UPDATES

ഉണ്ണി മാക്സ്

കാഴ്ചപ്പാട്

ഉണ്ണി മാക്സ്

ന്യൂസ് അപ്ഡേറ്റ്സ്

സംഗീതം ജീവതാളമാകുന്നത് ഇങ്ങനെയും കൂടിയാണ്

സംഗീതം ഞങ്ങളുടെ ഒക്കെ ആശ്വാസവും ആവേശവും തന്നെയാണ്. ആ ആഗ്രഹത്തിന്റെ ആധിക്യം കൊണ്ടാണ്, ഞങ്ങളില്‍ പലരും ഇപ്പോള്‍ പാട്ടുകാരായി മാറിയത്. സംഗീതത്തിന് വ്യത്യസ്ത സ്വഭാവങ്ങളുണ്ട്, വെവ്വേറെ രീതികളും. പൊതുവേ കേള്‍ക്കുന്ന സിനിമ-ഭക്തി പാട്ടുകള്‍ സമൂഹവുമായി ഏറെ അടുത്തിരിക്കുന്നതാണ്. പണ്ട് റേഡിയോ വഴി അടുത്തിരുന്ന് കേട്ടു പഠിച്ച പല പാട്ടുകളും ഇന്നും ഓര്‍ത്തിരിക്കുന്നതും പാട്ടുകളുടെ മാധുര്യം നിറഞ്ഞ ഓര്‍മ്മകള്‍ കൊണ്ടു തന്നെയാണ്. ഇന്നിപ്പോള്‍ ആ സ്ഥാനം എഫ് എം റേഡിയോ സെറ്റുകളും ടിവിയും ഏറ്റെടുത്തു, എന്നാലും ആ പഴയ കാസറ്റ് പെട്ടിയുടെ മധുരം മായില്ല എന്നതാണ് സത്യം. പാരാപ്ലീജിക് ആയ പലരും ഓരോ രീതികളില്‍ കഴിവു തെളിയിച്ചവരാണ്. ഭിന്നശേഷിയുള്ളവര്‍ എന്നാണല്ലോ വിളിക്കപ്പെടുന്നതു തന്നെ. വിഭിന്നമായ ശേഷികള്‍ കൈമുതലാക്കിയാണ് പലരും സമൂഹത്തില്‍ ശ്രദ്ധാകേന്ദ്രമാകുന്നതും. എന്തിനധികം പറയുന്നു രാഷ്ട്രീയത്തിലും കലയിലും വരെ പാരാപ്ലീജിക് സുഹൃത്തുക്കള്‍ ഉയരങ്ങള്‍ വെട്ടിപ്പിടിച്ചിരിക്കുന്നുമുണ്ട്.

പാരാപ്ലീജിക് ആയുള്ളവരുടെ നിരവധി സംഘടനകള്‍ ഇന്ന് ഇവിടെയുണ്ട്. ഇതില്‍ തന്നെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടേയും അല്ലാത്തവരുടേയും ഗ്രൂപ്പുകളുണ്ട്. ഇത്തരുണത്തില്‍ നിരവധി കാര്യങ്ങള്‍ പല സംഘടനകളും ചെയ്യുന്നുണ്ട്. ഇതില്‍ ഏറ്റവും പുതിയ വാര്‍ത്ത, ഗാനമേള ട്രൂപ്പുകളാണ്. കേരളത്തില്‍ ഇപ്പോള്‍ ഇത്തരുണത്തില്‍ ഒന്നിലധികം ഗാനമേള ട്രൂപ്പുകള്‍ നിലവിലുണ്ട്. ഇതില്‍ ആദ്യം പറയേണ്ടത് സ്വാശ്രയ ടീമംഗങ്ങളുടെ ഗാനമേളയാണ്. പാരാപ്ലീജിക് ആയവര്‍ക്കു വേണ്ടിയുള്ള പുനരധിവാസകേന്ദ്രമാണ് ‘സ്വാശ്രയ’. പരസഹായം കൂടാതെ അവനവന്റെ കാര്യം തനിയെ നോക്കാനുള്ള മനോബലം കൂട്ടുന്ന ഇടം അതാണ്, സ്വാശ്രയ എല്ലാവര്‍ക്കും. ഇവിടെ ഒന്നിലധികം ഗായകന്‍മാരുണ്ട്, ശശി, ബൈജു എന്നിവര്‍ അടക്കം. എങ്കില്‍ പിന്നെ അതൊരു ട്രൂപ്പാക്കിയാലോ എന്ന ചിന്തയില്‍ നിന്നാണ്, സ്വാശ്രയ ഗാനമേള സംഘം രൂപീകരിക്കപ്പെട്ടത്. ഭക്തി ഗാനമേള ഉള്‍പ്പെടെ നിരവധി സ്‌റ്റേജുകള്‍ ഇന്ന് ഇവര്‍ പിന്നിട്ടു കഴിഞ്ഞു.

കണ്ണൂര്‍ ആസ്ഥാനമാക്കിയുള്ള ഫ്‌ളൈ എന്ന മ്യൂസിക്കല്‍ ട്രൂപ്പാണ് അടുത്തത്. മനസ്സു തളര്‍ന്നിട്ടില്ലാ എന്നും ശരീരത്തിന്റെ ഒരു ഭാഗമേ തളര്‍ന്നു പോയിട്ടുള്ളൂ എന്നും ഫ്‌ളൈ ഉള്‍പ്പെടെയുള്ള ഇത്തരം കൂടിച്ചേരലുകള്‍ പറയുന്നു. ഗാനമേളയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഇവരില്‍ പലര്‍ക്കും ഒരു സഹായവുമാണ്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പാലിയേറ്റീവ് കെയര്‍ പ്രൊജക്ട്, സ്റ്റുഡന്‍സ് ഇന്‍ പാലിയേറ്റീവ് കെയര്‍ എന്നിവരാണ് ഫ്‌ളൈ മ്യൂസിക്കിന്റെ സഹായികള്‍. അല്ലെങ്കിലും സഹായികള്‍ കൂടിയേ കഴിയുകയുള്ളല്ലോ.

മൂവാറ്റുപുഴ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തണല്‍ പാരാപ്ലീജിക് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള തണല്‍ മ്യൂസിക് വീല്‍സ് തുടക്കമിട്ടിട്ട് ഒരുപാട് നാളൊന്നും ആയിട്ടില്ല. ആദ്യത്തെ സ്‌റ്റേജ് കഴിഞ്ഞ് ഇപ്പോള്‍ മൂന്നാമത്തെ സ്‌റ്റേജില്‍ എത്തി നില്‍ക്കുമ്പോള്‍ ഞാനുള്‍പ്പെടേയുള്ളവര്‍ക്ക് അത് നല്‍കുന്ന ആത്മവിശ്വാസം ഏറെ വലുതാണ്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ തണല്‍ സംഘടന സൗഹൃദ കൂട്ടായ്മകളില്‍ തുടങ്ങിവച്ച കരോക്കെ ഗാനമേളയുടെ മാനസിക ബലത്തിലാണ്, ട്രൂപ്പ് എന്ന ആവശ്യത്തിലേയ്‌ക്കെത്തുന്നത്. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴോളം പാട്ടുകാര്‍. പിച്ചവച്ച് നടക്കാന്‍ പഠിക്കുന്നതു പോലെയാണ്, ഞങ്ങള്‍ പാടാന്‍ തുടങ്ങിയത്, എന്നാല്‍ ഇന്ന് എല്ലാവരും ഉത്സാഹത്തിലാണ്. എന്തെങ്കിലും ഒക്കെ ചെയ്യുന്നതിന്റെ, സമൂഹത്തിനു മുന്നില്‍ പോസിറ്റീവ് ആയി, ക്രിയേറ്റീവ് ആയവ ചെയ്യുന്നതിന്റെ ഒക്കെ സന്തോഷം ഓരോരുത്തരുടെ മുഖത്തുമുണ്ട്. ആദ്യമായി സ്‌റ്റേജില്‍ കയറിയപ്പോഴത്തെ അനുഭവം വാക്കുകളില്‍ വിവരിക്കാവുന്നതല്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സംഗീതം പാരാപ്ലീജിക് ആയവരെ സംബന്ധിച്ച് പലപ്പോഴും അനുഗ്രഹമാണ്. വീട്ടിനുള്ളില്‍ ഇരിക്കുന്നവര്‍ തന്നെ സ്വയം ആശ്വാസം കണ്ടെത്താന്‍ പാട്ടുകളെയാണ് ആദ്യം അന്വേഷിക്കുന്നത്. പ്രൊഫഷണല്‍ ഗായകരൊന്നും അല്ലെങ്കിലും ഉള്ളില്‍ ഉള്ള പാട്ടുകളെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനും ആകുന്നതിലൂടെ പൊതുജനത്തിനു മുന്നില്‍ ലഭിക്കുന്ന സന്തോഷം, അംഗീകാരം ഒക്കെ അനുഭവിച്ചു തന്നെ അറിയണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍