UPDATES

വാര്‍ത്തകള്‍

സീറ്റ് തരാത്തതില്‍ ബിജെപി നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മുരളി മനോഹര്‍ ജോഷി; കാണ്‍പൂരിലെ വോട്ടര്‍മാരോട് അഭിപ്രായം തേടി കത്ത്

കാണ്‍പൂരിലോ രാജ്യത്തെ മറ്റേതെങ്കിലും മണ്ഡലങ്ങളിലോ താന്‍ ഇത്തവണ മത്സരിക്കേണ്ടതില്ല എന്നാണ് സംഘടനാകാര്യ സെക്രട്ടറി രാംലാല്‍ തന്നെ അറിയിച്ചത് എന്ന് ജോഷി വോട്ടര്‍മാരെ അറിയിച്ചു.

തനിക്ക് സീറ്റ് തരാത്തതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. കാണ്‍പൂരിലെ വോട്ടര്‍മാര്‍ക്ക് അഭിപ്രായം തേടി ജോഷി തുറന്ന കത്തെഴുതി. തന്നോട് മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി പറഞ്ഞതായി 85കാരനായ ജോഷി പറഞ്ഞു. കാണ്‍പൂരിലോ രാജ്യത്തെ മറ്റേതെങ്കിലും മണ്ഡലങ്ങളിലോ താന്‍ ഇത്തവണ മത്സരിക്കേണ്ടതില്ല എന്നാണ് സംഘടനാകാര്യ സെക്രട്ടറി രാംലാല്‍ തന്നെ അറിയിച്ചത് എന്ന് ജോഷി വോട്ടര്‍മാരെ അറിയിച്ചു.

എല്‍കെ അദ്വാനിക്കും ബിജെപി ഇത്തവണ സീറ്റ് നല്‍കിയില്ല. അദ്വാനിയുടെ സിറ്റിംഗ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഇത്തവണ ബിജെപി പ്രസിഡന്റ് അമിത് ഷായാണ് മത്സരിക്കുന്നത്. എല്‍കെ അദ്വാനിയോടൊപ്പം ബിജെപിയുടെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് മുരളി മനോഹര്‍ ജോഷി. ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാള്‍. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നതിലും അയോധ്യ രാമജന്മഭൂമി പ്രസ്ഥാനത്തിലും നേതൃപരമായ പങ്ക് വഹിച്ചു.

1996ലും 98ലും 99ലും അലഹബാദില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ജോഷി 2004ല്‍ ഇവിടെ പരാജയപ്പെട്ടിരുന്നു. 2009ല്‍ വരാണസിയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് ജയിച്ച ജോഷി 2014ല്‍ മോദിക്ക് വേണ്ടി കാണ്‍പൂരിലേയ്ക്ക് മാറുകയായിരുന്നു. രണ്ട് ലക്ഷത്തില്‍ പരം വോട്ടിനാണ് കോണ്‍ഗ്രസിലെ ശ്രീപ്രകാശ് ജയസ്വാളിനെ കഴിഞ്ഞ തവണ ജോഷി പരാജയപ്പെടുത്തിയത്. എന്നാല്‍ പാര്‍ട്ടി പിടിച്ചടക്കിയ നരേന്ദ്ര മോദി – അമിത് ഷാ നേതൃത്വം അദ്വാനിയേയും ജോഷിയേയും പൂര്‍ണമായും അവഗണിക്കുകയായിരുന്നു.

ഇവരെ മാര്‍ഗനിര്‍ദ്ദേശക് മണ്ഡല്‍ എന്നറിയപ്പെടുന്ന അഞ്ചംഗ ഉപദേശക സമിതിയില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. മറ്റൊരു അംഗം അന്തരിച്ച മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയ് ആയിരുന്നു. അദ്ദേമാണെങ്കില്‍ ഓര്‍മ്മ നശിച്ച അവസ്ഥയില്‍ ചികിത്സയിലുമായിരുന്നു ആ സമയത്ത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ സമിതി ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല.

മുതിര്‍ന്ന നേതാവായ തന്നെ സംഘടനാ സെക്രട്ടറി രാംലാല്‍ ഇക്കാര്യം അറിയിച്ചതില്‍ ജോഷിക്ക് വലിയ അതൃപ്തിയുള്ളതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തന്നെ ഇക്കാര്യം അറിയിക്കണമായിരുന്നു എന്നാണ് ജോഷിയുടെ നിലപാട്. അദ്വാനിയേയും കല്‍രാജ് മിശ്രയേയും ശാന്ത കുമാറിനേയും കരിയ മുണ്ടയേയും എല്ലാ ഇത്തവണ സീറ്റില്ല എന്ന് അറിയിച്ചത് രാംലാല്‍ തന്നെയാണ്. അതേസമയം അദ്വാനിയും ജോഷിയും തങ്ങള്‍ മത്സരിക്കാനില്ല എന്ന് പറഞ്ഞിട്ടില്ല. താന്‍ ഇത്തവണ മത്സരിക്കാനില്ല എന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമായി ഉമ ഭാരതിയെ ബിജെപി വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. അമിത് ഷാ തന്നെ വന്ന് കാണാത്തതിലും വിവരം അറിയിക്കാത്തതിലും അദ്വാനിയും അസ്വസ്ഥനാണ് എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍