UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുവിക്കരയല്ല മൂന്നാറാണ് ചൂണ്ടുപലക

k c arun

k c arun

ടീം അഴിമുഖം/എഡിറ്റോറിയല്‍

 

അരുവിക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സമൂഹം ചര്‍ച്ച ചെയ്തത് ഈ വിധി കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചി ആണെന്നാണ്. എന്നാല്‍ മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരം അതിന്‍റെ ഐതിഹാസിക വിജയ ചരിത്രം എഴുതിയതോടെ അരുവിക്കരയില്‍ കണ്ട ചൂണ്ടുപലക മാറ്റി പ്രതിഷ്ഠിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. ഇനി മൂന്നാറിലെ തേയില കൊളുന്ത് വിപ്ലവമായിരിക്കും കേരളത്തിന്‍റെ സാമൂഹ്യ, രാഷ്ട്രീയ മാറ്റങ്ങളുടെ ദിശാസൂചി.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ട അപമാനം
ദേവികുളം എം എല്‍ എ എസ്. രാജേന്ദ്രന്‍ എം എല്‍ എയെ സമരക്കാര്‍ വിരട്ടിയോടിച്ചു എന്ന വാര്‍ത്ത പുറം ലോകം അറിഞ്ഞതോടെയാണ് മൂന്നാര്‍ സമരം പൊതുശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയത്. യഥാര്‍ഥത്തില്‍ എസ് രാജേന്ദ്രന്‍ മാത്രമല്ല തങ്ങള്‍ ഇന്ന് അനുഭവിക്കുന്ന കഷ്ടതകളുടെ കാരണം എന്നു തൊഴിലാളികള്‍ക്ക് അറിയാഞ്ഞിട്ടല്ല. (കണ്ണന്‍ ദേവന്‍ തൊട്ടത്തിലെ താരതമ്യേന ചെറിയ യൂണിയനാണ് സി ഐ ടി യു). പക്ഷേ അവര്‍ എസ് രാജേന്ദ്രനില്‍ കണ്ടത് ഒരു പ്രതീകമായിരുന്നു. ടാറ്റയില്‍നിന്നു പങ്ക് പറ്റി തങ്ങളെ ഒറ്റുകൊടുക്കുന്ന ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്ന പുതിയ കങ്കാണിമാരുടെ പ്രതീകം. യഥാര്‍ഥത്തില്‍ മൂന്നാര്‍ സമര ഭൂമിയിലേക്ക് വരാന്‍ ട്രേഡ് യൂണിയന്‍ നേതാക്കളും രാഷ്ട്രീയക്കാരും ഭയപ്പെട്ടത് ഈ സംഭവത്തോടെയാണ്.  പീരുമേട് എം എല്‍ എ ബിജിമോള്‍ക്ക് അവിടെ പ്രവേശനം അനുവദിക്കപ്പെട്ടെങ്കിലും കണ്ണന്‍ ദേവന്‍ തോട്ടത്തിലെ ഏറ്റവും വലിയ യൂണിയനായ എ ഐ ടി യു സിയുടെ പ്രതിനിധി എന്ന നിലയിലല്ല അവര്‍ക്ക് അവിടെ വരവേല്‍പ്പ് കിട്ടിയിട്ടുള്ളത്. പിന്നീട് സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പി കെ ശ്രീമതി, കെ കെ ശൈലജ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, ലതിക സുഭാഷ്, പട്ടിക വര്‍ഗ്ഗ മന്ത്രി പി കെ ജയലക്ഷ്മി, ആര്‍.എം.പി നേതാവ് കെ.കെ രമ എന്നിവര്‍ക്കും സമരക്കാരില്‍ നിന്നും പ്രതിഷേധശബ്ദം കേള്‍ക്കേണ്ടി വന്നു. വി എസും കോടിയേരിയും ഒഴികെ മുഖ്യധാര പാര്‍ട്ടികളില്‍ നിന്നു ഒരു പുരുഷനേതാവും സമര വേദിയില്‍ എത്തിയില്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. എന്തായാലും ഭരണ-പ്രതിപക്ഷ ഭേദമന്യേ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവര്‍ നയിക്കുന്ന ട്രേഡ് യൂണിയനുകള്‍ക്കും ഉള്ള താക്കീത് തന്നെയാണ് ഈ സമരം എന്നു അടിവരയിട്ട് പറയേണ്ടി വരുന്നത് അവരോട് തൊഴിലാളികള്‍ കാണിച്ച സമീപനവും അതിനോടുള്ള ഈ നേതാക്കളുടെ പ്രതികരണവും തന്നെയാണ്.

വി എസ് എന്ന പ്രതീകവും സി പി എം എന്ന വഴിച്ചെണ്ടയും
യഥാര്‍ഥത്തില്‍ വി എസ് ഈ സമരത്തില്‍ നിര്‍വഹിച്ച ദൌത്യം വളരെ പ്രധാനമാണ്. പാലക്കാട് അകത്തേത്തറയില്‍ വെച്ച് ‘ഞാന്‍ മൂന്നാറിലേക്ക് പോകുന്നു’ എന്ന് പ്രഖ്യാപിച്ചത് മുതല്‍ സമരത്തിന്‍റെ വിധി ഏകദേശം തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരുന്നു. കോണ്‍ഗ്രസും സി പി എമ്മും ഒരു പ്രാദേശിക സമരത്തിനപ്പുറം പ്രാധാന്യം മൂന്നാര്‍ സമരത്തിനുണ്ട് എന്ന് മനസിലാക്കിയത് വി എസിന്റെ ഇടപെടലോടു കൂടിയാണ്. വി എസിനെക്കാള്‍ മുന്പേ അവിടെ എത്തുക എന്ന വ്യഗ്രതയായിരിക്കാം സി പി എം സംസ്ഥാന സെക്രട്ടറിയെ മൂന്നാറിലേക്ക് നയിച്ചതെങ്കില്‍ വി എസ് താരമാകും എന്ന ഉമ്മന്‍ ചാണ്ടിയുടെ ഭയമാണ് ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടിയത്. വി എസിനെ സംബന്ധിച്ചിടത്തോളം തന്‍റെ തന്നെ പാര്‍ട്ടി തടഞ്ഞ ഇടുക്കി പ്രവേശനം തകര്‍ക്കുക എന്ന മധുര പ്രതികരവും ഈ മൂന്നാര്‍ യാത്രയിലുണ്ട്. ഇതിനെല്ലാം അപ്പുറം കേരളത്തില്‍ അടിത്തട്ടിലെ ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യതയുള്ള ചുരുക്കം നേതാക്കളില്‍ ഒരാളാണ് താനെന്ന് വി എസ് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു. ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചിട്ടതുപോലെ വി എസ് അടുത്ത തിരഞ്ഞെടുപ്പിലേക്ക് കൊടുത്ത നോമിനേഷനാണ് മൂന്നാര്‍ സമര പങ്കാളിത്തം.

മൂന്നാര്‍ സമരത്തില്‍ ഏറ്റവും പരിഹാസ്യമാക്കപ്പെട്ട പാര്‍ട്ടി ചിലപ്പോള്‍ സി പി എം ആയിരിയ്ക്കും. പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ ആ പാര്‍ട്ടിയുടെ നേതാക്കള്‍ പ്രകടിപ്പിക്കുന്ന അവധാനതയില്ലായ്മയും മുഖ്യധാര മാധ്യമങ്ങള്‍ എന്നും ആഘോഷിക്കുന്ന ആന്‍റി-സി പി എം വാര്‍ത്തകളുടെ വിപണിമൂല്യവും ടാറ്റയേക്കാളും ഭരിക്കുന്ന ഗവണ്‍മെന്റിനെക്കാളും കുഴപ്പക്കാര്‍ മൂന്നാറിലെ തൊഴിലാളികളുടെ ഇടയില്‍ വലിയ സ്വാധീനമില്ലാത്ത സി പി എം ആണെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറെക്കാലങ്ങളായി സി പി എം ഇടപെടുന്നതെല്ലാം അവരെ കുഴപ്പത്തിലാക്കുകയാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മൂന്നാറും. വെള്ളാപ്പള്ളി മുതല്‍ വഴിയേ പോകുന്ന എല്ലാവരും കൊട്ടിപ്പോകുന്ന ഒരു വഴിച്ചെണ്ടയായി തങ്ങള്‍ എങ്ങനെ മാറി എന്നതിനെക്കുറിച്ച് ഒരിക്കല്‍കൂടി കൂലങ്കഷമായി ചിന്തിക്കാനും സ്വയം തിരുത്താനും ഉള്ള ഒരു പാഠമാണ് സി പി എമ്മിന് മൂന്നാര്‍. ഒപ്പം വി എസ് എന്ന തുരുപ്പ് ചീട്ടിന്റെ പ്രഭാവം കുറഞ്ഞിട്ടില്ലെന്നും.

ട്രേഡ് യൂണിയനെ തള്ളിപ്പറയുന്നതിന് മുന്‍പ്
മൂന്നാര്‍ സമരം റിപ്പോര്‍ട്ട് ചെയ്ത എല്ലാ മാധ്യമങ്ങളും ഏകസ്വരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് (ആക്ഷേപിച്ചത്) ട്രേഡ് യൂണിയനുകളുടെ വഞ്ചനയാണ്. അതിന് ഉപോത്ബലകമായി മാറിയത് സമരക്കാര്‍ പുറത്തുവിട്ട ടാറ്റയുടെ സമ്മാനങ്ങള്‍ സ്വീകരിച്ച ട്രേഡ് യൂണിയന്‍ നേതാക്കളുടെ പേര് വിവരങ്ങളായിരുന്നു. 15ഓളം നേതാക്കളുടെ പേരുകളടങ്ങുന്ന പട്ടികയില്‍ 150ഓളം പേര്‍ ഇങ്ങനെ ടാറ്റയുടെ സഹായം പറ്റിയിട്ടുണ്ട് എന്നാണ് സമരക്കാര്‍ ആരോപിച്ചത്. ഇതില്‍ പലതും വസ്തുതാപരമായി ശരിയാണെന്നതാണ് യാഥാര്‍ഥ്യം. ട്രേഡ് യൂണിയനുകളെ തളിപ്പറഞ്ഞു എന്നതിനെ ആഘോഷിക്കുമ്പോള്‍ തന്നെ അതില്‍ ഒളിച്ചിരിക്കുന്ന അപകടം തിരിച്ചറിയാതെയും ഇരുന്നു കൂട. ആരോപിക്കപ്പെടുന്ന ഈ തൊഴിലാളി സംഘടനകള്‍ എല്ലാം തന്നെ തോട്ടം തൊഴിലാളി മേഖലകളില്‍ മാത്രമല്ല കേരളത്തിലെ എല്ലാ തൊഴിലിടങ്ങളിലും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും ജീവിത സാഹചര്യങ്ങളും സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരാണ് എന്ന ചരിത്ര വസ്തുത കാണാതിരിക്കുന്നത് വഞ്ചനയാകും. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും മെച്ചപ്പെട്ട കൂലി കേരളത്തില്‍ കിട്ടുന്നുണ്ടെങ്കില്‍ അത് ഈ തൊഴിലാളി സംഘടനകളുടെ കൂടി പ്രവര്‍ത്തന ഫലമാണ്. യഥാര്‍ഥത്തില്‍ നിലവിലുള്ള ട്രേഡ് യൂണിയന്‍ സംവിധാനങ്ങളെ മുഴുവന്‍ പൊളിച്ചടുക്കി ഒരു അരാജക സ്ഥിതിവിശേഷത്തിലേക്ക് നയിക്കുന്നതിന് പകരം ട്രേഡ് യൂണിയനുകള്‍ക്ക് സ്വയം തിരുത്താനും നവീകരിക്കാനുമുള്ള അവസരം നല്‍കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ തൊഴിലാളികളുടെ സംഘടിത ശേഷിയും ബാര്‍ഗെയിന്‍ പവറും ഛിദ്രീകരിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം ഭാവിയില്‍ ഉണ്ടായിക്കൂടെന്നില്ല.

ബി ജെ പിയുടെ നിശബ്ദത
മൂന്നാര്‍ സമരത്തില്‍ ഏറെ അമ്പരപ്പിച്ചത് ബി ജെ പിയുടെ നിശബ്ദതയാണ്. സമീപകാലത്ത് കേരളത്തിലെ രാഷ്ട്രീയ/സാംസ്കാരിക സംവാദങ്ങളില്‍ നിറഞ്ഞു നിന്ന ബി ജെ പി നേതാക്കന്മാര്‍ ആരും തന്നെ മൂന്നാര്‍ വിഷയ സംബന്ധമായ ചാനല്‍ ചര്‍ച്ചകളിലൊന്നും എവിടേയും കണ്ടില്ല. പകരം ഈ മാസം 16-നു മൂന്നാര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെങ്കിലും സമരം ഒത്തുതീര്‍ന്നതോടെ ഈ നീക്കം പൊളിയുകയും ചെയ്തു. ജാതിയും മതവും ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളില്‍ താത്പര്യമില്ലാഞ്ഞിട്ടോ അതോ തങ്ങളുടെ തൊഴിലാളി യൂണിയനായ ബി എം എസിന് അവിടെ വലിയ സ്വാധീനമില്ലാത്തതിനാലോ തങ്ങളുടെ തണുപ്പന്‍ പ്രതികരണം എന്നു ബി ജെ പി വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ ഭൂമി/തൊഴില്‍ നിയമങ്ങളില്‍ കോര്‍പ്പറേറ്റ് അനുകൂല പരിഷ്കരണങ്ങള്‍ നടപ്പിലാക്കാന്‍വെമ്പുന്ന ഒരു പാര്‍ട്ടി തീര്‍ച്ചയായും ഇത്തരം തൊഴില്‍ സമരങ്ങളില്‍ ഇടപെട്ട് അഭിപ്രായം പറയാന്‍ അറയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. മൂന്നാര്‍ സമരം ദിശാസൂചിയാണ് എന്നു പറയുന്നത് ഇതുകൊണ്ടു കൂടിയാണ്. മതത്തിനും സാമുദായികതയ്ക്കുമപ്പുറം മനുഷ്യരുടെ അടിസ്ഥാന ജീവല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് എല്ലാ ജനങ്ങളേയും സമഭാവനയോടെ കാണുന്ന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ ഇരിപ്പിടമുള്ളൂ. അവിടെ വര്‍ഗ്ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് നിലനില്‍പ്പില്ല. നിലവിലെ എം എല്‍ എ എന്നതിലുപരി എസ് രാജേന്ദ്രനെതിരെ സമരക്കാര്‍ ഇത്ര തീവ്രമായി പ്രതിഷേധിക്കാന്‍ കാരണം സമരത്തിന്‍റെ തുടക്കത്തില്‍ രാജേന്ദ്രന്‍ നടത്തിയ തമിഴ് വംശീയ സംഘനകള്‍ സമരത്തിന് പിന്നിലുണ്ട് എന്ന പ്രസ്താവനകൂടിയാണെന്ന് ഓര്‍ക്കണം.

സമരവിജയത്തിന്‍റെ പങ്കുപറ്റുകാര്‍
20 ശതമാനം ബോണസ് നേടിയെടുക്കുന്നതിലും കൂലി വര്‍ദ്ധനവ് സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്ക് ഗവണ്‍മെന്‍റിനെയും ടാറ്റ കമ്പനിയെയും നിര്‍ബന്ധിക്കുന്നതിലും മൂന്നാറിലെ തൊഴിലാളികള്‍ വിജയിച്ചു എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും സമാന സാഹചര്യത്തില്‍ ജീവിക്കുന്ന തൊഴിലാളികള്‍ ഇടുക്കിയുടെ മറ്റ് ഭാഗങ്ങളിലും വയനാട്ടിലും മറ്റും ഉണ്ടെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഈ സമരം അവരുടെ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മൂന്നാര്‍ സമരത്തിന്‍റെ ഇമ്പാക്ടിനെ അളക്കേണ്ടത്. മറ്റൊരു സമരം പൊട്ടിപ്പുറപ്പെടുന്നതിന് തടയിടാന്‍ ഭരണകൂടത്തെയും മുഖ്യധാര തൊഴിലാളി പ്രസ്ഥാനങ്ങളെയും ജാഗ്രതപ്പെടുത്തലല്ല സംഭവിക്കേണ്ടത്. കേരളത്തിലെ വിവിധ തൊഴില്‍ മേഖലകളിലെ ചൂഷണങ്ങളും അസന്തുലിതാവസ്ഥയും പരിഹരിക്കുന്നതിനുള്ള സമൂലമായ പരിഷ്കരണങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുകയാണ് വേണ്ടത്. അതോടൊപ്പം സുപ്രധാനമാണ് മൂന്നാര്‍ സമരം വിജയം തങ്ങളുടേതായി ആഘോഷിക്കുന്ന മാധ്യമങ്ങളുടെ അമിതാഹ്ലാദവും. കല്യാണ്‍ സില്‍ക്സിലും സീമാസിലും മറ്റും നടന്ന അസംഘടിത തൊഴിലാളികളുടെ സമരം കണ്ടില്ലെന്ന് നടിച്ചവരാണ് ഈ മുഖ്യധാര മാധ്യമങ്ങള്‍. മൂന്നാര്‍ സമരത്തില്‍ മാധ്യമങ്ങള്‍ നിര്‍വഹിച്ച പങ്കിനെ അഭിനന്ദിക്കുമ്പോള്‍ തന്നെ അവരുടെ ഇരട്ടത്താപ്പും കേരള സമൂഹം കാണുന്നുണ്ട് എന്ന ഓര്‍മ്മ ഉണ്ടാകണം.

(ചിത്രങ്ങള്‍: സജിന്‍ ബാബു)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

k c arun

k c arun

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍