UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രേഡ് യൂണിയനുകള്‍ തൊഴിലാളികള്‍ക്ക് ബാധ്യതയാകുകയാണോ?

മൂന്നാർ സമരത്തെ പറ്റി പുതുതായി ഒന്നും തന്നെ പറയാൻ കഴിയില്ല എന്ന വസ്തുത മനസിലാക്കിക്കൊണ്ട് കൂടിയാണ് ഇതെഴുതുന്നത്. മൂന്നാർ സമരത്തിന്റെ തുടക്കം കേവലം തൊഴിൽ സമരത്തിന്റെ മാത്രം പ്രശ്നമല്ല. മറിച്ച് സംഘടിത തൊഴിലാളി യൂണിയനുകളുടെ പ്രതിസന്ധി കൂടിയാണ്. ഒരുകാലത്ത് സംഘടിത തൊഴിലാളി സമരത്തിന്റെ പേരിൽ പഴിചാരപ്പെട്ടവരാണ് തൊഴിലാളി യൂണിയനുകൾ. പ്രത്യേകിച്ചും ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനങ്ങൾ. എന്നാൽ കേരളത്തിലെ സംഘടിത തൊഴിലാളി സമരങ്ങള്‍ ഉണ്ടാക്കിയതിനേക്കാൾ കൂടുതൽ തൊഴിൽദിന നഷ്ടം തൊഴിൽ ഉടമകൾ നടത്തിയ  ലോകൌട്ടും, വൈദുതി കുറവും പിന്നെ മറ്റ് സമരങ്ങളും മൂലം ഉണ്ടായിട്ടുണ്ട്. എന്നാൽ പഴി തൊഴിലാളികള്‍ക്കു മാത്രമായിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയര്‍ന്ന കൂലിനിരക്കാണ് പലപ്പോഴും തൊഴിലാളികളെ കുറ്റവാളികൾ ആക്കിയത്. ഉയർന്ന കൂലിനിരക്കിന്റെ കാരണം കേരളത്തിലെ ഉയര്‍ന്ന ജീവിത നിലവാരവും അതോടൊപ്പം ഉള്ള ഉയര്‍ന്ന വിലനിലവാരവും ആണ്. തൊഴിലാളി സംഘടനകൾ പലപ്പോഴും അക്രമാസക്തരാവാറുമുണ്ട്. ഉദാഹരണമായി നോക്കുകൂലി എന്ന പ്രതിഭാസം. കയറ്റി-ഇറക്ക് തൊഴിലാളികളാണ് ഇത്തരം പ്രശ്നത്തിനു കാരണം. ഒരു കാലത്ത് കേരളത്തിലെ പ്രബലരായ തൊഴിലാളി വിഭാഗം ആയിരുന്നു ഇവർ. എന്നാൽ അസംഘടിത തൊഴിൽ മേഖലയിൽ ഉണ്ടായ തൊഴിൽ പ്രതിസന്ധി രൂക്ഷമായി ബാധിച്ചത് ഈ വിഭാഗത്തെയാണ്. നോക്കുകൂലി നിയമപരമായ ഒരു സംവിധാനമാണ് എന്ന അഭിപ്രായം ഈ ലേഖകനില്ല. എന്നാൽ അതൊരു സാമൂഹിക ബാധ്യതയാണ്. ഈ വിഷയത്തിൽ കൂടുതൽ ചർച്ച വേണ്ടതുണ്ട്.

കേരളത്തിലെ സംഘടിത തൊഴിൽ മേഖലയിൽ തൊഴിലാളി യുണിയനുകള്‍ക്ക് ഉണ്ടായിരുന്ന പ്രാധാന്യം കുറഞ്ഞു എന്ന യാഥാര്‍ഥ്യം മൂന്നാർ സമരത്തിൽ മാത്രമല്ല പ്രതിഫലിച്ചത്. എല്ലാത്തരം സംഘടിത/അസംഘടിത മേഖലയിലും ഈ പ്രശ്നം ഉണ്ടായിവരുന്നുണ്ട്. മുന്‍പത്തെ പോലെ നീണ്ടുനില്ക്കുന്ന തൊഴിൽ മുടക്കി സമരങ്ങൾക്ക്‌ ഇന്ന് കേരത്തിലെ ഒരു തൊഴിലാളിയും തയ്യാറാവില്ല. സർക്കാർ ജീവനക്കാരും ബാങ്ക് ജീവനക്കാരും പിന്നെ സ്വന്തം മക്കളെ സ്വകാര്യ പള്ളിക്കൂടങ്ങളിൽ പഠിക്കാൻ വിടുന്ന സർക്കാർ സ്കൂൾ/കോളേജ് അധ്യാപകരും പണിമുടക്കി സമരത്തിന് തയ്യാറാവുമ്പോൾ കേരളത്തിലെ മറ്റ് തൊഴിലാളികൾ അത്തരം ഒരു സമരത്തിന് തയ്യാറാവില്ല. കാരണം തൊഴിൽ ദിനം നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടില്ല എന്ന് അറിയാവുന്നവരാണ് കേരളത്തിലെ തൊഴിലാളികൾ. കൂടാതെ തൊഴിലാളി സംഘടനകൾ വിചാരിച്ചാൽ തൊഴിൽ ദിനം സംരക്ഷിക്കാൻ കഴിയില്ല എന്നും തിരിച്ചറിയുന്നവരാണ് അവര്‍. അവര്‍ക്ക് വേണ്ടത് തൊഴിലാളി യൂണിയനുകൾ അല്ല മറിച്ച് തൊഴിൽ ദിനങ്ങളാണ്. കേരളത്തിലെ തൊഴിലാളി സംഘടനകൾ അഭിമുഖീകരിക്കുന്ന പ്രധിസന്ധിയും ഇതാണ്.

കശുവണ്ടി മേഖല ഇതിനുദാഹരണമാണ്. പത്ത് വര്‍ഷം മുന്‍പ് നടപ്പാക്കിയ ഡി എ പരിഷ്കരണവും കൂലി പരിഷ്കരണവും ഒരുതരത്തിൽ കൂലിയിൽ കുറവുണ്ടാക്കുകയാണ് ചെയ്തത്. എന്നാൽ ഈ പ്രശ്നത്തിൽ ഒരു തരത്തിലുമുള്ള സമരത്തിനും തൊഴിലാളികളോ അതിനു വേണ്ടി തൊഴിലാളി യൂണിയനുകളോ തയ്യാറായില്ല. കാരണം ഇത്തരത്തിൽ സമരം ചെയ്‌താൽ തൊഴിലാളികൾക്ക് നഷ്ടപ്പെടുന്നത് ഒരു ദിവസത്തെ വേതനം കൂടിയാണ്. കശുവണ്ടി മേഖലയിൽ സർക്കാർ ഫാക്ടറികൾ പരമാവധി പൂട്ടിയിട്ടുകൊണ്ട് സ്വകാര്യ ഫാക്ടറികളെ സഹായിക്കുന്ന കേരള സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ  നയം ഇതുവരെ ചോദ്യം ചെയ്യാൻ കേരളത്തിലെ ഒരു തൊഴിലാളി യൂണിയനുകളും തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ തൊഴിൽ കാർഡ് ഉള്ള തൊഴിലാളികൾ സ്വകാര്യ ഫാക്ടറികളിൽ ജോലിക്ക് പോകേണ്ടിവരുന്നുണ്ട്. ഈ തൊഴിലാളികളെ കൂടെ നിർത്തി ഒരു സമരത്തിന് തൊഴിലാളി യൂണിയനുകൾ തയ്യാറാകില്ല. കാരണം അതുമൂലം ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ കഴിയില്ല എന്നത് തന്നെയാണ് കാരണം. കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയുടെ കാരണം സ്വകാര്യ മൂലധനത്തിന്റെ സംരക്ഷണം എന്ന താല്പര്യമാണ്.

കശുവണ്ടി തൊഴിൽ രംഗത്ത് ഇപ്പോള്‍ തൊഴിലാളി യൂണിയനുകളുടെ പ്രസക്തി തന്നെ ഇല്ലാതായി. അടുത്ത കാലത്ത് കെ വേണു നിരീക്ഷിച്ച പോലെ തൊഴിലാളി നേതാക്കന്മാർ പുതിയ ഒരു അധികാര വർഗമായി മാറിക്കഴിഞ്ഞു. സ്വകാര്യവല്‍ക്കരണത്തിന്റെ ഏറ്റവും’വലിയ ആഘാതം തൊഴിൽമേഖലയെ ചിതറിച്ചു എന്നതാണ്. അതായത് മൂലധനത്തിന്റെ സംരക്ഷണത്തിനാണ് ഇന്ന് പ്രാധാന്യം. അല്ലാതെ തൊഴിലാളികളുടെ അവകാശത്തിനല്ല. മൂലധനത്തിന്റെ സംരക്ഷണ ഇടത്-വലത് രാഷ്രീയ പാർട്ടികളുടെ നയമായി മാറികഴിഞ്ഞു. അതുകൊണ്ട് തന്നെ മൂലധനത്തിന്റെ വികാസത്തിന് തടസ്സം നില്ക്കുന്ന ഒരു സമരത്തിനും കഷിരാഷ്ടീയത്തിന്., പ്രത്യേകിച്ചും പാർലമെന്ററി അധികാരത്തിന്റെ ഭാഗമായ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറാകില്ല. പാർലമെന്ററി ഇടത്-വലത് പാര്‍ട്ടികള്‍ പിന്തുണക്കുന്ന തൊഴിലാളി യൂണിയനുകൾ തൊഴിലാളികൾക്ക് ബാധ്യതയാകുകയാണ്.

മൂന്നാർ സമരം ഒരു തരത്തിൽ ഇത്തരം വരേണ്യ നേതാക്കാൻമാരുടെ പരാജയം തുറന്നു കാണിച്ചു എന്നതാണ് വസ്തുത. തേയില തോട്ടങ്ങളിലെ കൂലിക്കുറവ് പതിറ്റാണ്ടുകളായി തുടരുന്നതാണ്. എന്നാൽ തോട്ടങ്ങളിൽ നല്കുന്ന സൌകാര്യങ്ങളുടെ പേരിൽ ഇവർക്ക് കിട്ടുന്ന കുറഞ്ഞ കൂലിയെക്കുറിച്ച് സംസാരിക്കാൻ തൊഴിലാളി യൂണിയനുകൾ തയ്യാറായില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് പുതിയ സമരമുറകൾ വേണ്ടിവരുന്നത്. ഇന്നത്തെ തൊഴിലാളി യൂണിയനുകള്‍ക്കൊന്നും തന്നെ 500 രൂപ കൂലി എന്ന അവശ്യത്തോട് സഹകരിക്കാൻ കഴിയില്ല. കാരണം ഈ കൂലി മൂലധനത്തെ സംരക്ഷിക്കാൻ പര്യാപ്തമല്ല എന്ന് ആരെക്കാളും നന്നായി അറിയാവുന്നത് തൊഴിലാളി നേതാക്കന്മാർക്കാണ്. ഒരു തൊഴിലാളി നേതാവും അതോടൊപ്പം മുതലാളിയും സഖാവ് ബേബി ജോണിന്റെ മകനുമായ തൊഴിൽ വകുപ്പ് മന്ത്രിയുടെ അഭിപ്രായം തന്നെയാണ് മറ്റ് തൊഴിലാളി നേതാക്കന്‍മാര്‍ക്ക് ഉള്ളതും.

മൂന്നാറിൽ തുടങ്ങിയ തരം സമരങ്ങളാണ് ഇന്നത്തെ തൊഴിലാളിക്ക് ആവശ്യം. ഇത്തരം സമരത്തിന് പിന്നിൽ ജാതി-മത-വംശീയ താല്പര്യങ്ങള്‍ ഇല്ലാത്തിടത്തോളം ഈ സമരങ്ങൾ ജനാധിപത്യത്തിൽ അനിവാര്യമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍