UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരാണ് മുരളി കണ്ണമ്പിള്ളി? കെ വേണു തന്റെ പഴയ സഖാവിനെ ഓര്‍ക്കുന്നു

Avatar

കെ വേണു

മഹാരാഷ്ട്രയിലെ പൂനയില്‍വെച്ച് അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയെ കുറിച്ച് മുന്‍കാല സഹപ്രവര്‍ത്തകനായിരുന്നു കെ വേണു ഓര്‍ക്കുന്നു.

വൈരുധ്യാശയങ്ങളുടെ പേരില്‍ വഴി പിരിയുന്നതുവരെ മുരളിയും എനിക്കുമിടയില്‍ സര്‍ഗ്ഗാത്മകവും തീവ്രവുമായൊരു ബന്ധം നിലനിന്നിരുന്നു. ഒരിക്കല്‍ എന്റെ നിലപാടുകളോട് യോജിച്ച് എന്നെത്തേടി വന്ന ആ ചെറുപ്പക്കാരന്‍ പിന്നീട് ഞാന്‍ തെരഞ്ഞെടുത്ത പാതയില്‍ ഒപ്പം ചേരാതെ തന്റേതായൊരു വഴിയിലേക്കു നടന്നുപോവുകയായിരുന്നു. മാര്‍ക്‌സിസത്തെയും മാവോയിസത്തെയും പൂര്‍ണമായി വിശ്വസിക്കുന്ന ഒരാളായിരുന്നു മുരളി. അബദ്ധജഢിലമായൊരു വിശ്വാസമായിരുന്നു അയാള്‍ പിന്തുടര്‍ന്നത്. മുരളി സഞ്ചരിച്ച വഴി തെറ്റിപ്പോയി എന്നു പറയേണ്ടി വരുന്നു. 
ആശയങ്ങളിലെ വിഭിന്നതയ്ക്കപ്പുറം വ്യക്തിയെന്ന നിലയില്‍ മുരളിയോട് ഇന്നും എനിക്ക് യാതൊരു അനിഷ്ടവുമില്ല. 

പൂര്‍ണമായ അര്‍പ്പണബോധവും നിലപാടുകളില്‍ സത്യസന്ധത പുലര്‍ത്തുകയും വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും മുരളിയുടെ സ്വഭാവവൈശിഷ്ട്യമായിരുന്നു. താന്‍ വിശ്വസിക്കുന്നതിനോട് ആയാള്‍ എന്നും കൂറു പുലര്‍ത്തി. അതിലയാള്‍ അടിയുറച്ചു നിന്നു. ഇത്രയും നാള്‍ ഇതുപോലൊരു പ്രസ്ഥാനത്തില്‍ നിലിനില്‍ക്കാന്‍ മുരളിക്ക് കഴിഞ്ഞതും അതുകൊണ്ടാണ്.

മുരളിയെ കാണുന്നതും പരിചയപ്പെടുന്നതും
അടിയന്തിരാവസ്ഥയ്ക്ക് ആറുമാസം മുമ്പ്, ജയിലില്‍ നിന്നിറങ്ങി ഞാന്‍ കോഴിക്കോട് എത്തുന്നു. പാര്‍ട്ടി പ്രവര്‍ത്തനാര്‍ത്ഥം റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജിലെത്തിയ എന്നെ അന്നവിടെ സ്വീകരിക്കുന്നത് മുരളിയാണ്. അതായിരുന്നു തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച്ച. മുരളിയന്ന് സജീവമായി പ്രസ്ഥാനത്തിലേക്ക് വന്നിരുന്നു. ആര്‍ ഇ സിയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ അപ്പോള്‍ പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തിയിരുന്നു. അതിനു പ്രധാനപങ്ക് വഹിച്ചത് മുരളിയായിരുന്നു. അവിടെ അന്ന് അയാളുടെ ശിഷ്യനെപ്പോലൊരാള്‍ ഉണ്ടായിരുന്നു. സജീവപ്രവര്‍ത്തകനൊന്നുമല്ലായിരുന്നെങ്കിലും പ്രസ്ഥാനത്തിന്റെ അനുഭാവിയായിരുന്ന രാജന്‍. രാജന്റെ മുറിയിലേക്ക് മുരളിയന്നു എന്നെ കൊണ്ടുപോയി, രാജന് എന്നെ പരിചയപ്പെടുത്തിക്കൊടുത്തു.

കുറച്ചുകാലം കോളേജിന് സമീപത്തുള്ള ഒരു ലോഡ്ജ് മുറിയില്‍ പാര്‍ട്ടിയോഫീസാക്കി ഞങ്ങള്‍ പവര്‍ത്തനം നടത്തിയിരുന്നു. അടിയന്തരിവാസ്ഥ പ്രഖ്യാപിച്ചതോടെ മുരളി കോളേജില്‍ പോക്ക് നിര്‍ത്തി. പിന്നീട് ഒളിവില്‍ പോയി. കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് മുരളി പിന്നീട് അറസ്റ്റിലായി. രാജന്‍ കൊല്ലപ്പെടുമ്പോള്‍ മുരളിയും പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു.

ചില മാധ്യമങ്ങള്‍ എഴുതിയിരിക്കുന്നതുപോലെ മുരളി കായണ്ണ സ്‌റ്റേഷന്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തൊരാളല്ല. പൊലീസ് അയാളെ പ്രതി ചേര്‍ത്തെന്നുമാത്രം. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതിനെ കുറിച്ച് അയാള്‍ക്ക് നേരിട്ട് അറിവൊന്നുമില്ലായിരുന്നു.

വാസ്തവത്തില്‍ വേറെ ചില പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാനായിരുന്നു ഞങ്ങളുടെ പദ്ധതി. കോഴിക്കോട് സംഘടന ദുര്‍ബലമാണ്. തൃശൂരാണ് ശക്തികേന്ദ്രം. അവിടെ ആക്രമണം നടത്താനായിരുന്നു ആലോചന. എന്നാല്‍ അത് നടന്നില്ല. തുടര്‍ന്നാണ് ഞാന്‍ മുന്‍കൈ എടുത്ത് കോഴിക്കോട് പദ്ധതി നടപ്പക്കാന്‍ തീരുമാനിക്കുന്നത്. സോമശേഖരനായിരുന്നു അന്ന് കോഴിക്കോട്ടെ ചുമതല. സോമശേഖരന്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ നടപ്പാക്കി. സ്‌ക്വാഡിന്റെ കമാന്‍ഡര്‍ ഞാനായിരുന്നു. മുരളിക്ക് ആക്രമണത്തെ കുറിച്ച് അറിയില്ലായിരുന്നു. പക്ഷേ കേസ് വന്നപ്പോള്‍ അയാളെയും പ്രതി ചേര്‍ത്തു. കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായിരുന്ന മുരളിക്ക് ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരിക്കുമെന്ന ധാരണയിലാണ് അയാളെ അറസ്റ്റ് ചെയ്യുന്നത്. കണ്ണൂരില്‍ ഞങ്ങളൊരുമിച്ചായിരുന്നു ജയിലില്‍. 

ശാന്തനായിരുന്നു മുരളി, അക്രമണവ്യഗ്രതയുള്ളൊരു വിഭാഗം പ്രസ്ഥാനത്തിലുണ്ടായിരുന്നെങ്കിലും മുരളിയൊരിക്കലും ആ കൂട്ടത്തില്‍പ്പെട്ടൊരാളായിരുന്നില്ല. എനിക്ക് വലം കൈയെന്നപോലെയായിരുന്നു മുരളി ഒപ്പം പ്രവര്‍ത്തിച്ചത്. സൈദ്ധാന്തികമായ ഇടപെടലുകളായിരുന്നു മുരളി നടത്തിയിരുന്നത്. ഞാനെഴുതുന്നതിലൊക്കെ വേണ്ട തിരുത്തലുകള്‍ അയാള്‍ നിര്‍ദ്ദേശിച്ചിരുന്നു. വളരെ സൂക്ഷ്മമായ പരിശോധനകള്‍ ആ രചനകളില്‍ മുരളി നടത്തുമായിരുന്നു.

രഹസ്യവാദി
സംഘടനയില്‍ രഹസ്യപ്രവര്‍ത്തനം കൃത്യമായി പാലിച്ചുപോന്നിരുന്നയാളാണ് മുരളി. ഇന്നും മുരളിയുടെ ഒരു ഫോട്ടോപോലും ആരുടെയും കൈവശമില്ല. സൗഹൃദസംഭാഷണത്തിനിടയിലൊക്കെ എത്രയോ പൊലീസുകാര്‍ മുരളിയുടെ ഫോട്ടോ ഏതെങ്കിലും കൈവശമുണ്ടോയെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. തന്റെ ഫോട്ടോയെടുക്കാനോ എവിടെയെങ്കിലും തന്റെ പേര് വരാനോ മുരളി ബോധപൂര്‍വം അനുവദിച്ചിരുന്നില്ല. ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്കെത്തിച്ചേരാന്‍ പ്രവര്‍ത്തനത്തില്‍ രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്നായിരുന്നു അയാളുടെ പക്ഷം.

രഹസ്യവാദിയെന്നായിരുന്നു പാര്‍ട്ടിക്കുള്ളില്‍ മുരളി അറിയപ്പെട്ടിരുന്നത് തന്നെ. പ്രവര്‍ത്തനം രഹസ്യമായി നടത്തുകയെന്നതായിരുന്നു ഞങ്ങള്‍ എല്ലാവരുടെയും തീരുമാനമെങ്കിലും അടിയന്തിരാവസ്ഥയ്ക്കുശേഷം പരസ്യമായി തന്നെ പ്രവര്‍ത്തിക്കണമെന്നതായിരുന്നു എന്റെ നിലപാട്. പൊതുയോഗങ്ങളില്‍ പ്രസംഗിക്കാനുമൊക്കെ ഞാന്‍ ധൈര്യം കാട്ടി. പക്ഷെ മുരളിയടക്കം ഒരു വിഭാഗം ഇത് അപകടമാണെന്ന് വാദിച്ചു.

മുരളിയുടെ ഈ പ്രവര്‍ത്തന രീതിയായിരിക്കണം അയാളെ ഇത്രനാളും പൊലീസിന്റെയും മറ്റും കൈകളില്‍ പെടാതിരിക്കാന്‍ സഹായിച്ചത്. അതേസമയം നാല്‍പ്പത് വര്‍ഷം പൂര്‍ണമായി മുരളി അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളായിരുന്നു നടത്തിയിരുന്നതെന്നു പറയുന്നത് ശരിയല്ല. ആരൊക്കെയൊ ചമച്ചൊരു കള്ളക്കഥമാത്രമാണത്. ഞാനൊക്കെ പ്രസ്ഥാനം വിട്ടുപോകുന്നതിനു മുമ്പ് തന്നെ അയാള്‍ ചര്‍ച്ചകളിലും പൊതുയോഗങ്ങളിലുമൊക്കെ പങ്കെടുത്തിരുന്നു. പിന്നീടാണ് അയാള്‍ മറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയത്. ഒന്നാമതായി മുരളിയുടെ മേല്‍ അന്വേഷണങ്ങളൊന്നും തന്നെയില്ലായിരുന്നു. പിന്നെയെന്തിനയാള്‍ ഒളിവില്‍ പോകണം? അയാള്‍ മറഞ്ഞു നിന്നത്, താന്‍ പിടിയിലാകരുതെന്ന നിലയിലുള്ള മുന്‍കരുതലായിരുന്നു.

അവസാനമായി ഞാന്‍ മുരളിയെ കാണുന്നത് നാലുവര്‍ഷം മുമ്പാണ്. ബോംബയില്‍ ഉണ്ടായിരുന്ന പഴയൊരു പ്രവര്‍ത്തകന്റെ മകന്റെ മരണത്തില്‍ പങ്കെടുക്കാന്‍ മുരളിയെത്തിയിരുന്നു. ഒരു ചിരിമാത്രം തന്ന് മുരളി എന്റെ മുന്നില്‍ നിന്ന് പെട്ടെന്നു മറഞ്ഞു. അയാളെ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു. പിന്നീടൊരിക്കല്‍ റയില്‍വേ സ്റ്റേഷനില്‍വെച്ച് ട്രെയിനില്‍ കയറാന്‍ പോകുന്നതും കണ്ടു. എറണാകുളം ഇരുമ്പനത്താണ് മുരളിയുടെ തറവാട്. പലപ്പോഴും അയാള്‍ വീട്ടില്‍വന്നു പോകാറുമുണ്ടായിരുന്നു. അയാളുടെ നാട്ടുകാര്‍ മുരളി മരിച്ചെന്നുവരെ വിശ്വസിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകയായിരുന്ന ജെന്നി എന്ന നായരമ്പലം സ്വദേശിയായ ഒരു ദളിത് സ്ത്രീയെയാണ് മുരളി വിവാഹം കഴിച്ചത്. പിന്നീട് ഈ ബന്ധം പിരിഞ്ഞു. മുരളിയുടെ മകന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്. മുരളിയുടെ സഹോദരനാണ് ഈ പയ്യനെ അങ്ങോട്ടു കൊണ്ടുപോകുന്നത്. പോരാട്ടം ഗ്രൂപ്പിന്റെ വക്താവായി ചാനലുകളിലൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന അഡ്വക്കേറ്റ് മാനുവലിനെ ജെന്നി പിന്നീട് വിവാഹം ചെയ്യുകയായിരുന്നു.

അന്താരഷ്ട്രബന്ധങ്ങള്‍ ഉണ്ടാകുന്നത്
ചൈനയില്‍ ഡെംഗ് സിയാവോപിംഗിനുശേഷം വരുന്നത് മുതലാളിത്തമായിരിക്കുമെന്നു വിശ്വസിച്ച, ചൈനയിലെ പാര്‍ട്ടിയെ തള്ളിക്കളഞ്ഞ ഒരു മാവോയിസ്റ്റ് മൂവ്‌മെന്റ് രൂപംകൊണ്ടിരുന്നു. വിയറ്റ്‌നാം യുദ്ധാനന്തരം അമേരിക്കയില്‍ ഉയര്‍ന്നുവന്നൊരു കലാപകാരികളുടെ ഗ്രൂപ്പാണ് ഇത്തരമൊരു മൂവ്‌മെന്റിന് രൂപം കൊടുക്കുന്നത്. റവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ്(ആര്‍ ഐ എം) എന്ന ഈ സംഘടനയോട് യോജിച്ചു നിന്ന ഇന്ത്യയിലെ ഒരേയൊരു പ്രസ്ഥാനം ഞങ്ങളുടെ സിആര്‍സിസിപിഐഎംഎല്‍ ആയിരുന്നു. ആന്ധ്രയിലുണ്ടായിരുന്നു പീപ്പീള്‍സ് വാര്‍ ഗ്രൂപ്പൊക്കെ അന്ന് ഇതിനെതിരായിരുന്നു. എതാണ്ട് മുപ്പതോളം രാജ്യങ്ങളിലെ പ്രസ്ഥാനങ്ങള്‍ ഈ സാര്‍വദേശീയ മാവോയിസ്റ്റ് മൂവ്‌മെന്റില്‍ അംഗങ്ങളായിരുന്നു.1984 ല്‍ ഫ്രാന്‍സില്‍വെച്ച് ഈ മൂവ്‌മെന്റിന്റെ ആഗോളതലത്തിലുള്ള പ്രതിനിധികള്‍ പങ്കെടുത്തൊരു മീറ്റിംഗ് നടത്തി. ഞാനും മുരളിയുമായിരുന്നു അന്നതില്‍ പങ്കെടുത്തത്. ഞാന്‍ തിരികെ പോന്നശേഷവും സംഘടനാപ്രവര്‍ത്തനത്തിനായി ആറുമസത്തോളം മുരളിയവിടെ നിന്നിരുന്നു.

നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഈ മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു. അവര്‍ അക്കാലത്ത് സായുധപോരാട്ടത്തിലെക്കൊന്നും തിരിഞ്ഞിട്ടില്ല. നേപ്പാളിലെ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അക്കാലത്ത് കൂടിയിരുന്നത് ഇന്ത്യയില്‍വെച്ചായിരുന്നു. സാര്‍വദേശീയ യോഗം കഴിഞ്ഞതിനു പിന്നാലെ 84 ല്‍ അയോധ്യയില്‍വെച്ച് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസ് ചേര്‍ന്നു. ഏതാണ്ട് നാലായിരത്തോളം രാമക്ഷേത്രങ്ങള്‍ അന്നവിടെയുണ്ട്. ഇതില്‍ വളരെ കുറച്ചെണ്ണത്തില്‍ മാത്രമാണ് ദിവസേനയുള്ള പൂജയും ഭക്തരുടെ വരുമൊക്കെയുള്ളത്. ബാക്കിയെല്ലാം ആളും അനക്കവുമില്ലാതെ കിടക്കും.വിജനമായ സ്ഥലവുമായിരിക്കും. അങ്ങനെയുള്ള ക്ഷേത്രങ്ങള്‍ ഗൂര്‍ഖ വിഭാഗക്കാരുടെ കൈകളിലായിരിക്കും. ഇവരില്‍ ഭൂരിഭാഗവും പാര്‍ട്ടിക്കാരാണ്. ഇത്തരമൊരു ക്ഷേത്രത്തിന്റെ ഊട്ടുപുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നത്. ഒരാഴ്ച്ച ഏതാണ്ട് മൂന്നോറോളം പേരുണ്ടായിരുന്നു അവിടെ. ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഞാനും മുരളിയും പങ്കെടുത്തു. കൂടുതല്‍ ദിവസങ്ങള്‍ മുരളിയവിടെ കഴിഞ്ഞു.

പിന്നീടാണ് സായുധസമരത്തിലേക്ക് തിരിയണമെന്ന് ഒരുവിഭാഗം ആവശ്യമുന്നയിക്കുന്നതും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതും. തുടര്‍ന്ന് പത്തുവര്‍ഷത്തോളം രാജഭരണത്തിനെതിരെ പാര്‍ട്ടി യുദ്ധം നടത്തി. റവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് ഇക്കാര്യത്തില്‍ നേപ്പാളിലെ പാര്‍ട്ടിയെ പിന്തുണയ്ക്കുകയും മുരളിയെ മീഡിയേറ്ററായി നിയോഗിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലൊക്കെയാണ് മുരളിക്ക് അന്താരാഷ്ട്രതലത്തില്‍ ലിങ്കുകള്‍ ഉണ്ടാകുന്നത്. കൂടാതെ റിമ്മിന്റെ(റവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ്) കീഴില്‍ ഇറക്കിയിരുന്ന’ A World to Win എന്ന പ്രസിദ്ധീകരണം അച്ചടിക്കുന്നതിന്റെ ചുമതലയും മുരളിക്കായിരുന്നു. കൊച്ചിയിലായിരുന്നു ഇതിന്റെ അച്ചടി. ഇവിടെ അടിക്കുന്ന കോപ്പികള്‍ ഓരോയിടത്തേക്കും കയറ്റി അയക്കുന്നതും മുരളിയായിരുന്നു.

മുരളിക്ക് സംഭവിച്ചത്
ഞങ്ങളൊക്കെ പിന്‍വാങ്ങിയതിനുശേഷവും അവശേഷിച്ച ഏതാണ്ട് അഞ്ഞൂറോളം പ്രവര്‍ത്തകരെ കേരളത്തില്‍ ഏകോപിപ്പിച്ചുകൊണ്ടാണ് മുരളി തന്റെ പ്രവര്‍ത്തനം തുടര്‍ന്നത്. പക്ഷെ, മുരളി ഉദ്ദേശിച്ച ലക്ഷ്യം അയാള്‍ക്ക് നേടാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം. കഴിഞ്ഞ 25 കൊല്ലത്തിനിടയിലും തന്റെ ആശയങ്ങള്‍ക്ക് ഇവിടെയൊരു ബഹുജനാടിത്തറയുണ്ടാക്കാന്‍ ആയാള്‍ക്കോ മറ്റുള്ളവര്‍ക്കോ കഴിഞ്ഞില്ല. ഉള്ളവര്‍ കൊഴിഞ്ഞുപോയതല്ലാതെ കൂടുതല്‍പേരെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

രൂപേഷിനെ അറസ്റ്റ് ചെയ്ത സമയത്ത് ഞാന്‍ പറഞ്ഞിരുന്നു, അവരൊക്കെ ചെറിയൊരു ഘടകം മാത്രമാണെന്നും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മറ്റുള്ളവരാണെന്ന്. അപ്പോള്‍ ഞാന്‍ മുരളിയുടെ പേര് പറഞ്ഞില്ലെന്നുമാത്രം. പാലക്കാട് കളക്ടറെ ബന്ദിയാക്കിയ സംഭവത്തിന്റെ ചുക്കാന്‍ പിടിച്ചത് മുരളിയായിരുന്നു. പക്ഷെ അയാള്‍ നേരിട്ടതില്‍ പങ്കെടുത്തില്ല. അതിനാല്‍ മുരളിക്കെതിരെ കേസ് ഉണ്ടായതുമില്ല.അതില്‍ നേരിട്ട് പങ്കെടുത്തവരാണ് കേസില്‍ പെട്ടത്. ആ സംഭവത്തിലെ ഒന്നാം പ്രതിയായിരുന്ന കല്ലറ ബാബു പിന്നീട് ഈ മൂവ്മെന്റില്‍ നിന്ന് വിട്ടുപോയി. മുരളിയുമായി ആശയപരമായി അയാള്‍ അകന്നെന്നാണ് അറിയാന്‍ കഴിഞ്ഞത്. വേറെയും ചില ചെറിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തെങ്കിലും വലിയരീതിയിലുള്ള പദ്ധതികളൊന്നും തന്നെ അവര്‍ ആസൂത്രണം ചെയ്തിരുന്നില്ല. ഇപ്പോള്‍ മുരളി അറസ്റ്റിലായ സാഹചര്യത്തില്‍, അയാള്‍ നയിച്ചതുപോലെ മറ്റൊരാള്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം പിടിക്കാനില്ലെന്നാണ് വന്നിരിക്കുന്നത്. മുണ്ടൂര്‍ രാവുണ്ണി അവരുമായി ചേര്‍ന്നു നില്‍ക്കുന്നൊരാളാണെങ്കിലും അയാളൊരിക്കലും അതിന്റെ നേതൃത്വമൊന്നും ഏറ്റെടുക്കില്ല. എന്നാല്‍ ചില മാധ്യമങ്ങള്‍ പറയുന്നതുപോലെ മുരളിയുടെ അറസ്റ്റ് തെക്കേ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കുമെന്ന് പറയാന്‍ വയ്യാ. കേരളത്തില്‍ ക്ഷീണം സംഭവിക്കുമെന്നുമാത്രം.

എന്തുകൊണ്ട് മുരളിയും കൂട്ടരും പരാജയപ്പെട്ടു? കേരളത്തിലെ ജനങ്ങള്‍ ജനാധിപത്യമെന്താണെന്നും അക്രമണം എന്താണെന്നും തിരിച്ചറിഞ്ഞിരിക്കുന്നു. ഇരുപത്തിയഞ്ചുകൊല്ലമായി പ്രവര്‍ത്തിക്കുന്നൊരു സംഘടനയില്‍ ആയിരത്തില്‍ താഴെ മാത്രം അംഗങ്ങളെയുള്ളൂവെന്ന് പറയുമ്പോള്‍ തന്നെ അതിന്റെ പരാജയം വ്യക്തമാണ്. ഒന്നോരണ്ടോ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടായിരിക്കാം. പക്ഷെ കൊഴിഞ്ഞുപോകുന്ന വലിയൊരു വിഭാഗത്തെ നിയന്ത്രിക്കാന്‍ അവര്‍ക്കാകുന്നില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വയനാട്ടിലെ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടവരാണ് രൂപേഷും കൂട്ടരും. അഞ്ചാറുവര്‍ഷം അവര്‍ ശ്രമിച്ചുനോക്കി. കൂടെയുണ്ടായിരുന്നവര്‍ വിട്ടുപോയതുമാത്രമാണ് അതുകൊണ്ടുണ്ടായത്. ജനകീയമായൊരു പ്രവര്‍ത്തനശൈലി രൂപപ്പെടുത്താന്‍ അവര്‍ക്കായില്ല. ജാനുവും ഗീതാനന്ദനുമൊക്കെ പിന്തുടരുന്ന വളരെ തുറന്നൊരു ജനാധിപത്യപരമായ രീതിക്ക് പകരമൊരു മാര്‍ഗം മുന്നോട്ടുവയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കൂടെ നിന്നാല്‍ എന്ത് പ്രയോജനം കിട്ടുമെന്ന ജനങ്ങളുടെ സംശയം തീര്‍ക്കാന്‍ അവരെക്കൊണ്ടായില്ല. ജാനുവും ഗീതാനന്ദനും സര്‍ക്കാരുമായി ചേര്‍ന്ന് ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍, മാവോയിസ്റ്റുകളുടെ രഹസ്യസ്വഭാവമുള്ള പ്രവര്‍ത്തനങ്ങളുടെ കൂടെ നില്‍ക്കാന്‍ ആരും തയ്യാറായില്ല. ഒരു പ്രദേശം മോചിപ്പിക്കുക എന്ന ആശയത്തോടൊന്നും ആളുകള്‍ക്ക് യോജിക്കാനായില്ല. തങ്ങളെ ആരും സംരക്ഷിക്കുമെന്നതുമാത്രമായിരുന്നു അവരുടെ ആകുലത. കോര്‍പ്പറേറ്റ് സംവിധാനങ്ങളില്‍ നിന്നുള്ള മോചനമെന്നതായിരുന്നു മാവോയിസ്റ്റുകള്‍ പ്രചരിപ്പിച്ച സന്ദേശം. പൊലീസിന്റെ കൂടുതല്‍ ആക്രമണം നേരിടുകയല്ലാതെ ഈ മോചനം കൊണ്ട് തങ്ങള്‍ക്കൊന്നും ലഭിക്കാന്‍ പോകുന്നില്ലെന്ന് ജനങ്ങള്‍ ചിന്തിച്ചു. ഇതേ ചിന്ത തന്നെ മാവോയിസ്റ്റുകളിലുമുണ്ടായിരുന്നു. കൂടുതല്‍ വലിയ ആക്രമണങ്ങള്‍ നടത്തിയാല്‍ പൊലീസിന്റെ വലിയതോതിലുള്ള അടിച്ചമര്‍ത്തലുകള്‍ ഉണ്ടാകുമെന്ന് അവരില്‍ ഭയമുണ്ടായിരുന്നു. അതുകൊണ്ട് ചെറിയ ചെറിയ ആക്രമണങ്ങളിലേക്ക് ഒതുങ്ങി. മുരളിയടക്കമുള്ളവരുടെ പരാജയം ഇങ്ങനെയാണ് സംഭവിക്കുന്നത്.

എന്നാല്‍ മുരളിയെ ഞാന്‍ പരാജയപ്പെട്ടൊരു മനുഷ്യനായി കാണുന്നില്ല. അയാളുടെ ലക്ഷ്യങ്ങള്‍ വിജയത്തിലെത്തിയില്ലെങ്കിലും മുരളി സംതൃപ്തനായിരിക്കണം. പണ്ട് സ്‌കൂളില്‍ എനിക്കൊപ്പം മത്സരിച്ച് പഠിച്ചിരുന്നൊരു കൂട്ടുകാരനുണ്ടായിരുന്നു, ഗോപി. ഒന്നാമനാകാന്‍ ഞങ്ങള്‍ തമ്മില്‍ മത്സരമായിരുന്നു. ഗോപി പിന്നീട് എഞ്ചിനീയറായി ഗള്‍ഫിലേക്ക് പോയി. കുറെ വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഗള്‍ഫ് യാത്രയില്‍ വീണ്ടും ഞാനും ഗോപിയും കണ്ടുമുട്ടി. ഞങ്ങളുടെ കുറച്ച് പൊതുസുഹൃത്തുക്കളുമൊത്ത് ഗോപിയുടെ വീട്ടില്‍ ഒത്തുകൂടി. അവിടെ കൂടിയിരുന്നവര്‍ എന്നോടും ഗോപിയോടുമായി ഒരു ചോദ്യം ചോദിച്ചു- നിങ്ങളിലാരാണ് വിജയിച്ചത്? ഗോപിയാണ് അതിന് മറുപടി പറഞ്ഞത്- ജീവിതം കൊണ്ട് വേണു എന്നെക്കാള്‍ എത്രയോ വലിയ വിജയം നേടിയിരിക്കുന്നു!

ജീവിതത്തിലെ വിജയം ഇങ്ങനെയാണ് അടയാളപ്പെടുത്തുക. അതിനാല്‍ മുരളിയെ ഒരു പരാജിതനായ മനുഷ്യനായി ഞാന്‍ കാണുന്നില്ല, ആയാളെക്കുറിച്ചും നാളെ ആരെങ്കിലും പറയും; ജീവിതം കൊണ്ട് മുരളി എത്രയോ വലിയ വിജയം നേടിയിരിക്കുന്നൂ…

(കെ വേണുവുമായി സംസാരിച്ച് അഴിമുഖം പ്രതിനിധി രാകേഷ് നായര്‍ തയ്യാറാക്കിയത്).

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍