UPDATES

സിനിമ

യാതൊരു മുന്നറിയിപ്പും കൂടാതെ പ്രേക്ഷകനേറ്റുവാങ്ങുന്ന തലയ്ക്കടിയാണ് ഈ ചിത്രം

Avatar

എന്‍ രവിശങ്കര്‍

യാതൊരു മുന്നറിയിപ്പും കൂടാതെ തലയ്ക്കടിയേറ്റ പോലെയാണ് പ്രേക്ഷകര്‍ മുന്നറിയിപ്പ് കണ്ട് ഇറങ്ങുന്നത്. അത്രയ്ക്കൊരു ആഘാതം അവര്‍ക്ക് നല്‍കാന്‍ ഈ ചിത്രത്തിന് കഴിയുന്നുണ്ട് എന്നതാണ് ഇതിന്റെ വിജയവും. തിരക്കഥയുടെ വികാസത്തില്‍ ഇത്തരമൊരു ക്ലൈമാക്സ്‌ അവര്‍ പ്രതീ ക്ഷിക്കുകയില്ല. വേണുവും ഉണ്ണിയും അഭിനന്ദനമര്‍ഹിക്കുന്നു.

വളരെ ലളിതമാണ് ചിത്രത്തിന്റെ കഥാതന്തു. അത് അതുപോലെ ലളിതമാക്കി നില നിര്‍ത്താന്‍ തിരക്കഥാകൃത്തിനും സംവിധായകനും കഴിയുന്നുണ്ട്. ജയില്‍ സൂപ്രണ്ടിന്റെ ആത്മകഥ എഴുതിക്കൊടുക്കാനായി ജയിലില്‍ എത്തുന്ന അഞ്ജലി എന്ന ജേര്‍ണലിസ്റ്റ് അവിടെ രാഘവന്‍ എന്ന ജയില്‍ പുള്ളിയെ കാണുന്നു. രണ്ടു കൊലയ്ക്കു ശിക്ഷിക്കപ്പെട്ട അയാള്‍ 20 വര്‍ഷമായിട്ടും പുറത്തു പോകാത്ത ആളാണ്‌. ഒരാള്‍ പോലും അയാളെ കാണാന്‍ എത്തിയിട്ടില്ല.അയാള്‍ പരോളില്‍ പോലും പുറത്തു പോയിട്ടില്ല. ഒരു തവണ പോലും ആസ്പത്രിയില്‍ ആയിട്ടില്ല. അയാള്‍ സംസാരിക്കുന്നത് തനിക്കു മാത്രം സ്വന്തമായ ഒരു വിശകലന ബുദ്ധിയോടെയാണ്. അയാള്‍ എന്തൊക്കെയോ കുത്തിക്കുറിച്ചത്‌ വായിച്ച അഞ്ജലി അയാളുടെ കഥ എഴുതുന്നു. അത് ഒരു പ്രധാന ഇംഗ്ലീഷ് ന്യൂസ്‌ മാഗസിനില്‍ വരുന്നതോടെ അഞ്ജലിയും രാഘവനും പ്രശസ്തരാവുന്നു. ഒരു ബുക്ക്‌ തന്നെ ഇറക്കാനുള്ള ശ്രമത്തില്‍ അയാള്‍ റിലീസ് വാങ്ങി പുറത്തുവരുന്നു. പക്ഷെ പിന്നീട് അയാള്‍ ഒരു വരി പോലും എഴുതുന്നില്ല. ഡെഡ് ലൈന്‍ തീരുന്ന ദിവസം അയാള്‍ ഒറ്റ വീര്‍പ്പില്‍ എഴുതിയത് മുഴുവന്‍ അഞ്ജലിയെ ഏല്‍പ്പിക്കുന്നു. താന്‍ ജയിലില്‍ പോവാന്‍ തീരുമാനിച്ചു എന്ന് അവളോട്‌ പറയുന്നു. പിന്നീടാണ് ക്ലൈമാക്സ്‌ വരുന്നത്.

ചിത്രത്തിലെ ഏറ്റവും സൂക്ഷ്മമായ ഘടകം മമ്മൂട്ടി അവതരിപ്പിക്കുന്ന രാഘവന്‍ എന്ന കഥാപാത്രത്തിന്റെ എല്ലാ രഹസ്യങ്ങളും അതെ പോലെ മറച്ചു വെക്കപ്പെട്ടിരിക്കുന്നു എന്നതാണ്. അയാള്‍ എഴുതി വെച്ച കുറിപ്പുകളില്‍ നിന്ന് പോലും അത് വ്യക്തമല്ല. കാരണം, അത് അഞ്ജലി മാത്രമേ അറിയുന്നുള്ളൂ. അത് കാരണം യാതൊരു റഫറന്‍സ് പോയിന്റും ഇല്ലാത്ത ഒരു നിഗൂഡ കഥാപാത്രമായി അയാള്‍ മാറുന്നു. അയാളെ ജീവിതവുമായി ബന്ധിപ്പിക്കുന്നത് കൊല ചെയ്യപ്പെട്ട സ്ത്രീകളുടെ ഫോട്ടോകള്‍ മാത്രമാണ്.പക്ഷെ എന്തിനാണ് കൊലകള്‍ നടത്തിയത് എന്നതിന് യാതൊരു സൂചനകളുമില്ല. അയാള്‍ പറയുന്നത് താന്‍ കൊലയൊന്നും  ചെയ്തിട്ടില്ല എന്നാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

മുന്നറിയിപ്പ്: വെറും സ്റ്റഫല്ല, ജീവിതമാണ്
നഗരം, മാഫിയ, ഗാംഗ് വാര്‍, പോലീസ്…. പിന്നെ കുറച്ച് അസ്തിത്വവാദവും- സ്റ്റീവ് ലോപ്പസ് വിമര്‍ശിക്കപ്പെടുന്നു
ഇത്തരം സിനിമകൾക്കൊക്കെ കഥ എഴുതുകയല്ലാതെ എന്ത് നിരൂപിക്കാന്‍?
ഐ ആം ലാൽ സീനിയർ
തട്ടമിട്ട പന്തുകളി ഭ്രാന്തികള്‍

ഇതിനു ഒരു വിശദീകരണം രാഘവന്‍ തന്നെ നല്‍കുന്നുണ്ട്. സ്വാതന്ത്ര്യമാണ്  മനുഷ്യന്റെ വലിയ പ്രശ്നമെന്നും തന്റെ സ്വാതന്ത്ര്യത്തിനു തടസ്സമാകുന്ന എന്തിനെയും ഒരു മനുഷ്യന്‍ എടുത്തു കളയുകയുമാണ് വേണ്ടതെന്നും  അയാള്‍ പറയുന്നു. ജയില്‍ സ്വാതന്ത്ര്യമില്ലാത്ത ഒരു ഇടമായി അയാള്‍ക്ക്‌ തോന്നുന്നില്ല. സ്വാതന്ത്ര്യമില്ലായ്മ ജയിലിനു പുറത്താണ് എന്നതാണ് അയാളുടെ നിലപാട്. സ്വന്തം  രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഇത്രയും സൂക്ഷ്മമായി സൂക്ഷിക്കുന്ന ഒരു കഥാപാത്രം മലയാള സിനിമയില്‍ അപൂര്‍വമാണ്.

രാഘവന്‍ എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് കഴിയുന്നുണ്ട്. മറ്റുള്ള നടീനടന്മാരും തങ്ങളുടെ റോളുകള്‍ നന്നായി ചെയ്തിട്ടുണ്ട്. ഗാനങ്ങള്‍ ഇല്ല എന്ന ഒരു മെച്ചവും ചിത്രത്തിനുണ്ട്. എടുത്തു പറയേണ്ടത് ബിജി ബാലിന്റെ പശ്ചാത്തല സംഗീതമാണ്.ചിത്രത്തിന് അതിന്റെ രഹസ്യമയമായ ടോണ്‍ കൊടുക്കുന്നതില്‍ സംഗീതത്തിനു വലിയ പങ്കുണ്ട്. അനാവശ്യമായ സംഭാഷണങ്ങള്‍ പറ്റെ ഒഴിവാക്കിയിരിക്കുന്നു. യാതൊരു വിധത്തിലുമുള്ള ബുദ്ധിജീവി നാട്യങ്ങളും ചിത്രത്തില്‍ അനുവദിച്ചിട്ടില്ല.

ഏറെ നിഗൂഡതകള്‍ ഇനിയും ഉള്ളില്‍ സൂക്ഷിക്കുന്ന ഒരു ചിത്രമാണ് മുന്നറിയിപ്പ്. ഒരു ചെറുകഥയുടെ സുഖം ചിത്രം കാണുമ്പോള്‍ ഉണ്ടാവുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍