UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണ്‍റോതുരുത്ത്; മുങ്ങുന്നതോ അതോ മുക്കുന്നതോ?

Avatar

രാകേഷ് നായര്‍

(കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്ത് പഞ്ചായത്ത് നേരിടുന്ന പാരിസ്ഥിതിക സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ചുള്ള അഴിമുഖം അന്വേഷണം തുടരുന്നു. മുന്‍ ഭാഗങ്ങള്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. മണ്‍റോ തുരുത്ത്ഒരു ഗ്രാമം ജീവിക്കുന്ന വിധംമണ്‍റോതുരുത്തിന് ജലസമാധിയോ?)

മികച്ച വിദ്യാഭ്യാസവും ജോലിയും ഉള്ളൊരു പയ്യനായിട്ടും എന്റെ അനന്തരവന് ഒരു കല്യാണാലോചനയും വരുന്നില്ല. എല്ലാവരും പറയുന്നത് മണ്‍റോതുരുത്തുപോലെ വെള്ളക്കെട്ടായൊരു സ്ഥലത്തേക്ക് പെണ്ണിനെ അയക്കാന്‍ താത്പര്യമില്ലെന്നാണ്. പുറത്തുപരക്കുന്ന വാര്‍ത്തകളെല്ലാം അങ്ങനെയാണല്ലോ. ഈ നാട് വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണല്ലോ മാധ്യമങ്ങളിലെല്ലാം വാര്‍ത്തകള്‍ വരുന്നത്; അല്‍പ്പം രോഷത്തോടും നിരാശയോടും കൂടിയാണ് ജയചന്ദ്രന്‍ റെയില്‍വേ സ്‌റ്റേഷനിലെ സിമന്റ് ബഞ്ചിലിരുന്നു സംസാരിച്ചത്. ഈ റെയില്‍വേ പാളത്തിന്റെ പടിഞ്ഞാറും കിഴക്കും കുറച്ചു പ്രദേശങ്ങളൊഴിച്ചാല്‍ പിന്നെ എവിടെയാണ് ഇവരീ പറയുന്ന വെള്ളക്കെട്ടുകള്‍? ജയചന്ദ്രന്‍ ചോദിക്കുന്നു. ഇതേ ആശങ്ക തന്നെയാണ് പിഡബ്ല്യുഡി റിട്ട. എഞ്ചിനിയര്‍ സുധാകരന്‍ പങ്കുവച്ചത്. ബാങ്കില്‍ നിന്നു ഒരു ലോണ്‍ പോലും ഇവിടെയുള്ളവര്‍ക്ക് കിട്ടുന്നില്ല. സ്ഥലത്തിനു മാര്‍ക്കറ്റ് വാല്യൂ കുറവായതുകൊണ്ട് ബാങ്കുകള്‍ വസ്തുവിന്റെ ഈടിനുമേല്‍ ലോണ്‍ തരുന്നില്ല; സുധാകരന്‍ ചൂണ്ടികാണിക്കുന്നു.

ജയചന്ദ്രനും സുധാകരനും പറയുന്നത് മണ്‍റോതുരുത്തിലെ ഭൂരിഭാഗത്തിന്റെ ആശങ്കയാണ്. ഇവരുടെ അഭിപ്രായത്തില്‍ മണ്‍റോതുരുത്തിനെതിരെ നടക്കുന്നത് ഗൂഢാലോചനകളാണ്. ഇതിനു പിന്നില്‍ വന്‍ മാഫിയകളാണ്. അവരുടെ ബിസിനസ്സ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന കള്ളപ്രചരണങ്ങളാണ് ഇപ്പോള്‍ മണ്‍റോതുരുത്തിനെക്കുറിച്ച് പുറത്തുപരക്കുന്ന വാര്‍ത്തകളാകുന്നത്; സുധാകരന്‍ പറയുന്നു.

മണ്‍റോതുരുത്തിനെ ചിലര്‍ ചേര്‍ന്നു മുക്കുകയാണ്!
ആഗോളതാപനത്തിന്റെ ഫലമായി മണ്‍റോതുരുത്ത് വെള്ളത്തില്‍ മുങ്ങിപ്പോകുന്നുവെന്നാണ് ചില പരിസ്ഥിതി പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും കണ്ടെത്തല്‍. ആ തരത്തിലാണ് വാര്‍ത്തകള്‍ വരുന്നതും. മുങ്ങുന്നു എന്നു പറയുന്നത് മൊത്തം ഗ്രാമത്തെയും ഉള്‍പ്പെടുത്തിയാണ്. യഥാര്‍ത്ഥത്തില്‍ വാര്‍ത്തകളില്‍ കാണുന്ന വെള്ളക്കെട്ടുകള്‍ മണ്‍റോതുരുത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയല്ലെന്ന് അവിടെ സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസ്സിലാകുന്നതേയുള്ളൂ. റയില്‍വേ പാളത്തിനു ചേര്‍ന്നുള്ള പടിഞ്ഞാറും കിഴക്കും ഭാഗങ്ങള്‍, പെരിങ്ങാലത്തിന്റെ ഒരുഭാഗം, കിടപ്രം, കിടപ്രം തെക്ക് എന്നിവിടങ്ങളൊഴിച്ചാല്‍ മാധ്യമങ്ങള്‍ പറയുന്ന വെള്ളത്തിന്റെ പ്രശ്‌നം മണ്‍റോതുരുത്തിന്റെ മറ്റുഭാഗങ്ങളില്‍ ഇല്ല. വെള്ളത്തില്‍ മുങ്ങുന്നു എന്നു പറയുന്ന പാട്ടംതുരുത്ത് (റെയില്‍വേ പാളത്തിനു കിഴക്കുള്ള പ്രദേശം) പാളത്തിനോടു ചേര്‍ന്നുള്ള ഭാഗത്തു വെള്ളക്കുഴികളാണെങ്കിലും ഉള്ളിലോട്ടു പോരുമ്പോള്‍ നല്ല കരഭൂമിയാണ്. നല്ല റോഡുകളും വീടുകളെല്ലാം തന്നെയാണ് ഇവിടെയുള്ളത്. ആളുകള്‍ വീടുകള്‍ ഒഴിഞ്ഞുപോകുന്നുവെന്നു പറയുന്നൊരു പ്രദേശമായാണ് ഇവിടം അടുത്തിടെപോലും ചില ആനുകാലികങ്ങളില്‍ വാര്‍ത്തയായത്. എന്നാല്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇറങ്ങി കുറച്ചു തെക്കോട്ടു സഞ്ചരിച്ചാല്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇരുനില വീടുകള്‍ കാണാം. പണിതുകൊണ്ടിരിക്കുന്നവയും ഉണ്ട്. വെള്ളക്കെട്ടുകള്‍ രൂക്ഷമാണെങ്കില്‍ ഇത്തരം കാഴ്ച്ചകള്‍ ഇവിടെ ഉണ്ടാകരുതാത്തതല്ലേ! വെള്ളത്തില്‍ മുങ്ങുന്നൂ എന്നു പറയുന്നൊരു സ്ഥലമാണ് പാട്ടംതുരുത്ത്. ഇവിടെ എവിടെയാണ് നിങ്ങള്‍ക്ക് അത്തരമൊരു കാഴ്ച്ച കാണാനായത്? പാട്ടംതുരുത്ത് താമസിക്കുന്ന സുധാകരന്‍ ചോദിക്കുന്നു. വെള്ളത്തില്‍ മുങ്ങുന്ന സ്ഥലങ്ങള്‍ മണ്‍റോതുരുത്തിലുണ്ട്. അതുപക്ഷേ ഇവര്‍ പറയുന്നതുപോലെ ആഗോളതാപനം കൊണ്ടുമാത്രമല്ല. മനുഷ്യന്റെ പ്രവര്‍ത്തി തന്നെയാണ് അവനെ ദുരിതത്തിലാക്കിയിരിക്കുന്നത്; സുധാകരന്‍ ചൂണ്ടിക്കാണിക്കുന്നു.

മണ്‍റോതുരുത്തിനെ മുക്കുന്നത് മണ്‍റോതുരുത്തുകാരോ?
കല്ലടയാറിലെ ചെളിയും മണ്ണും എക്കലും അടിഞ്ഞാണ് മണ്‍റോതുരുത്ത് രൂപപ്പെട്ടതെന്നു പറഞ്ഞു. ഓരോ വെള്ളപ്പൊക്കത്തിനുശേഷവും അടിഞ്ഞുകൂടുന്ന മണ്ണാണ് തുരുത്തുകളായി രൂപം മാറിയത്. ആറും പുഴയും കായലും ചുറ്റിനിന്നാലും മണ്‍റോതുരുത്തില്‍ ധാരാളം മണ്ണുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വെള്ളം ഒഴുകിയെത്താതായതോടെ തുരുത്തിലേക്കുള്ള മണല്‍ വരവ് കുറഞ്ഞു. പക്ഷേ ഈ സത്യം മനസ്സിലാക്കാഞ്ഞിട്ടോ അതോ തങ്ങളെ ചുറ്റിനിന്ന മൂഢവിശ്വാസത്തിന്റെ പുറത്തോ മണ്‍റോതുരുത്തുകാര്‍ കായലില്‍ നിന്നും ആറ്റില്‍ നിന്നും മണ്ണു കുത്തിയെടുത്തുകൊണ്ടേയിരുന്നു. സ്വാഭാവികമായി ഉണ്ടായി വന്ന തുരുത്തുകള്‍ പോരാതെ മനുഷ്യന്‍ സ്വന്തമായി കരഭൂമികള്‍ കുത്തിയുണ്ടാക്കാന്‍ തുടങ്ങി. അതിനവര്‍ അഷ്ടമുടിക്കായിലിന്റെയും കല്ലടയാറിന്റെയും അടിത്തട്ടില്‍ നന്നും മണ്ണുകോരി. അങ്ങനെ കിട്ടിയ മണ്ണു വെള്ളത്തിനു പുറത്തിട്ടു കരഭൂമിയാക്കി. കര ഉയര്‍ന്നു, ഒപ്പം ആറിന്റെയും കായലിന്റെയും ആഴവും. പണ്ട് എത്രവേണമെങ്കിലും മണല്‍ ഇങ്ങനെ കോരിയെടുക്കാമായിരുന്നു. ഓരോ വര്‍ഷവും ഉണ്ടാകുന്ന വെള്ളപ്പൊക്കം കോരിയെടുത്ത മണ്ണിനു പകരമായി പോയതിന്റെ ഇരട്ടി വെള്ളപ്പൊക്കത്തിലൂടെ നികത്തികൊടുക്കുമായിരുന്നു. ആ വെള്ളമൊഴുക്ക് വര്‍ഷങ്ങള്‍ക്കുമുമ്പേ നിലച്ചു. കോരിയെടുക്കുന്ന മണ്ണ് നികര്‍ന്നില്ല. ആഴം കൂടിക്കൊണ്ടേയിരുന്നു. ആ കാലത്ത് മണലൂറ്റ് മണ്‍റോതുരുത്തുകാരുടെ പ്രധാനജോലിയായിരുന്നു. ഇതിനിറങ്ങുന്ന എല്ലാവരുടെയും കൈയില്‍ നിറയെ പണവും ഉണ്ടായിരുന്നു. ഒടുവില്‍ മണലൂറ്റ് കായലിന്റെയും ആറിന്റെയും നിലനില്‍പ്പിനു തന്നെ ഭീഷണിയായി മാറാന്‍ തുടങ്ങിയതോടെ നിയമം മൂലം മണലൂറ്റ് നിരോധിച്ചു. അങ്ങനെ മണ്‍റോതുരുത്തുകാരുടെ ഒരു വരുമാന മാര്‍ഗം കൂടി നിലച്ചു. പണ്ട് രണ്ട് രണ്ടയടിയാഴമേ ആറിലുണ്ടായിരുന്നു. നിറയെ പേര്‍ മണല്‍ കോരാനുണ്ടാകും. പിന്നെ പിന്നെ ആറിന്റെ ആഴം കൂടാന്‍ തുടങ്ങി. അപ്പോള്‍ തെങ്ങിന്‍ കുറ്റി നീളമുള്ള മുളങ്കൊമ്പില്‍ കുത്തി നിര്‍ത്തി, താഴെ നിന്നും വാരുന്ന മണല്‍ കൊട്ടയില്‍ നിറച്ച് ഈ തെങ്ങിന്‍ കുറ്റിയില്‍ കയറി നിന്നും വള്ളത്തിലേക്ക് ഇടുന്ന തരത്തിലേക്കു മണ്ണുകോരല്‍ തുടങ്ങി. ഇപ്പോള്‍ അതിനും വയ്യാത്ത ആഴമാണ്. കല്ലടയാറ്റില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നില്ലല്ലോ, അതുകൊണ്ട് കിഴക്കുന്നൊഴുകി വരുന്ന മണ്ണും കിട്ടാനില്ല; നാരായണന്‍ പോയകാലത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചു.

ഇപ്പോള്‍ മുങ്ങുന്നു എന്നു പറയുന്ന പ്രദേശങ്ങള്‍ മനുഷ്യന്‍ നിര്‍മിച്ച തുരുത്തുകളാണ്. മണ്ണുകോരിയിട്ടു പൊക്കിയെടുത്ത കരയാണ്. അടിത്തട്ടില്‍ ഇപ്പോഴും വെള്ളം തന്നെ. ആ കരയിലാണ് വീടുകള്‍ വയ്ക്കുന്നത്. വീടിന്റെ ഭാരം തറയിലേക്കു താഴുമ്പോള്‍ സ്വാഭാവികമായും കര താഴും. താഴെ കിടക്കുന്ന വെള്ളം മുകളിലോട്ടു പൊങ്ങും. ശാസ്ത്രീയമായ രീതിയില്‍ അല്ല ഇവിടങ്ങളില്‍ വീടുകള്‍ വയ്ക്കുന്നതുപോലും. വെള്ളത്തില്‍കൊണ്ടുവന്നു അടിത്തറ കെട്ടിയാല്‍ അവ നിലനില്‍ക്കുമെന്നു കരുതുന്നത് ഭോഷ്‌ക് അല്ലേ! പൈലുകള്‍ താഴ്ത്തി അതിന്റെ പുറത്തു അടിത്തറകെട്ടാന്‍ ആരും ശ്രമിക്കാറില്ല. പിന്നെ എങ്ങനെയാണ് വീടുകള്‍ തകരാതിരിക്കുക?

പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്ന ഒരു കാര്യം ഇതുവഴി റയില്‍വേ ലൈന്‍ കടന്നുപോകുന്നതും തുരുത്ത് താഴാന്‍ കാരണമാകുന്നുണ്ട് എന്നാണ്. റയില്‍വേ ലൈന്‍ മെറ്റലിട്ടു ഉയര്‍ത്തികൊണ്ടിരിക്കുകയാണെന്നും ഇതുകാരണമാണ് റയില്‍വേ ലൈന്‍ താഴുന്നത് പെട്ടെന്ന് ആരും തിരിച്ചറിയാത്തതെന്നും അവര്‍ പലയിടങ്ങളിലും പറയുന്നു. ഇവിടെ റെില്‍വേ ലൈന്‍ സ്ഥാപിക്കുന്നത് എന്റെ ഓര്‍മ്മയിലുണ്ട്. ഇപ്പോള്‍ ട്രെയിന്‍ കടന്നുപോകുന്നിടം പണ്ടു വെള്ളക്കെട്ടായിരുന്നു. അവിടെ ആഴത്തില്‍ കുഴിച്ച്, താഴത്തെ ചെളിമുഴുവന്‍ മാറ്റിയിട്ട് നല്ല മണ്ണ് വിരിച്ചു, അതിനു മുകളിലാണ് ട്രാക്ക് നിര്‍മിച്ചത്. അവര്‍ പറയുന്നതുപോലെ ഒന്നരാടം ദിവസങ്ങളിലൊന്നും ഇവിടെ മെറ്റലിട്ട് ഉയര്‍ത്തുന്നൊന്നുമില്ല. ശാസ്ത്രീയമായ രീതിയില്‍ നിര്‍മിച്ചതുകൊണ്ടാണ് ട്രാക്ക് താഴാത്തത്. അതു മനസ്സിലാക്കാതെയാണ് ചിലര്‍ കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നത്. ഒരു കാര്യം ഞാന്‍ വീണ്ടും ഉറപ്പിച്ചു പറയുന്നു; മണ്‍റോതുരുത്ത് മുഴുവനായി മുങ്ങുന്നില്ല, മുങ്ങുന്ന കരകള്‍, അതു മനുഷ്യന്‍ ഉണ്ടാക്കിയതാണ്; സുധാകരന്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു നിര്‍ത്തി.

മണ്‍റോ തുരുത്തിലെ ടൂറിസം ലോബി
മണ്‍റോതുരുത്തിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അതിന്റെ നെഗറ്റീവ് വശങ്ങള്‍ മാത്രമാണ് ഉയര്‍ന്നുവരുന്നത്. അടിസ്ഥാന വികസനം എത്തിക്കഴിഞ്ഞാല്‍ തീര്‍ക്കാവുന്നതേയുള്ളൂ മണ്‍റോതുരുത്തിലെ പല പ്രശ്‌നങ്ങളും. പെരാങ്ങാലം ഭാഗത്ത് സഞ്ചാരപ്രദമായ റോഡുകളും ആവശ്യമായ പാലങ്ങളും നിര്‍മിച്ചാല്‍ ഇപ്പോള്‍ ഉയരുന്ന പ്രശനങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കണ്ടെത്താന്‍ സാധിക്കും. കുത്തിയെടുത്ത കരകളില്‍ വീടുവയ്ക്കുന്നവര്‍ പൈലുകള്‍ താഴ്ത്തിയശേഷം അടിത്തറ നിര്‍മ്മിക്കാന്‍ തയ്യാറാകണം. ഇതെല്ലാം മനുഷ്യനു സാധിക്കുന്നതാണ്. എന്നാല്‍ എല്ലാവരും പ്രകൃതിയുടെ മേലാണ് കുറ്റം പറയുന്നത്. 

കേരളത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആയി ഉയര്‍ത്താവുന്ന സ്ഥലമാണ് മണ്‍റോതുരുത്ത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആശാവഹമായ പ്രവര്‍ത്തികളൊന്നും തന്നെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉയരുന്നില്ല. എന്നാല്‍ ഈ സാധ്യതകള്‍ കണ്ടറിഞ്ഞ സ്വകാര്യലോബികള്‍ മണ്‍റോതുരുത്തില്‍ വലയെറിഞ്ഞു കഴിഞ്ഞു. മണ്‍റോതുരുത്തിലെ കായലിലും കല്ലടയാറിലും ഒഴുകി നടകുന്ന വിനോദസഞ്ചാരികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. വളരുന്ന ബിസിനസ് സാധ്യതകള്‍ കണ്ടറിയുന്ന ടൂറിസം ലോബികളാണ് മണ്‍റോതുരുത്തിനെ കുറിച്ച് വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നതെന്നു നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഇവിടം വെള്ള കെട്ടുകളാണെന്ന വാര്‍ത്ത പരത്തി സ്ഥലത്തിന് വിലയില്ലാതാക്കുന്നു. സെന്റിന് ഇരുപതിനായിരമോ മുപ്പതിനായിരമോ മാത്രമാണ് ഇപ്പോള്‍ വില. തുരുത്ത് മുങ്ങിപ്പോകുമെന്ന ഭീതി വളര്‍ത്തി അവര്‍ നാട്ടുകാരെ തങ്ങളുടെ വഴിക്കുകൊണ്ടുവരുന്നു. ആരും വാങ്ങിക്കാത്ത ഭൂമിക്കു മോഹവില നല്‍കി റിസോര്‍ട്ടുകാര്‍ കൈക്കലാക്കും. ഇതാണ് ഭാവിയില്‍ മണ്‍റോതുരുത്തില്‍ വ്യാപകമാകാന്‍ പോകുന്നത്. സ്വന്തം മണ്ണില്‍ ഇവിടുത്തുകാര്‍ അന്യരാകാന്‍ പോവുകയാണ്; ബൈജു എന്ന ചെറുപ്പക്കാരന്‍ വലിയൊരു ആശങ്ക ചൂണ്ടിക്കാണിച്ചു.

ഇവിടിപ്പോള്‍ ഞങ്ങള്‍ക്കു മീന്‍ പോലും കിട്ടാത്ത അവസ്ഥയാണ്. കൊല്ലത്തുള്ള റിസോര്‍ട്ടുകാര്‍ക്ക് വേണ്ടിയാണ് കല്ലടയാറിലെയും കായലിലെയും മീനുകളെ മുഴുവന്‍ പിടിക്കുന്നത്. കായല്‍ മത്സ്യങ്ങളും കൊടുത്ത് ഇതുവഴി കുറച്ചു നേരം വള്ളത്തില്‍ കറക്കുന്നതിനും ചേര്‍ത്ത് നല്ല തുകയാണ് സഞ്ചാരികളില്‍ നിന്നും റിസോര്‍ട്ടുകാര്‍ വാങ്ങുന്നത്. എന്നാല്‍ തുരുത്തിന്റെ ടൂറിസം സാധ്യതകള്‍ ഇവിടുത്തെ നന്മയ്ക്കായി ഉപയോഗിക്കാന്‍ ആരും തയ്യാറാകുന്നില്ല; ബൈജു പറയുന്നു.

അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം
മണ്‍റോതുരുത്തിലെ ഏറ്റവും പ്രകൃതിരമണീയവും ടൂറിസം സാധ്യതകള്‍ നിലനില്‍ക്കുന്നതുമായ പ്രദേശം നീറ്റന്‍ തുരുത്താണ്. നെന്മേനി വാര്‍ഡില്‍ ഉള്‍പ്പെടുന്ന നീറ്റന്‍തുരുത്തില്‍ അസൗകര്യങ്ങളുടെ ആധിക്യമാണെങ്കില്‍പ്പോലും സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ഏറെപ്പേരാണ് എത്തുന്നത്. ഇവിടെ പരമാവധി ഒരുകോടിയുടെയെങ്കിലും പ്രൊജകട് ഉണ്ടെങ്കില്‍ എറണാകുളത്തെ മറൈന്‍ ഡ്രൈവിനെക്കാള്‍ മനോഹരമായ ടൂറിസ്റ്റ് പ്ലേസ് ആക്കാമെന്നാണ് വാര്‍ഡ് മെംബര്‍ രാജിലാല്‍ പറയുന്നത്. പണ്ട് കായലിന്റെ ഓരത്തുകൂടി ആളുകള്‍ നടന്നുപോകുന്നതിനായി കരിങ്കല്ലുകൊണ്ടു നിര്‍മിച്ച ബണ്ട് ഉണ്ടായിരുന്നു. ഇന്നത് മുങ്ങിപ്പോയി. ഇവ പുനര്‍നിര്‍മിച്ച് മോടി പിടിപ്പിക്കുകയാണെങ്കില്‍ ഇവിടെ നിരവധിപേര്‍ സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ എത്തുമെന്ന കാര്യം ഉറപ്പാണ്. മറ്റെങ്ങും കിട്ടാത്ത കാറ്റാണ് നീറ്റന്‍ തുരുത്തില്‍. നീറ്റന്‍തുരുത്തില്‍ എവിടെ നിന്നുനോക്കിയാലും ഉദയവും അസ്തമയവും കാണാനാകും എന്ന പ്രത്യേകതയുമുണ്ട്. പലതുകൊണ്ടും നീറ്റന്‍ തുരുത്തിനെ മികച്ചൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആക്കാവുന്നതേയുള്ളൂ. അതിനുപക്ഷേ ആദ്യം വേണ്ടത് നീറ്റന്‍ തുരുത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയെന്നതാണ്. ഇവിടെ നോക്കിയാല്‍ കാണാം, സഞ്ചാരയോഗ്യമായ ഒരു റോഡുപോലും ഇല്ല. ആദ്യം നല്ല റോഡുകള്‍ ഉണ്ടാക്കണം. ചെറിയ പാലങ്ങളുടെ ആവശ്യമുണ്ട്. താരതമ്യേന താഴ്ന്ന പ്രദേശമായിട്ടുപോലും വെള്ളം കയറാത്തയിടമാണ് നീറ്റന്‍തുരുത്ത്. ഈ സ്ഥലത്തെ കുറിച്ചൊന്നും പുറംലോകം അറിയുന്നില്ല. അതു മനപൂര്‍വവും ആകാം. മണ്‍റോതുരുത്തിനെ കുറിച്ച് പ്രചരിക്കുന്ന നെഗറ്റീവ് വാര്‍ത്തകള്‍ക്കിടയിലൂടെ നീറ്റന്‍ തുരുത്തുപോലെ മനോഹാരമായ സ്ഥലങ്ങളെ മാറ്റിവയ്ക്കുയാണ്. ഇതിന്റെയെല്ലാം പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളാണ്; രാജിലാല്‍ പറയുന്നു.

മണ്‍റോതുരുത്തിന്റെ ദുരിതങ്ങള്‍ക്ക് പരിഹാരം ഉണ്ട്
കല്ലടയാറ്റില്‍ വെള്ളപ്പൊക്കമുണ്ടാകാത്തത് തുരുത്തിനെ തളര്‍ത്തി എന്നത് നിരാകരിക്കാനാകാത്ത വസ്തുതയാകുമ്പോഴും ഇന്നു കാണുന്ന ദുരിതങ്ങളില്‍ നിന്നും ഒരുപരിധിവരെയെങ്കിലും മണ്‍റോതുരുത്തിനെ കരകയറ്റാവുന്നതേയുള്ളൂ. കൃത്യമായ അവലോകനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും രൂപപ്പെടുത്തിയെടുക്കുന്ന വികസന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക എന്നതാണ് അതില്‍ പ്രധാനം. കൃഷി പഴയപോലെ മണ്‍റോതുരുത്തില്‍ വിളയില്ലെന്നു പറയുമ്പോഴും അതില്‍ തീര്‍ത്തും നിരാശരാകേണ്ടതില്ല. ദീര്‍ഘകാല കൃഷിക്കു പകരം ഹ്രസ്വകാലം കൊണ്ടു വിളവെടുപ്പ് നടത്താവുന്ന കൃഷികളിലേക്ക് ജനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ആറുമാസംകൊണ്ടു വളര്‍ച്ചയിലെത്തുന്ന മത്സ്യങ്ങള്‍ കര്‍ഷകര്‍ക്കു നല്‍കുകയാണ് മറ്റൊരു പദ്ധതി. അതോടൊപ്പം വരുമാനത്തിന് ഉപകാരപ്പെടുന്ന മറ്റൊന്നു നീരയുത്പാദനമാണ്. മണ്‍റോതുരുത്തില്‍ ഇപ്പോഴും എല്ലാ വീടുകളിലും നാലഞ്ച് തെങ്ങുകളെങ്കിലും ഉണ്ട്. കൃത്യമായ പരിപാലനത്തിലൂടെയാണെങ്കില്‍ മാസം രണ്ടായിരം മൂവായിരമെങ്കിലും നീരകര്‍ഷകര്‍ക്ക് വരുമാനം ഉണ്ടാക്കാം. അതുപോലെ പൊക്കാളി കൃഷി വ്യാപിപ്പിക്കുക എന്നതും ലക്ഷ്യമാണ്. ഇതിനെക്കാളൊക്കെ പ്രധാനപ്പെട്ടത് മണ്‍റോ തുരുത്തിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യുക എന്നതാണ്. വെള്ളം തന്നെയാണ് മണ്‍റോതുരുത്തിന്റെ ഭാഗ്യം. കായലും ആറും അനന്തമായ സാധ്യതകളാണ് മണ്‍റോതുരുത്തിന് ടൂറിസം രംഗത്ത് നല്‍കുന്നത്. നീറ്റന്‍ തുരുത്ത് വാക്ക് വേ, ടൂറിസം ഹബ്ബുകള്‍, കണ്ടല്‍കാടുകള്‍, കണ്‍ട്രി ബോട്ട് സര്‍വീസുകള്‍ എല്ലാം തുരുത്തിന്റെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുന്നവയാണ്.

മണ്‍റോതുരുത്ത് പഞ്ചായത്തിന് ഈ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങളുണ്ട്. ഫണ്ടുകളുടെ അഭാവം തന്നെ കാരണം. സംസ്ഥാന സര്‍ക്കിന്റെ സഹായമാണ് ഞങ്ങള്‍ക്ക് ആവശ്യം. വലിയ വരുമാനമൊന്നുമില്ലാത്ത ഈ പഞ്ചായത്തിന് പൂര്‍ത്തിയാക്കാനാണെങ്കില്‍ നിരവധി ലക്ഷ്യങ്ങളാണ് മുന്നിലുള്ളത്. പുറത്തുകേള്‍ക്കുന്ന മണ്‍റോതുരുത്ത് അല്ല യഥാര്‍ത്ഥ മണ്‍റോതുരുത്ത് എന്ന് ലോകത്തിനു മുന്നില്‍ തെളിയിക്കേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങളിലേക്ക് ചുവടുകള്‍ വച്ചുതുടങ്ങിയെന്നു മണ്‍റോതുരുത്തിന്റെ സാരഥ്യം പുതിയതായി ഏറ്റെടുത്ത പഞ്ചായത്ത് പ്രസിഡന്‍റ് ബിനു പറയുന്നു. പ്രശ്നങ്ങള്‍ ഇല്ലെന്നല്ല, പക്ഷേ പലതും നമുക്ക് മറികടക്കാവുന്നതേയുള്ളൂ… വെല്ലുവിളികള്‍ ഏറ്റെടുത്തതിന്റെ ചരിത്രം മണ്‍റോതുരുത്തുകാര്‍ക്ക് ഏറെപ്പറയാനുണ്ടല്ലോ

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ് നായര്‍)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍