UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ എം മാണി; ലീഗ് ബേജാറിന്റെ നാനാര്‍ത്ഥങ്ങള്‍

Avatar

കെ. എ. ആന്‍റണി

പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇല്ലാത്ത ഒന്ന് മുസ്ലിം ലീഗിന് ഉണ്ടെന്നുവേണം ഇന്നലെ ചേര്‍ന്ന യുഡിഫ് യോഗ തീരുമാനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത് . ഈ ഗുണത്തെ വിവേക ബുദ്ധിയെന്നു നമുക്ക് വിളിക്കാം. മാണിസാര്‍ സംഘികള്‍ക്കൊപ്പം പോയാലുണ്ടായേക്കാവുന്ന അപകടം ലീഗും മനസ്സിലാക്കുന്നുണ്ട്. പിണറായി മുഖ്യനും കോടിയേരി സഖാവും മണക്കുന്ന അതെ അപകടം തന്നെ ലീഗും മണക്കുന്നു. ഇത് എങ്ങനെ ഒഴിവാക്കാം എന്ന കടുത്ത ചിന്തയില്‍ തന്നെയാണ് ലീഗും എന്ന് തന്നെ വേണം കരുതാന്‍.

മാണി സാറും സംഘവും മുന്നണി വിട്ട ശേഷം നടന്ന ആദ്യ യുഡിഫ് യോഗം ആയിരുന്നു ഇന്നലത്തേത്. യോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ  മജീദ് ഉള്‍പ്പടെയുള്ളവര്‍ മാണിയെയും കൂട്ടരെയും മുന്നണിബന്ധം വിടാന്‍ പ്രേരിപ്പിച്ച കോണ്‍ഗ്രസിലെ കൂശ്മാണ്ഡ ബുദ്ധിക്കാരെ നല്ല ചീത്ത പറഞ്ഞുവെന്നും ഒക്കെയാണ്‌ കേള്‍ക്കുന്നത്. ഇതൊക്കെ എത്രകണ്ട് ശരിയെന്നു ലീഗുകാരോട് ചോദിച്ചു ബുദ്ധി മുട്ടേണ്ടതില്ല. ഉള്ളത് ഉള്ളത്‌പോലെ പറയുന്ന കോണ്‍ഗ്രസുകാരുടെ കുലം അറ്റുപോകാത്തതു കൊണ്ടുകൂടിയാണ് ആ പാര്‍ട്ടി ഇന്നും എത്ര ശോഷിച്ചിട്ടും തൊഴുത്തില്‍ കെട്ടാത്ത ആന ആയി തുടരുന്നത്.

പലര്‍ക്കും തുടക്കം മുതല്‍ ഉണ്ടായിരുന്ന ചോദ്യങ്ങളില്‍ പ്രധാനം മാണി പാര്‍ട്ടി മുന്നണി വിട്ടാല്‍ അത് യുഡിഎഫിലെ രണ്ടാം കക്ഷിയായ ലീഗിന് അല്ലേ ഗുണം ചെയ്യുക എന്നത് ആയിരുന്നു . ഒരര്‍ത്ഥത്തില്‍ അത്തരം ഒരു ചോദ്യം പ്രസക്തമാണ്. സി എച്ച് മുഹമ്മദ് കോയക്ക് ശേഷം കേരളത്തില്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ ഒരു മുസ്ലിം ലീഗ്‌ നേതാവിനും കഴിഞ്ഞിട്ടില്ല. ഇതൊരു യാഥാര്‍ഥ്യമാണ്. ഒരു മുഖ്യമന്ത്രിയൊക്കെ ആകാന്‍ തനിക്കും യോഗ്യത ഉണ്ടെന്ന് ഏതൊരു ലീഗ് നേതാവും ആലോചിച്ചു പോയാല്‍ കുറ്റം പറയാന്‍ ആവില്ല. പറഞ്ഞു വന്നത് ലീഗ് ആര്‍ത്തി പൂണ്ട ഒരു പാര്‍ട്ടി ആണ് എന്നല്ല. മോഹങ്ങളും മോഹഭംഗങ്ങളും എങ്ങനെ ഒക്കെ ഒളിപ്പിച്ചു വെക്കാം എന്ന് നന്നായി അറിയുന്ന ഒരു പാര്‍ട്ടി ആണത്.

പക്ഷേ പിണറായിയെയും കോടിയേരിയെയും പോലെ സംഘികളുടെ പുതുകാല അജണ്ട മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ലീഗിനും ഉണ്ട്. നേമത്തെ രാജേട്ടന്‍ വിജയത്തിന് പിന്നിലെ കോണ്‍ഗ്രസ് ഗൂഢ ബുദ്ധികേന്ദ്രം അവര്‍ക്കും അറിയാം. ചിലരെയൊക്കെ ജയിപ്പിക്കാന്‍ ഒരു ബിജെപിക്കാരന്‍ എങ്കിലും ഇരിക്കട്ടെ എന്ന കോണ്‍ഗ്രസിന്റെ ഗൂഡതന്ത്രം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ലീഗും തിരിച്ചറിഞ്ഞതാണ്. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ മലപ്പുറത്തെ സംരക്ഷിക്കാന്‍ ഒപ്പം കാസര്‍ഗോഡിനെയും നിലനിര്‍ത്താന്‍ മഞ്ചേശ്വരം ബലിനല്‍കാന്‍ തയ്യാറായ ലീഗിന് ഉണ്ടായത് ക്ഷീണം മാത്രമാണ്. മഞ്ചേശ്വരത്ത് പാര്‍ട്ടി വിരുദ്ധനെന്നു തോന്നിയ ചെര്‍ക്കളം അബ്ദുള്ളയെ തളയ്ക്കുന്നതിലൂടെ കാസര്‍ഗോട്ടെ കാസര്‍ഗോഡ് മണ്ഡലവും തുടര്‍ന്നങ്ങോട്ട് മലപ്പുറം ലീഗ് കോട്ടയും മലബാറിലെ മൊത്തം ലീഗ് മത്സര കേന്ദ്രങ്ങളും ഉറപ്പിച്ചെടുക്കാം എന്ന പ്രത്യാശയാണ് അന്ന് കെ കരുണാകരന്‍ നല്‍കിയത്. ജന്മഭൂമി ലേഖകന്‍ കുഞ്ഞിക്കണ്ണന്‍ പിന്നീട് പുസ്തകരൂപത്തില്‍ ഇക്കാര്യങ്ങള്‍ അത്രയും പുറംലോകത്തിനെ അറിയിക്കുന്നതിനു മുന്‍പ് തന്നെ സിപിഎമ്മും ലീഗിലെ ചിലരും അപകടം മണത്തിരുന്നു. മഞ്ചേശ്വരത്ത് മാരാര്‍ജി ജയിച്ചാല്‍ കേരളം ഒട്ടാകെ യുഡിഎഫ് ജയിക്കുമെന്ന കരുണാകര ബുദ്ധിയില്‍ തലവച്ചു കൊടുത്ത മുസ്ലിം ലീഗ് ഇന്നതിനെക്കുറിച്ച് പരിതപിക്കുന്നുണ്ട്. 1991ലെ കോലിബി സഖ്യം മുസ്ലിം ലീഗിന് പിന്നീട് അങ്ങോട്ട് ഉണ്ടാക്കിയതത്രയും ക്ഷീണത്തിന്റെ കഥകളാണ്. സിപിഎമ്മിന്റെ കൃപകൊണ്ട് ചെര്‍ക്കളം ജയിക്കുകയും മാരാര്‍ജി തോല്‍ക്കുകയും ചെയ്തപ്പോള്‍ നെഞ്ചകം പിളര്‍ന്നത് കെ കരുണാകരന്റെത് ആയിരുന്നില്ല, അന്നത്തെ മുസ്ലിം ലീഗ് നേതാക്കളുടെത് ആയിരുന്നു. .

ബേപ്പൂരില്‍ ലീഗും കോണ്‍ഗ്രസും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ഡോ. കെ മാധവന്‍കുട്ടി എന്ന സ്വതന്ത്രനെ പിന്താങ്ങി. സ്വതന്ത്ര സ്ഥാനാര്‍ഥി ബിജെപിയുടെത് ആണെന്ന് അറിഞ്ഞില്ല എന്ന കളവ് സീതിഹാജിയും സംഘവും പ്രചരിപ്പിച്ചു. അസംബ്ലി തെരഞ്ഞെടുപ്പിനൊപ്പം നടന്ന പാര്‍ലമെന്റ്‌റ് തെരഞ്ഞെടുപ്പിലേക്ക് ബിജെപി നിര്‍ദേശിച്ച കോണ്ഗ്രസ് ബാന്ധവമുള്ള അഡ്വ. എന്‍ രത്‌നസിംഗ് ആയിരുന്നു. കെപി ഉണ്ണികൃഷ്ണനോട് രത്‌നസിംഗും ബേപ്പൂരില്‍ ടികെ ഹംസയോട് ഡോ. മാധവന്‍ കുട്ടിയും പരാജയപ്പെട്ടതോടെ കഥകള്‍ ഒന്നൊന്നായി പുറത്ത് വന്നു. ആ കോലിബി സഖ്യത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ ഇനിയും പേറാന്‍ മുസ്ലിം ലീഗ് തയ്യാറല്ല. തിരുവമ്പാടിയിലും കുന്നമംഗലത്തും ചതിച്ച കോണ്‍ഗ്രസിനേക്കാള്‍ അവര്‍ക്കിന്നു പ്രിയങ്കരം സിപിഎം ബാന്ധവമാണ്. സിപിഐ ഒഴിവായി കിട്ടിയാല്‍ അവിടേക്ക് കയറിക്കൂടാനുള്ള ശ്രമങ്ങള്‍ സജീവമാണ്.

കേരളം ഇന്ന് ഭയാശങ്കയോട് കൂടി കാണുന്ന കാര്യങ്ങളില്‍ പ്രധാനം ഒരു വിഭാഗം മുസ്ലിങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന മതതീവ്രവാദ ചിന്തയാണ്. സ്വാതന്ത്ര്യത്തിനു മുന്‍പ് പാകിസ്താന്‍ പതാക ഉയര്‍ത്തിയ മുസ്ലിം ലീഗ് തലശേരിയിലും ഉണ്ടായിരുന്നു. അവരെയൊക്കെ തള്ളിപ്പറഞ്ഞ് യു സി രാമനെപ്പോലെയുള്ളവരെ രംഗത്തിറക്കി ഒരു സെക്യുലര്‍ സ്വഭാവം തങ്ങള്‍ക്കും ഉണ്ടെന്നു അവകാശപ്പെടുന്ന മുസ്ലിം ലീഗിനെ കൈവിട്ടു കളയുന്നത് അത്യന്തം അപകടകരമാണ് എന്ന് സി.പി.എമ്മിനും അറിയാം. ഐഎസ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്കുള്ള ഒഴുക്ക് തടയേണ്ടത് തങ്ങളുടെ സെകുലറിസ്റ്റ് വാദത്തിനെ ബലപ്പെടുത്തുമെന്ന് കുഞ്ഞാലിക്കുട്ടിയെപ്പോലെയുള്ളവര്‍ വിശ്വസിക്കുമ്പോള്‍ വിവാദപുരുഷനായ സക്കീര്‍ നായിക്കിനെ അനുകൂലിക്കേണ്ടി വന്ന ഗതികേടും ആ പാര്‍ട്ടിക്ക് ഉണ്ടായി എന്നത് കാണാതിരുന്നുകൂടാ. ഇടി ബഷീറിന്റെ കടുംപിടിത്തങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുവിറയ്‌ക്കേണ്ട ഗതികേടിലാണ് കുഞ്ഞാലിക്കുട്ടി ഇപ്പോഴും. കോഴിക്കോട് ഐസ്‌ക്രീം കേസ് പോലെയുള്ള പഴംപുരാണങ്ങള്‍ കുഞ്ഞാലിക്കുട്ടിയെയും വേട്ടയാടുന്നുണ്ട്.

എന്നാല്‍ ഇതൊന്നുമല്ല ഇപ്പോള്‍ മുസ്ലിം ലീഗിനെ ഭീതിപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലും എന്‍ഡിഎയ്ക്ക് നേതൃത്വം നല്‍കുന്ന ബിജെപി രണ്ടു മുസ്ലിം സഹോദരന്‍മാരെ മത്സരത്തിനിറക്കി. അപകടം തറവാട്ടിലേക്കും വരുന്നു എന്ന് ലീഗ് മണത്തു തുടങ്ങിയത് ഇവിടെ നിന്നാണ്. ബി.ജെ.പിക്ക് വേണ്ടി ഇറങ്ങിയ മുസ്ലിം സഹോദരന്മാര്‍ക്ക് കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നു എന്നും കാന്തപുരം ഇപ്പോള്‍ മോദി പക്ഷത്ത് ആണെന്നും ഒക്കെ താത്ക്കാലം അണികളെ വിശ്വസിപ്പിച്ചു നടക്കുന്ന മുസ്ലിം ലീഗ് നേതാക്കള്‍ക്കും അറിയാം മാണിസാറെക്കൂടി കിട്ടിയാല്‍ മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാരും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മലപ്പുറത്തെ പച്ചക്കൊടി അധികം വൈകാതെ തന്നെ കാവി പുതപ്പിച്ചു തുടങ്ങും എന്ന്. ഈ ബേജാര്‍ തന്നെയാണ് മാണി സാറിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍