UPDATES

ആ കൊലപാതകം തകര്‍ത്തത് ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യത്തിന്റെ സ്വസ്ഥതയായിരുന്നു

ഐസ്ലാന്‍ഡ് അന്വേഷിക്കുകയാണ് ആരാണ് അവളുടെ കൊലപാതകി?

അവി സെല്‍ക്

ഫിയോദുകളും (fjords- കുത്തനെയുള്ള പാറയിടുക്കുകള്‍ക്കിടയിലെ ഇടുങ്ങിയ, ആഴമുള്ള കടല്‍ ഭാഗം. ഐസ്ലാന്‍ഡിലും നോര്‍വേയിലും സാധാരണമായി കാണുന്നു) ബിയോര്‍ക്കും (Bjork Gudmundsdottir- ഗായിക) ആര്‍ട്ടിക് സമുദ്രവുമെല്ലാം ചേര്‍ന്ന ഈ ദ്വീപിനോളം സുരക്ഷിതമായ രാജ്യമേതാണ്?

ഇതാണ് ഐസ്ലാന്‍ഡ്. ഇവിടെ പോലീസ് മിക്കവാറും നിരായുധരാണ്. ആളുകള്‍ രാത്രി ഏതു സമയത്തും സുരക്ഷിതരായി സഞ്ചരിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് അപ്രത്യക്ഷയായ ബിര്‍ണ ബിജാന്‍സ്ഡോട്ടൈര്‍ ചെയ്തതും അതു തന്നെയായിരുന്നു.

പിന്നീട് ഒരു ഡോക്കിനു സമീപം അവളുടെ ഡോ. മാര്‍ട്ടീന്‍സ് ഷൂസ് അടിഞ്ഞു. ഒരു കാറില്‍ ആ ഇരുപതുകാരിയുടെ രക്തവും കണ്ടെത്തി. അതോടെ ഐസ്ലാന്‍ഡിനു മുകളിലൂടെ ഡ്രോണുകള്‍ പറന്നു, കടലിനു മേലെയായി ഹെലികോപ്റ്ററുകളും. അറസ്റ്റുകള്‍ ഉണ്ടായി.

കാണാതായി ഒരാഴ്ചയ്ക്ക് ശേഷം ജനുവരി 22 ഞായറാഴ്ച അവളുടെ ശവശരീരം ഒരു ബീച്ചില്‍ കണ്ടെത്തി.

ഇപ്പോള്‍ തലസ്ഥാനത്ത് അവള്‍ക്കായി മഞ്ഞില്‍ കുത്തി നിര്‍ത്തിയ മെഴുകുതിരികള്‍ കാണാം. പല വര്‍ഷങ്ങളിലും ഒരു കൊലപാതകം പോലും നടക്കാത്ത ആ രാജ്യത്തെ ജനങ്ങള്‍ ചോദിക്കുന്നു, ആര് അതു ചെയ്തു? എന്തിന്? എങ്ങനെ?

ഈ കേസിനെ കൃത്യമായി പിന്തുടരുന്ന ഐസ്ലാന്‍ഡ് മിററിലെ കോളമിസ്റ്റ് ചോദിച്ചത് “ഇത്രയും സമാധാനപൂര്‍ണ്ണമായ നമ്മുടെ ഐസ്ലാന്‍ഡില്‍ എങ്ങനെ ഇതു സംഭവിച്ചു?” എന്നാണ്. അവരെ പോലെ രാജ്യത്തെ 330,000 വരുന്ന ജനങ്ങളും ആകാക്ഷയോടെ കേസിന്‍റെ ഓരോ വിവരത്തിനുമായി കാത്തിരിക്കുന്നു. ഏതാണ്ട് ഹോണോലുലുവിനോളം വരും ഇവിടത്തെ ജനസംഖ്യ.

“നമുക്കെല്ലാം ഒന്നുകില്‍ ആ കുടുംബത്തെ അറിയാം, അല്ലെങ്കില്‍ അവരെ അറിയാവുന്നവര്‍ നമ്മുടെ പരിചയത്തിലുണ്ടാകും. ഇത് തികച്ചും വ്യക്തിപരമായ അനുഭവമായി തോന്നുകയാണ്,” കോളമിസ്റ്റായ സോളി ബിയോര്‍ക് ഗുഡ്മണ്ട്സ്ഡോട്ടൈര്‍ എഴുതുന്നു.

ബിജാന്‍സ്ഡോട്ടൈറിന്‍റെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞിരിക്കുന്നത് റെയ്ക്കിവിക്കിലെ പ്രധാന തെരുവുകളിലൊന്നിലെ സെക്യൂരിറ്റി ക്യാമറകളിലാണ്.

ജനുവരി 14നു പുലരാറായ സമയത്ത്, വര്‍ഷം തോറും നടക്കുന്ന ഇന്‍ഡി ബാന്‍ഡ് ഫെസ്റ്റിവല്‍ കഴിഞ്ഞ് ഒരു ക്ലബ്ബില്‍ നിന്നിറങ്ങിയ ബിജാന്‍സ്ഡോട്ടൈര്‍ നടപ്പാതയിലൂടെ നടന്നു നീങ്ങുന്നതാണ് ദൃശ്യത്തില്‍. മകള്‍ക്കുണ്ടായിരുന്ന ഒരു പ്രേമബന്ധം ആയിടെ തകര്‍ന്നതായി അച്ഛനമ്മമാര്‍ പറയുന്നു.

അവളുടെ കയ്യില്‍ ഒരു കെബാബുണ്ടായിരുന്നു. അല്‍പ്പം ആടിക്കൊണ്ട് രണ്ടു വഴിയാത്രക്കാരുടെ മേല്‍ ചെന്നു മുട്ടിയെങ്കിലും അവര്‍ അതു ശ്രദ്ധിച്ചില്ല.

തെരുവിന്‍റെ ഒഴിഞ്ഞ ഭാഗത്തു കൂടെ അവള്‍ നടപ്പ് തുടര്‍ന്നു. തവിട്ടു നിറമുള്ള മുടി ഇരു തോളുകളിലും വീണു കിടന്നിരുന്നു. ഒരു കടയുടെ മുന്‍പിലെ ചുവന്ന വെളിച്ചം അവളുടെ മേല്‍ പതിയുന്നതു കാണാം.

അതോടെ ഫ്രെയിമില്‍ നിന്നു മറയുന്ന ബിജാന്‍സ്ഡോട്ടൈറിനെ പിന്നെയാരും കണ്ടിട്ടില്ല.

അതിദാരുണ സംഭവങ്ങള്‍ ഐസ്ലാന്‍ഡില്‍ അങ്ങനെ നടക്കാറില്ല. വര്‍ഷത്തില്‍ ശരാശരി രണ്ടു കൊലപാതകങ്ങള്‍ ഒക്കെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. ചില വര്‍ഷങ്ങളില്‍ ഒന്നുമുണ്ടാകാറില്ല. ഓസ്ട്രേലിയ കേന്ദ്രമായുള്ള വിദഗ്ദ്ധരുടെ സംഘമായ The Institute for Economics and Peace ഐസ്ലാന്‍ഡിനെ ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യമായി കണക്കാക്കുന്നു. 2013ല്‍ ഒരാളെ കൊലപ്പെടുത്തേണ്ടി വന്നതിന് ഐസ്ലാന്‍ഡ് പോലീസ് ക്ഷമ ചോദിക്കുക പോലും ചെയ്തിരുന്നു. ആദ്യമായാണ് അവര്‍ ഒരാളെ വെടി വയ്ക്കുന്നത്.

ബിജാന്‍സ്ഡോട്ടൈര്‍ അപ്രത്യക്ഷയായി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ വേവലാതിപ്പെടാന്‍ തുടങ്ങി.

“ബിര്‍ണ എവിടെ?” എന്ന് അവളുടെ അമ്മ കരഞ്ഞുകൊണ്ടു ചോദിച്ചതായി മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐസ് ലാന്‍ഡിക്കിലും ഇംഗ്ലീഷിലും പോലീസ് സഹായാഭ്യര്‍ത്ഥന നടത്തി.

റെയ്ക്കിവിക് തീരത്തിന്‍റെ 20 മിനിറ്റ് അകലെയുള്ള ഒരു പട്ടണത്തിലാണ് ബിജാന്‍സ്ഡോട്ടൈറിന്‍റെ മൊബൈല്‍ ട്രാക്ക് ചെയ്യപ്പെട്ടത്. അവിടെ വച്ച് ആരോ അത് ഓഫ് ചെയ്തതായി മോണിറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അവിടെയുള്ള തുറമുഖത്താണ് അവളുടെ ഷൂസ് കണ്ടെത്തിയത്.

ഒരു കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ പട്ടണവും പ്രാന്തപ്രദേശങ്ങളും പരിശോധിക്കാന്‍ ആരംഭിച്ചു.

മറ്റൊരു ഹെലികോപ്റ്ററില്‍ ഐസ്ലാന്‍ഡിന്‍റെ മുഖ്യ പോലീസ് സേന കടലില്‍ അന്വേഷണത്തിനു തിരിച്ചതായി Agence France-Presse റിപ്പോര്‍ട്ട് ചെയ്തു.

ബിജാന്‍സ്ഡോട്ടൈറിന്‍റെ ഷൂസ് കണ്ടെത്തിയ അതേ തുറമുഖത്തു നിന്ന്, അവളെ കാണാതായ അതേ ദിവസം പുറപ്പെട്ട പോളാര്‍ നനോക്ക് എന്ന കപ്പലായിരുന്നു അവരുടെ ലക്ഷ്യം.

ആ ട്രോളിങ് കപ്പലിലെ രണ്ടു നാവികര്‍ ബിജാന്‍സ്ഡോട്ടൈറിനെ കാണാതായ രാത്രിയില്‍ ഒരു കാര്‍ വാടകയ്ക്ക് എടുത്തിരുന്നുവെന്ന് പോലീസ് മോണിറ്ററിനോട് പറഞ്ഞു. ക്ലബ്ബില്‍ നിന്നിറങ്ങിയ ബിജാന്‍സ്ഡോട്ടൈര്‍  ആ കാറിനെ മറി കടന്നു പോയിരുന്നു.

പോലീസുകാര്‍ കപ്പല്‍ പിടിച്ചെടുത്തപ്പോള്‍ അതില്‍ ഒളിപ്പിച്ചിരുന്ന ഹഷീഷും കണ്ടെടുത്തു. അവര്‍ കപ്പല്‍ കരയ്ക്കു കൊണ്ടു വന്നു.

ആ രണ്ടു നാവികരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത പോലീസ് അവരുടെ തല വഴി ടവലുകള്‍ ഇട്ട് ഒരു രാജ്യത്തിന്‍റെയാകെ ദൃഷ്ടിയില്‍ നിന്ന് അവരെ മറച്ചു.

നോര്‍വീജിയന്‍ കടലിനപ്പുറം ഗ്രീന്‍ലാന്‍ഡില്‍ നിന്നായിരുന്നു അവര്‍ രണ്ടു പേരും. നാവികരുടെ അറസ്റ്റിനെ കുറിച്ചും ചോദ്യം ചെയ്യലിനെ കുറിച്ചും വാര്‍ത്ത പരന്നപ്പോള്‍ തങ്ങളുടെ അയല്‍രാജ്യത്തെ സംശയത്തോടെ കാണരുതെന്ന് ഐസ്ലാന്‍ഡ് പ്രസിഡന്‍റ് ഗൂഡ്നി യോഹനെസ്സോനിന് ജനങ്ങളെ താക്കീതു ചെയ്യേണ്ടി വന്നു.

ജനുവരി 21 ശനിയാഴ്ചയായതോടെ ബിജാന്‍സ്ഡോട്ടൈറിനെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞു. അതോടെ മോണിറ്ററിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നതു പോലെ രാജ്യം അതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സെര്‍ച്ച് ഓപ്പറേഷന്‍ ആരംഭിച്ചു.

തെരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ലെങ്കിലും നാവികര്‍ വാടകയ്ക്കെടുത്ത കാറില്‍ രക്തക്കറകള്‍ ഉള്ളതായി കണ്ടു.

ഒരു ദുരന്ത വാര്‍ത്ത കേള്‍ക്കാന്‍ ഐസ് ലാന്‍ഡ് തയ്യാറെടുത്തു.

പിറ്റേന്ന് പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗത്തു കൂടെ പറന്നിരുന്ന കോസ്റ്റ്ഗാര്‍ഡ് ഹെലിക്കോപ്റ്റര്‍ ലൈറ്റ്ഹൌസിനടുത്ത് എന്തോ കണ്ടു. അതൊരു മൃതദേഹമായിരുന്നു.

“വാടക കാറിലാണ് ബിര്‍ണ കൊല്ലപ്പെട്ടതെന്ന് പോലീസ് കരുതുന്നു,” മോണിറ്റര്‍ പിന്നീട് വാര്‍ത്താ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ആ തണുത്ത രാത്രിയില്‍ നോര്‍വീജിയന്‍ കടലിന് ഇരുവശവും മെഴുകുതിരികള്‍ എരിഞ്ഞു. ഇപ്പുറത്ത് ഐസ്ലാന്‍ഡ് തലസ്ഥാനത്തും അപ്പുറം ഗ്രീന്‍ലാന്‍ഡിലെ കോണ്‍സുലേറ്റ് നൂക്കിനു പുറത്തു ചുവന്ന തിരികളും.

“ഗ്രീന്‍ലാന്‍ഡില്‍ എല്ലാവരും ഇതിനെ കുറിച്ചാണ് സംസാരിക്കുന്നത്. എല്ലാ വീട്ടിലും, തെരുവില്‍ കണ്ടു മുട്ടുന്നവരുമൊക്കെ,” ഒരു സ്ത്രീ മോണിറ്ററിനോടു പറഞ്ഞു.

“ഈയിടെ ഞാന്‍ സംസാരിച്ചിട്ടുള്ളവരില്‍ ഈ കേസിനെ ചൊല്ലി അസ്വസ്ഥനാകാത്ത ഒരാള്‍ പോലുമില്ല,” ഒരു ലേഖകന്‍ മോണിറ്ററില്‍ എഴുതുന്നു.

സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന വടക്കേ  സമുദ്രതീരം ഇപ്പോള്‍ അസ്വസ്ഥമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍