UPDATES

വായന/സംസ്കാരം

ഉടലും ഉയിരും ഉണര്‍ത്തുന്ന സംഗീതം-ഷിബു മുഹമ്മദിന്‍റെ ‘ഉടലുകള്‍ പാടുമ്പോള്‍’ ഒരു വായന

ഈ ആഴ്ചയിലെ പുസ്തകം
ഉടലുകള്‍ പാടുമ്പോള്‍ (സംസ്‌കാര പഠനം)
ഷിബു മുഹമ്മദ്
ഒലിവ് പബ്ലിക്കേഷന്‍സ്
വില: 220 രൂപ

ഉടലുകള്‍ പാടുമ്പോള്‍ ഉയിരിന്റെ ക്ലേശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ സംഘര്‍ഷങ്ങളുടെയും പ്രതിരോധങ്ങളുടെയും കൗണ്ടര്‍ മ്യൂസിക്ക് ആയി അനുയാത്ര നടത്തുകയാണ്. സംഗീതധാരകളുടെ ആന്തരികമായ അവസ്ഥാവിശേഷങ്ങളെ വ്യവച്ഛേദിച്ചറിയാന്‍ തക്കവണ്ണം ധീരമായ ഒരു സംരംഭം മലയാളത്തില്‍ ഉണ്ടായതുമില്ല. ഈ കുറവ് പരിഹരിക്കാനാണ് ഷിബുമുഹമ്മദ് ‘ഉടലുകള്‍ പാടുമ്പോള്‍’ എന്ന പുസ്തകം എഴുതിയത്. ഇതില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ ചരിത്രം തുടിച്ചുനില്‍ക്കുന്ന താളുകള്‍ വായനക്കാരോട് പറയുന്നത്, നിലവിലുണ്ടായിരുന്ന വ്യവസ്ഥകള്‍ക്കെതിരെയുള്ള വാദമുഖങ്ങളാണ്. വരേണ്യവര്‍ഗ്ഗത്തിന്റെ പൊങ്ങച്ചങ്ങളും അധീശത്വവും ചോദ്യം ചെയ്യുന്ന ഒരു മനസ് ഷിബു മുഹമ്മദിന്റെ രചനയുടെ ബലമായി മാറുകയാണിവിടെ.

അടിസ്ഥാന മനുഷ്യരുടെ സംഗീതം എന്നും  അധീശവര്‍ഗ്ഗം കൗശപൂര്‍വ്വം തിരസ്‌കരിച്ചു. പകരം ആത്മീയതയുടെയും അതിഭൗതികതയുടെയും ഒരു തലം സൃഷ്ടിച്ച് അവര്‍ സംഗീതത്തെ തങ്ങളുടെ കൈപ്പിടിയിലൊതുക്കി. കീഴാളവര്‍ഗ്ഗത്തിന്റെ ചോരപൊടിയുന്ന സംഗീതത്തെ അവര്‍ കണ്ടില്ലെന്ന് നടിച്ചു. അവരുടെ അദ്ധ്വാനത്തിന്റെയും ആത്മസംഘര്‍ഷങ്ങളുടെയും സംഗീതധാരകള്‍ എവിടെയോ നഷ്ടപ്പെട്ടു. ആ നഷ്ടപ്പെടലിന്റെ തിരിച്ചുപിടിക്കലും അതിലൂടെ നമ്മുടെ സംഗീതധാരയുടെ ചരിത്രപരമായ അന്വേഷണവും ഷിബു മുഹമ്മദിന്റെ ഈ പുസ്തകം സൂക്ഷ്മമായി വായിക്കുമ്പോള്‍ മനസ്സിലാകും.

സംഗീത ആസ്വാദനത്തിലും വിശകലനത്തിലും സൂക്ഷ്മതലത്തിലുള്ള രാഷ്ട്രീയബോധം മലയാള രചനകളില്‍ കഷ്ടിയാണ്. വിനോദമായും വിവേകരഹിതമായും സംഗീതത്തെ വിലയിരുത്തിയവര്‍ കീഴാളവര്‍ഗ്ഗത്തെ സൗകര്യപൂര്‍വ്വം വിസ്മരിച്ചു. ഷണ്ഡമായ സംഗീതാസ്വാദന വിലയിരുത്തല്‍ രീതികള്‍ക്കെതിരെയുള്ള സമരമുഖം തുറക്കല്‍ കൂടിയാണ് ഷിബുവിന്റെ ഈ പുസ്തകം. അതോടൊപ്പം നിലവിലുള്ള വിഗ്രഹങ്ങളുടെയും ആസ്വാദനബോധങ്ങളുടെയും തലയ്ക്കടിച്ച് വേറിട്ടൊരു വഴി തുറന്നുകാട്ടുന്നു.

പാട്ടിന് പുതിയ കാതുകളും പുതിയ ശബ്ദങ്ങളും സൃഷ്ടിക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത. യേശുദാസ് എന്ന ഗായകന്‍  പൊതുബോധത്തിന്റെ ആരാധനാ മൂര്‍ത്തിയായി  തീര്‍ന്നത് എങ്ങനെയെന്ന് അദ്ദേഹത്തിന്റെ ശബ്ദ വിന്യാസവും ആലാപനശൈലിയും വരേണ്യ – മധ്യവര്‍ഗ്ഗ – കുടുംബസദസ്സുകളില്‍ എങ്ങിനെ പ്രതിധാനം ചെയ്യുന്നു എന്നതിനെ കുറിച്ചും ഷിബുമുഹമ്മദ് അന്വേഷിക്കുന്നുണ്ട്. അധീശവര്‍ഗ്ഗത്തിന്റെ സാംസ്‌കാരിക ഉപകരണമായി യേശുദാസ് മാറുന്നുണ്ടെന്ന് ലേഖകന്‍ കണ്ടെത്തുന്നു. എല്ലാ വിഭാഗം ജനങ്ങളും – താഴേത്തട്ട് മുതല്‍ മേലേത്തട്ട് വരെ – യേശുദാസിന്റെ സ്വരം ആസ്വദിക്കുന്നു. അവിടെ ഭാവുകത്വപരമായ വര്‍ഗ്ഗസംഘര്‍ഷങ്ങളില്ല.

വാസ്തവത്തില്‍ കേരളത്തില്‍ യേശുദാസിന്റെ സ്വരം മറ്റെല്ലാ സ്വരങ്ങളെയും മുക്കിക്കളയുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ലതാമങ്കേഷ്‌കറുടെ പാട്ടിനെക്കുറിച്ച് ലേഖകന്‍ അന്വേഷിക്കുന്നത്. ആധുനിക ഇന്ത്യന്‍ വരേണ്യ കുടുംബത്തിലെ സ്ത്രീശബ്ദത്തെയാണ് ലത പ്രതിനിധാനം ചെയ്യുന്നതെന്ന സത്യത്തിലേക്ക് ഷിബു കടന്നുചെല്ലുന്നു. ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തെ ചോദ്യം ചെയ്യപ്പെടാത്ത വിഗ്രഹമാണ് ലതാമങ്കേഷ്‌കര്‍. ആ വിഗ്രഹത്തെ  ഒന്നിളക്കിയിരുത്താന്‍ ധീരമായ ശ്രമത്തിലൂടെ ഷിബു തന്റെ വാദമുഖങ്ങള്‍ നിരത്തുന്നുണ്ട്. ബീഗം അക്തര്‍, റസൂലാന്‍ ബായി, ഗിരിജാ ബായി, മലികാ പുക്‌രാജ് എന്നിവരുടെ പാട്ടുകള്‍ ഇന്ത്യയിലെ വരേണ്യത പടിക്കുപുറത്തു നിര്‍ത്തിയിരുന്നുവെന്ന് ഷിബു മുഹമ്മദ് പറയുന്നു. സ്ത്രീകളും സംഗീതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിചാരങ്ങള്‍ തീര്‍ത്തും ശ്ലാഘിക്കപ്പെടേണ്ടതാണ്. 

‘ബാബുരാജ് ആരുടെ ഇരയായിരുന്നു’, ‘ഇന്ത്യന്‍ ഹാര്‍മോണിയത്തിന്റെ സംഗീതരാഷ്ട്രീയം’ എന്നീ അധ്യായങ്ങള്‍ പുസ്തകത്തിലെ ശ്രദ്ധേയമായ രചനകളാണ്. സംഗീതത്തിന്റെ പാര്‍ശ്വവല്‍ക്കരണവും അടിച്ചമര്‍ത്തലുകളും ഒക്കെ ഇവിടെ ചര്‍ച്ചാവിഷയമാകുന്നു. ഭാവുകത്വ പരിണാമത്തിന്റെ ഒരു സിംഫണിയാണ് ഷിബു മുഹമ്മദ് ഇവിടെ അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ സംഗീതത്തിലെ നവവിസ്മയമായ എ.ആര്‍.റഹ്മാനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഭാഗം വരേണ്യസംസ്‌കാരത്തിനെതിരായുള്ള ഒരു സമരമുഖം കൂടിയാണ്. ഒരു പാട്ടിന്റെ സംഗീതം സനാതനമായിരിക്കണമെന്ന ഫ്യൂഡല്‍ വരേണ്യയുക്തിയെയാണ് റഹ്മാന്‍ തന്റെ ഈണങ്ങളിലൂടെ തകര്‍ത്തെറിഞ്ഞതെന്ന് ഷിബു ചൂണ്ടിക്കാട്ടുന്നു. സംഗീതസംവിധാനത്തിന്റെ ജനാധിപത്യവല്‍ക്കരണമാണ് റഹ്മാനിലൂടെ സംഭവിച്ചത്. മെലഡിയുടെ മേധാവിത്വത്തെ മഥിച്ചുകളഞ്ഞുകൊണ്ടുതന്നെ വേറൊരുതരം മെലഡിയുടെ ജനസദസ്സുകളാണ് റഹ്മാന്‍ സൃഷ്ടിച്ചത്.

സംഗീത നരവംശശാസ്ത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന അധ്യായം തീര്‍ച്ചയായും മലയാള സംഗീത നിരൂപണശാഖയിലെ ഒരേകാന്തവിസ്മയമാണ് ഇതൊരു വൈജ്ഞാനികശാഖയാണ്. എത്‌നോ മ്യൂസിക്കോളജി എന്ന ഈ വിഭാഗം ലോകസംഗീതശാസ്ത്രത്തിലെ അത്യപൂര്‍വ്വമായ ഒരിടമാണ്. സംഗീതശബ്ദം നിര്‍മ്മിതമാകുന്നത് അതത് സമൂഹങ്ങളുടെ സാംസ്‌കാരിക ഭൂമികയില്‍ നിന്നാണെന്ന് സംഗീത നരവംശശാസ്ത്രം പറയുന്നു. ഇതേപ്പറ്റിയുള്ള വ്യക്തമായ വിശദീകരണമാണ് ലേഖകന്‍ നല്‍കുന്നത്. ഒപ്പം അമന്‍ഡ ജെ. വീഡ്മാന്റെ സംഗീതദര്‍ശനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. സംഗീതം കാല-ചരിത്രബദ്ധവും പ്രത്യയശാസ്ത്രനിര്‍ഭരവും സംസ്കാര-രാഷ്ട്രീയാധിഷ്ഠിതവുമാണെന്ന് ഷിബുമുഹമ്മദ് അടിവരയിട്ട് സമര്‍ത്ഥിക്കുന്നു. സംഗീതം അതില്‍ത്തന്നെ ഒതുങ്ങിനില്‍ക്കുന്ന  ശബ്ദകലയുടെ അമൂര്‍ത്തലോകമല്ലെന്നും അത് ചരിത്രത്തിലേക്കും സമൂഹത്തിലേക്കും പടര്‍ന്നുകയറുന്ന മൂര്‍ത്ത യാഥാര്‍ത്ഥ്യമാണെന്നും ഗ്രന്ഥകാരന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ എഴുതുന്നത്: ”സംഗീത്തതിന്റെ ഉപാധി നാദമാണെന്നും അതിന്റെ മൂലരൂപം പ്രണവമന്ത്രമായ ഓംകാരമാണെന്നും ലൗകികമായ നാദപ്രപഞ്ചത്തിന് സമാന്തരമായി അലൗകികമായ ഒരു നാദബ്രഹ്മമുണ്ടെന്നുമൊക്കെയുള്ള തരത്തില്‍ ആരംഭിക്കുന്ന അക്കാദമിക് പഠനങ്ങള്‍ സംഗീതത്തെ ഒരു വിശുദ്ധ-ആത്മീയ അനുഷ്ഠാനമാക്കി മാറ്റുന്നു.”

ജാതി മേല്‍ക്കോയ്മയും കീഴാളവിരുദ്ധമായ താല്‍പ്പര്യങ്ങളുമാണ് ഇന്നും സംഗീതത്തിന്റെ ആന്തരിക പരിസരം. ഇതിനെ ചൂഴ്ന്നുനില്‍ക്കുന്ന ഭക്തിയെയും ഹിന്ദുത്വ ആത്മീയതയെയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ഹിന്ദുത്വത്തിന്റെ പേശീബലത്തോടെയാണ് പലരും സംഗീതശാസ്ത്രത്തെ നോക്കിക്കേണ്ടത്. അതില്‍ നിന്നൊരു വഴിമാറി നടപ്പാണ്  ഷിബുവിന്റേത്. അതായത് കീഴാളവര്‍ഗ്ഗത്തിന്റെ  സംഗീതവും അവരുടെ സാംസ്‌കാരിക ഭൂമികയും അതിലൂടെ ഉയര്‍ത്തെണീക്കുന്ന ജനാധിപത്യപരമായ ഒരു പൊതുഇടവും ഉണ്ടായേ മതിയാകൂ. അക്കാദമിക് പാരമ്പര്യങ്ങളുടെ കണ്ണുതുറപ്പിച്ച് നവചിന്തയുടെയും ഭാവുകത്വത്തിന്റെയും  ജാലകങ്ങള്‍ തുറക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഷിബുവിന്റെ പുസ്തകത്തിന്റെ പ്രസക്തി. അത് പാടിക്കൊണ്ടേയിരിക്കുന്ന പരിണാമങ്ങളുടെ ഗാഥയാണ്, നിലവിളികളിലമര്‍ന്നുപോയ കീഴാളവര്‍ഗ്ഗത്തിന്റെ ഫിനിക്‌സ് ഗീതമാണ്. 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍