UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ സമരം മൂന്നാറിലെ തേയിലക്കാടുകളില്‍ വിളയുന്ന ചൂഷണം നുള്ളിയെടുക്കാനായിട്ടുള്ളതാണ്

Avatar

രാകേഷ് നായര്‍

ഒട്ടനേകം തൊഴിലാളി സമരങ്ങളുടെ കഥ പറയാനുള്ള മണ്ണാണ് മൂന്നാറിന്റേത്. വെള്ളക്കാരനും നാടന്‍ സായിപ്പന്മാരും പിന്നെ ജനാധിപത്യത്തിന്റെ കാവല്‍ക്കാരുമെല്ലാം തങ്ങളുടേതായ രീതിയില്‍ തൊഴിലാളികളെ ചൂഷണം ചെയ്തുപോന്ന മണ്ണ്. സൗന്ദര്യം മാത്രം നുകരുന്ന നമ്മള്‍ പലപ്പോഴും കാണാതെ പോകുന്നതും അതാണ്; തൊഴിലാളി ചൂഷണത്തിന്റെ കറുത്ത മുഖമുള്ള മൂന്നാറിനെ…

ഇപ്പോള്‍ മൂന്നാറില്‍ നടക്കുന്നത് ആ മണ്ണിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത മറ്റൊരു സമരമാണ്. തങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വഞ്ചനകള്‍ തിരിച്ചറിഞ്ഞ് തൊഴിലളികള്‍ നേരിട്ട് സമരത്തിനിറങ്ങിയിരിക്കുന്നു. സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലെന്നു വിളിച്ചു പറഞ്ഞുകൊണ്ട് തൊഴിലാളികള്‍ നടത്തുന്ന സമരം. തേയില കൊളുന്തുകള്‍ നുള്ളുന്ന കൈകള്‍ മേല്‍പ്പോട്ട് ഉയര്‍ത്തി അവര്‍ ചോദിക്കുന്നത് തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളുമാണ്. അവര്‍ക്ക് പാര്‍ട്ടികളുടെ കൊടിത്തണല്‍ വേണ്ട…ഈ സമരം മൂന്നാറില്‍ പുതിയൊരു ചരിത്രം കൂടിയാണ് എഴുതുന്നത്. 

കെ ഡി എച്ച് പി( കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ലിമിറ്റഡ്)യുടെ റിജീയണല്‍ ഓഫിസിനു മുന്നില്‍ സമരം ആരംഭിച്ചിട്ട് ഇന്ന് ഏഴാംദിവസം. ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതുവരെ എത്ര ദിവസം വേണമെങ്കിലും നീണ്ടേക്കാവുന്നതുമാണ് ഈ സമരം. ആയിരക്കണക്കിന് സ്ത്രീകളാണ് ഈ സമരത്തിന്റെ മുഖ്യധാരയില്‍ നില്‍ക്കുന്നത്. മരിച്ചു വീണാലും പിന്നോട്ടില്ലെന്നു പറയുന്നവര്‍. ആസൂത്രിതമെന്നും അക്രമമെന്നും ആക്ഷേപിക്കുന്നവരോട് അവര്‍ക്കു പറയാനുള്ളത്; നിങ്ങളെപ്പോലെയല്ലെങ്കിലും ഞങ്ങള്‍ക്കും ജീവിക്കണമെന്നാണ്.

എന്താണ് തൊഴിലാളികളുടെ ആവശ്യം
ന്യായമായ കൂലി, ഉചിതമായ ബോണസ് എന്നിവയാണ് തൊഴിലാളികളുടെ സമരത്തിന്റെ മുഖ്യ ആവശ്യം. ദിവസക്കൂലി 500 രൂപയാക്കി ഉയര്‍ത്തുക, ലാഭത്തിന്റെ 20 ശതമാനം ബോണസ് നല്‍കുക എന്നത് കോടികള്‍ ലാഭം കൊയ്യുന്ന കമ്പനികളെ സംബന്ധിച്ച് ഭീമമായ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കാത്ത ആവശ്യങ്ങളാണ്. എന്നിട്ടും അവര്‍ തൊഴിലാളികളോടു സന്ധി ചെയ്യാന്‍ തയ്യാറാകുന്നില്ല. എന്തായിരിക്കും കാരണം. സമരക്കാരിലൊരാളായ മല്ലിക അതിനുത്തരം പറയുന്നുണ്ട്; ഞങ്ങള്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനെക്കാള്‍ മാനേജ്‌മെന്റിന് കൂട്ടുനില്‍ക്കാനല്ലേ എല്ലാവര്‍ക്കും താല്‍പര്യം

തീക്ഷ്ണമായ പോരാട്ടങ്ങളുടെ കഥകള്‍ സ്വന്തമായിട്ടുള്ള തൊഴിലാളി യൂണിയനുകളാണ് മൂന്നാറിലുള്ളത്. കേരള രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായക സ്ഥാനമുണ്ട് അത്തരം സമരപോരാട്ടങ്ങള്‍ക്കും അതിന് നേതൃത്വം നല്‍കിയവര്‍ക്കും. പണ്ട് വെള്ളക്കാരന്‍ സായിപ്പ് ചെയ്തിരുന്നതിനേക്കാള്‍ ദ്രോഹം ഇപ്പോഴുള്ളവര്‍ ചെയ്യുന്നുണ്ടെന്ന് ഇവിടെയുള്ള ഒരു തൊഴിലാളിക്കു പറയേണ്ടി വരുമ്പോഴാണ് ചരിത്രങ്ങളില്‍ പറയുന്ന സമരങ്ങള്‍ക്ക് യഥാര്‍ത്ഥ വിജയം നേടാനായിരുന്നോ എന്ന് ചിന്തിക്കേണ്ടത്. മൂന്നാറില്‍ ഒന്നും ഇപ്പോഴും മാറിയിട്ടില്ല. ഉണ്ടെന്നു പറയുന്നവര്‍ നിരത്തുന്ന കണക്കുകളേക്കാള്‍ യാഥാര്‍ത്ഥ്യങ്ങള്‍ അതിനുത്തരം തരുന്നുണ്ട്.

ഗവണമെന്റ് നിശ്ചയപ്രകാരം ഒരു ദിവസം 20 കിലോ കൊളുന്തുകള്‍ നുള്ളിയാല്‍ മതി. അതിനു മുകളിലേക്ക് വരുന്ന ഓരോ കിലോയ്ക്കും ആനുപാതികമായി കൂലി നല്‍കണം. നിശ്ചയപ്രകാരമുള്ള അളവിന് ഇപ്പോള്‍ കിട്ടുന്ന കൂലി 83 രൂപ 62 പൈസ. അതിനു മുകളില്‍ നുള്ളുന്ന ഓരോ കിലോയ്ക്കും രണ്ടു രൂപാവീതവുമാണ് തൊഴിലാളികള്‍ക്ക് കിട്ടുന്നത്. ഇപ്രകാരം ഒരു ദിവസം 200 രൂപയോളം ഒരു തൊഴിലാളിക്ക് കിട്ടുന്നു. ഒരു തോട്ടത്തിലും ലേബര്‍ നിയമപ്രകാരം നിശ്ചയിക്കപ്പെട്ട അളവില്‍ മാത്രം ജോലി ചെയ്യുന്ന രീതിയില്ല. നൂറു കിലോവരെയാണ് കെഡിഎച്ച്പിയുടെ എസ്റ്റേറ്റുകളില്‍ ദിവസേന നുള്ളിയെടുക്കുന്നത്. ഞായറാഴ്ച്ച നിര്‍ബന്ധിത അവധിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം ജോലി ചെയ്യിപ്പിക്കുകയാണെങ്കില്‍ ഇരട്ടിക്കൂലി നല്‍കണമെന്നാണ് നിയമമെങ്കിലും ഒരു തൊഴിലാളിക്കും ഇരട്ടിക്കൂലി കിട്ടുന്നില്ല. എന്നാല്‍ രജിസ്റ്ററില്‍ ഉണ്ടുതാനും. 38 എസ്റ്റേറ്റുകള്‍ 95 ഡിവഷനുകളായി തിരിച്ചിരിക്കുന്നതാണ് കെഡിഎച്ച്പി. ആയിരക്കണക്കിന് തൊഴിലാളികളും അവര്‍ക്കു മുകളില്‍ സൂപ്പര്‍െൈവെസര്‍മാരും എം എകളും ഫീല്‍ഡ് ഓഫിസര്‍മാരുമൊക്കെയായി ജോലി നോക്കുന്നൂ. എന്നാല്‍ ഏറ്റവും അടിത്തട്ടിലെ തൊഴിലാളി വര്‍ഗം മാത്രമാണ് ഇവിടെ അടിമത്വത്തിന്റെ രുചി അനുഭവിക്കുന്നവര്‍. ബാക്കിയെല്ലാവര്‍ക്കും എല്ലാം കിട്ടുന്നുണ്ട്.

ചൂഷണം എങ്ങനെ 
ഒരു കിലോ തേയിലയില്‍ നിന്ന് 25 രൂപ കിട്ടുമെന്നു കണക്കാക്കാം. അതില്‍ തൊഴിലാളിക്ക് കിട്ടുന്നത് രണ്ടു രൂപ, സൂപ്പര്‍വൈസര്‍ക്ക് ആറു രൂപ, എം എയ്ക്ക് ഏഴു രൂപ, ബാക്കി മാനേജ്‌മെന്റിന്. അതായത് കഷ്ടപ്പെടുന്നവന് വെറും രണ്ടു രൂപ, നോക്കി നില്‍ക്കുന്നവന് അതിലേറെ. ഈ അന്യായമാണ് ഇപ്പോള്‍ തൊഴിലാളികള്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഇവിടുത്തെ സൂപ്പര്‍വൈസര്‍മാര്‍ ഒന്നരലക്ഷത്തിന്റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിലാണ് കറങ്ങി നടക്കുന്നത്. 68 ലക്ഷത്തിന്റെ ഔഡികാറുകളാണ് മാനേജ്‌മെന്റിന്റെ ആള്‍ക്കാര്‍ വാങ്ങുന്നത്. ഈ പണമെല്ലാം അവര്‍ക്ക് എവിടെ നിന്നുകിട്ടി. ഞങ്ങള്‍ തൊഴാലികളുടെ അധ്വാനമാണത്. അവര്‍ രാജാക്കന്മാര്‍പോലെ ജീവിക്കുന്നു. ഞങ്ങളോ?- മണി ചോദിക്കുന്നു. മാനേജ്‌മെന്റ് ഉദ്യോഗസ്ഥന്മാരുടെ ഭാര്യമാര്‍ക്കുവരെ ഓരോ പോസ്റ്റില്‍ ജോലി നല്‍കിയിരിക്കുകയാണ്. നാല്‍പ്പതിനായിരംവരെയാണ് ശമ്പളം. അവരൊക്കെ എന്ത് ജോലിയാണ് ചെയ്യുന്നത്. മൂന്നു ജോലിക്കാരെ വീതം ഇവരുടെയൊക്കെ വീടുകളിലും കമ്പനി അനുവദിച്ചിട്ടുണ്ട്. തോട്ടം നോക്കാന്‍, അടുക്കളപ്പണി ചെയ്യാന്‍, വണ്ടിയോടിക്കാന്‍ ഒക്കെ അവര്‍ക്ക് ജോലിക്കാരുണ്ട്. ഞങ്ങള്‍ക്ക് എന്തുണ്ട്? രോഗം വന്നാല്‍ ചികിത്സിക്കാന്‍ പോലും ഒരു സൗകര്യമില്ല. ഇവിടെ നല്ലൊരു ആശുപത്രിയുണ്ടോ? ഉള്ളതില്‍ തന്നെ ഡോക്ടര്‍മാരില്ല. ടാറ്റയുടെ ആശുപത്രിയില്‍ ചെന്നാല്‍ ഒന്നുകില്‍ കാശു കൊടുക്കണം. അല്ലെങ്കില്‍ കമ്പനിയുടെ ലെറ്ററും വാങ്ങി ചെല്ലണം. ഇതൊക്കെയാണ് ഇവിടുത്തെ തൊഴിലാളികള്‍ അനുഭവിക്കുന്നത്. അസുഖം വന്നാല്‍ ഹാഫ് ഡേ ലീവുപോലും ഞങ്ങള്‍ക്ക് തരാത്തവരാണ് ഇവിടെയുള്ളത്. ഇനിയും ഇതെല്ലാം സഹിച്ചു ജീവിക്കണോ? ഞങ്ങളുടെ മക്കളിലും വിദ്യാഭാസമുള്ളവരുണ്ട്. പക്ഷെ ഒരു ജോലി നല്‍കാന്‍ അവര്‍ തയ്യാറല്ല. ഇവിടുത്തെ സാറുമ്മാരുടെ മക്കള്‍ തന്നെ അടുത്ത സാറുമ്മാരായി ഞങ്ങളെ ഭരിക്കാന്‍ വരുന്നു. കഷ്ടപ്പെട്ടും പട്ടിണികിടന്നും വളര്‍ത്തി പഠിപ്പിച്ച ഞങ്ങളുടെ കുട്ടികളോ? ഇതുപോലെ തേയിലക്കാടുകളില്‍ പണിയെടുക്കണോ.-സമരത്തിന്റെ ചൂടു മുഴുവന്‍ മണിയുടെ വാക്കുകളിലുണ്ടായിരുന്നു.

യൂണിയനുകള്‍ തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നോ
എന്തുകൊണ്ടാണ് ഈ സമരത്തിന് ഒരു യൂണിയന്റെയും പിന്തുണ വേണ്ടെന്ന് ഇവര്‍ വാശിയോടെ പറഞ്ഞത്. അതിനും ഉത്തരം മണി പറഞ്ഞു. അവര്‍ ഞങ്ങളെ ഇത്രനാളും പറ്റിക്കുകയായിരുന്നു. ഞങ്ങളുടെ പാത്രത്തില്‍ നിന്നാണ് അവര്‍ തിന്നുന്നത്. അവരൊക്കെ തടിച്ചു കൊഴുക്കുന്നൂ. തൊഴിലാളി പട്ടികിടന്നു ചാകുന്നു. ഇവിടെയുള്ള യൂണിയന്‍ നേതാക്കന്മാര്‍ക്കൊക്കെ എന്താ കുറവ്. വലിയ വീട്, കാറ്, മക്കളൊക്കെ അമേരിക്കയില്‍. എങ്ങനെ? കമ്പനിയോടു കൂറു കാണിച്ചാല്‍ ഇതൊക്കെ കിട്ടും. സ്ഥലമായിട്ടും വീടായിട്ടും കാശായിട്ടുമൊക്കെ ഇവിടുത്തെ നേതാക്കന്മാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കുമെല്ലാം കമ്പനി സഹായങ്ങള്‍ ചെയ്യുന്നുണ്ട്. അവരെ വളര്‍ത്തുന്ന തൊഴിലാളികള്‍ക്ക് മാത്രം ഒന്നും തരില്ല.

2009 ല്‍ കമ്പനിക്ക് ലാഭം 40 കോടിയായിരുന്നു. അന്നു ഞങ്ങള്‍ക്ക് ലാഭത്തിന്റെ 20 ശതമാനം ബോണസാണ് കിട്ടിയത്. ഇത്തവണത്തെ ലാഭം അഞ്ചുകോടിയാണ്. ബോണസായി പ്രഖ്യാപിച്ചത് 10 ശതനമാനം. 5 കോടി ലാഭം കിട്ടിയപ്പോള്‍ 10 ശതമാനം ബോണസ് തരുകയാണെങ്കില്‍ നാല്‍പ്പത് കോടി കിട്ടുമ്പോള്‍ ഞങ്ങള്‍ക്ക് കിട്ടേണ്ടിയിരുന്നത് 80 ശതമാനം ബോണസാണ്. പക്ഷെ കിട്ടിയത് 20 ശതമാനവും. ആരാണ് ഇടയില്‍ കളിച്ചത്? ഇത്തവണ ഓഗസ്റ്റ് 26 നാണ് ബോണസ് പ്രഖ്യാപിച്ചത്. പക്ഷെ യൂണിയനുകള്‍ ആ ബോണസ് വാങ്ങേണ്ടതില്ലെന്ന് ആദ്യം പറഞ്ഞു. അവര്‍ ചര്‍ച്ചകള്‍ തുടര്‍ന്നു. എന്തിനായിരുന്നു ആ ചര്‍ച്ചകള്‍? മൂന്നു യൂണിയനുകള്‍ക്കും മൂന്നുശതമാനം വീതം പങ്കു കിട്ടാന്‍ വേണ്ടി. ഒടുവില്‍ കമ്പനിയില്‍ നിന്നു മൂന്നുശതമാനം വീതം അവര്‍ വാങ്ങിച്ചെടുത്തിട്ട് ഞങ്ങളോടു പറഞ്ഞു കമ്പനി തരുന്ന ബോണസ്( 10 ശതമാനം) വാങ്ങിക്കോളാന്‍. ഇതിന്റെ വ്യക്തമായ തെളിവുകള്‍ ഞങ്ങള്‍ക്ക് കിട്ടി. അതോടെയാണ് യൂണിയനുകളുടെ വഞ്ചന ഞങ്ങള്‍ക്ക് മനസ്സിലായത്. അങ്ങനെയുള്ളവരുടെ സഹായം ഇനിയും ഞങ്ങള്‍ക്കുവേണ്ട. ഇപ്പോള്‍ ഞങ്ങളോടുള്ള വാശി അവര്‍ തീര്‍ക്കുന്നത് ഈ സമരം പൊളിക്കാന്‍ നോക്കിയാണ്.

ഈ സമരം തമിഴ്‌നാടിന്റെ തന്ത്രമോ?
മൂന്നാറില്‍ നടക്കുന്ന തൊഴിലാളി സമരം തമിഴ്‌നാട് നടത്തുന്ന തന്ത്രമാണെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ദേവികുളം എം എല്‍ എ രാജേന്ദ്രന്‍ തന്നെ ഇത്തരത്തിലൊരു പ്രസ്താവന നടത്തുകയും ഉണ്ടായി. എല്ലാ സമരങ്ങള്‍ക്കും മെറിറ്റു നോക്കാതെ പിന്തുണ കൊടുക്കുന്ന സോഷ്യല്‍ മിഡിയയില്‍ പോലും ഇത്തരം സൂചനകളോടെ മൂന്നാര്‍ തൊഴിലാളി സമരത്തെ പരമാര്‍ശിച്ചു കണ്ടു. അതിലെന്തെങ്കിലും വാസ്തവമുണ്ടോ? എന്ത് വാസ്തവമാണ്!; കമാര്‍-സമരം ചെയ്യുന്ന തൊഴിലാളി- ചോദിക്കുന്നു. ഞങ്ങള്‍ തമിഴ്‌നാട്ടുകാരല്ല, കേരളക്കാരാണ്. അമ്പതാണ്ടുകള്‍ക്കു മുന്നേ തമിഴനാട്ടില്‍ നിന്ന് ഇവിടെ വന്നവരുടെ തലമുറയില്‍ പെട്ടവരുണ്ട് ഞങ്ങളുടെ കൂട്ടത്തില്‍. പക്ഷെ ഇപ്പോഴുള്ളവര്‍ കേരളക്കാര്‍ തന്നെയാണ്. ഞങ്ങള്‍ വോട്ട് ചെയ്യുന്നത് തമിഴ്‌നാട്ടുകാര്‍ക്കല്ലല്ലോ? ഞങ്ങള്‍ ജയിപ്പിച്ച എംഎല്‍എയല്ലേ രാജേന്ദ്രന്‍. അദ്ദേഹം ഞങ്ങള്‍ തമിഴ്‌നാടിനുവേണ്ടി ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുന്നവരാണെന്നു പറഞ്ഞപ്പോള്‍ ചങ്കുപൊട്ടിപ്പോയി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരിലാണ് ഞങ്ങള്‍ കുഴപ്പങ്ങളുണ്ടാക്കുന്നതെന്നാണ് പറയുന്നത്. മുല്ലപ്പെരിയാറും ഞങ്ങളും തമ്മിലെന്ത് ബന്ധം. എല്ലാര്‍ക്കുമുള്ളതുപോലെ പേടി ഞങ്ങള്‍ക്കുമുണ്ട്. അല്ലാതെ ആരുടെയും കാശുവാങ്ങി കുഴപ്പമുണ്ടാക്കുന്നവരല്ല. അപമാനിക്കുകയാണ് ഞങ്ങളെ. പാവങ്ങളാണ് ഈ സമരം ചെയ്യുന്ന എല്ലാവരും. ഞങ്ങള്‍ക്കും ജീവിക്കണം– കുമാറിന്റെ തൊണ്ടയിടറി.

എല്ലാവരും വന്നു ഞങ്ങളുടെ ജീവിതം കാണൂ, ഞങ്ങള്‍ നേരിടുന്ന ചൂഷണം കാണൂ. എന്നിട്ടു പറയൂ ഈ സമരം തമിഴ്‌നാടിനുവേണ്ടിയാണോ എന്ന്– മണി ഉയര്‍ത്തിയ ആ ചോദ്യം തന്നെ നമ്മളില്‍ ചിലര്‍ക്കുള്ള സംശയങ്ങള്‍ക്ക് ഉത്തരമാകുമെന്ന് പ്രതീക്ഷിക്കാം.

ഈ സമരം എടുത്തുചാട്ടമോ  ?
ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ തൊഴിലാളികള്‍ ഉന്നയിക്കുന്നതുപോലെ ഈ സമരത്തെ ഏതെങ്കിലും തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രാജേന്ദ്രന്‍ നല്‍കുന്ന മറുപടി ഇതാണ്; അത്തരത്തിലൊന്ന് ഞാന്‍ ചിന്തിക്കുകപോലും ചെയ്യാത്ത കാര്യമാണ്. ഈ തൊഴിലാളികള്‍ക്കൊപ്പം വളര്‍ന്ന ഒരാളാണ് ഞാന്‍. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതും. അവരുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാനാണ് എന്നും കൂടെ നിന്നിട്ടുള്ളത്. അങ്ങനെയുള്ള ഞാന്‍ ഒരു തൊഴിലാളിയെപ്പോലും ഉപദ്രവിക്കാനോ ഇന്‍സള്‍ട്ട് ചെയ്യാനോ ശ്രമിക്കില്ല. ഈ സമരം തുടങ്ങിയ ദിവസം തൊട്ട് തൊഴിലാളികളുടെ കൂടെ ഞാനുണ്ട്. ഇതു പറയുമ്പോഴും ഇപ്പോഴത്തെ സമരത്തോട് പൂര്‍ണമായി യോജിക്കാനും രജേന്ദ്രന് കഴിയുന്നില്ല.

തൊഴിലാളികള്‍ക്ക് അംഗീകരിച്ചു കൊടുക്കേണ്ട ന്യായമായ ആവശ്യങ്ങളുണ്ട്. അത് യാഥാര്‍ത്ഥ്യവുമാണ്. പക്ഷെ അവരിപ്പോള്‍ നടത്തുന്നത് അല്‍പ്പം അതിരുവിട്ട സമരമാണ്. എല്ലാവരും കൂടി റോഡിലിറങ്ങിയാല്‍ സ്ഥിതിഗതികള്‍ കുഴപ്പത്തിലാകും. മാനേജ്‌മെന്റിനെ കൂടുതല്‍ പിണക്കാതെ കാര്യങ്ങള്‍ ശരിയാക്കിെയടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കമ്പനി ലോക്ക് ഔട്ട് ചെയാതാല്‍ ആര്‍ക്കാണ് നഷ്ടം. അതുകൊണ്ട് തന്നെ ഇരു കൂട്ടര്‍ക്കും ഇടയില്‍ നിന്നുകൊണ്ട് ഈ പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അപ്പോഴും ഒരുകാര്യം ഉറപ്പിച്ചു പറയുന്നു; എന്റെ കൂറ് എപ്പോഴും തൊഴിലാളികള്‍ക്കൊപ്പമായിരിക്കും.

യൂണിയനുകളില്ലാതെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയില്ലേ?
തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ മൂന്നാറിലെ തൊഴിലാളി സമരത്തിന് അടിയന്തരമായി പരിഹാരം കാണുമെന്നാണ് പറയുന്നത്. എന്നാല്‍ സമരം ഏഴാം ദിവസത്തിലേക്ക് കടന്നിട്ടും പരിഹാരം ഒന്നും തന്നെയായിട്ടില്ല. അംഗീകൃത ട്രേഡ് യൂണിയനുകളും കൂടി പങ്കെടുത്തുള്ള ചര്‍ച്ചകളെ ഫലം കാണുമെന്നാണ് മന്ത്രിയുടെ ഇപ്പോഴത്തെ ലൈന്‍. അതായത് യൂണിയനുകളെ പങ്കെടുപ്പിക്കാതൈ തൊഴിലാളികള്‍ നടത്തുന്ന സമരം അംഗീകൃത സമരമായിട്ട് മന്ത്രിക്ക് തോന്നിയിട്ടില്ലെന്ന്. മന്ത്രിയുടെ ലൈന്‍ തന്നെയാണ് വിവിധ യൂണിയന്‍ നേതാക്കളും പറയുന്നത്. ചുരുക്കി പറഞ്ഞാല്‍ ആയിരത്തിലധികം പേര്‍ കൂടിച്ചേര്‍ന്ന് വെറുതെ ഒച്ചപ്പാടുണ്ടാക്കുക മാത്രമാണ് മൂന്നാറില്‍ നടക്കുന്നത്! അങ്ങനെയെങ്കില്‍ ഈ സമരം എങ്ങനെ അവസാനിക്കും?

അതിനുത്തരം തൊഴിലാളികള്‍ക്കുണ്ട്
ഈ സമരം ആരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങി ഞങ്ങള്‍ അവസാനിപ്പിക്കില്ല: മണി ഉറച്ചു പറഞ്ഞു. ബാങ്ക് ലോണുകള്‍ കിട്ടാതെ വന്നതോടെ തൊഴിലാളികളില്‍ നിന്ന് ഷെയര്‍ വാങ്ങിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന കമ്പനിയാണ് കെഡിഎച്ചപി. ഞങ്ങള്‍ക്ക് അറുപത്തിയെട്ട് ശതമാനം ഷെയര്‍ ഉണ്ട്. മാനേജ്‌മെന്റിന് ഇരുപത്തിരണ്ടു ശതമാനമേയുള്ളൂ. ഈ സമരത്തിന് ന്യായമായ അവസാനം ഉണ്ടാകണമെന്നാണ് തൊഴിലാളികള്‍ ആഗ്രഹിക്കുന്നത്. അതെന്നുണ്ടാകുമോ അന്നുവരെ സമരം തുടരും. ഒരു യൂണിയനും കൂടെ വേണമെന്നില്ല. കമ്പനി ഞങ്ങളെ കൂടുതല്‍ കഷ്ടപ്പെടുത്താനാണ് തീരുമാനിക്കുന്നതെങ്കില്‍ എല്ലാ തൊഴിലാളികളും അവരുടെ ഷെയര്‍ തിരികെ വാങ്ങും. അതാണ് ഞങ്ങളുടെ തീരുമാനം.

ഈ സമരം ഇടനിലക്കാരില്ലാതെ തൊഴിലാളികള്‍ നടത്തുന്നതാണ്…ജീവിക്കാന്‍ വേണ്ടി…അതുകൊണ്ട് ജയിച്ചേ തീരൂ…

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍