UPDATES

മൂന്നാര്‍ സമരം എട്ടാം ദിവസത്തിലേക്ക്; സമാന്തര സമരവുമായി എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നിരാഹാര സത്യഗ്രഹം

അഴിമുഖം പ്രതിനിധി

മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ കെഡിഎച്ച്പി കമ്പനിക്കു മുന്നില്‍ നടത്തിവരുന്ന സമരത്തിന് സമാന്തരമായി ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. തൊഴിലാളികള്‍ സമരം ചെയ്യുന്നതിന് അരകിലോമീറ്റര്‍ മാറിയാണ് എംഎല്‍എയുടെ സമരപന്തല്‍. തൊഴിലാളികള്‍ക്ക് കൂലികൂട്ടി കൊടുക്കുക, ബോണസ് വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാജേന്ദ്രനും സമരം നടത്തുന്നത്. എംഎല്‍എ സമരം നടത്തിക്കൊള്ളട്ടെ, തങ്ങളുടെ ആവശ്യം അംഗീകരിച്ചു കിട്ടുന്നതുവരെ ഈ സമരം തുടര്‍ന്നു കൊണ്ടുപോകുമെന്നാണ് തൊഴിലാളികള്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ സമരത്തോട് പ്രതികരിച്ച് സംസാരിച്ചത്.

ഇന്നലെ സമരക്കാരെ സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയെ സമരം ചെയ്യുന്ന തൊഴിലാളികള്‍ വിരട്ടി ഓടിച്ചിരുന്നു. യൂണിയനുകളെയും രാഷ്ട്രീയപ്പാര്‍ട്ടികളെയും പൂര്‍ണമാക്കി ഒഴിവാക്കി നടത്തുന്ന തൊഴിലാളി സമരം എട്ടാംദിവസത്തേക്ക് കടന്നതോടെ സമരം ശക്തമായ ജനപിന്തുണ ആര്‍ജ്ജിക്കുകയാണ്. ഈ സാഹചര്യത്തിന്റെ അപകടം മനസ്സിലാക്കിയാണ് സിപിഐഎം എംഎല്‍എയെ മുന്‍നിര്‍ത്തിക്കൊണ്ട് സമരത്തില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാന്‍ ശ്രമം നടത്തുന്നത്. നേരത്തെ സമരം നടത്തുന്നവര്‍ തമിഴ് തീവ്രവാദികളെന്ന പരാമര്‍ശം നടത്തിയതിലൂടെ എംഎല്‍എ രാജേന്ദ്രന്‍ തൊഴിലാളികളുടെ കടുത്ത എതിര്‍പ്പിന് പാത്രമായിരുന്നു.

അതേസമയം കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലുള്ള പ്രമുഖര്‍ പലരും മൂന്നാറിലെ സ്ത്രീ തൊഴിലാളി സമരത്തിന് പിന്തുണയുമായി രംഗത്തുവരുന്നുണ്ട്. തൊഴിലാളികളുടെ സമരം പട്ടിണിക്കെതിരെയാണെന്നും ഇത്തരമൊരു സമരത്തിന് ഐകദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടതിന്റെ ചുമതല കേരളത്തിനാകമാനം ഉണ്ടെന്നും സാറ ജോസഫ് പറഞ്ഞു. കൂടുതല്‍ എഴുത്തുകാരോട് സമരത്തിന് പിന്തുണയുമായി സമരപന്തലില്‍ എത്താന്‍ അഭ്യര്‍ത്ഥിക്കുമെന്നും അവര്‍ പറഞ്ഞു.

രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളുടെ നിലനില്‍പ്പ് ഭയന്ന് സമരത്തില്‍ ഇടപെടാന്‍ തീരുമാനിച്ചിരിക്കുകയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് മൂന്നാറില്‍ എത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ രാജേന്ദ്രന്റെ സമരപന്തലിലേക്കാണോ കോടിയേരി എത്തുന്നത്, അതോ തൊഴിലാളികളെ കാണാന്‍ എത്തുമോ എന്നതില്‍ വ്യക്തതയില്ല. നാളെ വി എസ് അച്യുതാനന്ദന്‍ സമരക്കാരെ സന്ദര്‍ശിക്കാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതില്‍ ഒരു സ്ഥിരീകരണം പാര്‍ട്ടി ഇതുവരെ നല്‍കിയിട്ടില്ല.

മൂന്നാറിലെ തൊഴിലാളി സമരം ന്യായമാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ആവശ്യമെങ്കില്‍ പ്രശ്‌നത്തില്‍ താന്‍ നേരിട്ട് ഇടപെടുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് കാര്യങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിമാരായ ഷിബു ബേബി ജോണിനെയും ആര്യാടന്‍ മുഹമ്മദിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ്. ഇരു മന്ത്രിമാരും സമരസ്ഥലത്ത് സന്ദര്‍ശനം നടത്തുമെന്നും അറിയുന്നു.

അതേസമയം ലാഭം കുത്തനെ കുറഞ്ഞതാണ് തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ബോണസില്‍ കുറവ് വരുത്തേണ്ടിവന്നതെന്ന നിലപാടില്‍ തന്നെ നില്‍ക്കുകയാണ് കമ്പനി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍