UPDATES

വായന/സംസ്കാരം

എന്തുകൊണ്ടാണ് ഒരു മുസ്ലീമിന് താന്‍ ദേശീയവാദിയാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കേണ്ടിവരുന്നത്?

മുസ്ലീങ്ങള്‍ സംശയിക്കപ്പെടുന്ന ഇന്നത്തെക്കാലത്തിന് വേണ്ടി ചരിത്രത്തില്‍ നിന്നുള്ള ചില ദൃഷ്ടാന്തങ്ങള്‍; ‘നീട്ടിയെഴുത്തുകള്‍’ എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് ഡോ. ഖദീജ മുംതാസ്

(ഡി സി ബുക്ക്സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘നോവലും ചരിത്രവും’ എന്ന വിഷയത്തില്‍ ഡോ. ഖദീജ മുംതാസ് നടത്തിയ പ്രസംഗം. തയ്യാറാക്കിയത് സഫിയ)

ചരിത്രത്തിന്‍റെ ഇരുള്‍ നിറഞ്ഞ ചില ഭാഗങ്ങളിലേക്ക് വെളിച്ചം വീശുക അല്ലെങ്കില്‍ ചരിത്രത്തില്‍ നിന്നും പുറത്താക്കപ്പെട്ട, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ചില ആളുകളെ കണ്ടെത്തുക, ആവിഷ്ക്കരിക്കുക എന്നൊക്കെയുള്ളത് എഴുത്തുകാരന്‍റെ ഒരു സാധ്യതയും ഒരു പക്ഷേ ബാധ്യതയും കൂടിയാണെന്ന് എനിക്കു തോന്നുന്നു. ഈയിടെ അന്തരിച്ച സാഹിത്യ വിമര്‍ശകന്‍ കൂടിയായ പ്രദീപന്‍ പാമ്പിരിക്കുന്ന് എഴുതിയ ഒരു കാര്യം, നോവലില്‍ ചരിത്രം ആവിഷ്ക്കരിക്കുന്നത് നോവലിസ്റ്റിന്‍റെ ചരിത്രം ആവിഷ്ക്കരിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമല്ല, അല്ലെങ്കില്‍ അങ്ങനെ ഒരു നിഷ്ക്കളങ്കമായ ആഗ്രഹം കൊണ്ട് ആവിഷ്ക്കരിക്കേണ്ടതല്ല ചരിത്രം എന്നാണ്. അതിനു ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം എന്നു കൂടിയായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക.

കാലത്തെ ആവിഷ്ക്കരിക്കുന്നതാണ് നോവല്‍. അതുകൊണ്ട് തന്നെ ചരിത്രവും ചരിത്ര പുരുഷന്മാരും നോവലില്‍ അവിടവിടെയായിട്ട് വരാറുണ്ട്. അത് ചിലപ്പോള്‍ കാലത്തെ അടയാളപ്പെടുത്താനും കൂടിയായിരിക്കാം. പലരുടെയും നോവലുകളില്‍ ഗാന്ധിജി സന്ദര്‍ശിച്ച ലൈബ്രറി അല്ലെങ്കില്‍ ഗാന്ധിജി സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ പലരുടെയും അനുഭവങ്ങള്‍ ഒക്കെ കാണാറുണ്ട്. അതിന്‍റെയൊക്കെ അപ്പുറത്ത് പ്രദീപന്‍ പാമ്പിരിക്കുന്ന് ഉദ്ദേശിച്ചത്  ദളിതരുടെ സാമൂഹ്യ നിശ്ചലാവസ്ഥയിലേക്ക് വന്നു വീണ ഒരു അത്ഭുതം ഒന്നും അല്ല കേരളീയ ആധുനികത എന്നാണ്. കേരളീയ ആധുനികതയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അനുഭവങ്ങളുടെ തീച്ചൂളയില്‍ കൂടി കടന്നു പോയവരാണ് ദളിതര്‍ എന്നും തന്‍റെ ലേഖനങ്ങളില്‍ കൂടി അദ്ദേഹം പറയുന്നുണ്ട്. ഒരു പക്ഷേ നമ്മള്‍ പലപ്പോഴും തമസ്ക്കരിക്കുന്ന കാര്യങ്ങളാണത്. അയ്യങ്കാളിയുടെ സമരത്തെ പറ്റിയും പൊയ്കയില്‍ അപ്പച്ചന്‍റെയും വൈകുണ്ഡസ്വാമികളുടെ പ്രവര്‍ത്തനങ്ങളെ പറ്റിയും ദളിതരുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ എന്നല്ലാതെ കേരളത്തിന്‍റെ നവോത്ഥാനത്തിന് അല്ലെങ്കില്‍ കേരളത്തിന്‍റെ ആധുനികതയ്ക്ക് ആദ്യത്തെ സ്റ്റെപ്പുകള്‍ എടുത്തവരായിട്ട് ദളിതരെ അല്ലെങ്കില്‍ അധ:സ്ഥിതരെ നമ്മള്‍ കണക്കാക്കുന്നില്ല എന്നാണ് പ്രദീപന്‍ പറയുന്നത്. ആലോചിച്ച് നോക്കിയാല്‍ അത് വളരെ സത്യമായിരിക്കണം. ഉദാഹരണമായിട്ട് പ്രദീപന്‍ പറയുന്നത് 1957ല്‍ ഇറങ്ങിയ ‘ഘാതക വധം’ എന്ന മിഷനറി നോവലില്‍ ദളിതരുടെ പ്രതിരോധങ്ങളെ പറ്റി പറയുന്നുണ്ട് എന്നാണ്. വളരെ ദയനീയമായ സ്ഥിതിയില്‍ കിടന്നിരുന്ന ആളുകള്‍ക്കിടയില്‍ പ്രതിരോധം ആ ഒരു കാലത്ത് തന്നെ ഉണ്ടായിരുന്നു എന്നു പറയാനാണ് പ്രദീപന്‍ ഉദ്ദേശിച്ചത്.

ദളിതരുടെ സാമൂഹ്യപരമായിട്ടുള്ള മുന്നേറ്റങ്ങള്‍ ഒരു പക്ഷേ നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്‍റെ തീവ്രതയിലേക്ക് എത്തുമ്പോഴേക്കും അതിന്‍റെ ഒരു ഭാവം മാറി വന്നിട്ടുണ്ടാവാം. കെ വേണു എഴുതിയിട്ടുള്ളത് പോലെ വളരെ സ്വാഭാവികമായിട്ട് ഉണ്ടാവേണ്ട ഒരു നവോത്ഥാന പ്രക്രിയയെ തുരങ്കം വെക്കുകയാണ് വാസ്തവത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ ചെയ്തത്. ദേശീയ പ്രസ്ഥാനത്തില്‍ വാസ്തവത്തില്‍ സംഭവിച്ചിട്ടുള്ളത് ആരെയാണോ പ്രതിരോധിക്കേണ്ടിയിരുന്നത് അവരെ നായകരായിട്ട് അവരോധിക്കേണ്ടി വന്ന ഒരവസ്ഥയാണെന്ന് കെ വേണു പറയുന്നുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഇതൊക്കെ തന്നെ ശരിയാണെന്ന് നമുക്ക് തോന്നും. അധഃസ്ഥിതര്‍ ദേശീയ പ്രസ്ഥാനത്തെ അനുഭവിച്ചത് വളരെ സങ്കീര്‍ണ്ണമായ നിലയില്‍ ആയിരുന്നു എന്നുള്ളത് ഇന്ന് നമ്മള്‍ മനസ്സിലാക്കുന്നുണ്ട്. അംബേദ്കറും ഗാന്ധിജിയുമായിട്ടൊക്കെ ഉള്ള പ്രശ്നങ്ങള്‍ നമ്മള്‍ ഇന്ന് ധാരാളം വായിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ഒക്കെ ചെയ്യുന്നുണ്ട്.

അതുപോലെ പല ചരിത്ര പുസ്തകങ്ങളിലൂടെ കടന്നു പോകുകയും പ്രായമായ ആളുകളുമായി സംസാരിക്കുകയും ഒക്കെ ചെയ്തപ്പോള്‍ എനിക്കു മനസ്സിലായിട്ടുള്ളത്, സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പലയിടങ്ങളിലായിട്ട് പല നോവലുകളിലായിട്ട് മുസ്ലിംകളെ ചിത്രീകരിക്കുന്നുണ്ട്. അങ്ങനെ ചിത്രീകരിക്കുമ്പോള്‍ നമ്മള്‍ കാണുന്നത് വളരെ കറുപ്പും വെളുപ്പുമായിട്ട് ചിത്രീകരിക്കുന്നതായിട്ടാണ്.  അതായത് ദേശീയ പ്രസ്ഥാനത്തില്‍, മലബാറിലാണെങ്കില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പിന്‍ഗാമികളായി വരുന്ന അല്ലെങ്കില്‍ അദ്ദേഹത്തെ ആരാധിക്കുന്നവരായിട്ട് ദേശീയ പ്രസ്ഥാനത്തില്‍ വരുന്നവരെ വെളുപ്പിലും നേരെ മറിച്ച് മുസ്ലിം ലീഗിന്‍റെ ഭാഗമായി ദേശീയ പ്രസ്ഥാനത്തില്‍ ശക്തമായ സാന്നിധ്യമായി നിന്നവരെ കറുപ്പിലും ചിത്രീകരിക്കുന്ന ഒരു പ്രവണതയാണ് കാണുന്നത്. വാസ്തവത്തില്‍ അങ്ങനെ കറുപ്പില്‍ ചിത്രീകരിക്കേണ്ട ആളുകളാണോ ഇത്തരത്തില്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തില്‍ നില്‍ക്കുന്നവര്‍? ഈ ഒരു ആലോചന മുഹമ്മദ് അബ്ദുറഹിമാന്‍റെ ചരിത്രം വായിച്ചപ്പോഴും അതേപോലെ മുസ്ലിം ലീഗിന്‍റെ ചരിത്ര പുസ്തകങ്ങള്‍ വായിച്ചപ്പോഴും വലത്തോട്ടും ഇടത്തോട്ടും അല്ലാതെ ഇതിന്‍റെ ഇടയിലൂടെ ഉള്ള ഒരു വഴി വരികള്‍ക്കിടയിലൂടെ ഉള്ള വഴി ഉണ്ടെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.

മലബാറിലുള്ളവര്‍ക്ക് മുഹമ്മദ് അബ്ദുറഹിമാന്‍റെ മഹത്വം അറിയുന്നവരാണ്. എന്നാല്‍ തെക്കോട്ടുള്ള ചിലരൊക്കെ ആരാണ് ഈ വ്യക്തി എന്നൊക്കെ ചോദിക്കാറുണ്ട്. വീരപുത്രന്‍ എന്ന സിനിമ ഇറങ്ങിയ ശേഷം ആരാണ് വീരപുത്രന്‍ ന്നു ചോദിക്കുന്ന ഒരവസ്ഥ ഉണ്ടായിരുന്നു. എസ്കെ പൊറ്റക്കാട് എഡിറ്റ് ചെയ്ത മുഹമ്മദ് അബ്ദുറഹിമാന്റെ ജീവചരിത്ര പുസ്തകം ഞാന്‍ വായിച്ചപ്പോള്‍ എനിക്കു തോന്നിയത് എന്‍പി മുഹമ്മദിനെ പോലെയുള്ള ആ സമയത്ത് ദേശീയവാദി എന്നു വിളിക്കാവുന്ന വ്യക്തിയാണ് അദ്ദേഹം. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ മുഹമ്മദ് അബ്ദുറഹിമാനും ജോര്‍ജ്ജ് ജോസഫ് പോലെയുള്ള നേതാക്കന്മാര്‍ ചെന്നപ്പോള്‍ ഗാന്ധിജി പറഞ്ഞത് ഇത് ഹിന്ദുക്കളുടെ ആഭ്യന്തര കാര്യമാണ്, ഇതില്‍ നിങ്ങള്‍ ഇടപെടേണ്ട കാര്യം ഇല്ല എന്നാണ്. ഇത് എനിക്കു ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുള്ള കാര്യമാണ്.

അതുപോലെ തന്നെ ഖിലാഫത്തിനെ എങ്ങിനെ സ്വാതന്ത്ര്യ സമരവുമായി ഇണക്കിച്ചേര്‍ക്കാന്‍ സാധിച്ചു എന്നുള്ള ഒരു ചോദ്യവും അവിടെ നില്‍ക്കുന്നുണ്ട്. ഖിലാഫത്ത് പ്രസ്ഥാനം കഴിഞ്ഞതിന് ശേഷം മലബാറിലെ പീഡിപ്പിക്കപ്പെട്ട മുസ്ലിം സമുദായം ‘ഔട്ട്റേറ്റെഡ് ആക്ട്’ എന്ന കരിനിയമം പ്രയോഗിച്ച് ആന്തമാനിലേക്ക് നാടുകടത്തപ്പെടുകയും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും സ്ത്രീകളും കുട്ടികളും അനാഥരാവുകയും ഒക്കെ ചെയ്ത സമയത്ത് മുഹമ്മദ് അബ്ദുറഹിമാന്‍ ഇറങ്ങിപ്പുറപ്പെട്ടു. അദ്ദേഹം ദേശീയ സമരത്തില്‍ ഉള്ള ഒരു നേതാവ് തന്നെയാണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രസിഡണ്ട് കൂടിയാണ്. അദ്ദേഹം ഇതിന്‍റെ പേരില്‍ സാമുദായിക വാദിയും വര്‍ഗീയ വാദിയും ആയിട്ട് ഗാന്ധി അനുകൂല വാദികളാല്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് എന്നു എസ് കെ പൊറ്റക്കാട് എഡിറ്റ് ചെയ്ത ഈ പുസ്തകത്തില്‍ നമുക്ക് വായിക്കാന്‍ സാധിക്കും. അതുപോലെ ധാരാളം അനുഭവങ്ങള്‍ ഒരു മുസ്ലിം ദേശീയവാദിയായി നില്‍ക്കുമ്പോള്‍ തന്നെ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയെ പറ്റി അവിടെയും ഇവിടെയുമായിട്ട് സ്പര്‍ശിച്ചു പോകുന്നുണ്ട്.

ഒരിക്കല്‍ സ്വരച്ചേര്‍ച്ച ഇല്ലാതായ ഒരവസരത്തില്‍ ഒരാള്‍ ‘ഇവനെയൊക്കെ ആര് കോണ്‍ഗ്രസ് പ്രസിഡണ്ടാക്കി’ എന്നു ചോദിക്കുന്നുണ്ട്. ഒരു മുസ്ലിം, ദേശീയവാദിയായിരിക്കുമ്പോള്‍ തന്നെ നിരന്തരം തെളിയിക്കപ്പെടേണ്ട ഒരു ആവശ്യകത ഉണ്ടായിരുന്നെന്ന് എനിക്കു തോന്നുന്നു. അതുകൊണ്ടു തന്നെയാണ് ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ‘നീട്ടിയെഴുത്തുകള്‍’ എന്ന നോവല്‍ ഞാന്‍ എഴുതുന്നത്. അത് ഒരു രാഷ്ട്രീയ നോവലാണെന്നൊന്നും പറയാന്‍ കഴിയില്ല. അക്കാലത്ത് ജീവിച്ചിരുന്ന ഒരു മുസ്ലിം സ്ത്രീയുടെ ജീവിതമാണ് ഞാന്‍ ഈ നോവലില്‍ ചിത്രീകരിക്കുന്നത്. ഈ രാഷ്ട്രീയം കൂടി അതിന്‍റെ പിറകിലായിട്ട് വരുന്നുണ്ട് എന്നെയുള്ളൂ. കൊടുങ്ങല്ലൂര്‍ പശ്ചാത്തലമാക്കിയിട്ട് ഒരു നോവല്‍ എഴുതുമ്പോള്‍ കൊടുങ്ങല്ലൂരിന്റെ ചരിത്രം ഒക്കെ കുറച്ചു വരുന്നുണ്ട്. മുസ്ലിം നവോത്ഥാനത്തിന്‍റെ കൂടി കേന്ദ്രമായിട്ടുള്ള കൊടുങ്ങല്ലൂരിലെ ധാരാളം മുസ്ലിം നേതാക്കന്മാര്‍ വാസ്തവത്തില്‍ ദേശീയ പ്രസ്ഥാനത്തില്‍ വളരെ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്നവരാണ്. പാരമ്പര്യമായിട്ടു തന്നെ കോണ്‍ഗ്രസിലേക്ക് ജനിച്ചു വീഴുകയും ഗാന്ധിയെ ആരാധനാ പാത്രമായിട്ട് വിചാരിക്കുകയും ചെയ്തിരുന്ന അത്തരം ദേശീയ നേതാക്കളുടെ കൂട്ടത്തില്‍ എഐസിസി സമ്മേളനത്തില്‍ പങ്കെടുത്തവരുണ്ട്. ഗാന്ധിജിയുടെ വിവര്‍ത്തകന്‍ ആയിട്ടുള്ള സീതി സാഹിബ് ഉണ്ട്. പക്ഷേ അങ്ങനെയുള്ള കുറെ ഏറെ നേതാക്കന്മാര്‍ ദേശീയ പ്രസ്ഥാനത്തില്‍ നിന്ന് വിട്ടിട്ട് മുസ്ലിം ലീഗിലേക്ക് മാത്രം ഒതുങ്ങുന്ന ഒരവസ്ഥയുണ്ടായി. അതെന്തുകൊണ്ട് ഉണ്ടായി എന്ന ഒരു ചോദ്യം ഇത്തരം ചരിത്ര പുസ്തകം വായിച്ചപ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്.

മുസ്ലിംകള്‍ അപരവത്ക്കരിക്കപ്പെടുന്ന അല്ലെങ്കില്‍ സംശയിക്കപ്പെടുന്ന ഇന്നത്തെക്കാലവുമായി അത് ചേര്‍ത്ത് വെച്ചു നോക്കുമ്പോള്‍ അന്ന് ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായ മുഹമ്മദ് അബ്ദുറഹിമാനെ പോലെയുള്ളവരും അതിലൂടെ കടന്നുപോയിട്ടുണ്ട് എന്നത് ചരിത്ര പുസ്തകങ്ങള്‍ മറിച്ചു നോക്കിയാല്‍ മനസ്സിലാവും. അതേപോലെ തന്നെ അതില്‍ നിന്ന് വേദനയോടെ പിന്മാറിയ കുറച്ചു പേര്‍, അവര്‍ വിഘടനവാദികള്‍ ആയിരുന്നില്ല, തികഞ്ഞ ഗാന്ധി ഭക്തര്‍ തന്നെ ആയിരുന്നു, അവസാനം വരെ ഖാദി ഉപേക്ഷിച്ചില്ല. കുറച്ചുകാലം കൊണ്ട് വിഘടനവാദികള്‍ ആയവര്‍ അല്ലെങ്കില്‍ ഇന്ത്യയുടെ വിഭജനത്തിന് തന്നെ കാരണക്കാരായവര്‍ എന്നു മുദ്ര കുത്തപ്പെട്ടവരായ, ഒരുകാലത്ത് ദേശീയ പ്രസ്ഥാനത്തിന്റെ കൂടെ നില്‍ക്കുകയും പിന്നീട് മുസ്ലിം ലീഗിന്റെ ഭാഗമായി നില്‍ക്കേണ്ടി വന്നവരുമായ ഇവരെപ്പോലുള്ളവരെ കുറിച്ചുള്ള ആലോചന കൂടി എന്‍റെ നീട്ടിയെഴുത്തുകള്‍ എന്ന നോവലില്‍ ഉണ്ട്.

അതിന്‍റെ അവസാനത്തെ അദ്ധ്യായത്തിന് ഞാന്‍ പേരിട്ടത് ‘മുസിരിസ് ഒരു മിഥ്യ’ എന്നാണ്. മുസിരി കൊടുങ്ങല്ലൂര്‍ തന്നെ ആയിരുന്നോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ വരുന്ന ഇന്നത്തെ കാലത്ത് മുസിരി തന്നെ അല്ലെങ്കില്‍ കൊടുങ്ങല്ലൂര്‍ തന്നെ നഷ്ടപ്പെടുന്ന ഒരു പ്രണയിയുടെ വേദനയാണ് അവസാനത്തെ അധ്യായത്തില്‍ വരുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍