UPDATES

ഡോ. എം കെ മുനീര്‍/അഭിമുഖം-ആവശ്യമുള്ളപ്പോഴൊക്കെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിക്കുന്നവരാണ് സിപിഎം

ശുഷ്‌കിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ബംഗാളില്‍ തന്നെ കോണ്‍ഗ്രസുമായി സഖ്യത്തിനു തയ്യാറായി നില്‍ക്കുകയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നരേന്ദ്ര മോദിയെ അടക്കി നിര്‍ത്താന്‍ കഴിയില്ല.

മുസ്ലിം ലീഗ് നിയമസഭകക്ഷി നേതാവ്, പ്രതിപക്ഷ ഉപ നേതാവ് എന്നീ ചുമതലകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോഎം കെ മുനീറുമായി അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടര്‍ രാകേഷ് സനല്‍ സംസാരിക്കുന്നു

രാകേഷ് സനല്‍: വലിയ ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും നിറഞ്ഞ സ്ഥാനങ്ങളിലേക്കാണ് എത്തപ്പെട്ടിരിക്കുന്നത്. ഈ സ്ഥാനലബ്ധിയെ എങ്ങനെ കാണുന്നു, ഏതുതരത്തിലായിരിക്കും പ്രവര്‍ത്തനം?
ഡോ. എംകെ മുനീര്‍: പാര്‍ട്ടി തീരുമാനമാണ് എന്റെകാര്യത്തില്‍ നടന്നത്. മലപ്പുറത്ത് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വസതിയില്‍ കൂടിയ യോഗത്തില്‍ ലീഗിന്റെ എല്ലാ നിയമസഭാസാമാജികരെയും വിളിച്ചു ചേര്‍ത്ത് അവരോട് ആലോചിച്ച് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഉള്‍പ്പെടെയുള്ളവരുടെ തീരുമാനപ്രകാരം ആണു മുസ്ലിം ലീഗിന്റെ നിയമസഭ കക്ഷിനേതാവായി എന്നെ തെരഞ്ഞെടുക്കുന്നത്. ഇതോടൊപ്പം പ്രതിപക്ഷ ഉപനേതാവ് എന്ന സ്ഥാനവും എനിക്കു നല്‍കി. ദേശീയതലത്തില്‍ തന്നെ വ്യക്തിമുദ്ര പതിപ്പിച്ച കുഞ്ഞാലിക്കുട്ടി സാഹിബ് വഹിച്ചുപോന്നിരുന്ന സ്ഥാനമാണ്. ഇതിനു മുമ്പ് എന്റെ പിതാവും ഇതേ സ്ഥാനം വഹിച്ചിരുന്നു. അത്രമേല്‍ സുപ്രധാനമായൊരു സ്ഥാനത്തേക്കാണ് ഞാന്‍ എത്തുന്നത്. അവരിലേക്ക് ഒരു സ്‌കെയില്‍ വച്ചിട്ടാണ് എന്നെ അളക്കുന്നതും. അതു തന്നെയാണു ഞാന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. അവരോളം ഉയരാന്‍ എനിക്കു കഴിയണമെന്നില്ല. എങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ അതേപടി പിന്തുടരാനാണ് ഞാന്‍ ശ്രമിക്കുന്നത്.

രാ: യുഡിഎഫിലെ ഏറ്റവും നിര്‍ണായകമായ സ്ഥാനമാണ് ലീഗിനുള്ളത്. പലപ്രതിസന്ധിഘട്ടങ്ങളിലും ലീഗിന്റെ ഇടപെടലാണു മുന്നണിയുടെ നിലനില്‍പ്പിനു സഹായകമായതും. പികെ കുഞ്ഞാലിക്കുട്ടി ആ റോള്‍ ഭംഗിയായി നിര്‍വഹിച്ചിരുന്നു. ആ ചുമതല ഇനി താങ്കള്‍ക്കാണ്‌
മു: ലീഗ് എന്നും ഐക്യജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും വേണ്ടിയാണു നിലനില്‍ക്കുന്നത്. അതു തന്നെ ഇനിയും തുടരും. കോണ്‍ഗ്രസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു തന്നെയായിരിക്കും ലിഗിന്റെ പ്രവര്‍ത്തനവും. എന്റെ പ്രവര്‍ത്തനങ്ങളും അതനുസരിച്ചു തന്നെയായിരിക്കും.

രാ: കെഎം മാണിയുടെ കാര്യത്തില്‍ ലീഗിന്റെ അഭിപ്രായം എന്താണ്?
മു: മാണി സാറുമായി ലീഗിന് എന്നും നല്ലബന്ധമാണുള്ളത്. അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നതിന്റെ തുടക്കമായി ലീഗ് പലതും ചെയ്തുവച്ചിരുന്നു. അതിന്റെ ഭാഗമായാണ് അദ്ദേഹം മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്നതും. ഞങ്ങളുടെ ആഗ്രഹം മാണിസാര്‍ ഐക്യജനാധിപത്യ മുന്നണിയിലേക്ക് വരണമെന്നു തന്നെയാണ്. മാണി സാറിനോട് വാതില്‍ തുറന്നു പോകാന്‍ പറഞ്ഞതല്ല, സ്വയം പോയതാണ്. പന്ത് അദ്ദേഹത്തിന്റെ കോര്‍ട്ടിലാണ്.

രാ: ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നു പറയുന്നു. ഈ സാഹചര്യം ലീഗിനും തിരിച്ചടിയാകില്ലേ?
മു: കോണ്‍ഗ്രസ് രാജ്യത്ത് ക്ഷയിച്ചു എന്നഭിപ്രായം ശരിയല്ല. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പഞ്ചാബിലൊഴിച്ച് മറ്റൊരിടത്തും ഭരണത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും വലിയ മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടുണ്ടെന്നു കണക്കുകള്‍വച്ച് പറയാം. അതില്‍ തിരിച്ചടി ഉണ്ടായതെന്നു പറയാവുന്നത് ഉത്തര്‍പ്രദേശില്‍ മാത്രമാണ്. കുതിരക്കച്ചവടം നടന്നില്ലായിരുന്നെങ്കില്‍ ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് തന്നെ ഭരിക്കുമായിരുന്നു. അതുകൊണ്ട് തന്നെ പറയാം കോണ്‍ഗ്രസ് തിരിച്ചുവരും. കോണ്‍ഗ്രസിനു ശക്തികൊടുക്കുക എന്ന ബാധ്യതതയാണു മുസ്ലിം ലീഗിനുള്ളത്.

രാ: ശരിയാരിക്കാം പക്ഷേ, ബിജെപി അതിവേഗം രാജ്യത്താകമാനം ശക്തി പ്രാപിക്കുകയാണ്. കേരളത്തിലെങ്കിലും അവര്‍ക്ക് എതിരാളികാന്‍ കോണ്‍ഗ്രസിനോ സഖ്യകക്ഷികള്‍ക്കോ കഴിയുന്നുണ്ടോ? ഇടതുപക്ഷം ചെയ്യുന്നതുപോലെയെങ്കിലും?
മു: ബിജെപിയെ നേരിടാന്‍ മതേതര കൂട്ടായ്മയാണ് ആവശ്യം. വര്‍ഗീയരാഷ്ട്രീയത്തെ ഒറ്റയ്ക്ക് എതിര്‍ക്കാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനു കഴിയില്ല. അവരെവിടെയാണുള്ളത്? സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് ഒരിക്കലും അദ്ദേഹം നില്‍ക്കുന്ന ഡല്‍ഹിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ശുഷ്‌കിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ബംഗാളില്‍ തന്നെ കോണ്‍ഗ്രസുമായി സഖ്യത്തിനു തയ്യാറായി നില്‍ക്കുകയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നരേന്ദ്ര മോദിയെ അടക്കി നിര്‍ത്താന്‍ കഴിയില്ല. കോണ്‍ഗ്രസ് തന്നെയാണു ബിജെപിയുമായി മുഖാമുഖം പോരാടുന്ന പ്രസ്ഥാനം. ഉത്തരേന്ത്യയില്‍ ലീഗിനും ശക്തി കുറവാണെങ്കിലും കോണ്‍ഗ്രസിനൊപ്പം നിന്ന് മതേതര ശക്തികളുടെ ഐക്യമായ യുപിഎ ശക്തമാക്കുക എന്നതാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. നിതീഷ് കുമാര്‍, ലാലുപ്രസാദ് യാദവ്, മമത ബാനര്‍ജി അടക്കമുള്ളവരും ഇതിനൊപ്പം ചേരണം. മതനിരപേക്ഷതയില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ സഖ്യത്തിലേക്ക് ഇടതുപക്ഷവും വരണമെന്നാണു ഞങ്ങള്‍ പറയുന്നത്.

രാ: മുസ്ലിം ലീഗ് അതിന്റെ പേരില്‍ തന്നെ വര്‍ഗീയത പേറുന്നുവെന്നാണു ബിജെപിയും സംഘപരിവാറും ഇടതുപക്ഷം പോലും ആരോപിക്കുന്നത്?
മു: മുസ്ലിം ലീഗിന്റെ രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്ക് മനസിലാക്കാവുന്നതെയുള്ളൂ ഈ പാര്‍ട്ടിയുടെ മതേതരത്വം. ഏതെങ്കിലും ഒരു സമുദായത്തിനു മാത്രം അംഗത്വം കൊടുക്കുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്. മറ്റു സമുദായത്തില്‍ നിന്നുള്ളവര്‍ മുസ്ലിം ലീഗ് എംഎല്‍എമാരായിട്ടുണ്ട്. കെപി രാമനും യുസി രാമനുമൊക്കെ മുസ്ലിം ലീഗ് പ്രതിനിധികളായി നിയമസഭയില്‍ എത്തിയിരുന്നുവെന്നു ഓര്‍ക്കണം. ദളിത് ലീഗ് എന്നൊരു പോഷക സംഘടനപോലും പാര്‍ട്ടിക്കുണ്ട്.

1957 മുതല്‍ മുസ്ലിം ലീഗ് ഇവിടെ മാറി മാറി ഭരണത്തില്‍ വന്നിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കൂടെയും ചേര്‍ന്നിട്ടുണ്ട്. അന്നൊന്നും ഞങ്ങളുടെ പാര്‍ട്ടിയുടെ പേര് ആര്‍ക്കും പ്രശ്‌നമായിരുന്നില്ലല്ലോ? പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തിന്റെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ന്യൂനപക്ഷത്തിന്റെയും കാര്യത്തില്‍ പ്രത്യക ശ്രദ്ധയുണ്ട് എന്നുമാത്രമാണ്. അതല്ലാതെ മുസ്ലിം ലീഗ് എന്നും ഒരു സെക്യുലര്‍ പാര്‍ട്ടി തന്നെയാണ്. പേരില്‍ മനോഹരമായ പാര്‍ട്ടിയാണല്ലോ ഭാരതീയ ജനത പാര്‍ട്ടി. ആ പേരില്‍ ഒരു മതത്തിന്റെയും ചിഹ്നം കാണാനുമില്ല. പക്ഷേ ബിജെപി എന്ന പാര്‍ട്ടി എന്തുതരത്തിലുള്ള ആശയമാണ് ഇവിടെ നടത്തുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. അവരുടെ നിലപാടുകള്‍ മതപരമാണ്, മതനിരപേക്ഷിതമല്ല. ഈ രാജ്യത്ത് ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന് അവര്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ടല്ലോ.

എന്‍ഡിഎഫ്, എസ്ഡിപിഐ, പിഡിപി എന്നീ പാര്‍ട്ടികളുടെ പൂര്‍ണ്ണരൂപം നോക്കൂ. എല്ലാത്തിലും ഡമോക്രസിയും സെക്യുലറിസവും എല്ലാം കാണാം. എസ്ഡിപിഐ ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയത പ്രചരിപ്പിച്ചിട്ടുള്ള ആളുകളാണ്. പിഡിപിയെന്താ? അവര്‍ക്കൊന്നും ഒരു പ്രശ്‌നവുമില്ലല്ലേ? ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും ഇന്ത്യന്‍ നാഷണല്‍ ലീഗും തമ്മില്‍ എന്താ വ്യത്യാസം? അവര്‍ ഐയുഎംഎല്ലില്‍ നിന്നും ഇറങ്ങിവന്ന വേറൊരു കഷ്ണമല്ലേ. അവരോട് മമതയാകാം, മുസ്ലിം ലീഗിനോടും അസ്പര്‍ശ്യതയും. അതിന്റെ കാരണമെന്താ? ഇതൊന്നും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതാണു മറ്റൊരു യാഥാര്‍ത്ഥ്യം. എന്റെ മണ്ഡലത്തില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. അവിടെ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി നിന്നു ഞാന്‍ ജയിക്കണമെങ്കില്‍ അതു മുസ്ലിം വോട്ടുകൊണ്ടുമാത്രമല്ല, കേരളത്തിലെ സെക്യുലറായ ജനങ്ങളുടെ വോട്ടുകൊണ്ടാണ്.

രാ: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചത് മുസ്ലിം ഏകീകരണം നടപ്പാക്കാന്‍ ലീഗിനു കഴിഞ്ഞതുകൊണ്ടാണോ?
മു: മലപ്പുറത്ത് ലീഗിന് അനുകൂലമായി മുസ്ലിം ഏകീകരണം എങ്ങനെയുണ്ടാകുമെന്നാണു പറയുന്നത്? മാര്‍ക്‌സ്‌സിസ്റ്റ് പാര്‍ട്ടിയില്‍ മുസ്ലിങ്ങളില്ലേ? പിഡിപിയില്‍ ഇല്ലേ? പിഡിപി സിപിഎമ്മിനൊപ്പമല്ലേ? എസ്ഡിപിഐ ആര്‍ക്കും പിന്തുണ കൊടുത്തില്ല. ഇതെല്ലാം കഴിഞ്ഞുള്ള മുസ്ലിം വോട്ടല്ലേ ലീഗിനു കിട്ടിയത്. മലപ്പുറത്ത് മുസ്ലിം ഏകീകരണം ഉണ്ടായിട്ടേയില്ല. അതേസമയം ഹിന്ദുസമുദായം വലിയ ആശങ്കയില്‍ ആയിരുന്നു. സെക്യുലറിസം തകരുന്നു എന്നവര്‍ ഭയപ്പെട്ടു. എല്ലാവരും സൗഹൃദത്തോടെ നിലനില്‍ക്കുന്നൊരു സാഹചര്യം മോദിവന്നതിനുശേഷം തകരന്നുതായി അവര്‍ ആശങ്കപ്പെടുന്നു. ഹിന്ദു എന്ന പേരു പറഞ്ഞുകൊണ്ടാണു ബിജെപി വോട്ട് പിടിക്കുന്നത്. അതുശരിയല്ല എന്നു വ്യക്തമാക്കി കൊണ്ടു തന്നെ മലപ്പുറത്തെ ഹിന്ദുക്കള്‍ കൂട്ടത്തോടെ കുഞ്ഞാലിക്കുട്ടി സാഹിബിനു വോട്ട് ചെയ്യുകയായിരുന്നു. അങ്ങനെയാണു കേരളപ്പിറവിക്കുശേഷം ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന റെക്കോര്‍ഡുമായി കുഞ്ഞാലിക്കുട്ടി സാഹിബ് തെരഞ്ഞെടുക്കപ്പെടുന്നത്. മലപ്പുറത്ത് നടന്ന് മതേതര സമൂഹത്തിന്റെ ഏകീകരണമാണ്.

രാ: മുസ്ലിം ഏകീകരണം അടക്കമുള്ള ആരോപണം ഉയര്‍ത്തിയത് സിപിഎമ്മാണ്?
മു: ആവശ്യമുള്ളപ്പോഴൊക്കെ കമ്യൂണല്‍ കാര്‍ഡ് ഉപയോഗിക്കുന്നവരാണ് സിപിഎം.

രാ: സംസ്ഥാന സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പ്രതിപക്ഷ ഉപനേതാവ് എന്ന നിലയില്‍ ഭരണത്തെ വിലയിരുത്തിയാല്‍?
മു: ഒരു വര്‍ഷം കൊണ്ട് ഒരു സര്‍ക്കാരിന് എങ്ങനെ അണ്‍ പോപ്പുലര്‍ ആകാം എന്നു ചരിത്രപരമായി തെളിയിച്ചിരിക്കുന്നു എന്നതാണ് പിണറായി സര്‍ക്കാരില്‍ ഞാന്‍ കാണുന്ന പ്രത്യേകത. ഒന്നും ശരിയാകാത്തൊരു വര്‍ഷമാണ് ഇത്. എല്ലാം തകര്‍ത്തു. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലാതായി, റേഷന്‍ സംവിധാനം തകര്‍ന്നു, കെഎസ്ആര്‍ടിസി പൂട്ടേണ്ട അവസ്ഥയിലായി, വരള്‍ച്ചയെ നേരിടാനുള്ള യാതൊരു മുന്‍കരുതലുകളും ഇല്ല. ഡിജിപി ഇല്ലാത്തൊരു സംസ്ഥാനം എന്ന കുപ്രസിദ്ധിയും കേരളത്തിന് ഉണ്ടാക്കി കൊടുത്തു. എല്ലാംകൊണ്ടും ഇതുപോലെ ജനവിരുദ്ധമായൊരു സര്‍ക്കാര്‍ ഇന്ത്യയിലൊരിടത്തും എടുത്തുകാണിക്കാന്‍ ഇല്ലെന്ന തരത്തില്‍ നാണംകെട്ടിരിക്കുകയാണ് പിണറായി വിജയന്‍ ഈയൊരുവര്‍ഷം കൊണ്ടു തന്നെ.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍