UPDATES

മുരളി കണ്ണമ്പള്ളിയുടെ അറസ്റ്റ് പൌരാവകാശങ്ങളുടെ ലംഘനം; പ്രതിഷേധവുമായി പ്രമുഖര്‍

അഴിമുഖം പ്രതിനിധി

നഗ്നമായ മനുഷ്യാവകാശ ലംഘനവും ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങളെ കാറ്റില്‍ പറത്തുന്നതുമായിരുന്നു മുരളി കണ്ണമ്പള്ളിയുടെ അറസ്റ്റ്. എതിര്‍ ആശയങ്ങള്‍ ഉന്നയിക്കുന്നവരെ ശത്രുക്കളായി കാണുക മാത്രമല്ല, അവരെല്ലാം രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തി സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന്റെ ഉത്തമ ഉദാഹരണമാണ്, നമ്മുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക ഇടങ്ങളിലെ ചലനാത്മകതയ്ക്കായി ശ്രമിച്ച മുരളി കണ്ണമ്പള്ളി എന്ന മുരളീധരന്‍. പൂനെയിലെ ഒരു ആശുപത്രിയില്‍ രോഗശയ്യയില്‍ കിടന്ന മുരളീധരനെ അറസ്റ്റ് ചെയ്യുകയും റിമാന്റിലാക്കുകയും ചെയ്ത മഹാരാഷ്ട്ര പോലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ‘വികസനത്തില്‍’ വ്യാകുലരായ ചിലര്‍ ഒപ്പിട്ട ഒരു പ്രസ്താവന താഴെ. ഈ പ്രതികരണം അയച്ചുകൊടുത്തപ്പോള്‍ പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞതിങ്ങനെ: ‘ഡിയര്‍……എന്റെ പേര് കൂടെ ഒപ്പിട്ട ആളുകളുടെ പട്ടികയില്‍ ചേര്‍ക്കൂ.’ എന്നാണ്. 

മുരളിയെ എല്ലാ മനുഷ്യവകാശങ്ങളും ലംഘിച്ച് അറസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള പ്രതിഷേധക്കുറിപ്പ് താഴെ:

മുരളീധരനെ ആശുപത്രിയില്‍ നിന്നും അറസ്റ്റ് ചെയ്തതില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു 

രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെ കുറിച്ചും ദളിത് പഠനങ്ങളെ കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കുകയും കേരളത്തിലെ കാര്‍ഷീക ബന്ധങ്ങളെ നിര്‍ണായകമായി അവലോകനം ചെയ്യുന്ന ‘ഭൂമി, ജാതി, ബന്ധനം ‘ എന്ന പുസ്തകം രചിക്കുകയും ചെയ്ത കെ മുരളീധരന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെ, മഹാരാഷ്ട്രയിലെ ഭീകര വിരുദ്ധ സ്‌ക്വാഡ്. പൂനെയിലെ തലെഗോണ്‍ ദബാദെയിലുള്ള മോറിയ ആശുപത്രിയില്‍ നിന്നും 2015 മേയ് ഒമ്പതിന് അറസ്റ്റ് ചെയ്തതായി ഞങ്ങള്‍ അറിയുന്നു. അജിത് എന്ന് പൊതുവില്‍ അറിയപ്പെടുന്ന മുരളീധരനെ, ആശുപത്രിയില്‍ സഹായിയായി നിന്ന സിപി ഇസ്മയില്‍ എന്ന വ്യക്തിയോടൊപ്പം എടിഎസ് അറസ്റ്റ് ചെയ്യുന്നത്, അദ്ദേഹം ചികിത്സയിലായിരിക്കുമ്പോഴാണ് എന്ന വസ്തുത ഞങ്ങളെ ആശങ്കാകുലരാക്കുന്നു.

എടിഎസ് തലവന്‍ വിവേക് പാന്‍സാല്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തുവെന്ന് വെളിപ്പെടുന്നത് പൂനെയിലെ എടിഎസ് ഇന്‍-ചാര്‍ജ്ജും സീനിയര്‍ ഇന്‍സ്‌പെക്ടറുമായ ഭാനുപ്രതാപ് ബാര്‍ജെ ആണ്. അജിത്തിനെയും ഇസ്‌മെയിലിനെയും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ് വി മാനേയുടെ കോടതിയില്‍ ഹാജരാക്കുകയും, ക്യാമറയില്‍ റെക്കോഡ് ചെയ്യപ്പെട്ട വിസ്താരത്തിന് ശേഷം, അവരെ അദ്ദേഹം ഏഴുദിവസത്തേക്ക് എടിഎസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അജിത്തിനെയും ഇസ്‌മെയിലിനെയും കോടതിയില്‍ ഹാജരാക്കിയ സമയത്ത് അവര്‍ക്ക് നിയമസഹായം തേടാനുള്ള അവസരം നല്‍കിയില്ല എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ എടിഎസിനുള്ള ഒരേ ഒരു കാരണം ഇരുവരും ‘നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) പ്രവര്‍ത്തകരാണെന്നതാണ്.’ അസുഖം ബാധിച്ച ഒരു വ്യക്തിക്ക് ചികിത്സ നിഷേധിക്കുന്നത് പൂര്‍ണമായും മനുഷ്യത്വരഹിതവും സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് നിരക്കാത്തതും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ഭരണഘടനാ വകുപ്പുകളുടെ ലംഘനവുമാണെന്നതിനാല്‍ എടിഎസിന്റെ നടപടി ഒരു തരത്തിലും നീതീകരിക്കാനാവില്ല എന്ന് ഞങ്ങള്‍ കരുതുന്നു. അറസ്റ്റ് ചെയ്യുന്ന വേളയില്‍ തന്നെ രോഗാതുരനായ അജിത്ത് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നതിനാല്‍, അദ്ദേഹത്തിന്റെ ആശുപത്രിയിലെ ചികിത്സ തുടരണമെന്ന്, അത് പോലീസ് കാവലില്‍ ആയാല്‍ പോലും, ഞങ്ങള്‍ വിചാരിക്കുന്നു.

പൈശാചിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് പോലും ആരോഗ്യപ്രശ്‌നങ്ങള്‍ വരുമ്പോള്‍ മെഡിക്കല്‍ പരിരക്ഷ നിഷേധിക്കാറില്ല. ഒരു ബൈപ്പാസ് സര്‍ജറിക്ക് വിധേയനായ 62 കാരനായ അജിത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ഞങ്ങള്‍ക്ക് അങ്ങേയറ്റം ആശങ്കയുള്ളതിനാല്‍, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യനിലയുടെ വ്യക്തമായ ചിത്രം എടിഎസ് വെളിയില്‍ വിടണമെന്നും അദ്ദേഹത്തിന് ആവശ്യമായ ആരോഗ്യ പരിരക്ഷ നല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. അതുപോലെ തന്നെ, ഭരണഘടന അനുവദിക്കുന്ന തരത്തിലുള്ള നിയമോപദേശം തേടാനുള്ള തങ്ങളുടെ അവകാശം വിനിയോഗിക്കാന്‍ അവരെ അനുവദിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. അതുപോലെ തന്നെ, ആശുപത്രിയില്‍ നിന്നും ഒരാളെ അറസ്റ്റ് ചെയ്ത എടിഎസ് നീക്കത്തെ അപലപിക്കാനും അജിത്തിനും ഇസ്‌മെയിലിനും, തങ്ങളുടെ പ്രശ്‌നം കോടതിയില്‍ അവതരിപ്പിക്കുന്നതിന് അവര്‍ക്ക് ഇഷ്ടമുള്ള അഭിഭാഷകനെ നിയമിക്കാന്‍ അവര്‍ക്ക് ഭരണഘടന അനുവദിച്ചിരിക്കുന്ന ന്യായമായ അവകാശം എന്ന ആവശ്യത്തിന് വേണ്ടി ശബ്ദം ഉയര്‍ത്താനും എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകരോടും ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശം എന്ന തത്വത്തിന് വേണ്ടി പോരാടുന്നവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പ്രതിഷേധ കുറിപ്പില്‍ ഒപ്പിട്ടവര്‍

പ്രൊഫ. പി ഹരഗോപാല്‍ ( നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ)
പ്രൊഫ. പ്രഭാത് പട്നായിക് ( സെന്‍റര്‍ ഫോര്‍ എക്കണോമിക് സ്റ്റഡീസ് ആന്ഡ് പ്ലാനിംഗ്, ജെ എന്‍ യു)
പ്രൊഫ.അമിത് ബാദുരി ( സെന്‍റര്‍ ഫോര്‍ എക്കണോമിക് സ്റ്റഡീസ് ആന്ഡ് പ്ലാനിംഗ്, ജെ എന്‍ യു)
പ്രൊഫ. നിവേദിത മേനോന്‍ (സ്കൂള്‍ ഓഫ് ഇന്റെര്‍നാഷണല്‍ സ്റ്റഡീസ്, ജെ എന്‍ യു)
പ്രൊഫ. എ കെ രാമകൃഷ്ണന്‍ ( സ്കൂള്‍ ഓഫ് ഇന്റെര്‍നാഷണല്‍ സ്റ്റഡീസ്, ജെ എന്‍ യു)
പ്രൊഫ. അമിത് ഭട്ടാചാര്യ (ജാദവ് പൂര്‍ യൂണിവേഴ്സിറ്റി)
സുജാതോ ഭദ്ര (അസോസിയേഷന്‍ ഫോര്‍ ദി പ്രോട്ടെക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ്)
കെ സച്ചിദാനന്ദന്‍ (കവി)
ടി ടി ശ്രീകുമാര്‍ (പ്രൊഫെസര്‍, എം ഐ സി എ അഹമ്മദാബാദ്)
മീന കന്ദസ്വാമി (എഴുത്തുകാരി)
നജ്മല്‍ ബാബു (ടി എന്‍ ജോയ്)- സാമൂഹ്യ പ്രവര്‍ത്തകന്‍
കെ ടി റാംമോഹന്‍ (ഡീന്‍, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, എം ജി യൂണിവേഴ്സിറ്റി)
സിവിക് ചന്ദ്രന്‍ (കവി, സാമൂഹ്യ പ്രവര്‍ത്തകന്‍)
ബി രാജീവന്‍ (എഴുത്തുകാരന്‍)
നിസാര്‍ അഹമ്മദ് (എഴുത്തുകാരന്‍)
കെ എ മോഹന്‍ദാസ് (സാമൂഹ്യ പ്രവര്‍ത്തകന്‍)
ടി ജി ജേക്കബ് (എഴുത്തുകാരന്‍)
വി വിജയകുമാര്‍ (എഴുത്തുകാരന്‍)
ബെര്‍ണാഡ് ഡി’ മെല്ലോ (ഡെപ്യൂട്ടി എഡിറ്റര്‍, എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി)
കെ വേണുഗോപാല്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍)
ആനന്ദ് ടെല്‍ടുംബ്ടെ ( ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ടെക്ക്നോളജി, ഖാറഗ്പൂര്)
അന്‍വര്‍ അലി (കവി)
എസ് എ ആര്‍ ഗീലാനി (പ്രൊഫസര്‍, ഡല്‍ഹി സര്‍വകലാശാല)
റോണാ വില്‍സണ്‍ ( സാമൂഹ്യ പ്രവര്‍ത്തകന്‍)
തുഷാര്‍ നിര്‍മല്‍ സാരഥി (മനുഷ്യാവകാശ പ്രവര്‍ത്തകന്‍)
ജോളി ചിറയത്ത് (സാംസ്കാരിക പ്രവര്‍ത്തക)
അഡ്വ. മുരുഗന്‍ (മനുഷ്യാവകാശ പ്രവര്‍ത്തകന്‍)

ഉള്‍പ്പെടെയുള്ളവര്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍