UPDATES

Avatar

കാഴ്ചപ്പാട്

എ എസ് അജിത്കുമാര്‍

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയവാദവും സംഗീതവും

 

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ഒരു മാസം അന്യായമായി  തടങ്കലിൽ കഴിയേണ്ടി വന്ന സല്‍മാന് ഈ കുറിപ്പ് സമര്‍പ്പിക്കുന്നു. രണ്ടു പാട്ടുകളുടെ പേരിലാണല്ലോ രാജ്യദ്രോഹം ചുമത്തപെട്ടത്‌. ഈ സംഭവം ജനാധിപത്യം, പൌരവകാശം, വിയോജിക്കാനുള്ള അവകാശം, അധികാരം എന്നിവയെ സംബന്ധിച്ചുള്ള പ്രശ്നങ്ങളെ മുന്നോട്ടു കൊണ്ടുവന്നതു പോലെ ദേശീയവാദവും സംഗീതവും തമ്മിലുള്ള ഹിംസാത്മകമായ ബന്ധങ്ങളെയും വെളിവാക്കുന്നുവെന്നു തോന്നുന്നു. ദേശീയഗാനത്തോട് അനാദരവ് കാട്ടിയെന്നും ദേശീയതയെ അപമാനിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടുവെന്നുമായിരുന്നല്ലോ കുറ്റം ആരോപിക്കപ്പെട്ടത്. ‘ദേശഭക്തി ഗാനം’ എന്നാണ് സിനിമാ പാട്ടായ ‘ഭാരതമെന്നാൽ പാരിന്‍  നടുവിൽ’ എന്ന ഗാനത്തെ പോലീസ് വിശേഷിപ്പിച്ചിട്ടുള്ളത്.

പൊതുവെ ജനപ്രിയ സംഗീതമായി മനസിലാക്കപ്പെടുകയും ഔദ്യോഗികമായി  അത്രയൊന്നും ആദരിക്കപ്പെടുകയും ചെയ്യപ്പെടാത്ത സിനിമാപ്പാട്ട്  ‘ദേശഭക്തി ഗാനം’ ആയതുകൊണ്ട് മാത്രം ‘പവിത്ര’മായ ഒന്നായി ഏറ്റെടുക്കപ്പെടുന്നത് എങ്ങനെയാണ്? പാട്ടുകൾ എങ്ങനെയാണ് അധികാരത്തിന്റെ രൂപങ്ങളാകുന്നത്? ജാതിയും മതവും വര്‍ണ്ണവും ദേശവും ഭാഷയുമില്ലാത്ത ഒന്നാണ് സംഗീതമെന്ന നിഷ്ക്കളങ്കമായി പറയാൻ ചിലര്‍ ശ്രമിക്കുമ്പോഴും ഇവയ്ക്ക് പുറത്ത്  ‘ശുദ്ധമായ’ ഒരു സംഗീതം ഇല്ലായെന്ന് തെളിയിക്കപ്പെട്ടുകൊണ്ടുമിരിക്കുകയാണ്. നിബന്ധനകളും നിരോധനവും നിർബന്ധങ്ങളുമൊക്കെ അടങ്ങുന്ന ഇതിലെ ‘ദേശീയത’യുടെ തലം ചരിത്രത്തിലുടനീളം  കാണാം.

 
സംഗീതവുമായി ബന്ധപെട്ട ആക്രമാണോത്സുക ദേശീയവാദ വ്യവഹാരങ്ങളുടെ ഉദാഹരണമെന്ന നിലയിൽ മറ്റൊരു ചരിത്രസന്ദര്‍ഭത്തിലെയും സ്ഥലത്തെയും ഒരു ഉദാഹരണം പറയട്ടെ. റിച്ചാർഡ്‌  വാഗ്നറുടെ സംഗീതം നാസികളുടെ ദേശീയ വ്യവവഹാരങ്ങളുമായി ഒത്തുപോകുന്നതായിരുന്നു. നാസികളുടെ പ്രചാരണ പരിപാടികളുടെ പ്രധാന ഉള്ളടക്കയിരുന്നു വാഗ്നരുടെ സംഗീതം. ഹിറ്റ്ലര്‍ തന്നെ പറഞ്ഞിട്ടുള്ളത്  തനിക്കു ഒരു മുന്‍ഗാമിയുണ്ടെങ്കിൽ അത് വാഗ്നര്‍ ആയിരിക്കുമെന്നാണ്. കടുത്ത വംശീയവാദം സ്വയം ഉള്‍ക്കൊണ്ടിരുന്ന വാഗ്നറിന്റെ സ്വാധീനം ഹിറ്റ്ലറിന്റെ രാഷ്ട്രീയബോധത്തെ രൂപീകരിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു.  ഇന്ത്യയിൽ ‘വന്ദേമാതരം’ എന്ന ഗാനം ഹിന്ദു ദേശീയവാദത്തിന്റെ അക്രമോത്സുകതയേ പ്രകടമാക്കുന്നത് പോലെ ആയിരുന്നിരിക്കണം  നാസികളും  വാഗ്നറിന്റെ സംഗീതവുമായുള്ള ബന്ധം. തീവ്രദേശീയതയും വംശീയതയും സംഗീത വ്യവഹാരങ്ങളുടെ ഭാഗമായി മാറിയിരുന്ന രണ്ടു ചരിത്ര സന്ദര്‍ഭങ്ങളാണ് ഇവ രണ്ടും.
 
 
ദേശീയഗാനമായ ജനഗണമനയെ കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുള്ളത് കൊണ്ട് ‘ദേശഭക്തി ഗാനം’ എന്ന് വിവക്ഷിക്കപ്പെടുന്ന ‘ഭാരതമെന്നാൽ പാരിന്‍  നടുവിൽ’  എന്ന ഗാനത്തെ കുറിച്ചു പറയാം. 1964-ല്‍ ഇറങ്ങിയ ‘ആദ്യകിരണങ്ങൾ’ എന്ന സിനിമയിലെ പാട്ടാണിത്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ “ദേശീയവാദ’ വ്യവഹാരങ്ങൾ സിനിമകളിൽ വ്യത്യസ്തമായിരുന്നത് പോലെ “ദേശഭക്തി’ ഗാനങ്ങളും വ്യത്യസ്തമായിരുന്നു. ഈ ഗാനത്തെ പോലെ തന്നെ ഈ കാലഘട്ടത്തിൽ ഇറങ്ങിയ സ്കൂൾ മാസ്റർ എന്ന സിനിമയിലെ ‘ജയ ജയ ജന്മ ഭൂമി’ എന്ന ഗാനരംഗത്തിന്റെ പശ്ചാത്തലം സ്കൂൾ ആണ്. ആ കാലഘട്ടത്തിലെ സാമൂഹ്യവ്യവഹാരങ്ങളിൽ ‘ദേശീയവാദം’ നിലനിന്നുരുന്നതിന്റെ രീതി ഇതിൽ നിന്നും മനസിലാക്കാം. ‘ദേശഭക്തി’ ഓരോ കാലത്തും അഭിസംബോധന ചെയ്യുന്ന ധര്‍മസങ്കടങ്ങൾ  ഓരോന്നാകാം  എന്നത് അത് വ്യക്തമാക്കുന്നു.

വിഭജനം, സ്വാതന്ത്ര്യം എന്ന് അറിയപ്പെടുന്ന ചരിത്രപരമായ ഇടപാടുകള്‍ക്ക് ശേഷം ‘ഇന്ത്യ’ എന്ന  പുതിയ രാഷ്ട്രം നിലവിൽ വന്നതോടുകൂടി ദേശീയവാദ  പ്രസ്ഥാനത്തിന് ഒട്ടേറെ ധർമ്മ സങ്കടങ്ങളുണ്ടായിരുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ആന്തരികമായ പ്രതിസന്ധികളും പിളര്‍പ്പുകളും നിറഞ്ഞ ഒന്നായിരുന്നു വിഭാവന ചെയ്യപെട്ട രാഷ്ട്രം. വ്യത്യസ്ത ഭാഷകളും ജനതകളും സംസ്കാരങ്ങളുമൊക്കെ ‘രാഷ്ട്രം’ എന്നതിലേക്ക് എളുപ്പത്തിൽ  ഉള്‍ച്ചേര്‍ക്കാന്‍ കഴിയാത്തവയായിരുന്നു. സോവിയറ്റ് മാതൃകയാൽ സ്വാധീനിക്കപെട്ട വളരെ  ഭരണകൂടകേന്ദ്രീകൃതമായ നെഹ്‌റുവിയൻ വികസന സങ്കല്‍പ്പങ്ങളും ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങളും ഈ പ്രതിസന്ധികൾ ശരിക്കും നേരിട്ടു. ‘രാഷ്ട്രനിര്‍മാണം’ എന്ന ആശയം ആ നിലയ്ക്കാവണം അന്ന് ഉന്നയിക്കപെട്ടത്‌. അക്കാലത്തെ സിനിമകളിൽ പഞ്ചവത്സര പദ്ധതികൾ മുന്നോട്ടു വച്ചിരുന്ന  വികസന സങ്കല്‍പ്പത്തെ കുറിച്ചുള്ള വ്യവഹാരങ്ങൾ പ്രകടമായിരുന്നതെങ്ങനെയെന്ന്‍ സഞ്ജയ്‌ ശ്രീവാസ്തയുടെ ലത മങ്കേഷ്ക്കറെ കുറിച്ചുള്ള ലേഖനത്തിൽ വാദിക്കുന്നുണ്ട്.
 
 
അന്നത്തെ സിനിമകളുടെ ചരിത്രത്തിലെ ‘രാഷ്ട്രപുനര്‍നിര്‍മാണ വ്യവഹാരങ്ങൾ പഠിക്കപ്പെട്ടിട്ടുള്ളതാണ്. ‘ആദ്യകിരണങ്ങൾ’ എന്ന സിനിമയും അത്തരം ഒരു ‘ദേശീയവാദ’ വ്യവഹാരം ഉള്‍ക്കൊള്ളുന്നു. ‘തന്തോന്നി’യായ നായകന്‍ കുടുംബസ്ഥനായി ‘പരിവര്‍ത്തനം’ ചെയ്യപ്പെടുന്ന ആഖ്യാനത്തോടൊപ്പം ഗ്രാമവികസനം പോലെയുള്ള ദേശീയോദ്ഗ്രഥന, രാഷ്ട്ര പുനര്‍നിര്‍മാണ പ്രമേയങ്ങൾ ഒപ്പം സഞ്ചരിക്കുന്നുണ്ട്. അന്നത്തെ സിനിമകളിൽ ‘സ്കൂളുകൾ’ ഈ വ്യവഹാരത്തിന് പറ്റിയ ഇടങ്ങളായി കണ്ടിരുന്നു എന്ന് കാണാം. ആദ്യകിരണങ്ങൾ എന്ന സിനിമ ഇറങ്ങിയ അതേ വര്‍ഷം തന്നെയാണ് എസ് ആർ പുട്ടണ്ണ സംവിധാനം ചെയ്ത ‘സ്കൂൾ മാസ്റ്റര്‍’ ഇറങ്ങുന്നത്. ഈ സിനിമയും ഇതേ പോലെ രാഷ്ട്രപുനര്‍നിര്‍മാണ വ്യവഹാരം ഉള്‍ക്കൊള്ളുന്നതായിരുന്നു. ഇതിലെ ‘ജയ ജയ ജന്മഭൂമി’ എന്ന ഗാനം ഇത് വ്യക്തമാക്കുന്നു. 

‘ഭാരതമെന്നാൽ പാരിന്‍  നടുവിൽ’ എന്ന പാട്ടിന്റെ വരികളിലെ രാഷ്ട്ര പുനര്‍നിര്‍മാണ രാഷ്ട്രീയം ശ്രദ്ധിക്കുക. രാഷ്ട്രത്തെ ഒരു  പുതുക്കി പണിയേണ്ട ഒരു വീടായാണ് സങ്കല്‍പ്പിച്ചിരിക്കുന്നത്. ‘വിരുന്നുവന്നവർ വന്നവർ ഭരണം പറ്റി മുടിഞ്ഞു പണ്ടേ വീടാകെ, വീട് പുതുക്കി പണിയും വരെയും വിശ്രമമില്ലിനി മേൽ ‘ എന്ന വരി ഒരു ദൌത്യമായി ‘രാഷ്ട്ര പുനര്‍നിര്‍മാണം’ ഏറ്റെടുക്കാൻ ആഹ്വാനം ചെയ്യുന്നു. ‘ഗ്രാമം തോറും ക്ഷേമം വിതറി നടക്കാൻ’ ആഹ്വാനം ചെയ്യുന്ന ക്ഷേമരാഷ്ട്ര  രാഷ്ട്രീയവും ഈ ഗാനത്തിൽ കേള്‍ക്കാം. മിക്ക ദേശഭക്തി ഗാനങ്ങളും മാര്‍ച്ചിംഗ് സോംഗ് പാറ്റേണ്‍ സ്വീകരിക്കുന്നത് ദേശീയബോധം എത്രത്തോളം ഒരു ദേശരാഷ്ട്ര/ ഭരണകൂട സങ്കല്‍പ്പമാണെന്നു വ്യക്തമാക്കുന്നു.
 
 
‘ദേശത്തെ’ കുറിച്ചുള്ള ‘ഭക്തി’ ഓരോ കാലഘട്ടത്തിലും മാറി വരാം. രാഷ്ട്രീയ മണ്ഡലത്തിൽ അംഗീരിക്കപ്പെടുന്ന ഒരേയൊരു സമുദായം ‘രാഷ്ട്ര’വും ഒരേയൊരു ഭക്തി ‘ദേശഭക്തി’യും ആണ് (രാഷ്ട്ര ഭക്തി എന്നാണു പറയേണ്ടത്). ഈ ഭക്തി അതാതു കാലത്തെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് മാറുകയും ചെയ്യും. സിനിമയിലും പാട്ടിലും ആ കാലഘട്ടങ്ങളിലെ ദേശീയവാദത്തിന്റെ പ്രശ്നങ്ങൾ കാണാം. ഹിന്ദി സിനിമയായ മദർ ഇന്ത്യയിലെയും ആദ്യ കിരണങ്ങൾ എന്ന സിനിമയിലെയും അതിലെ പാട്ടുകളിലെ ദേശീയവാദ രൂപമല്ല പിന്നീട് എണ്‍പതുകളിലെ ദേശീയവാദ ഗാനങ്ങളിൽ കാണുന്നത്. മിലേ സുർ മേരാ തുമ്ഹാര എന്ന ഗാനവും അതേ കാലത്ത് തന്നെ ഇന്ത്യ സര്‍ക്കാര്‍ സ്കൂളുകളിൽ  നടപ്പാക്കിയ “ദേശീയോദ്ഗ്രഥന” ഗാനങ്ങളും വ്യത്യസ്തമായ രാഷ്ട്രീയ പ്രശ്നങ്ങളെയാണ് അഭിസംബോധന ചെയ്തത്. പഞ്ചാബിലും മറ്റും ഉയര്‍ന്നുവന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ “അഖണ്ഡ’ ദേശീയ ആധിപത്യത്തിന് എതിരെ ഉയര്‍ത്തിയ രാഷ്ട്രീയ വെല്ലുവിളികളാണ് ദേശത്തെ കൊണ്ട് സംഗീതത്തിലൂടെ ‘ദേശീയോദ്ഗ്രഥനം’ എന്ന പരിപാടി ചെയ്യിപ്പിച്ചത്. തോക്ക് കൊണ്ടുള്ള നേരിട്ടുള്ള ആക്രമങ്ങളെ മറച്ചു കൊണ്ട് ദേശീയതയെ മഹത്വവത്കരിക്കുന്ന ഒരിടപാടുകൂടിയായിരുന്നു ഇത്. ദേശത്തിന്റെ ഹിംസയെ സാധൂകരിക്കുന്ന ഹിംസയായിരുന്നു ‘മിലെ സുർ മേരാ തുമ്ഹാര’. ദേശീയഗാനം, ദേശഭക്തിഗാനങ്ങൾ എന്നിവ എല്ലാവരിൽ നിന്നും അച്ചടക്കം ആവശ്യപ്പെടുന്ന ഹിംസ ഉള്‍ക്കൊള്ളുന്നു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍