UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസിരിസ്; ചരിത്രത്തിന്റെ സ്മാരകശിലകള്‍

Avatar

ജെ. ബിന്ദുരാജ്

കോട്ടയില്‍ കോവിലകം കുന്നിനു മുകളിലേക്കുള്ള കയറ്റം ഇറങ്ങിക്കഴിഞ്ഞാല്‍ ഇരുവശത്തേക്കും നീളുന്ന ഒരു വഴിയായി. വഴിയുടെ ഇടത്തേയറ്റത്താണ് പുരാതനമായ ജൂതപ്പള്ളി സ്ഥിതി ചെയ്യുന്നത്. വലതുവശത്തേക്ക് താഴേക്കുള്ള വഴിക്ക് ഇരുവശത്തുമുള്ള വീടുകളിലായിരുന്നു മുപ്പതോളം ജൂതകുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. തല മൊട്ടയടിച്ച് ചെവിയുടെ താഴെ കൃതാവുപോലെ വളര്‍ത്തിയിരുന്ന മുടിയുള്ള തൊപ്പിധരിച്ച ജൂതക്കുട്ടികള്‍ പണ്ടിവിടെ നാട്ടുകാര്‍ക്കൊപ്പം കളിച്ചു വളര്‍ന്നിരുന്നു. പ്രായമായവര്‍ വയലറ്റുനിറമുള്ള കാലുറകളും വെള്ളക്കുപ്പായവും തൊപ്പിയും ധരിച്ചാണ് പുറത്തിറങ്ങിയിരുന്നത്. 1948 മേയ് 14-ന് ഇസ്രായേല്‍ പിറന്നപ്പോള്‍ ചേന്ദമംഗലത്ത് ഒരു ഉത്സവപ്രതീതി തന്നെയായിരുന്നു. തങ്ങളുടെ പാരമ്പര്യവേഷങ്ങളണിഞ്ഞ് ഇസ്രായേലിന്റെ പതാകയുമായി ചേന്ദമംഗലത്തേയും പറവൂരിലേയുമൊക്കെ ജൂതന്മാര്‍ പ്രധാനനിരത്തുകളിലൂടെ യാത്ര നടത്തി.

എഴുത്തുകാരന്‍ സേതുവിന്റെ മറുപിറവിയില്‍ ആവേശകരമായ ആ യാത്ര ഇന്ന് ഇസ്രായേലില്‍ ജീവിക്കുന്ന ബെസലേല്‍ എന്ന ചേന്ദമംഗലത്തുകാരന്‍ ജൂതന്റെ ഓര്‍മ്മകളിലൂടെ ഇങ്ങനെയാണ് വര്‍ണിക്കപ്പെടുന്നത്: ”ഒരു ദേശത്തുള്ളവര്‍ മറ്റൊരു നാടിന്റെ കൊടിയുമായി ജാഥ നടത്തുന്നതു നാട്ടുകാര്‍ കൗതുകത്തോടെ നോക്കിനിന്നു. അതാരുടെ കൊടിയെന്ന് അവരില്‍ പലര്‍ക്കും മനസ്സിലായില്ല. പക്ഷേ അത് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നവരുടെ ആവേശത്തില്‍ നിന്ന് അവര്‍ക്ക് പലതും വായിച്ചെടുക്കാനായി.” മുകളിലും താഴെയും നീലക്കരയും നടുവിലെ വെളുപ്പില്‍ ദാവീദിന്റെ നക്ഷത്രവുമുള്ള ആ കൊടി ചേന്ദമംഗലത്തിന്റെ മണ്ണിലൂടെ കൊണ്ടു നടന്നതാകട്ടെ ബെസലേലിന് അയാളുടെ ജീവിതത്തെ മറക്കാനാകാത്ത അനുഭവമായിരുന്നുവത്രേ. പതിനഞ്ച് കിലോ കുരുമുളകും അഞ്ഞൂറു ബലൂണുകളുമായി 1955-ല്‍ ഇസ്രായേലിലേക്ക് മടങ്ങി ബെസലേല്‍. മനുഷ്യസ്പര്‍ശമേല്‍ക്കാതെ കിടന്ന ഇസ്രായേലിലെ മരുഭൂമിയെ കൃഷിഭൂമിയാക്കി മാറ്റിയത് ചേന്ദമംഗലത്തു നിന്നും കൊച്ചിയില്‍ നിന്നും പറവൂരു നിന്നുമൊക്കെ പോയ കറുത്ത ജൂതന്മാരായിരുന്നുവത്രേ. തങ്ങളുടെ വേരുകള്‍ തേടി അവരില്‍ പലരുടേയും പിന്മുറക്കാര്‍ ഇന്നും ചേന്ദമംഗലത്തേക്ക് യാത്ര നടത്തുന്നു. തങ്ങളുടെ പൂര്‍വീകര്‍ കഴിഞ്ഞിരുന്ന സുന്ദരമായ ദേശം അവര്‍ക്കുള്ളില്‍ ഒരു വിങ്ങലായി അപ്പോള്‍ നിറയുന്നുണ്ടാവണം! ഇന്ന് ആ ജൂതഭവനങ്ങളില്‍ രണ്ടെണ്ണം മാത്രമേ കോട്ടയില്‍ കോവിലകത്തെ ജൂതത്തെരുവിലുള്ളു. രാത്രിയില്‍ ഒന്നാം നിലയിലും പകല്‍ സമയം താഴത്തെ നിലയിലുമായി കഴിഞ്ഞിരുന്ന ജൂതന്മാരുടെ ഓടിട്ട രണ്ട് വീടുകള്‍ ജൂതപ്പള്ളിയുടെ രണ്ടു വശങ്ങളിലായി മാളവന ഫെറിയിലേക്കുള്ള പാതയ്ക്കിരുവശവും നിലകൊള്ളുന്നു.

ചരിത്രം മുസിരിസിന്റേയും പരിസരപ്രദേശങ്ങളിലേയും മണ്ണിലെവിടേയും ഇപ്പോഴും അജ്ഞാതമായ ഒരു നിഗൂഢാനുഭൂതി പകര്‍ന്നുകൊണ്ട് പതിഞ്ഞു കിടപ്പുണ്ട്. ഒരു ദേശത്തിന്റെ പൈതൃകത്തിന്റെ അവശേഷിപ്പുകള്‍ പലതും ഇപ്പോള്‍ അത്യധികം ആവേശത്തോടെ വീണ്ടെടുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വടക്കന്‍ പറവൂരിനടുത്ത പട്ടണത്തു നിന്നും മഴക്കാലങ്ങളില്‍ തെളിഞ്ഞുവന്നിരുന്ന സ്ഫടിക മുത്തുകളിലും വര്‍ണക്കല്ലുകളിലും ആംഫോറകളിലുമൊക്കെയായി ഒളിഞ്ഞു കിടന്നിരുന്ന മുസിരിസിന്റെ ചരിത്രം കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ഉല്‍ഖനനങ്ങളിലൂടെ ഒരു നാടിന്റെ വേരുകളിലേക്കുള്ള മടക്കയാത്രയായതും അതിന്റെ 2000 വര്‍ഷത്തെ ചരിത്രത്തെ ആവാഹിച്ചിരുത്തി പൈതൃക വിനോദസഞ്ചാരമേലയ്ക്ക് ഊര്‍ജം പകരാനുമുള്ള ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി മുസിരിസ് പൈതൃക പദ്ധതിയുടെ ഉല്‍ഘാടനം കഴിഞ്ഞയാഴ്ച നിര്‍വഹിച്ചതോടെ പൈതൃക ടൂറിസ ഭൂപടത്തിലേക്ക് കേരളം ഒരു പുതുമയാര്‍ന്നതും ധീരവുമായ ഒരു ചുവടുവയ്പാണ് നടത്തിയിരിക്കുന്നത്.

കംബോഡിയയ്ക്ക് അങ്കോര്‍വാട്ടും ഗ്രീസിന് ഏതന്‍സും പോലെ ഇന്ത്യയിലെ പൈതൃകസംരക്ഷണത്തിന് മുസിരിസ് പൈതൃക പദ്ധതി ഒരു മാതൃകയായിത്തീരുമെന്നാണ് പ്രതീക്ഷ. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈജിപ്തുമായും ഗ്രീസുമായും അറേബ്യയുമായും ചൈനയുമായുമൊക്കെ വാണിജ്യബന്ധം പുലര്‍ത്തിയിരുന്ന പഴയ തുറമുഖപട്ടണമായ മുച്ചിറിപട്ടണം 1341-ലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇല്ലാതാകുന്നതുവരേയും തുടര്‍ന്നുള്ള ആ ദേശത്തിന്റെ ചരിത്രവും പൈതൃകവും ജീവനോപാധികളുമൊക്കെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് 2006-ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക് വിഭാവനം ചെയ്ത മുസിരിസ് ഹെറിറ്റേജ് പദ്ധതി. ആദ്യം കേവലം 50 ലക്ഷം രൂപ അനുവദിച്ച ഈ പദ്ധതിക്കായി പിന്നീട് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ 140 കോടി രൂപയോളം വകയിരുത്തിയതോടെയാണ് പൈതൃകസ്മാരകങ്ങളുടേയും ചരിത്രസ്മാരകങ്ങളുടേയുമൊക്കെ വീണ്ടെടുപ്പ് സാധ്യമായത്.

ഏകദേശം മുപ്പതോളം രാജ്യങ്ങളുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്നുവത്രേ മുസിരിസ് തുറമുഖം. ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലിംകളുമൊക്കെ ഈ തുറമുഖം വഴിയാണ് ഇന്ത്യയിലേക്ക് ആദ്യമായി എത്തപ്പെട്ടതെന്നാണ് ചരിത്രകാരന്മാരുടെ വാദം. കെ സി എച്ച് ആറിന്റെ നേതൃത്വത്തില്‍ നടന്ന ഉല്‍ഖനനങ്ങളില്‍ കണ്ടെത്തിയ ആംഫോറകള്‍ക്കു പുറമേ ഏറ്റവും ശ്രദ്ധേയമായത് ബോട്ടുകള്‍ കെട്ടിയിടുന്ന ഒമ്പത് മരക്കുറ്റികളും കെട്ടിയിട്ട നിലയില്‍ ആറു മീറ്റര്‍ നീളം വരുന്ന വഞ്ചിയുമൊക്കെയാണ്. ഇരുമ്പു യുഗത്തെ സൂചിപ്പിക്കുന്ന അവ ക്രിസ്തുവിന് ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളായി മാറുന്നു. കുരുമുളകില്‍ കണ്ണുംനട്ട് എത്തിയവരുടെ ചരിത്രം വിയന്നാ മ്യൂസിയത്തിലുള്ള മുസിരിസ് പാപ്പിറസിലുണ്ട്. മുസിരിസിലേയും അലക്‌സാണ്‍ഡ്രിയയിലേയും രണ്ടു കച്ചവടക്കാര്‍ തമ്മില്‍ രണ്ടാം നൂറ്റാണ്ടിലുണ്ടാക്കിയ ഒരു കച്ചവട കരാറാണത്രേ അത്.

പട്ടണത്ത് കെ സി എച്ച് ആറിന്റെ നേതൃത്വത്തില്‍ അഞ്ചാം ഘട്ട ഉല്‍നനമാണ് നടക്കുന്നത്. പട്ടണത്തു നിന്നും ഉല്‍നനങ്ങളില്‍ കണ്ടെത്തിയ ആംഫോറകളില്‍ പലതിന്റേയും മാതൃകകള്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച മ്യൂസിയം ഓഫ് ഇന്നസെന്‍സ് എന്ന മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ഗ്രീസിലെ വൈന്‍ ആംഫോറകള്‍ തൊട്ട് സ്പാനിഷ് അച്ചാര്‍ ആംഫോറകളുടെ മാതൃകകള്‍ വരെ അവിടെ ഒരുക്കിയിരിക്കുന്നു. പുതിയ മ്യൂസിയത്തിന്റെ പണി അവസാനഘട്ടത്തിലാണ്.

എറണാകുളം ജില്ലയിലേയും തൃശൂര്‍ ജില്ലയിലേയും പഞ്ചായത്തുകളേയും മുന്‍സിപ്പാലിറ്റികളേയും ചേര്‍ത്തുകൊണ്ട് ചരിത്രപ്രശസ്തമായ ഇടങ്ങളിലേക്ക് കാതും കണ്ണും ചേര്‍ത്തുവച്ചുകൊണ്ടാണ് മുസിരിസ് പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്. എറണാകുളം ജില്ലയില്‍ ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര, പള്ളിപ്പുറം പഞ്ചായത്തുകളും പറവൂര്‍ മുന്‍സിപ്പാലിറ്റിയും തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റിയും എറിയാട്, മേത്തല, എസ് എന്‍ പുരം, മതിലകം പഞ്ചായത്തുകളുമാണ് ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ഇതില്‍ ഇതിനകം തന്നെ ചേന്ദമംഗലത്തെ പാലിയം കൊട്ടാരവും പാലിയം നാലുകെട്ടും കോട്ടയില്‍ കോവിലകത്തെ ജൂതപ്പള്ളിയും പറവൂരിലെ ജൂതപ്പള്ളിയുമൊക്കെ ചരിത്ര മ്യൂസിയങ്ങളാക്കി മാറ്റി കഴിഞ്ഞിരിക്കുന്നു.

മുസിരിസിലെ വ്യാപാരകേന്ദ്രങ്ങളായിരുന്നുവെന്ന് കരുതപ്പെടുന്ന കോട്ടപ്പുറം ചന്ത, പറവൂര്‍ ചന്ത, ചേന്ദമംഗലത്തെ കടമുറികള്‍ ഒക്കെ തന്നെയും പദ്ധതിയുടെ ഭാഗമായി പഴയകാലത്ത് ഉണ്ടായിരുന്ന കണക്കെ തന്നെ സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. പറവൂര്‍ ചന്തയുടെ പിന്‍ഭാഗത്തു കൂടിയൊഴുകുന്ന പുഴയോരത്താണ് 1615-ല്‍ ഡേവിഡ് കാസ്റ്റല്‍ എന്ന ജൂതന്റെ ചെലവില്‍ നിര്‍മ്മിക്കപ്പെട്ട ജൂതപ്പള്ളി. അവിടെ ഹീബ്രു ഭാഷയില്‍ എഴുതിയിട്ടുള്ള ശിലാലിഖിതത്തില്‍ നിന്നാണ് ഈ പള്ളിയുടെ ചരിത്രം പിന്‍തലമുറയ്ക്കായി കാത്തുവയ്ക്കപ്പെട്ടത്. ഒന്നാം നൂറ്റാണ്ടില്‍ റോമാക്കാര്‍ ജറുസലേം ആക്രമിച്ചതിനെ തുടര്‍ന്ന് ജൂതന്മാര്‍ ആദ്യം യെമനിലേക്കും അവിടെ നിന്നും കച്ചവടത്തിനായി മുസിരിസിലേക്കും എത്തപ്പെട്ടുവെന്നും അവരില്‍ പലരും പിന്നീട് ഇവിടെ താമസമാക്കിയെന്നുമാണ് കരുതപ്പെടുന്നത്. 1686-ല്‍ ഡച്ചുകാരുടെ ഒരു സംഘം പേര്‍ കൊച്ചിയിലെ ജൂതന്മാരെപ്പറ്റി ഒരു പഠനരേ തയാറാക്കിയെന്നും അതില്‍ പറവൂരില്‍ ഒരു ജൂതപ്പള്ളിയും അതിനോട് ചേര്‍ന്ന് പത്ത് കുടുംബങ്ങളുമുണ്ടായിരുന്നുവെന്നും ചേന്ദമംഗലത്ത് കോട്ടയില്‍ കോവിലകത്ത് ഒരു പള്ളിയും അമ്പതോളം ജൂതന്മാരും ഉണ്ടായിരുന്നതായും പറയുന്നുണ്ട്.

ചേന്ദമംഗലത്തെ ജൂതപ്പള്ളിയില്‍ നിന്നും കണ്ടെടുത്ത ഒരു ശിലാലിഖിതത്തില്‍ 1269-ല്‍ ഹീബ്രു ഭാഷയില്‍ എഴുതിയ ഒരു ശിലാലിഖിതമുണ്ട്. സാറ ബത്ത് ഇസ്രായേല്‍. ഇസ്രായേലിന്റെ പുത്രിയായ സാറ ഇവിടെ കുടികൊള്ളുന്നുവെന്നാണത്രേ അതിന്റെ പരിഭാഷ. കൊടുങ്ങല്ലൂരില്‍ നിന്നും കൊണ്ടുവന്ന ശ്മശാന ശിലയാണത്രേ അത്. ചേന്ദമംഗലത്തെ ജൂതപള്ളി കാലത്തിനു സാക്ഷിയായി വെളുത്ത നിറത്തില്‍ പൊതിഞ്ഞ ഒരു മന്തന്‍ കെട്ടിടമായി നിലകൊള്ളുന്നു.

കോട്ടയില്‍ കോവിലകം കുന്നില്‍ ഇപ്പോള്‍ വിഷ്ണുക്ഷേത്രം നിലകൊള്ളുന്നയിടത്തായിരുന്നു പണ്ട് വില്ലാര്‍വട്ടം സ്വരൂപമെന്നും അവര്‍ നേരത്തെ വസിച്ചിരുന്ന ആറങ്കാവില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നതിനെ തുടര്‍ന്നാണ് കോട്ടയില്‍ കോവിലകത്തേക്ക് ആസ്ഥാനം മാറ്റിയതെന്നുമാണ് കരുതപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടില്‍ ചേന്ദമംഗലവും പരിസരപ്രദേശങ്ങളും വാണിരുന്നത് വില്ലാര്‍വട്ടത്ത് രാജാവായിരുന്നുവത്രേ. വില്ലാര്‍വട്ടത്ത് രാജാവ് പിന്നീട് രാജവംശം അന്യംനിന്നു പോകുന്ന ഒരു കാലയളവില്‍ അത് പാലിയത്തച്ചന് കൈമാറുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പക്ഷേ ചില ചരിത്രകാരന്മാര്‍ വില്ലാര്‍വട്ടം രാജാവ് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നും അതുകൊണ്ടാണ് വിദേശികള്‍ കേരളത്തില്‍ ഒരു ക്രിസ്ത്യന്‍ ഭരണാധികാരിയുണ്ടെന്ന് എഴുതിയിട്ടുള്ളതെന്നും പറയുന്നു.

പഴയ വിഷ്ണുക്ഷേത്രം വില്ലാര്‍വട്ടത്തിന്റെ രാജധാനിയുടെ അങ്കണത്തിലായിരുന്നുവത്രേ സ്ഥിതി ചെയ്തിരുന്നത്. അതിനു താഴെയാണ് ഡച്ചുകാര്‍ പതിനാറാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച വൈപ്പിക്കോട്ട സെമിനാരി അഥവാ കോളെജ് ഓഫ് ചേന്നോത്ത്. സുറിയാനിപള്ളിയുടെ കോമ്പൗണ്ടിലാണ് വൈപ്പിക്കോട്ട സെമിനാരിയുടെ അവശിഷ്ടങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഒരു പുസ്തകം അച്ചടിച്ചത് വൈപ്പിക്കോട്ട സെമിനാരിയില്‍ 1577-ല്‍ ജെസ്യൂട്ട് പാതിരിമാരായിരുന്നു. ഡോക്ട്രിന ക്രിസ്റ്റ എന്ന ഈ തമിഴ് കൃതിക്കായി അച്ചുകളുണ്ടാക്കിയത് സ്‌പെയിന്‍കാരനായ ജോണ്‍ ഗൊണ്‍സാല്‍വല്‍സ് ആയിരുന്നു. ആദ്യ മലയാള പുസ്തകം 1602-ല്‍ വൈപ്പിന്‍ക്കോട്ടയില്‍ സുറിയാനിയിലുള്ള അച്ചടിയും ആരംഭിച്ചുവത്രേ. പോപ്പ് ക്ലമന്റ് എട്ടാമനാണത്രേ ആ സുറിയാനി ലിപികളുള്ള പ്രിന്റിങ് അച്ച് ചേന്ദമംഗലത്തെ സെമിനാരിക്ക് സമ്മാനിച്ചത്.

കേരളത്തിലെ ആദ്യത്തെ ബഹുഭാഷാ അച്ചടി നടന്ന സ്ഥലം ചേന്ദമംഗലത്തെ വൈപ്പിന്‍ക്കോട്ട സെമിനാരിയായിരുന്നു. 1790-ല്‍ ടിപ്പുവിന്റെ ആക്രമണത്തിലാണ് വൈപ്പിന്‍ക്കോട്ട സെമിനാരി തകര്‍ന്നത്. 1602-ല്‍ എഴുതപ്പെട്ട ആന്റോണിയോ ഗുവായയുടെ ജേര്‍ണാഡ എന്ന പോര്‍ട്ടുഗീസ് പുസ്തകത്തില്‍ ചേന്ദമംഗലത്തെ കൈത്തറിയുടേയും കയര്‍ വ്യവസായത്തിന്റേയും ഖ്യാതിയെപ്പറ്റി വര്‍ണിക്കുന്നുണ്ട്.

മൂന്നു നൂറ്റാണ്ടോളം കൊച്ചി രാജാക്കന്മാരുടെ മന്ത്രിപദം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ആസ്ഥാനമായ പാലിയം കൊട്ടാരവും പാലിയം നാലുകെട്ടുമെല്ലാം ചേന്ദമംഗലത്തു തന്നെയാണ്. പൈതൃകപദ്ധതി പ്രകാരം അവയെല്ലാം ഇന്ന് മ്യൂസിയങ്ങളാക്കി മാറ്റിയിരിക്കുന്നു. പഴയ വാളുകളും വിളക്കുകളും അടുക്കളയില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും പൂജാ സംബന്ധിയായ വസ്തുക്കളുമൊക്കെ ഈ മ്യൂസിയങ്ങളില്‍ കാണാം. പാലിയത്തച്ചന്മാര്‍ താമസിച്ചിരുന്ന ആ കൊട്ടാരം ഡച്ചുകാര്‍ അവരുടെ വാസ്തുകലയനുസരിച്ച് നിര്‍മ്മിച്ച് നല്‍കിയതാണ്. വലിയ കനമുള്ള ഭിത്തികളുള്ള ആ ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലായിരുന്നു പാലിയത്തച്ചന്റെ വിശ്രമമുറി.

അവിടെ ഇപ്പോള്‍ പാലിയത്തച്ചന്മാരുടെ പരമ്പരകളെക്കുറിച്ചുള്ള വര്‍ണനകളടങ്ങിയ പാനലുകളും വീഡിയോ ഡോക്യുമെന്ററിയുമൊക്കെയാണ് പ്രദര്‍ശിപ്പിക്കുന്നത്. 65 ഔഷധഗുണമുളള തടികള്‍ കൊണ്ടു നിര്‍മ്മിച്ച സപ്രമഞ്ചക്കട്ടിലും കൂടിക്കാഴ്ചകള്‍ക്കായുള്ള വലിയ ദര്‍ബാറും താഴെ നില്‍ക്കുന്നവരോട് സംസാരിക്കുന്നതിനായി രണ്ടാം നിലയില്‍ പാലിയത്തച്ചന്മാര്‍ക്ക് ഇരിക്കുന്നതിനായി ഉണ്ടാക്കിയ ഇരിപ്പിടവുമൊക്കെ പഴമ ചോരാതെ തന്നെ പുനക്രമീകരിച്ചിരിക്കുന്നു ഇവിടെ. അതിനു തൊട്ടുചേര്‍ന്നു തന്നെയാണ് പാലിയം നാലുകെട്ട്. നാലുകെട്ടിലെ പ്രധാനിയായി അറിയപ്പെടുന്ന വലിയമ്മയുടെ മുറിയില്‍ ആട്ടുകട്ടിലും മുറുക്കാന്‍ ചെല്ലവുമൊക്കെ തന്നെ പഴയ അതേ പ്രൗഢിയോടെ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

നാലുകെട്ടിന്റെ താഴത്തെ നിലയിലാണ് വലിയ അടുക്കള. അക്കാലത്ത് ഉപയോഗിച്ചിരുന്ന അടുക്കള സാമഗ്രികളുടെ ഒരു പ്രദര്‍ശനം തന്നെ അവിടെ ഒരുക്കിയിരിക്കുന്നു. രോഗം വന്നാല്‍ മാറ്റിത്താമസിപ്പിക്കാനുള്ള മുറി, ജനാലകളൊന്നുമില്ലാത്ത പ്രസവമുറി, ആര്‍ത്തവ ദിനങ്ങളില്‍ താമസിക്കാനുള്ള തീണ്ടാരി മുറി എന്നിവയൊക്കെ തന്നെയും അവിടെയുണ്ട്. അതിന് പരിസരത്തുള്ള 101 മുറികളുള്ള മാളികപ്പുരയിലായിരുന്നുവത്രേ പാലിയത്തെ പുരുഷന്മാരുടെ താമസം. അക്കാലത്ത് നായര്‍ തറവാടുകളില്‍ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്ന പ്രാമുഖ്യം മുഴുവന്‍ വെളിവാക്കുന്നുണ്ട് ആ അകത്തളങ്ങള്‍. പഴയകാലത്തെ പ്രഭു ജീവിതത്തിന്റെ ഒരു ജീവിതശൈലി മ്യൂസിയമാണ് നാലുകെട്ടില്‍ ഒരുക്കിയിരിക്കുന്നത്. പൊന്നാനിയിലെ വന്നേരിയില്‍ നിന്നുള്ളവരായിരുന്നുവത്രേ പാലിയത്തച്ചന്മാര്‍. 

അവസാനത്തെ ചേരമാന്‍ പെരുമാള്‍ രാജ്യം പങ്കിട്ടപ്പോള്‍ പെരുമ്പടപ്പു സ്വരൂപമെന്ന കൊച്ചി രാജാവിനു 52 കാതം ഭൂമിയും പതിനെട്ടു പ്രഭുക്കന്മാരേയും കൊടുത്തപ്പോള്‍ അതിലൊരാളായിരുന്നുവത്രേ പാലിയത്തച്ചനെന്ന് കേരളോല്‍പത്തിയില്‍ പറയുന്നു. ഇതില്‍ ഒന്നാം കോമിയച്ചനാണത്രേ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പടപൊരുതാന്‍ ഡച്ചുകാരുമായി ഉടമ്പടിയുണ്ടാക്കിയത്. പാലിയം കൊട്ടാരവും പാലിയം നാലുകെട്ടുമെല്ലാം കോടികള്‍ ചെലവിട്ടാണ് സര്‍ക്കാര്‍ പഴയ പ്രൗഢി വീണ്ടെടുക്കുംവിധമാക്കിയത്. ബെല്‍ജിയത്തില്‍ നിന്നുള്ള കറ പുരണ്ട നിറമുള്ള ഗ്ലാസുകളാണ് പല ജനാലകളിലും. പൊട്ടിപ്പോയ ഗ്ലാസുകള്‍ക്കു പകരം പുതിയ ഗ്ലാസുകള്‍ ഇടംപിടിച്ചുവെന്നതും മുറികള്‍ക്കുള്ളില്‍ നിലവിളക്കിന്റേതുപോലുള്ള അരണ്ട പ്രകാശം നല്‍കുന്ന വൈദ്യുതി വിളക്കുകള്‍ തട്ടില്‍ കാണാത്തരീതിയില്‍ ക്രമീകരിച്ച് പഴയ മുറികളിലെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

പാലിയത്തെ പ്രഭുത്വത്തിന്റെ അടയാളങ്ങള്‍ വഹിക്കുന്ന നാലുകെട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയാല്‍ 1947-48 കാലയളവില്‍ ചേന്ദ്രമംഗലത്തു നടന്ന ചരിത്രപ്രസിദ്ധമായ പാലിയം സത്യാഗ്രഹത്തിന്റെ വിപ്ലവ സ്മരണകള്‍ തങ്ങി നില്‍ക്കുന്ന മുക്കാല്‍ ഫര്‍ലോങ് മാത്രം നീളമുള്ള പാലിയം റോഡായി. പാലിയത്തേക്കും പാലിയം വക ക്ഷേത്രങ്ങളിലേക്കും പോകുന്ന ഈ വഴിയില്‍ അയിത്ത ജാതിക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചിരുന്നതല്ല. കമ്യൂണിസ്റ്റു പാര്‍ട്ടിയും എസ് എന്‍ ഡി പിയും പുലയമഹാസഭയും ഈ വിവേചനത്തിനെതിരെ 1947 ഡിസംബറില്‍ സമരത്തിനിറങ്ങി. 1948 മാര്‍ച്ച് 12-ന് പൊലീസും സമരക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ തൊഴിലാളിയായ എ ജി വേലായുധന്‍ രക്തസാക്ഷിയായി. ദിവസങ്ങള്‍ക്കുശേഷം കൊച്ചി മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരം പാസ്സാകുകയും സത്യാഗ്രഹസമരത്തിന് വിഷയമായ പാലിയം റോഡില്‍ക്കൂടി എല്ലാവര്‍ക്കും യാത്ര ചെയ്യാന്‍ അനുമതിയാകുകയും ചെയ്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തിരുവിതാംകൂറില്‍ ശക്തിപ്പെടുത്തിയതില്‍ ഈ സത്യാഗ്രഹത്തിന് വലിയ സ്ഥാനമാണ് ചരിത്രത്തിലുള്ളത്.

മുസിരിസാണെന്ന് വിശ്വസിച്ചുപോരുന്ന കൊടുങ്ങല്ലൂരിലേക്ക് ഇനി വരാം. പട്ടണത്തു നിന്നു കിട്ടിയപോലുള്ള തെളിവുകളൊന്നും തന്നെ കൊടുങ്ങല്ലൂരില്‍ നിന്നും ലഭിച്ചിട്ടില്ലെങ്കിലും ആദിചേരന്മാരുടെ ഭരണകാലത്തു തന്നെ കൊടുങ്ങല്ലൂര്‍ ഒരു വലിയ തുറമുഖമാണെന്ന സൂചനകളുണ്ട്. പൗരാണിക കേരളത്തിന് വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെപ്പറ്റി പ്ലിനിയും പെരിപ്ലസിന്റെ രചയിതാവുമൊക്കെ മുസിരിസിനെപ്പറ്റി വിവരിച്ചിട്ടുണ്ട്. അകനാനൂറിലെ ഒരു പാട്ടില്‍ പോലും ”ചേരന്റെ പെരിയാറ്റിലെ വെള്ളത്തില്‍ വെണ്‍നുരകളിളകുമാറു ചേണാര്‍ന്ന യവനക്കപ്പലുകള്‍ പൊന്നുമായി വന്നു കുരുമുളകുമായിപ്പോകുന്ന സമ്പന്ന മുചിറി നഗരത്തെ”പ്പറ്റി പറയുന്നുണ്ട്. വാത്മീകി രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മുരചീപത്തനവും തമിഴ് സംഘകാല കൃതികളിലുള്ള മുചിറിയുമൊക്കെ കൊടുങ്ങല്ലൂര്‍ തന്നെയാണെന്നാണ് വിശ്വാസം. സില്‍ക് റൂട്ടെന്ന പോലെ സ്പൈസ് റൂട്ടും അംഗീകരിക്കപ്പെടുകയാണെങ്കില്‍ മുസിരിസ് പൈതൃക പദ്ധതിയുടെ ഖ്യാതി ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കേരള ചക്രവര്‍ത്തിമാരായ പെരുമാക്കന്മാര്‍ ശിവഭക്തരായിരുന്നതിനാല്‍ കൊടുങ്ങല്ലൂരില്‍ എവിടെ കിളച്ചാലും ശിവലിംഗങ്ങള്‍ കിട്ടുക പതിവായിരുന്നതിനാല്‍ കോടിലിംഗപുരമെന്ന ഒരു പേരു കൂടി കൊടുങ്ങല്ലൂരിന് ഉണ്ടായിരുന്നുവത്രേ. തിരുവഞ്ചിക്കുളത്തായിരുന്നു അവരുടെ രാജധാനി. പെരുമാക്കളുടെ കാലശേഷമാണ് സാമൂതിരിമാരുടെ ആധിപത്യത്തിലേക്കും പിന്നീട് പോര്‍ച്ചുഗീസുകാരുമായി കൊടുങ്ങല്ലൂരില്‍ ഘോര പോരാട്ടം ഉണ്ടാകുകയും ചെയ്തത്. 1523-ല്‍ പോര്‍ച്ചുഗീസുകാര്‍ സ്വരക്ഷയ്ക്കായി പെരിയാറിന്റെ തീരത്ത് നിര്‍മ്മിച്ച കോട്ടയാണ് കോട്ടപ്പുറം കോട്ട. 1662-ല്‍ കൊടുങ്ങല്ലൂര്‍ ഡച്ചുകാരുടെ കൈയിലായി. തുടര്‍ന്നാണ് സുല്‍ത്താന്‍ ഹൈദരാലിയുടെ ആക്രമണം. കോട്ട കീഴടക്കാന്‍ പക്ഷേ ഹൈദരാലിക്കു കഴിഞ്ഞില്ല. തുടര്‍ന്ന് പിതാവിന്റെ പാത പിന്തുടര്‍ന്ന് ടിപ്പുവിന്റെ ആക്രമണം. ടിപ്പുവിന്റെ മരണത്തോടെ കൊടുങ്ങല്ലൂര്‍ ബ്രിട്ടീഷുകാരുടെ കൈയിലായി. പിന്നെ കൊച്ചിരാജാവിന്റെ കൈയിലും.

തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രവും കുരുംബ ഭഗവതിക്ഷേത്രവുമൊക്കെ പൈതൃകത്തിന്റെ ശേഷിപ്പുകളായി ഇപ്പോഴും കൊടുങ്ങല്ലൂരില്‍ നിലകൊള്ളുന്നുണ്ട്. ചിലപ്പതികാരത്തിലെ നായകനായ ചേരന്‍ ചെങ്കട്ടുവന്‍ ആയിരുന്നുവത്രേ കുരുംബ ക്ഷേത്രം പണികഴിപ്പിച്ചത്. അദ്ദേഹത്തിന്റെ ഇളയ സഹോദരനായ ഇളങ്കോ അടികള്‍ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്ര പരിസരത്തിരുന്നാണ് ചിലപ്പതികാരം രചിച്ചതെന്നാണ് കരുതപ്പെടുന്നത്. ആദ്യം ശിവഭക്തനായിരുന്നുവെങ്കില്‍ പിന്നീട് അടികള്‍ ജൈനമതം സ്വീകരിച്ച് തൃക്കണാമതിലകത്തെ ജൈനചൈതന്യത്തിലായിരുന്നുവത്രേ. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയും (സിലോണ്‍ സന്ദര്‍ശിച്ചു മടങ്ങിവരുന്ന വേളയില്‍ പ്രവാചകനായ മുഹമ്മദ് നബിയെ കണ്ട ചേരമാന്‍ പെരുനാള്‍ ഇസ്ലാം മതത്തിലേക്ക് മാറുകയും താജുദ്ദീന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മാലിക് ബിന്‍ ദീനാറുടെ സുഹൃത്തായ ഇദ്ദേഹത്തിന്റെ മരണശേഷം കേരളത്തിലെത്തിയ ദീനാറും കൂട്ടരുമാണത്രേ ചേരമാന്‍ ജുമാമസ്ജിദ് സ്ഥാപിച്ചത്.)

കേരളത്തിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളിയും കൊടുങ്ങല്ലൂരിലാണ്. എ ഡി 52-ല്‍ കേരളത്തിലെത്തിയ മാല്യങ്കരയിലെത്തിയ സെന്റ് തോമസ് പലരേയും മതപരിവര്‍ത്തനം നടത്തിയെന്നും കൊടുങ്ങല്ലൂരില്‍ പള്ളി സ്ഥാപിച്ചെന്നുമാണ് പറയപ്പെടുന്നത്. കേരളീയ വാസ്തു മാതൃകയില്‍ പണികഴിപ്പിച്ചിരുന്ന പള്ളിയില്‍ പില്‍ക്കാലത്ത് വരുത്തിയ മാറ്റങ്ങള്‍ ഒഴിവാക്കി ഏതാണ്ട് പഴയ രൂപത്തിലേക്ക് തന്നെ ഇപ്പോള്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. കോട്ടപ്പുറം ചന്തയിലെ ക്രിസ്ത്യന്‍ പള്ളിയാകട്ടെ പഴയ രൂപത്തിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നു. പട്ടണത്ത് കെ സി എച്ച് ആറിന്റെ നേതൃത്വത്തിലും കോട്ടപ്പുറത്ത് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിലും ഉല്‍നനങ്ങള്‍ നടന്നുവരികയുമാണ്.

പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന 20 മ്യൂസിയങ്ങളില്‍ നാലെണ്ണം മാത്രമാണ് ആദ്യഘട്ടത്തില്‍ തയാറാക്കിയിട്ടുള്ളത്. ചേന്ദമംഗലം കൈത്തറി മ്യൂസിയം, അഴിക്കോട് ക്രിസ്ത്യന്‍ ചരിത്ര മ്യൂസിയം, ഗോതുരുത്ത് ചവിട്ടുനാടക തീയേറ്റര്‍, മിലിട്ടറി മ്യൂസിയം എന്നിങ്ങനെ പലതുമുണ്ട്. പദ്ധതിയുടെ ഭാഗമായി ഓരോ പ്രദേശത്തേക്കും സന്ദര്‍ശകരെ ജലമാര്‍ഗം എത്തിക്കുന്നതിനായി പദ്ധതിയിട്ട ബോട്ടുജെട്ടികളില്‍ എല്ലാറ്റിന്റേയും പണികള്‍ പൂര്‍ത്തിയായി. 14 ബോട്ട് ജെട്ടികളാണ് ആകെയുള്ളത്. ബോട്ട് സര്‍വീസ് നാലുമാസം മുമ്പ് ആരംഭിച്ചു കഴിഞ്ഞു.

ആയുര്‍വേദത്തിലും ബീച്ചുകളിലും മസാജിലുമൊക്കെയായി മാത്രം ടൂറിസത്തെ തളച്ചിട്ടിരുന്ന കേരളത്തിന് ആഗോള മേല്‍വിലാസം പൈതൃക ടൂറിസ മേലയിലുണ്ടാക്കാന്‍ സഹായകരമാണ് 2000 വര്‍ഷത്തെ ദേശത്തിന്റെ ചരിത്രവും വിദേശരാജ്യങ്ങളുമായി അതിനുണ്ടായിരുന്ന ബന്ധവും വെളിപ്പെടുത്തിക്കൊണ്ടുള്ള മുസിരിസ് പൈതൃക പദ്ധതി. സ്‌പൈസ് റൂട്ട് അന്തര്‍ദേശീയ തലത്തില്‍ സില്‍ക്‌റൂട്ടിനെപ്പോലെ അംഗീകാരം പിടിച്ചുപറ്റുകയാണെങ്കില്‍ നാളത്തെ കേരളം അറിയപ്പെടുക മുസിരിസ് പൈതൃക പദ്ധതിയുടെ മേല്‍വിലാസത്തിലാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട് ഡ്രൈവിന്റെ എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍