UPDATES

Avatar

കാഴ്ചപ്പാട്

എ എസ് അജിത്കുമാര്‍

ന്യൂസ് അപ്ഡേറ്റ്സ്

ശങ്കരാഭരണത്തിന്റെ പേടികള്‍

ഹിറ്റ് ഗാനങ്ങളുടെ ട്യൂണുകകളെ ആശ്രയിച്ചാണ് പാരഡി പാട്ടുകള്‍ വിജയിക്കുന്നത്. ‘ശങ്കരാ പോത്തിനെ തല്ലാതടാ…’, ‘പോകാനൊരുങ്ങിക്കോ…’ തുടങ്ങിയ വി ഡി രാജപ്പന്റെ അക്കാലത്തെ ഹിറ്റ് പാരഡി ഗാനങ്ങള്‍ ശങ്കരാഭരണം എന്ന സിനിമയിലെ പാട്ടുകളുടെ ജനപ്രിയത വ്യക്തമാക്കുന്നു. ശങ്കരാഭരണത്തിലെ പാട്ടുകളെ ചുറ്റിപ്പറ്റി നില്ക്കുന്ന ധാരണകള്‍ക്ക് വിരുദ്ധമായി നില്ക്കുന്നത് കൊണ്ട് കൂടിയാകാം ആ പാരഡികള്‍ ചിരിയുണര്‍ത്തിയത്. പാരഡി പാട്ടുകള്‍ പഠിക്കേണ്ട ഒന്നാണ്. ഇവിടെ ശങ്കരാഭാരണത്തിലെ പാട്ടുകളെ കുറിച്ച് ചില ചിന്തകള്‍ പങ്കുവെക്കാനാണ് ശ്രമിക്കുന്നത്.

 

തെന്നിന്ത്യയില്‍ ഹിറ്റായി മാറിയ ശങ്കരാഭരണം എന്ന സിനിമ കേരളത്തില്‍ ആദ്യം തെലുങ്കില്‍ തന്നെ ഇറങ്ങുകയും പിന്നീട് മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്യുകയുമായിയിരുന്നു എന്നാണു കേട്ടിട്ടുള്ളത്. 1979ല്‍ ആണ് ശങ്കരാഭരണം റിലീസ് ആകുന്നത്. കുഞ്ഞുന്നാളില്‍ തിരുവനന്തപുരത്ത് ആ സിനിമ കാണാന്‍ പോയ ഒരു ഓര്‍മയുണ്ട്. ന്യൂ തീയറ്റര്‍ ആണെന്നാണ് ഒര്‍മ. കുറെ കാലത്തേക്ക് ഗാനമേളകളില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായിരുന്നു ഇതിലെ ഗാനങ്ങള്‍. ‘ശങ്കരാ… നാദ’ എന്ന ഗാനം മിക്ക ഗാനമേളകളുടെയും തുടക്കഗാനമായിരുന്നു. വളരെ കാലങ്ങള്‍ക്ക് ശേഷം ‘പച്ചക്കുതിര’ മാസികയില്‍ ‘ജിപ്സികളും നോമാഡുകളും: അടിപൊളി സംഗീതത്തിന്റെ ഭൂതകാലങ്ങള്‍’ എന്ന തലക്കെട്ടില്‍ കേരളത്തിലെ വെസ്റ്റേണ്‍ മ്യൂസിക് ബാന്‍ഡുകളുടെ ചരിത്രത്തെ കുറിച്ച് എഴുതുമ്പോഴാണ് ശങ്കരാഭരണത്തിലെ ഗാനങ്ങളുടെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് ചിന്തിക്കാന്‍ ശ്രമിച്ചത്.

 

“>

 

ശങ്കരാഭരണത്തിന്റെ ആഖ്യാനത്തില്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്ന ഒരു പ്രാധാന ആശങ്ക ‘മാനസ സഞ്ചരരെ…’ എന്ന ഗാനത്തില്‍ തന്നെ വ്യക്തമാണ്. ഈ സിനിമയിലെ ഒരു പ്രധാന വഴിത്തിരിവ് തന്നെ എഴുപതുകളുടെ അവസാനത്തോടെ ഇന്ത്യയില്‍ ശക്തി പ്രാപിക്കുന്ന പോപ് സംഗീതത്തിന്റെ ജനപ്രിയത മൂലം അതിലെ കേന്ദ്രകഥാപാത്രമായ ശങ്കര ശാസ്ത്രികള്‍ എന്ന പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞനു കേള്‍വിക്കാര്‍ നഷ്ടപ്പെടുന്നതാണ്. അതിലൂടെ ശങ്കര ശാസ്ത്രികള്‍ ദാരിദ്ര്യത്തില്‍ അക്‌പ്പെടുന്നതും കാണാം. ‘പാശ്ചാത്യ’ സംഗീതത്തിന്റെ വരവോടെ ‘ശാസ്ത്രീയ’ സംഗീതത്തിനു പറ്റുന്ന ദുരന്തമെന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്. ശങ്കരാഭരണം സിനിമ തന്നെ ഈ പ്രത്യേക സാമൂഹ്യ അവസ്ഥയില ‘ശുദ്ധ’ സംഗീതത്തെ തിരിച്ചു പിടിക്കാന്‍ വേണ്ടി ഉണ്ടാക്കപ്പെട്ടതാണ് എന്ന് മനസിലാക്കാം.

 

മാനസ സഞ്ചരരെ എന്ന ഗാനരംഗം ശ്രദ്ധിച്ചു കണ്ടാല്‍ ഈ ആശങ്കകള്‍ വ്യക്തമാകും. രാത്രി ശങ്കര ശാസ്ത്രികള്‍ വിശ്രമിക്കുമ്പോള്‍ കാല്‍ തിരുമ്മി കൊണ്ട് ശിഷ്യനായ ബാലന്‍ മാനസ സഞ്ചരരെ എന്ന ഗാനം പാടുന്നതാണ് നമ്മള്‍ കാണുന്നത്. മറന്നു പോകുന്ന വരികള്‍ ഗുരു ഓര്‍മപ്പെടുത്തിക്കൊണ്ട് പാടുന്നുമുണ്ട്. കാലു തിരുമ്മുന്ന ശിഷ്യനെ അഭ്യസിപ്പിക്കുന്ന ഗുരു-ശിഷ്യ ബന്ധം ‘ശാസ്ത്രീയ’ സംഗീത ലോകത്തെ ഒരു അധികാരത്തെ പ്രകടിപ്പിക്കുന്നു. വളരെ ശാന്തമായ ഈ അന്തരീക്ഷത്തെ ഉലച്ചു കൊണ്ട് പെട്ടന്ന് ഉച്ചത്തില്‍ വാദ്യഘോഷങ്ങളും പാട്ടും കേള്‍ക്കുന്നു. ഗുരുവും ശിഷ്യനും പുറത്തു വന്നു നോക്കുമ്പോള്‍ യുവാക്കള്‍ ഗിറ്റാറുകളുമായി ‘വെസ്‌റെണ്‍’ മ്യൂസിക് ആലപിക്കുകയാണ്. അബ്ബയുടെ പ്രസിദ്ധ ഗാനമായ മമ്മ മിയ. അര്‍ദ്ധരാത്രിയില്‍ കൂവി വിളിക്കരുത് എന്നാണു ശാസ്ത്രികള്‍ അവരോട് പറയുന്നത്. അവര്‍ വെസ്റ്റേണ്‍ മ്യൂസിക്കിനെ അനുകൂലിച്ചു സംസാരിച്ചു കൊണ്ട് ശാസ്ത്രികളെ ‘അവഹേളിക്കുന്നു’. ശാസ്ത്രികള്‍ രാഗ വിസ്താരം നടത്തിയിട്ട് അവരോട് പാടാന്‍ പറയുന്നു. അവര്‍ പരാജയപെടുമ്പോള്‍ ശാസ്ത്രികള്‍ ഒരു ഗിരിപ്രഭാഷണം തന്നെ നടത്തുന്നു. ഭാരതീയ സംഗീതത്തെ നിന്ദിക്കുന്നത് ‘പെറ്റ തായേ ദുഷിക്കുന്നതു പോലെ തെറ്റാണ് ‘ എന്ന് ഉപദേശിക്കുന്നു. ആ സംഭാഷണം സൂക്ഷ്മമായും കേള്‍ക്കേണ്ട ഒന്നാണ്.

 

 

പച്ചയായ പ്രതീകാത്മകതയുടെ സങ്കേതമാണ് ഈ പാട്ടില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത് . ശാന്തമായ രാത്രിയില്‍ ശങ്കര ശാസ്ത്രികളും ശിഷ്യനും പാടുന്നു; ‘ശാസ്ത്രീയ’ സംഗീതത്തിന്റെ വിലയറിയാത്ത ‘കുറെ വഷളായ’ ചെറുപ്പക്കാര്‍ ‘കോലാഹലങ്ങളുമായി’ കടന്നു കയറുന്നു എന്നൊക്കെയാണ് ആ രംഗത്തിലൂടെ കാണുന്നത്. ‘പാശ്ചാത്യ സംഗീതം’ എന്നത് ആ കാലത്ത് ശുദ്ധ സംഗീതവാദികളെ എത്രത്തോളം അശങ്കപ്പെടുത്തിയിട്ടുണ്ടാകും? പോപ് സംഗീതം എന്നത് ഒരു അച്ചടക്കമില്ലാത്ത യുവാക്കളുടെ കൂട്ടം നടത്തുന്ന കോലാഹലമായും, അര്‍ദ്ധരാത്രിയില്‍ കൂകിവിളിയായും ഒക്കെ കാണുന്നത് അന്നത്തെ ജനപ്രിയതയെ കാട്ടിത്തരുന്നുണ്ട്. രാത്രി തന്നെ തിരഞ്ഞെടുത്തത് പോപ് സംഗീതവുമായി ബന്ധപെട്ട ‘നൈറ്റ് ലൈഫി’നെ സൂചിപ്പിക്കാനാകണം. ഭാരതീയ സംഗീതത്തെ കുറിച്ച് യുവാക്കളെ പഠിപ്പിക്കുന്ന ശാസ്ത്രികളുടെ പൂണൂല്‍ ഇതിന്റെ ജാതി രാഷ്ട്രീയത്തെയും സ്പഷ്ടമാക്കുന്നു.

 

എഴുപതുകളിലെ രണ്ടാം പകുതിയിലെ കാസറ്റ് വിപ്‌ളവം ഇന്ത്യയിലെ വിവിധ മേഖലകളിലെ സംഗീത ശീലങ്ങളിലും യുവാക്കളുടെ സാംസ്‌കാരിക ലോകത്തും വരുത്തിയ മാറ്റങ്ങള്‍ വലുതായിരുന്നു. പോപ് സംഗീതം സിനിമാ സംഗീതത്തില്‍ ചെലുത്തിയ സ്വാധീനവും ശുദ്ധ സംഗീതവാദികളെ അസ്വസ്ഥരാക്കിയിട്ടുണ്ടാകാം. ഹിന്ദിയില്‍ ആര്‍ ഡി ബര്‍മന്‍, ബപ്പി ലാഹിരി തുടങ്ങിയവരും മലയാളത്തില്‍ കെ ജെ ജോയ്, ശ്യാം തുടങ്ങിയവരും റോക്ക് / പോപ് സംഗീത്തിന്റെ ശക്തമായ സ്വാധീനത്തില്‍ പാട്ടുകളുണ്ടാക്കുകയും ഹിറ്റാക്കുകയും ചെയ്ത ഒരു കാലഘട്ടം ആയിരുന്നു അത്. ബപ്പി ലാഹിരി എണ്‍പതുകളിലാണ് കൂടുതല്‍ തരംഗം സൃഷ്ടിക്കുന്നത്. ‘കോപ്പിയടി’ പോലുള്ള ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ അന്ന് ഉന്നയിക്കപ്പെട്ടിരുന്നു. ‘പാരഡി’ എന്നത് സാംസ്‌ക്കാരിക രംഗത്തെ സൃഷ്ടിപരമായ ഒന്നാണെന്ന് ഈ പ്രതിഭാസം തെളിയിക്കുന്നു. തുടര്‍ന്ന് ലണ്ടനിലെ ‘ഇന്ത്യന്‍’ വംശജന്‍ ആയ ബിദ്ദുവിന്റെ സംഗീതവും മറ്റും ‘ഇന്‍ഡി പോപ്’ എന്ന് വിശേഷിപ്പിക്കുന്ന ഒരു ശൈലിയുടെ വികാസത്തിനു വഴിയൊരുക്കുന്നത് കണ്ടു. ബിദ്ദുവിന്റെ ‘ആപ് ജൈസേ കോയി മേരെ’ തുടങ്ങിയ പാട്ടുകള്‍ ഒരു കാലത്ത് ഇന്ത്യയില്‍ തരംഗമായിരുന്നു. സംഗീത അഭിരുചികളിലെ ഈ മാറ്റം എഴുപതകളുടെ അവസാനം തന്നെ പ്രകടമായിരുന്നു. ഇതുണ്ടാക്കിയ ആശങ്കകളാണ് ശങ്കാരാഭരണം പോലുള്ള ഒരു സിനിമയെ സാധ്യമാക്കിയത് .

 

“>

ജനപ്രിയ സംഗീതത്തിലെ ഈ വഴിത്തിരിവിനിടയില്‍ ‘ശുദ്ധ’ സംഗീതത്തെ വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം. ഈ വീണ്ടെടുപ്പിന് വേണ്ടി കെ വിശ്വനാഥ് എന്ന ശങ്കരാഭരണത്തിന്റെ സംവിധായകന്‍ ആശ്രയിച്ചത് എസ്.പി ബാലസുബ്രഹ്മണ്യം എന്ന ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഒരു ഗായകനെയാണ് എന്നതാണ് രസകരം. ഇത് കൊണ്ടാവണം കെ ജെ യേശുദാസ് ശങ്കാരാഭരണത്തിലെ ഗാനങ്ങളെ ‘ശാസ്ത്രീയ സംഗീതം’ എന്ന് വിളിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞത്. ‘ശാസ്ത്രീയ’ സംഗീതത്തിലെ ശുദ്ധിയുമായി ബന്ധപെട്ട മറ്റൊരു ആശങ്കയാണത്. ഇവിടെയാണ് ശങ്കരാഭരണത്തിലെ ഗാനങ്ങളുടെ വി ഡി രാജപ്പാന്‍ പാരഡികള്‍ പ്രസക്തമാകുന്നത്. അത് അതിന്റെ ദിവ്യത്വത്തെയും ഗൌരവത്തെയും കുടഞ്ഞു കളയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍