UPDATES

സിനിമ

മുന്നറിയിപ്പ്: വെറും സ്റ്റഫല്ല, ജീവിതമാണ്

Avatar

സാജു/സഫിയ

ചില സുഹൃത്തുക്കളായ പത്രപ്രവര്‍ത്തകര്‍ തങ്ങളെഴുതുന്ന റിപ്പോര്‍ട്ടുകളെ  സ്റ്റഫെന്നും അല്ലെങ്കില്‍ ഐറ്റമെന്നും വിശേഷിപ്പിക്കുന്നത് കേള്‍ക്കാറുണ്ട്. ചിലപ്പോള്‍ ആ വിശേഷണം പീസെന്നുമാകാറുണ്ട്. തങ്ങളുടെ മുന്‍പില്‍ വരുന്ന ജീവിതത്തെ കൃത്യമായി നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളില്‍ പേജിനും വാക്കുകള്‍ക്കും പ്രതിഫലത്തിനും അകത്ത് ഒതുക്കി നിര്‍ത്തുന്ന ഉടമ്പടികളായി മാത്രം കാണുന്ന പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തെയും ജീവിതത്തെയും വ്യാഖ്യാനിക്കുകയും സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍  ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് തരികയുമാണ് ‘മുന്നറിയിപ്പി’ലൂടെ പ്രസിദ്ധ ഛായാഗ്രാഹകനും സംവിധായകനുമായ വേണു.

ഇതിന് മുന്‍പ് സ്വാതന്ത്ര്യത്തെക്കുറിച്ച് ഇത്ര ഗഹനമായ ദര്‍ശനം അനുഭവിച്ചത് വൈക്കം മുഹമ്മദ് ബഷീറിന്‍റെ മതിലുകളിലായിരുന്നു. (പിന്നീട് മതിലുകള്‍ അടൂര്‍ സിനിമയാക്കിയപ്പോള്‍ മമ്മൂട്ടി തന്നെ ബഷീറായി എത്തി). തടവറയ്ക്കകത്ത് പാരതന്ത്ര്യമാണെന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്. സ്വാതന്ത്ര്യം അനുഭവിക്കാന്‍ സാധിക്കാത്ത തടവുപുള്ളികളെ കുറിച്ച്  സഹാനുഭൂതി പ്രകടിപ്പിക്കുന്നവരാണ് പുറത്തുള്ളവര്‍. താങ്കള്‍ ജയില്‍ മോചിതനായിരിക്കുന്നു എന്നു പറയുന്ന വാര്‍ഡനോട് ആര്‍ക്ക് വേണം ഈ സ്വാതന്ത്ര്യം എന്നാണ് ബഷീര്‍ തിരിച്ചു ചോദിക്കുന്നത്. ഇതേ ചിന്ത തന്നെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന സി കെ രാഘവനും മുന്നോട്ട് വെക്കുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തന്നെ കഴിയുന്ന രാഘവന്‍ താന്‍ സ്വതന്ത്രനാണ് എന്നുതന്നെയാണ് കരുതുന്നത്. മറ്റുള്ളവരുടെ കണ്ണില്‍ അസ്വതന്ത്രനാണെങ്കിലും. ഒരാളുടെ സ്വാതന്ത്ര്യമല്ല മറ്റൊരാളുടേത്. രാഘവന്‍ പറയുന്നു. സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോഴാണ് കലഹം (വിപ്ലവം) ഉണ്ടാകുന്നത്. ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീഴും. രാഘവന്‍ തുടരുന്നു.

യാദൃശ്ചികമായാണ് യുവ പത്ര പ്രവര്‍ത്തക അഞ്ജലി അറക്കല്‍ രാഘവന്‍റെ മുന്നിലെത്തുന്നത്. പണവും പ്രശസ്തിയും ആഗ്രഹിക്കുന്ന കരിയറിസ്റ്റിക്കായ ഒരു പുതു തലമുറ മാധ്യമ പ്രവര്‍ത്തകയാണ് അവള്‍. രാഘവന്‍റെ ജയിലറുടെ ഗോസ്റ്റ് ആത്മകഥ എഴുത്തുകാരി ആയി എത്തിയ അവള്‍ രാഘവന്‍റെ ജീവിതത്തില്‍ നല്ലൊരു ‘സ്റ്റഫ്’ കണ്ടെത്തുന്നു. അതവള്‍ക്ക് ഏറെ പ്രശസ്തി നേടിക്കൊടുക്കുന്നു. രാഘവന്‍റെ ജീവിതം ഒരു പുസ്തകമാക്കി കൊടുക്കാമെന്ന് അവള്‍ ഒരു കോര്‍പ്പറേറ്റ് പുസ്തക പ്രസാധകരുമായി കരാറില്‍ ഒപ്പുവെയ്ക്കുന്നു. അങ്ങിനെ 20 വര്‍ഷത്തിന് ശേഷം നമ്മള്‍ പറയുന്ന ‘സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു’ ശ്വസിക്കാന്‍ രാഘവന്‍ പുറത്തെത്തുന്നു. പൂര്‍ണ്ണമായും അഞ്ജലിയുടെ കസ്റ്റഡിയില്‍. മറ്റൊരു ജയിലില്‍.

സ്വാതന്ത്ര്യത്തിന്‍റെ അതിര്‍ വരമ്പ് നേര്‍ത്തതാണ്. അത് എപ്പോള്‍ വേണമെങ്കിലും ലംഘിക്കപ്പെടാം. ഇതിന്‍റെ പേരിലാണ് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടാകുന്നത്. വലിയ രക്തപ്പുഴകള്‍ ഒഴുകുന്നതും. തന്റെ സഹജീവിയുടെ സ്വാതന്ത്ര്യത്തെ ഒട്ടും ഗൌനിക്കാതെയും ചിലപ്പോള്‍ മാരകമായി ഹനിച്ചും മുന്നോട്ട് പോകുന്ന പുതിയ കാലത്തിന് മുന്നിലേക്കാണ് വേണുവും മമ്മൂട്ടിയും കഥാകൃത്ത് ആര്‍ ഉണ്ണിയും രാഘവനെ മുന്നോട്ട് വെക്കുന്നത്.

രാഘവന്‍ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ പുതിയ കാലത്തിന് ദഹിച്ചില്ലെന്ന് വരാം. പക്ഷേ രാഘവനുണ്ടാക്കുന്ന മുറിവ് അവനെ/അവളെ പിന്‍തുടരുക തന്നെ ചെയ്യും. ചിലപ്പോള്‍ ഭയപ്പെടുത്തുകയും. കുറ്റകൃത്യത്തെയും ശിക്ഷയെയും നിയമ സംവിധാനത്തെയും തടവറയെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ തിരുത്തപ്പെടേണ്ടതിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് മുന്നറിയിപ്പ്. രാഘവന്‍ പറയുന്നുണ്ട് നമ്മുടെ നിയമ വ്യവസ്ഥ പൌരനെയാണ് ശിക്ഷിക്കുന്നത്. മനുഷ്യനെയല്ല എന്ന്. ജയില്‍ ശിക്ഷയുടെ അന്തിമ ലക്ഷ്യം ഒരു മനുഷ്യനെ താന്‍  ചെയ്ത തെറ്റിന് പശ്ചാത്തപപ്പിച്ച് നല്ലവനാക്കുകയാണോ അതോ പുറം സമൂഹത്തിന്‍റെ സ്വാസ്ഥ്യം സംരക്ഷിക്കുകയാണോ എന്ന ചോദ്യമാണ് രാഘവന്‍ ഉയര്‍ത്തുന്നത്.

ഒരര്‍ഥത്തില്‍ അഞ്ജലിയും സ്വാതന്ത്ര്യമില്ലായ്മയിലേക്ക് ചെന്നു വീഴുന്നുണ്ട്. കോര്‍പ്പറേറ്റ് പബ്ലിഷിംഗ് ഹൌസ് നല്‍കുന്ന ഡെഡ്ലൈനില്‍ തട്ടി അതുവരെ അവള്‍ അനുഭവിച്ച സ്വാതന്ത്ര്യം തകരുന്നു. (ഈ ചിത്രത്തിന്‍റെ ആംഗലേയ നാമം ദ ഡെഡ്ലൈന്‍ ആണെന്ന് ഓര്‍ക്കുക). തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് അവള്‍ പ്രകോപിതയാകുന്നതും. അതിനു തടസമായ രാഘവനെ അവള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. രാഘവന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ സ്വാതന്ത്ര്യത്തിന് തടസം നില്‍ക്കുന്നതിനെ നമ്മള്‍ പറിച്ചു മാറ്റുന്നു.  

ബെസ്റ്റ് ഓഫ് അഴിമുഖം 

മമ്മൂട്ടിയെ ദൈവം രക്ഷിക്കട്ടെ
മഴയും ക്‌ളാരയും പിന്നെ തങ്ങളും
ആഴങ്ങളിലെ തങ്കമീനുകള്‍ – നിലപാടുറപ്പുകളുടെ സിനിമ
കൊറിയന്‍ പടം കോപ്പി അടിച്ചാലും വേണ്ടില്ല; ഒരു നല്ല പടം തരൂ, ന്യൂ ജനറേഷന്‍കാരേ!
സ്വപ്നങ്ങളുടെ നോട്ടുപുസ്തകം മഞ്ജു വാര്യര്‍ വീണ്ടും തുറക്കുമ്പോള്‍

നിരവധി സിനിമകള്‍ക്ക് ശേഷമാണ് മിതത്വമാര്‍ന്ന അഭിനയ ശൈലിയില്‍ മമ്മൂട്ടിയെ കാണുന്നത്. ചില സമയത്തെങ്കിലും മമ്മൂട്ടിയുടെ മുന്‍ പാവത്താന്‍ കഥാപാത്രങ്ങളെ ഓര്‍മ്മിച്ചുപോവുമെങ്കിലും അതിനപ്പുറം മുന്നറിയിപ്പ് പറയാന്‍ ശ്രമിച്ച ദര്‍ശനത്തെ വ്യാഖ്യാനിക്കാന്‍ മമ്മൂട്ടിക്ക് തന്റെ ശരീര ഭാഷകൊണ്ട് സാധിക്കുന്നുണ്ട് എന്ന് തന്നെ വേണം പറയാന്‍. മമ്മൂട്ടിയുടെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന അപര്‍ണ്ണാ ഗോപിനാഥിന്റെ പ്രകടനത്തിനും കയ്യടി നല്‍കാതെ വയ്യ.

16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം ടി വാസുദേവന്‍ നായരുടെ ബാലസാഹിത്യ കൃതിയെ ഉപജീവിച്ച് എം ടിയുടെ തന്നെ തിരക്കഥയില്‍ ആറേബ്യന്‍ ജീവിതവും സംസ്കാരവും ഒപ്പം മഞ്ജു വാര്യര്‍ എന്ന നടിയുടെ അഭിനയ മികവും കാട്ടി തന്ന് നമ്മെ വിഭ്രമിപ്പിച്ച വേണുവിന്റെ സംവിധായക കസേരയിലേക്കുള്ള മടങ്ങി വരവ് വെറുതെയായില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാം. 

പാട്ടും കെട്ടു കാഴ്ചകളുമില്ലാതെ പതിഞ്ഞ താളത്തില്‍ വികസിക്കുന്ന മുന്നറിയിപ്പ് ഒരു കൊള്ളിയാന്‍ പോലെ നിങ്ങളെ വിഭ്രമിപ്പിച്ച് ഞെട്ടിച്ച് കടന്നു പോകുന്ന ചിത്രമല്ല. മറിച്ച് പിന്നാലെ കൂടി പതുക്കെ പതുക്കെ നിങ്ങളെ അലോസരപ്പെടുത്തുന്ന ഒരു ചിന്തയാണ്. ബോക്സോഫീസില്‍ അമ്പരപ്പ് സൃഷ്ടിച്ചാലും ഇല്ലെങ്കിലും മലയാള സിനിമാ ചരിത്രത്തില്‍ ‘മുന്നറിയിപ്പ്’ ഇടം നേടുക തന്നെ ചെയ്യും തീര്‍ച്ച.

വാല്‍ചിന്ത: മമ്മൂട്ടി റം കഴിക്കുന്ന ഒരു ബാര്‍ ദൃശ്യമുണ്ട് ഈ ചിത്രത്തില്‍. വരാന്‍ പോകുന്ന മദ്യ നിരോധിത സുന്ദര കേരളത്തില്‍ സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങളില്‍ ബാറുകളേ ഉണ്ടാകില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ചെറിയൊരു വിഷമം. സ്വാതന്ത്ര്യത്തിന്‍റെ മറ്റൊരു ഹനനം. രാഘവന്‍റെ ഫിലോസഫി അനുസരിച്ചാണെങ്കില്‍ ചോര വീഴും. തീര്‍ച്ച.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍