UPDATES

പാര്‍ട്ടി എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പമെന്നു കോടിയേരി, ഒരു രാഷ്ട്രീയക്കാരനെയും വിശ്വാസമില്ലെന്ന് തൊഴിലാളികള്‍

അഴിമുഖം പ്രതിനിധി

മൂന്നാറില്‍ സമരം നടത്തുന്ന സ്ത്രീ തൊഴിലാളികളെ കാണാനും സമരത്തിന് പിന്തുണയര്‍പ്പിക്കാനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തി. അദ്ദേഹത്തോടൊപ്പം മഹിള അസോസിയേഷന്‍ നേതാക്കളായ പി കെ ശ്രീമതി, കെ കെ ഷെലജ എന്നിവരും എ എസ് ബിജിമോള്‍ എം എല്‍ എയും ഉണ്ടായിരുന്നു. സിപിഐഎം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പം ആണെന്നും. തൊഴിലാളി സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും എത്രയും വേഗം സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം അടുത്ത നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും കോടിയേരി ആവശ്യപ്പെട്ടു.സമരക്കാര്‍ ആത്മനിയന്ത്രണം പാലിക്കണമെന്ന ആവശ്യവും സിപി ഐഎം സെക്രട്ടറി തൊഴിലാളികള്‍ക്ക് മുന്നില്‍വെച്ചു. തോട്ടം തൊഴിലാളികള്‍ക്ക് ഉടനടി പത്തു സെന്റ് സ്ഥലം വീതം വീടുവയ്ക്കാനായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇതിനുള്ള നടപടികള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെന്നും എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോയില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. തൊഴിലാളി ക്ഷേമത്തിനായി കോടികള്‍ നീക്കിവച്ചിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും ഒരാനുകൂല്യവും ഇതുവരെ നല്‍കിയിട്ടില്ലെന്നും അേേദ്ദഹം ചൂണ്ടിക്കാട്ടി.

അതേസമയം തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ നേതാക്കളോട് അനുകൂലമായ പ്രതികരണമല്ലായിരുന്നു സമരക്കാരില്‍ നിന്നുണ്ടായത്. ശ്രീമതി ടീച്ചര്‍ തൊഴിലാളികള്‍ക്കൊപ്പം ഇരിക്കാന്‍ ശ്രമം നടത്തിയത് തൊഴിലാളികള്‍ തടഞ്ഞത് ചെറിയ സംഘര്‍ഷമുണ്ടാക്കി. നേതാക്കളെ ആരെയും കാണണ്ട എന്ന നിലപാടായിരുന്നു ഇവര്‍ക്കാദ്യം. പിന്നീട് നേതാക്കള്‍ തൊഴിലാളികള്‍ക്കിടയിലേക്ക് വന്ന് അവരെ ശാന്തരാക്കുകയായിരുന്നു. എന്നാല്‍ നേതാക്കന്മാര്‍ പോയ പുറകെ സ്ത്രീ തൊഴിലാളികള്‍ നടത്തിയ പ്രതികരണത്തില്‍ തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ നേതാവിനെയും വിശ്വസമില്ലെന്നും രാഷ്ട്രീയക്കാരോട് സംസാരിക്കേണ്ടന്നുമായിരുന്നു പറഞ്ഞത്. പലരും പലവാഗ്ദാനങ്ങളും തരുമെങ്കിലും ഒന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ട്രേഡ് യൂണിയനുകളോട് എത്രയോ നാളുകളായി പറയുന്നു. ഒന്നും നടന്നിട്ടില്ല. ഇപ്പോള്‍ ഞങ്ങളെ കാണാന്‍ വരുന്നവര്‍ ശത്രുക്കളാണോ സുഹൃത്തുക്കളാണോ എന്നറിയില്ലെന്നും തൊഴിലാളികള്‍ പറയുന്നു. കമ്പനി എംഡി തങ്ങളോട് നേരിട്ട് സംസാരിക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. കൊച്ചിയില്‍ നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും പ്രശ്‌നം തീര്‍ക്കേണ്ടത് തിരുവനന്തപുരത്തോ കൊച്ചിയിലോവെച്ചല്ലെന്നും ഇവിടെ വന്നു തങ്ങളോടു സംസാരിച്ചു പ്രശ്‌നം തീര്‍ക്കണമെന്നും തൊഴിലാളികള്‍ പറയുന്നു. ഇതിനിടയില്‍ കമ്പനിയില്‍ നിന്ന് ആനുകൂല്യം വാങ്ങിയ നേതാക്കന്മാരുടെ ലിസ്റ്റ് തൊഴിലാളികള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍