UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം എം മണിക്ക് വേണ്ടാത്ത വി എസിനെ മൂന്നാര്‍ ആവശ്യപ്പെടുമ്പോള്‍

അഭിജിത്ത്

ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടിടത്തേക്ക് ആനയിക്കപ്പെടുക, ഭ്രഷ്ട് പ്രഖ്യാപിച്ചവര്‍ ഒരു തീണ്ടാപ്പാട് അകലെ മാറി നില്‍ക്കേണ്ടിവരുക… ഇടുക്കി കേരള രാഷ്ട്രീയത്തിനു സമ്മാനിക്കുന്ന പുതിയ കൗതുകം ഇതാണ്.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ അഞ്ച് വര്‍ഷംമുന്‍പുവരെ ഇടുക്കിക്കാര്‍ക്ക് വേണ്ടായിരുന്നു. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മൂന്നു കറുത്ത പൂച്ചകളെ അവിടേക്ക് അയച്ചുവെന്നതായിരുന്നു കുറ്റം. മുഖ്യമന്ത്രിയായിരുന്നിട്ടുപോലും വിഎസിന് അന്ന് ഇടുക്കിയിലേക്ക് വിലക്കും പ്രഖ്യാപിക്കപ്പെട്ടു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയായ സിപിഎംതന്നെയാണ് സ്വന്തം മുഖ്യമന്ത്രിക്ക് അന്നു വിലക്ക് കല്‍പിച്ചത്. ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി പരസ്യമായി വിഎസിനെ തള്ളിപ്പറയുകയും ചെയ്തു. ഏറെക്കാലത്തോളം വിഎസ് പിന്നീട് ഇടുക്കി കണ്ടില്ല. പാര്‍ട്ടി പരിപാടികളിലൊന്നും വിഎസിനു വേദി കിട്ടിയില്ല. ഒരു തവണ സര്‍ക്കാര്‍ പരിപാടിക്കായി വിഎസ് ഇടുക്കി കണ്ടതുമാത്രം അപവാദം. ഒടുവില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് പാര്‍ട്ടി വിഎസിനെ ഇടുക്കിയിലേക്കു കൊണ്ടുവരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വിഎസിന്റെ ഫ്ലക്‌സും ഉപയോഗിക്കപ്പെട്ടു.

മുന്‍പ് വിഎസിനെ വിലക്കാന്‍ എല്ലാ സംഘടനകളും ഒറ്റക്കെട്ടായിരുന്നു. യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ ഒരുമിച്ചുവെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. സിപിഎമ്മും സിപിഐയും പരസ്യമായിതന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ കണ്ണന്‍ ദേവന്‍ മലകളിലേക്കു കടക്കുന്ന ഘട്ടത്തിലാണ് സിപിഎമ്മും സിപിഐയും ഒക്കെ വിഎസിനെ തള്ളിപ്പറഞ്ഞു രംഗത്തുവന്നത്. എം.എം. മണിയും എസ്.രാജേന്ദ്രന്‍ എംഎല്‍എയും പന്ന്യന്‍ രവീന്ദ്രനുമെല്ലാം അന്നു മൂന്നാര്‍ പൂച്ചകള്‍ക്കു തടയിടാന്‍ മുന്നില്‍തന്നെയുണ്ടായിരുന്നു. തോട്ടം തൊഴിലാളികളുടെ പേരു പറഞ്ഞായിരുന്നു കയ്യേറ്റമൊഴിപ്പിക്കലിനെ അവര്‍ തടഞ്ഞത്.

ഞങ്ങള്‍ക്കും ജീവിക്കണം, ഈ സമരം അതിനാണ്; മൂന്നാര്‍ തേയിലക്കാടുകളില്‍ സംഭവിക്കുന്നതെന്ത്?
മൂന്നാര്‍ തൊഴിലാളി സമരം കണ്ടില്ലെന്ന് നടിക്കുന്ന വംശവെറിയുടെ പൊതുബോധം

അതേ തോട്ടം തൊഴിലാളികള്‍ക്ക് ഇന്ന് സ്വീകാര്യന്‍ വിഎസ് മാത്രമെന്നത് കാലം കാത്തുവച്ച മറുപടിയാകാം. തൊഴിലാളി നേതാക്കളെ സമരപന്തലിന് അടുത്തേക്കുപോലും അടുപ്പിക്കാന്‍ തൊഴിലാളികള്‍ തയ്യാറല്ല. എസ്. രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് ജീപ്പില്‍ കയറി രക്ഷപ്പെടേണ്ട അവസ്ഥപോലുമുണ്ടായി. അതേ പ്രദേശത്ത്, എം.എം. മണിയുടെയും രാജേന്ദ്രന്റെയും സ്വന്തം മേഖലയിലാണ് തൊഴിലാളികള്‍ വിഎസിനു മാത്രമായി പരവതാനി വിരിക്കുന്നത്. യൂണിയന്‍ നേതാക്കളുടെയും വിഎസിന്റെയും മുഖം തിരിച്ചറിയാന്‍ തൊഴിലാളികള്‍ക്കു കഴിഞ്ഞതാണ് ഈ മനംമാറ്റത്തിനു പിന്നില്‍. മുന്‍പ് വിഎസിനു വിലക്ക് കല്‍പിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ തൊഴിലാളികള്‍ വിലക്കു കല്‍പിച്ചുവെന്നും രസകരം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇതില്‍ തൊഴിലാളികള്‍ ഇളവു നല്‍കിയിട്ടില്ല. തോട്ടം മുതലാളിമാരില്‍നിന്നും പങ്കുപറ്റല്‍ മാത്രമാണ് മൂന്ന് യൂണിയനുകളും ചെയ്യുന്നതെന്ന തിരിച്ചറിവ് ഇപ്പോഴാണ് തൊഴിലാളികള്‍ക്കുണ്ടായത്. യൂണിയനുകളുടെ പിന്തുണയില്ലാതെ നടത്തുന്ന സമരത്തെ സമരമായി അംഗീകരിക്കില്ലെന്നാണ് തൊഴില്‍മന്ത്രി ഷിബു ബേബി ജോണും സര്‍ക്കാരും സ്വീകരിച്ച നിലപാട്. ഈ ഘട്ടത്തിലാണ് വിഎസില്‍ തൊഴിലാളികളുടെ പ്രതീക്ഷകള്‍ വളരുന്നത്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍