UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്നയാളുടെ ജയില്‍ സന്ദര്‍ശനം; ദിലീപിനു വേണ്ടിയെന്ന് ആരോപണം

സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത ഞായറാഴ്ചയാണ് ഇയാള്‍ ജയിലില്‍ എത്തിയത്

ഇരട്ടക്കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ചിട്ടിക്കമ്പനി ഉടമ ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്ന ആലുവ സബ് ജയിലില്‍ സന്ദര്‍ശനം നടത്തിയത് വിവദമാകുന്നു. നടനു ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതരെ സ്വാധീനിക്കാനാണ് ഇയാള്‍ എത്തിയതെന്നാണ് ആക്ഷേപം. എന്നാല്‍ ജയില്‍ സൂപ്രണ്ടിനെ കാണാനാണ് ഇയാള്‍ എത്തിയതെന്നും മറ്റു ദുരൂഹതകളൊന്നും ഇല്ലെന്നുമാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ഇതെക്കുറിച്ച് അനൗദ്യോഗിക അന്വേഷണം ജയില്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും അറിയുന്നു.

ചിട്ടിക്കമ്പനിയുടമ ജയിലില്‍ എത്തിയത് ഞായറാഴ്ച ആണെന്നതാണ് സംശയം ജനിപ്പിക്കുന്നത്. ഞായറാഴ്ച സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത ദിവസമാണ്. അന്നേ ദിവസം ജയിലില്‍ എത്തിയ ഇയാള്‍ സൂപ്രണ്ടിന്റെ മുറിയില്‍ മുക്കാല്‍ മണിക്കൂറോളം സൂപ്രണ്ടിനോടൊത്ത് ചെലവഴിച്ചെന്നാണ് വിവരം. ജയിലില്‍ കഴിയുന്ന വി ഐ പി തടവുകാര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ഇടനിലക്കാരനായാണ് ഇയാള്‍ അറിയപ്പെടുന്നതെന്നു മാധ്യമങ്ങള്‍ എഴുതുന്നു. അതുകൊണ്ട് തന്നെ ഞായറാഴ്ചത്തെ സന്ദര്‍ശനം ദിലീപീനു വേണ്ടിയാണെന്ന സംശയം കൂടുതല്‍ ബലപ്പെടുകയാണെന്നും വാര്‍ത്തകളില്‍ പറയുന്നു. പക്ഷേ ജയില്‍ സൂപ്രണ്ട് ഇക്കാര്യങ്ങള്‍ നിഷേധിക്കുകയാണ്. തങ്ങള്‍ പഴയ സുഹൃത്തുക്കളാണെന്നും സന്ദര്‍ശനം തികച്ചും വ്യക്തിപരമായിരുന്നുവന്നും സൂപ്രണ്ട് പറയുന്നു.

എന്നാല്‍ സൂപ്രണ്ടിനെ തള്ളിക്കൊണ്ട് ചില ജയില്‍ ജീവനക്കാര്‍ തന്നെയാണു ചിട്ടിക്കമ്പനിയുടമയുടെ സന്ദര്‍ശനത്തെപ്പറ്റി പരാതി ഉയര്‍ത്തിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അനൗദ്യോഗികമായ അന്വേഷണത്തിന് ജയില്‍വകുപ്പ് തയ്യാറായിരിക്കുന്നതെന്നും അറിയുന്നു.

അനുജന്‍ അനൂപുമായി രഹസ്യസംസാരത്തിന് ദിലീപിന് അനുമതി നല്‍കിയതും ജയില്‍ അധൃകൃതരെ വിവാദത്തില്‍ ആക്കിയിട്ടുണ്ട്. സന്ദര്‍ശകരുമായി തടവുകാര്‍ രഹസ്യസംഭാഷണം നടത്താന്‍ ജയില്‍ നിയമം അനുവദിക്കാതിരിക്കുമ്പോഴാണ് ദിലീപിന് അതിനുള്ള സൗകര്യം കിട്ടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍