UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമസഭ തെരഞ്ഞെടുപ്പ് ; മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

അഴിമുഖം പ്രതിനിധി

നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെ യുഡിഎഫ് ഘടക കക്ഷികളില്‍ പുതിയ പ്രതിസന്ധികള്‍ തലപൊക്കുന്നതിനിടെ മുഖ്യ ഘടക കക്ഷികളിലൊന്നായ മുസ്ലിം ലീഗ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. നാലു സിറ്റിംഗ് എംഎല്‍എമാരെ മാറ്റി നിര്‍ത്തിയാണ് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകും ജില്ലകളിലായി പാര്‍ട്ടിയുടെ 20 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്ട് പ്രഖ്യാപിച്ചത്. പട്ടികയില്‍ 17 പേരും സിറ്റിംഗ് എംഎല്‍എമാരാണ്. 24 സീറ്റുകളില്‍ ബാക്കി വരുന്ന കുറ്റിയാടി, കുന്നമംഗലം, ഗുരുവായൂര്‍ ഇരവിപുരം എന്നീ നാലു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും തങ്ങള്‍ അറിയിച്ചു.

ഇരവിപുരം യുഡിഫ് ഘടക കക്ഷിയായ ആര്‍ എസ് പിക്ക് നല്‍കേണ്ടി വന്നാല്‍ പകരം സീറ്റ് ലീഗ് ആവശ്യപ്പെടും. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, ബാലുശ്ശേരി എന്നീ സീറ്റുകള്‍ വച്ചുമാറ്റത്തിനും സാധ്യതയുണ്ട്. ചില സീറ്റുകള്‍ വച്ചു മാറിയേക്കാമെന്നും ഇക്കാര്യം യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുസംബന്ധിച്ച യുഡിഎഫിന്റെ അന്തിമ തീരുമാനം വ്ന്നതിനു ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ അഞ്ചു മന്ത്രിമാരേയും അവരുടെ മണ്ഡലത്തില്‍ തന്നെ നിലനിര്‍ത്തി കൊണ്ടാണ് പുതിയ പട്ടിക തയാറാക്കിയിട്ടുള്ളത്. നേരത്തെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലം വിട്ട് മലപ്പുറത്തേക്കു മാറുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പട്ടിക പുറത്തു വന്നതോടെ ചിത്രം വ്യക്തമായി. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി വ്യാഴാഴ്ച രണ്ടു ഘട്ടങ്ങളിലായി ചേര്‍ന്ന യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടത്. സിറ്റിംഗ് എംഎല്‍എമാരായ പാര്‍ട്ടി ദേശീയ സെക്രട്ടറി അബ്ദുല്‍ സമദ് സമാദാനി, അഡ്വ. കെ എന്‍ എ ഖാദര്‍, മുഹമ്മദുണ്ണി ഹാജി, സി മൊയിന്‍കുട്ടി എന്നിവരെ പട്ടികയില്‍ നിന്നൊഴിവാക്കി. പുതുമുഖങ്ങളായി കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍, ടി വി ഇബ്രാഹിം, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖ് എന്നിവരെയും കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട മലപ്പുറം ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദിനേയും ഇത്തവണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട് ജില്ലാ സെക്രട്ടറിമാര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയതോടെ പുറത്തായ വള്ളിക്കുന്ന് എംഎല്‍എ കെ എന്‍ എ ഖാദറിനെ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ആയും തിരുവമ്പാടി എം എല്‍ എ, സി മൊയിന്‍കുട്ടിയെ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ആയും നിയമിച്ചു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ചുമതലയും ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്ന് ഖാദര്‍ പറഞ്ഞു. തന്റെ മണ്ഡലം പോയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളുടേയും ചുമതല ലഭിച്ചില്ലെ എന്നായിരുന്നു ഖാദറിന്റെ തമാശ രൂപേണയുള്ള പ്രതികരണം.

കോണ്‍ഗ്രസ് ലീഗ് പ്രാദേശിക തര്‍ക്കം ഇനിയും പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത കൊണ്ടോട്ടിയില്‍ സിറ്റിംഗ് എം എല്‍ എ മുഹമ്മദുണ്ണി ഹാജിയെ മാറ്റി. മണ്ഡലത്തില്‍ ശക്തമായ ജനപിന്തുണയുള്ള ഹാജിയെ മാറ്റിയതോടെ ഇവിടെ മത്സരം കടുപ്പമേറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബാക്കിയുള്ള നാലു സീറ്റുകളിലേക്ക് യുവാക്കളേയും പരിഗണിക്കുമെന്ന സൂചന പി കെ കുഞ്ഞാലിക്കുട്ടി നല്‍കുന്നു. പട്ടികയില്‍ ഇടം തേടി നേരത്തെ യൂത്ത് ലീഗ് പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു. എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി എംഎല്‍എമാര്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തവണയും വനിതാ സ്ഥാനാര്‍ത്ഥികളെ ലീഗ് നിര്‍ത്തില്ലെന്നാണ് സൂചന. പാര്‍ട്ടിയുടെ ശക്തമായ വോട്ട് ബാങ്കായ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ശക്തമായ എതിര്‍പ്പ് ഇക്കാര്യത്തിലുണ്ട്. ലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ തന്നെ ഉപാധ്യക്ഷനായ സമസ്തയുടെ എതിര്‍പ്പിനെ പാര്‍ട്ടി അവഗണിക്കില്ലെന്നാണ് വിലയിരുത്തല്‍.

മണ്ഡലവും സ്ഥാനാര്‍ത്ഥികളും

മഞ്ചേശ്വരം- കെ.ബി അബ്ദുറസാഖ് മാസ്റ്റര്‍
കാസര്‍കോട്- എന്‍ എ നെല്ലിക്കുന്ന്
അഴീക്കോട്- കെ എം ഷാജി
തിരുവമ്പാടി-വി എം ഉമ്മര്‍
കൊടുവള്ളി- എം എ റസാഖ്
കോഴിക്കോട് സൗത്ത്- എം കെ മുനീര്‍
വള്ളിക്കുന്ന്- പി അബ്ദുല്‍ ഹമീദ്
തിരൂരങ്ങാടി- പി കെ അബ്ദുറബ്ബ്
താനുര്‍- അബ്ദുറഹിമാന്‍ രണ്ടത്താണി
തിരൂര്‍- സി മമ്മൂട്ടി
പെരിന്തല്‍മണ്ണ- മഞ്ഞളാംകുഴി അലി
മങ്കട ടി.എ അഹമ്മദ് കബീര്‍
വേങ്ങര- പി കെ കുഞ്ഞാലിക്കുട്ടി
കോട്ടക്കല്‍- കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍
മലപ്പുറം പി ഉബൈദുള്ള
മഞ്ചേരി അഡ്വ. എം ഉമ്മര്‍
ഏറനാട് പി.കെ ബഷീര്‍
കൊണ്ടോട്ടി- ടി വി ഇബ്രാഹിം
മണ്ണാര്‍ക്കാട് അഡ്വ. എം ശംസുദ്ദീന്‍
കളമശ്ശേരി- വി കെ ഇബ്രാഹിം കുഞ്ഞ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍