UPDATES

വിശ്വാസിയുടെ ഭീകരവാദം, ഭീതി ഉണർത്തുന്ന സാംസ്കാരിക കൊലവിളികൾ

മായ ലീല

മായ ലീല

തീവ്രവാദം ഭീകരവാദം കൂടെയാണ്. ആളുകളുടെ ഉള്ളിൽ ഭീതി നിറയ്ക്കുക, അതിലൂടെ അനുസരണ പിടിച്ചുമേടിക്കുക. ആൾക്കൂട്ടങ്ങൾ അനുസരിക്കേണ്ട ഒന്നും തീവ്രവാദങ്ങളിൽ ഉണ്ടാവാറില്ല. സമൂഹത്തിന്റെ പൊതുവായ ഉന്നമനത്തിനുള്ള ഒന്നും തന്നെ മതങ്ങളിലോ മത തീവ്രവാദത്തിലൊ ഇല്ല. വ്യവസ്ഥാപിതമായ കുത്സിത താത്പര്യങ്ങളും ഒരു വിഭാഗത്തിന്റെ ആവശ്യങ്ങളും മാത്രമാണ് മതങ്ങളിൽ ഉള്ളത്. ദാദ്രിയിൽ മതവും വിശ്വാസങ്ങളും എല്ലാ അതിരുകളും കവിഞ്ഞ് ഫാഷിസവും തീവ്രവാദവും ആയി അവതരിച്ചിരിക്കുകയാണ്. ആത്മീയതയുടെ ആവിർഭാവം കാവി ഉടുത്ത ഭീകരവാദികളിൽ നിന്നും ദീക്ഷയായി വാങ്ങിക്കുന്ന രാഷ്ട്രത്തലവന്മാർ ഭരിക്കുന്ന യഥാർത്ഥ ഭ്രാന്താലയം ആയിട്ടുണ്ട്‌ ഇന്ത്യ എന്ന രാജ്യം. നമുക്ക് എന്നും എതിർപ്പുകൾക്കും അവകാശങ്ങൾക്ക് വേണ്ടി വാദിക്കാനും ഉള്ള ജനാധിപത്യ ഇടങ്ങൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യം ബ്രിട്ടീഷുകാരൻ ഭിക്ഷയായി തന്നിട്ട് പോയപ്പോൾ മുതൽക്ക്. പക്ഷേ  നമ്മളിന്ന് തിരിച്ചു പോവുകയാണ് അതിവേഗത്തിൽ. കോളനിവത്കരണത്തിനും പിന്നിലേക്ക്, പ്രാകൃത ഗോത്രസമൂഹത്തിനും കൊളോണിയൽ ഇമ്പീരിയലിസത്തിനും നടുവിൽ ഉപഭൂഖണ്ഡം എന്തായിരുന്നുവോ അതേ ഫ്യൂഡൽ ഫാഷിസത്തിലേക്ക്. ഇത്തവണ നമുക്ക് സ്വാതന്ത്ര്യ സമരങ്ങൾ നടത്താൻ ഉള്ളത് നമ്മുടെ തന്നെ ഉള്ളിലെ ഭീകരവാദിയോടാണ്.

പശു എന്നതൊരു വിശുദ്ധമൃഗം ആകുന്നത് ഒരു കാലത്തെ കാർഷിക ആവശ്യങ്ങൾ മുൻനിർത്തുമ്പോൾ മാത്രമാണ്. പശുവിനെ വിശുദ്ധമാക്കിയത് നിലമുഴാൻ ശക്തിയുള്ള നാൽക്കാലികളെ അത് പ്രസവിച്ചു നൽകും എന്ന ഒറ്റ കാരണം ആണ്. കർഷക സമൂഹങ്ങളിൽ ബ്രാഹ്മണന്റെ മേല്ക്കൊയ്മ നിലനിന്നപ്പോൾ പോലും ഗോക്കൾ ചത്തു കഴിയുമ്പോൾ അതിനെ ഭക്ഷിക്കാനായി കീഴ്ജാതിക്കാരായ നികൃഷ്ടജീവികളെ ഏൽപ്പിക്കുമായിരുന്നു എന്ന് ചരിത്രം പറയുന്നു. ദൈവങ്ങളും അവതാരങ്ങളും സൂക്തങ്ങളും മനുഷ്യന്റെ ആവശ്യത്തിനു മുകളിൽ മാത്രം ഉണ്ടായി വന്നിട്ടുള്ള ഒന്നാണ്.  സാമൂഹിക- സാംസ്കാരിക-ഭൂമിശാസ്ത്ര-കാലാവസ്ഥ സംബന്ധിയായ കാരണങ്ങളാൽ. മരുഭൂമിയിൽ ഉടലെടുത്ത ദൈവം സ്വർഗ്ഗം ആയി കാണിച്ചു തരുന്നത് ഉറവ വറ്റാത്ത അരുവികളും നദികളും പച്ചപ്പും ആണെന്നത് പോലെ, ഇന്ത്യയുടെ ഒരു കാലഘട്ടത്തിന്റെ ആവശ്യമായ കൃഷി താങ്ങിനിർത്താൻ ഗോപാലകൻ ആയ ദൈവം ഉണ്ടായി വന്നു, ഗോവിനെ പൂജിക്കാൻ തുടങ്ങി, ഗോമൂത്രം പ്രസാദമായി, ഗോവിസർജ്ജ്യം അമാനുഷിക ശക്തികൾ ഉള്ള അത്ഭുത വസ്തുവായി. അതിനൊരു മതത്തിന്റെ അടയാളവും ശക്തിയും കൈവന്നു. പാല്ചുരത്തുന്ന മറ്റൊരു മൃഗവും അനുഭവിക്കാത്ത മാതാവെന്ന പട്ടം ഗോവിന് മാത്രം കൈവന്നത് എങ്ങനെയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അഹിംസാവാദികൾ കാളയെയോ എരുമയെയൊ പോത്തിനെയോ സംരക്ഷിക്കാൻ മുതിരാതെ പശുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇന്നത്തെ കാലാവസ്ഥയും സാമൂഹ്യ സാഹചര്യങ്ങളും അനുസരിച്ച് പശുവിനെ കൊന്നുതിന്നുന്നതിൽ നിന്നും സമൂഹത്തിനു എന്തൊക്കെയാണ് നഷ്ടം-ലാഭം എന്ന് നിങ്ങൾ പരിശോധിച്ചിട്ടുണ്ടോ?

ഒരുപാട് ചോദ്യങ്ങൾ ചോദിക്കണം. മനുഷ്യ ജീവന് ഒരു നാൽക്കാലിയുടെ ജീവന്റെ വില പോലും ഇല്ലാത്ത കാലമാണ്. പേപിടിച്ച തെരുവ് നായ്ക്കളെ സംരക്ഷിക്കാനും സംഘടനകൾ ഉണ്ട്. ഒരു മനുഷ്യ ജീവൻ അനീതിയുടെ ഇരയായി മരിച്ചു വീണാൽ, വംശഹത്യകൾക്ക് തീവ്രവാദി സംഘടനകൾ നിയമപാലകരുടെ സഹായത്തോടെ അഴിഞ്ഞാടുമ്പോൾ അതിനെ എതിർക്കാനുള്ള ഇന്ത്യൻ സമൂഹത്തിന്റെ തീക്ഷ്ണത വല്ലാതെ തണുത്ത കാലമാണ്.

എന്തിന്റെ പേരിലാണ് നിങ്ങളുടെ വിശ്വാസം മറ്റൊരു മനുഷ്യജീവൻ എടുക്കാൻ തക്ക ഘട്ടത്തിലേയ്ക്ക് കടക്കുന്നത് എന്ന് നിങ്ങൾ ചിന്തിക്കണം. ബിജെപിയുടെ വക്താക്കൾ കൊലപാതകത്തെ വെറും ‘കുട്ടികളുടെ നിഷ്കളങ്കത’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. അവർ നീതി തേടുന്നത് മൃഗങ്ങളുടെ ജീവനാണ്. മനുഷ്യ ജീവന്, അതിനു നേരേ നടക്കുന്ന അനീതിക്ക്, ഒരു വലിയ രാജ്യവും അതിലെ മുഴുവൻ ജനങ്ങളേയും ഭീതിയിൽ ആഴ്ത്തുന്ന ഭീകരവാദത്തിന് ഇതിനൊന്നും അവരുടെ പക്കൽ ഉത്തരവും വിശദീകരണവും ഇല്ല. ഹിന്ദുവിന്റെ വികാരം വൃണപ്പെടും എന്നാണ് ബിജെപിയുടെ നേതാവ് പറയുന്നത്. നിങ്ങളോട് ചോദിക്കട്ടെ, നിങ്ങളൊരു ഹിന്ദു മതവിശ്വാസി ആണെങ്കിൽ , മറ്റൊരു മനുഷ്യന്റെ ജീവനും ജീവിതത്തിനും മുകളിലാണോ നിങ്ങളുടെ വിശ്വാസത്തിന്റെ സ്ഥാനം? സഹജീവിയെ ശൂലത്തിൽ തറച്ചു കൊന്നാണോ നിങ്ങളുടെ വിശ്വാസത്തിന്റെ മേന്മ ഉറപ്പിക്കുന്നത്? ഒരാൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ചാൽ തകരുന്ന ഒന്നാണോ നിങ്ങളുടെ മുപ്പത്തിമുക്കോടി ദൈവങ്ങളുടെ ശക്തിയും ദൈവീകതയും സാന്നിധ്യവും? അധർമ്മം നടമാടുന്ന ഇടത്തൊക്കെ അവതരിക്കും എന്ന് ഉറപ്പു തരുന്ന നിങ്ങളുടെ ദൈവത്തിന്റെ കണ്ണിൽ  മനുഷ്യരെ കശാപ്പ് ചെയ്യുന്നത് ധർമ്മമോ അധർമ്മമോ? നിങ്ങളാണ് തീവ്രവാദികളെ വോട്ട് ചെയ്ത് ജയിപ്പിച്ച് അധികാരത്തിൽ ഇരുത്തിയിരിക്കുന്നത്. നിങ്ങൾ ഉത്തരം തരണം. കൊന്നു തള്ളുന്ന ഓരോ കീഴ്ജാതിയുടേയും ജീവന്, ഇതര മതങ്ങളിലെ മനുഷ്യരുടെ, യുക്തിവാദികളുടെ ജഡങ്ങൾക്ക്  ഉത്തരം തരാൻ നിങ്ങൾ ബാധ്യസ്ഥരാണ്.

ഒരു നിമിഷത്തിന്റെ ഉന്മാദത്തിൽ ജീവിതവും പ്രതീക്ഷകളും നഷ്ടപ്പെട്ടു പോയ ഒരു പെണ്‍കുട്ടി ചോദിക്കുന്നുണ്ട്, എന്റെ അച്ഛനെ നിങ്ങൾക്ക് തിരികെ തരാൻ കഴിയുമോ എന്ന്. മനുഷ്യനായി പിറന്നതിൽ നിന്നും കിട്ടിയ വികാരങ്ങളെ എല്ലാം നിരത്തി വച്ച് സ്വയം ചോദിക്കുക. തനിക്ക് സംഭവിക്കുകയില്ല എന്നുറപ്പുള്ള അനീതി മറ്റൊരാളുടെ നേർക്ക് നടക്കുമ്പോൾ നിങ്ങൾ അതിൽ സ്വന്തം നില സുരക്ഷിതമാക്കി വച്ച് നിശബ്ദമായി കൊലപാതകത്തിന് കൂട്ട് നിൽക്കുകയാണോ എന്ന്. ആദർശവാനായ നേതാവിനെയും വിശ്വാസങ്ങളുടെ സംരക്ഷകരായി മുഖംമൂടിയിട്ട കൊലപാതകികളേയും എങ്ങനേയും ന്യായീകരിക്കാൻ നിങ്ങൾ വേദങ്ങളും ഉപനിഷത്തുകളും തിരയുമ്പോൾ നിങ്ങളുടെ ഉള്ളിലെ മതാന്ധത ഫാഷിസം എന്നിവ നിഗൂഡമായി ഉന്മാദിയാകുന്നുണ്ടോ എന്ന്…. “ഞാൻ” എന്ന എന്തിനേയും സംരക്ഷിക്കാൻ നിങ്ങളുടെ ഉള്ളിലും കൊലയാളികൾ ഒളിഞ്ഞിരിക്കുന്നോ എന്ന്. നിങ്ങൾക്ക് അധികാരം കിട്ടിയാൽ, നിങ്ങളൊരു ആൾക്കൂട്ട വിഭ്രാന്തിയുടെ ഭാഗമായി പോകുമോ എന്ന് സ്വയം ചോദിക്കണം. ചോദ്യങ്ങളും ഉത്തരങ്ങളും പ്രതിക്കൂട്ടിൽ നിന്നുകൊണ്ട് നടത്തുവാനെ കഴിയൂ, വിശ്വാസികൾക്ക്.

ഭീകരവാദികൾ ഉള്ളിൽ ഭീതി നിറയ്ക്കാൻ വിസമ്മതിക്കുക. ചെറുത്തു തോൽപ്പിക്കുക, ആൾക്കൂട്ടത്തിന്റെ അധികാര കൊലവിളികളെ ശക്തമായ മനോധൈര്യം കൊണ്ട് ചോദ്യങ്ങൾ ഉയർത്തി ചെറുത്തു നിൽക്കുക. ഭയന്ന് മാറുന്ന ഇടങ്ങളെല്ലാം അവർ കൈയ്യേറും, ഒടുവിൽ ഒളിക്കാൻ ഇടങ്ങളില്ലാതെ വരും. രാജ്യത്തിന് പ്രതീക്ഷകൾ നിലനിർത്താൻ വളരെ കുറച്ച് കാരണങ്ങൾ മാത്രം നിലനിൽക്കുന്ന കാലമാണ്. സ്വയം പ്രതിരോധിക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍