UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്ലീസ്.. ഞങ്ങളെ വര്‍ഗീയ വാദികളാക്കരുത്; ലീഗ് വിലാപകാവ്യമെഴുതുന്നു

Avatar

കെ പി എസ് കല്ലേരി

മുസ്‌ലീം ലീഗ് എന്ന് അധികാരത്തിലേറിയാലും കുറേ വിവാദങ്ങള്‍ അവരെ വിടാതെ പിന്തുടരും. ഗാന്ധിയുടെ ചിത്രത്തിന് താഴെനിന്ന് കള്ളുകുടിക്കുമ്പോഴും ഗാന്ധിയെ ആരെങ്കിലും നിന്ദിച്ചാല്‍ വികാരം പതഞ്ഞൊഴുകുന്ന കോണ്‍ഗ്രസുകാരേയും റബ്ബര്‍കര്‍ഷകരുടേയും മലയോര ജനതയുടേയും പേരില്‍ കണ്ണീര്‍വാര്‍ത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളാ കോണ്‍ഗ്രസുകാരേയും മറ്റ് ഉഡായിപ്പ് ഘടകകക്ഷികളേയുമെല്ലാം എടുത്തുപരിശോധിച്ചാല്‍ അല്‍പസ്വല്‍പം മാന്യന്‍മാരും രാജ്യസ്‌നേഹവുമൊക്കെയുള്ളവരാണ് ലീഗുകാര്‍ എന്ന് സാക്ഷാല്‍ പിണറായി വിജയന്‍പോലും സമ്മതിക്കും. എന്നിട്ടും അധികാരത്തിലേറിയാല്‍ എല്ലാപഴിയും ലീഗിനാണ്. അഖിലേന്ത്യാ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് നിയമിക്കുന്ന പാര്‍ട്ടിയാണെന്ന് പണ്ടേ അപവാദമുണ്ടെങ്കിലും ഇടക്കാലത്തായി അപവാദങ്ങളുടെ ശരവര്‍ഷം തന്നെയാണ്.  

ഇത്തവണ അധികാരത്തിലേറിയപ്പോള്‍ അഞ്ചാം മന്ത്രിയില്‍ തുടങ്ങിയ വിവാദങ്ങള്‍ പച്ചക്കോട്ടും പച്ചബോര്‍ഡും പ്ലസ്ടുവുമൊക്കെയായി മലപ്പുറം മുസ്ലിംങ്ങള്‍ക്കായുള്ള  പ്രത്യേക സംസ്ഥാനമാക്കാന്‍വരെ ലീഗ് ശ്രമിക്കുന്നു എന്നിടം വരെ എത്തി. കേന്ദ്രത്തില്‍ സംഘപരിവാര്‍ ശക്തികള്‍ അധികാരത്തിലേറിയതോടെ അത് വല്ലാതെ കൂടിയിരിക്കുന്നു എന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ലീഗിനെ വല്ലാതെ ആക്രമിക്കാതിരുന്ന സംസ്ഥാനത്തെ മുഖ്യധാരാപത്രങ്ങളെല്ലാം മോദി സ്തുതിക്കാരായതോടെ ആ ഭിതി വല്ലാതെ അങ്ങ് വര്‍ധിച്ചിട്ടുണ്ട്. തങ്ങള്‍ നല്‍കിയ 20 എംഎല്‍എമാരുടെ ബലത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിക്കുന്നതെങ്കിലും കോണ്‍ഗ്രസുകാരെ ലീഗിന് പണ്ടേ അത്രയങ്ങ് വിശ്വാസം പോര. കാരണം കഴിഞ്ഞ കുറേക്കാലമായി ഓരോ വിവാദങ്ങളുണ്ടാവുമ്പോഴും പ്രതിപക്ഷത്തേക്കാള്‍ പലപ്പോഴും ലീഗിനെതിരെ ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്യുന്നത് കോണ്‍ഗ്രസിലെ ന്യൂജനറേഷനാണല്ലോ. ചിലപ്പോഴൊക്കെ  ഈ കോണ്‍ഗ്രസുകാരേക്കാള്‍ മെച്ചം സിപിഎമ്മാണോ എന്നും ലീഗ് നേതാക്കള്‍ക്ക് തോന്നായ്കയില്ല. എന്നിട്ടും കോണ്‍ഗ്രസുകാരുടെ വലയില്‍തന്നെ തുടരുന്നതെന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ നേതാക്കള്‍ രഹസ്യമായി പറയും ‘നമ്മള്‍ക്ക് ഭരണമില്ലാതെ ജീവിക്കാന്‍ പറ്റില്ല…’ .

കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ട് ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ കുറേക്കാലമായി നാനാഭാഗത്തുനിന്നും തങ്ങള്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ ലീഗിനെ വല്ലാതെ വേദനിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. മുമ്പൊക്കെ പച്ചയേയും ഏണിയേയും മലപ്പുറത്തേയുമെല്ലാം ആളുകള്‍ വെറുതേയിങ്ങിനെ തെറി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അതൊന്നും തങ്ങളെ ബധിക്കുന്ന പ്രശ്‌നമേ അല്ലെന്ന് കരുതി ഭരണത്തിലും കച്ചോടത്തിലും മാത്രമായിരുന്നു നേതാക്കളുടെ ശ്രദ്ധ. പക്ഷേ അക്ഷേപങ്ങളുടേയും ആരോപണങ്ങളുടേയും അതിര് കടക്കുകയും കേന്ദ്രം ഇത്രയും കാലം തങ്ങള്‍ ഭയപ്പെട്ടുകൊണ്ടിരുന്ന സംഘപരിവാര്‍ ശക്തികള്‍ ഭരിക്കുകയും പലപ്പോളും ആശ്വാസം തരേണ്ട കോണ്‍ഗ്രസുതന്നെ ആക്രമിക്കാനും തുടങ്ങിയതോടെ ചിലതൊക്കെ തുറന്നുപറയാതെ രക്ഷയില്ലെന്നായിരിക്കുന്നു ലീഗില്‍. അതുകൊണ്ടൊക്കെയാണ് കേഴിക്കോട്ട് ചേര്‍ന്ന ലീഗ് സംസ്ഥാന കൗണ്‍സില്‍ മദ്യവും പ്ലസ്ടുവുമെല്ലാം മാറ്റിവെച്ച് നിങ്ങള്‍ ഞങ്ങളെ വര്‍ഗീയ വാദികളാക്കരുത് എന്ന് പ്രമേയത്തില്‍ കടിച്ച് തൂങ്ങി നിന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

പച്ച കത്തുമ്പോള്‍
മിസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി, താങ്കള്‍ നഗ്നനാണ്
അളമുട്ടിയ ആന്‍റണി അഥവാ ആദര്‍ശ വിസ്‌ഫോടനം
കേരളം എന്ന ഭ്രാന്താലയം
തീവ്രവാദിയാക്കുന്നതിന് മുന്‍പ് പട്ടിണിയെക്കുറിച്ചും ചിലത് പറയേണ്ടതുണ്ട്

സമ്പൂര്‍ണ മദ്യ നിരോധനവും പ്ലസ്ടുവുമെല്ലാം ഉണ്ടാക്കിയ തരംഗത്തില്‍ വല്ലതും കിട്ടുമോയെന്ന് ചുഴിഞ്ഞുനോക്കാന്‍ രാവിലെ മുതല്‍ കോഴിക്കോട് നടക്കാവിലെ ഹോട്ടലിനുമുമ്പില്‍ കാത്തിരുന്ന മാധ്യമപ്പടയ്ക്ക് ഉച്ചയ്ക്കത്തെ ബിരിയാണിയും കഴിഞ്ഞാണ് ലീഗ് നേതാക്കളെ മുഖാമുഖം കിട്ടിയത്. എന്നിട്ടോ ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീറില്‍ നിന്നും സംസ്ഥാന ജനറല്‍ സംക്രട്ടറി കെ.പി.എ.മജീദില്‍ നിന്നും കിട്ടിയത് വലിയൊരു വിലാപകാവ്യം. അതും ഞങ്ങളെ വര്‍ഗീയ വാദികളാക്കരുതെന്ന ഞെട്ടിക്കുന്ന വിലാപം. തങ്ങള്‍ ഈ നാടിന് വേണ്ടി എന്തുചെയ്താലും അതിനെല്ലാം ചിലര്‍ വര്‍ഗീയ നിറം കൊടുക്കുന്നു. പച്ചയും മലപ്പുറവുമെന്ന് വെട്ടിത്തുറന്ന് പറഞ്ഞില്ലെങ്കിലും നിറത്തിന്റേയും സ്ഥലനാമങ്ങളുടേയും പേരില്‍ ചില സമുദായങ്ങളുടേപേരില്‍ വര്‍ഗീയത ആരോപിക്കുന്നത് ശരിയല്ലെന്നും ദയവ് ചെയ്ത് മാധ്യമങ്ങളെങ്കിലും അതില്‍ നിന്ന് പിന്‍മാറണമെന്നുമായിരുന്നു ലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം.

‘ സംസ്ഥാനത്ത് എന്തും വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. പ്രത്യേക നിറത്തിന്റേയും സ്ഥലനാമങ്ങളുടേയും പേരുപറഞ്ഞ് ചില സമുദായങ്ങളെ ബോധപൂര്‍വം വര്‍ഗീയവത്കരിക്കുകയാണ്.  വിഷയങ്ങളെയെല്ലാം വര്‍ഗീയ വത്കരിക്കാനും അതുവഴി കലക്ക് വെള്ളത്തില്‍ മീന്‍പിടിക്കാനുമുള്ള ഫാസിസ്റ്റ് ശ്രമം അനുവദിച്ചുകൂട. ന്യൂനപക്ഷങ്ങള്‍ അമിതമായി പലതും നേടുന്നു, മറ്റ് സമുദായങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ല തുടങ്ങിയാണ് പ്രചരണങ്ങള്‍.  കാലങ്ങളായി കേരളീയ സമൂഹം കാത്തുസൂക്ഷിച്ചുവരുന്ന സാമുദായിക സൗഹാര്‍ദ്ദത്തിന്റെ കേരളീയ മാതൃകയ്ക്ക് കോട്ടം തട്ടിക്കാനുള്ള ശ്രമത്തെ രാഷ്ട്രീയപാര്‍ട്ടികളും മത-സാമുദായിക സംഘടനകളും എതിര്‍ത്ത് തോല്‍പിക്കണം. ഇത്തരം നീക്കങ്ങള്‍ മുളയിലേ നുള്ളാന്‍ പരിശ്രമിക്കേണ്ട മാധ്യമങ്ങളില്‍ പലതും സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് അങ്ങേയറ്റം ദയനീയമാണ്. സംസ്ഥാനത്ത് ഒരു ന്യൂനപക്ഷ ഭീതി സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങള്‍ ആര്‍ക്കും ഗുണകരമാവില്ല. മധ്യകേരളത്തിന വടക്കോട്ട് താമസിക്കുന്ന മലയാളികളുടെ വിദ്യാഭ്യാസമടക്കമുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ നിരന്തരമായി സാമുദായിക  പാശ്ചാത്തലത്തില്‍ മാത്രം വിലയിരുത്തപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. ന്യൂനപക്ഷ സമൂഹത്തെ ചൂണ്ടി കണക്കുകള്‍ ഗണിക്കുന്നവര്‍ ഇതര സമുഹത്തിന്റെ മൗലികാവകാശങ്ങള്‍ കൂടിയാണ് ഹനിക്കുന്നത്. മതബോധമില്ലാത്ത മതേതരത്വവും മതേതരമല്ലാത്ത മതബോധവും ഒരുപോലെ ആപല്‍ക്കരമാണ്..’ ഇങ്ങനെ പോയി വൈകാരിക വിക്ഷുബ്ധമായ ഇ.ടിയുടെ വാക്കുള്‍.

തുടര്‍ന്ന് സംസ്ഥാനത്തെ സമ്പൂര്‍ണ മദ്യ നിരോധനത്തെക്കുറിച്ചും ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ചുമെല്ലാം ഇ. ടി സംസാരിച്ചെങ്കിലും വാര്‍ത്താ സമ്മേളനം കഴിഞ്ഞ പുറത്തിറങ്ങുമ്പോഴും ഇ.ടി സൂചിപ്പിച്ചത് ‘മറ്റേവിഷയം..വര്‍ഗീയത, അത് നന്നായിക്കൊടുക്കണേ..’ എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍