UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാര്‍ തൊഴിലാളി സമരം കണ്ടില്ലെന്ന് നടിക്കുന്ന വംശവെറിയുടെ പൊതുബോധം

Avatar

പി സി ജിബിന്‍

മൂന്നാറിലെ കണ്ണൻ ദേവൻ കുന്നുകൾ കയറിയിട്ടുള്ളത്‌ മഴയേയും മഞ്ഞിനേയും പച്ചപ്പിനെയും തേടിയിട്ടായിരുന്നു. എന്നാൽ ഈ കഴിഞ്ഞ യാത്ര മനുഷ്യരെ തേടിയുള്ളത് ആയിരുന്നു. പച്ചപ്പു മാത്രം കാട്ടുന്ന ഈ തോട്ടങ്ങൾക്കിടയിൽ കുനിഞ്ഞു മാത്രം കൊളുന്തു നുള്ളി ജീവിക്കേണ്ടി വരുന്ന തൊഴിലാളികളെ. അതിജീവനത്തിനു വേണ്ടി സമരം നടത്തുന്ന തോട്ടം തൊഴിലാളികളുടെ ഇടങ്ങൾ സാമൂഹ്യ മാധ്യങ്ങളുടെ അതിരുകൾക്ക് പോലും അപ്പുറത്ത് ആണ്. കൂലി കൂട്ടാൻ വേണ്ടിയുള്ള സമരങ്ങൾ ചരിത്ര പുസ്തകത്തിൽ മാത്രമുള്ളതാണെന്ന് കരുതുന്ന, പട്ടിണിയും അടിമത്തവും ആഫ്രിക്കയിൽ മാത്രം ഉള്ളതാണ് എന്ന് വിശ്വസിക്കുന്ന മധ്യ/ഉപരിവർഗ മലയാളിയുടെ – ഇന്ത്യാക്കാരന്റെ സാമൂഹ്യ ബോധത്തെ തുറന്നു കാട്ടുന്ന ഒരു ഉദാഹരണം കൂടിയാണ് ഈ സമരത്തോടുള്ള അവരുടെ സമീപനം.

ഞങ്ങൾ മൂന്നാറിൽ എത്തിയപ്പോൾ ടൌണ്‍ മുഴുവൻ തൊഴിലാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. റോഡ്‌ ഉപരോധിക്കപ്പെട്ടിരിക്കുന്നു. മുദ്രാവാക്യങ്ങൾ ഇല്ല. യാതൊരു ശബ്ദവും ഇല്ല. ഭീദിതമായ ഒരു മൌനം. ഒരു കൂട്ടം ജനങ്ങൾ. പോലീസും തുലോം കുറവ്. അവിടെ വച്ച് ആരോടെങ്കിലും സംസാരിക്കുക എന്നത് യുക്തമല്ല. സുഹൃത്തും സിനിമാ പ്രവർത്തകനുമായ രാകേഷ് രവീന്ദർ ആൾക്കൂട്ടങ്ങൾക്കിടയിലൂടെ ബൈക്ക് ഓടിച്ചു. ഒരു നടപ്പാലവും പടിക്കെട്ടുകളും താണ്ടി ബൈക്ക് ഉദുമൽപേട്ട് റോഡിൽ കയറി.

ഇരവികുളം നാഷണൽ പാർക്കും കഴിഞ്ഞു വഴിയിൽ മുൻ തോട്ടം തൊഴിലാളി ദമ്പതികളായ സുബ്ബയ്യയെയും ഭാര്യ ചെല്ലത്തായിയെയും കണ്ടത്. വാർദ്ധക്യം ആക്രമിച്ച ശരീരം. തണുപ്പിൽ നിന്ന് രക്ഷപ്പെടാനായി ഒരു ഇരുമ്പ് ചട്ടിയിൽ കനല് കൂട്ടിയിരിക്കുന്നു. അതിൽ നിന്നുള്ള പുക മൂന്നാറിലെ മഞ്ഞിനെ ഒന്നു കൂടി കനപ്പിക്കുന്നുണ്ട്. സുബ്ബയ മുത്തച്ചൻ പറഞ്ഞത് ഇന്ന് നടക്കുന്ന സമരത്തിന്റെ രാഷ്ട്രീയവും ജൈവികവും ആയ കാരണങ്ങളുടെ ചരിത്രം ആണ്.


സുബ്ബയ്യ

സ്വാതന്ത്ര്യത്തിനും മുൻപ്, ‘വെളുത്ത ദൊര’ തോട്ടവും നാടും ഭരിച്ചിരുന്ന കാലത്താണ് സുബ്ബയ്യയുടെ അപ്പാ തമിൾ നാട്ടിലെ തിരുനെൽവേലിയിൽ നിന്നും മൂന്നാർ കുന്നുകൾ കയറി ജോലി തേടി വരുന്നത്. ദൊരമാരുടെ ‘പേച്ചിനു മറു പേച്ചില്ലാത്ത’ കാലം. അടിമപ്പണി. ദൊരമാർ നിശ്ചയിക്കുന്ന കൂലി.സുബ്ബയ്യ ജനിച്ച് ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും വെള്ളക്കാരൻ നാട് വിട്ടു. പിന്നെയും വർഷങ്ങൾ കഴിഞ്ഞു വെള്ളക്കാരൻ തോട്ടവും വിട്ടു. കാര്യങ്ങൾ മാറുമെന്നു കരുതി. വരാനിരിക്കുന്ന നല്ല നാളുകൾ എല്ലാവരും സ്വപ്നം കണ്ടു. കാര്യങ്ങൾ രണ്ടായിരത്തി പതിനഞ്ചിൽ എത്തി നിൽക്കുന്നു. ജീവൻ പണയം വച്ച്, പതിനാറു മണിക്കൂറോളം പണിയെടുത്താലും ഒരു ദിവസത്തേക്ക് 200 രൂപ കൂലി മാത്രം തരുന്ന, കൂലി കൂട്ടാൻ വേണ്ടി സമരത്തിലേക്ക് തള്ളിവിടുന്ന ‘കറുത്ത ദൊരൈമാരുടെ’ മാനേജ്മെന്റിനെയും സർക്കാരിനെയും നോക്കി സുബ്ബയ്യ പറയുന്നു, തമ്മിൽ ഭേദം വെള്ളക്കാരന്റെ ഭരണം ആണെന്ന്!

വെള്ളക്കാരന് അടിമയായി ഇരിക്കാനുള്ള ചോദന ആണ് ഈ വൃദ്ധനെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത് എന്നൊക്കെ ആക്ഷേപിച്ച് നമുക്ക് എതിർക്കാം. ഭരണകൂടവും ഭരണഘടനയും നൽകുന്ന ആനുകൂല്യങ്ങൾ (ഒരു പരിധിവരെ!) ആസ്വദിച്ച് ജീവിക്കുന്ന മധ്യ/ഉപരി വർഗ ജീവികൾക്ക് അത് പറയാം. കൂലിവാങ്ങുന്നവന്റെ സമരത്തെ കണ്ടില്ലെന്നു നടിക്കാം. എതിർക്കാം. പക്ഷെ അതിന്റെയെല്ലാം കീഴിൽ ജീവിക്കുന്നവന് മുഖ്യധാരാ സമൂഹത്തിന്റെ തിന്നു കൊഴുത്ത വികാരങ്ങൾക്ക് എങ്ങനെ വില നൽകാൻ കഴിയും?

രാവിലെ എട്ടു മണിക്ക് മുൻപ് മസ്റ്റ്‌ റോളിൽ ഹാജർ നൽകണമെങ്കിൽ രാവിലെ ആറ് മണിക്ക് പുറപ്പെടണം. അതിനു മുൻപേ എഴുന്നേറ്റു ഭക്ഷണം തയ്യാറാക്കണം. കാട്ടാനയും കടുവയും ഇറങ്ങുന്ന ഇടങ്ങളിൽ നിന്ന് കൊളുന്തു നുള്ളണം. വൈകീട്ട് ആറ് മണിക്ക് ജോലി നിർത്തി കൊളുന്ത് അളന്ന് തിരിച്ചെത്തുമ്പോഴേക്കും രാത്രി ഒൻപത് മണിയാകും. കൂലി വെറും ഇരുന്നൂറു രൂപ. ഇരുന്നൂറു രൂപ കൊണ്ട് ജീവിക്കാൻ ആകുമോ എന്ന് സുബ്ബയ്യ ചോദിക്കുന്നു.

സുബ്ബയ്യക്ക് 78 വയസ്സായി. 58 -മത്തെ വയസ്സിൽ അടുത്തൂണ്‍ പറ്റി. സ്വന്തമായി വീടില്ല. മക്കൾ തോട്ടം തൊഴിലാളികൾ ആണ്. അവർക്ക് കമ്പനി നൽകിയിരിക്കുന്ന വീട്ടിലാണ് ഇപ്പോൾ താമസം. മാനേജ്മെന്റിനോ, ഏതെങ്കിലും ഒരു കമ്പനി ഉദ്യോഗസ്ഥന് എതിരെയോ ഒന്നു മിണ്ടിയാൽ മതി. ഉടൻ വീട്ടിൽ നിന്ന് ഇറക്കി വിടും. മർദ്ധിക്കും. മർദ്ദിക്കുന്നതു പോലീസ് ആണോ എന്ന് ചോദിച്ചതിനു ഈ സമരത്തിന്‌ തൊഴിലാളികളെ അടിച്ചത് പോലീസ് അല്ലല്ലോ കമ്പനി ആളുകൾ അല്ലെ എന്ന് സുബ്ബയ്യ തിരിച്ചു ചോദിച്ചു.

സുബ്ബയ്യയും ഭാര്യയും ഇപ്പോൾ മൂന്നാർ കാണാൻ എത്തുന്നവർക്ക് കാരറ്റുകൾ വിറ്റാണ് ജീവിക്കുന്നത്. ഞങ്ങളും കാരറ്റ് വാങ്ങി. ചിന്നാറിൽ ആനകൾ ഇറങ്ങും മുൻപ് പോയ്ക്കോളാൻ പറഞ്ഞ് അവർ ഞങ്ങളെ യാത്രയാക്കി. വഴിയിൽ ‘ലക്ക’ത്തിലെ എബ്രഹാം ചേട്ടന്റെ ചായക്കടയിൽ വച്ച് കണ്ട അപ്പൂപ്പന്മാരും ഒറ്റക്കെട്ടായി പറഞ്ഞത് വെള്ളക്കാർ ആണ് ഭേദം എന്നായിരുന്നു!!

നിൽപ്‌ സമരം, ഇരിപ്പ് സമരം എന്നിവക്കെല്ലാം പിന്തുണ കൊടുത്ത മലയാള സോഷ്യൽ മീഡിയ എന്തുകൊണ്ടാണ് ഈ സമരം കണ്ടില്ലെന്നു നടിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം മലയാളിയുടെ വംശ വെറിയിൽ ആണ് എത്തി നിൽക്കുക. തമിളനെയും ഹിന്ദിക്കാരനെയും അപേക്ഷിച്ച് വിശ്വ മാനവികതയും മറ്റും ഉയർത്തി കാണിക്കുന്നവർ ആണ് മലയാളികൾ എന്നൊക്കെ പറയുമെങ്കിലും അതൊന്നും സത്യമല്ല. അലക്കാത്തവനെയും കുളിക്കാത്തവനെയും ‘അണ്ണാച്ചി’ എന്ന് വിളിച്ചു കളിയാക്കുകയും തമിഴ്നാട്ടുകാരനെ കള്ളനായി മാത്രം കാണുകയും ചെയ്യുന്ന മലയാളി പൊതുബോധം തന്നെയാണ് മുന്നാർ തൊഴിലാളി സമരത്തെയും കണ്ടില്ലെന്നു നടിക്കുന്നത്. തോട്ടം തൊഴിലാളികളിൽ 90% കൂടുതലും തമിഴ്നാട്ടുകാരോ തമിൾ വംശജരോ ആണ്. അവരെ മനുഷ്യരായി കാണാത്ത മലയാളി ഭരണകൂടവും ഇതിൽ തെറ്റുകാർ തന്നെ. തമിൾ/ദ്രാവിഡ ശരീരമുള്ള അട്ടപ്പാടിക്കാരോടും നമുക്ക് ഇതേ ബോധമാണ് ഉള്ളത് എന്ന് പറഞ്ഞാൽ എതിർക്കാൻ കഴിയില്ല.

ഉയരം കൂടുംതോറും ചായയുടെ രുചി കൂടുമെന്ന സൂപ്പർസ്റ്റാർ വചനത്തോടൊപ്പം തമിൾ സംവിധായകൻ ബാലയുടെ തോട്ടം തൊഴിലാളികളുടെ കഥ പറയുന്ന ‘പരദേശി’ ചലച്ചിത്രത്തെയും സമകാലിക മുന്നാർ സമരത്തെയും ചേർത്ത് നിർത്തി ഇങ്ങനെ പറയേണ്ടി വരും :

“ഉയരം കൂടും തോറും അടിമത്തത്തിന്റെ രുചികൂടും!!”

(കൊയമ്പത്തൂരില്‍ രത്നവാണി കമ്മ്യൂണിറ്റി റേഡിയോ ഡയറക്ടറാണ് ജിബിന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍