UPDATES

മുസ്ലീം പ്രീണനം വാസ്തവമോ? മോദി കേരളത്തിലേക്കൊന്നു നോക്കൂ, ഒപ്പം സച്ചാർ റിപ്പോർട്ടും

സാമൂഹ്യ-സാമ്പത്തിക വികസനമാണ് മിക്ക വര്‍ഗീയ പ്രശ്നങ്ങള്‍ക്കുമുള്ള മികച്ച പരിഹാരം; വെറുപ്പും വിദ്വേഷ പ്രചാരണവുമാണ് ഏറ്റവും വലിയ പ്രതിബന്ധങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച്ച ഉത്തര്‍ പ്രദേശില്‍ നടത്തിയ പ്രസംഗം ‘മുസ്ലീം പ്രീണനം’ എന്ന വിഷയത്തെ വീണ്ടും പൊതുശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.

മതത്തിന്റെയും ജാതിയുടെയും പേരില്‍ വിവേചനം കാണിക്കുന്നു എന്ന് സംസ്ഥാനത്തെ അഖിലേഷ് യാദവ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ മോദി ഇന്ന് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും അതാണെന്ന് പറഞ്ഞു. ഒരു ഗ്രാമത്തില്‍ ഒരു കബറിസ്ഥാന്‍ ഉണ്ടെങ്കില്‍ അവിടെ ഒരു ശ്മശാനവും വേണമെന്ന് മോദി ആവശ്യപ്പെട്ടു. റംസാന് വൈദ്യുതിയുണ്ടെങ്കില്‍ ദീവാലിക്കും വേണം. ഹോളിക്ക് വൈദ്യുതിയുണ്ടെങ്കില്‍ ഈദിനും.

ഇതാണ് ബിജെപി കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം. മറ്റെല്ലാ രാഷ്ട്രീയകക്ഷികളും മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയാണെന്ന് സംഘപരിവാര്‍ എത്രയോ വര്‍ഷങ്ങളായി ആരോപിക്കുകയാണ്. സത്യത്തില്‍, ഒരു ദശാബ്ദം മുന്‍പുതന്നെ സച്ചാര്‍ സമിതി റിപ്പോര്‍ട്ട് ഈ കള്ളപ്രചാരണം പൊളിച്ചിരുന്നു.

ഗവണ്‍മെന്റിന്റെയും അല്ലാത്തതുമായ ലഭ്യമായ എല്ലാ കണക്കുകളും പരിശോധിച്ച്, മുസ്ലീങ്ങള്‍ ധാരാളം താമസിക്കുന്ന 15 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി സംവദിച്ച്, ആരും എതിര്‍ക്കാത്ത കൃത്യമായ വസ്തുതകള്‍ അവതരിപ്പിക്കുന്ന സച്ചാര്‍ റിപ്പോര്‍ട്ട് നല്‍കുന്നത് ഒറ്റപ്പെടുത്തലിന്റെയും, അന്യവത്കരണത്തിന്റെയും, സാമ്പത്തിക ദുരിതത്തിന്റെയും ചിത്രമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 14 % വരുന്ന ഈ ന്യൂനപക്ഷത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ വലിയൊരു മാറ്റം വരുത്താന്‍ പോന്നതായിരുന്നു ഈ സമഗ്രമായ വസ്തുത പഠനവും നിരീക്ഷണങ്ങളും. ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും മുസ്ലീം സമുദായത്തെ കുറിച്ച് വ്യാപകമായി നിലനിന്നിരുന്ന മുന്‍ധാരണകളും സാങ്കല്‍പ്പിക ഘടനകളും മാറ്റുന്നതിന് സത്യസന്ധമായി ശ്രമിക്കുകയാണ്.

ആദ്യമായി, സച്ചാര്‍ സമിതിയുടെ കണ്ടെത്തലുകളിലെ ചില ഞെട്ടിക്കുന്ന വസ്തുതകള്‍ നോക്കാം.

1) 4 ശതമാനത്തില്‍ കുറവ് മുസ്ലീങ്ങള്‍ മാത്രമേ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുള്ളൂ.
2) വലതുപക്ഷ പ്രചാരണത്തില്‍ നിന്നും വിരുദ്ധമായി 4 ശതമാനത്തോളം മുസ്ലീങ്ങളെ മദ്രസയില്‍ പോകുന്നുള്ളൂ. അതിനുമുള്ള പ്രധാന കാരണം മുസ്ലീങ്ങള്‍ കൂടുതല്‍ താമസിക്കുന്ന പല പ്രദേശങ്ങളിലും പ്രാഥമിക വിദ്യാലയങ്ങള്‍ പോലും കിലോമീറ്ററുകള്‍ അകലെയാണ്. അവയുള്ള സ്ഥലങ്ങളില്‍ മുസ്ലീങ്ങളും അത്തരം സ്കൂളുകളിലാണ് പോകുന്നത്. മുസ്ലീം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് മറ്റ് സമുദായങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് കൂടുതലാണ്. ദാരിദ്ര്യം മൂലം മിക്ക കുട്ടികളും തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.
3) സര്‍ക്കാര്‍ ജോലികളില്‍ മുസ്ലീങ്ങളുടെ പ്രാതിനിധ്യം വെറും 4.9 ശതമാനം മാത്രമാണ്. ഇടതുപക്ഷം പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ അവരുടെ പ്രാതിനിധ്യം പൂജ്യം ശതമാനമാണ്!
4) ഇന്ത്യയിലെ സുരക്ഷാ സേനകളില്‍ (CRPF, CISF,BSF,SSB തുടങ്ങിയവ) മുസ്ലീം പ്രാതിനിധ്യം 3.2 ശതമാനമാണ്
5) ജില്ലാ ന്യായാധിപന്‍മാരില്‍ വെറും 2.7ശതമാനം.
6) അരലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള പട്ടണങ്ങളില്‍ മുസ്ലീങ്ങളുടെ പ്രതിശീര്‍ഷ ചെലവ് ഇന്ത്യയിലെ പട്ടിക ജാതി, പട്ടിക വര്‍ഗക്കാരുടേതിനെക്കാള്‍ കുറവാണ്. പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവടങ്ങളില്ലെലാം ഇതാണവസ്ഥ.
7) പലിശ ഇളവ് നിരക്കില്‍ വായ്പ കിട്ടിയത് 3 ശതമാനത്തില്‍ താഴെ മുസ്ലീങ്ങള്‍ക്കാണ്. കടുത്ത ദാരിദ്ര്യത്തിലുള്ളവരെ പട്ടിണിയില്‍ നിന്നും രക്ഷിക്കാനുള്ള അന്ത്യോദയ പദ്ധതിയില്‍ ആനുകൂല്യം കിട്ടിയതു വെറും 1.9 ശതമാനത്തിനും.
8) മുസ്ലീം കര്‍ഷകരില്‍ 2.1 ശതമാനത്തിനേ ട്രാക്ടറുള്ളൂ. കൃഷിക്ക് ജലസേചനത്തിന് സ്വന്തമായി കുഴല്‍ക്കിണര്‍ ഉള്ളവര്‍ 1 ശതമാനം മാത്രമാണ്.
9) കണ്ണുതുറപ്പിക്കുന്ന മറ്റൊരാവശ്യം കൂടിയുണ്ട്: “ഗര്‍ഭനിയന്ത്രണത്തിനും ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കുമുള്ള ഗണ്യമായ ആവശ്യം സമുദായത്തില്‍നിന്നുമുണ്ട് .” 20 ദശലക്ഷത്തിലേറെ ദമ്പതികള്‍ ഇപ്പോള്‍ത്തന്നെ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരാണ്. “ഗര്‍ഭധാരണം കുറഞ്ഞതോടെ മുസ്ലീം ജനസംഖ്യവര്‍ധനവിലും കുറവുണ്ടായിട്ടുണ്ട്.” മുസ്ലീങ്ങള്‍ വലിയ തോതോതില്‍ കുട്ടികളുണ്ടാക്കി ഹിന്ദു ജനസംഖ്യയെ മറികടക്കാനുള്ള ഗൂഢാലോചനയാണെന്നും ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നുമുള്ള ഹീനമായ ഫാസിസ്റ്റ് പ്രചാരണത്തിന്റെ പൊള്ളത്തരം വിളിച്ചുപറയുന്നതാണ് ഈ കണക്കുകള്‍!
10) മുസ്ലീങ്ങള്‍ എവിടെയെങ്കിലും ഹിന്ദുക്കളുടെ എണ്ണത്തെ കവച്ചുവെക്കും എന്ന കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കില്‍ അത് തടവുകാരുടെ എണ്ണത്തില്‍ മാത്രമാണ് (യുഎസിലെ കറുത്ത വര്‍ഗക്കാരെ പോലെ).
11) മുസ്ലീങ്ങളുടെ പൊതുവായ പരാതി അവര്‍ രണ്ടു അപകടങ്ങള്‍ നേരിടുന്നു എന്നാണ്- “ദേശവിരുദ്ധര്‍’ എന്നു മുദ്രകുത്തപ്പെടുന്നു, പിന്നെ “പ്രീണനം” എന്ന ആരോപണവും. അവരെ ഒരിയ്ക്കലും തുല്യാവകാശങ്ങളുള്ള ഇന്ത്യന്‍ പൌരന്മാരായി തോന്നിപ്പിക്കാതിരിക്കാനുള്ള വളരെ ആഴത്തിലുള്ള കണക്കുകൂട്ടിയ നീക്കമാണത്.
12) ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങള്‍ക്കിടയില്‍ എക്കാലവും നിലനില്‍ക്കുന്ന-അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന-ജാതി ശ്രേണി ബന്ധങ്ങളെയും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. അഷ്രഫ്സ്, അജ്ലാഫ്സ്, അര്‍സല്‍സ് എന്നിവരെല്ലാം യഥാക്രമം ഹിന്ദുക്കളിലെ സവര്‍ണജാതിക്കാര്‍ക്കും, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതിക്കാര്‍ക്കും സമാനമാണ്. ഹിന്ദു സമൂഹത്തിലെപ്പോലെ അയിത്തം മുസ്ലീങ്ങളില്‍ ഇല്ല. പള്ളിയില്‍ ഒന്നിച്ചു പ്രാര്‍ത്ഥിക്കാനും വിലക്കുകളില്ല. എന്നാല്‍ ഒന്നിച്ചുള്ള ഭക്ഷണവും വിവാഹ ബന്ധങ്ങളും വിരളമാണ്.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബിജെപി സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ പോലും അനുവദിച്ചില്ല. ഇതൊരു സൌകര്യമായി എടുത്ത യുപിഎ, സമിതിയുടെ പല ശുപാര്‍ശകളും നടപ്പാക്കിയതുമില്ല.

ഉദാഹരണത്തിന് ഒരു ‘അവസര തുല്യത കമ്മീഷന്‍’ സ്ഥാപിക്കാന്‍ അത് ശുപാര്‍ശ ചെയ്തിരുന്നു. അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ പരാതികള്‍ പരിഹരിക്കാനും മണ്ഡല പുനഃനിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കാനുമായിരുന്നു അത്. ഇതേ സ്വഭാവത്തിലുള്ള എന്‍.ആര്‍ മാധവ മേനോന്‍ റിപ്പോര്‍ട്ട് സൌത്ത് ബ്ലോക്കില്‍ എവിടെയോ പൊടിപിടിച്ചു കിടക്കുകയാണ്.

‘മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നു’ എന്നത് പോലുള്ള നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്താതിരിക്കുകയും, ആ സമൂഹത്തെ കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിനു സഹായിക്കുകയും ചെയ്യുക എന്നതാണ് രാജ്യത്ത് ഇന്ന് ചെയ്യേണ്ട കാര്യം. അത് അസാധ്യമായ കാര്യവുമല്ല.

കേരളത്തില്‍ ജനസംഖ്യയുടെ 25% വരുന്ന മുസ്ലീം ജനത മറ്റ് വിഭാഗങ്ങളുമായി ഒരു സംഘര്‍ഷവുമില്ലാതെയാണ് കഴിയുന്നത്. നിര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രി അത്തരം ഉദാഹരണങ്ങളൊന്നും കാണുന്നില്ല; കേരളത്തെ സോമാലിയയുമായി താരതമ്യം ചെയ്യാനാണ് മോദിക്ക് താത്പര്യം. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലുള്ള മുസ്ലീങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മുസ്ലീം ജനതയുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ എത്രയോ മെച്ചമാണ്. സാമൂഹ്യ-സാമ്പത്തിക വികസനമാണ് മിക്ക വര്‍ഗീയ പ്രശ്നങ്ങള്‍ക്കുമുള്ള മികച്ച പരിഹാരം; വെറുപ്പും വിദ്വേഷ പ്രചാരണവുമാണ് ഏറ്റവും വലിയ പ്രതിബന്ധങ്ങള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍