ്ങള്‍ എന്ത്‌ചെയ്യും എന്ന് വിചാരിച്ചാണ് ഞങ്ങള്‍ ഒരു തീരുമാനം അറിയിച്ചത്.

ഈ ശമ്പളത്തിന്റെയും ബോണസ്സിന്റെയും കാര്യം ട്രേഡ് യൂണിയനുകളോട് പറയുമ്പോള്‍ അവരുടെ നിലപാട് എന്തായിരുന്നു?
ഇപ്പോള്‍ നല്ല സീസണാണ്. 200 കിലോ 300 കിലോവരെ വെട്ടേണ്ട സമയമാണ്. നിങ്ങള്‍ ബോണസ് വാങ്ങണ്ട. നിങ്ങള്‍ എപ്പോഴും പോലെ ജോലി ചെയ്യ് നമുക്ക് പറഞ്ഞ് ശരിയാക്കാം എന്നു പറഞ്ഞു. അപ്പോള്‍ ഇതെല്ലാം ഞങ്ങളെ പറ്റിക്കാന്‍ വേണ്ടിയാണെന്ന് ഞങ്ങള്‍ക്ക് മനസിലായി.

എല്ലാ യൂണിയനു അങ്ങനെയാണോ?
അതില്‍ സിപിഎം, എഐടിയുസിയും വന്ന് പറഞ്ഞു സംസാരിക്കാം എന്ന്. ഐഎന്‍ടിയുസിയുടെ ആള്‍ മാത്രം പറഞ്ഞു അവര്‍ കൊടുക്കുന്നത് വാങ്ങൂ വാങ്ങിയിട്ട് പിന്നീട് നമുക്ക് സംസാരിക്കാമെന്ന്, കൈയ്യില്‍ വാങ്ങിയാല്‍ അതിന് പരിഹാരമേ ഉണ്ടാകുകയില്ല.

ഇവിടത്തെ ട്രേഡ് യൂണിയനില്‍ നിങ്ങളുടെ ഒരു പങ്കാളിത്തവും ഇല്ലേ?
ഫുള്ളും ഞങ്ങള്‍ തന്നെ. ട്രേഡ് യൂണിയന് കുഴപ്പമില്ല. പക്ഷേ, നേതാക്കന്മാര്‍ ശരിയല്ല. നേതാക്കന്മാരെ ഫസ്റ്റ് മാറ്റണം. അതുതന്നെയാണ് നല്ലത്. എപ്പോഴും അവരുടെ കാര്യം. എല്ലാം അവര്‍ക്ക് മാത്രം എന്നതാണ്. തൊഴിലാളികള്‍ക്ക് ഒന്നും അറിയില്ല. ഇവര്‍ എപ്പോഴും അടിമകളായി ഇങ്ങനെ ചെയ്ത് പോകും എന്ന് അവര്‍ വിചാരിച്ചിരിക്കുന്നു.

പുതിയ നേതാക്കള്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ എന്താണ് വിചാരിച്ചിരിക്കുന്നത്?
ആളുകള്‍ മാറണം. എല്ലാ പെണ്ണുങ്ങള്‍ക്കും വിവരം ഉണ്ടായിരിക്കുന്നു. അവരുടെ വീട്ടിലും പഠിച്ച കുട്ടികള്‍ വിവരം ഉള്ള കുട്ടികള്‍ എല്ലാം ഉണ്ട്. കമ്പനിയില്‍ നിന്ന് ഒരു കണക്ക് നമ്മളെ കാണിച്ചാല്‍ തന്നെ അത് ശരിയല്ലെന്നും തെറ്റാണെന്നും മനസ്സിലാക്കാനുള്ളവര്‍ ഇപ്പോഴുണ്ട് നമുക്ക്.

ഐഎന്‍ടിയുസിയെ പിരിച്ചവിട്ടു എന്നാണ് പറയുന്നത്?
അതൊക്കെ വെറുതെ പറയുന്നതാ. പിരിച്ചൊന്നും വിടില്ല. വെറും നാടകമാണ്.

ഇവിടത്തെ നേതാക്കന്മാരൊക്കെ കമ്പനിയുടെ സൗജന്യം വാങ്ങുന്നുണ്ടോ?
ഉണ്ട്. ഇപ്പോള്‍ പതിനായിരം തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അവര്‍ ഓരോരുത്തരും 200 വെച്ച് കൊടുത്തിട്ടുണ്ട്. അവര്‍ക്കുള്ള ലാഭമൊക്കെ അവര്‍ എടുത്തുകൊണ്ടുതന്നെയാണ് ഇരിക്കുന്നത്. ഞങ്ങള്‍ക്കു മാത്രമെ ഒന്നും ഇല്ലാതെയുള്ളൂ.

ഇതൊന്നും നിങ്ങള്‍ മുമ്പ് മനസ്സിലായില്ലേ? ഇങ്ങനെയൊരു സമരം ചെയ്യാനുള്ള ധൈര്യം എങ്ങനെ കിട്ടി?
നേരത്തെ മനസ്സിലായി. പക്ഷെ, ട്രേഡ് യൂണിയന്‍കാര്‍ വന്ന് നമ്മളോട് സംസാരിച്ച് ബ്രെയിന്‍വാഷ് ചെയ്യും. ഇത് ഇങ്ങനെയല്ല, അങ്ങനെയല്ല എന്നൊക്കെ. വെളിയില്‍ ഇരുന്ന് ആളുകളെ കയറ്റും എന്നൊക്കെ നമ്മളോട് സംസാരിക്കും. ഞങ്ങളുടെ അച്ഛനും അമ്മയും ജോലിചെയ്തപ്പോള്‍ ഇങ്ങനെ കഷ്ടമില്ലായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് വളരെ കഷ്ടം. അതുകൊണ്ടാണ് ഇപ്പോള്‍ പറയാനുള്ള ധൈര്യം കിട്ടിയത്. ബുദ്ധിയും ഉണ്ട്. ഗവണ്‍മെന്റിനോട് നമ്മള്‍ ഇക്കാര്യം ചോദിക്കണം. എന്നൊക്കെ തോന്നി.  എല്ലാവര്‍ക്കും ഒരു ധൈര്യം കിട്ടി.

പത്ത് ശതമാനം മാത്രമാണ് ബോണസ് എന്ന് കേട്ടപ്പോള്‍ പെണ്ണുങ്ങള്‍ക്കൊക്കെ മനസ്സില്‍ ധൈര്യം വന്നു. ഒരുവര്‍ഷത്തില്‍ അറുപത്തിനാലായിരം രൂപയ്ക്ക് ജോലിചെയ്തു. നാല്‍പ്പത്തിരണ്ടായിരം രൂപയ്ക്ക് തന്നെ ബോണസ് തരാതെ വെറും 10 ശതമാനം മാത്രമാക്കി ബോണസ് ആയപ്പോള്‍. വീട്ടില്‍ നിന്നും ഭര്‍ത്താവും ചോദിച്ചപ്പോള്‍ മനസ്സില്‍ വളരെ വേദന തോന്നി. ഞങ്ങളെ ഇങ്ങനെ അടിമയാക്കിയപ്പോള്‍ വേദന സഹിച്ചില്ല. അങ്ങനെയാണ് മൊത്തം ട്രേഡ് യൂണിയനുകളും ചേര്‍ന്ന് സെപ്തംബര്‍ 2ന് ഞങ്ങള്‍ക്കുവേണ്ടി ആള്‍ ഇന്ത്യാ ബന്ദ് വെച്ചു. അപ്പോ അതിലുള്ള ഞങ്ങളെല്ലാം വീട്ടില്‍ ഇരുന്നു. കുറച്ച് പെണ്ണുങ്ങള്‍ ട്രേഡ് യൂണിയനുകള്‍ സ്റ്റേജ് കെട്ടിയ സ്ഥലത്ത് ചെന്ന് അതെല്ലാം വലിച്ചെറിഞ്ഞിട്ട് പറഞ്ഞു ഞങ്ങള്‍ക്ക് 10 ശതമാനം മാത്രം ബോണസ്സ് വാങ്ങാന്‍ പറഞ്ഞിട്ട് ഞങ്ങള്‍ക്കുവേണ്ടി എന്തിന് ഇങ്ങനെ ചെയ്യുന്നുവെന്നു പറഞ്ഞു. അത് മീഡിയ നെറ്റ് എന്ന ഒരു ചാനല്‍ വാര്‍ത്തയാക്കി.

അതിന്‌ശേഷം മൂന്നാര്‍ ടൗണില്‍ ഓരോരുത്തരും അറിഞ്ഞ് അറിഞ്ഞ് വന്ന് സമരം നടത്തി. അവിടെ ഒരാളും ഒന്നും നമ്മളോട് പറയാന്‍ വന്നില്ല. മീഡിയയില്‍ വന്നതിനുശേഷമാണ് എല്ലാവരും അറിഞ്ഞ് അറിഞ്ഞ് വന്നതും മറ്റും. എന്നിട്ടും മറുവശത്ത് നിന്ന് സംസാരിക്കാമെന്നോ പരിഹാരമുണ്ടാക്കാമെന്നോ ആരും പറഞ്ഞില്ല.  ഇത് വേണ്ടെന്നോ ആരും ഒരു വാര്‍ത്ത പറഞ്ഞില്ല. അഞ്ച് തലമുറ അടിമയായി ഇരുന്നതുകൊണ്ട് ഇനിയും അങ്ങനെ ഇരിക്കുമെന്ന് കരുതി. അങ്ങനെയായിരുന്നു അവരുടെ പ്രതികരണം.

സമരത്തിന്റെ അനുഭവം എങ്ങനെയായിരുന്നു?
സന്തോഷമായിരുന്നു. ഈ സീസണ്‍ സമയത്ത് പരസ്പരം അറിയില്ലാത്ത മുഖങ്ങള്‍ പോലും ഈ സമരത്തില്‍ വന്ന് ചേരുകയും മൊത്തമായും നോക്കുമ്പോള്‍ സന്തോഷമായിരുന്നു. അപ്പോള്‍ എല്ലാവര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസ്സിലായി.

നിങ്ങളുടെ പുരുഷന്മാര്‍ എന്താ സഹകരിച്ചില്ലേ, എല്ലാം സ്ത്രീകളാണല്ലോ?
പുരുഷന്മാര്‍ സഹകരിച്ചു. അവര്‍ പറഞ്ഞു. ഞങ്ങള്‍ വരില്ല. സമരം നടത്തിയാലും ശരി നടത്തിയില്ലെങ്കിലും ശരി.  കാരണം എന്തെന്നുവെച്ചാല്‍ നിങ്ങളുടെ സൂപ്പര്‍ വൈസറോ, മറ്റോ അഞ്ചുരൂപ കൂടുതല്‍ തരാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ഓടിപ്പോകുമെന്ന് അവര്‍ പറഞ്ഞു. അതുകൊണ്ട് നിങ്ങളുടെ കൂടെ ഞങ്ങള്‍ക്ക് വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഞങ്ങളുടെ വീട്ടിലെ പുരുഷന്മാര്‍ക്ക് ഞങ്ങളടുത്ത് വിശ്വാസം ഇല്ല. ഈ സമരം തുടരുമോ ഇല്ലയോ എന്ന് അവര്‍ക്ക് അറിയില്ല. ഒരുനാള്‍ പോയിട്ട് വരും, പെണ്ണുങ്ങളെല്ലാം ഇങ്ങനെ ഇരിക്കില്ല, എന്നൊക്കെ വിചാരിച്ചു. പക്ഷേ അതിലെല്ലാം ഞങ്ങള്‍ മറികടന്ന് ഓരോ ദിവസവും ഞങ്ങള്‍ സമരം ചെയ്ത് ജയിച്ചു.

യഥാര്‍ത്ഥത്തില്‍ പുരുഷന്മാരല്ലേ ഈ സമരത്തില്‍ മുന്നില്‍ നില്‍ക്കേണ്ടത്?
ഞങ്ങള്‍ റീജിണല്‍ ഓഫീസിന് മുന്നിലാണ് ഇരുന്നത്. എതിര്‍ ആള്‍ക്കാര്‍ കള്ള ആള്‍ക്കാരെ വെച്ച് ഒരു കണ്ണാടി തന്നെ പൊട്ടിച്ചാല്‍, ആ പോലീസുകാര്‍ക്ക് പോലും നമ്മളോട് സഹകരിക്കാന്‍ സാധിക്കില്ല. അപ്പോള്‍ ഞങ്ങളുടെ സമരം വേറെ രീതിക്ക് പോകും.  അതുകൊണ്ടാണ് ആളുങ്ങളാരും മുന്നില്‍ വരണ്ട പുറകില്‍ നിന്നാല്‍ മതിയെന്ന് ഞങ്ങള്‍ പറഞ്ഞത്. ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന് ഞങ്ങള്‍ പറഞ്ഞു. ഇതുവരെയും ആരുടെയും സ്വത്ത് അപഹരിക്കാനോ  ഗവണ്‍മെന്റിന് ശല്യമായോ ഇതുവരെയും ഞങ്ങള്‍ പോയിട്ടില്ല.

മീഡിയക്കാര്‍ നല്ല ഒരു ഹെഡ്‌ലൈന്‍സ് കൊടുത്തു.  ഞങ്ങള്‍ ഞങ്ങളുടെ പ്രശ്‌നങ്ങളെ പറഞ്ഞു. നല്ല രീതിയില്‍പോയി. ആ സമയത്ത് ആണുങ്ങളായിരുന്നെങ്കില്‍ ഇത് വേറെ രീതിയില്‍ ആകുമായിരുന്നു. 

സ്ത്രീകളെ എങ്ങനെ നിങ്ങള്‍ ഇങ്ങനെ ഒരുമിപ്പിച്ചു?
ഞങ്ങള്‍ക്ക് ധൈര്യം കിട്ടിയത് ട്രേഡ് യൂണിയന്‍ വഴിയാണ്. ആഗസ്റ്റ് ഇരുപതാം തീയതി സിപിഎമ്മിന്റെ ഒരു സമരം ഉണ്ടായിരുന്നു. അപ്പോ ഞങ്ങളും വീട്ടിലിരുന്നു. ആ സമയത്ത് ഓഫീസിനു മുന്നിലും മറ്റും പോയി മുദ്രാവാക്യം വിളിച്ച് വരാമെന്ന് പറഞ്ഞ് അവര്‍ വിളിച്ചിട്ട് പോയി. ഇത് പെണ്ണുങ്ങളുടെ പ്രശ്‌നമാണ്. പെണ്ണുങ്ങള്‍ മുന്നില്‍ നില്‍ക്ക് എന്നൊക്കെ പറഞ്ഞ് ട്രേഡ് യൂണിയനുകളെല്ലാം മുദ്രാവാക്യങ്ങളൊക്കെ പറഞ്ഞു.  അതിനുശേഷം ഞങ്ങള്‍ പെണ്ണുങ്ങള്‍ ഒറ്റയ്ക്ക് മുദ്രാവാക്യങ്ങളൊക്കെ വിളിച്ചു തുടങ്ങി.

സിപിഐയായിരുന്നാലും ഐഎന്‍ടിയുസിയായിരുന്നാലും ഒത്തൊരുമയായി പെണ്ണുങ്ങള്‍ തന്നെയാണ് പോകുന്നത്. ആ സമയത്ത് അവരുടെ ഒരു സപ്പോര്‍ട്ട് കൂടി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് പെണ്ണുങ്ങള്‍ ഫസ്റ്റ് ദിവസംതന്നെ പോയത്. അവരെ കണ്ട് ഞങ്ങള്‍ക്ക് ആ ധൈര്യം കിട്ടി. ഈ മൂന്നാറില്‍ നാല് എസ്റ്റേറ്റ് ഉണ്ട്. ഞങ്ങളെ കണ്ട് ആ നാല് എസ്റ്റേറ്റിലുള്ളവര്‍ക്കും ധൈര്യം കിട്ടി. 8 മണിക്ക് തന്നെ പോകണം. പക്ഷെ ഞങ്ങളുടെ എസ്റ്റേറ്റില്‍ അവര്‍ പറയുന്ന അളവ് നുള്ളിയാല്‍ വീട്ടില്‍ പോകാം. അതുകൊണ്ട് പെണ്ണുങ്ങള്‍ അഞ്ചര മണിക്കൊക്കെ പോയി ജോലി ചെയ്തിട്ട് 10 മണിയൊക്കെയാകുമ്പോള്‍ വീട്ടില്‍ വരും. അവിടെ ആനയുണ്ടാകും, പുലിയുണ്ടാകും എന്നിട്ടും പോയി ജോലി ചെയ്യുന്ന നമ്മള്‍ക്ക് ചുമ്മ പോയി ഇരിക്കാന്‍ എന്താ ധൈര്യം വരാത്തത്.  ഈ കാട്ടില്‍ പോയി കൊളുന്ത് നുള്ളാന്‍ ധൈര്യം ഉണ്ടെങ്കില്‍ പിന്നെ ടൗണില്‍ പോയി ഹൈറേഞ്ച് മക്കള്‍ ഇരുന്നാല്‍ എന്താ. പിന്നെയെന്താ ധൈര്യം ഇല്ലാത്തത്. ആളുങ്ങള്‍ പോലും എഴിക്കില്ല. പെണ്ണുങ്ങള്‍ ഒറ്റയ്ക്ക് ഇറങ്ങിപ്പോകുമ്പോള്‍. പിന്നെയെന്താ സമരം ചെയ്യാന്‍ നമ്മള്‍ക്ക് ധൈര്യം കിട്ടാത്തത്.

ഇന്ദ്രാണി ഇപ്പോ ട്രേഡ് യൂണിയന്‍ നേതാവായോ?
ആയി. ഞാന്‍ സിപിഐമ്മിന്റെ മഹിളാ സംഘത്തില്‍ ഇരുന്നതാ.

നിലവിലുള്ള ട്രേഡ് യൂണിയന്‍ നേതാക്കള്‍ മാറണമെന്ന് നിങ്ങള്‍ ഉന്നയിച്ചോ?
അതിനുള്ള തീരുമാനങ്ങള്‍ മൂന്ന് ട്രേഡ് യൂണിയന്‍ കാരും എടുത്തുകൊണ്ടിരിക്കുന്നു. ഇനി എങ്ങനെയാണെന്ന് അറിയില്ല. പുതിയ ട്രേഡ് യൂണിയന്‍ വരുമോ? അല്ലെങ്കില്‍ അവരുടെ ട്രേഡ് യൂണിയനില്‍ പോകുമോ എന്നൊക്കെ അവരവരുടെ ഡിവിഷനിലേ പറയാന്‍ പറ്റൂ. ഞങ്ങളുടെ ഡിവിഷനില്‍ അങ്ങനെയൊന്നുമില്ല. അവരുടെ തീരുമാനങ്ങള്‍ എങ്ങനെയെന്ന് അറിയില്ല.

നിങ്ങളുടെ സമരസ്ഥലത്ത് എത്തിയിട്ടുള്ള രാജേന്ദ്രന്‍ എം എല്‍ എയെ നിങ്ങള്‍ ഇരിക്കാന്‍ സമ്മതിച്ചില്ല. എന്താണ് കാരണം?
ഞങ്ങളുടെ കൂടെയുള്ള തൊഴിലാളിയുടെ മകനാണ് രാജേന്ദ്രന്‍. ഞങ്ങള്‍ രാവിലെ സമരത്തിന് പോയി. രാവിലെ പോയാല്‍ വൈകിട്ടാണ് വരുന്നത്. ആ സമയത്ത് ഈ സ്ഥലങ്ങളിലെ കേബിള്‍ കട്ട് ചെയ്തിരിക്കുന്നു. ആ സമയത്ത് വെളിയില്‍ എന്ത് നടക്കുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയാന്‍ സാധിക്കുന്നില്ല.

ആ സമയത്ത് എം എല്‍ എയോട് മീഡിയകള്‍ ചോദിച്ചു. എന്താ നിങ്ങളല്ലേ അവിടത്തെ എം എല്‍ എ,  അവിടത്തെ തൊഴിലാളികള്‍ മുഴുവന്‍ സമരത്തിന് ഇറങ്ങിയിരിക്കുന്നു എന്നൊക്കെ ചോദിച്ചപ്പോള്‍ അദ്ദേഹം പറയണമായിരുന്നു ഞങ്ങള്‍ ബോണസ്സിനാണ് അവിടെ ഇരിക്കുന്നതെന്ന്. അതിനുപകരം എം എല്‍ എ മീഡിയകളില്‍ പറഞ്ഞു. ഈ സമരം ചെയ്യുന്നവര്‍ ഇവിടെയുള്ള തൊഴിലാളികളല്ല, വേറെയുള്ള സ്ഥലത്തുള്ളവരാണെന്ന്. അങ്ങനെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ദേഷ്യം വന്നു. ഞങ്ങളെല്ലാവരും വോട്ട് ചെയ്തല്ലേ അദ്ദേഹം ഈ സ്ഥാനത്തെത്തിയത്. അല്ലാതെ കള്ളവോട്ട് നേടിയല്ലല്ലോ. പ്രശ്‌നം എന്തെന്ന് അറിഞ്ഞ് പരിഹരിക്കാന്‍ അവര്‍ വരണം. ഞങ്ങളോട് വന്ന് അത് പറയണം. അല്ലാതെ ഞങ്ങളുടെ അടുത്ത് വരുന്നതിന് മുമ്പ് മീഡിയകളില്‍ പോയി തെറ്റായ കാര്യങ്ങള്‍ പറഞ്ഞിട്ട് വന്നാല്‍ ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ? നിങ്ങളും ഒരു മീഡിയയില്‍ ഉളളതല്ലേ നിങ്ങളും ഇതുപോലെ ഞങ്ങളെപ്പറ്റി ഞങ്ങള്‍ തൊഴിലാളികളല്ല, വേറെയെവിടയോ ഉളളവര്‍ എന്ന് പറഞ്ഞാല്‍, അപ്പോള്‍ ഞങ്ങള്‍ക്ക് ദേഷ്യം വരില്ലേ?  

നിങ്ങളുടെ പിന്നില്‍ ഏതൊക്കയോ സംഘടനകള്‍ ഉണ്ടെന്നും അങ്ങനെ പോലീസ് അന്വേഷിക്കുന്നുവെന്നും പറയുന്നു?
അങ്ങനെയൊന്നുമില്ല. മീഡയക്കാരായാലും പൊലീസുകാരായാലും അവരുടെ ഡ്യൂട്ടി അവര്‍ ചെയ്യട്ടെ. ഞങ്ങള്‍ക്കറിയില്ല അതിനെക്കുറിച്ച്. അങ്ങനെ അവര്‍ അറിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ അതിനെക്കുറിച്ച് അന്വേഷിക്കട്ടെ അത് കണ്ടുപിടിക്കട്ടെ. പക്ഷേ, അങ്ങനെയൊന്നുമില്ല. പത്തായിരം പേര്‍  തന്നെയാണ് തൊഴിലാളികള്‍. ആ പത്തായിരം പേരും നേതാക്കള്‍ തന്നെയാണ്. ഞങ്ങള്‍ തന്നെയാണ് സംഘടന. 

നിങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് കേട്ടു ശരിയാണോ?
ഞാന്‍ പോയ കൊല്ലത്തിലൊക്കെ മത്സരിച്ചിട്ടുണ്ട്.  അതിനുള്ള ആഗ്രഹമൊന്നുമില്ല. എന്റെ കുടുംബം, എന്റെ കുട്ടികള്‍ അതൊക്കെ എനിക്ക് നോക്കണം.

നിങ്ങളുടെ സംഘടന മത്സരിക്കുമോ?
സംഘടനയേ ഇല്ല. പിന്നെ എങ്ങനെ പറയാന്‍ പറ്റും. അതൊന്നുമില്ല. ഇനിയൊന്നും പറയാന്‍ വയ്യ. .മൊത്തം സ്ത്രീകളും എന്ത് പറയുന്നുവോ അതേ പറയാന്‍ പറ്റൂ. അത് എന്താണെന്ന് അറിയില്ല.

നിങ്ങളുടെ സമര സ്ഥലത്തേക്ക് വന്ന ചില നേതാക്കളെ നിങ്ങള്‍ അങ്ങോട്ട് കയറ്റില്ല എന്ന് പറയാന്‍ കാരണം?
നേതാക്കള്‍ വന്നാല്‍ ഞങ്ങള്‍ക്ക് വിജയം വരില്ല. സംസാരിക്കേണ്ടിവരും. അത് ശരിയാവില്ല എന്നു കരുതി. ഞങ്ങള്‍ ഈ സമരത്തില്‍ ഇരുന്നപ്പോള്‍ ആരും ചോദിക്കാന്‍ വന്നില്ല. എന്നാല്‍ എന്റെ ഭര്‍ത്താവ് ഇവിടത്തെ സിപിഎമ്മിലെ സബ് കമ്മറ്റിയില്‍ ഉള്ളതാണ്. അവരെ വിളിച്ച് എന്താ പ്രശ്‌നം എന്നു അന്വേഷിക്കാമായിരുന്നു. ഇന്ദ്രാണിയെന്നാല്‍ മണികണ്ഠന്റെ ഭാര്യയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ മൂന്ന് പാര്‍ട്ടിയില്‍ നിന്നും ഇതിന് പരിഹാരം എന്തെന്ന് പറഞ്ഞ് രഹസ്യമായിക്കൂടി പറയാമായിരുന്നു. ഈ ഹൈറേഞ്ചിലെ എല്ലാ ആളുകളുടെയും പേരും എല്ലാ വിവരങ്ങളും അവരവരുടെ ട്രേഡ് യൂണിയനുകളിലുണ്ട്. അപ്പോള്‍ അവര് വിചാരിച്ചിരുന്നുവെങ്കില്‍ സാധിക്കുമായിരുന്നു. എന്തോ എന്ന് അറിയില്ല അവര്‍ക്കെല്ലാം മുന്നില്‍ വരാന്‍ ഒരു പ്രയാസം പോലെ.

വി എസ്സിന്റെ കാര്യത്തില്‍ ഇങ്ങനെയായിരുന്നില്ലല്ലോ?
വി എസ്സാണ് തൊഴിലാളികള്‍ക്ക് 10 സെന്റ് സ്ഥലം വാങ്ങി തന്നത്. പിന്നെ അദ്ദേഹത്തെ എങ്ങനെ നമ്മള്‍ക്ക് വെറുക്കാന്‍ സാധിക്കും. അദ്ദേഹത്തെ പാര്‍ട്ടി നേതാവായിട്ടല്ല. ഞങ്ങളില്‍ ഒരാളായാണ് കണ്ടത്. 94 വയസ്സായ അദ്ദേഹം ഞാന്‍ രാജേന്ദ്രനെ കാണാനല്ല വരുന്നത്. തൊഴിലാളികളെ കാണാനാണ് എന്ന്  പറഞ്ഞിട്ടാണ് വന്നത്. തൊഴിലാളി പ്രശ്‌നം തീരുന്നില്ലെങ്കില്‍ അവരുടെ കൂടെ ഞാനും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള ഒരാളെ എങ്ങനെ ഞങ്ങള്‍ വേണ്ടെന്ന് പറയാന്‍ കഴിയും. 94 വയസ്സുള്ള അദ്ദേഹം ഈ തണുപ്പിലും എല്ലാം ഞങ്ങളുടെ കൂടെ ഇരുന്നു. ഈ വിജയത്തിന് അവരും ഒരു കാരണമാണ്. ഞങ്ങള്‍ തിരുവനന്തപുരത്ത് പോയി തൊഴില്‍ മന്ത്രിയോട് പോയി പറഞ്ഞപ്പോഴേ ഈ തീരുമാനം പറയാമായിരിക്കുന്നില്ലേ. എന്നിട്ടും അവര്‍ പറഞ്ഞില്ല. പക്ഷേ വി എസ് വന്നതിനുശേഷമാണ് അതുണ്ടായത്.

മന്ത്രി അതിനുശേഷമുള്ള ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട് കൂലി 500 രൂപ കൊടുക്കുന്നത് നഷ്ടമായിരിക്കും എന്ന് പറഞ്ഞത് എന്താണ്?
എന്തുകൊണ്ടാണ് മന്ത്രി അങ്ങനെ പറഞ്ഞത് എന്നറിയില്ല. ബോണസ് പ്രശ്‌നം വന്നപ്പോഴേ അത് പറയാമായിരുന്നല്ലോ. അപ്പോഴൊന്നും അത് പറഞ്ഞില്ലല്ലോ? മന്ത്രിക്കും ഇവിടെ തോട്ടം ഉണ്ടെന്ന് പറയുന്നു ശരിയാണോയെന്ന് അറിയില്ല.  അപ്പോ അദ്ദേഹത്തിനും അതില്‍ നഷ്ടതന്നെയല്ലേ വരികയുള്ളൂ. അതുകൊണ്ടായിരിക്കും അദ്ദേഹം അങ്ങനെ പറഞ്ഞത്. അവരുടെ തീരുമാനം അവര് പറഞ്ഞു. 

നിങ്ങള്‍ വചാരിക്കുന്നുണ്ടോ ഈ 500 രൂപ ശമ്പളം നിങ്ങള്‍ക്ക് കിട്ടുമെന്ന്?
തീര്‍ച്ചയായും കിട്ടും.

ഇല്ലെങ്കില്‍?
ഇല്ലെങ്കില്‍ പിന്നീട് നോക്കാം. അതല്ലെങ്കില്‍ രാജ്യം മുഴുവന്‍ ഞങ്ങളുടെ കഷ്ടം മറ്റും അറിയാം. ഇതോടെ ഞങ്ങളുടെ തലമുറകളുടെ പ്രശ്‌നവും തീരും. ഞങ്ങളുടെ കഷ്ടപ്പാട് ഇവിടെ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ശമ്പളം 500 രൂപ കിട്ടും. തീര്‍ച്ച.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് രാംദാസ് എം കെ)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍