UPDATES

മൂന്നാര്‍ ഒരു ചൂണ്ടുപലകയാണ്

Avatar

ഡോ. ശ്രീരേഖ സതി

മൂന്നാറില്‍ നിരാഹാര സമരത്തിലിരിക്കുന്ന പെണ്‍കള്‍ ഒട്രുമൈ സ്ത്രീ തൊഴിലാളികള്‍ എന്നേ വിജയിച്ചവരാണ്. കേരളരാഷ്ട്രീയത്തിനുമുന്നില്‍ കനപ്പെട്ട ചില ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുതന്നെയാണ് അവര്‍ വിജയിച്ചുനില്ക്കുന്നത്. ഇനി അവരാവശ്യപ്പെട്ട അവരുടെ അവകാശങ്ങള്‍ കമ്പനിയും മറ്റ് തൊഴിലാളി സംഘടനാനേതാക്കളും അംഗീകരിച്ചുകൊടുത്താലും ഇല്ലെങ്കിലും, അവര്‍ക്ക് പറയുവാനുള്ളത് വ്യക്തമായ ഭാഷയിലൂടെയും ശക്തമായ സമരരീതിയിലൂടെയും കേരള സമൂഹത്തോട് അവര്‍ വെളിപെടുത്തിക്കഴിഞ്ഞു. അവരുടെ ഈ സമരത്തില്‍ നിന്ന് ചില പാഠങ്ങള്‍ പഠിച്ചു കേരളസമൂഹത്തിന് ഇനി പിറകോട്ടല്ല, മുമ്പോട്ട് മാത്രമേ നിങ്ങാനാവൂ. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുംപോലെയാണ് ചിലര്‍ക്കെങ്കിലും ഈ അനുഭവം. പ്രത്യേകിച്ചും പല രീതികളിലുള്ള സമ്മര്‍ദ്ദത്തിലൂടെയും തമിഴ് സ്ത്രീ തൊഴിലാളികളുടെ സമരത്തെ തകര്‍ക്കാന്‍ നോക്കിയവര്‍ക്ക്. നിങ്ങള്‍ക്ക് വേണ്ടി ‘ഞങ്ങള്‍’ സംസാരിക്കാം, ‘ഞങ്ങള്‍’ നിങ്ങളുടെ അവകാശങ്ങള്‍ നേടിത്തരാം, സ്വയം സമരം ഉപേക്ഷിച്ച് ഞങ്ങളുടെ പിന്നില്‍ അണിനിരക്കൂ എന്നൊക്കെയുള്ള പല തൊഴിലാളി സംഘടനകളുടെയും പ്രത്യേകിച്ച് അവരുടെ ചില പുരുഷ നേതാക്കന്മാരുടെയും പ്രകോപനങ്ങള്‍ തികച്ചും കുറ്റബോധത്തില്‍ നിന്നും അരക്ഷിതാവസ്ഥയില്‍ നിന്നും ഉണ്ടായതാണ്. തമിഴ് സ്ത്രീ തൊഴിലാളികളുടെ, വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുള്ള ഈ സമരം വര്‍ഷങ്ങളുടെ സമരപാരമ്പര്യം ഉള്ള ഈ ‘ഞങ്ങള്‍’ (പുരുഷ തൊഴിലാളി നേതാക്കന്മാര്‍) ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിപ്പോയി. അതുകൊണ്ട് തന്നെ ഏതുവിധേനെയും ഈ സമരത്തിന്റെ പ്രാധാന്യത്തെ കുറച്ചു കാണിക്കാനുള്ള ഒരു സംഘടിതശ്രമം തന്നെ നടക്കുന്നുണ്ട്.

കേരളം കുറച്ചു കാലങ്ങളായി വ്യത്യസ്തങ്ങളായിട്ടുള്ള പുതിയ സമരരൂപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും സ്ത്രീ നേതൃത്വങ്ങളുള്ള സമരങ്ങള്‍. ഈ സമരങ്ങള്‍ കേരളത്തിന്റെ തൊഴിലാളി സമരചരിത്രത്തില്‍ അവഗണിക്കപെട്ടുപോയ, എന്നാല്‍ വളരെ പ്രധാനപ്പെട്ട ചില വിഷയങ്ങല്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ചാവിഷയം ആക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓര്‍മിപ്പിക്കുന്നു. മൂന്നാറിലെ സമരം സ്ത്രീകള്‍ നേതൃത്വം കൊടുത്തു എന്നുള്ളതിനേക്കാള്‍ ഉപരി കേരളത്തില്‍ ആദ്യമായി തമിഴ് സ്ത്രീകള്‍ നയിച്ച ഒരു മുന്നേറ്റം എന്ന രീതിയിലും വ്യത്യസ്തമാവുന്നുണ്ട്. മലയാളിയുടെ ‘പൊതുബോധ’ത്തെ തന്നെ ഒന്നു പ്രശ്നവത്ക്കരിച്ചാല്‍ മാത്രമേ തമിഴ് സ്ത്രീകള്‍ നയിച്ച ഈ സമരത്തിന്റെ പ്രാധാന്യം മനസിലാക്കാന്‍ സാധിക്കൂ. അന്യസംസ്ഥാന തൊഴിലാളിയെന്ന യാഥാര്‍ഥ്യത്തിന് ഇന്ന് അര്‍ഥമേറിവരുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ പിന്‍കാലചരിത്രത്തിലെ പ്രധാന കണ്ണിയാണ് തമിഴ് തൊഴിലാളി. ഇന്നുവരെയുള്ള കേരളത്തിലെ തൊഴിലാളി സംഘടനാ സംവിധാനങ്ങളുടെ പോരായ്മകളെയും കുറവുകളെയും തുറന്നുകാട്ടിക്കൊണ്ട് നടത്തിയ ഒരു സമരം എന്ന നിലയ്ക്കും അതോടൊപ്പം കേരളം പോലെ പുരുഷാധിപത്യ സമൂഹത്തില്‍, തമിഴ് സ്ത്രീകള്‍ തന്നെ ഈ സമരം ഏറ്റെടുക്കാനും നടത്താനും മുന്നോട്ട് കൊണ്ടുപോകാനും കഴിഞ്ഞു എന്നതിനാലും ഈ സമരം ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നു.

 

മൂന്നാര്‍ സമരം പ്രത്യേകിച്ചും തോട്ടം തൊഴിലാളി മേഖലയില്‍ ഒരു നിര്‍ണായക മുന്നേറ്റം തന്നെയാണ്. കേരളത്തിലെ തോട്ടം തൊഴിലാളി സമരചരിത്രത്തില്‍, ഈ മുന്നേറ്റത്തിന്റെ ചരിത്ര പ്രാധാന്യവും അതിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടാതെ വയ്യ. കേരളത്തിലെന്നല്ല ഇന്ത്യയില്‍ത്തന്നെ തോട്ടം തൊഴില്‍ മേഖലയില്‍ മറ്റ് പല അസംഘടിത മേഖലകളിലും എന്നപോലെ അടിസ്ഥാന ശമ്പളം ഇതുവരെ അംഗീകരിച്ചു കിട്ടിയിട്ടില്ല എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. അടിസ്ഥാന ശമ്പളത്തിന്റെ കാര്യത്തില്‍ ഭൂരിഭാഗം വരുന്ന ഇന്ത്യയിലെ അസംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരുടേയും സ്ത്രീകളുടെയും അവസ്ഥയും വ്യത്യസ്തമല്ല. മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് അവര്‍ ആവശ്യപ്പെട്ട അഞ്ഞൂറ് രൂപ കൊടുത്തതുകൊണ്ട് കമ്പനിക്ക് കാര്യമായ പ്രശ്‌നമൊന്നും ഉണ്ടാകില്ല എന്നത് അവരുടെ തൊഴിലാളി സംഘടന നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട് എന്നിരിക്കെ ഈ സ്ത്രീകളുടെ ആവശ്യം എന്തുകൊണ്ട് അംഗീകരിച്ചുകൂടാ? അപ്പോള്‍ ഇതിനുമപ്പുറം പുരുഷകേന്ദ്രീകൃതമായ തൊഴിലാളി സംഘടനാനേതൃതത്തെ ചോദ്യം ചെയ്ത് തമിഴ് സ്ത്രീകള്‍ സമരം ചെയ്തു വിജയിക്കുന്നതിലെ ഒരു ആത്മാഭിമാന പ്രശ്‌നമാണ് ഇന്ന് കേരളത്തിലെ പല തൊഴിലാളി സംഘടനാ നേതാക്കളുടെയും പ്രശ്‌നമെന്ന് മനസിലാകും. തമിഴ് സ്ത്രീകളുടെ ഈ സമരാവശ്യങ്ങളെ മുഴുവനായും അംഗീകരിച്ചുകൊടുത്താല്‍ കേരളത്തിലെ തൊഴിലാളി സംഘടനകളുടെ ‘ആണത്ത’ത്തെ അത് അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്നു എന്നതാണ് അവര്‍ പറയാനിഷ്ടപ്പെടാത്ത സത്യം.

 

 

കേരളചരിത്രത്തില്‍ നിര്‍ണായകമായ അതിന്റെ ഭൂപരിഷ്‌കരണ പരിപാടി പരിശോധിച്ചാല്‍ തോട്ടം മേഖലയിലെ ഭൂമി കേന്ദ്രികരണത്തിന്റെ മുഖ്യകാരണം വ്യക്തമാകും. ഭൂപരിഷ്‌കരണ വ്യവസ്ഥയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കിയിരുന്നു എന്നത് തന്നെയാണ് ഇവിടെ പ്രധാന വിഷയം. കേരളത്തിലെ ഉള്ള ഭൂമി വച്ചു നോക്കുമ്പോള്‍ തോട്ടം മേഖലയില്‍ ഭൂവുടമസ്ഥതയുടെ ഭീമമായ കേന്ദ്രീകരണമാണ് സംഭവിച്ചിരിക്കുന്നത്. ഹാരിസണ്‍ മലയാളം, ടാറ്റാ മുതലായ കമ്പനികള്‍ നിയമവിധേനെയും അനധികൃതമായും കൈയ്യടക്കിവച്ചിരിക്കുന്നത് പതിനായിരകണക്കിന് ഏക്കര്‍ ഭൂമിയാണ് എന്ന സത്യം അടുത്തിടെ ചെങ്ങറ സമര സാഹചര്യത്തിലും മറ്റും വളരെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇന്നത്തെ മാറിവരുന്ന സാഹചര്യത്തില്‍ ഭൂമാഫിയക്കും റിയല്‍ എസ്റ്റേറ്റുകള്‍ക്കുമിടയില്‍ തേയില വ്യവസായ വിപണി തകരുന്ന സാഹചര്യത്തില്‍ അവ സ്ഥിതി ചെയ്യുന്ന ഭൂമിക്ക് പലവിധത്തിലും മൂല്യം കൂടി വരുന്നത് മുതലാളിത്തത്തിന്റെ പുതിയ മുഖങ്ങള്‍ പഠിക്കുന്നവര്‍ മനസ്സിലാക്കേണ്ടതാണ്. മൂന്നാറിലെ സമരവും ഒരു വിധത്തില്‍ വിരല്‍ ചൂണ്ടുന്നത് കേരളത്തിന്‍റെ ആഴത്തിലുള്ള ഈ ഭൂപ്രശ്നങ്ങളിലേക്കും അതിലപ്പുറം റിയല്‍ എസ്റ്റേറ്റ് മാഫിയയിലേക്കും ഭൂമിയെ ചുറ്റിപ്പറ്റിയുള്ള മറ്റ് വ്യവസായങ്ങളിലേക്കും കൂടെയാണ്. ഈ സമരം കേരളത്തിന്‍റെ വരുംകാലങ്ങളില്‍ മറ്റു തോട്ടം മേഖലകളിലേക്കും അവ നേരിടുന്ന ആഴത്തിലുള്ള മറ്റു പ്രശ്‌നങ്ങളിലേക്കും വഴിതെളിക്കുമെന്നും തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു.

 

കൊളോണിയല്‍ കാലഘട്ടത്തില്‍ ഉരുത്തിരിഞ്ഞ തോട്ടം മേഖലയിലെ രീതികളും സംവിധാനങ്ങളും ഇപ്പോഴും കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നിലനില്‍ക്കുമ്പോള്‍, ഏറ്റവും ഭീകരമായ ചില ചിത്രങ്ങളിലൂടെ അടുത്തിടെ മാത്രം കേരളത്തിലെ ആദിവാസികളുടെ ജീവിതത്തെ തിരിച്ചറിഞ്ഞു തുടങ്ങിയ മലയാളിക്ക് തോട്ടം മേഖലയുടെ ചരിത്രത്തെപ്പറ്റിയും അവിടെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റിയും ഇന്നും അത്ര അറിവില്ല. ഇന്ത്യ സ്വാതന്ത്ര്യം നേടി 65 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും, നേരിട്ടും പരോക്ഷമായും തോട്ടം മേഖലയില്‍ അടിമത്തം നിലനില്‍ക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. ഇന്ത്യയില്‍ കേരളം, പശ്ചിമ ബംഗാള്‍, അസം എന്നീ മൂന്നു സംസ്ഥനങ്ങളിലാണ് തേയില ഉത്പാദനത്തിന്‍റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ തോട്ടം തൊഴിലാളികളുടെ അവസ്ഥയും വളരെ പരിതാപകരമാണ്. തോട്ടം മേഖലയില്‍ അടുത്തിടെ വന്ന പ്രധാനപ്പെട്ട രാഷ്ട്രീയമാറ്റങ്ങളില്‍ ഒന്നാണ് തോട്ടം തൊഴിലാളികളെ ഓഹരി ഉടമകളാക്കിക്കൊണ്ടുള്ള നീക്കം. ഇത് കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല മറ്റ് പലയിടങ്ങളിലും ഇപ്പോള്‍ പരീക്ഷിച്ചു വരുന്നു. ഇതിന് പ്രത്യേകമായ മുതലാളിത്ത, നിയോ ലിബറല്‍ താത്പര്യങ്ങളെ മനസ്സിലാക്കിയാല്‍ മാത്രമേ മൂന്നാറില്‍ എന്തു നടക്കുന്നുവെന്ന് മനസ്സിലാവൂ. പശ്ചിമ ബംഗാളില്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ തന്നെ തേയിലത്തോട്ടം തൊഴിലാളികളെ കമ്പനിയുടെ ഓഹരി ഉടമകളാക്കാനുള്ള ശ്രമത്തിനെതിരെ അവിടുത്തെ തൊഴിലാളി സംഘടനകള്‍ ഒരു പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇന്നത്തെ മൂന്നാറിലെ സമരത്തില്‍ ഈ പ്രശ്‌നം തികച്ചും പ്രധാനമാണ്. കമ്പനി നടത്തിപ്പുകാര്‍ അല്ലെങ്കില്‍ ഓഹരി ഉടമകള്‍ ആകുന്നതോടുകൂടി, പ്ലാന്റേഷന്‍ നിയമപ്രകാരം തൊഴിലാളികളുടെ ഗ്രാറ്റ്വിവിറ്റി, പെന്‍ഷന്‍, ശമ്പളപരിഷ്‌കരണം, റേഷന്‍ എന്നിങ്ങനെ പല അവകാശങ്ങളും അവര്‍ക്ക് നഷ്ടപെടുന്നു. അതേ സമയം തൊഴിലാളികളെ കമ്പനിയുടെ നടത്തിപ്പുകാരായി മാറ്റുന്നതോടെ കമ്പനിയുടെ നിലനില്‍ക്കുന്ന മാനേജ്‌മെന്റില്‍ തൊഴിലാളികള്‍ക്ക് കാര്യമായ യാതൊരു പങ്കും ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതുവഴി പ്ലാന്റേഷന്‍ നിയമപ്രകാരം തൊഴിലാളിക്ക് കിട്ടേണ്ട എല്ലാ അവകാശങ്ങളും നഷ്ടപ്പെടുന്നു എന്നതിലുപരി കമ്പനി നടത്തിക്കൊണ്ടുപോകുന്നതിനുള്ള ഉത്തവാദിത്തം തൊഴിലാളികള്‍ക്കാണെന്നുള്ള ധാരണകൂടി വളര്‍ത്തപ്പെടുന്നു. സത്യത്തില്‍ തൊഴിലാളികള്‍ക്ക് ഉത്തവാദിത്തം കൂടുകയും അതേസമയം അവരുടെ അവകാശങ്ങള്‍ നിഷേധിക്കപെടുകയുമാണ് ഇതുവഴി നടക്കുന്നത്.

 

ഈ സാഹചര്യത്തില്‍ ഇന്ന് മൂന്നാര്‍ സമരത്തെ നോക്കുകയാണെങ്കില്‍ തൊഴിലാളികള്‍ക്ക് ഓഹരി ഉടമസ്ഥതയുള്ള, അവരുടെ തന്നെ കമ്പനിക്ക് എതിരെ അവര്‍ സമരം ചെയ്യുന്നു എന്ന രീതിയില്‍ വ്യാഖ്യാനിക്കാം. ഇതാണ് നിയോ ലിബറല്‍ മുതലാളിത്ത രാഷ്ട്രീയത്തിലെ പുതിയ മുഖം. തൊഴിലാളികളെ നടത്തിപ്പുകാര്‍ ആക്കുക എന്ന കാല്പനികമായ പദ്ധതിയുടെ പിന്നിലുള്ള ഭീകരത അവര്‍തന്നെ മനസിലാക്കുന്നത് വളരെ താമസിച്ചാണ്. എന്നാല്‍ വര്‍ഷങ്ങളുടെ സമരചരിത്രപാരമ്പര്യം അവകാശപെടുന്ന കേരളത്തിലെ തൊഴിലാളി സംഘടനകള്‍ എന്തുകൊണ്ട് ഈ അപകടം മുന്നില്‍ കണ്ടില്ല? 2007-ല്‍ പശ്ചിമ ബംഗാളിലെ തോട്ടം തൊഴിലാളികള്‍ എതിര്‍ത്ത് ഒഴിവാക്കിയ ഈ മുതലാളിത്ത നീക്കത്തെ ഇത്രയധികം രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിലെ യൂണിയന്‍ നേതാക്കള്‍ എന്തുകൊണ്ടു പഠിച്ചില്ല? എതിര്‍ത്തില്ല? തൊഴിലാളികള്‍ കമ്പനി നടത്തിപ്പുകാരാകുമ്പോള്‍ അവരുടെ തൊഴിലാളി എന്ന അവകാശങ്ങള്‍ നഷ്ടപെടുമെന്ന് തിരിച്ചറിയാന്‍ ഇന്നീ തമിഴ് സ്ത്രീകളുടെ സമരം വേണ്ടിവന്നോ? ബംഗാളിലെ തൊഴിലാളി സംഘടനകള്‍ അതിനെ എതിര്‍ത്തപ്പോള്‍ എന്തുകൊണ്ട് കേരളത്തില്‍ അതിനെപറ്റി ഒരു ചര്‍ച്ചപോലും നടന്നില്ല? 2005-ല്‍ ടാറ്റ ടീ, കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ ലിമിറ്റഡാക്കി മാറ്റിയപ്പോള്‍ മുന്നൂറോളം ഓഹരികള്‍ വാങ്ങാന്‍ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് അനുമതി നല്കിയിരുന്നു. തൊഴിലാളികളെ കമ്പനിയുടെ നടത്തിപ്പില്‍ പങ്കുകാരാക്കുക എന്ന വ്യാജേനെ അവരെക്കൊണ്ട് ഓഹരി വാങ്ങിപ്പിക്കുക, അതും ഇതിനുള്ള പണം തന്നെ അവര്‍ക്ക് കടം തന്നെ നല്‍കിക്കൊണ്ട്. 70 ശതമാനത്തോളം ഷെയര്‍ ഇങ്ങനെ തൊഴിലാളികളുടേതാക്കിക്കൊണ്ട്, അതേ സമയം ഈ മൊത്തം തൊഴിലാളികളെ പ്രതിനിധീകരിക്കാന്‍ മാനേജ്‌മെന്റില്‍ തൊഴിലാളികളുടെ ഇടയില്‍ നിന്ന് പേരിന് ഒരു പ്രതിനിധി മാത്രം. ഈ പ്രവണത മൂന്നാറില്‍ മാത്രമല്ല, മറ്റു ഇന്ന് പലയിടങ്ങളിലും ശ്രമിച്ചു വരുന്ന ഒരു രീതിയാണ്. ടാറ്റ ടീയുടെ അഭിപ്രായത്തില്‍ ഇന്ന്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ participatory management company ആണ് കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ ലിമിറ്റഡ്. അതായത് ഈ തന്ത്രത്തെയാണ് മുതലാളിത്തവ്യവസ്ഥിതിയുടെ ഒരു പുതിയ ഭാഷയില്‍ പങ്കാളിത്ത നടത്തിപ്പ് (participatory management) എന്നു പറയുക.

 

 

തോട്ടം മേഖലയെ ഭൂപരിഷ്‌കരണം തൊടാതെ പോയതിനാല്‍ സ്വന്തമായി ഭൂമിയോ മറ്റ് പ്രാഥമിക സൌകര്യങ്ങളോ ഇല്ലാതെ പുറംലോകത്തോട് തന്നെ വേര്‍പിരിഞ്ഞ് സമൂഹജീവിതം നിഷേധിക്കപെട്ട അവസ്ഥയില്‍ ജീവിക്കുന്ന തോട്ടം മേഖലയിലെ തൊഴിലാളികളുടെ അടിമത്താവസ്ഥയെ ഇന്നുവരെ അങ്ങനെ തന്നെ നിലനിര്‍ത്താന്‍ രാഷ്ട്രീയ കക്ഷികള്‍ക്കും കമ്പനി മുതലാളിമാര്‍ക്കും അവരുടെ പങ്കുപറ്റി നിന്ന മറ്റ് തത്പര കക്ഷികള്‍ക്കും സാധിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകളില്‍ നിന്നും മാറിമാറി വന്ന ഭരണകൂടങ്ങളില്‍ നിന്നുമുള്ള കാലങ്ങളായുള്ള അവഗണകളാണ് മൂന്നാറിലെ സ്ത്രീകളെ അവസാനം ഇത്ര ശക്തമായ തീരുമാനങ്ങള്‍ എടുക്കാനും തെരുവിലേക്ക് ഇറങ്ങാനും പ്രേരിപ്പിച്ചത്. തെരുവിലേക്ക് ഇറങ്ങിയ സ്ത്രീകളെ സംബന്ധിച്ചടത്തോളം ഇത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. എന്നാല്‍ അതിലുപരി കേരളം പോലെയൊരു സംസ്ഥാനത്ത് ജീവിക്കുന്ന അവരുടെ അവകാശ സമരം കൂടെയായിട്ടാണ് നമ്മള്‍ അതിനെ കാണേണ്ടത്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും ഇന്നുവരെ ഗൌനിക്കാതിരുന്ന തമിഴ് സ്ത്രീസമൂഹം മലയാളികള്‍ക്ക് നല്‍കിയിരിക്കുന്നത് ഒരു പുതിയ സമരഭാഷയും ആവേശവുമാണ്. ഈ സമരം കേരളത്തിലെ മറ്റ് അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്കും പ്രചോദനമാകും എന്നുള്ളതില്‍ സംശയമില്ല. കേരളം സാക്ഷ്യം വഹിച്ച നഴ്സുമാരുടെ സമരവും അദ്ധ്യാപകരുടെ സമരവും ഇരിപ്പ് സമരവും എല്ലാം തന്നെ അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളിക്കും അടിസ്ഥാന ശമ്പളത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

സ്ത്രീകള്‍ ചെയ്യുന്ന ജോലികളുടെ സ്വഭാവത്തെക്കുറിച്ചും, മുതലാളിത്തവും പുരുഷാധിപത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വ്യവസായവത്ക്കരണത്തിന്റെ ആരംഭം മുതല്‍ പലവിധത്തിലുള്ള രാഷ്ട്രീയ ചിന്തകര്‍ പഠിച്ചിട്ടുണ്ട്. സ്ത്രീ എന്ന സ്വത്വത്തില്‍ ഉപരി, സ്ത്രീകളെ തൊഴിലാളി എന്ന രീതിയിയില്‍ ഇടതുപക്ഷം കണ്ടപ്പോള്‍ ആ നിലപാടിനുള്ളില്‍ നിന്നുകൊണ്ട് തന്നെ അതേക്കുറിച്ച് റോസാ ലക്സംബര്‍ഗ്, അലെസാന്ദ്ര കൊല്ലോന്തായി, ക്ലാര സെത്കിന്‍ തുടങ്ങിയ സ്ത്രീപക്ഷ ചിന്തകര്‍ തൊഴിലാളി സംഘടനകളിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്തിട്ടുമുണ്ട്. മൃദുവിരലുകള്‍ക്കൊണ്ട് (Nimble fingers) മാത്രം ചെയ്യാന്‍ പറ്റുന്ന ജോലികള്‍ക്ക് സ്ത്രീകളെ ഉപയോഗിക്കുക എന്ന തന്ത്രം മുതലാളിത്ത വ്യവസ്ഥയില്‍ സ്ത്രീ-പുരുഷ തൊഴില്‍ വിഭജനം വന്നതിനെത്തുടര്‍ന്നുണ്ടായതാണ്. പഴയകാല കൈത്തറി മേഖല, തോട്ടം മേഖല തുടങ്ങി ഇന്നത്തെ പുതിയ സ്‌പെഷ്യല്‍ എക്കണോമിക് സോണുകള്‍ വരെയുള്ള പല തൊഴിലുകളും ഇങ്ങനെ ‘അസംബ്ലി ലൈന്‍’ സ്വഭാവത്തില്‍ സ്ത്രീകളെ മാത്രം തെരഞ്ഞെടുത്ത് നടത്തപ്പെടുന്നവയാണ്. ഇത് മുതലാളിത്തത്തിന് പല പുതിയ മുഖങ്ങളിലും സ്ത്രീയെ ആവശ്യം വരുമ്പോള്‍ മാത്രം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുണ്ടാക്കിയ ഒരു വ്യവസ്ഥയാണ്. ഇത്തരത്തില്‍ സ്ത്രീകളെ ഉപയോഗിക്കുന്ന തൊഴില്‍ രീതികള്‍ ‘നല്ല (ഐഡിയല്‍) തൊഴിലാളികളായ സ്ത്രീകള്‍’ക്കും അവരുടെ ‘മൃദുവിരലുകള്‍’ക്കും ‘തങ്കപ്പെട്ട സ്വഭാവത്തി’നും പറ്റിയ ജോലികള്‍ ആയി കണക്കാക്കപെട്ടിരുന്നു; അത് അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു. ആഗോള മുതലാളിത്ത വ്യവസ്ഥയില്‍ തൊഴിലിന്റെ ആവശ്യകത കുറയുകയും മൂലധനത്തില്‍ അധിഷ്ഠിതമായ ഉത്പാദനരീതിക്ക് സ്വീകാര്യത കൈവരികയും ചെയ്യുന്ന രീതി ഇന്ന് നിലനില്‍ക്കെ, ഈ വ്യവസ്ഥക്കുള്ളില്‍ തന്നെ ചില മേഖലകളില്‍ മാത്രം തൊഴിലധിഷ്ഠിത വ്യവസായവും അതിനുള്ളില്‍ ഏറ്റവും കുറഞ്ഞ വേതനത്തില്‍ തൊഴിലിന്റെ കേന്ദ്രീകരണവും മുതലാളിത്തത്തിന്റെ പുതിയമാനമായിട്ടാണ് സംഭവിച്ചിട്ടുള്ളത്. തോട്ടം മേഖല, സ്‌പെഷ്യല്‍ എകണോമിക് സോണുകള്‍, ടെക്സ്റ്റൈല്‍ മേഖല ഇവിടെയൊക്കെ ഇത്തരത്തില്‍ ഏറ്റവും കുറഞ്ഞ വേതനത്തില്‍ സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കപ്പെടുന്ന മേഖലകളാണ്. സ്ത്രീകളെ മാത്രം തെരഞ്ഞെടുക്കുന്ന ഈ തൊഴിലുകള്‍ക്ക് ഒരു പൊതുവായ സ്വഭാവം ഉണ്ടെന്ന് മാത്രമല്ല ഇവയെല്ലാം ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന തീവ്രമായ അടിമത്തത്തിന്റെയും അവഗണകളുടെയും വിവിധ രൂപങ്ങള്‍ കൂടിയാണ്.

 

 

ആഗോളവത്ക്കരണത്തിന്റെ് ഈ കാലത്ത്, മുതലാളിത്തവും പുരുഷാധിപത്യവും പുതിയ ഭാവങ്ങളിലും പുതിയ രൂപങ്ങളിലും പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കും. തൊണ്ണൂറു ശതമാനത്തിലധികം സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്ന അസംഘടിത മേഖലയില്‍ സ്ത്രീകള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന തൊഴില്‍ എന്ന് ചില ജോലികളെ കാണുകയും അതിലുടെ അവര്‍ക്ക് അടിസ്ഥാന ശമ്പളം നിഷേധിക്കുകയും ചെയ്യുക, അതായത് സ്ത്രീ തൊഴിലാളികള്‍ ചില പ്രത്യേക മേഖലകളില്‍ പ്രത്യേക ജോലിക്കായി മാത്രം ഉപയോഗപെടുത്തുക, കൂടുതല്‍ തുശ്ചമായ വേതനത്തിന് അവരെ കിട്ടുമെന്നിരിക്കെ മുതലാളിത്ത സാമ്പത്തികക്രമം പുതിയ മാര്‍ഗങ്ങളിലൂടെ അവരെ ഏതെല്ലാം രീതിയില്‍ കൂടുതല്‍ ചൂഷണം ചെയ്യാനുള്ള ഉപാധികള്‍ അന്വേഷിച്ചുകൊണ്ടേയിരിക്കും. ഈ ഭീകരാവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട്, മലയാളികള്‍ എന്നും ദളിതവത്ക്കരിച്ചു നിര്‍ത്തിയ കുറെ തമിഴ് സ്ത്രീകള്‍ അവരുടെ ദാരിദ്രത്തില്‍നിന്ന് കൈയ്യിട്ടുവാരിയ ഇവിടുത്തെ പല ട്രേഡ് യൂണിയനുകളെയും പുരുഷകേസരികളെയും വെല്ലുവിളിച്ചുകൊണ്ട് സമരം ചെയ്യുമ്പോള്‍ അവര്‍ ഉയര്‍ത്തുന്ന ചില സുപ്രധാനമായ ചോദ്യങ്ങളാണ് മൂന്നാര്‍ സമരം നമുക്ക് മുന്നില്‍ വയ്ക്കുന്നത്. പക്ഷേ ഈ പാഠങ്ങളൊന്നും പഠിക്കാന്‍ മാത്രം മലയാളി വളര്‍ന്നിട്ടില്ലെന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ല.

 

(‘മൂന്നാര്‍ തോട്ടം സ്ത്രീ തൊഴിലാളി സമരം: പ്രതീക്ഷകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ലെഫ്റ്റ് സ്‌പേസ് ജാമിയ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഡോ. ശ്രീരേഖ സതി (അസി. പ്രൊഫസര്‍, ജാമിയ മിലിയ ഇസ്ലാമിയ) നടത്തിയ പ്രഭാഷണം. തയ്യാറാക്കിയത് ജാമിയയിലെ വിദ്യാര്‍ഥിയായ ജോര്‍ജ് കുട്ടി

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍