UPDATES

തലശ്ശേരിയിലെ മറിയുമ്മ ഇംഗ്ലീഷ് പഠിച്ച കഥ; സമുദായം അന്ന് കാര്‍ക്കിച്ചു തുപ്പിയതിന്റെയും

തൊണ്ണൂറാം വയസ്സിലും മുടങ്ങാതെ ഹിന്ദു പത്രം വായിക്കുന്ന ഈ ഇംഗ്ലീഷുമ്മയെ ഓര്‍ക്കാതെ എന്തു വനിതാദിനം?

തലശ്ശേരി റെയിവേ സ്റ്റേഷനടുത്തുള്ള മാളിയേക്കല്‍ തരാവാടിന് മുന്‍പിലൂടെ നടന്നു പ്രവാസി ലോഡ്ജിന്റെ പിറകില്‍ മകളുടെ കൂടെ താമസിക്കുന്ന മാളിയേക്കല്‍ മറിയുമ്മയെ തേടിയായിരുന്നു യാത്ര. തലശ്ശേരിയുടെ സാമൂഹ്യ ജീവിതത്തിന്റെയും മുസ്ലീം സമൂഹത്തിന്റെയും ജീവിക്കുന്ന ചരിത്രം. സിട്ടൌട്ടില്‍ ഇരിക്കുകയായിരുന്ന ഞങ്ങളെ തേടി ആ 90 കാരിയുടെ ചോദ്യമെത്തി “ഹൌ ആര്‍ യു?”

മുസ്ലിം സമുദായം പൊതു വിദ്യാഭ്യാസത്തിന് നേരെ മുഖം തിരിച്ചു നിന്ന, മുസ്ലിം സ്ത്രീകള്‍ക്ക് പൊതു വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്ത് ആ സമുദായത്തില്‍ നിന്ന് കോണ്‍വന്‍റ് സ്ക്കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച ഒരു സ്ത്രീക്ക് അങ്ങനയേ ചോദിക്കാന്‍ സാധിക്കുകയുള്ളൂ.

തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം നടന്ന മാളിയേക്കല്‍ തറവാട്ടിലെ മുതിര്‍ന്ന അംഗമായ തൊണ്ണൂറാം വയസ്സിലും മുടങ്ങാതെ ഹിന്ദു പത്രം വായിക്കുന്ന നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന മറിയുമ്മയുടെ ജീവിതത്തിലേക്ക്.

സ്വാതന്ത്ര്യത്തിനുമുമ്പ് 1938 ലാണ് മറിയുമ്മ ഇംഗ്ലീഷ് പഠിച്ചത്. സമുദായത്തില്‍ നിന്നുയര്‍ന്ന ഒട്ടേറെ എതിര്‍പ്പുകളെ അവഗണിച്ചാണ് മറിയുമ്മയുടെ ബാപ്പ മതപണ്ഡിതനായ ഒ വി അബ്ദുല്ല സീനിയര്‍ മറിയുമ്മയെയും സഹോദരങ്ങളെയും വിദ്യാഭ്യാസം ചെയ്യിച്ചത്. രണ്ടാം ക്ലാസ്സ് വരെയെ പഠിച്ചിട്ടുള്ളൂ എങ്കിലും ഒ വി അബ്ദുല്ല സീനിയര്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ഇംഗീഷില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുമായിരുന്നു. മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താം ക്ലാസിനു തുല്ല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. പിന്നെ കല്ല്യാണം കഴിഞ്ഞ് ഗര്‍ഭിണി ആയതോടെ പഠനം നിര്‍ത്തി. എങ്കിലും മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.

മലബാര്‍ മുസ്ലിംകളുടെ തനതു വേഷമായ കാച്ചിയും തട്ടവും ആഭരണങ്ങളും അണിഞ്ഞാണ് മറിയുമ്മ മുമ്പിലെത്തിയത്. ഇവരാണോ തലശ്ശേരിക്കാരുടെ ഇംഗ്ലീഷ് മറിയുമ്മ എന്നു ഒരു നിമിഷം സംശയിച്ചു പോയി. മലബാറിലെ ഇംഗ്ലീഷ് പഠിച്ച ആദ്യത്തെ മുസ്ലിം വനിത എന്നാണല്ലോ എന്നറിയപ്പെടുന്നത് എന്ന ആദ്യ ചോദ്യത്തിന് മറിയുമ്മയുടെ മറുപടി ഇതായിരുന്നു.

‘എന്നെക്കാളും മുന്‍പ് പഠിച്ചവര്‍ ഉണ്ട്. അത് കഴിഞ്ഞിട്ട് കുറെ കൊല്ലം കഴിഞ്ഞിട്ടാണ് ഞാന്‍ പഠിച്ചത്. എന്നെക്കാള്‍ മുന്നെ മാളിയേക്കലെ  ടിസി കുഞ്ഞുമായന്റെ മക്കളായ ആയിഷ, ആമിന, അലീമ എന്നിവര്‍ പഠിച്ചിട്ടുണ്ട്. ആമിന എന്‍റെ ഭര്‍ത്താവിന്‍റെ ഉമ്മയുടെ ജേഷ്ടത്തിയാണ്. എണ്‍പതു കൊല്ലം മുന്പ് അവര്‍ അലിഗഡ് യൂണിവേഴ്സിറ്റിയില്‍ നിന്നു എംബിബിഎസ് പാസായതാണ്. എന്നിട്ടവര്‍ തലശ്ശേരി ആശുപത്രിയില്‍ പണിയെടുത്തിന്. അവരുടെ അനുജത്തി ആയിഷ റഹൂഫ് ഡിഇഒ ആയിരുന്നു. മഞ്ചേരി, മലപ്പുറം അങ്ങനെ കുറെ സ്ഥലത്തു ജോലി ചെയ്തിരുന്നു. ആ സമയത്ത്  മദ്രാസിലെ ബുഖാരി കുടുംബത്തില്‍ നിന്നുള്ള വ്യാപാരി വന്നു പരിചയപ്പെട്ടു മംഗലം കഴിച്ച് സിലോണിലേക്ക് കൊണ്ടുപോയി. പിന്നീട് സിലോണിലെ ഡെപ്യൂട്ടി മേയറായി. കൂടാതെ അവിടത്തെ ഒരു കോളേജിലെ പ്രിന്‍സിപ്പലും ആയിരുന്നു. അവരുടെ അനിയത്തിയാണ് അലീമ. എന്‍റെ ഉമ്മയുടെ ആങ്ങളയുടെ ഭാര്യയായിരുന്നു അലീമ. അവരുടെ മകനാണ് കഴിഞ്ഞ തവണത്തെ തലശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആമിനയുടെ ഭര്‍ത്താവ്. അവരെല്ലാം കോണ്‍വെന്‍റ് സ്കൂളിലാണ് പഠിച്ചത്. അത് കഴിഞ്ഞ് കുറെ കൊല്ലം കഴിഞ്ഞപ്പോഴാണ് ഞാന്‍ പഠിച്ചത്. വീടിനടുത്തുള്ള എലിമെന്‍ററി സ്കൂളില്‍ നിന്ന്‍ ഞാന്‍ അഞ്ചാം ക്ലാസ് പാസായി. മുനിസിപ്പാലിറ്റി സ്കൂളായിരുന്നു അത്. അതിപ്പോ ഇല്ല.’

മറിയുമ്മയുടെ ജീവിതത്തിലേക്ക് കടക്കുമുന്‍പ് മാളിയേക്കല്‍ തറവാടിനെ കുറിച്ചു അല്പം പറയാതെ വയ്യ.

തലശ്ശേരിയുടെ ചരിത്രം എഴുതുമ്പോള്‍ മാറ്റിനിര്‍ത്താനാവാത്ത ഒന്നാണ് തലശ്ശേരിയിലെ നൂറു വര്‍ഷത്തോളം പഴക്കമുള്ള മാളിയേക്കല്‍ എന്ന മുസ്ലിം തറവാടിന്റെ ചരിത്രം. അത്രത്തോളം തലശ്ശേരിയുടെ ഓരോ സ്പന്ദനത്തിലും മാളിയേക്കലുകാരുടെ സംഭാവനയുണ്ട്. മാളിയേക്കലെ മുന്‍ഗാമികളും പിന്‍ഗാമികളുമെല്ലാം നാട്ടുകാരുടെയും സമൂഹത്തിന്‍റെയും സമുദായത്തിന്‍റെയും നന്‍മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചവരാണ്. സ്വന്തം വിശ്വാസം മുറുകെ പിടിച്ചുകൊണ്ടു തന്നെ സ്വസമുദായം പൊതു വിദ്യാഭ്യാസത്തിന് നേരെ മുഖം തിരിച്ചു നിന്ന കാലത്ത് മാളിയേക്കല്‍ തറവാട്ടിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് മടികാണിച്ചിരുന്നില്ല മാളിയേക്കല്‍ തറവാട്ടുകാര്‍ . മാത്രമല്ല ആണ്‍ പെണ്‍ ഭേതമില്ലാതെ മാളിയേക്കളിലെ ഭൂരിപക്ഷം പേരും ഉന്നത വിദ്യാഭ്യാസ രംഗത്തും കലയിലും രാഷ്ട്രീയത്തിലും ഒക്കെ തങ്ങളുടെതായ സംഭാവന തലശ്ശേരിക്ക് നല്കിയിട്ടുമുണ്ട്. സ്ത്രീകള്‍ക്കു പുറത്തിറങ്ങാന്‍ പോലും സമുദായ വിലക്കുകള്‍ ഉണ്ടായിരുന്ന ഇരുണ്ട കാലത്ത് മാളിയേക്കലെ പെണ്‍കുട്ടികളാണ് മലബാറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ചരിത്രം കുറിക്കുന്നത്.

കാടാങ്കണ്ടി കുട്ടിയാമു ഹാജിയാണ് 1919 ല്‍ ഭാര്യ കുഞ്ഞാച്ചുമ്മയ്ക്കും ഒമ്പത് മക്കള്‍ക്കും വേണ്ടി മാളിയേക്കല്‍ തറവാട് പണികഴിപ്പിച്ചത്. തലശ്ശേരി ടി സി മുക്കില്‍ ഏതാണ്ട് ഒരേക്കറിലേറെ സ്ഥലത്താണ് നാലുകെട്ട് മാതൃകയിലുള്ള ഈ തറവാട് സ്ഥിതിചെയ്യുന്നത്. ഇപ്പോഴും പെണ്‍കോയ്മ നിലനില്‍ക്കുന്ന ഈ തറവാട് സ്ത്രീകളുടെ സൗകര്യത്തിന് മുന്‍തൂക്കം നല്‍കിയാണ് പണികഴിപ്പിച്ചിട്ടുള്ളത്. വലിയ കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നു മാളിയേക്കല്‍ കുടുംബത്തിലേത്. 1935 ല്‍ ടി സി കുഞ്ഞാച്ചുമ്മ സ്ത്രീകള്‍ക്ക് വേണ്ടി സ്ഥാപിച്ച ‘മുസ്ലിം മഹിളാ സമാജം’ എന്ന ചാരിറ്റബിള്‍ സംഘടന മലബാറിലെ തന്നെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ സംഘടനയാണ്. പിന്നീട് അതിന്‍റെ ചുമതല മകള്‍ ടിസി മാനുമ്മയും അവസാനം അവരുടെ മകള്‍ മറിയുമ്മയും അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഈ സംഘടന തലശ്ശേരിയിലെ സ്ത്രീകളുടെ നവോത്ഥാനത്തിന് ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ട്. അന്നത്തെ ഗവര്‍ണര്‍ ആര്‍തര്‍ ഹോമിന്റെ കയ്യില്‍ നിന്നു ടിസി കുഞ്ഞാച്ചുമ്മ കോഴിക്കോട് ഡര്‍ബാര്‍ ഹാളില്‍ വെച്ചു മെഡല്‍ വാങ്ങിയിട്ടുണ്ട്.

ടി സി കുഞ്ഞാച്ചുമ്മ

പാരമ്പര്യമായി തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവരാണ് മാളിയേക്കലുകാര്‍. ഒളിവു ജീവിത കാലത്ത് ഇഎംഎസിനും എകെജിക്കും അഭയം കൊടുത്ത അപൂര്‍വ്വം മുസ്ലിം വീടുകളില്‍ ഒന്നു എന്ന രീതിയിലും മാളിയേക്കല്‍ തറവാട് ചരിത്രത്തിന്റെ ഭാഗമാണ്. പണ്ട് മാളിയേക്കല്‍ തറവാടില്‍ ചെന്നാണ് സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള ഫോമുകളും മറ്റും നാട്ടുകാര്‍ പൂരിപ്പിച്ചിരുന്നത്. ചെറിയ ചെറിയ തര്‍ക്കങ്ങളെല്ലാം മാളിയേക്കലിന്‍റെ മുറ്റത്ത് തീര്‍പ്പാക്കപ്പെട്ടിരുന്നു. മാളിയേക്കല്‍ തറവാടിന്‍റെ മുകളിലത്തെ നിലയിലുള്ള ഹാളില്‍ പട്ടം താണുപിള്ള മുതല്‍ ശങ്കര്‍ വരെയുള്ള നേതാക്കളും എസ് കെ പൊറ്റക്കാടും വലിയ വലിയ ഗായകരുമെല്ലാം വന്ന് വിവിധങ്ങളായി പരിപാടികളുടെ ഭാഗമായിട്ടുണ്ട്. എല്ലാവരും ട്രഡീഷണല്‍ ഡ്രസ് മാത്രം ഇട്ടുനടന്ന കാലത്ത് മാളിയേക്കല്‍ തറവാടിലെ സ്ത്രീകള്‍ സാരിയുടുത്തിരുന്നു. ഒവി അബ്ദുള്ള ജൂനിയര്‍  തലശ്ശേരി നഗരസഭയുടെ ആദ്യകാല  ചെയര്‍ പേഴ്സനായിരുന്നു. അതുപോലെ തന്നെ തലശ്ശേരി നഗര സഭയുടെ മുന്‍ അധ്യക്ഷ ആമിന മാളിയേക്കല്‍ തറവാട്ടിലെ അംഗമാണ്.

1971 ലെ തലശ്ശേരി കലാപ കാലത്ത് സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടി മാളിയേക്കലുകാര്‍ നല്കിയ സംഭാവനകള്‍ വളരെ വലുതായിരുന്നു. നിരവധി കുടുംബങ്ങള്‍ക്ക് ഒരാഴ്ചയോളം മാളിയേക്കല്‍ തറവാട്ടില്‍ അഭയം നല്‍കുകയുണ്ടായി. മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം നിന്നു കൊണ്ട് മാളിയേക്കലെ സ്ത്രീകളും പുരുഷന്മാരും അയല്‍പക്കത്തുള്ളവരും അടങ്ങുന്ന ഒരു സംഘം ആളുകള്‍ വണ്ടിയില്‍ സമാധാനത്തിനുള്ള പാട്ടുകളും സന്ദേശങ്ങളുമായി തലശ്ശേരിയിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഉണ്ടായി. ഒ ആബു മാസ്റ്റര്‍ രചിച്ച് ടി സി ഉമ്മൂട്ടി ഈണം നല്‍കിയ പാട്ടുകളായിരുന്നു അന്ന് അവര്‍ പാടിയത്.

‘മനുഷ്യനെ മതത്തിന്റെ മറവില്‍ കല്ലെറിയല്ലേ
വര്‍ഗീയത ഭ്രാന്തരേ നിങ്ങള്‍ നാടുമുടിക്കല്ലെ
മൊഞ്ചുള്ള പൂവുകള്‍ വിരിയുന്ന നാട്ടില്‍
കൊഞ്ചിക്കൊണ്ടരുവികള്‍ ഒഴുകുന്ന നാട്ടില്‍
മമ്മദ് കാക്കാന്‍റെ മാളിക വീട്ടില്‍
മാളിക വീട്ടിലെ സകലതും കൊള്ളയടിച്ചില്ലേ
ഖുര്‍ആനും കഥവിട്ട് കലിത്തുള്ളി ചുട്ടെരിച്ചില്ലേ
ഹിന്ദുക്കള്‍ ഹിന്ദു മതത്തെ കൊലചെയ്തില്ലേ
അരവിന്ദന്‍ നടത്തുന്ന അരിക്കടയാകേ
സുഗുണന്‍റെ സുന്ദര തുണിക്കടയാകേ
ഭരതന്‍റെ വിലയുള്ള ഭരണികളാകേ
നോക്കേണം കൊള്ളയടിക്കാന്‍ പോയവരാരെന്ന്
മുസല്‍മാന്‍മാര്‍ ഇസ്ലാമിനെ കരി തേച്ചില്ലേ
ബാങ്കിന്‍റെ പരിശുദ്ധ നാദമുയര്‍ന്നു
പ്രാര്‍ഥന നടത്തുന്ന പള്ളി തകര്‍ന്നു
വിലയുള്ള ഗ്രന്ധങ്ങള്‍ തീയിലമര്‍ന്നൂ
ഖുര്‍ആനും കഥവിട്ട് കലിത്തുള്ളി ചുട്ടെരിച്ചില്ലേ
സംസ്കാരം മ്യൂസിയ മുറികളില്‍ ഒളിച്ചിരുന്നില്ലേ
ശംഖിന്‍റെ പാവന സ്വരങ്ങളുയര്‍ന്നൂ
മണിയുടെ മംഗള രാഗമുയര്‍ന്നു
ജയ രാം വിളിയുടെ സ്വരങ്ങളുയര്‍ന്നു
അമ്പല ഗോപുര മതിലകം ചാമ്പലായില്ലേ’ എംഇഎസ് ഗായക സംഘത്തിന്റെ നേതൃത്വത്തിലാണ്   ഈ പാട്ട് പാടിയത്.

തലശ്ശേരിയിൽ ജഗന്നാഥ ക്ഷേത്രത്തിലെ കലശത്തിന് നേരെ മുസ്ലിം ചെറുപ്പക്കാർ ചെരിപ്പേറ് നടത്തി എന്ന്‌ ആരോപിച്ചു 1971 ഡിസംബർ 28 മുതൽ ഒരാഴ്ചക്കാലം കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നടന്ന വർഗീയ സ്വഭാവമുള്ള ‌കലാപമാണ് തലശ്ശേരി കലാപം എന്നറിയപ്പെടുന്നത്. മുസ്‌ലിം ന്യൂനപക്ഷ വിഭാഗമാണ്‌ കലാപത്തിനിരയായത്. ഒരാഴ്ചയോളം അക്രമങ്ങൾ നീണ്ടു. ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. നിരവധി പേർക്ക്‌ കലാപത്തില്‍ പരിക്കേറ്റിരുന്നു.
മാളിയേക്കല്‍ തറവാട്ടിലെ അംഗങ്ങളെല്ലാം ഇന്ന് പലവഴിക്കായി ചിതറിപ്പോയി. ആകെ രണ്ട് കുടുംബങ്ങള്‍ മാത്രമേ ഇന്ന് ആ തറവാട്ടില്‍ താമസിക്കുന്നുള്ളൂ.

ബ്ലൂ ജാക്ക്സ് ഗായകസംഘം

ഒട്ടേറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്ന മറിയുമ്മയുടെ പഠനകാലത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മറിയുമ്മ ഒരു നിമിഷം നിശ്ശബ്ദയായി. പിന്നെ പറഞ്ഞു തുടങ്ങി. ‘എന്‍റെ ഉപ്പ ഒവി അബ്ദുല്ല സീനിയര്‍ വലിയൊരു മത പണ്ഡിതനും പൊതു വിദ്യാഭ്യാസം നേടിയ ആളുമാണ്. ഹിന്ദു പേപ്പറെ വായിക്കൂ. ഇസ്ലാം മതവുമായി ബന്ധപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും അറിയാം. എല്ലാ കിത്താബുകളും ഓതിയിട്ടുണ്ട്. അഞ്ചാം ക്ലാസ് പാസായിട്ട് ഞാന്‍ വന്നപ്പോള്‍ നിനക്കു പഠിക്കാന്‍ ഇഷ്ടമാണോന്ന് ഉപ്പ എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു ഇഷ്ടമാണെന്ന്. അങ്ങനെ എന്നെയും കൂട്ടി കോണ്‍വെന്‍റിലെ മദറുടെ അടുത്തുപോയി. അവര്‍ എന്നെ നാലാം ക്ളാസ്സില്‍ എടുത്തു. ആ സമയത്ത് എ, ബി, സി, ഡി തുടങ്ങുന്നത് അഞ്ചാം ക്ലാസ്സിലാണ്. ഇംഗ്ലീഷ് പഠിക്കാനുള്ള സൌകര്യത്തിന് വേണ്ടിയാണ് അഞ്ചാം ക്ളാസ്സില്‍ ഇരിക്കേണ്ട എന്നെ നാലാം ക്ളാസ്സില്‍ എടുത്തത്. പിറ്റേന്ന് ഞാന്‍ ക്ളാസ്സില്‍ പോയപ്പോള്‍ എല്ലാരും ഇംഗ്ലീഷ് പറയുന്നു. എനിക്കൊന്നും തിരിയുന്നില്ല. എനിക്കു ഒന്നും മനസ്സിലാവുന്നില്ലാന്നു ഞാന്‍ ഉപ്പാനോട് വന്നു പറഞ്ഞു. അപ്പോള്‍ ഉപ്പ എന്നോടു പറഞ്ഞു don’t we worry i will arrange tution. ഞാന്‍ പഴയ പാവാടയും ബ്ലൌസും ഒക്കെ ഇട്ടിട്ടാണ് ആദ്യം പോയത്. പിന്നെ ഞാന്‍ ക്ളാസ്സില്‍ എല്ലാവരുമായി mingle ചെയ്തു. Now i can read write and speak  English very well. ഞാന്‍ 1938 ലാണ് കോണ്‍വെന്‍റില്‍ ചേര്‍ന്നത്.
മനുഷ്യന്‍ വലിക്കുന്ന റിക്ഷയിലാണ് ഞാന്‍ കോണ്‍വെന്‍റില്‍ പോയത്. അത് മൊത്തം കവര്‍ ചെയ്തിട്ടുണ്ടാവും. ഞാന്‍ ബുര്‍ക്കയിട്ടിട്ടാണ് അതിനുള്ളില്‍ ഇരിക്കുക. കോണ്‍വെന്‍റിന്‍റെ ഗേറ്റ് എത്തിയാല്‍ ഞാന്‍ ബുര്‍ക്ക കഴിച്ച് ബാഗില്‍ വെക്കും. അപ്പോ എന്‍റെ ക്ലാസ്സ് മേറ്റ്സ് ഒക്കെ കാത്തു നില്‍ക്കുന്നുണ്ടാവും.  ഞാന്‍ എങ്ങിനെയാണ് പോകുന്നതെന്നു നോക്കാന്‍. എന്നിട്ട് എന്‍റെ ബുര്‍ക്കയും പിടിച്ച് വാങ്ങിയിട്ടു അവര്‍ ഓട്ട പ്രദര്‍ശനം നടത്തും. എന്നെ കളിയാക്കും. കോണ്‍വെന്‍റില്‍ നിന്നു ത്രോ ബാള്‍ എല്ലാം കളിക്കാറുണ്ട് ഞാന്‍. ഞാന്‍ പഠിക്കുന്നതിന് സമുദായത്തില്‍ നിന്നു നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഞാന്‍ കോണ്‍വെന്‍റില്‍ നിന്നു ഉച്ചക്ക് ഒ വി റോഡില്‍ അവിടെ ഉപ്പാന്‍റെ വീട്ടില്‍ വരും. ഉപ്പാന്റെ പെങ്ങള് ചോറാക്കി വെക്കും. ഞാന്‍ ചോറ് തിന്നാന്‍ അവിടെ പോകും. പോകുമ്പോള്‍ രണ്ടു ഭാഗത്തും മുസ്ലിംകളുടെ കടകളാണ്.  ഞാന്‍ പോകുന്നത് കാണുമ്പോള്‍ എന്തൊക്കെയോ പറഞ്ഞിട്ടു അവര്‍ കാര്‍ക്കിച്ചു തുപ്പും. ഞാന്‍ ഉപ്പാനോട് വന്നിട്ട് പറഞ്ഞു എനിക്കു പോകാന്‍ കഴിയൂല എല്ലാരും കാര്‍ക്കിച്ച് തുപ്പുന്നൂന്ന്. നീ ബേജാറാവണ്ട ഞാന്‍ വേണ്ടപോലെ ചെയ്തോളാം എന്ന്. ഉപ്പ പറഞ്ഞു. കോണ്‍വെന്‍റില്‍ മദറുടെ അടുത്തുപോയി പെര്‍മിഷന്‍ വാങ്ങിയിട്ട് എനിക്കു sick room ഏര്‍പ്പാടാക്കി തന്നു. ഉച്ചക്കൊരു പ്രാര്‍ഥനയുണ്ട്. ളുഹര്‍ എന്നാണ് അതിന്റെ പേര്. ആ പ്രാര്‍ഥനക്കുള്ള സൌകര്യവും ചെയ്തു തന്നു. ഉച്ചക്ക് നിസ്ക്കരിച്ച് കഴിയുമ്പോഴേക്കും എന്‍റെ ഫാദറിന്‍റെ വീട്ടില്‍ നിന്നു എനിക്കുള്ള ഉച്ചഭക്ഷണം എത്തിക്കും. ഞാന്‍ കോണ്‍വെന്‍റില്‍ പഠിക്കുന്ന കാലത്ത് എന്‍റെ ഉമ്മാമാനോട് പോയി പറഞ്ഞു കൊടുത്തു ഞാന്‍ തലയില്‍ തട്ടം ഇടാണ്ട് നടക്കുന്നു എന്നു. പിന്നെ ക്രിസ്ത്യന്‍ പള്ളിയില്‍ പോകുന്നു എന്നുള്ളതായിരുന്നു അടുത്ത പരാതി. പള്ളിയില്‍ ഞാന്‍ പോക്കുണ്ട്. അവിടെ moral science നിര്‍ബ്ബന്ധമാണ്. ബാക്കിയുള്ള വരൊക്കെ പ്രാര്‍ത്തിക്കും ഞാന്‍ വെറുതെ അവിടെ ഇരിക്കും. ഞാന്‍ എന്‍റെ ദൈവത്തോട് പ്രാര്‍ത്ഥിക്കും. എന്തെല്ലാം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെന്നോ. എന്‍റെ കുടുംബത്തിനകത്ത് നിന്ന്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. എല്ലാരും വിദ്യാഭ്യാസത്തോട് താത്പര്യം ഉണ്ടായിരുന്നു. വകയില്‍ കുറച്ചുപേരൊക്കെയുണ്ടായിരുന്നു എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍.

1943 ലായിരുന്നു എന്‍റെ വിവാഹം. അതുവരെ ഞാന്‍ സ്കൂളില്‍ പോയിരുന്നു. ഫോര്‍ത്ത് ക്ലാസ് കഴിഞ്ഞാല്‍ ഫിഫ്ത് ക്ലാസ്. അത് കഴിഞ്ഞാല്‍ പ്ലസ് വണ്‍ പിന്നെ സെക്കണ്ട് വണ്‍, തേര്‍ഡ് വണ്‍, ഫോര്‍ത്ത് വണ്‍ പിന്നെ ഫിഫ്ത് വണ്‍ അങ്ങനെയായിരുന്നു. അതുവരെ ഞാന്‍ പോയി. അപ്പോഴേക്കും എന്‍റെ മംഗലം കഴിഞ്ഞു. fifth ഫോറം എന്നു പറഞ്ഞാല്‍ ഇന്നത്തെ എസ് എസ് എല്‍ സി യാണ്. അതെത്തിയപ്പോഴേക്കും കല്യാണം കഴിഞ്ഞു. മംഗലം കഴിഞ്ഞിട്ടും ഞാന്‍ കുറച്ചുനാള്‍ പോയിരുന്നു. പിന്നീട് ഗര്‍ഭിണിയായപ്പോള്‍ പോകാന്‍ നാണക്കേടായിട്ട് പോയില്ല. എന്‍റെ ഭര്‍ത്താവ് വിആര്‍ മായനലി ഉമ്മാമാന്‍റെ ആങ്ങളയുടെ മകനാണ്. മാളിയേക്കല്‍ തന്നെയായിരുന്നു താമസം. എന്‍റെ ഉമ്മാമ തന്നെയാണ് പോറ്റി വണ്ണം വെപ്പിച്ചത്. അങ്ങനെയാ എന്നെ മംഗലം കഴിക്കുന്നത്. എതിര്‍പ്പൊന്നും പറഞ്ഞിട്ടില്ല. മൂപ്പര് റിക്രൂട്ടിംഗ് ഓഫീസറായിരുന്നു.”

വിവാഹ ശേഷം മറിയുമ്മ ഉമ്മാമ കുഞ്ഞാച്ചുമ്മ സ്ത്രീകള്‍ക്ക് വേണ്ടി സ്ഥാപിച്ച ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള തയ്യല്‍ ക്ലാസ്സുകള്‍ സാക്ഷരതാ ക്ലാസ്സുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. സര്‍ക്കാര്‍ തലത്തില്‍ സാക്ഷരതാ ക്ലാസ്സുകള്‍ തുടങ്ങുന്നതിനും എത്രയോ മുന്‍പ് തന്നെ മറിയുമ്മ തനിക്ക് ചുറ്റുമുള്ള നിരക്ഷരരായ സ്ത്രീകളെ സാക്ഷരരാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. സമാജത്തിലെ സ്ത്രീകളുടെ കോല്‍ക്കളി സംഘംവും നാടക സംഘവും ഉണ്ടാക്കി. സമാജത്തിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മറിയുമ്മ പറയുന്നു;

‘യുദ്ധത്തിന് മുന്‍പ് പട്ടാളത്തില്‍ ആളെ ചേര്‍ക്കുന്ന സമയത്ത് ഉമ്മാമയുടെ ഏജന്‍സി വഴി ഭര്‍ത്താവ് മായനലി കുറെ ആള്‍ക്കാരെ പട്ടാളത്തില്‍ ചേര്‍ത്തു. അങ്ങനെ അവസാനത്തെ ഗവര്‍ണര്‍ സര്‍ ആര്‍ദര്‍ ഹോം ഉമ്മാമാക്ക് മെഡല്‍ കൊടുത്തു. കോഴിക്കോട് ഡര്‍ബാര്‍ ഹാളില്‍ വെച്ചിട്ട്. ഭയങ്കര എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അതിനു. ആരെതിര്‍ത്താലും ഞാന്‍ പോകുമെന്ന് ഉമ്മാമ പറഞ്ഞു. അതിന്‍റെ ഫോട്ടോ ഒന്നും ഇല്ല. അന്ന് ഫോട്ടോ എടുക്കല്‍ ഇല്ലല്ലോ. ആ മെഡല് കാണാണ്ടായിപ്പോയി. എന്തിനാ പോയിന് എന്നു പറഞ്ഞിട്ടു കുറെ ആള്‍ക്കാര് പ്രശ്നം ഉണ്ടാക്കിയിരുന്നു.’

കോഴിക്കോട്ടെ എം ഇ എസ് സമ്മേളനത്തിന് പോയ മുസ്ലീം സ്ത്രീകള്‍

ഉമ്മാമ ടിസി കുഞ്ഞാച്ചുമ്മയെ കുറിച്ച് ആദരവോടെയും അഭിമാനത്തോടെയുമാണ് മറിയുമ്മ സംസാരിച്ചത്.

‘എന്‍റെ ഗ്രാന്‍റ്മദര്‍ ടി സി കുഞ്ഞാച്ചുമ്മ she was a great lady, very rich. My grand mother മാളിയേക്കല്‍ വീട് എടുത്തത് അവര്‍ക്ക് വേണ്ടിയാണ്. അവര്‍ക്കും ഒന്പതു മക്കള്‍ക്കും വേണ്ടി. കോണ്‍ഗ്രസ് നേതാക്കളായ മുഹമ്മദലി, ഷൌകത്തലി അവരുടെ ഉമ്മ ബീയുമ്മ എല്ലാരും വന്നിരുന്നു വീട്ടില്‍ കൂടലിന്. എല്ലാ നേതാക്കന്മാരും വന്നിന് എല്ലാര്‍ക്കും ഡിന്നറൊക്കെ കൊടുത്തിന്. 1935 ല്‍ എന്റെ ഗ്രാന്‍ഡ് മദര്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒരു ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപിച്ചു. തലശ്ശേരി മുസ്ലിം മഹിളാ സമാജം എന്നായിരുന്നു അതിന്‍റെ പേര്. എന്നാല്‍ അത് മുസ്ലില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല. ഈ നാട്ടിലെ എല്ലാവര്‍ക്കും വേണ്ടിയുള്ളതായിരുന്നു അത്. ഉമ്മാമ തുടങ്ങി പിന്നെ ഉമ്മാമ മരിച്ചപ്പോള്‍ എന്‍റെ ഉമ്മയായി. അതിനു ശേഷം ഞാന്‍ സെക്രറ്ററിയും എന്‍റെ എളാമ്മ പ്രസിഡണ്ടും ആയിരുന്നു. ഞാന്‍ സെക്രറ്ററി ആയപ്പോഴാണ് സൌജന്യമായി തുന്നല്‍ ക്ലാസ് തുടങ്ങിയത്. സമാജം കേവലം ഫ്രീ ആയിട്ട് 30 കൊല്ലം തുന്നല്‍ ക്ലാസ് നടത്തിയിരുന്നു. എന്‍റെ ഭര്‍ത്താവാണ് അതിനു വേണ്ട എല്ലാം ചെയ്തു തന്നിരുന്നത്. 150 കുട്ടികള്‍ ഉണ്ടായിരുന്നു. രണ്ട് ടീച്ചര്‍ മാരും. 30 രൂപയായിരുന്നു ടീച്ചര്‍ മാരുടെ ശമ്പളം. അത് ഞങ്ങളുടെ ഫണ്ടില്‍ നിന്നു തന്നെയാണ് കൊടുത്തിരുന്നത്. വേറെ ആരോടും പിരിച്ചിട്ടൊന്നും അല്ല. തുന്നല്‍ പഠിച്ചവര്‍ക്ക് സമാജത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് കൊടുക്കുമായിരുന്നു. ഓരോ കൊല്ലവും ആനിവേഴ്സറി ആഘോഷിക്കും. ഓരോ ആനിവേഴ്സറിക്കും മന്ത്രിസഭയിലോ മറ്റോ ഉള്ള പ്രശസ്തരായ ആളുകളെ കൊണ്ടുവരും. തലശ്ശേരിയിലെ ആദ്യത്തെ ബിഷപ്പ് സെബാസ്റ്റ്യന്‍ വല്ലപ്പള്ളി, ആനിവേഴ്സറിക്ക് തറക്കല്ലിട്ടതും അദ്ദേഹമാണ്. ടൌണ്‍ ഹാളിലായിരുന്നു മീറ്റിംഗ് അതിനു എന്‍റെ ഉമ്മ മാനുമ്മ കൊടികയറ്റി. ഒരു പ്രാവശ്യം ആനിവേഴ്സറിക്ക് കുട്ടിമാളു അമ്മയാണ് വന്നത്. ഒരു തവണ കെ പി കേശവമേനോനും വന്നിരുന്നു. പനമ്പള്ളി ഗോവിന്ദ മേനോനും വന്നിരുന്നു. എഴുത്തുകാരന്‍ ഒ അബു മാഷാണ് സമാജത്തിന്‍റെ പാട്ടും പ്രസംഗവും എല്ലാം ഉണ്ടാക്കി തന്നത്. റേഡിയോ അധികം പ്രചാരത്തില്‍ ഇല്ലാത്ത സമയത്ത് റേഡിയോയുടെ ഡയറക്ടര്‍ പാറുക്കുട്ടിയമ്മ വന്നിരുന്നു. അവര്‍ മാളിയേക്കല്‍ വന്നു സ്ത്രീകളുടെ കോല്‍ക്കളി റേഡിയോയിലേക്ക് വേണ്ടി റെക്കോഡ് ചെയ്തിരുന്നു. ഫോട്ടോയും എടുത്തിരുന്നു. ഞങ്ങളുടെ ആനിവേഴ്സറിക്ക് വേണ്ടി കോല്‍ക്കളി സംഘം ഉണ്ടാക്കിയിരുന്നു. തുന്നല്‍ ക്ലാസ്സിലെ കുട്ടികളുടെ നാടകവും ഉണ്ടായിരുന്നു. അന്നത്തെ ജഡ്ജ് ജാനകിയമ്മ ഒരു പ്രാവശ്യത്തെ ആനിവേഴ്സറിക്ക് വന്നിരുന്നു. ഡോക്ടര്‍ രാധ വന്നിരുന്നു. എകെ കുഞ്ഞമ്മായിന്‍ ഹാജിയുടെ ഭാര്യ അവരുടെ ഉമ്മ, മോള്, ഖാദര്‍ കുട്ടിസാഹിബിന്റെ ഭാര്യ, അന്നത്തെ കളക്ടര്‍ യേശുദാസ്, ഐജി എല്ലാരും വന്നിരുന്നു. കോണ്‍ഫ്ളവര്‍ മില്ലിന്‍റെ ഡെമോണ്‍സ്ട്രേഷന്‍ ഞങ്ങള്‍ വെച്ചിരുന്നു. ബ്രൂക് ബോണ്ടിന്‍റെ ഡെമോണ്‍സ്ട്രേഷന് വേണ്ടി ഒരു മീറ്റിംഗ് വെച്ചിരുന്നു. അന്നത്തെ ചെയര്‍മാന്‍ ലളിത പ്രഭുവാണ് അധ്യക്ഷം വഹിച്ചത്. ചാന്‍സലര്‍ ജലീലിന്റെ ഭാര്യ വന്നിരുന്നു ഒരുതവണ. സാക്ഷരതാ ക്ലാസ്സിന്‍റെ ഉത്ഘാടനത്തിന് പി എന്‍ പണിക്കര്‍ വന്നിന് മാളിയേക്കല്. സാക്ഷരതാ ക്ളാസ്സില്‍ ഒരു ടീച്ചര്‍ എന്‍റെ ഏട്ടത്തിയായിരുന്നു. പിന്നെ ഒരു ശാരദ ടീച്ചറും. അന്ന് സാക്ഷരത പഠിച്ചവര്‍ പലരും നന്നായി വായിക്കാന്‍ പഠിച്ചിരുന്നു. ആഴ്ചപ്പതിപ്പുകളൊക്കെ വായിക്കുമായിരുന്നു. തുന്നല്‍ ക്ലാസ്സില്‍ പഠിച്ചിട്ടു കുറെ ആള്‍ക്കാര്‍ക്ക് ജോലി ആയി. മുസ്ലിം സമുദായത്തില്‍ നിന്നു ഇതിനൊക്കെ ഭയങ്കര എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. ഡാന്സ് ചെയ്യുന്നതിനും കോല്‍ക്കളി കളിക്കുന്നതിനും മറ്റുമൊക്കെ.
മുസ്ലിം സമുദായം ഫാമിലി പ്ലാനിംഗ് മതവിശ്വാസത്തിന് എതിരായി കണ്ടിരുന്ന ഒരു കാലത്ത് മുസ്ലിം മഹിളാ സമാജത്തിന്‍റെ നേതൃത്വത്തില്‍ മറിയുമ്മയും സംഘവും ഫാമിലി പ്ലാനിംഗ് എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാന്‍ സെമിനാറുകളും കലാ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ഫാമിലി പ്ലാനിംഗ് തുടങ്ങിയ കാലത്ത് ഞങ്ങള്‍ ഒരു ഫാമിലി പ്ലാനിംഗ് സെമിനാര്‍ നടത്തിയിരുന്നു. അന്നത്തെ ഹെല്‍ത്ത് ഡയറക്ടര്‍ തങ്കമ്മയാണ് അത് ഉത്ഘാടനം ചെയ്തത്. തലശ്ശേരി ആശുപത്രിയിലെ ഒരു ഡോക്ടര്‍ പ്രസംഗിക്കാന്‍ വന്നിരുന്നു. പ്രസംഗവും പാട്ടും കഥാപ്രസംഗവും എല്ലാം ഉണ്ടായിരുന്നു. അബു മാഷ് എഴുതിത്തന്ന നല്ല കഥാപ്രസംഗമായിരുന്നു. പാടിയത് എന്‍റെ ഇളയുമ്മയുടെ മകനാണ്. അവന്‍ അസ്സലായിട്ടു കഥാപ്രസംഗം അവതരിപ്പിച്ചു. സമുദായത്തില്‍ നിന്നു ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.’

റേഡിയോ എന്നത് സാധാരണക്കാര‌ന് ഒരു അത്ഭുത വസ്തുവായിരുന്ന അക്കാലത്ത് ദിവസം മുഴുവനും ശബ്ദം കേള്‍പ്പിച്ചുകൊണ്ടിരുന്ന ഈ പെട്ടി, ചെകുത്താന്റെ ആലയമാണ് എന്നൊക്കെ പലരും വിശ്വസിച്ചിരുന്നു. അതിനെ തമാശയാക്കി പഴയകാല കമ്മ്യൂണിസ്റ്റും അഭിഭാഷകനുമായിരുന്ന ശ്രീമാന്‍ ഒ അബ്ദുള്ള ജൂനിയര്‍ എഴുതി, ശ്രീ. ടി സി ഉമ്മൂട്ടി സംഗീതം ചെയ്ത ഒരു ഗാനമുണ്ട്. കോഴിക്കോട് ആകാശവാണി നിലയത്തിനു വേണ്ടി മാളിയേക്കലിന്റെ മുകളിലെ നിലയിലെ ഹാളില്‍ വെച്ചാണ് റെക്കോര്‍ഡ് ചെയ്തത്. അതിനു്‌ തബല വായിച്ചത് മറിയുമ്മയുടെ മൂത്തമകന്‍ മഷൂദായിരുന്നു. ട്യൂണ്‍ നല്‍കിയതും ഹാര്‍മോണിയം വായിച്ചതും ടിസി ഉമ്മൂട്ടിയാണ്. മറിയുമ്മയുടെ മകളായ സാറയും, സെയ്ദ, ഫാത്തിമ എന്നീ കുടുംബാഗങ്ങളുമാണ് ഈ ഗാനം പാടിയത്.

കേട്ടു ഞാന്‍ ഇന്നെന്റെ
ഖല്‍ബില്‍ കുളിര്‍ക്കുന്ന
മട്ടിലെന്റുമ്മാച്ചൂ
പരിശുദ്ധ ഖുറാനിലുള്ളോരു
സൂറത്തിന്റോത്താദ്
ഓത്താണെന്റുമ്മാച്ചൂ
നേരം വെളുത്തപ്പം
ഞാനെന്റെ റേഡിയോ
മെല്ലെത്തുറന്നാണേ
അന്നേരത്തെ നെഞ്ചില്‍
കുളിരില്‍ രാഗത്തില്‍ ഓതുന്ന
ഓത്തു ഞാന്‍ കേട്ടാണേ
രാഗവും താളവുമെന്‍
ഓത്തിന്റെയുള്ളിലെ
സംഗീതം വേറാണേ
എന്റുമ്മാച്ചൂ
ചായിപ്പിന്റുള്ളില്
കാണുന്ന റേഡിയോ
ശെയ്ത്താന്റെ വീടല്ല.

1971 ലെ തലശ്ശേരി കലാപ ത്തെ കുറിച്ചുള്ള ഓര്‍മ്മകളും മറിയുമ്മ പങ്ക് വെച്ചു.

‘കലശവും കൊണ്ട് പോകുമ്പോള്‍ അബൂബക്കര്‍ എന്നു പറയുന്ന ഒരാള്‍ കല്ലെടുത്തെറിഞ്ഞെന്നാണ് കലാപത്തിന്‍റെ കാരണമായി പറയുന്നത്. എല്ലാ മതത്തിലും ഗുണ്ടാമനോഭാവമുള്ള ആളുകള്‍ ഉണ്ടാവുമല്ലോ. അതോടെ തലശ്ശേരി ടൌണിലെ എല്ലാ കടയും വീടുകളും തച്ചു പൊളിച്ചു. കത്തിച്ചു മാളിയേക്കലെ വീട് ഒഴികെയുള്ള എല്ലാ വീടുകളും കൊള്ളയടിച്ചു. ചിറക്കരയുള്ള കുറെ വീടുകളും നശിപ്പിച്ചു. ഈ ദേശത്തെ വീട്ടുകാരെയെല്ലാം എന്‍റുമ്മ മാളിയേക്കളെ വീട്ടില്‍ കൊണ്ട് വന്നു. മാളിയേക്കലെ കിനാത്തറമ്മലാണ് എല്ലാരും കിടന്നത്. മൂന്നു ദിവസം വരെ ഉമ്മ എല്ലാര്‍ക്കും ഭക്ഷണം കൊടുത്തു. വല്യ ചെമ്പിലാണ് ചോറ് വെക്കുക. അന്ന് കമ്മ്യൂണിസ്റ്റുകാരാണ് സാധനങ്ങള്‍ എല്ലാം വാങ്ങിതന്നത്. അന്നേരം കോണ്‍ഗ്രസുകാരൊന്നും ഇടപെട്ടിരുന്നില്ല. അവര്‍ പിന്നീടാണ് ഇടപെടുന്നത്. പീടികയെല്ലാം പൊളിച്ച് കളഞ്ഞതുകൊണ്ട് സാധനം കിട്ടാനില്ലായിരുന്നല്ലോ. പിന്നെ പിന്നെ ലീഗുകാരും എം ഇ എസ് കാരും ഒക്കെ വന്നു. സര്‍വ്വമത ജാഥയെല്ലാം വിളിച്ച് അങ്ങനെ അതൊക്കെ ശരിയായി. ഞങ്ങള്‍ മാളിയേക്കലെ എല്ലാരും സമാജത്തിന്‍റെ ആള്‍ക്കാരും ഒക്കെ കൂടിയിട്ടു ഈ പാട്ടൊക്കെ പാടിയിട്ടു തലശ്ശേരിയില്‍ എല്ലായിടത്തും പോയി. ഞങ്ങളുടെ അയല്‍വാസികളെല്ലാം എല്ലാറ്റിനും കൂടെയുണ്ടായിരുന്നു. എന്‍റുമ്മാമ എല്ലാര്‍ക്കും നല്ല ഉപകാരം ചെയ്യുമായിരുന്നു. ഒരാഴ്ചകൊണ്ട് എല്ലാം പഴയപോലെ ശാന്തമായി. പൈസ കിട്ടാന്‍ വേണ്ടി വീട് കത്തിച്ചവരും ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു വാഹനം ഞങ്ങളുടെ വണ്ടിയുടെ മുന്നില്‍ സഞ്ചരിക്കുന്നുണ്ടാവും. പിറകില്‍ ഒരു വാഹനത്തില്‍ ഞങ്ങളും. അങ്ങനെയാണ് കലാപം നടന്ന സ്ഥലങ്ങളില്‍ പോയിരുന്നത്.’

എം ഇ എസ് (മുസ്ലിം എഡുക്കേഷന്‍ സൊസൈറ്റി) യുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട് മാളിയേക്കല്‍ തറവാടും മറിയുമ്മയും. 1970 ത്തില്‍ കോഴിക്കോട് വെച്ചു നടന്ന സമ്മേളനത്തില്‍ മറിയുമ്മ മുസ്ലിം വുമണ്‍ എഡുക്കേഷന്‍ എന്ന വിഷയത്തില്‍ ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം ചരിത്ര സംഭവം തന്നെയായിരുന്നു.

‘അവരുടെ മീറ്റിംഗിന് നമ്മള് നാല് ബസ്സ് ആളാണ് പോയത്. കോഴിക്കോട് മാനാഞ്ചിറയില്‍ വെച്ചു ലീഗുകാരുടെ അടിയൊക്കെ കിട്ടിയിട്ടുണ്ട്. ഇങ്ങോട്ട് അടിച്ചപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടും അടിച്ചു. ഞങ്ങളെ തുപ്പിയപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടും തുപ്പി. വളര്‍ന്നപ്പോള്‍ എം ഇ എസ് അതൊക്കെ മറന്നു.’  മറിയുമ്മയുടെ മകള്‍ ആയിഷ പറഞ്ഞു.

‘മുസ്ലിം മഹിളാ സമാജ’ത്തില്‍ പതാക ഉയര്‍ത്തുന്ന ടിസി മാനുമ്മ

മറിയുമ്മ നല്ലൊരു തയ്യല്‍ക്കാരിയും കൈപുണ്യമുള്ള പാചകക്കാരിയുമാണ്. മലബാറിലെ മുസ്ലിംകളുടെ പലഹാരങ്ങളൊക്കെ നന്നായി ഉണ്ടാക്കുന്ന മറിയുമ്മയാണ് തലശ്ശേരിയില്‍ സംഘടിപ്പിച്ച മലബാര്‍ പാചകമേളയുടെ ചുക്കാന്‍ പിടിച്ചത്. ഉമ്മയുടെ ബിരിയാണി ഫേമസാനെന്ന് മകള്‍ ആയിഷ സാക്ഷ്യപ്പെടുത്തുന്നുമ. ഈ 90 ആം വയസ്സിലും ഉമ്മ വനിതയിലും മറ്റും വരുന്ന പാചക വിധികള്‍ നോക്കി അത് അടുക്കളയില്‍ പരീക്ഷിക്കാറുണ്ടെന്നും മകള്‍ പറഞ്ഞു. മറിയുമ്മയുടെ സ്പെഷല്‍ ബിരിയാണിയുടെ റെസിപ്പിയും മറിയുമ്മ പറഞ്ഞു തന്നു. നല്ലൊരു പാട്ടുകാരി കൂടിയായ മറിയുമ്മയ്ക്കു ഇപ്പോള്‍ ശ്വാസ തടസ്സം ഉണ്ടാകുന്നതുകൊണ്ട് പാടാന്‍ കഴിയില്ല. എങ്കിലും മകള്‍ ആയിഷയെക്കൊണ്ട് മറിയുമ്മ വരുന്നവര്‍ക്ക് വേണ്ടി അക്കാലത്തെ പാട്ടുകള്‍ പാടിക്കും.

മറിയുമ്മ ഹജ്ജിന് പോയ കഥ കൂടി
ഹജ്ജിനുപോകാനായി വിസ വേണമെന്ന കാര്യം മറിയുമ്മയും ഒപ്പമുണ്ടായിരുന്ന സ്ത്രീയും അറിയുന്നതു തന്നെ മദ്രാസില്‍ എത്തിയപ്പോഴാണ്. വിസയില്ലാത്തതിനാല്‍ ഇവരെ അധികൃതര്‍ തടഞ്ഞുവെച്ചു. ഇതിനിടെ മറിയുമ്മ ഒരു സൂത്രം പ്രയോഗിച്ചു. അന്ന് തമിഴ്നാട് ഗവര്‍ണറായിരുന്ന ഫാത്തിമ ബീവി ഒപ്പം പഠിച്ചതാണെന്നും അവരെ കാണണമെന്ന് മറിയുമ്മ അധികൃതരോട് ആവശ്യപ്പെട്ടു. ഉമ്മയുടെ ഇംഗ്ലീഷും അറിവും കണ്ട് അത്ഭുതപ്പെട്ട അധികൃതര്‍ സംഭവം സത്യമാകുമെന്ന് തെറ്റിദ്ധരിച്ചു. ഉടന്‍ ഗവര്‍ണറുമായി ബന്ധപ്പെട്ടു. പിന്നെ ഉമ്മയുമായി നേരിട്ട് ഫോണിലൂടെ സംസാരിച്ച ഫാത്തിമാ ബീവി ഉമ്മയുടെ ഇംഗ്ലീഷിലെ സംസാരം കേട്ട് പേപ്പറുകള്‍ ശരിയാക്കി നല്‍കുകയായിരുന്നു വെന്നും ഇതോടെ മറിയുമ്മയ്ക്ക് മക്കയിലും മദീനയിലും വിഐപി പരിഗണന ലഭിച്ചു എന്നുമാണ് കഥ.

മറിയുമ്മയ്ക്ക് രണ്ട് ആണ്മക്കളും രണ്ട് പെണ്‍മക്കളുമായിരുന്നു. മകന്‍ മഷൂദ് ഗായകനും മ്യൂസിക് ഉപകരണങ്ങള്‍ വായിക്കുന്നതില്‍ പ്രാവീണ്യം ഉള്ള ആളുമായിരുന്നു. തലശ്ശേരിയിലെ ബ്ലൂ ജാക്സ് എന്ന മ്യൂസിക് ട്രൂപ്പ് മഷൂദിന്റെ നേതൃത്വത്തില്‍ തുടങ്ങിയതാണ്. കൂവൈത്തിലെ ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപകനും കൂടിയാണ് മഷൂദ്. മാളിയേക്കല്‍ തറവാട്ടിലെ കോണ്‍ഗ്രസുകാരനായിരുന്നു മഷൂദ്. മകള്‍ ആയിഷയാണ് ഇപ്പോള്‍ മറിയുമ്മയോടോപ്പമുള്ളത്. ഇളയമകള്‍ സാറാ നല്ലൊരു ഭരതനാട്യം ഡാന്‍സറായിരുന്നു. മഷൂദും സാറയും അകാലത്തില്‍ തന്നെ ക്യാന്‍സര്‍ ബാധിതരായി മരണപ്പെട്ടു. ഇളയമകന്‍ ജബ്ബാര്‍ മിശ്ര വിവാഹിതനാണ്. മറിയുമ്മയുടെ പേരക്കുട്ടികളില്‍ ഒരാളായ ആയിഷ നാഷണല്‍ ഫിലിം അക്കാദമിയില്‍ ചരിത്ര ഗവേഷകയാണ്. മറ്റൊരു പേരക്കുട്ടി അമേരിക്കയില്‍ ഡോക്ടറാണ്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് സഫിയ)

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍