UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണ്‍റോ തുരുത്ത്; ഒരു ഗ്രാമം ജീവിക്കുന്ന വിധം-ഭാഗം 1

Avatar

രാകേഷ് നായര്‍

അഷ്ടമുടിക്കായലും കല്ലടയാറും ചേര്‍ന്ന് വലംവച്ചു നില്‍ക്കുന്ന ചെറു മണ്‍തുരുത്തുകളുടെ കൂട്ടമാണ് മണ്‍റോതുരുത്ത്. കൊല്ലം പിന്നിട്ട് പെരിന്നാടു കഴിഞ്ഞുള്ള റെയില്‍വേ സ്‌റ്റേഷന്‍ ആയിരിക്കും പുറംലോകത്തിന് ഈ നാടിന്റെ അടയാളമായി പെട്ടെന്നു മനസിലേക്കു വരുന്നത്. പാളത്തിനിരുവശവുമായി വെള്ളക്കെട്ടുകളും, മഞ്ഞ പെയിന്റടിച്ച ഒരൊറ്റമുറിസ്റ്റേഷന്‍ കെട്ടിടവും അധികം ആളനക്കമില്ലാത്ത പ്ലാറ്റ്‌ഫോമും കടന്നു പോകുന്നതിനിടയില്‍ ഈ പേര് ആരിലും അല്‍പ്പം കൗതുകം നിറയ്ക്കും എന്നതിനപ്പുറം ഈ ചെറു തുരുത്തുകളെക്കുറിച്ച് നമുക്ക് അധികമൊന്നും അറിയില്ലായിരുന്നു അടുത്തകാലം വരെ. എന്നാലിപ്പോള്‍ കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട മണ്‍റോതുരുത്ത് ഗ്രാമം വാര്‍ത്തകളുടെ സ്ഥിരം തലക്കെട്ടുക്കളാവുകയാണ്. പരിസ്ഥിതിപ്രശ്‌നവുമായി ബന്ധപ്പെട്ട്. ആഗോളതാപനത്തിന്റെ ദുരന്തം എത്ര ഭീകരമായിരിക്കുമെന്നു മണ്‍റോതുരുത്തിന്റെ ഭാവി ചര്‍ച്ചയാക്കി കൊണ്ട് ഓരോ വാര്‍ത്തകളും നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. വന്നുപോകുന്ന വാര്‍ത്തകള്‍ക്കപ്പുറം മണ്‍റോതുരുത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്താണ്? വാര്‍ത്തകള്‍ പറയുന്നതാണോ യഥാര്‍ത്ഥ മണ്‍റോ തുരുത്ത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. 

മണ്‍റോ സായിപ്പും ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും
ഉമ്മിണിത്തമ്പിക്കുശേഷം തിരുവാതാംകൂറിന്റെ ദിവാന്‍ പട്ടം ഏറ്റെടുത്ത കേണല്‍ ജോണ്‍ മണ്‍റോയുടെ പേരാണ് ഗ്രാമത്തിന് കിട്ടിയിരിക്കുന്നത്. ഒരിക്കല്‍ മലങ്കരസഭയുടെ പുലിക്കോട്ടില്‍ ജോസഫ് കത്തനാര്‍ കേണല്‍ മണ്‍റോയെ സമീപിച്ച് തങ്ങള്‍ക്ക് പുരോഹിതപരിശീലനത്തിനായി ഒരു മഠം സ്ഥാപിക്കണമെന്നും അതിനായി സ്ഥലം കണ്ടെത്തി നല്‍കണമെന്നും ആവശ്യപ്പെടുകയുണ്ടായി. സഭയുടെ ആഗ്രഹപ്രകാരം മണ്‍റോ കണ്ടെത്തി നല്‍കിയത് അഷ്ടമുടിക്കായലിനും കല്ലടയാറിനും നടുവിലായി നിലകൊള്ളുന്ന ചെറു കരപ്രദേശങ്ങളാണ്. ഇവിടെ മഠം സ്ഥാപിച്ചു സഭാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്കാര്‍ തങ്ങളോട് അനുഭാവപൂര്‍വം പെരുമാറിയ മണ്‍റോ സായിപ്പിനെ സ്മരിക്കാനായി ഈ സ്ഥലത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതോടെയാണ് ഇവിടം മണ്‍റോതുരുത്ത് ആയി അറിയപ്പെടാന്‍ തുടങ്ങിയത്. സഭാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ഈ തുരുത്തുകള്‍ സൊസൈറ്റിയെ സംബന്ധിച്ചു നല്ല ആദായമുള്ള ഭൂമി കൂടിയായിരുന്നു. വെള്ളമൊഴുകി പോകാന്‍ മണ്‍റോ മുന്‍കൈയെടുത്ത് ഇടയക്കടവു മുതല്‍ മണിക്കടവു വരെ ഒരു തോട്- പുത്തനാറ്-വെട്ടിയതോടെ ഇവിടം കൃഷിക്ക് കൂടുതല്‍ യോഗ്യമാവുകയും ചെയ്തു. 1930 വരെ മണ്‍റോതുരുത്തിന്റെ അവകാശം സിഎംഎസ്സിനായിരുന്നു. 30 ല്‍ റാണി സേതുലക്ഷ്മി ഭായി സൊസൈറ്റിയില്‍ നിന്നു പ്രദേശം ഏറ്റെടുക്കുകയും പിന്നീടിത് കൊല്ലം ജില്ലയില്‍പ്പെടുന്ന വില്ലേജാക്കി മാറ്റുകയും ചെയ്തു. ഇന്നും തുരുത്തില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്കാരുടെ ഭൂമി വകകള്‍ അവശേഷിക്കുന്നുണ്ട്. അതോടൊപ്പം പാട്ടംതുരുത്ത് പ്രദേശത്തായി എ ഡി 1878 ല്‍ സ്ഥാപിതമായ ഒരു പള്ളിയും മണ്‍റോതുരുത്തിന്റെ ചരിത്രപൈതൃകമായി നിലവിലുണ്ട്. അഷ്ടമുടി-എടച്ചാല്‍ പള്ളിയെന്നറിയപ്പെടുന്ന ഈ പള്ളി കൊല്ലം രൂപതയുടെ കീഴിലാണ്. അഷ്ടമുടിക്കായലിന്റെ കരയിലായി നിലനില്‍ക്കുന്ന പള്ളി ഇപ്പോള്‍ നവീകരണത്തിന്റെ പാതയിലാണ്. വിശ്വാസികള്‍ വന്നുപോകാറുള്ള ഇവിടെ ഒരു പ്രധാനകാര്യം സൂചിപ്പിക്കാനുള്ളത്, വര്‍ഷാവര്‍ഷം നടക്കുന്ന തിരുന്നാളിന് ചുക്കാന്‍ പിടിക്കുന്നത് പ്രദേശത്തെ ഹൈന്ദവമതവിശ്വാസികള്‍ ആണെന്നതാണ്. ഈ പള്ളി കഴിഞ്ഞാല്‍ വിദേശബന്ധത്തിന്റെ സ്മാരകമായി ഇപ്പോള്‍ ഉള്ളത് നീറ്റന്‍തുരുത്തില്‍ താമസിക്കുന്ന ഹൈസന്ത് ഫെറിയ എന്ന വൃദ്ധയാണ്.

കല്ലടയാറിന്റെ സമ്മാനം
മണ്‍റോ തുരുത്ത് എങ്ങനെ രൂപപ്പെട്ടു എന്നു ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഇത് കല്ലടയാറിന്റെ സമ്മാനം എന്നു പറയാം. ആറിനും കായലിനും നടുവിലായി ഇത്തരത്തിലൊരു കരപ്രദേശം രൂപം കൊള്ളുന്നത് പ്രകൃതി കാണിച്ചിരിക്കുന്ന അതിശയമാണ്. ഓരോ മഴക്കാലത്തും കുതിച്ചുകുത്തിയൊഴുകുന്ന കല്ലടയാര്‍ കൊണ്ടുവന്നു അടിയ്ക്കുന്ന ചെളിയും മണ്ണും എക്കലും ചേര്‍ന്ന് രൂപംകൊണ്ട കരഭൂമിയാണ് ഇവിടെയുള്ള ഓരോ തുരുത്തും. വില്ലിമംഗലം, പെരുങ്ങാലം പാട്ടംതുരുത്ത്, പേഴുംതുരുത്ത് എന്നിവയാണ് മണ്‍റോതുരുത്തിലെ പ്രധാനഭാഗങ്ങള്‍. ഇന്നിപ്പോള്‍ പഞ്ചായത്ത് പതിമൂന്നു വാര്‍ഡുകളായി വിഭജിച്ചിരിക്കുകയാണ്. ഓരോ ആണ്ടിലും ഉണ്ടാകുന്ന വെള്ളപ്പൊക്കമാണ് തുരുത്തിന്റെ അനുഗ്രഹം. അതുകൊണ്ടു തന്നെ കല്ലടയാറ്റില്‍ വെള്ളംപൊങ്ങിയാല്‍ മണ്‍റോതുതുത്ത് നിവാസികള്‍ക്ക് ആഘോഷമാണ്, അല്ലെങ്കില്‍ ഒരോ വെള്ളപ്പൊക്കത്തിനുമായി അവര്‍ ആഘോഷപൂര്‍വം കാത്തിരിക്കുമായിരുന്നു.

വെള്ളം കരകവിഞ്ഞു മണ്ണുമ്പുറവും പൊങ്ങി ഉയരും. ആ സമയത്ത് ആളുകള്‍ കുന്നുംപുറങ്ങളിലേക്കു മാറും. പിന്നീട് വെള്ളം ഇറങ്ങുമ്പോള്‍ പ്രകൃതിയുടെ സമ്മാനംപോലെ ചെളിയും മണലും എക്കലും തുരുത്തിന് കൈമാറിയിരിക്കും കല്ലടയാറ്. മുകളിലത്തെ ചെളി മാറ്റിക്കഴിഞ്ഞാല്‍ പിന്നെ നല്ല മണലാണ്. ഈ മണല് കുത്തിയെടുത്തിട്ട് ഭൂമിയുടെ പൊക്കം കൂട്ടും. എക്കല്‍ അടിഞ്ഞു കൂടുന്നതോടെ തുരുത്ത് ഏറ്റവും നല്ല ജൈവവളഭൂമികയാകും. പിന്നെയിവിടെ എന്തുവച്ചാലും പത്തരമാറ്റോടെ വിളയും; മണ്‍റോതുരുത്തിന്റെ ഒരു കലാഘട്ടത്തിന്റെ ഓര്‍മകള്‍ പങ്കിട്ടു കേശവന്‍. അന്നിവിടം എന്തുകൊണ്ടും സമ്പുഷ്ടമായിരുന്നു. മണ്‍റോതുരുത്തിന് ദാരിദ്ര്യം ഇല്ലായിരുന്നു. ജനങ്ങള്‍ക്ക് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊന്നായി വരുമാനം ഉണ്ടായിരുന്നു.  ഒരു നഷ്ടസ്മൃതിയിലെന്നപ്പോലെ കേശവന്‍ നെടുവീര്‍പ്പുതിര്‍ത്തു.

നെല്ലും തെങ്ങും ഗ്രാമ്പുവും വിളഞ്ഞ തുരുത്ത് 
ചുറ്റും വെള്ളം നിറഞ്ഞുനില്‍ക്കുകയാണെങ്കിലും മണ്‍റോതുരുത്തിലെ മണ്ണ് പൊന്നുവിളയുന്നതായിരുന്നു. നെല്ലും തെങ്ങും മരച്ചീനിയും തൊട്ടു ഗ്രാമ്പുവരെ പൂത്തുവിളഞ്ഞ മണ്ണ്. ആറ്റിലെ എക്കലടിഞ്ഞു കിടക്കുന്ന ഇവിടെ ഒരു വളവും അധികമായി വേണ്ടിയിരുന്നില്ല. മുണ്ടകനും വെട്ടിവിരിപ്പനുമെല്ലാം ആള്‍പൊക്കത്തിലുണ്ടായിരുന്നു. വെള്ളത്തിലേക്കിറക്കി വിത്തിട്ടാല്‍ മതി, പിന്നെയൊന്നും നോക്കണ്ട, തൊണ്ണൂറുദിവസം കഴിയുമ്പോഴക്കും നെല്ലു വിളഞ്ഞിരിക്കും; ഒരു കാലത്തിന്റെ സമൃദ്ധിയെക്കുറിച്ചോര്‍ത്ത് അഭിമാനത്തോടെ പറഞ്ഞു മാധവന്‍. പിന്നെ തെങ്ങാണ്. അയ്യായിരവും ആറായിരവും തേങ്ങ കിട്ടിയിരുന്ന തെങ്ങിന്‍പ്പുരയിടങ്ങള്‍ മണ്‍റോതുരുത്തിലുണ്ടായിരുന്നു. ഏക്കറുകണക്കിന് മരച്ചീനിത്തോടങ്ങള്‍, പിന്നെയൊരിക്കല്‍ കോട്ടയത്തുനിന്നു മലയില്‍ മുതലാളിമാര്‍ ഗ്രാംബു കൊണ്ടുവന്നു നട്ടുനോക്കി, അതും പിഴച്ചില്ല. ഗ്രാംബുഗ്രാമം എന്ന വിശേഷണത്തിലേക്കുവരെ എത്തി മണ്‍റോതുരുത്ത്.

തുരുത്തുകാരുടെ മറ്റൊരു വരുമാനം മത്സ്യക്കൃഷിയായിരുന്നു. മണ്‍റോതുരുത്തിലെ കരിമീനിനെ കുറിച്ചു കേള്‍ക്കാത്തവരുണ്ടായിരുന്നോ! ആറും കായലും പുഴയും തമ്മില്‍ ലിങ്ക് ചെയ്യുന്ന സ്ഥലം ആയതുകൊണ്ട് ഇവിടെ നിറയെ മത്സ്യസമ്പത്തായിരുന്നു. കടലില്‍ നിന്ന് ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ പ്രജനന സമയത്തു കായലിലോട്ടാണ് കയറിവരുന്നത്. കായല്‍ മീനും കടല്‍ മീനും സുലഭമായിരുന്നു. കരിമീന്‍കൃഷി ആദായമുള്ളതായിരുന്നു. ഒഴുക്കില്‍ കേറിവരുന്നതെത്ര മീനുകളായിരുന്നു. അന്നൊക്കെ ചുമ്മാ കൈകൊണ്ടു തപ്പിയാല്‍ വരെ മീന്‍ കിട്ടുന്ന കാലമായിരുന്നു.

മണ്‍റോതുരുത്തിനുണ്ടായിരുന്ന മറ്റൊരു പെരുമ കയറിന്റെ കാര്യത്തിലായിരുന്നു. കുന്നത്തൂര്‍ തൊട്ടു തേവലക്കര വരെയുള്ളവര്‍ മണക്കടവ് ഭാഗത്തുവന്നാണ് തൊണ്ടടിക്കുന്നത്. വെള്ളത്തിലിട്ടു ചീയിച്ച തൊണ്ട് കരയ്‌ക്കെടുത്ത് തല്ലി ചകിരിയാക്കുന്ന പ്രോസസിംഗ് അണ് തൊണ്ടടി എന്നു പറയുന്നത്. അന്നൊക്കെ മണ്‍റോതുരുത്തുകാര്‍ എഴുന്നേല്‍ക്കുന്നത് തൊണ്ടടി ശബ്ദം കേട്ടുകൊണ്ടാണ്. വെളുപ്പിന് നാലുമണിക്കേ തുടങ്ങും. അന്നു കേരളത്തില്‍ പേരുകേട്ടതായിരുന്നു അഷ്ടമുടിക്കയറ്. തുരുത്തിലെ എല്ലാവീട്ടിലും കയറുപിരുത്തം ഉണ്ടായിരുന്നു. കയര്‍ സംഘങ്ങളും കുറവല്ലായിരുന്നു. ആലപ്പുഴയിലേക്കായിരുന്നു പ്രധാനമായും ഇവിടെ നിന്നും കയര്‍ കൊണ്ടു പോയിരുന്നത്. തിരുന്നല്ലൂര്‍ കവിതയിലെഴുതിയതെല്ലാം തന്നെ മണ്‍റോതുരുത്തിലുണ്ടായിരുന്നു; കേശവന്‍ ഒരു ചെറു തളര്‍ച്ചയോടെ പറഞ്ഞു.

മണലും തന്ന ലാഭം
തുരുത്തിലെ മണ്ണില്‍ നിന്നു കിട്ടുന്ന ആദായം കൂടാതെ മണ്ണുതന്നെ ആദായമാക്കി മാറ്റാനും മണ്‍റോതുരുത്തുകാര്‍ ശ്രമിച്ചിരുന്നു. ഇറങ്ങിയാല്‍ രണ്ടരയോ മൂന്നോ ആടി താഴ്ച്ച മാത്രമുള്ള കല്ലടയാറ്റില്‍ നിന്നു മണല്‍കുത്തിയെടുക്കുന്ന തൊഴിലാളികള്‍ മണ്‍റോതുരുത്തില്‍ ഏറെയുണ്ടായിരുന്നു. അന്നൊക്കെ ഇവിടെ ഏറ്റവും സുലഭമായി കിട്ടിയിരുന്ന ഒന്നായിരുന്നു മണല്‍. മറ്റിടങ്ങളിലേക്കു കൊടുക്കുന്നതുവഴി അതൊരു ആദായമുള്ള ബിസിനസ്സ് കൂടിയായിരുന്നു. ആണ്ടിലൊന്നോ ഒന്നില്‍ക്കൂടതലോ തവണ വെള്ളപ്പൊക്കമുണ്ടാകും. ഓരോവെള്ളപ്പൊക്കത്തിനും മണല്‍വന്ന് അടിയുന്നതുകൊണ്ടു തന്നെ എത്രവേണമെങ്കിലും ആറ്റില്‍ നിന്നും കുത്തിയെടുക്കാമെന്ന വിശ്വാസം ഇവിടുള്ളവര്‍ക്ക് ഉണ്ടായിരുന്നു. വരാനിരിക്കുന്ന ദുരന്തിന്റെ ആഴമന്നവര്‍ ഓര്‍ത്തില്ല, കുഴിച്ചെടുക്കുന്നത് സ്വന്തംജീവിതം തന്നെയാണെന്നും.

മേല്‍പ്പറഞ്ഞതെല്ലാം മണ്‍റോതുരുത്തിന്റെ പോയകാലത്തിന്റെ കഥകളാണ്. തുരുത്തുകാരുടെ ഓര്‍മ്മകളില്‍ മാത്രമുള്ളൊരു കാലം. ഇന്നിപ്പോള്‍ തുരുത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു. നാളികേരക്കുലകള്‍ തൂങ്ങിയാടിയിരുന്ന തെങ്ങുകളില്ല, കൊടികെട്ടുന്ന കുറ്റികളെന്നാണ് ആത്മരോഷത്തോടെ തെങ്ങുകള്‍ നേക്കി തുരുത്തുകാര്‍ പറയുന്നത്. ഇപ്പോഴും തുരുത്തില്‍ തെങ്ങില്ലാത്ത വീടുകളില്ല, എന്നാല്‍ അഞ്ഞുറു തേങ്ങ തികച്ചുകിട്ടാല്‍ ഭാഗ്യം എന്നു പറയേണ്ട അവസ്ഥയാണ്. നെല്‍ക്കൃഷി ഇല്ലാതായിരിക്കുന്നു. കരിമീന്‍കെട്ടുകളോ അതുകഴിഞ്ഞുണ്ടായ ചെമ്മീന്‍കെട്ടുകളോ പോലും പട്ടിണി മാറ്റാന്‍ ഉതകുന്നില്ല. തൊണ്ടടിയുടെ നാദം തുരുത്തില്‍ നിലച്ചിട്ട് കാലമേറെയായി. ഏതാനും പേരിലേക്കു കയറുപിരുത്തം ചുരുങ്ങിയിരിക്കുന്നു. അതും തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന ചകിരികൊണ്ട്. രണ്ട് അണ്ടയാപ്പീസുണ്ട്. കുറച്ചു പെണ്ണുങ്ങള്‍ക്ക് അതൊരു ഉപജീവമാര്‍ഗം ആകുന്നുണ്ട്. കൃഷി നശിച്ചു. പിന്നെയുണ്ടായിരുന്നത് മണലൂറ്റായിരുന്നു. പരിധിവിട്ടതോടെ അതിനും തടവീണൂ. ഓരോന്നായി ഇല്ലാതായിക്കൊണ്ട് മണ്‍റോതുരുത്ത് ഇപ്പോള്‍ ഇല്ലായ്മകളുടെ തുരുത്ത് ആയി മാറിക്കഴിഞ്ഞു. 

ഇന്ന് മണ്‍റോതുരുത്തിന്റെ അവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നവരെല്ലാം തന്നെ പ്രകൃതിയൊരുക്കിയ ദുരന്തത്തെക്കുറിച്ചാണ് വാചാലരാകുന്നത്. വികലവീക്ഷണത്തിന്റെയും ദുരയുടെയും മനുഷ്യനിര്‍മിത പ്രത്യാഘാതങ്ങള്‍ തന്നെയാണ് ഇന്നൊരു ഗ്രാമം അനുഭവിക്കുന്ന ദുരന്തങ്ങള്‍ക്കു കാരണമെന്നതാണു വാസ്തവം. മണ്‍റോതുരുത്തിനുണ്ടായ പ്രധാന തിരിച്ചടിയായിരുന്നു കല്ലടയാര്‍ ഡാം. പ്രകൃതിയുടെ സ്വാഭാവികതയ്ക്കുമേല്‍ മനുഷ്യനുണ്ടാക്കിയ തടസം. മണ്‍റോതുരുത്തിന്റെ സമൃദ്ധിയായിരുന്ന ആറ്റുവെള്ളത്തിന്റെ ഒഴുക്ക് നിലച്ചതോടെ മണ്‍റോതുരുത്തിന് നഷ്ടമായത് പലതുമായിരുന്നു. തൊണ്ണൂറ്റിരണ്ടിലെ വെള്ളപ്പൊക്കത്തിനുശേഷം പിന്നീടൊന്നുണ്ടായില്ല. അതോടെ എല്ലാം നശിക്കാന്‍ തുടങ്ങി. ഇനിയിപ്പോള്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ മാത്രം കഥയാണ്…മണ്‍റോതുരുത്തുകാര്‍ക്ക് പറയാനുള്ള ആ കഥകള്‍ അടുത്തഭാഗത്തില്‍.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍