UPDATES

Avatar

കാഴ്ചപ്പാട്

എ എസ് അജിത്കുമാര്‍

ന്യൂസ് അപ്ഡേറ്റ്സ്

വരികളും സംഗീതവും

സിനിമാപാട്ടുകളെ സംബന്ധിച്ച് പലപ്പോഴും എഴുത്തുകളിലും പറച്ചിലുകളിലും ആവര്‍ത്തിക്കപ്പെടുന്ന ഒരു ധാരണയെ കുറിച്ചുള്ള എന്റെ അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തുകയാണ് ഈ കുറിപ്പില്‍ ലക്ഷ്യം വെക്കുന്നത്. പല പ്രമുഖ സംഗീത സംവിധായകരെയും കുറിച്ച് കേട്ടിട്ടുള്ള ഒന്നാണ് അവര്‍ ‘വരികളുടെ അര്‍ഥം അറിഞ്ഞു സംഗീതം ചെയ്യുന്നു എന്ന്’. വരികള്‍ അങ്ങനെ സംഗീതം ഉള്ളില്‍ വഹിക്കുന്നുണ്ടോ? ഇന്ന വരികള്‍ക്ക് ഇന്ന സംഗീതമാണ് ചേരുന്നത് എന്ന ഒരു നിയമം ഉണ്ടോ? വരികളെയും സംഗീതത്തെയും തമ്മില്‍ അത്ര ലളിതമായി ബന്ധപ്പെടുത്താന്‍ കഴിയുമോ? വരികളിലെ നിലനില്ക്കുന്ന ഒരു സംഗീതത്തെ പുറത്തു കൊണ്ടുവരികയാണോ സംഗീത സംവിധായകര്‍ ചെയ്യുന്നത്? ഈ ധാരണകള്‍ കുറെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. 

ഭാഷാശാസ്ത്രവുമായി ബന്ധപെട്ടവര്‍ തന്നെ ഒരു വാക്കും നിയതമായ ഒരു അര്‍ത്ഥം വഹിക്കുന്നില്ല എന്ന് പറയും. പ്രത്യേക സാഹചര്യങ്ങള്‍ക്കുള്ളിലായിരിക്കാം വാക്കുളുടെ അര്‍ഥം നിര്‍ണ്ണയിക്കപ്പെടുന്നത്. അതില്‍ വാക്കുകളുടെ ചരിത്രവും പ്രധാനമായിരിക്കാം. പാട്ടിലേക്ക് വരുമ്പോള്‍ വാക്കുളുടെ അര്‍ഥത്തിനു മറ്റൊരു തലം കൂടി വരുന്നുണ്ട് എന്നാണു തോന്നുന്നത്. എഴുതപ്പെടുന്ന വരികളും പാടപ്പെടുന്ന വരികളും വ്യത്യസ്തമാണ്. സംഗീതഗണങ്ങള്‍ അനുസരിച്ചും കേള്‍വീശീലങ്ങള്‍ അനുസരിച്ചും അര്‍ഥം വ്യത്യസ്തമാവാം. സംഗീത രൂപം, അവതരണം, കേള്‍വി എന്നീ പ്രക്രിയകള്‍ക്കുള്ളിലാവാം അര്‍ഥങ്ങള്‍ നിര്‍ണയിക്കപ്പെടുക.

 

ഇത് മനസിലാക്കാന്‍ സംഗീത സംവിധാനം എന്ന് പറയുന്ന സൃഷ്ടിപരമായ ഇടപാടിനെ കുറിച്ച് ചിന്തിക്കാം. സംഗീത സംവിധായകര്‍ ഒരു പാട്ടിനു ഈണം നല്കുന്നത് ഏതു ഗണമാണ് എന്ന് മുന്‍കൂട്ടി തീരുമാനിച്ചു കൊണ്ടാണ്. വരികള്‍ എഴുതപ്പെടുന്നതും ആ ഇടപാടിനകത്താണ്. ഒരു സിനിമാപാട്ടിനു വേണ്ടി എഴുതുന്ന വരികള്‍ സിനിമാപാട്ടിന്റെ ശീലങ്ങള്‍ക്കകത്തുനിന്നും അതിന്റെ പൊതു ധാരണകള്‍ക്കകത്തു നിന്നും ആണ് ഒരു ഈണം നിര്‍മിക്കുന്നത്. ഈ പ്രക്രിയ ഒരു പക്ഷെ ശീലങ്ങള്‍ക്കൊപ്പം പോകുന്നത് ഇടയുന്നതുമാകാം. ജനപ്രിയ സംഗീതത്തിന്റെ ഒരു പ്രത്യേകത Uniqueness ആണ്. അങ്ങനെ ഒരു അവകാശവാദം അതിന് ആവശ്യമാണ്. Familarity/Uniqueness തമ്മിലുള്ള ഒരു സംഘര്‍ഷവും നീക്കുപോക്കും ഓരോ ജനപ്രിയ പാട്ടിലും കാണും. സംഗീത സംവിധായകര്‍ ഒരു ഈണം ഉണ്ടാക്കുന്നത് നിലനില്ക്കുന്ന പ്രവണതകളെയും കമ്പോള സാധ്യതയേയും കണക്കിലെടുത്തായിരിക്കും. ഒരു സിനിമാ രംഗത്തിന് അനുയോജ്യം എന്ന ഒരു ശീലത്തെ തൃപ്തിപ്പെടുത്തണം, എന്നാല്‍ ഒരു ‘സ്വതന്ത്രമായ’ ഗാനം എന്ന നിലയില്‍ അതിന്റെ വിപണിയും ആലോചനകളില്‍ ഉണ്ടാവാം. വരികളുടെ അര്‍ഥം എന്ന ലളിതമായ ഒരു യുക്തിക്ക് പുറത്ത് ഒട്ടേറെ ഘടകങ്ങളാണ് ഒരു ഈണത്തെ നിര്‍ണയിക്കുന്നത് എന്നാണു ഇവിടെ പറയാന്‍ ശ്രമിച്ചത്. വരികള്‍ക്ക് അനുയോജ്യമായ ഒരു അര്‍ഥം കേള്‍വിയിലൂടെ / കേള്‍വീശീലത്തിലൂടെ സങ്കല്‍പ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഒരു ഗാനം ആസ്വദിക്കുന്നതിലൂടെ ആ ഈണമാണ് അതിനു അനുയോജ്യം എന്ന് വിശ്വസിക്കുകകൂടി ചെയ്യുന്നു.

 

 

സിനിമാ പാട്ടുകള്‍ക്ക് പുറത്തുള്ള ‘ഭക്തിഗാനങ്ങള്‍’ എന്നറിയപ്പെടുന്ന പാട്ടുകള്‍ തന്നെ ശ്രദ്ധിച്ചാല്‍ മനസിലാക്കാവുന്ന ഒന്നാണ് ഈ പ്രത്യേകതരം പാട്ടുകളുടെ നിര്‍മ്മിതിയില്‍ സിനിമാപാട്ടുകള്‍ വഹിച്ച പങ്ക്. സിനിമാപ്പാട്ടുകളുടെ ശൈലിയിലുള്ള ഓര്‍ക്കസ്ട്രേഷനും ഘടനയുമാണ് ഇവയ്ക്ക് എന്ന് കാണാം. പലപ്പോഴും വരികളുടെ വ്യത്യാസമായിരിക്കാം അവയെ ഭക്തിഗാനമാക്കുന്നത്. വളരെ വ്യത്യസ്ഥമായ വിഷയങ്ങളിലുള്ള ഹിറ്റ് സിനിമാ ഗാനങ്ങളുടെ ഈണത്തില്‍ പാരഡി ഭക്തി ഗാനങ്ങള്‍ ഇറങ്ങുന്നു എന്നത് തന്നെ വരികളും ഈണങ്ങളും തമിലുള്ള സങ്കീര്‍ണമായ ഇടപാടുകളെ വ്യക്തമാക്കുന്നു. കേരളത്തിലെ വിപ്ലവഗാനങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. കെ പി എ സി ഗാനങ്ങളുടെ ഘടനയും സിനിമാ പാട്ടുകളുടെ ഘടനയോടു ചേര്‍ന്നു പോകുന്നതാണ്. ഈ ഘടനയ്ക്കുള്ളിലാണ് അതിന്റെ വിപ്ലവകരമായ അര്‍ഥം വ്യാഖ്യാനിക്കപെടുന്നത്.

 

1983-ല്‍ പുറത്തിറങ്ങിയ ‘പൊന്‍തൂവല്‍’ എന്ന ചിത്രത്തില്‍ ഒരേ ഈണത്തിലുള്ള രണ്ടു ഗാനങ്ങളുണ്ട്.

 

“>

 

ഒന്ന് ഭക്തിഗാനവും മറ്റൊന്ന് പ്രണയഗാനവും. ഇതിനെ സാധ്യമാക്കുന്ന കഥാ സന്ദര്‍ഭം വിടാം. ഭക്തിയും പ്രണയവും ഒരേ ഈണത്തില്‍ സാധ്യമാകുന്നു എന്നത് വരിയും ഈണവും നേരിട്ടുള്ള ഒരു ലളിതമായ ബന്ധമല്ല ഉള്ളത് എന്ന് തെളിയിക്കുന്നു.

 

“>

 

ഇടക്കാലത്ത് നടന്ന ചില വിവാദങ്ങള്‍ വരികളെ സംബന്ധിച്ചും സംഗീതത്തെ സംബന്ധിച്ചുമുള്ള ശുദ്ധിവാദങ്ങളെ കൊണ്ടുവന്നു. ചന്ദ്രലേഖയിലെ ‘ഒന്നാം വട്ടം കണ്ടപ്പോള്‍’ എന്ന പാട്ടിലെ ‘കിണ്ടാണ്ടം’ എന്നാ വാക്കിന്റെ അര്‍ത്ഥത്തെ ചൊല്ലിയുള്ള വിവാദവും ഇതാ ഒരു തീരവും (1979) എന്ന സിനിമയിലെ ‘അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും’ എന്ന ഗാനത്തിലെ ‘ഹൊയ്‌ലമാലെ ഐലെയ്‌സമാലെ’ എന്നതിനെ സംബന്ധിച്ചുള്ള വിവാദവും ഓര്‍മ വരുന്നു. ജനപ്രിയ സിനിമകളുടെയും സിനിമാപാട്ടുകളുടെയും ലോകത്തിനകത്താണ് ഈ വരികളെ മനസിലാക്കേണ്ടത്. സിനിമാപ്പാട്ട് എഴുത്ത് നടക്കുന്നതും ഈ ശീലങ്ങള്‍ക്കകത്താണ്. സിനിമാപാട്ടെഴുത്തിനെ ഒരു രണ്ടാംകിട ഏര്‍പ്പാടായി കണ്ട് കുറ്റബോധത്തോടെ അതിലിടപെടുന്ന കവികളുമുണ്ട്. സിനിമാപാട്ട് ഒരു താണ സംഗീത രൂപമായി കാണുന്ന ഒരു ബോധത്തില്‍ നിന്നാണ് അത്തരമൊരു ചിന്ത ഉടലെടുക്കുന്നത്.

 

പൂച്ചയ്‌ക്കൊരു മൂക്കുത്തി (1984)യിലെ കണ്ണനെ കണ്ടു സഖി എന്ന ഗാനം സംഗീത ശൈലിയും ആസ്വാദന ശീലങ്ങളുമായി ബന്ധപ്പെട്ടാണ് വരികളുടെ ഈണം നിര്‍ണയിക്കപ്പെടുന്നത് എന്ന സൂചനകള്‍ തരുന്നു.

 

“>

 

വ്യത്യസ്ത കാലഘട്ടങ്ങളില്‍ വന്നിട്ടുള്ള ആസ്വാദനശീലങ്ങളുടെ വ്യത്യാസം, പുതിയ ഉപകരണങ്ങളുടെ വരവ്, സാങ്കേതിക വിദ്യയുടെ വളര്‍ച്ച, ഈണങ്ങളേയും ഓര്‍ക്കസ്ട്രേഷനേയുമൊക്കെ മാറ്റിമറിച്ചിട്ടുണ്ട്. മൈക്രോഫോണ്‍, ഡിജിറ്റല്‍ റിക്കോര്‍ഡിംഗ്, മള്‍ട്ടിട്രാക്ക് റിക്കോര്‍ഡിംഗ്, കേള്‍വി ഉപകരണങ്ങളിലെ മാറ്റങ്ങള്‍ ഇവയെല്ലാം ഈണങ്ങളുടെ ഘടനകളെയും മാറ്റിമറിച്ചിട്ടുണ്ട്. ഗ്രാമഫോണ്‍ റിക്കോര്‍ഡില്‍ ആലേഖനം ചെയ്തിരുന്ന പാട്ടുകളുടെ തരത്തിലുള്ള ഈണമല്ല ഇന്നു പാട്ടുകള്‍ക്കുള്ളത്. പിച്ചിന്റെ കാര്യത്തില്‍ തന്നെ അവ മാറ്റങ്ങള്‍ കൊണ്ടുവന്നു. പഴയ തരം കോളാമ്പിയില്‍ നിന്നും elector-dynamic loud speakerകളിലേക്ക് മാറുന്നതിലൂടെയും ഈണങ്ങളുടെ ഘടന മാറുന്നുണ്ട്. (എന്നാല്‍ പഴയ ഗാനങ്ങള്‍ ഇന്ന് ആസ്വദിക്കുന്നത് ഒരു പുതിയ കേള്‍വിയിലൂടെയാണ്). സമഗ്രമായ വളരെയേറെ ഇടപാടുകള്‍ക്കകത്താണ് ഈണങ്ങള്‍ ഉണ്ടാവുന്നതും ആസ്വദിക്കപ്പെടുന്നതും. അതിനെ വരികളും ഈണവും തമിലുള്ള ഒരു ജൈവികബന്ധമായി ചുരുക്കുന്നത് അബദ്ധമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍