UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാറിൽ നിന്നുള്ള മാധ്യമങ്ങളുടെ സ്വന്തം ബുദ്ധിജീവികൾ വായിച്ചറിയാനായി…

‘ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും’ എന്ന് ലോകത്തെ പഠിപ്പിച്ച കണ്ണൻ ദേവൻ കമ്പനിയെ അവിടത്തെ പെമ്പിള തൊഴിലാളികൾ പഠിപ്പിച്ച പാഠമാണ് ദൈർഘ്യം കൂടും തോറും സമരത്തിന്റെ വീര്യവും കൂടും എന്നത്.

മൂന്നാറിൽ അടുത്തിടെ നടന്നത് സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ നയിച്ച സ്ത്രീകളുടെ ഒരു സമരമായിരുന്നു. ഒമ്പത് ദിവസം നീണ്ടിട്ടും തളർന്നില്ല എന്ന് മാത്രമല്ല, ഒരോ ദിവസവും പ്രതിഷേധത്തിന്റെ തീവ്രതയും ആഴവും  കൂടുകയാണ് ചെയ്തത്. നിലനിൽപ്പിന് വേണ്ടി നടന്ന ആ ഉജ്വല പോരാട്ടത്തിന്റെ പരിണതി വിജയം കണ്ടല്ലാതെ പിന്മാറില്ല എന്ന നിശ്ചയദാർഢ്യത്തിനുമുമ്പിൽ കോർപ്പറേറ്റ് കുത്തകൾക്ക് പോലും പിടിച്ച് നില്ക്കാനാവില്ല എന്ന് തെളിയിക്കുന്നു. അത് ഒറ്റപ്പെട്ട ഒരു സമരവും ആയിരുന്നില്ല. ടെക്സ്റ്റൈൽ മേഖലയിൽ നിന്ന് സമീപകാലത്ത് ഉയർന്നുവന്ന സമരങ്ങളും പ്രാഥമികമായി സ്ത്രീസമരങ്ങൾ തന്നെ ആയിരുന്നു. നവസാമൂഹ്യമാദ്ധ്യമങ്ങളും, സൈബർ ലോകവും ഒഴികെയുള്ള  മുഖ്യധാരാ മാദ്ധ്യമലോകം ഒട്ടാകെ  തമസ്കരിച്ചിട്ടും ആ സമരങ്ങൾ തളർന്നില്ല. അവയും വിജയിക്കുക തന്നെ ചെയ്തു. ഇത്തരം സമരങ്ങളുടെ ചരിത്രത്തിൽ ഉണ്ടാകുന്ന ഓരോ വിജയവും ആത്യന്തികമായി സ്ത്രീ ശക്തിയുടെ മാത്രം വിജയമാണ്. അതുകൊണ്ട് തന്നെ അത് കേവലം തൊഴിലാളി സമരങ്ങളുടെ മാത്രമല്ല, നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക ചരിത്രത്തിൽ തന്നെ  വ്യതിരിക്തമായ ഒരു ഘട്ടം തുടങ്ങിവെക്കുന്നു.

അതങ്ങനെ ആയിരിക്കുമ്പോൾ തന്നെ ഇത്തരം സമരങ്ങളിൽ വെറുതേ ആവേശം കൊള്ളുകയും, വിശേഷണങ്ങൾ കൊണ്ട് മൂടി അവയെ വാക്കുകളുടെ ഒരു ആഘോഷമായി മാറ്റുകയും മാത്രം ചെയ്യുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. പരോക്ഷ തലത്തിൽ ആണെങ്കിൽ കൂടി  ഈ സമരങ്ങൾക്ക് നമ്മുടെ മുഖ്യധാരാ സാമൂഹ്യ രാഷ്ട്രീയ ചരിത്രവുമായി കേവലമായ ഐക്യദാർഢ്യ ആഘോഷങ്ങൾക്കപ്പുറം ഗൗരവമുള്ള മറ്റുചിലത് സംവദിക്കാനുണ്ട്. നീതി/അനീതി, ന്യായം/അന്യായം തുടങ്ങിയ ദ്വന്ദ്വങ്ങളുടെ രേഖീയമായ ആഖ്യാനങ്ങൾക്കപ്പുറം അത്തരം സംവാദങ്ങൾ കണ്ടെടുക്കുകയും വിശദാംശങ്ങളിലേക്ക് വികസിപ്പിക്കുകയും ആണ് സാംസ്കാരിക ലോകത്തിന്റെ മുഖ്യകടമ എന്ന് തോന്നുന്നു.

സമരവും പൊതുബോധവും
കേരളീയ പൊതുബോധം സമരവിരുദ്ധമാണെന്ന് പൊതുവിൽ പറയാമെങ്കിലും  ഈ സമരങ്ങളോടുള്ള സമീപനത്തിൽ അതായിരുന്നില്ല സ്ഥിതി. ടെക്സ്റ്റൈൽ സമരങ്ങളെ മുഖ്യധാരാ മാദ്ധ്യമങ്ങൾ മുക്കാൻ ശ്രമിച്ചപ്പോഴും അവ വിജയിച്ചത് സൈബർ മീഡിയയ്ക്കൊപ്പം അതിന് പുറത്തുള്ള പ്രദേശിക ജനസമൂഹത്തിന്റെ പിന്തുണ കൂടി ആർജ്ജിക്കാനായത് കൊണ്ടാണ്. അതുപോലെ തന്നെ മൂന്നാർ സമരത്തിന്റെ കാര്യവും. അപ്പോൾ നമ്മുടെ വർത്തമാനകാലത്തിന്  പരാജയപ്പെടുന്ന സമരങ്ങളുടെ കാലം എന്ന വിശേഷണത്തിനൊപ്പം വ്യത്യസ്തമായ സമരങ്ങളുടെ വിജയകാലം എന്ന ഒരു മറ്റൊരു വിശേഷണം കൂടിയുണ്ട് എന്ന് ചുരുക്കം. ആ നിലയ്ക്ക് വിജയിച്ച സമരങ്ങളെയും പരാജയപ്പെട്ട സമരങ്ങളെയും അവ അവലംബിച്ച രീതിശാസ്ത്രത്തെയും അവയുടെ ജയപരാജയങ്ങൾക്ക് പിന്നിൽ നിലനില്ക്കുന്ന, വ്യത്യസ്തതയെ നിർണ്ണയിക്കുന്ന സവിശേഷ കാരണങ്ങൾ വേർതിരിച്ചെടുത്തുകൊണ്ട് വിശദമായ ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്.

നമ്മുടെ പൊതുബോധം തൊഴിലാളി വിരുദ്ധമോ, സമരവിരുദ്ധമോ ആണോ? അത്തരം ഒരു സാമാന്യവല്ക്കരണം സാധുവല്ല എന്ന് തന്നെയല്ലേ ഈ സമരങ്ങളുടെ വിജയചരിത്രം പറയുന്നത്? സീമാസിലും, കല്യാണിലും, കണ്ണൻ ദേവൻ കമ്പനിയിലും ഒക്കെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ നടത്തിയ സമരങ്ങളോട് നമ്മുടെ പൊതുബോധത്തിന് ശത്രുതാപരമായ ഒരു നിലപാടായിരുന്നില്ല. എന്നാൽ സെപ്റ്റംബർ രണ്ടിന് നടന്ന സമരത്തോട് അതിന് കാര്യമായ ഒരു അനുഭാവവും ഉണ്ടായിരുന്നുമില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിസ്ഥാന തൊഴിൽ നിയമങ്ങളിൽ; വ്യാവസായിക തർക്ക നിയമത്തിലും,കോണ്‍ട്രാക്ട് ലേബർ ആക്ടിലും, ഫാക്ടറി ആക്ടിലും മറ്റും നടപ്പിലാക്കാൻ ശ്രമിക്കുന്ന തൊഴിലാളി വിരുദ്ധ പരിഷ്കാരങ്ങൾക്കെതിരേ നടന്ന ഒരു സംയുക്ത പണിമുടക്കായിരുന്നു അത്. സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഹ്വാനത്തിൽ നടന്ന ഒന്നായിരുന്ന അതിൽ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളും ഉൾപ്പെട്ടിരുന്നു. പക്ഷേ അതിന് മേല്പറഞ്ഞ തൊഴിൽ സമരങ്ങളെപ്പോലെ പൊതുസമൂഹത്തിന്റെ വൈകാരിക പിന്തുണ ഉണ്ടായിരുന്നില്ല. എന്തുകൊണ്ട്?

അപ്പോൾ പ്രശ്നം തൊഴിലാളിയോ, സമരമോ അല്ല, ട്രേഡ് യൂണിയനുകൾ ആണെന്ന് വരുന്നു. അസംഘടിത തൊഴിലാളി മേഖലയിൽപ്പെട്ട ടെക്സ്റ്റൈൽ തൊഴിലാളികളുടെ സമരത്തിൽ ട്രേഡ് യൂണിയനുകളേ  ഉണ്ടായിരുന്നില്ല. സീമാസിലെ സമരത്തിൽ ഒരു മുഖ്യധാരാ രാഷ്ട്രീയ കക്ഷിയായ സിപിഎം അനുഭാവപൂർവ്വം ഇടപെട്ടത് തൊഴിലാളികളിൽ നിന്ന് എതിർപ്പൊന്നും ഉണ്ടാക്കിയില്ലെങ്കിലും പൊതുസമൂഹം വ്യാപകമായി വിമർശനവിധേയമാക്കി. ഇനി മൂന്നാറിലെ സമരം എടുത്താൽ മൂന്ന് തൊഴിലാളി സംഘടനകൾ പ്രവർത്തിക്കുന്ന സംഘടിത തൊഴിൽ മേഖല ആയിരുന്നിട്ട് കൂടി അവർ നടത്തിയ സമരം ആ സംഘടനകളെയൊക്കെ ഉപേക്ഷിച്ചുകൊണ്ട് സ്വതന്ത്രമായി നിലനിന്ന ഒന്നായിരുന്നു. ആ സമരമുഖത്ത് തൊഴിലാളി സംഘടനകൾ പോട്ടെ, മുഖ്യധാര രാഷ്ട്രീയ സംഘടനകളുടെയാകെ സാന്നിദ്ധ്യം, ഐക്യദാർഢ്യം പോലും സമരത്തെ കടത്തിക്കൊണ്ട് പോകാനുള്ള ശ്രമമാകുമോ എന്ന് തൊഴിലാളികൾ സംശയിക്കുന്ന അവസ്ഥയുണ്ടായി. മുന്നണിഭേദമില്ലാതെ അവിടേയ്ക്ക് ചെന്ന രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ ഒക്കെയും അത് അനുഭവിക്കുകയും ചെയ്തു. ഇവിടെ പൊതുഘടകമാകുന്നത് രാഷ്ട്രീയവും, ട്രേഡ് യൂണിയനുകളുമാണ്. പൊതുബോധത്തിന്റെ സമരങ്ങളോടുള്ള  വെറുപ്പ് തൊഴിലാളിയോടോ, സമരത്തോടോ അല്ല, തൊഴിലാളി സംഘടനകളോട്, അവയുടെ രാഷ്ട്രീയത്തിനോട് ആണെന്ന്  വ്യക്തം.

നിലപാടിലെ വൈരുദ്ധ്യം
എന്നാൽ പൊതുസമൂഹത്തിന്റെ തൊഴിലാളിസംഘടനാവിരുദ്ധവും, സമരവിരുദ്ധവുമായ  ഈ നിലപാടിൽ പ്രത്യക്ഷമായി തന്നെ മറ്റു ചില  വൈരുദ്ധ്യങ്ങളുണ്ട്. സർക്കാർ ജീവനക്കാരായാലും, സംഘടിത തൊഴിൽമേഖലയിൽ പണിയെടുക്കുന്നവരായാലും ശരി ഒന്നല്ലെങ്കിൽ മറ്റൊരു തൊഴിലാളി സംഘടനയിൽ അംഗത്വമുള്ളവരും, ആ സംഘടനാ ബലം ഉപയോഗിച്ച് കാലാകാലങ്ങളിൽ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുത്ത ചരിത്രമുള്ളവരും ആണ് ഈ പൊതുസമൂഹത്തിലെ സിംഹഭാഗം വരുന്ന മനുഷ്യർ. ഇവരുടെ കുടുംബങ്ങളെ കൂടി പരിഗണിക്കുമ്പോൾ സംഘടിത തൊഴിലാളി പ്രവർത്തനത്തിന്റെ ഗുണഭോക്താക്കളാണ് കേരളീയ പൊതുബോധം നിർണയിക്കുന്നവരിലെ ഭൂരിപക്ഷം എന്ന് കാണാം. എന്നിട്ടും പൊതുബോധം തൊഴിലാളി സംഘടനകൾക്കും, അവ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിനും എതിരാകുന്നുവെങ്കിൽ എന്താകും അതിന് കാരണം? തൊഴിലാളി സംഘടനകളും, നേതൃത്വവും തൊഴിലാളിവർഗ്ഗത്തെ ആകമാനം വഞ്ചിക്കുകയായിരുന്നുവെങ്കിൽ എന്തുകൊണ്ട് മൂന്നാറിലെ തൊഴിലാളികളെപ്പോലെ ഇവർ ആ സംഘടനകൾ ഉപേക്ഷിച്ച് പുറത്ത് വന്നില്ല? ഏതെങ്കിലും ഒരു  സംഘടനയിൽ അംഗത്വമില്ലാതെ പിടിച്ച് നില്ക്കാനാവില്ല, അംഗത്വമെടുത്തില്ലെങ്കിൽ സംഘടനകൾ ചേർന്ന് വേട്ടയാടും, വ്യക്തികൾക്ക് ഒന്നും ചെയ്യാനാവില്ല എന്ന പതിവ് വാദങ്ങളാണ് പിടുത്തം കഴിഞ്ഞും അഞ്ചക്ക ശമ്പളം വാങ്ങിക്കുന്ന തൊഴിലാളികൾക്ക് പറയാനുള്ളതെങ്കിൽ അവർ ഇതൊക്കെ കഴിഞ്ഞ് മൂവായിരവും, നാലായിരവും മാത്രം(?) കൈയ്യിൽ കിട്ടുന്ന മുന്നാറിലെ തൊഴിലാളികൾ നടത്തിയ സമരത്തിന്റെ ടെലിവിഷൻ ദൃശ്യങ്ങൾ കാണുമ്പൊഴെങ്കിലും ഒന്ന് എഴുനേറ്റ് നില്ക്കണം; നട്ടെല്ല് അവിടെയുണ്ട് എന്ന് ഉറപ്പ് വരുത്താൻ.

പ്രശ്നം അതൊന്നുമല്ലെന്ന് വ്യക്തമല്ലേ. പൊതുവിൽ തൊഴിലാളിവിരുദ്ധവും, എന്നാൽ തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ സൂക്ഷ്മാഖ്യാനങ്ങളുമായി തങ്ങളുടെ സ്വത്വം കൂടിക്കലരുന്ന ഇടങ്ങളിൽ ആ രാഷ്ട്രീയത്തെ വിടാൻ വിമുഖവും ആയ ഒന്നാണ് നമ്മുടെ പൊതുബോധം. സർക്കാർ ജീവനക്കാരും, സംഘടിത തൊഴിലാളി മേഖലയിൽ പണിയെടുക്കുന്നവരും, കച്ചവടക്കാരും ഒക്കെ ചേരുന്ന നമ്മുടെ പൊതുസമൂഹം സാമാന്യാർത്ഥത്തിൽ സമരങ്ങൾക്ക് എതിരാണ് എന്നിരിക്കെത്തന്നെ തങ്ങളുടെ അവകാശങ്ങളിൽ കൈകടത്തലുകൾ ഉണ്ടാകുന്നു എന്ന് തോന്നുമ്പോഴൊക്കെ അവർ ഒരോ വിഭാഗവും സമരസന്നദ്ധമായിട്ടുണ്ട്. ഇനി സമരത്തിനല്ല, രാഷ്ട്രീയത്തിന്, തൊഴിലാളി യൂണിയനുകൾക്കാണ് അവർ എതിര് എന്നാണ് വാദമെങ്കിൽ അതും നിലനില്ക്കുന്നതല്ല. ഇവർക്കൊക്കെ സംഘടനകളും അവയ്ക്ക് രാഷ്ട്രീയവും ഉണ്ട്. ഇവിടെയാണ് അനാവശ്യ സമരങ്ങൾ എന്ന പ്രയോഗം കടന്നുവരുന്നത്. പക്ഷേ എന്താണ് ആവശ്യങ്ങളെ അനാവശ്യങ്ങളിൽ നിന്ന് വേർതിരിക്കുന്നതിന്റെ യുക്തി? അത് തങ്ങളുടെതൊഴികെയുള്ള എല്ലാ ആവശ്യങ്ങളും അനാവശ്യങ്ങളാണ് എന്നതിൽ അപ്പുറം ഒന്നുമല്ല.

‘തെങ്ങിൽ കയറുന്നവനും, കിളയ്ക്കുന്നവനും വരെ പത്തും ഏഴുനൂറും ശമ്പളം, കയ്യിൽ ടച്ച് ഫോൺ, ബൈക്ക്, ഇവിടെ എങ്ങനെ ജീവിക്കും ഭഗവാനേ’ എന്ന് ആശ്ചര്യം കൊള്ളുന്നത് ദിവസം ആയിരം രൂപയിൽ പുറത്ത് വരുമാനമുള്ള പാറ തൊഴിലാളി കൂടിയാണ്. മാനേജർ കൊടുക്കുന്ന നക്കാപ്പിച്ച വാങ്ങി കഴിഞ്ഞിരുന്ന പള്ളിക്കുടം വാദ്ധ്യാർക്ക് ഇന്ന് തുടക്കത്തിലേ ആനുകൂല്യങ്ങളുൾപ്പെടെ പത്തിരുപതിനായിരം കിട്ടും. സർവീസു കൂടുന്നതിനനുസരിച്ച് അത് അരലക്ഷത്തിനും  പുറത്തേയ്ക്ക് വികസിക്കും . എങ്കിലും പണിക്ക് വിളിക്കുന്ന ആശാരിക്ക് ദിവസം പത്തെണ്ണൂറു രൂപ  കൂലി കൊടുക്കേണ്ടിവരും എന്നത് ഒരു വലിയ സാമൂഹ്യ ദുരന്തമായാണ് അവരും  കാണുന്നത്.

ഇതിൽ നിന്ന് മനസിലാകുന്നത് മദ്ധ്യവർഗ്ഗ പൊതുബോധത്തിന് ട്രേഡ് യൂണിയനുകളോടും, അവ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിനോടും ഉള്ള എതിർപ്പും, തൊഴിലാളി വർഗ്ഗത്തിൽനിന്ന് അവയ്ക്ക് എതിരേ ഉയർന്നുവരുന്ന പ്രതിഷേധങ്ങളും രണ്ടായി കാണേണ്ടതുണ്ട് എന്നാണ്. അവയുടെ സ്വഭാവവും, കാരണങ്ങളും ചരിത്രവുമൊക്കെ താരതമ്യങ്ങൾ സാധ്യമല്ലാത്തവിധം വ്യത്യസ്തമാണ് എന്നും.

തൊഴിലാളികൾക്കുള്ള കാരണങ്ങൾ
എന്താണ് തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ നിലവിലുള്ള സംഘടനാ രൂപങ്ങളോട്, പ്രത്യേകിച്ച് ട്രെയ്ഡ് യൂണിയനുകളോട്, മൂന്നാറിലെ കൊളുന്ത് നുള്ളുന്ന വനിതാ തൊഴിലാളികൾക്കുള്ള അവമതിപ്പിന് കാരണം? ഈ വിഷയം പരിശോധിക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് തങ്ങൾക്കായി നിലകൊള്ളേണ്ട സംഘടനകൾ അതിന് പകരം മുതലാളിപക്ഷം ചേർന്ന് തങ്ങളെ വഞ്ചിക്കുകയാണ് എന്ന അവരുടെ  പൊതുവായ വികാരമാണ്. തൊഴിലാളികൾ  കേവലം ഇരുനൂറു രൂപ കൂലിക്ക് പന്ത്രണ്ട് മണിക്കൂർ പണിയെടുത്തും, തൊഴുത്ത് പോലുള്ള ലായങ്ങളിൽ പാർത്തും നരകജീവിതം നയിക്കുമ്പോൾ അവരെ നയിക്കുന്നവർ കമ്പനി ചിലവിൽ മികച്ച ബംഗ്ലാവുകളിൽ സുഖജീവിതം നയിച്ചുകൊണ്ട് അവരെ കമ്പനിയ്ക്ക് ഒറ്റിക്കൊടുക്കുന്നു എന്ന് അവർ വിശ്വസിക്കുന്നു. മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റങ്ങളെ ഒഴിപ്പിക്കാനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന ശ്രമങ്ങളെ ടാറ്റ ഉൾപ്പെടെയുള്ള കുത്തക കമ്പനികൾ തൊഴിലാളികളെ അണിനിരത്തി ആയിരുന്നല്ലോ ചെറുത്തത്. അതുൾപ്പെടെ ഇന്ന് വായിക്കപ്പെടുന്നത് തൊഴിലാളി സംഘടനാ നേതാക്കൾ കമ്പനികളിൽനിന്ന് ആനുകൂല്യങ്ങൾ നേടിക്കൊണ്ട്  തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി നടത്തിയ പ്രതിരോധമായി, വർഗ്ഗവഞ്ചനയുടെ ഉദാഹരണമായാണ്.

മറ്റൊരു പ്രശ്നം തൊഴിലാളികൾ ഏതാണ്ട് എല്ലാവരും സ്ത്രീകളായിരിക്കെ, തീരുമാനങ്ങൾ എടുക്കുന്ന നിർണ്ണായക സമിതികളിലോ, കമ്മിറ്റികളിലോ നാമമാത്രമായല്ലാതെ അവർക്ക് പ്രതിനിധാനം ഇല്ല എന്നതാണ്. തൊഴിലാളി സംഘടനകളും,  അവയുടെ പ്രവർത്തനവും തൊഴിലാളി വർഗ്ഗത്തിന് പുറത്ത് മറ്റൊരു ഇടത്തട്ട് വിഭാഗത്തിന്റെ കയ്യിൽ എത്തിപ്പെട്ടിരിക്കുന്നു എന്നും, അവരുടെ താല്പര്യങ്ങൾ മുതലാളിവർഗ്ഗത്തിന്റേതാണെന്നും അവർ സംശയിക്കുന്നു. അതുകൊണ്ടാണ് അവർ ഈ സമരത്തിൽ നിന്ന് ട്രെയ്ഡ് യൂണിയനുകളെ, രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മൊത്തമായി മാറ്റി നിർത്തിയത്. തങ്ങളുടെ സ്വത്വം തങ്ങളുടെ ദൈനംദിന ജീവിത യാഥാർത്ഥ്യങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന ഒന്നാണെന്നും അതുകൊണ്ട് അതിന്റെ പ്രതിനിധാനങ്ങൾ സക്രിയമാകണമെങ്കിൽ അത്  അതിനകത്തുനിന്ന് തന്നെ ഉണ്ടാകണമെന്നും ഉള്ള തിരിച്ചറിവ് അവർക്ക് നല്കിയത് രാഷ്ട്രീയ വിദ്യാഭ്യാസമല്ല, ആ ജീവിത യാഥാർത്ഥ്യങ്ങൾ തന്നെയാണ്.

മൂന്നാറിൽ കമ്പനിയ്ക്ക് എതിരേ നടന്ന സമരത്തെ വ്യവസ്ഥാപിത തൊഴിലാളി സംഘടനകൾക്ക് മുഴുവൻ എതിരായ സമരമായി വികസിപ്പിച്ചെടുത്തതിന്  പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയ മുതൽ തമിഴ് പ്രാദേശികവാദസംഘടനകൾ വരെയുള്ള ഒരു ഗൂഢാലോചനാ ശൃംഖലയും അവരുടെ താല്പര്യങ്ങളും ഉണ്ട് എന്ന വാദത്തെ തല്കാലം വിടാം. കാരണം ഇനി അങ്ങനെയൊന്ന് ഉണ്ടെങ്കിൽ തന്നെ അതിനെ അതിന്റെ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനും, അതിനെതിരേ തൊഴിലാളികളെ ബോധവല്ക്കരിക്കാനും അവർക്കിടയിൽ സദാ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനകൾക്ക് കഴിയേണ്ടുന്നതാണ്. അതിനായില്ല എങ്കിൽ അത് തെളിയിക്കുന്നത് തൊഴിലാളികൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പുണ്ട് എന്ന് തന്നെയാണ്.

അധികാരവും ഇടനിലക്കാരും
കേന്ദ്രീകൃതമായാലും, വികേന്ദ്രീകൃതമായാലും അധികാരം എപ്പോഴും  പ്രവർത്തിക്കുന്നത് ശ്രേണീബദ്ധമായി തന്നെ ആയിരിക്കും. അത് നിരവധി ഇടത്തട്ടുകാരെ നിർമ്മിക്കുകയും തങ്ങളുടെ താല്പര്യങ്ങൾ അവർക്കിടയിൽ വീതം വച്ച് നൽകി നടപ്പാക്കുകയും ചെയ്യും. ഏകാധിപത്യത്തിന്റെ കേന്ദ്രീകൃത ഭരണവ്യവസ്ഥകളിൽ പോലും അധികാരത്തിന് പങ്കുകാരുണ്ടാകുന്നത് അങ്ങനെയാണ്, അല്ലെങ്കിൽ അധികാരത്തിന് അങ്ങനെയല്ലാതെ അതിജീവിക്കാനാവില്ല എന്നത് കൊണ്ടാണ്. അധികാര കേന്ദ്രീകരണം, വികേന്ദ്രീകരണം എന്നൊക്കെയുള്ള തരം തിരിവുകൾ മുന്നോട്ട് വയ്ക്കുന്ന വ്യത്യാസങ്ങൾ ആനുപാതികതയ്ക്ക് അപ്പുറത്തേയ്ക്ക് പോകുന്നവയല്ല. അതുകൊണ്ട് തന്നെ വികേന്ദ്രീകൃതമായ ഒരു ഘടന ഉണ്ട് എന്നതുകൊണ്ട് മാത്രം അതിലെ അധികാരം അധികാരമല്ലാതെയായിത്തീരുന്നുമില്ല.

സാമ്രാജ്യങ്ങളുടെ കേന്ദ്രീകൃത അധികാരഘടനയിൽ പോലും സാമന്തന്മാരും, ഒരു പരിധിവരെ അവർക്ക് സ്വതന്ത്രാധികാരവും ഉണ്ടായിരുന്നു. അതായത് സമഗ്രാധിപത്യത്തെ ചോദ്യം ചെയ്യാത്തിടത്തോളം അധികാരത്തിന് ഇടത്തട്ടുകാർ ഒരു പ്രായോഗിക ആവശ്യം തന്നെയാണ്. കാരണം അവരിലൂടെയാണ് സാമ്രാജ്യം അതിന്റെ സാമൂഹ്യവും, രാഷ്ട്രീയവുമായ സൂക്ഷ്മരൂപങ്ങളിലേക്ക് അധികാരത്തെ എത്തിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നത്. കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയ രാഷ്ട്രീയഘടനകളിൽ ഒരുപോലെ അധികാരം അതിന്റെ  ഇടനിലക്കാരെ കണ്ടെത്തി  വിന്യസിക്കുന്നത് അതുകൊണ്ടാണ്. ജനാധിപത്യത്തിന്റെ വികേന്ദ്രീകൃതമായ ഘടനയിലാകുമ്പോൾ  അധികാരം പ്രവർത്തിക്കുന്നത് പലപ്പോഴും പ്രച്ഛന്നമായായിരിക്കും. രേഖീയമായ ഘടനകളിൽ കാണുന്നത് പോലെ ഭരണകൂടം ആകണമെന്നില്ല അത്. ഇന്ത്യ ഭരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളല്ല, കോർപ്പറേറ്റുകളാണ് എന്ന് പറയുന്നത് അതുകൊണ്ടാണ്. കോർപ്പറേറ്റ് സമഗ്രാധിപത്യ ഘടനയിലെ ഒരു ഇടനിലക്കാരനാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് നാം കരുതുന്ന സർക്കാർ പോലും. അപ്പോൾ ഈ ശൃംഖലയുടെ വ്യാപ്തി ഊഹിക്കാമല്ലോ.

തൊഴിൽ മേഖലയിൽ നിലനില്ക്കുന്ന അധികാരത്തിനും ഇത്തരത്തിൽ നിരവധി ഇടനിലക്കാരിലൂടെ കണ്ണിചേർന്ന് വ്യാപിച്ച് കിടക്കുന്ന ഒരു ഘടന തന്നെയാണുള്ളത്. അധികാരം എപ്പോഴും സംവദിക്കുന്നത്, നീക്കുപോക്കുകളും സന്ധികളും ഉണ്ടാക്കുന്നത് അതിന്റെ തന്നെ സൂക്ഷ്മമോ, സ്ഥൂലമോ ആയ രൂപങ്ങളുമായാണ്. യുദ്ധങ്ങൾ ഉടമ്പടികളിൽ ഒത്തുതീരുന്നത് നാം കണ്ടിട്ടുണ്ട്. യുദ്ധം ചെയ്യുന്നത്, കൊല്ലുന്നത്, മരിക്കുന്നത് സാധാരണ പൗരന്മാരാകും; ഉടമ്പടികൾ പക്ഷേ ഭരണകൂടങ്ങൾ തമ്മിലാണ്. തൊഴിലാളിമേഖലയും അതിനൊരു അപവാദമല്ല. മൂന്നാർ സമരസമയത്ത് ഭരണകൂടം ഉന്നയിച്ച് കേട്ട ഒരു പ്രായോഗിക നിയമപ്രശ്നത്തിന്റെ യുക്തിയും ഇതാണ്. അംഗീകൃത തൊഴിലാളി സംഘടനകളുമായി മാത്രമേ ചർച്ചയും ഒത്തുതീർപ്പും സാദ്ധ്യമാകു എന്നതാണ് അത്.

കമ്പനി-യൂണിയൻ ബാന്ധവം
തൊഴിലാളിസംഘടനകൾ കമ്പനിയുമായി ഒത്തുചേർന്ന് തൊഴിലാളിയുടെ വർഗ്ഗതാല്പര്യങ്ങളെ, അവകാശങ്ങളെ ഒറ്റികൊടുക്കുന്നു എന്നതാണ് മൂന്നാറിൽ നിന്ന്  പല വാചകങ്ങളിൽ, പല യുക്തികളിൽ, പല വസ്തുതകൾ നിരത്തി ഉയർന്ന ആക്ഷേപങ്ങളുടെ ആകത്തുക. എല്ലാ കാലത്തും തൊഴിലാളി സംഘടന എന്ന ആശയത്തെ എതിർത്തിട്ടുള്ള, അതിനെ തുരങ്കം വയ്ക്കാൻ ശ്രമിച്ചിട്ടുള്ള ഒരു മുതലാളിത്തരൂപം എന്ന നിലയ്ക്ക് കമ്പനിയ്ക്ക് എങ്ങനെ, എന്നുമുതലാണ് തൊഴിലാളി സംഘടനകളുമായി ഇത്തരം ഒരു ബാന്ധവം ഉണ്ടായത്? മറുപടി മേൽപറഞ്ഞത് തന്നെയാണ്. ബന്ധവും, ബാന്ധവും ഒക്കെ അധികാരവും അധികാരവും തമ്മിൽ, അതായത് ആപേക്ഷികമായ ഏറ്റക്കുറച്ചിലുകൾ നിലനിൽക്കുമ്പോൾ തന്നെ സമന്മാർ തമ്മിൽ ആണ്. മാറിയ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ സാഹചര്യങ്ങൾ സംഘടിതമായ അദ്ധ്വാനശേഷിയിൽ കമ്പോള അധികാരത്തിന്റെ ഒരു പങ്ക് കൊണ്ടെത്തിച്ചിട്ടുണ്ട്. കമ്പനികൾ സംവദിക്കുന്നതും, നീക്കുപോക്കുകൾ ഉണ്ടാക്കുന്നതും ആ അധികാരവുമായാണ്; ഏതെങ്കിലും ഒരു തൊഴിലാളി സംഘടനയുമായല്ല.

ടാറ്റ തൊഴിലാളി സംഘടനാ നേതാക്കൾക്ക്, ആനുകൂല്യങ്ങൾ നൽകുന്നെങ്കിൽ അതിന് കാരണം കമ്പനിക്ക് പൊടുന്നനേ തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്, അതിന്റെ സംഘടനാ രൂപങ്ങൾക്ക്  അനുകൂലമായ വെളിപാട് ഉണ്ടായി എന്നതിനാലല്ല. മുതലാളിത്തം തൊഴിലാളി സംഘടനകളുമായി നീക്ക് പോക്കുണ്ടാക്കുന്നത് അവയുടെ പ്രത്യയശാസ്ത്രപരമായ ഉള്ളടക്കം പരിഗണിച്ചുകൊണ്ടുമല്ല. അവയുടെ പക്കൽ ചരിത്രപരമായി വന്നുചേർന്ന അധികാരത്തിന്റെ പങ്ക്; അതാണ് അവരിലേക്ക് മുതലാളിത്തത്തെയും, മുതലാളിത്തത്തിലേക്ക് അവരെയും ആകർഷിക്കുന്ന പ്രലോഭനം.

അധികാരം എന്നത് സമഗ്രമായ ഒരു സ്ഥാപനമാണെന്നും ഏതെങ്കിലും രൂപത്തിൽ അതിന്റെ ആനുകൂല്യങ്ങൾ രുചിച്ചിട്ടുള്ളവർ ഏതുസമയവും തങ്ങൾ വീമ്പിളക്കുന്ന സ്വത്വത്തിന്റെ താല്പര്യങ്ങളെ ഒറ്റികൊടുക്കുന്ന ഇടത്തട്ടുകാരായി മാറാൻ ഒരു മടിയും ഇല്ലാത്തവരാണെന്നും അതുകൊണ്ട് തന്നെ സ്വത്വത്തിന്റെ നീക്കുപോക്കുരാഷ്ട്രീയ നിർമ്മിതികളിൽ, സ്വത്വ രാഷ്ട്രീയത്തിൽ അവർക്ക് വിശ്വാസമില്ലെന്നും ഉള്ള വൻ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മാനങ്ങളുള്ള ഒരു പ്രഖ്യാപനം കൂടിയാണ് മുന്നാർ സമരമുഖത്തെ പെമ്പിള കൂട്ടായ്മ നടത്തിയത്. വർഗ്ഗപരമായി തൊഴിലാളിസ്വത്വവും, ജാതീയമായി ദളിത് സ്വത്വവും, വംശീയമായി തമിഴ് സ്വത്വവും പേറുന്നവരാണ് ഈ സ്ത്രീകൾ. ഇവരുടെ ആമ്പിളമാരുടെ സ്വത്വഘടനയും ഇത് തന്നെയാണ്. എന്നിട്ടും അവരെ അവർ സമരമുഖത്തേക്ക് അടുപ്പിച്ചില്ല. കാരണം മറ്റൊന്നുമല്ല. വംശീയവും, വർഗ്ഗീയവും, ജാതീയവുമായി പാർശ്വവല്കൃതരാണെങ്കിൽ കൂടി ലിംഗപരമായി അവർ ആസ്വദിക്കുന്ന അധികാരത്തിന്റെ പങ്ക് ഏത് സമയവും അവരെ അതിന്റെ ഇടനിലക്കാരാക്കി മാറ്റിയേക്കാം എന്നത് തന്നെ.

ആവശ്യം അധികാരമായി മാറുന്നത്
തൊഴിലെടുത്ത് ജീവിക്കുന്ന, അതായത് അവരവരുടെ അദ്ധ്വാനശേഷി നിർമ്മാണ സ്ഥാപനങ്ങൾക്ക് വിറ്റ്‌ അതിന്റെ കൂലി കൈപ്പറ്റി ജീവിക്കുന്ന എല്ലാവരും തൊഴിലാളികളാണ്. ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്ന ഘടകങ്ങൾ അദ്ധ്വാനം എന്ന വിഭവത്തിന് പുറത്ത് സ്കിൽ അഥവാ തൊഴിൽ പരമായ വൈദഗ്ദ്ധ്യത്തിന്റെ, നിപുണതയുടെ ലഭ്യതയെ ആശ്രയിച്ച് നില്ക്കുന്ന ഒന്നാണ്. മസ്തിഷ്ക ശസ്ത്രക്രിയയിൽ വിദഗ്ധനായ ഒരാൾക്ക് അയാളുടെ സേവനം വിലയ്ക്കെടുക്കുന്ന ഒരു സ്ഥാപനം വൻ പ്രതിഫലം നൽകുന്നുണ്ടെങ്കിൽ ആ സ്ഥാപനത്തിന് അയാളുടെ സേവനം വിലയ്ക്കെടുക്കുന്നതിലൂടെ കിട്ടുന്ന ലാഭത്തിന്റെ നല്ലൊരു ശതമാനം അയാളുടെ സ്കില്ലിനെ, അതിന്റെ അനിതരസാധാരണത്വത്തെ, ആശ്രയിക്കുന്നു എന്നത് തന്നെ കാരണം. പ്രശ്നം അത്തരം ചില തൊഴിലുകളോട്, അവ ചെയ്യുന്ന തൊഴിലാളികളോട്  കച്ചവടത്തിനുള്ള വ്യക്തിപരമോ, തൊഴിൽ ബന്ധിയോ ആയ പ്രതിബദ്ധതയല്ല. ‘വലിയ ഡിമാന്റാണെങ്കിൽ നീ പോ, ഇതിലും കുറഞ്ഞ വേതനത്തിൽ ഈ പണി ചെയ്യാൻ വേറെ നുറുപേരെ കിട്ടും’ എന്ന് അദ്ധ്വാനം വിലയ്ക്കെടുക്കുന്ന സ്ഥാപനത്തിന് പറയാൻ കഴിയാത്തിടത്തോളം കാലം തൊഴിലാളിയുടെ വിലപേശൽശക്തിയെ മുതലാളിത്തം അംഗീകരിക്കും. അതിനർത്ഥം അവർ നഷ്ടം സഹിക്കാൻ തയ്യാറാകുന്നു എന്നല്ല, ഉല്പാദനം നിലനിർത്താൻ അനിവാര്യമായ ഘട്ടങ്ങളിൽ ലാഭത്തിൽ ചില്ലറ നീക്കുപോക്കുകൾ സഹിക്കാൻ തയ്യാറാകുന്നു എന്നതാണ്; എണ്ണക്കമ്പനികൾ തങ്ങളുടെ നഷ്ടത്തിന്റെ കണക്ക് പറയുമ്പോലെ ഒന്ന്.

തൊഴിലാളിയെയല്ല, മുതലാളിത്തത്തിന്റെ അടിസ്ഥാന വിപണിസമവാക്യമായ ആവശ്യം, ലഭ്യത എന്ന രണ്ട് ഏകകങ്ങളിൽ ഒന്ന് മറ്റൊന്നിനെ ആനുപാതികമായി പിന്തള്ളുമ്പോൾ അവശേഷിക്കുന്നതിന് ലഭ്യമാകുന്ന ‘ഡിമാന്റിനെ’ അതിൽ ഉൾചേരുന്ന  വിപണി ജന്യമായ  അധികാരത്തിന്റെ പങ്കിനെ ആണ് അവർ അംഗീകരിക്കുന്നത്. ഇവിടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അനുപാതത്തിൽ ഉണ്ടാകുന്ന തുലനമില്ലായ്മ വിപണിയുടെ വികസനത്തെ ഋണാത്മകമായി ബാധിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രതിസന്ധി ആവശ്യത്തെ അധികാരമാക്കി മാറ്റുകയാണ്. എന്റെ വ്യക്തിപരമോ, വർഗ്ഗപരമോ ആയ സ്കില്ലിന്റെ അസാന്നിദ്ധ്യം വിപണിയുടെ വികസനത്തിനെ ബാധിക്കുവാൻ പോന്നത്ര ആഴമുള്ള ഒരു പ്രതിസന്ധി ഉണ്ടാക്കുന്നുവെങ്കിൽ മുതലാളിത്ത അധികാരം എന്നിൽ, എന്റെ വർഗ്ഗത്തിൽ ചരിത്രപരമായി വന്നുചേർന്നിരിക്കുന്ന അധികാരവുമായി നീക്കുപോക്കുണ്ടാക്കാൻ ശ്രമിക്കും,  അത്ര തന്നെ.

അതാവട്ടെ സമഗ്രമായല്ല താനും. പ്രശ്നാധിഷ്ഠിതം മാത്രമായ ഒരു താല്കാലിക നീക്കുപോക്കാണിത്. മുതലാളിത്തം ഇതിലൂടെ നടത്തുന്നത് സമയത്തിന് മേലുള്ള ഒരു മൂലധന നിക്ഷേപമാണ്. താല്കാലികമായി അടങ്ങിയ പ്രതിഷേധങ്ങൾ ഉണ്ടാക്കുന്ന നിശബ്ദതയുടെ മറവിലൂടെയാവും അധികാരം അതിന്റെ ഇടനിലക്കാരെ കണ്ടെത്തി വീണ്ടും ചൂഷണത്തിന്റേതായ അതിന്റെ രാഷ്ട്രമീമാംസയുടെ ചരിത്രത്തെ തുടർന്ന് കൊണ്ടുപോകുന്നത്.

തൊഴിലാളിസമരങ്ങൾ എത്തിനില്ക്കുന്ന ചരിത്രപരമായ പ്രതിസന്ധി
അധികാരം അതിന്റെ ശ്രേണീവൽകൃതമായ ഘടനയിലൂടെ സ്വയം വിതരണം ചെയ്യപ്പെട്ടുകൊണ്ട് നേടിയെടുക്കുന്നത് സമഗ്രതലത്തിൽ അതിന്റെ വിജയം തന്നെയാണ്. ടാറ്റാ തൊഴിലാളികൾ അർഹിക്കുന്ന ആനുകൂല്യങ്ങളെ കങ്കാണിമാർ മുതൽ മാനേജർ വരെ നീളുന്ന ഇടനിലക്കാർക്ക് വീതം വച്ച് നൽകുന്നുണ്ടെങ്കിൽ  അതാണ് അവർക്ക് ലാഭകരം എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. അധികാരം, അധികാരവുമായി നടത്തുന്ന നീക്ക് പോക്കുകൾ പരസ്പരലാഭത്തിൽ തന്നെയാണ് ഊന്നുക; അത് മുതലാളിത്തപൂർവ്വ കാലത്തിലായാലും ശരി. സാമ്രാജ്യ, സാമന്ത ബന്ധങ്ങളുടെ മുമ്പ് സൂചിപ്പിച്ച ചരിത്രം എടുത്താൽ അതിലും ഇരുപക്ഷത്തിനും ലാഭമുണ്ടായിരുന്നു.

കമ്പോള അധികാരം അതിന്റെ നിലനിൽപ്പിനെ കേന്ദ്രീകരിക്കുന്നത് വളർച്ച (ഗ്രോത്ത്), വൈവിദ്ധ്യവല്ക്കരണം (ഡൈവേഴ്സിഫിക്കേഷൻ) എന്നീ ഏകകങ്ങളിലാണ്. വളരണമെങ്കിൽ ഉല്പാദനം വേണം. ഉല്പാദനം വേണമെങ്കിൽ യന്ത്രവൽക്കരണാനന്തര ഉൽപാദനവ്യവസ്ഥയിൽ പോലും മനുഷ്യന്റെ  അദ്ധ്വാനശേഷിയുടെ അനുസ്യൂതമായ ലഭ്യത ഒരു പ്രാഥമിക ആവശ്യമാണ്. അദ്ധ്വാനം സംഘടിതമാകുമ്പോൾ ആ ലഭ്യതയ്ക്ക് മേലെങ്കിലും തീരുമാനം എടുക്കാൻ ആ സംഘടനാ രൂപത്തിനാകുന്നു. അങ്ങനെയാണ്, അതായത് പണിയിലൂടെയല്ല, പണിമുടക്കിലൂടെയാണ് തൊഴിലാളി സംഘടനയിലേയ്ക്ക് കമ്പോള അധികാരത്തിന്റെ ഒരു പങ്ക് വന്ന് ചേരുന്നത്. ഒരു ദിവസത്തെ പണിമുടക്കിലൂടെ നിത്യേനെ വൻതുക ലാഭം കൊയ്യുന്ന കമ്പനിക്ക് ഉണ്ടാകുന്നത് ഭീമമായ നഷ്ടമാണ്. നക്കാപിച്ച വേതനം പറ്റുന്ന തൊഴിലാളിക്ക് വരുന്നത് താരതമ്യേനെ ചെറിയ നഷ്ടവും. അത് മുതലാളിവർഗ്ഗത്തിനറിയാം.

ഇത്തരം സമരങ്ങൾ മുതലാളിത്തത്തിന് വെല്ലുവിളി ഉയർത്തുന്ന അളവിലേക്ക് വികസിക്കണമെങ്കിൽ അത് സംഘടിതമായിരിക്കണം. വ്യക്തിഗതമോ, ചെറു കൂട്ടായ്മകളായോ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ ചെറുക്കാൻ അവഗണന എന്ന നിക്ഷേപം ആവശ്യമില്ലാത്ത നയം മാത്രം മതി. മൂലധനം എന്ന അധികാരം നല്കുന്ന നീക്കിവയ്പ്പുകൾ  അന്നന്ന് ജോലിചെയ്ത് കിട്ടുന്ന കൂലിക്ക് അഷ്ടിവൃത്തി ചെയ്യുന്ന തൊഴിലാളിക്ക് ഇല്ല എന്നതുകൊണ്ട് തന്നെ അത്തരം പ്രതിഷേധങ്ങൾ അധികം മുന്നോട്ട് പോകില്ല. എന്നാൽ സംഘടിതസമരങ്ങൾ അങ്ങനെയല്ല. അവ ഉല്പാദനത്തിനെ ബാധിക്കുന്നു; ലാഭം, വളർച്ച, വൈവിദ്ധ്യവൽക്കരണം തുടങ്ങിയ അജണ്ടകളെ മുഴുവൻ ബാധിക്കുന്നു. അങ്ങനെ സംഘടിതപണിമുടക്കുകൾ വ്യാവസായിക മുലധനാധികാരത്തിനുമേൽ ഒരു പ്രതി അധികാരത്തെ സൃഷ്ടിക്കുന്നു. ഇവിടെ മുതലാളിത്തത്തിന്  സമരങ്ങളെ അവയുടെ ന്യായാന്യായങ്ങൾ മുൻനിർത്തി ഒന്നുകിൽ അംഗീകരിക്കുക, അല്ലെങ്കിൽ തള്ളിക്കളയുക എന്ന രേഖീയമായ നിലപാട് സാദ്ധ്യമല്ല. കാരണം അദ്ധ്വാനത്തിന് അത് അർഹിക്കുന്ന മൂല്യം നല്കിയാൽ പിന്നെ ലാഭം ഉണ്ടാവുകയില്ല. ഇന്നത്തെ ആവശ്യം വെറുതേ അങ്ങ് അംഗീകരിച്ചുകൊടുത്താൽ നാളെ കൂടുതൽ ആവശ്യങ്ങളുണ്ടാകും. സ്വാഭാവികമായും ആ നിലയ്ക്ക്  വിപണിതാല്പര്യങ്ങൾക്ക് മുന്നോട്ട് പോകാനാവില്ല. ചൂഷണവും, ഉല്പാദനവും ഒരുപോലെ നിലനില്ക്കണം. അതിന് തൊഴിലാളിവർഗ്ഗത്തെ ഒട്ടാകെ വിശ്വാസത്തിൽ എടുക്കുക പ്രായോഗികമല്ല. അപ്പോൾ പിന്നെ സാദ്ധ്യമായത് പ്രതിനിധാനം വഴി മറുപക്ഷത്ത് കൈവന്ന അധികാരവുമായി സന്ധി ചെയ്യുക എന്നതാണ്.

ഇത് മുതലാളിവർഗ്ഗത്തിന് ഒരു സാദ്ധ്യതയും, തൊഴിലാളിവർഗ്ഗത്തിന് പരാധീനതയുമായി മാറുന്നു. സംഘടന വേണ്ടെന്ന് വെക്കാനാവില്ല. കാരണം അതിലൂടെയാണ് വിലപേശൽ ശേഷി എന്ന അധികാരം അവരിലേക്ക് എത്തുന്നത്. എന്നാൽ അധികാരം അധികാരവുമായി സന്ധിയാവുക എന്ന ചരിത്രപരമായ തുടർച്ചയെ പ്രതിരോധിക്കാനുമാവില്ല. ഇതാണ് യഥാർത്ഥ  പ്രതിസന്ധി.

മൂന്നാർ സമരം
മൂന്നാറിലെ തോട്ടം മേഖലയ്ക്ക് തൊഴിലാളിസമരങ്ങളുടെയും, അതിലൂടെ രൂപം കൊണ്ട സംഘടനാരൂപങ്ങളുടെയും ഉജ്വലമായ ഒരു ചരിത്രമുണ്ട്. എം എം മണി പറഞ്ഞ ഒന്നേ, രണ്ടേ, മൂന്നേ എന്ന് എണ്ണിക്കൊണ്ട് വെട്ടിയും, വെടിവച്ചും, കുത്തിയും കൊന്ന കങ്കാണിമാരുടെ ചരിത്രം ഇന്ന് സിനിമകണ്ട് മാവോയിസ്റ്റ് ഐക്യദാർഢികളായി നടക്കുന്ന മദ്ധ്യവർഗ്ഗികൾക്ക് പോലും മനസിലാവില്ല എന്നത് മറ്റൊരു വൈരുദ്ധ്യം. അത് അവിടെ നില്ക്കട്ടെ. ആ ചരിത്രത്തിൽ നിന്ന് തന്നെയാണ് തങ്ങളുടെ  ഒറ്റുകാരായി എന്ന് അവർ ഇന്ന് തിരിച്ചറിയുന്ന നേതാക്കളുടെയും, സംഘടനയുടെയും തുടർച്ചയും. അതുകൊണ്ട് തന്നെ ഇന്ന് നാം ആരോപിക്കുന്ന  ജീർണ്ണത കേവലം വ്യക്തിതലത്തിലോ, സംഘടനാതലത്തിലോ മാത്രമായി ചുരുങ്ങി നില്ക്കുന്ന ഒന്നല്ല.

ഇന്ന് ഉയർന്നുകേൾക്കുന്ന വിമർശനങ്ങൾ മുഖ്യമായും  ഇടനിലക്കാരായി തീർന്ന തൊഴിലാളി നേതാക്കളെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ളവയാണ്. അവർ തീർച്ചയായും പ്രതികളും ആണ്. പക്ഷേ അവർ ഒക്കെയും ആദ്യം പറഞ്ഞ ഉജ്വലമായ ആ ചരിത്രത്തിന്റെ ഭാഗവുമാണ്. അവർ പ്രതികളായത് അവരുടെ വ്യക്തിഗത സാംസ്കാരിക, രാഷ്ട്രീയ  ജീർണ്ണതയിലൂടെയല്ല, മറിച്ച് തൊഴിലാളിവർഗ്ഗവിപ്ലവങ്ങളുടെ പരിമിതമായ ചരിത്രത്തിൽ പോലും മുതലാളിത്തം സാദ്ധ്യമാക്കിയ പ്രതിവിപ്ലവങ്ങളിലൂടെയാണ്. ഇന്ന് മൂന്നാറിൽ വിജയിച്ച സമരവും, അതിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് കേരളത്തിലെ തോട്ടം മേഖലയിൽ ഒട്ടാകെയായി ഉയർന്നുവരുന്ന സമരവും നേരിടുന്ന  പ്രതിസന്ധി പ്രതിവിപ്ലവങ്ങൾ സാധ്യമാക്കി മുന്നേറുന്ന മുതലാളിത്ത ചരിത്രവുമായി ബന്ധപ്പെട്ടതാണ്; ചില പ്രത്യേക തൊഴിലാളിസംഘടനകളുമായോ, പ്രത്യേക നേതാക്കന്മാരുമായോ മാത്രം ബന്ധപ്പെട്ട ഒന്നല്ല.

ഇനി അങ്ങനെയാണ് എങ്കിൽ ഉന്മൂലന സിദ്ധാന്തം തന്നെ എന്നത്തെയും, ഏറ്റവും ഭദ്രമായ സിദ്ധാന്തം. ഇവന്മാരെ അങ്ങ് തട്ടിക്കളഞ്ഞാൽ പിന്നെ സമത്വ സുന്ദര സമൂഹനിർമ്മിതിക്ക് മേൽ കാർമേഘം പോലും പറക്കില്ലല്ലോ. ജനാധിപത്യത്തിന് പിടിപെട്ട ജലദോഷങ്ങൾക്ക് പട്ടാള ഭരണത്തിന്റെ ഒറ്റമൂലി നിർദ്ദേശിക്കുന്ന മദ്ധ്യവർഗ്ഗ പൊതുബോധം ചിലപ്പോൾ അതും അംഗീകരിച്ചേക്കാം. പക്ഷേ തൊഴിലാളി വർഗ്ഗത്തിന് ഇനിയും ഒരിക്കൽ കൂടി അത്തരം ഒരു കാല്പനിക സൈദ്ധാന്തിക ആർഭാടം താങ്ങുവാനാകുമോ?

മദ്ധ്യവർഗ്ഗ അനുഭാവം
ഈ സമരത്തിനോടുള്ള പൊതുബോധത്തിന്റെ അനുഭാവവും മാനവികതയിൽ ഊന്നുന്ന നീതിയെക്കുറിച്ച്  അവർക്ക് പൊടുന്നനെ ഉണ്ടായ വെളിപാടിന്റെ സൃഷ്ടിയല്ല. കമ്പനികളിൽ ഇരുനൂറു രൂപയ്ക്ക് പന്ത്രണ്ട് മണിക്കൂർ പണിയെടുക്കുന്ന മനുഷ്യർ അവർക്ക് നിത്യം ഇടപെടുന്ന പരിസരങ്ങൾക്ക് പുറത്ത് നിന്നുകൊണ്ട് തങ്ങളുടെ കരുണയേയും, ദീനാനുകമ്പയേയും സുരക്ഷിതമായി തുറന്ന് വിടാവുന്ന വാൽവുകൾ മാത്രമല്ല, നിത്യ ജീവിതത്തിൽ തങ്ങളിൽ നിന്ന് അറുനൂറും എഴുനൂറും രൂപ  അദ്ധ്വാനത്തിന് വേതനമായി കൈപ്പറ്റുന്നവരെ പ്രതിസ്ഥാനത്ത് നിർത്താൻ വസ്തുതാപരമായി തന്നെ വീണുകിട്ടുന്ന ചില സാദ്ധ്യതകൾ കൂടിയാണ്. ‘ഒരു കാക്കത്തൂവലിന്റെ തണലില്ലാതെ പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്യുന്ന, മൂത്രമൊഴിക്കാനും കങ്കാണിയുടെ ചാട്ടയുടെ അനുവാദം വേണ്ട  തോട്ടം തൊഴിലാളി സ്ത്രീയ്ക്ക് 200 രൂപ, എന്റെ വീട്ടിൽ കിളക്കാൻ വരുന്ന, ഇടയ്ക്കിടെ മാറി നിന്ന് ബീഡി വലിക്കുന്ന നാട്ട് തൊഴിലാളിക്ക് എഴുനൂറു രൂപ!’ അപ്പോൾ ഐക്യദാർഢ്യത്തിനു കാരണം തോട്ടം തൊഴിലാളി അനുഭവിക്കുന്ന അനീതിയിൽ ഉപരി തനിക്ക് ഉണ്ടാകുന്ന ചിലവാണ്. അത് ഔദാര്യമായല്ലാതെ, അവകാശമായി വാങ്ങുന്ന തൊഴിലാളിയുടെ ശരീരഭാഷ നിർമ്മിച്ചത് തൊഴിലാളിസംഘടനകളും, തൊഴിലാളിവർഗ്ഗരാഷ്ട്രീയവും!

ജനാധിപത്യ രാഷ്ട്രീയവ്യവസ്ഥയിൽ  മുതലാളിത്തം വ്യക്തികളെ മുൻനിർത്തിയല്ല പ്രവർത്തിക്കുന്നത്, മറിച്ച്  പ്രതിനിധാനം എന്ന അധികാരരൂപത്തെ മുൻനിർത്തിയാണ്. അതുമായാണ് വിപണി എന്ന സമഗ്രാധികാരസ്ഥാപനം സ്വാഭാവികമായും പ്രതിപ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വിജയിക്കുന്ന ഏതൊരു ചെറുത്തുനിൽപ്പും അധികാരത്തിന്റെ ഒരംശം  അനിവാര്യമായി  കയ്യാളും. ഒരു സ്ഥാപനം എന്ന നിലയിൽ അത് തങ്ങൾക്ക് ലഭ്യമായ സമഗ്രാധികാരം മുൻനിർത്തി അധികാരത്തിന്റെ തന്നെയായ ചെറു ശകലങ്ങളുമായി വിലപേശുകയും, അവയെ സ്വാധീനിക്കുകയും, പ്രലോഭിപ്പിക്കുകയും ഒക്കെ ചെയ്യും. ഇതിന് സമാന്തരമായി ഇത്തരം ഒരു സ്ഥാപനാധികാരം ഇല്ലാത്ത പൊതുസമൂഹത്തിൽ നിന്ന് തൊഴിലാളിയുടെ വിലപേശൽ ശക്തിയുടെ സംഘടനാ രൂപങ്ങൾക്കെതിരേ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ തങ്ങളുടെ മൂലധനം ഉപയോഗിച്ച് പരമാവധി വളർത്തുകയും ചെയ്യും. അതിൽ നിന്നാണ് പ്രത്യക്ഷമായോ, പരോക്ഷമായോ സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങളുടെ അധികാരത്തിന്റെ തണലിൽ നിന്നുകൊണ്ട് തന്നെ അതിനെ എതിർക്കാനും  റദ്ദ് ചെയ്യാനും ശ്രമിക്കുക എന്ന വിരോധാഭാസമായി നമ്മുടെ പൊതുബോധം മാറുന്നതും. ഇതിന് സാംസ്കാരികമായല്ലാതെ കായികമായ ചെറുത്ത് നിൽപ്പുകൾ ഇല്ലതന്നെ.

സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക ചൂഷണങ്ങളും അവ ഉൽപാദിപ്പിക്കുന്ന അനീതികളും നിലനിൽക്കുന്നിടത്തോളം കാലം അതിനെതിരെ പ്രതിഷേധങ്ങളും ഉണ്ടാകും. പക്ഷേ അവിടെയും മുതലാളിത്തം ഒരു സാദ്ധ്യതയായി കാണുന്നത് വികേന്ദ്രീകരിക്കാവുന്ന ഈ ചൂഷിതസ്വത്വത്തെയാണ്. അതിനെ പരമാവധി പ്രശ്നവൽക്കരിക്കാനും, സങ്കീർണ്ണവൽക്കരിക്കാനും പോന്ന സൈദ്ധാന്തിക ഇടപെടലുകളിലും അവരുടെ മുതൽമുടക്ക് ഉണ്ടാകും. അതിലൂടെ അവർ അറിവിനെയും അധികാരമാക്കി മാറ്റും. അതിൽ വിലപേശൽ സാദ്ധ്യതകൾ കണ്ടെത്തും. ഈ പ്രക്രിയയിൽ നിന്ന് വീണ്ടും  നേതാക്കളും സൈദ്ധാന്തികരും, ബുദ്ധിജീവികളും, സാംസ്കാരികനായകരും ഉണ്ടാകും. അവരിലൂടെ വീണ്ടും പ്രതിരോധങ്ങൾ സ്ഥാപനവൽക്കരിക്കപ്പെടും. പറഞ്ഞുവരുന്നത് ജാഗ്രതയില്ലെങ്കിൽ ഈ സമരവിജയവും, അത് അനിവാര്യമായി ഉണ്ടാക്കുന്ന നേതാക്കളും വീണ്ടും ഇതേ ചരിത്രം തന്നെ സൃഷ്ടിച്ചേക്കാം എന്നാണ്. അത് മൂന്നാറിന് മാത്രം ബാധകമായ ഒന്നല്ല താനും. സാമൂഹ്യവും, സാംസ്കാരികവും, രാഷ്ട്രീയവും, ചരിത്രപരവുമായ അറിവിന്റെ  വ്യതിരിക്തതയാണ് ഇവിടെ സർവ്വപ്രധാനം. തൊഴിലാളി പക്ഷത്ത് മാത്രമല്ല, മുതലാളി പക്ഷത്തും ബുദ്ധിജീവികളുണ്ട്. സിദ്ധാന്തനിർമ്മാണം ഇരുവശങ്ങളിലും നടക്കുന്നുണ്ട്. അധികാരം മുതലാളിത്തത്തിനായതുകൊണ്ട് തന്നെ അതിന്റെ പ്രതിആഖ്യാനം എന്ന നിലയിൽ വീണുകിട്ടുന്ന അധികാരകണം മാത്രം അവലംബിക്കുന്ന മറുപക്ഷത്തിന് അത്രകണ്ട് ഫലപ്രദമായി ഒരുപക്ഷേ പ്രവർത്തിക്കാനായെന്ന് വരില്ല. ഇതിനർത്ഥം പ്രതിരോധം എന്ന ആവശ്യം മുൻനിർത്തി  മൂന്നാറിലെ തൊഴിലാളികൾ കിട്ടുന്ന ഇടവേളകളിൽ ഒക്കെ ‘ജയിൽ കുറിപ്പുകൾ’വായിക്കണമെന്നല്ല. അവരെ പ്രതിനിധീകരിച്ച് ചർച്ചകളുടെ മുഖ്യധാരയിൽ വരുന്ന മാദ്ധ്യമങ്ങളുടെ സ്വന്തം ‘ജൈവബുദ്ധിജീവികൾ’ക്ക് പക്ഷേ അതാവാമല്ലോ. ചുമ്മാ ഒന്ന് വായിച്ച് നോക്കിക്കൂടേ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍