UPDATES

വിദേശം

അമേരിക്കയില്‍ മുസ്ലീം കുട്ടികള്‍ ഇസ്ലാമോഫോബിയയെ നേരിടുന്ന വിധം

Avatar

പെറ്റുല ഡ്വോറക്
(വാഷിംഗ്ടന്‍ പോസ്റ്റ്)

ബോയ് സ്കൌട്ട്114ന്‍റെ ഞായറാഴ്ച രാത്രി മീറ്റിങ് ക്രമപ്രകാരം ആയി വരികയാണ്. അല്ലെങ്കില്‍ അതിനായി ശ്രമിക്കുന്നു.

“ദയവായി എല്ലാവരും അവരവരുടെ സ്ഥാനങ്ങളിലേക്ക്. ദയവായി…” ഒരു കൂട്ടം കുസൃതിക്കാരായ കൌമാരക്കാര്‍ക്കു മാത്രമുണ്ടാക്കാന്‍ കഴിയുന്ന ആരവങ്ങള്‍ക്കു മുകളിലൂടെ ട്രൂപ്പ് ലീഡര്‍ 15 വയസ്സുകാരന്‍ യൂസഫ് ഒമേയിഷ് വിളിച്ചു പറയുന്നു.

ക്രമേണ കുട്ടികള്‍ അടങ്ങി. കൈത്തലം മുകളിലേക്കാക്കി കൈകള്‍ നീട്ടി. “ഏറ്റവും ദയാവാനായ, ഏറ്റവും കരുണാമയനായ അല്ലാഹുവിന്‍റെ നാമത്തില്‍” ഖുറാനിലെ ആദ്യ വരികള്‍ യൂസഫ് അറബിയില്‍ ഉരുവിട്ടു. മുസ്ലിംങ്ങള്‍ അവരുടെ കൂട്ടായ്മകളുടെ തുടക്കത്തില്‍ സാധാരണ ചൊല്ലാറുള്ളതാണിത്. 

“അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങയുടെ സഹായം ഞങ്ങള്‍ തേടുന്നു”.

തുടര്‍ന്നു അവര്‍ മൂന്നു വിരലുകള്‍ കൊണ്ടുള്ള സ്കൌട്ട് സല്യൂട്ട് ചെയ്തു. ‘ദൈവത്തോടും എന്‍റെ രാജ്യത്തോടുമുള്ള കടമ നിര്‍വഹിക്കുമെന്നും സ്കൌട്ട് നിയമങ്ങള്‍ അനുസരിക്കുമെന്നു’മുള്ള പ്രതിജ്ഞ ഇംഗ്ലീഷില്‍ ചൊല്ലി.

ദൈവം, രാജ്യം, അല്ലാഹു, ആദരവ്, സ്കൌട്സിലെ കെട്ടുകള്‍ (knots). നോര്‍ത്തേണ്‍ വിര്‍ജീനിയയിലെ ഇസ്ലാമിക് സെന്‍ററിലെ ആഴ്ച തോറുമുള്ള ഈ മീറ്റിങ്ങുകളില്‍ വേറെ സവിശേഷമായി ഒന്നുംതന്നെയില്ല. 

ഡൊണാള്‍ഡ് ട്രംപിന്‍റെ മ്ളേഛമായ വാചാടോപവും അതിനെ ചുറ്റിപ്പറ്റിയുള്ള ‘ഇസ്ലാമോഫോബിയ’യും ഒക്കെയുള്ളപ്പോളും ഈഗിള്‍ സ്കൌട്സ് (അമേരിക്കയുടെ ബോയ് സ്കൌട്സ്) ആകാനുള്ള മോഹം ഈ മുസ്ലിം പയ്യന്മാര്‍ കൈവിടുന്നില്ല.

പ്രാര്‍ഥനകള്‍ക്കും പ്രതിജ്ഞകള്‍ക്കും ശേഷം ട്രൂപ്പ് 114 മറ്റു സ്കൌട്ട് കാര്യങ്ങളിലേക്കു കടന്നു – മെറിറ്റ് ബാഡ്ജുകള്‍, സാഹസിക യാത്രകള്‍, പട്രോള്‍ ഫ്ലാഗുകളുടെ രൂപകല്‍പന, ബ്യൂഗിള്‍ വായിക്കാന്‍ ആര്‍ക്കൊക്കെ അറിയാം? – രാജ്യത്തെ മറ്റേതൊരു സ്കൂളിലെയോ, പള്ളിയിലേയോ, സിനഗോഗിലെയോ, കമ്മ്യൂണിറ്റി സെന്‍ററിലേയോ സ്കൌട്ട് മീറ്റിങ് പോലെത്തന്നെ. 

ഫെയര്‍ഫാക്സ് നഗരത്തിലെ ഈ മോസ്കില്‍ കുട്ടികള്‍ കനൂയിങ്, മരപ്പണികള്‍, സ്കൌട്സിലെ കെട്ടുകള്‍ (knots) ഇതൊക്കെ പഠിക്കുന്നു. അവര്‍ക്ക് ക്യാമ്പുകള്‍ ഇഷ്ടമാണ്. റാങ്കുകള്‍ തീരുമാനിക്കുന്ന റിവ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കാന്‍ ഭയവും ഉണ്ട്. ഹിജാബുകള്‍ അണിഞ്ഞ മൂന്നു സ്ത്രീകളാണ് ബോര്‍ഡില്‍. 

അടുത്ത വലിയ ട്രിപ് ന്യൂ മെക്സികൊയിലാണ്. അതിലേക്കു യോഗ്യത നേടുന്നതിനെ പറ്റിയാണ് അവര്‍ കലപില സംസാരിച്ചു കൊണ്ടിരിക്കുന്നത്.

യൂസഫ് ഡബ്ല്യു ടി വൂഡ്സണ്‍ ഹൈസ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. ശരിയായ റാങ്കുകള്‍ നേടാന്‍ ഉള്ള വഴികള്‍ പിന്തുടര്‍ന്നാല്‍ മാത്രം മതിയെന്ന് അവന്‍ കൂട്ടുകാരെ ഓര്‍മിപ്പിക്കുന്നു. 28 മാസങ്ങള്‍ക്കുള്ളില്‍ അവര്‍ക്ക് വേണമെങ്കില്‍ ഈഗിള്‍ സ്കൌട്ടിലും ആകാം “നിങ്ങള്‍ക്ക് പറ്റും. അതിനായി ശ്രമിച്ചാല്‍.”

അവര്‍ ഏറ്റവും അമേരിക്കന്‍ രീതിയിലുള്ള ചടങ്ങുകളിലും പങ്കെടുക്കുന്നു – ബാഡ്ജുകള്‍ നേടിയും ഈഗിള്‍ സ്കൌട്ട് സര്‍വീസ് പ്രൊജെക്റ്റുകളില്‍ പങ്കെടുത്തുമൊക്കെ.

എന്നിട്ടും ചില അമേരിക്കക്കാര്‍ തങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്ന് അവര്‍ക്കറിയാം. തീവ്രവാദികളുടെ പാരിസ്, സാന്‍ ബെര്‍ണാര്‍ഡിനോ, കാലിഫോര്‍ണിയ ആക്രമണങ്ങള്‍ക്കു ശേഷം ട്രമ്പും മറ്റുള്ളവരും മുസ്ലിങ്ങളെ അമേരിക്കയില്‍ നിരോധിക്കാന്‍ ആഗ്രഹിക്കുന്നു. മുസ്ലിം മോസ്കുകളെ നിരീക്ഷണത്തിലാക്കണം എന്ന് ആവശ്യപ്പെടുന്നു. നാസികളുടെ ജര്‍മ്മനിയില്‍ ജൂതരെ ചെയ്ത പോലെ മുസ്ലിങ്ങളെ ഗവന്‍മെന്‍റില്‍ റജിസ്റ്റര്‍ ചെയ്യണം എന്നും അവര്‍ പറയുന്നു.

“ഐസിസും തീവ്രവാദികളും ലോകത്തെ മറ്റു സംഭവങ്ങളും ഞങ്ങളല്ല എന്ന് പറഞ്ഞു മനസിലാക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്” ഒരു സ്കൌട്ട് പറഞ്ഞു. “എന്‍റെ സുഹൃത്തുക്കള്‍ക്കറിയാം. പക്ഷേ മറ്റെല്ലാവരും അത് മനസിലാക്കുന്നില്ല.”

ഒരു കാര്യം എനിക്കു വളരെ അല്‍ഭുതകരമായി തോന്നി. അമേരിക്കയിലെ ബോയ് സ്കൌട്സ് സ്വവര്‍ഗപ്രേമികളായ അംഗങ്ങളെയും നേതാക്കളെയും സ്വീകരിക്കാന്‍ വിമുഖത കാണിച്ചിരുന്നപ്പോളും ദശാബ്ദങ്ങള്‍ക്ക് മുമ്പേ തന്നെ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. പിന്നെ അതിനു മാറ്റം വന്നിട്ടുമില്ല.

“ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ എന്‍റെ ഹാന്‍ഡ്ബുക്കില്‍ എംബ്ലങ്ങള്‍ ഉണ്ടായിരുന്നു” 43കാരനായ അബ്ദുള്‍ റാഷിദ് അബ്ദുല്ല പറഞ്ഞു. ഈഗിള്‍ സ്കൌട്ടും യു‌എസ് സേനയിലെ മുന്‍അംഗവുമായ അദ്ദേഹമാണ് ഇസ്ലാമിക് സെന്‍ററിലെ ബോയ് സ്കൌട്സ്, കബ് സ്കൌട്സ്, വെബെലോസ്, വെഞ്ച്വരേര്‍സ്, ഡെയ്സീസ്, ബ്രൌണീസ്, ഗേള്‍ സ്കൌട്സ് ഇവയുടെ മുഖ്യ സംഘാടകന്‍.

“ഇത് തികച്ചും അമേരിക്കന്‍ തന്നെയാണ്. എന്‍റെ ചെറുപ്പം മുതലേ മുസ്ലിം സ്കൌട്സ് ഉണ്ടായിരുന്നു. ഞങ്ങള്‍ വര്‍ഷങ്ങളായി ഇതിലുണ്ട്” അബ്ദുല്ല പറഞ്ഞു.

ഗേള്‍ സ്കൌട്സ് അവരുടെ മുസ്ലിം അംഗങ്ങള്‍ക്ക് കുറേക്കൂടി ഒതുക്കമുള്ള യൂണിഫോം ആണ് നല്‍കുന്നത്. മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ട്രൂപ്പുകള്‍ മുസ്ലിങ്ങളല്ലാത്ത അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു.

നാഷനല്‍ അസോസിയേഷന്‍ ഓഫ് മുസ്ലിം അമേരിക്കന്‍സിന്‍റെ കണക്കുപ്രകാരം വാഷിംഗ്ടന്‍ പ്രദേശത്ത് ഏതാണ്ട് ഒരു ഡസനോളം യൂണിറ്റുകള്‍ ഉണ്ട്.

ഓള്‍ ഡല്ലെസ് ഏരിയ മുസ്ലിം സൊസൈറ്റിയില്‍ 500ഓളം കുട്ടികള്‍ ഏതെങ്കിലും തലത്തിലുള്ള സ്കൌട്സ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അവിടത്തെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ച ശേഷമാണ് അബ്ദുല്ല ഇസ്ലാമിക് സെന്‍ററിലേക്ക് വന്നത്. ഇവിടെ ഏതാണ്ട് 200 കുട്ടികളെ സ്കൌട്സ് പ്രവര്‍ത്തനങ്ങളിലേക്കു കൊണ്ടുവന്നു.

ട്രൂപ്പ് 114ല്‍ നാലു ബോയ് സ്കൌട്സ് ഈഗിള്‍ സ്കൌട്സിലേക്കുള്ള പ്രവേശനത്തിന്‍റെ വഴിയിലാണ്. 

അബ്ദുള്ളയുടെ മകനാണ് ആ 4 പേരിലൊരാള്‍. അവന്‍റെ ഈഗിള്‍ സര്‍വീസ് പ്രോജക്റ്റ് 3D പ്രിന്‍റ് ചെയ്ത കൃത്രിമ കൈകളാണ്. മറ്റൊരാള്‍ തോമസ് ജെഫേര്‍സണ്‍ ഹൈസ്കൂള്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥിയാണ്. ഒരു STEM (Science, Technology, Engineering & Mathematics Education) ട്യൂറ്റോറിയല്‍ സര്‍വീസ് ആണ് അവന്‍ പ്രോജക്റ്റ് ആക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇങ്ങനെയാണ് അവര്‍ ഇസ്ലാമോഫോബിയയെ നേരിടുന്നത്. പരിശ്രമിച്ച്. നേട്ടങ്ങള്‍ കൈവരിച്ച്. അമേരിക്കന്‍ കുട്ടികളായി മാറി.

“ഇവിടെ, അവര്‍ സ്വയംപര്യാപ്തരാകാന്‍ പഠിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം” അഹമെദ് അബുതലിബ് പറഞ്ഞു. അദ്ദേഹം രാത്രികളില്‍ ട്രൂപ്പ് 114ന്‍റെ സ്കൌട്ട് മാസ്റ്ററും പകല്‍ ടെലികോം എഞ്ചിനീയറുമാണ്. “അതുപോലെ അവര്‍ക്കു കമ്പ്യൂട്ടറുകളില്‍ നിന്നും ഫോണുകളില്‍ നിന്നും ഇലക്ട്രോണിക്സില്‍ നിന്നും ഒരു ഇടവേള നല്‍കാനും. ആ ലോകത്തു നിന്നു പുറത്തു വരാനുള്ള ഒരു അവസരമാണ് സ്കൌട്സ് പ്രവര്‍ത്തനങ്ങള്‍.” 

“തീര്‍ച്ചയായും അവര്‍ മറ്റുള്ളവര്‍ക്ക് നല്ലമാതൃകകള്‍ ആകുമെന്നും ഉത്തമ പൌരന്‍മാര്‍ ആകുമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.” 

കൌമാരക്കാരനായ ട്രൂപ്പ് ലീഡര്‍ യൂസഫ് മീറ്റിങ്ങിനൊടുവില്‍ ഓര്‍മിപ്പിക്കുന്നതും ഇതുതന്നെ.

“സ്കൌട്ട് നിയമം- ഒരു സ്കൌട്ട് എന്ന നിലയിലും മുസ്ലിം എന്ന നിലയിലും അത് ദിവസവും പരിശീലിക്കൂ.” യൂസഫ് ട്രൂപ്പിനോടു പറയുന്നു. “ദിവസവും അവനവനോടു തന്നെ ചോദിക്കൂ, ഞാന്‍ ഇന്ന് മറ്റുള്ളവര്‍ക്ക് ഉപകാരിയായോ എന്നു.”

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍