UPDATES

മൂന്നാറിലെ സമരവും ജീവിതവും: തലമുറകളായി തുടരുന്ന പ്രതിസന്ധി

അന്ന മിനി

അന്ന മിനി

കേരളത്തിന്റെ പൊതുവായ മുന്നേറ്റത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗമാണ് തോട്ടം തൊഴിലാളികള്‍, പ്രത്യേകിച്ചും കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ തൊഴിലാളികള്‍. പെമ്പിളൈ ഒരുമ മൂന്നാറില്‍ നടത്തിവരുന്ന ഐതിഹാസിക സമരത്തിലൂടെ കേരളീയ പൊതുസമൂഹത്തിന് അത്രകണ്ട് പരിചിതമല്ലാത്ത ഈ ജനവിഭാഗത്തിന്റെ ജീവിതവും ജീവിത സാഹചര്യങ്ങളും ഒരു പരിധിവരെയെങ്കിലും മനസ്സിലാക്കാനും തുറന്ന ചര്‍ച്ചകള്‍ക്കും മറ്റും വിധേയമാക്കാനും ആയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ജീവിത സമരത്തിലേക്ക് ഇവരെ ഓരോരുത്തരെയും എത്തിച്ച സാഹചര്യങ്ങള്‍ നാം അറിയേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത താമസസ്ഥലങ്ങള്‍, ഡോക്ടര്‍മാരോ മരുന്നുകളോ ഇല്ലാത്ത എസ്‌റ്റേറ്റ് ആശുപത്രികള്‍, പഠന നിലവാരം ഉറപ്പാക്കാത്ത വിദ്യാലയങ്ങള്‍ ഇങ്ങനെ നീളുന്ന പ്രശ്‌നങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട്. ഇന്നും സാംസ്‌കാരികവും ഭാഷാപരവുമായി പ്രതിസന്ധി അനുഭവിക്കുന്നവരാണ് തലമുറകള്‍ക്ക് മുന്‍പ് തൊഴിലധിഷ്ടിത കുടിയേറ്റത്തിന് വിധേയരായി കേരളത്തിന്റെ മണ്ണിലേക്ക് പറിച്ച് നട്ട ഇവര്‍.

 

തൊഴിലിടം
പച്ചവിരിച്ച തേയിലതോട്ടങ്ങള്‍ കാഴ്ച്ചയ്ക്ക് സുന്ദരമാണെങ്കിലും അവ തൊഴിലിടമായി മാറുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. സാധാരണ തൊഴിലിടങ്ങളില്‍ നിന്ന് തേയിലത്തോട്ടങ്ങളെ വ്യത്യസ്തമാക്കുന്നത് ഇതൊരു വലിയ പ്രദേശമാണെന്നതാണ്. കുത്തനെ താഴ്ച്ചയും കയറ്റവും ഉള്ള മലനിരകള്‍ ഏക്കര്‍ കണക്കിന് നീണ്ടു കിടക്കുന്നു. കര്‍ഷക തൊഴിലാളികളുടെ ജോലി മിക്കപ്പോഴും ഋതുക്കളുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ തേയിലത്തോട്ടങ്ങളിലെ ജോലി എല്ലാ ഋതുക്കളുടെയും വെല്ലുവിളി നേരിട്ടുകൊണ്ടുള്ളതാണ്. ജീവിതത്തോട് ചേര്‍ന്ന് കിടക്കുന്നതാണ് ഇവരുടെ തൊഴിലിടങ്ങള്‍. താമസവും തൊഴിലും ആരാധനാലയങ്ങളും ദൈനംദിന ആവശ്യങ്ങളും എല്ലാം തന്നെ തൊഴിലിടം എന്ന വലിയ പ്രദേശത്തിനുള്ളില്‍ നിലകൊള്ളുന്നു. തിങ്കള്‍ മുതല്‍ ശനി ഉച്ചവരെയാണ് നിശ്ചിത തൊഴില്‍ ദിവസങ്ങള്‍. എന്നാല്‍ ഞായറാഴ്ച ഉള്‍പ്പെടെ എഴുദിവസവും പണിയെടുത്താല്‍ മാത്രമേ കുടുംബം പുലര്‍ത്താനാകൂ എന്നതാണ് സത്യം. അവധികള്‍ വളരെ വിരളമായതിനാല്‍ തന്നെ പുറം ലോകവുമായുള്ള ഇവരുടെ ബന്ധം നിയന്ത്രിതമാണ്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് സാധാരണ തൊഴില്‍ സമയം. എന്നാല്‍ മിക്കവരും രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയെങ്കിലും പണിയെടുക്കുന്നു. മിനിമം വേതനമായ 232 രൂപ ലഭിക്കുന്നതിന് തത്വത്തില്‍ 21 കിലോ കൊളുന്ത് ശേഖരിച്ചാല്‍ മതിയെങ്കിലും 5 മണിവരെ നില്‍ക്കുക എന്നത് നിര്‍ബന്ധം ആയതിനാല്‍ തന്നെ ശരാശരി 90 മുതല്‍ 120 കിലോ വരെ കൊളുന്ത് ശേഖരിക്കാറുണ്ട് ഇവര്‍. എന്നാല്‍ കമ്പനിയുടെ അളവ് യന്ത്രത്തിന്റെ പരമാവധി ത്രാണി 92 കിലോ ആണ്. ബാക്കി വരുന്ന 20-25 കിലോ കമ്പനിക്കുള്ള ബോണസ്! 21 കിലോക്ക് മുകളില്‍ ശേഖരിച്ചാല്‍ കിലോക്ക് 50 പൈസ മുതല്‍ 1.50 രൂപവരെ നല്‍കാം എന്നതാണ് വ്യവസ്ഥ. ശേഖരിച്ച് കൊടുക്കുന്ന 92 കിലോയില്‍ നിന്ന് പലതരം തരംതിരിവുകള്‍ നടത്തി ഒടുവില്‍ അധികം ശേഖരിച്ച കൊളുന്തിനൊന്നും നിലവാരം ഇല്ലെന്ന് എഴുതിത്തള്ളും. നിലവാരം ഇല്ലെങ്കില്‍ ഇവര്‍ ശേഖരിച്ച കൊളുന്തുകള്‍ പിന്നെ എവിടെ പോകുന്നു? ഓരോ സ്ത്രീ തൊഴിലാളികളും ആവര്‍ത്തിച്ച് പറയുന്ന ചതിയുടെ കഥയാണിത്. കുട്ടികളെ പഠിപ്പിക്കാനും ജീവിതം മുന്നോട്ട് കൊണ്ടുപോകാനും വേണ്ടി ഈ ചതി മനസ്സിലാക്കികൊണ്ട് തന്നെ ഇവര്‍ വര്‍ഷങ്ങളായി പണിയെടുക്കുന്നു.

 

 

നീണ്ടു കിടക്കുന്ന തോട്ടങ്ങള്‍ക്ക് ഇടയില്‍ വിശ്രമ സ്ഥലങ്ങളോ കക്കൂസുകളോ ഇല്ല. പലനിരകളിലായി കിടക്കുന്ന ഈ പ്രദേശത്തിന്റെ ഏതെങ്കിലും ഒരറ്റത്തുള്ള സ്വന്തം ലായത്തില്‍ എത്തിയാല്‍ മാത്രമാണ് ഇവര്‍ക്കൊന്ന് മൂത്രമൊഴിക്കാന്‍ സാധിക്കുക. ആര്‍ത്തവത്തിന്റെ സമയമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇതുമൂലം പലതരത്തിലുള്ള ഗര്‍ഭാശയ രോഗങ്ങള്‍ ഉള്ളവരാണ് മിക്ക സ്ത്രീകളും. തേയിലക്കാടിനുള്ളിലെ അട്ടയും പാമ്പുകളും ആനയും ആകട്ടെ മറുവശത്ത് കാത്തിരിക്കുന്നുണ്ടാകും.

 

തത്വത്തില്‍ തോട്ടം തൊഴിലാളികള്‍ സംഘടിത മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ ജോലി സ്ഥിരതയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുണ്ടെന്നതാണ് പൊതുധാരണ. എന്നാല്‍ ഇവയെല്ലാം തന്നെ നാമമാത്രമായി അവശേഷിക്കുന്നു. കുറഞ്ഞ കൂലി, ഭാരിച്ച അദ്ധ്വാനം, കൂടുതല്‍ തൊഴില്‍ സമയം, വിശ്രമ സമയത്തിലും അവധികളിലും ഉള്ള കുറവ് ഇവയെല്ലാം അനുഭവിക്കുന്നവരാണ് മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികള്‍. അതായത് സംഘടിത മേഖലയിലെ തൊഴിലാളികളാണെങ്കിലും അസംഘടിത മേഖലയിലെ തൊഴില്‍ സാഹചര്യങ്ങളാണ് ഇവര്‍ അനുഭവിക്കേണ്ടി വരുന്നത്. സംഘടിത മേഖല ആയതിനാല്‍ തൊഴില്‍ നിയമങ്ങളില്‍ ഉള്‍പ്പെടുന്ന ഇവരുടെ നിയമങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന്റെയും വന്‍കിട മുതലാളിമാരുടെയും ട്രേഡ് യൂണിയനുകളുടെയും അംഗീകാരം കൂടെയേ തീരൂ. എന്നാല്‍ ഇത് പലപ്പോഴും തൊഴിലാളിക്ക് എതിരായ ഒത്തുകളികളിലാണ് അവസാനിക്കാറുള്ളത്.

 

 

 

 

 

ഭാഷ, വിദ്യാഭ്യാസം
നാലഞ്ച് തലമുറകള്‍ക്ക് മുന്‍പ് മലയാളിയുടെ മണ്ണിലേക്ക് പറിച്ച് നട്ടവരാണ് മിക്ക തൊഴിലാളി കുടുംബങ്ങളും. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും തമിഴ്‌നാട്ടില്‍ യാതൊരു വേരുകളും ഇന്നില്ല. സംസാരഭാഷക്ക് അപ്പുറം തമിഴ് എഴുതാനും വായിക്കാനും അറിയുന്നവര്‍ നന്നേ കുറവാണ്. തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കമ്പനിവക സ്‌കൂളുകള്‍ ഉണ്ടെന്നത് ശരി തന്നെ. എന്നാല്‍ നാലാം ക്ലാസ്സ് വരെ മാത്രം പഠിപ്പിക്കുന്നവയാണ് കമ്പനി മേല്‍നോട്ടത്തില്‍ ഉള്ള ഈ വിദ്യാലയങ്ങള്‍. ഇവ എല്ലാം തന്നെ ഇന്നും തമിഴ് മീഡിയം വിദ്യാലയങ്ങളായി നിലനില്‍ക്കുന്നു. നാല് തലമുറയോളമായി കേരളത്തിന്റെ മണ്ണില്‍ ജീവിക്കുകയും കേരളത്തില്‍ വോട്ടവകാശം ഉള്ളവരുമായ ഇവരെ മലയാളം പഠിപ്പിക്കേണ്ടതില്ല എന്ന് ഭരണകൂടം തീരുമാനിച്ചിരിക്കാം. എത്രയാലും ഇവര്‍ തമിഴ് മക്കള്‍, രണ്ടാംകിട പൗരന്മാര്‍, നമ്മുടെ ശ്രേഷ്ഠ ഭാഷ അവര്‍ക്കെന്തിന്? ഒരു സംസ്‌കാരത്തില്‍ നിന്ന് പിഴുത് മാറ്റപെടുകയും മറ്റൊരു സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ കഴിയാതിരിക്കുന്നതുമായ അവസ്ഥയില്‍ ഇവര്‍ ജീവിക്കുന്നു. തമിഴിലും മലയാളത്തിലും അര്‍ദ്ധ സാക്ഷരരായി ഇവര്‍ തുടരേണ്ടി വരുന്നു. ഇന്നും സാംസ്‌കാരികവും ഭാഷാപരവുമായി പ്രതിസന്ധി അനുഭവിക്കുന്നവരാണ് തലമുറകള്‍ക്ക് മുന്‍പ് തൊഴിലധിഷ്ടിത കുടിയേറ്റത്തിനു വിധേയരായ ഇവര്‍. തൊഴിലാളികളുടെ കുട്ടികള്‍ തമിഴ് മീഡിയം സ്‌കൂളില്‍ പഠിച്ചാല്‍ മതി, അതും നാലാം ക്ലാസ്സ് തന്നെ ധാരാളം. അര്‍ദ്ധസാക്ഷരരായ തൊഴിലാളികളായി ഇവരെ നിലനിര്‍ത്തേണ്ടത് കമ്പനിയുടെ ആവശ്യമാണ്. കാരണം ഇനിയും തലമുറകളോളം ബലിയാടുകളായി ഒരു കുടുംബത്തില്‍ നിന്ന് ഒരാളെ എങ്കിലും കമ്പനിക്ക് പണിയെടുപ്പിക്കേണ്ടതുണ്ട്.

കമ്പനിവക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഇതേ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടേയും ചുരുക്കം തൊഴിലാളി നേതാക്കളുടെയും മക്കള്‍ക്ക് മാത്രമേ അവിടെ പ്രവേശനമുള്ളൂ. ഞങ്ങള്‍ കണ്ട ലായങ്ങളില്‍ ഒന്നിലും അവിടെ പഠിക്കുന്ന കുട്ടികളെ കാണാനായില്ല! എത്ര പ്രതികൂല സാഹചര്യത്തിലും വിദ്യാഭ്യാസം അനിവാര്യമാണെന്ന് മനസ്സിലാക്കിയ തലമുറയാണ് ഇന്നത്തെ തോട്ടം തൊഴിലാളികളുടെ മക്കള്‍. ലായങ്ങള്‍ സ്ഥിതിചെയ്യുന്ന പല പ്രദേശങ്ങളില്‍ നിന്നും ബസ്സുകളോ മറ്റ് പൊതുവായ യാത്ര സംവിധാനങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ മുന്നാര്‍ ടൌണ്‍ വരെ ദിവസവും വന്ന് പഠിക്കുന്നത് പ്രയാസമാണ്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും മാര്‍ഗങ്ങളില്ല. ആയതിനാല്‍ അധികം പേരും കുട്ടികളെ ദൂരെ സ്ഥലങ്ങളില്‍ വിട്ട് പഠിപ്പിക്കുന്നു. കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം തമിഴ് മീഡിയത്തിലായതിനാല്‍ ഇവരില്‍ ഭൂരിപക്ഷവും തമിഴ് നാട്ടിലാണ് വിദ്യാഭ്യാസത്തിനായി പോകുന്നത്. തങ്ങളുടെ തുച്ഛമായ ശമ്പളം കുട്ടികളുടെ വിദ്യാഭ്യാസത്തിന് തികയാത്തതിനാല്‍ പലതരം കടമിടപാടുകള്‍ നടത്തിയാണ് ഇവര്‍ മുന്നോട്ട് പോകുന്നത്. ബിരുദധാരികളായ ചെറിയ ഒരു വിഭാഗവും തൊഴിലാളികളുടെ മക്കള്‍ക്കിടയിലുണ്ട്. എന്നാല്‍ ഇവര്‍ക്ക് തൊഴില്‍ നല്‍കാനാവട്ടെ കമ്പനി ഒരുക്കവുമല്ല!

 

 

 

ലായങ്ങള്‍
കൊളുന്ത് നുള്ളുന്ന ഒരു സാധാരണ തൊഴിലാളിക്ക് കൊടുക്കുന്ന താമസസ്ഥലം ഒരു മുറിയും ചെറിയ ഒരു അടുക്കളയും ഉള്‍പ്പെടുന്ന ലായമാണ്. നീളത്തില്‍ അഞ്ചോ ആറോ വീടുകള്‍ ഒറ്റ നിരയില്‍ ഉണ്ടാകും. ഈ ഒറ്റമുറിയില്‍ പലപ്പോഴും ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടാകാം. വളരെ ചുരുങ്ങിയ സൗകര്യങ്ങള്‍ ആണെങ്കിലും ദൈവങ്ങളും ഓര്‍മകളും നിറഞ്ഞ് നില്‍ക്കുന്ന ചുമരുകളാണ് മിക്ക വീടുകളുടെയും. ഒരാള്‍ക്ക് കഷ്ടിച്ച് നില്‍ക്കാവുന്ന കുളിമുറിയും കക്കുസും. അതാകട്ടെ അടുക്കളയോട് തൊട്ടുചേര്‍ന്നും. പലയിടത്തും ഒന്നിച്ചുള്ള കക്കൂസുകള്‍ ലായത്തിനടുത്ത് പണിതിട്ടുള്ള നിലയിലും കണ്ടു. മലിനജലം ഒഴുകി പോകാന്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒന്നുമില്ല. മിക്ക ലായത്തിനും പിന്നില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. ലായങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത് കമ്പനിയാണ്. എന്നാല്‍ അവര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ല. മിക്ക വീടുകളും ടാര്‍പോളിനും പ്ലാസ്റ്റിക് ചാക്കുകളും കെട്ടി നിലനിര്‍ത്തിയിരിക്കുന്നവയാണ്. ഇവയുടെ അറ്റകുറ്റ പണിയുമായി ബന്ധപെട്ട് കമ്പനി ഏറെ വര്‍ഷങ്ങളായി കൃത്യമായി നല്‍കുന്ന ഏക സേവനം ലായങ്ങള്‍ വൈറ്റ് വാഷ് ചെയ്യാന്‍ വര്‍ഷത്തില്‍ 18 രൂപ നല്‍കുന്നതാണ്. എന്നാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ വിരമിക്കുകയോ ചെയ്താല്‍ എത്ര പൊളിഞ്ഞതായാലും ലായങ്ങള്‍ തിരിച്ചേല്‍പിച്ചാല്‍ മാത്രമേ പി.എഫ് ഉള്‍പ്പെടെ ഉള്ള മറ്റ് ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക് നല്‍കുകയുള്ളൂ എന്നത് കര്‍ശനം.

 

ആരോഗ്യം
തോട്ടം തൊഴിലാളികള്‍ക്കിടയില്‍ സ്ത്രീ, പുരുഷ ഭേദമന്യേ ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ്. മിക്കവാറും എല്ലാവരെയും അലട്ടുള്ള പ്രശ്‌നമാണ് നടുവ് വേദനയും നട്ടെല്ലിന്റെ ബലക്ഷയവും. ഇക്കാരണത്താല്‍ തന്നെ 40-45 വയസ്സ് ആകുമ്പോഴേക്കും പണിചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലെത്തുന്നു. സ്ത്രീകളില്‍ വളരെ വലിയൊരു ശതമാനവും ഗര്‍ഭാശയ രോഗങ്ങള്‍ ഉള്ളവരോ ഗര്‍ഭപാത്രം എടുത്ത് കളയേണ്ടി വന്നിട്ടുള്ളവരോ ആണ്. രാവിലെ മുതല്‍ വൈകിട്ട് ഏകദേശം 6 മണിവരെ 100 കിലോയോളം ഭാരം താങ്ങിയാണ് സ്ത്രീ തൊഴിലാളികള്‍ നില്‍ക്കേണ്ടത്. വൈകുന്നേരം മാത്രമാണ് ഇവ ഫാക്ടറിയില്‍ എത്തിക്കാനുള്ള വണ്ടികള്‍ എത്തുന്നത്. ഒരു വലിയ പ്രദേശത്ത് നിന്നുമുള്ള കൊളുന്തുകള്‍ കൊണ്ടുപോകാനുള്ള വണ്ടി തോട്ടത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്താകും വരുന്നത്. അവിടം വരെ ഈ ഭാരവും ഏറ്റി നടക്കേണ്ടതുണ്ട്. മറ്റൊരു പ്രധാന പ്രശ്‌നം കൊളുന്ത് ശേഖരിക്കാന്‍ ഉപയോഗിക്കുന്ന കത്രിക മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്. ഏകദേശം പതിനഞ്ച് വര്‍ഷം മുന്‍പാണ് കൊളുന്ത് ശേഖരിക്കാന്‍ കത്രികകള്‍ നിര്‍ബന്ധമാക്കിയത്. അതുകൊണ്ട് തന്നെ കൊളുന്ത് ‘നുള്ളുക’ എന്ന പ്രയോഗത്തിന് അര്‍ത്ഥമില്ലാതായിരിക്കുന്നു. ഒന്നര കിലോയോളം ഭാരം വരുന്ന കത്രികയും അതിനോട് ചേര്‍ന്നുള്ള ഒരു കിലോ കൊളുന്ത് ശേഖരിക്കാവുന്ന സഞ്ചിയും എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കണം. തുടര്‍ച്ചയായി ഉള്ള ഉപയോഗം മൂലം തോള് വേദനയും തേയ്മാനവും എല്ലാവര്‍ക്കും ഒരു പതിവായി മാറികഴിഞ്ഞു.

 

 

പുരുഷ തൊഴിലാളികളുടെ ആരോഗ്യ പ്രശ്‌നങ്ങളും ചെറുതല്ല. പുരുഷ തൊഴിലാളികള്‍ക്ക് ഒരു നിശ്ചിതജോലി ഇല്ല. അന്നന്ന് രാവിലെ ആണ് പലപ്പോഴും ജോലി എന്താണെന്ന് അറിയുക. പ്രധാനമായും തേയില ചെടികള്‍ക്ക് മരുന്നടിക്കുക, വന്യമൃഗങ്ങളെ ഓടിക്കുക, സീസണില്‍ കൊളുന്ത് ശേഖരിക്കുക എന്നിവയൊക്കെയാണ് ഇവരുടെ ജോലി. മരുന്ന് അടിക്കുന്ന യന്ത്രം 40 കിലോയ്ക്കു മേലെ ഭാരമുള്ളതാണ്. ഇതും താങ്ങി വേണം കുത്തനെയുള്ള കയറ്റവും ഇറക്കവും ഒക്കെ നടന്നു തീര്‍ക്കാന്‍. മരുന്നിന്റെ അലര്‍ജി മൂലം പലര്‍ക്കും ശ്വാസകോശ രോഗങ്ങളും ത്വക്ക് രോഗങ്ങളും ഉണ്ട്. പലരും നടുവ് വേദനയും വൃക്ക സംബന്ധമായ രോഗങ്ങളും മൂലം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവരായി മാറിക്കഴിഞ്ഞു.

 

എയിഡ്‌സ് രോഗബാധിതരും ഇവര്‍ക്കിടയിലുണ്ട്. ഇത്തരത്തില്‍ രോഗബാധിതരെ മെഡിക്കല്‍ ഗ്രൌണ്ട്‌സില്‍ വിരമിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇവര്‍ക്ക് മരുന്നിനോ ചികിത്സക്കോ ആവശ്യമായ യാതൊരു സഹായവും കമ്പനിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ലഭിക്കുന്നില്ല. കേരളത്തിലെ ആരോഗ്യ വകുപ്പും ഇതൊന്നും അറിയാന്‍ കൂട്ടാക്കാറില്ല എന്ന് തന്നെ കരുതണം. തുച്ഛമായ പെന്‍ഷന്‍ അല്ലാതെ ഇവരുടെ താമസ സൗകര്യം പോലും ഉറപ്പാക്കാന്‍ കമ്പനി മെനക്കെടുന്നില്ല. കൂടെയുള്ള തൊഴിലാളികളുടെ കൂടെ താമസിച്ചാണ് പലരും ജീവിച്ച് പോകുന്നത്. എന്നാല്‍ എയിഡ്‌സ് രോഗമുള്ളവരോട് കേരളത്തിലെ പൊതുസമൂഹം കാണിക്കുന്ന നികൃഷ്ട മനോഭാവം ഈ തൊഴിലാളികള്‍ക്കില്ല. മറ്റേത് രോഗവും പോലെ തന്നെ ഇവരെയും കൂടെ കൂട്ടി മുന്നോട്ട് പോകുന്ന സ്വാഭാവിക മനോഭാവം അസുഖമുള്ളവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും നേരെ മുഖം തിരിക്കുന്ന കേരള ജനത കണ്ട് പഠിക്കേണ്ടതാണ്.

 

ഇന്‍ഷുറന്‍സ് എന്നപേരില്‍ ഒരു നിശ്ചിത തുക ശമ്പളത്തില്‍ നിന്ന് പിടിക്കുന്നുണ്ടെങ്കിലും വളരെ ചെറിയ ആനുകൂല്യങ്ങള്‍ മാത്രമേ ഇവിടുത്തെ തോട്ടം തൊഴിലാളികളുടെ ചികിത്സയ്ക്കായി കമ്പനി നല്‍കുന്നുള്ളൂ. ഇതാകട്ടെ കുട്ടികള്‍ക്കോ മറ്റ് കുടുംബാംഗങ്ങള്‍ക്കോ ലഭിക്കുകയുമില്ല. കമ്പനി വക ആശുപത്രിയില്‍ നിന്നാകട്ടെ പാരാസെറ്റമോളും ക്രോസിനും അല്ലാതെ മറ്റ് മരുന്നുകളൊന്നും തൊഴിലാളികള്‍ക്ക് നല്‍കാറില്ല. വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ ഇല്ലതാനും. ഇത്രയധികം ജോലി ഭാരമുണ്ടായിട്ടും യാതൊരു വിധ ഹെല്‍ത്ത് ചെക്ക് അപ്പുകളും തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പാക്കാറുമില്ല.

 

ജോലിഭാരം മൂലമോ മറ്റ് കാരണങ്ങള്‍ മൂലമോ രോഗബാധിതരാവുന്നവരെ നിര്‍ബന്ധമായി വിരമിപ്പിച്ച് പറഞ്ഞ് വിടുകയാണ് പതിവ്. 1000 രൂപയോ അതില്‍ കുറവോ വരുന്ന പെന്‍ഷന്‍ കൂടാതെ യാതൊരു സഹായവും ഇക്കൂട്ടര്‍ക്ക് ലഭിക്കാറില്ല. എല്ലാംകൊണ്ടും പൂര്‍ണ ആരോഗ്യവാന്മാരെ മാത്രം തൊഴിലാളികളായി കാണുന്ന മുതലാളിത്ത മന:സ്ഥിതി തന്നെയാണ് കണ്ണന്‍ ദേവന്‍ കമ്പനിയും നിലനിര്‍ത്തി പോരുന്നത്.

 

 

കണക്കിലെ കളികളും കടക്കെണിയും
തൊഴിലെടുക്കുന്നവര്‍ക്ക് അവകാശപെട്ടതാണ് കൂലി. അതൊരു ഔദാര്യമോ സേവനമോ അല്ല. കണ്ണന്‍ ദേവന്‍ കമ്പനി ഇന്ന് ഒരു തൊഴിലാളിക്ക് നല്‍കുന്ന ദിവസക്കൂലി 232 രൂപയാണ്. അതായത് മാസശമ്പളം എങ്ങനെ പോയാലും അയ്യായിരം രൂപയില്‍ അധികം വരേണ്ടതാണ്. എന്നാല്‍ വെട്ടിയും കുറച്ചും കിഴിച്ചുമൊക്കെ ഒട്ടുമിക്കവര്‍ക്കും കിട്ടുന്ന മാസശമ്പളം മൂവായിരത്തിനും മൂവായിരത്തി അഞ്ഞൂറിനും ഇടയില്‍ മാത്രമാണ്. ഒരു കുടുംബത്തിന് മൂന്ന് മാസത്തില്‍ ഒരിക്കല്‍ കമ്പനി വകയായി 74 കിലോ മോശപെട്ട അരി നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനായും ഇവരുടെ ശമ്പളത്തില്‍ നിന്ന് ഒരു തുക ഈടാക്കുന്നു. ഇത്തരത്തില്‍ അരിക്കും, വിറകിനും പൊട്ടിപ്പൊളിഞ്ഞ ലായങ്ങള്‍ക്കും കറന്‍റിനും മറ്റു പല പേരുകളിലും വെട്ടിക്കുറച്ച് വെട്ടിക്കുറച്ച് അവസാനം ഒന്നുമില്ലാതാകുന്നു. 3500 രൂപകൊണ്ട് ഇന്നത്തെ കാലത്ത് ജീവിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ വീട്ടില്‍ ഒരാള്‍ എങ്കിലും മറ്റ് ജോലികള്‍ക്ക് പോകേണ്ടി വരുന്നു. തത്വത്തില്‍ പി.എഫ് എല്ലാവര്‍ക്കും ഉണ്ടെങ്കിലും അതില്‍ നിന്നൊക്കെ പണ്ടേ ലോണ്‍ എടുത്തല്ലേ ഞങ്ങള്‍ ജീവിക്കുന്നത് എന്നതായിരുന്നു സ്റ്റാന്‍ഡേര്‍ഡ് മറുപടി. ഭൂരിഭാഗം പേരും പ്രാദേശിക കടമിടപാടുകരെയും സ്വകാര്യ വായ്പ സംഘങ്ങളെയും കൊള്ള പലിശക്കാരേയും ആശ്രയിച്ച് ജീവിക്കുന്നു. ഏറ്റവുമധികം കടം എടുക്കേണ്ടി വരുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വേണ്ടിയാണ്. ഇവ രണ്ടും മാന്യമായി ലഭിക്കുക എന്നത് സംഘടിതമേഖലയിലെ തൊഴിലാളികളുടെ അവകാശമല്ലേ? ഉള്ള കിടപ്പാടം നഷ്ടപ്പെടും എന്ന ഭീഷണി മാത്രമാണ് തൊഴിലാളികളെ എല്ലാ അര്‍ത്ഥത്തിലും ഇന്ന് ഇവിടെ പിടിച്ച് നിര്‍ത്തുന്നതും മക്കളില്‍ ഒരാളെ എങ്കിലും കമ്പനി തൊഴിലാളിയായി നിലനിര്‍ത്താന്‍ അവരെ നിര്‍ബന്ധിക്കുന്നതും.

 

അന്നും ഇന്നും
വിരമിച്ചു കഴിഞ്ഞ് പോകാന്‍ ഇടം അന്വേഷിച്ചുകൊണ്ടിരിക്കുന്ന രാമസ്വാമിയും ചന്ദ്രയും 12 വയസ്സില്‍ ജോലിക്ക് കയറിയവരാണ്. തുടങ്ങിയ കാലത്ത് 2 രൂപ ആയിരുന്നു ശമ്പളം. എന്നാല്‍ കമ്പനിയുടെ പല നയങ്ങളും അന്ന് മാനുഷികമായിരുന്നു എന്ന് ഇവര്‍ പറയുന്നു, പ്രത്യേകിച്ചും ചികിത്സ സൗകര്യങ്ങള്‍. രണ്ട് ഡിവിഷനുകള്‍ക്ക് ഒരു എസ്‌റ്റേറ്റ് ആശുപത്രിയാണ് അന്നും ഇന്നും ഉള്ളത്. എന്നാല്‍ ഇന്ന് ഈ ആശുപത്രികളില്‍ ഒരു നേഴ്‌സ് മാത്രമാണ് ഉള്ളത്. അയ്യായിരത്തില്‍ അധികം ജനസംഖ്യയുള്ള ആറ് ഡിവിഷനുകള്‍ക്ക് വന്നാല്‍ വന്നു എന്നുള്ള ഒരു ഡോക്ടറും. ചന്ദ്രയുടെ ഓര്‍മയില്‍ ഓരോ എസ്‌റ്റേറ്റ് ആശുപത്രിയിലും ഡോക്ടര്‍മാരും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരുന്നു. ഇന്ന് കമ്പനിയുടെ പ്രധാന ആശുപത്രി മുന്നാര്‍ ടൌണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ബസ് സൗകര്യം പോലുമില്ലാത്ത മലകളില്‍ നിന്ന് ഓരോന്നിനും അവിടെ വരെ എത്തിച്ചേരുക എന്നത് പ്രയാസമാണ്. പതിനഞ്ച് വര്‍ഷം മുന്‍പ് വരെ ‘കൊളുന്ത് നുള്ളുക’ എന്ന പ്രയോഗത്തിനും അര്‍ത്ഥമുണ്ടായിരുന്നു. കാരണം ഇതിനായി കത്രികകളോ യന്ത്രങ്ങളോ ഉപയോഗിച്ചിരുന്നില്ല. മിനിമം വേതനത്തിന് ശേഖരിക്കേണ്ട കൊളുന്തിന്റെ അളവും കുറവായിരുന്നതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളും കുറവായിരുന്നു. മിക്കവരും ആരോഗ്യത്തോടെ തന്നെ തൊഴില്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചിരുന്നു എന്ന് സ്വന്തം അമ്മയെ ഓര്‍ത്തുകൊണ്ട് അവര്‍ പറഞ്ഞു. എന്നാല്‍ ഇന്ന് 45 വയസാകുമ്പോള്‍ തന്നെ അനാരോഗ്യം മൂലം ജോലിയില്‍ നിന്ന് വിരമിക്കേണ്ടി വരുന്നു. പഞ്ചായത്ത് വകയുള്ള റേഷനും കൃത്യമായി ലഭിച്ചിരുന്നു എന്ന് ചന്ദ്ര ഓര്‍മിക്കുന്നു.

 


രാമസ്വാമി

 

മലയാളി സര്‍ക്കാര്‍
കേരള സര്‍ക്കാര്‍ പച്ച മലയാളം പറയുന്നവരുടെ മാത്രം സര്‍ക്കാരായി നിലകൊള്ളുന്ന ഒന്നാണെന്ന് മൂന്നാര്‍ മനസിലാക്കി തരുന്നുണ്ട്. തൊഴിലാളി കുടുംബങ്ങളില്‍ ഭൂരിഭാഗവും എപിഎല്‍ വിഭാഗത്തില്‍ പെടുന്നവരാണ്. എന്നാല്‍ ഇവരെ എപിഎല്‍ ആക്കുന്ന യാതൊന്നിനും സ്ഥിരത ഇല്ല. കമ്പനി നല്കുന്ന ലായങ്ങള്‍, അനാരോഗ്യത്തിന്റെയോ അവധിയുടെയോ എന്നല്ല എന്തിന്റെ പേരിലും തെറിക്കുന്ന ജോലി, തത്വത്തില്‍ ഉള്ളതിലും വളരെ കുറഞ്ഞ ശമ്പളം. എങ്കിലും സര്‍ക്കാരിന്റെ കണ്ണില്‍ ഇവര്‍ എപിഎല്‍ വിഭാഗക്കാരാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പദ്ധതികളുടെ പരിധിയില്‍ ഒന്നുംതന്നെ ഇവര്‍ വരുന്നില്ല. ചുരുക്കം ചിലര്‍ ബിപിഎല്‍ വിഭാഗക്കാരാണെങ്കിലും ഇക്കൂട്ടര്‍ക്കും മണ്ണെണ്ണ അല്ലാതെ മറ്റ് സേവനങ്ങള്‍ ലഭിക്കുന്നത് അപൂര്‍വമാണ്. തൊഴില്‍രഹിതരാകുമ്പോള്‍ സ്വന്തമായി കിടപ്പാടം പോലും ഇല്ലാതാവുന്ന സ്ഥിതിയാണ് ഇവര്‍ക്ക്. എങ്കിലും പഞ്ചായത്തിന്റെ ഗുണഭോക്താക്കളുടെ പട്ടികയില്‍ നിന്നും എക്കാലത്തും പുറത്താക്കപെടുന്നവരാണിവര്‍. പഞ്ചായത്ത് ഓഫീസില്‍ വിവരങ്ങള്‍ അന്വേഷിക്കാനോ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് അറിയാനോ വരുന്ന തൊഴിലാളികളോട് നിങ്ങള്‍ക്കുള്ളതെല്ലാം കമ്പനി തരുമെന്ന ഒഴുക്കന്‍ മറുപടിയാണ് സ്ഥിരം പല്ലവി. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഒന്നും പ്രയോജനവും ഇവര്‍ക്ക് ലഭിക്കുന്നില്ല. സര്‍ക്കാര്‍ അറിയിപ്പുകളോ അപേക്ഷ ഫോറങ്ങളോ വായിച്ച് മനസിലാക്കാനുള്ള മലയാള ഭാഷ ഇവര്‍ക്ക് അറിയില്ല. കുടുംബശ്രീ പോലുള്ള സംരംഭങ്ങള്‍ വായ്പ ഇടപാടുകള്‍ക്ക് വേണ്ടി മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മൂന്നാറിലെ ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമി ആകട്ടെ എവിടെയാണെന്ന് പട്ടയം കിട്ടിയ ഭൂരിപക്ഷം പേര്‍ക്കും കണ്ടുപിടിക്കാനായിട്ടില്ല. ഒരു നല്ല സര്‍ക്കാര്‍ ആശുപത്രി പോലും മൂന്നാറില്‍ ഇല്ല. താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത് അടിമാലിയിലാണ്. സാമാന്യം മെച്ചപെട്ട ചിത്തിരപുരം PHCയും കമ്പനി ആശുപത്രിയും ഉണ്ടെങ്കില്‍ തന്നെ വിസ്തൃതവും കുത്തനെയുള്ള ഏറ്റക്കുറച്ചിലുകള്‍ ഉള്ളതുമായ ഒരു വലിയ പ്രദേശത്തിന് ഇവ അപര്യാപ്തമാണ്. വിദ്യാഭ്യാസ സ്ഥാപങ്ങളുടെ കാര്യത്തിലും മേല്‍പറഞ്ഞത് ബാധകമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മെച്ചപെട്ട സേവനങ്ങള്‍ നല്കുമ്പോള്‍ അത് ആവശ്യക്കാരിലേക്ക് എത്തുന്നുണ്ടോ എന്നതും ഉറപ്പാകേണ്ടതുണ്ട്. അംഗന്‍വാടികളാണ് ഈ സ്വഭാവത്തില്‍ നിന്നും മാറി ഉഷാറായി പ്രവര്‍ത്തിക്കുന്ന ഏക സംരംഭം. കൃത്യമായ ഭക്ഷണവും പോഷകാഹാരവും നല്‍കുന്നതിനാല്‍ തന്നെ കമ്പനി വക ക്രഷില്‍ വിടുന്നതിലും മാതാപിതാക്കള്‍ക്ക് താല്‍പര്യം അംഗന്‍വാടികളാണ്.

 


ഷോലമുത്തു

 

നുഴഞ്ഞു കയറുന്ന ഹൈന്ദവ രാഷ്ട്രീയം
മുന്നാറിലെ തോട്ടം തോഴിലാളികള്‍ക്ക് ജീവിക്കാന്‍ ഇതര ജോലികളും വരുമാന മാര്‍ഗങ്ങളും കൂടിയേ തീരൂ. അപ്രതീക്ഷിതമായി സംസാരത്തിനിടയിലേക്ക് കടന്ന് വന്നതാണ് വരുമാന മാര്‍ഗമെന്ന പേരില്‍ പേടിപ്പിക്കുന്ന ഒരു നുഴഞ്ഞ് കയറ്റം. ഏകല്‍ വിദ്യാലയ എന്ന പേരില്‍ കോട്ടയം പ്രാദേശിക മേല്‍വിലാസം രേഖപെടുത്തിയ കവറില്‍ തമിഴ് പുസ്തകങ്ങള്‍ കൃത്യമായി അയച്ച് കൊടുക്കുമത്രേ. പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ ലായങ്ങളിലെ കുട്ടികള്‍ക്കുള്ള ഹിന്ദുമത പഠനമാണ് സംഭവം. ഫോണ്‍ മുഖേനയും അധ്യാപികയ്ക്ക് ക്ലാസുകള്‍ ഉണ്ടാകാറുണ്ട്. ഉത്തരേന്ത്യയില്‍ പല ഗ്രാമങ്ങളിലും പ്രവര്‍ത്തനമുറപ്പിച്ച ഏകല്‍ വിദ്യാലയ അമേരിക്കന്‍ അധിഷ്ടിത എന്‍ജിഓ ആണ്. തത്വത്തില്‍ ഗ്രാമീണ വികസനവും വിദ്യാഭ്യാസവുമാണ് ലക്ഷ്യമെങ്കിലും വിശ്വഹിന്ദു പരിഷത്തുമായി അടുത്ത ബന്ധമുള്ള സംരംഭമാണിത്. കേരള സര്‍ക്കാറും പൊതുസമൂഹവും തിരിഞ്ഞ് നോക്കാത്ത മലനിരകളെ കാവി ഉടുപ്പിക്കാന്‍ വേണ്ടിയുള്ള ബുദ്ധിപരമായ ഈ നുഴഞ്ഞ് കയറ്റം ഭയപെടുത്തുന്നതാണ്. ഇത്തരം നുഴഞ്ഞ് കയറ്റങ്ങള്‍ കേരളത്തെ വിഴുങ്ങും മുന്‍പെങ്കിലും സാക്ഷര ജനതയും മതേതര പാര്‍ട്ടികളും ഇവ തിരിച്ചറിയണം.

 

തൊഴിലാളികളെ കമ്പനിയുടെ ഓഹരി ഉടമകളാക്കി മാറ്റിയതിലൂടെ തോട്ടം ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല എന്നത് കമ്പനി ഉറപ്പിച്ചു. കമ്പനിക്കോ അതിന്റെ നടത്തിപ്പിനോ മേല്‍ അവകാശവാദം ഒന്നയിക്കാനുള്ളത്ര ഓഹരി തൊഴിലാളികള്‍ക്ക് ഇല്ലതാനും. ജയ്‌മേരിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, ലാഭം കിട്ടുമ്പോള്‍ കമ്പനി ലഡ്ഡു തരും, പക്ഷേ നഷ്ടമാണെങ്കില്‍ ശമ്പളത്തില്‍ പിടിക്കാന്‍ മറക്കില്ല. നവ മുതലാളിത്ത മന:സ്ഥിതിക്കനുസരിച്ച് മാറിക്കഴിഞ്ഞ കണ്ണന്‍ ദേവന്‍ കമ്പനി, അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ച് കൊണ്ടും പുറം ലോകവുമായുള്ള ബന്ധം നിയന്ത്രിച്ചു കൊണ്ടും തലമുറകളുടെ പുരോഗതിയെ പിടിച്ച് നിര്‍ത്തുന്നു. കമ്പനിക്കെതിരെ ശബ്ദമുയാര്‍ത്താന്‍ തൊഴിലാളികളെ പ്രാപ്തരാക്കുന്ന എല്ലാ വഴികളും സമര്‍ഥമായി അടയ്ക്കാന്‍ കമ്പനി ഇന്നും വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. തൊഴിലാളികളെ ഇങ്ങനെ നിലനിര്‍ത്തേണ്ടത് കമ്പനിയുടെ വളര്‍ച്ചക്ക് അനിവാര്യമാണ്. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന് കമ്പനി കൂടിയേ തീരു എന്ന് ധരിക്കുന്നവരാണ് ഇവരില്‍ അധികം പേരും. പൊതുവേ അവകാശബോധമുള്ള, സാക്ഷര സമൂഹമായി അറിയപ്പെടുന്ന കേരളം ഈ തൊഴിലാളി സമൂഹവും നമ്മുടെ ഭാഗമാണെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു.

 

ചിത്രങ്ങള്‍ : വരുണ്‍

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

അന്ന മിനി

അന്ന മിനി

ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇകണോമിക് ചേഞ്ചില്‍ ഗവേഷക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍