UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അള്ളാ’ എന്നു വിളിച്ചു; തീവ്രവാദികളെന്ന് ആരോപിച്ചു ദമ്പതിമാരെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു

അഴിമുഖം പ്രതിനിധി

യൂറോപ്പിന്റെ ഇസ്ലാം പേടിക്ക്  രണ്ടിരകള്‍ കൂടി. ഫോണ്‍ മെസേജ് അയച്ചതും അള്ളാ… എന്ന് ഉച്ഛരിച്ചതും ശരീരം വിയര്‍ത്തതും തീവ്രവാദി ലക്ഷണങ്ങളായി തീര്‍ച്ചപ്പെടുത്തി ജീവനക്കാര്‍ അമേരിക്കന്‍ മുസ്ലിം ദമ്പതിമാരെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടതാണ് പുതിയ വാര്‍ത്ത. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് മുസ്ലിം ദമ്പതിമാര്‍ക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.

വീണു കിട്ടിയ ചെറിയൊരു അവധിക്കാലം ആഘോഷിക്കാനാണ് അമേരിക്കയിലെ ഓഹോയില്‍ നിന്നുള്ള ഫൈസല്‍ അലിയും ഭാര്യ നസിയ അലിയും പാരീസില്‍ എത്തിയത്. അഞ്ചുവയസില്‍ താഴെയുള്ള നാലുമക്കളെയും മാതാപിതാക്കളെ ഏല്‍പ്പിച്ചിട്ടായിരുന്നു ഇരുവരുടെയും യാത്ര. എത്രയും വേഗം നിന്റെയടുക്കല്‍ എത്താമെന്നു തന്റെ നാലു വയസുള്ള കുഞ്ഞിന് ഉറപ്പു കൊടുത്തിട്ടാണ് നസിയ ഭര്‍ത്താവിനൊപ്പം പാരിസില്‍ നിന്നും സിന്‍സിനാട്ടിയിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സില്‍ കയറിയത്. 

എന്നാല്‍ പിന്നീട് നടന്നതൊന്നും ഫൈസലും നസിയയും ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്. വിമാനം ടേക് ഓഫ് ചെയ്യാന്‍ ഏകദേശം മുക്കാല്‍ മണിക്കൂര്‍ താമസമുണ്ട്. സീറ്റിലിരുന്ന് നസിയ അമ്മയ്ക്ക് ഫോണില്‍ മെസേജ് അയച്ചു. സുരക്ഷിതമായി വിമാനത്തില്‍ കയറിയെന്നും തങ്ങളെ കൂട്ടാന്‍ കാറുമായി എത്തണമെന്നുമായിരുന്നു മെസേജ്. നസിയ മെസേജ് അയക്കുന്നത് കണ്ട് പൈലറ്റിന് എന്തോ സംശയം. താന്‍ കണ്ടെന്നു തിരിച്ചറിഞ്ഞ നസിയ ഫോണ്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്ന് ഇരുവരോടും സംസാരിക്കാന്‍ ജീവനക്കാര്‍ എത്തിയതോടെ ഫൈസലും നസിയയും അള്ളാ എന്നു വിളിച്ചെന്നാണ് വിമാനജീവനക്കാര്‍ പറയുന്നത്. കൂടാതെ ഫൈസല്‍ വിയര്‍ത്തിരിക്കുന്നതും ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ സംശയം ഉറപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാരില്‍ ഒരാള്‍ ഇവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ലഗേജുകളും കൈയിലെടുത്തോളാന്‍ പറഞ്ഞതോടെയാണ് തങ്ങളെ വിമാനത്തില്‍ നിന്നും ഇറക്കി വിടുകയാണെന്നു ദമ്പതികള്‍ക്കു മനസിലായത്. പുറത്ത് ടെര്‍മിനല്‍ ഗേറ്റു സമീപം എയര്‍പോര്‍ട്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പിന്നീട് സംശയം ജനിപ്പിക്കുന്നവരെന്നപോലെ ഇരുവരെയും ചോദ്യം ചെയ്തു. നിരപരാധികാളെന്നു മനസിലായതോടെയാണ് ഫൈസലിനും നസിയക്കും നാട്ടിലേക്കു പുറപ്പെടാന്‍ കഴിഞ്ഞത്. അതും അടുത്ത ദിവസം. ഡെല്‍റ്റ എയര്‍ലൈനിന്റെ ക്യാപ്റ്റന്‍ വിമാനത്തില്‍ നിങ്ങളുടെ സാന്നിധ്യം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

സിന്‍സിനാട്ടി എയര്‍പോര്‍ട്ടിലും ഇവര്‍ക്ക് പൊലീസിന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നൂ. അവിടെയുള്ള ഉദ്യോഗസ്ഥനോട് ഫൈസല്‍ ചോദിച്ചു; ഞങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി നിങ്ങള്‍ കരുതുന്നുണ്ടോ? അതിനുള്ള മറുപടി ഇതായിരുന്നു; നിങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല, പക്ഷേ ഇതാണ് ഇപ്പോഴത്തെ ലോകത്തിന്റെ രീതി!

എല്ലാ സംഭവങ്ങള്‍ക്കും ശേഷം നസിയ പറഞ്ഞതിപ്രകാരമാണ്; നിങ്ങള്‍ അകാശത്ത് അല്ലായെങ്കില്‍, വിമാനത്തില്‍ കയറിയിട്ടുണ്ട് എന്നു കരുതി അവിടെ നിന്നും ഇറങ്ങിപോകേണ്ടി വരില്ലായെന്ന വിശ്വാസമൊന്നും വേണ്ട, അതു ഞങ്ങള്‍ മനസിലാക്കി.

എന്തായാലും അമേരിക്കയിലെ മുസ്ലിം സംഘടനയായ ദി കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ ഡെല്‍റ്റ എയര്‍ലൈനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ദമ്പതിക്ക് നേരിടേണ്ടി വന്ന വിവേചനത്തില്‍ വിമാനക്കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നാണ് അവരുടെ ആവശ്യം.

അതേസമം ഈ വിഷയത്തില്‍ പ്രതികരിച്ച ഡെല്‍റ്റ എയര്‍ലൈന്‍ വക്താവ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും അമേരിക്കന്‍ ദമ്പതികള്‍ക്ക് വിമാനക്കൂലി തിരികെ നല്‍കുമെന്നും അറിയിച്ചു. ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിദനം ആശ്രയിക്കുന്നൊരു വിമാനസര്‍വീസാണ് തങ്ങളുടേതെന്നും ഒരു യാത്രക്കാരെനെയും പ്രായത്തിന്റെയോ നിറത്തിന്റെയോ, പൗരത്വത്തിന്റെയോ,മതത്തിന്റെയോ , ലിംഗത്തിന്റെയോ പേരില്‍ വിവേചനത്തിന് ഇരയാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും വക്താവ് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍