UPDATES

News

മൂന്നാര്‍ സമരം: കറ മായ്ക്കാന്‍ കമ്പനിയുടെ പരസ്യം

അഴിമുഖം പ്രതിനിധി

മൂന്നാര്‍ തേയിലതൊഴിലാളി സമരത്തിന്റെ അലകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അത് മറ്റു ജില്ലകളിലെ തൊഴിലാളികള്‍ക്കിടയിലേക്കും പടരുന്നു. കാലങ്ങളോളം അടിച്ചമര്‍ത്തലിന്റെ നിഴലില്‍ കഴിഞ്ഞിരുന്ന തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ സമരത്തിന്റെ പോരാട്ട വഴികളിലേക്ക് എത്തിയതോടെ ലോകമറിഞ്ഞത് ചൂഷണങ്ങളുടേയും ദുരിതങ്ങളുടേയും നീറുന്ന കഥകളാണ്. അവര്‍ നിലനില്‍പ്പിനായി സമരം ചെയ്ത്, പൊരുതി വിജയം കമ്പനിക്ക് ഉണ്ടാക്കിയ കറുത്ത പാടുകള്‍ പത്രപരസ്യം വഴി മാറ്റാനുള്ള ശ്രമത്തിലാണ് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് കമ്പനി ലിമിറ്റഡ് (കെഡിഎച്ച്പി).

ഇന്നത്തെ പ്രമുഖ ദിനപ്പത്രങ്ങളിലെല്ലാം കമ്പനിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന പരസ്യങ്ങള്‍ ഒരു പേജിന്റെ നാലിലൊന്ന് ഭാഗം അപഹരിച്ചിട്ടുണ്ട്. മൂന്നാറില്‍ കമ്പനി നടത്തിയ സേവനങ്ങള്‍ എന്ന് അവകാശപ്പെട്ടു കൊണ്ടുള്ള പട്ടികയാണ് പത്രങ്ങളില്‍ പരസ്യമായി നല്‍കിയിരിക്കുന്നത്. കൂടാതെ ഇപ്പോള്‍ കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു കാരണം തൊഴിലാളികള്‍ ആണെന്ന് പരസ്യത്തില്‍ ആരോപിക്കുന്നുണ്ട്.

തൊഴിലാളികളുടെ ക്ഷേമത്തിനുള്ള പ്രതിബദ്ധത കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സിന്റെ ആത്മാവില്‍ ഉള്‍ച്ചേര്‍ന്ന കാര്യമാണെന്ന് അവകാശപ്പെടുന്ന പരസ്യത്തില്‍ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും ഓഹരി ഉടമകളായ കമ്പനിയാണ് കെഡിഎച്ച്പി എന്ന് സമ്മതിക്കുന്നുണ്ട്. കമ്പനിയുടെ സുപ്രധാന നയങ്ങള്‍ക്ക് രൂപം നല്‍കാനും തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയില്‍ ഭാഗ ഭാക്കാകാനുമായി കമ്പനിയുടെ ബോര്‍ഡിലേക്ക് എല്ലാ വര്‍ഷവും ഒരു തൊഴിലാളിയേയും ഒരു ജീവനക്കാരനേയും നാമനിര്‍ദ്ദേശം ചെയ്യാറുണ്ടെന്നും പരസ്യം പറയുന്നു.

സമൂഹത്തില്‍ വ്യത്യസ്തങ്ങളായ അനവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുകയും പിന്തുണക്കുകയും കമ്പനിചെയ്യുന്നുണ്ട്.  സമൂഹത്തോടുള്ള ഉത്തരവാദിത്വമാണ് കമ്പനിയുടെ പ്രധാന ലക്ഷ്യമെന്നതിന് ആരോഗ്യ,വിദ്യാഭ്യാസ രംഗങ്ങളിലെ കമ്പനിയുടെ സംഭാവനകള്‍ തന്നെയാണ് തെളിവ് എന്നും കമ്പനി പറയുന്നു. പക്ഷേ ഇപ്പോള്‍ മൂന്നാര്‍ മേഖലയിലെ തൊഴിലാളികളുടെ ജീവിതനിലവാരത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ കമ്പനിയുടെ വാദങ്ങള്‍ ന്യായത്തിനു നിരക്കാത്തതാണെന്ന് വ്യക്തമാക്കുന്നു.

തങ്ങളുടെ തൊഴിലാളികളുടെ മക്കള്‍ക്ക് കെ ഡി എച്ച് പി വിദ്യാഭ്യാസ പിന്തുണ നല്‍കുന്നു. ഓഹരി ഉടമകളായ ടാറ്റ ഗ്ലോബല്‍ ബിവറേജസ് ലിമിറ്റഡിന്റെ ( ടിജിബിഎല്‍) സഹകരണത്തോടെ കെഡിഎച്ച്പി മൂന്നാറില്‍ നടത്തുന്ന ദി ഹൈറേഞ്ച് സ്‌കൂള്‍ ഇവിടത്തെ തൊഴിലാളികളുടെ മക്കള്‍ക്ക് വേണ്ടിയുള്ളതും പകുതി സീറ്റുകള്‍ അവര്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. മേഖലയിലെ മികച്ച സ്‌കൂളുകളിലൊന്നായാണ് ഇത് പരിഗണിക്കപ്പെടുന്നത് എന്നും കമ്പനി അവകാശപ്പെടുന്നു.

മൂന്നാറിലെ ജനറല്‍ ആശുപത്രിയാണ് ഈ മേഖലയിലുള്ളവരുടെ എല്ലാം ആശ്രയകേന്ദ്രമായ ഏക ആരോഗ്യസ്ഥാപനം. കമ്പനിയിലെ തൊഴിലാളികളുടെ ചികിത്സാആവശ്യങ്ങള്‍ നിറവേറ്റുന്ന ഈ ആശുപത്രി പരിസരത്തുള്ള പൊതുജനങ്ങളുടെയും ഏക ആശ്രയം എന്നും സ്ഥാപിക്കാനുള്ള ശ്രമം കമ്പനി ഇതിലൂടെ നടത്തുന്നു. എന്നാല്‍ ഇവിടത്തെ ചികിത്സ തീര്‍ത്തും നിലവാരമില്ലാത്തതാണ് എന്നുള്ള സത്യം ഈ സമരം നടന്ന കാലയളവില്‍ പുറത്ത് വന്നതാണ്.

ആവശ്യമായ സാഹചര്യങ്ങളിലൊക്കെ തൊഴിലാളികളുടെ കുടുംബങ്ങളില്‍ നിന്ന് മാനേജ്‌മെന്റ് ജീവനക്കാരേയും ഓഫീസര്‍മാരേയും കെഡിഎച്ച്പി തെരഞ്ഞെടുത്തിട്ടുണ്ടെന്നും ടാറ്റ സ്ഥാപിച്ച ബിപിഒ ആയ ടിബിഎസ്എസ്, ഇത്തരത്തില്‍ തോട്ടം തൊഴിലാളികളുടെ ആശ്രിതരായവരെയാണ് തങ്ങളുടെ 300-ല്‍ പരം ജീവനക്കാരില്‍ കൂടുതലും ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും പരസ്യം അവകാശപ്പെടുന്നു.

കൂടാതെ 2014 ഒക്ടോബറില്‍ ഗ്രേറ്റ് പ്ലെയ്‌സസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സ്വതന്ത്ര തൊഴിലാളി സര്‍വ്വേയില്‍, ഇന്ത്യയില്‍ തൊഴിലെടുക്കാന്‍ ഏറ്റവും മികച്ച 100 സ്ഥലങ്ങളില്‍ മുന്‍നിരയില്‍ സ്ഥാനം നേടാന്‍ കെഡിഎച്ച്പിക്ക് സാധിച്ചിട്ടുണ്ട് എന്നും അത് ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ നല്‍കാനുള്ള തങ്ങളുടെ പരിശ്രമങ്ങളുടെ പ്രതിഫലനമാണ് ഇതെന്നും കമ്പനി അവകാശപ്പെടുന്നു.

2015 മാര്‍ച്ച് 31ന് കമ്പനി കൊടുക്കേണ്ടിയിരുന്ന സ്റ്റാച്യൂട്ടറി ബോണസ് 8.33 ശതമാനം ആയിരുന്നു. ഗുഡ് വില്ലിന്റെ ഭാഗമായി 1.67% എക്‌സ്‌ഗ്രേഷ്യ കൂടി കൂട്ടിച്ചേര്‍ത്ത് 10 ശതമാനം തങ്ങള്‍ ‘വാഗ്ദാനം’ ചെയ്തുവെന്നും അതിനു പുറമേ, പ്രതികൂല സാമ്പത്തിക സാഹചര്യത്തിലും സാധാരണ നില പുന:സ്ഥാപിക്കാനായി പ്രത്യേക പരിഗണന നല്‍കി 11.67 % എക്‌സ്‌ഗ്രേഷ്യ നല്‍കുകയും അങ്ങനെ ബോണസ്സും എക്‌സ്‌ഗ്രേഷ്യയും ചേര്‍ത്ത് 20% ആക്കുകയുണ്ടായി എന്നും കമ്പനി പ്രസ്താവിക്കുന്നു. തുടര്‍ന്ന് കമ്പനി ശ്രമിക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്കു കാരണം തൊഴിലാളികളുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്ന് വരുത്തി തീര്‍ക്കാനാണ്.

‘തേയിലയുടെ തുടര്‍ച്ചയായ വിലയിടിവു മൂലം പ്രതിസന്ധി നേരിടുന്ന വര്‍ഷത്തില്‍ ബോണസ്സും എക്‌സ്‌ഗ്രേഷ്യയും ചേര്‍ത്ത് ആകെ 20 ശതമാനം നല്‍കുകയെന്നത് കമ്പനിയുടെ സാമ്പത്തിക സ്ഥിതിക്ക് ന്യായയുക്തമായ കാര്യമല്ല, പ്രത്യേകമായ എക്‌സ്‌ഗ്രേഷ്യ ഒത്തുതീര്‍പ്പിനു ശേഷവും തൊഴിലാളികള്‍ മെല്ലെപോക്ക് തുടരുകയാണ്. വിളവെടുക്കാറായ കൊളുന്ത് നുള്ളാതിരിക്കുന്നത് കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയേ ഉള്ളൂ’ എന്നും കമ്പനി തൊഴിലാളി കുറ്റപ്പെടുത്തി കൊണ്ട് പറയുന്നു.

കാലാനുസൃതമായി തോട്ടം തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കുന്നത് കേരള സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളതാണ് പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റി (പിഎല്‍സി). ഈ കമ്മറ്റിയില്‍ കേരള സര്‍ക്കാരിന്റേയും അംഗീകാരമുള്ള ട്രേഡ് യൂണിയനുകളുടേയും, തോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള (എപികെ)യുടെയും പ്രതിനിധികള്‍ അംഗങ്ങളാണ്. വേതനം വര്‍ധിപ്പിക്കാന്‍ പിഎല്‍സി തീരുമാനമെടുക്കുമ്പോള്‍ അത് എല്ലാ അര്‍ത്ഥത്തിലും കമ്പനി നടപ്പാക്കും എന്നും ഇവര്‍ വാഗ്ദാനം നല്‍കുന്നു.

‘പങ്കാളിത്ത മാനേജ്‌മെന്റ് തത്വങ്ങളില്‍ അടിസ്ഥാനമുറപ്പിച്ച കമ്പനിയെന്ന നിലയില്‍, ഞങ്ങളുടെ ഓഹരി ഉടമകള്‍ തന്നെ കൂടുതലായി ഉള്‍പ്പെട്ട തൊഴിലാളി സമൂഹത്തിനു വേണ്ടിയായിരിക്കും ഞങ്ങളുടെ എല്ലാ പ്രയത്‌നങ്ങളും നയങ്ങളും. ഓഹരി ഉടമകളുടെ വളര്‍ച്ച കമ്പനിയുടെ ലാഭവുമായി സ്വാഭാവികമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, കമ്പനിയുടെ ലാഭത്തെ ബാധിക്കാതിരിക്കാനും തൊഴിലാളികളുടെയും ജീവനക്കാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനുമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ എല്ലാ ജീവനക്കാരോടും തൊഴിലാളികളോടും അഭ്യര്‍ഥിക്കുന്നു’ എന്നവസാനിക്കുന്ന പത്രപ്പരസ്യം ഒരിക്കല്‍ കൂടി തൊഴിലാളികളുടെ ഉന്നമനം ആണ് തങ്ങളുടെ ലക്ഷ്യം എന്ന് പറഞ്ഞുവയ്ക്കാനുള്ള ഒരു ശ്രമം കൂടി നടത്തുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍