UPDATES

ഓഫ് ബീറ്റ്

കൊരവ സംസ്ഥാന മത്സ്യമാക്കി തെലങ്കാന സര്‍ക്കാര്‍

Avatar

അഴിമുഖം പ്രതിനിധി

കൊരവ, മാനത്തു കണ്ണന്‍, വട്ടന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മുറല്‍ (Channa Striatus) മത്സ്യം ഇനി തെലങ്കാനയുടെ സംസ്ഥാന മത്സ്യം.  മൃഗസംരക്ഷണ-ഫിഷറീസ് വകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സുരേഷ് ചന്ദ ജൂലൈ 20നു ഇത് സംബന്ധിച്ച ഉത്തരവിറക്കി. സംസ്ഥാനത്ത് ഏറ്റവും അധികം കൃഷി ചെയ്യപ്പെടുന്ന മത്സ്യ വര്‍ഗം ആണ് കൊരവ.  2014ല്‍ സംസ്ഥാനം രൂപീകരിച്ചതിനു ശേഷം സംസ്ഥാന മൃഗം, പക്ഷി തുടങ്ങിയവ തിരഞ്ഞെടുത്തിരുന്നു. പിളര്‍പ്പിനു മുന്‍പുണ്ടായിരുന്ന ആന്ധ്രാപ്രദേശിന്‍റെ ഔദ്യോഗിക മത്സ്യവും കൊരവ തന്നെയായിരുന്നു. വിഭജനത്തിന് ശേഷം തെലങ്കാനയ്ക്ക് അവരുടേതായ ഔദ്യോഗിക മത്സ്യത്തെ തിരഞ്ഞെടുക്കേണ്ടതായി വന്നു. പല കാര്യങ്ങളും പരിഗണിച്ച ശേഷമാണ് കൊരവ തന്നെ ഔദ്യോഗിക മത്സ്യം ആയി തിരഞ്ഞെടുത്തത്.

തെക്കുകിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന പാമ്പുതലയുള്ള മത്സ്യ വിഭാഗമാണ് മുറല്‍ അഥവാ കൊരവ. ശുദ്ധജല മത്സ്യങ്ങളായ ഇവയെ പൊതുവേ കാണപ്പെടുന്നത് നദികളിലും തടാകങ്ങളിലും ആണ്. ചൂടിനെ അതിജീവിക്കാനായി ഇവ വേനല്‍ക്കാലത്ത് ചെളിയില്‍ ശരീരം പൂഴ്ത്തിക്കിടക്കാറാണ് പതിവ്. ഒരു മീറ്ററോളം നീളം വെയ്ക്കുന്ന ഇവ ഒരു പ്രധാന പ്രോട്ടീന്‍ സ്രോതസാണ്. പൊതു വിപണിയില്‍ ഇവയുടെ വില കിലോയ്ക്ക് 500 രൂപയ്ക്ക് അടുത്താണ്.

കൊരവയ്ക്ക് പ്രാദേശികമായുള്ള മറ്റൊരു പ്രാധാന്യം ഹൈദരാബാദിലെ ബധിനി ഗൌഡ സഹോദരന്മാര്‍ ആസ്ത്മ രോഗത്തിനുള്ള മരുന്നായി ഇവയെ വിഴുങ്ങാന്‍ നിര്‍ദ്ദേശിക്കാറുണ്ട് എന്നതാണ്. കഴിഞ്ഞ 170 വര്‍ഷമായി പിന്തുടര്‍ന്ന് പോരുന്ന ഈ ശീലത്തിന് ശാസ്ത്രീയമായ അടിത്തറ ഒന്നുമില്ലെന്ന് ഹൈക്കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. എങ്കിലും ഇപ്പോഴും ഇവയ്ക്ക് മരുന്നെന്ന നിലയിലുള്ള ആവശ്യകത ഏറെയാണെന്ന് പ്രദേശവാസികള്‍ സൂചിപ്പിക്കുന്നു.

സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് 2008ല്‍ ആണ് ലഖ്നൌ ആസ്ഥാനമായ ഫിഷ് ജനറ്റിക് റിസോഴ്സസ് നാഷണൽ ബ്യൂറോ സംസ്ഥാന മത്സ്യം എന്ന ആശയം മുന്നോട്ടു വെച്ചത്. തെലുങ്കാനയുടെ ഔദ്യോഗിക ചിഹ്നങ്ങളായി അംഗീകരിച്ച മറ്റുള്ളവ: പക്ഷി-പല പിട്ട (Pala Pitta, Indian Roller or Blue Jay); പുഷ്പം- ടാംഗെഡു (Tangedu, Tanner’s Cassia); പഴം – മാങ്ങ; വൃക്ഷം– ജമ്മി ചെട്ടു (Jammi Chettu, Prosopis Cineraria); മൃഗം- മാന്‍; കായിക വിനോദം- കബഡി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍