അഴിമുഖം പ്രതിനിധി
കണ്ണൂരില്‍ നടന്ന രാഷ്ട്രീയാക്രമണങ്ങളില്‍ രണ്ടു മരണം. രാമന്തരി കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജും അന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ സി കെ രാമചന്ദ്രനുമാണ് കൊല്ലപ്പെട്ടത്.
ധനരാജിനു നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി പത്തുമണിയോടെ വീട്ടുമുറ്റത്തുവച്ചാണ് ധനരാജ് ആക്രമിക്കപ്പെട്ടത്. മൂന്നുബൈക്കുകളിലായെത്തിയ സംഘം ധനരാജിനെ വെട്ടുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ധനരാജിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപണം.
ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് ബിഎംഎസ് പയ്യന്നൂര്‍ മേഖല പ്രസിഡന്റും ഓട്ടോ ഡ്രൈവറുമായ സി രാമചന്ദ്രന്‍ ആക്രമിക്കപ്പെടുന്നത്. രാമചന്ദ്രനെ വീട്ടില്‍ കയറി കുത്തികൊലപ്പെടുത്തുകയായിരുന്നു.
പരേതനായ മന്ദ്യത്ത് കൃഷ്ണന്റെയും തൂളേരി വീട്ടില്‍ മാധവിയുടെയും മകനാണ് ധനരാജ്. സജിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: മണി, നളിനി. മൃതദേഹം ഇന്നു 11.30ന് പയ്യന്നൂരും പിന്നീട് കാരന്താട്ടും പൊതുദര്‍ശനത്തിനു വയ്ക്കും.സംസ്‌കാരം ഇന്ന് ഒരു മണിക്ക്. ധനരാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ അസംബ്ലി മണ്ഡലത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍ ആചരിക്കും.
രജനിയാണ് കൊല്ലപ്പെട്ട രാമചന്ദ്രന്റെ ഭാര്യ. മക്കള്‍: ദേവാംഗന, ദേവദത്തന്‍. സഹോദരങ്ങള്‍: ശാരദ, കുഞ്ഞിപ്പാര്‍വതി, രാമകൃഷ്ണന്‍, പരേതയായ പത്മിനി. സിപിഐഎം പ്രവര്‍ത്തകരാണ് രാമചന്ദ്രന്റെ കൊലപാതകത്തിനു പിന്നിലെന്നും രാത്രി വൈകി കാരയില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് പി.രാജേഷ്‌കുമാര്‍, കോറോത്ത് ബിഎംഎസ് പ്രവര്‍ത്തകന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെ അക്രമം നടന്നതായും ബിജെപി നേതൃത്വം ആരോപിച്ചു.