UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പച്ച കത്തുമ്പോള്‍

Avatar

കെ.ജെ ജേക്കബ്

നീതി നടപ്പാക്കിയാല്‍ മാത്രം പോരാ, നടപ്പാക്കിയത് നീതിയാണെന്ന് എല്ലാവര്‍ക്കും തോന്നണം എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണമാണ്. കാര്യങ്ങള്‍ വൃത്തിയായി, സുതാര്യമായി ചെയ്യുക എന്നത് നമ്മുടെ പ്ലൂറലിസ്റ്റ് ജനാധിപത്യ രാജ്യത്ത് ഭരണത്തിലിരിക്കുന്നവര്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യമാണ്. ആത്മവിശ്വാസമില്ലാതെയും സംശയത്തോടെയും ഓരോന്ന് ചെയ്യുമ്പോള്‍ അത് മൊത്തം പോളിറ്റിയെയും ബാധിക്കുന്നു. സമൂഹത്തിന്റെ ഒരു ഭാഗത്തെ മാത്രം പ്രതിനിധീകരിക്കുന്നു എന്ന് പ്രത്യക്ഷമായി തോന്നുന്ന ആളുകള്‍ ഇക്കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.

 

സ്‌കൂളുകളില്‍ പച്ച ബോര്‍ഡ് എന്നത് ലോകത്തെല്ലായിടത്തും കണ്ടുവരുന്ന കാര്യമാണ്. മുസ്ലിം ലീഗിന്റെ പ്രതിനിധി വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോള്‍ അത്തരമൊരു പരിഷ്‌കാരം നടപ്പാക്കുന്നതിന് പ്രത്യേകിച്ച് ശങ്കിക്കേണ്ട ആവശ്യമില്ല. ഇതാണ് കാരണം എന്ന് പറഞ്ഞു എല്ലാ സ്‌കൂളുകളിലും നടപ്പാക്കിത്തുടങ്ങിയാല്‍ മതി. (വേണമെങ്കില്‍ സംസ്ഥാന തലത്തില്‍ ഒരുദ്ഘാടനവും ആകാം. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഊര്‍മിളാ ദേവി ടീച്ചറെ ഗേറ്റ് കീപ്പര്‍ ആക്കി വച്ച് മന്ത്രി അബ്ദുറബ്ബ് നടത്തിയാല്‍ ബഹു കേമവുമായി.) അല്ലാതെ ഒരു തരം സ്വകാര്യ പരിപാടി പോലെ റബ്ബിന്റെ മണ്ഡലത്തില്‍ കൊണ്ടുപോയി നടത്തുമ്പോഴാണ് തലയ്ക്കു വെളിവില്ലാത്ത ചില ചാനല്‍ പ്രവര്‍ത്തകര്‍ക്ക് വെളിപാടുണ്ടാവുകയും, അവരതൊരു വിവാദമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്.

 

 

മുസ്ലിം ലീഗുമായി ബന്ധപ്പെട്ടു നടക്കുന്ന പല കാര്യങ്ങളിലും കാര്യങ്ങള്‍ തുറന്നു പറയാതിരിക്കുന്നത് തല്‍പ്പര കക്ഷികള്‍ക്ക് കാര്യങ്ങള്‍ വളച്ചൊടിക്കാനും വിഷം പരത്താനും സൌകര്യമുണ്ടാക്കിക്കൊടുക്കുന്നതിന്റെ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അത് നാം കണ്ടതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു കോണ്‍ഗ്രസ് എം എല്‍ എ എന്നോട് പറഞ്ഞ കാര്യം ഇതാണ്: ‘കേരളത്തിലെ ജനസംഖ്യയുടെ 25 ശതമാനം മുസ്ലിങ്ങളാണ്. കേരളത്തില്‍ ക്യാബിനറ്റ് റാങ്കുള്ള 24 സ്ഥാനങ്ങളുണ്ട് (21 മന്ത്രിമാര്‍, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്) അപ്പോള്‍ ആറു സ്ഥാനങ്ങള്‍ മുസ്ലിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. മുസ്ലിം ലീഗിന്റെ നാലും, ആര്യാടനുമടക്കം 5 പേരാണ് ഉണ്ടായിരുന്നത്. ആറാമത്തെ സ്ഥാനം ലീഗിന് കിട്ടിയാല്‍ മാത്രമേ സാമുദായിക സന്തുലനം നടക്കൂ. അക്കാര്യം സമര്‍ത്ഥമായി മറച്ചു വയ്ക്കുകയും, ലീഗ് അധികമായി എന്തോ കൈപ്പറ്റിയെന്ന പ്രചരണം കുറേപ്പേര്‍ അഴിച്ചുവിടുകയും ചെയ്തു. അത് ചെയ്തതോ, എന്‍ എസ് എസ്സിന്റെ ജനറല്‍ സെക്രട്ടറിയും. 14 ശതമാനം നായന്മാരുള്ള കേരളത്തില്‍ ആ സമുദായത്തില്‍ നിന്ന് അന്ന് 5 പേര് ക്യാബിനറ്റ് റാങ്കിലുണ്ട്: തിരുവഞ്ചൂര്‍, ശിവകുമാര്‍, കാര്‍ത്തികേയന്‍, കെ പി മോഹനന്‍, ഗണേഷ് കുമാര്‍. എന്നിട്ട് പഴി ലീഗിനും. മാത്രമല്ല, എല്‍ ഡി എഫ് മന്ത്രിസഭയില്‍ മുസ്ലിം പ്രാതിനിധ്യം രണ്ടിലൊതുങ്ങിയപ്പോള്‍ ആര്‍ക്കും സാമുദായിക സന്തുലനം ഓര്‍മ വന്നുമില്ല. ഇക്കാര്യങ്ങള്‍ കൃത്യമായി പറയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. വലിച്ചു നീട്ടി വലിച്ചു നീട്ടി കാര്യങ്ങള്‍ വഷളാക്കി’.

ബെസ്റ്റ് ഓഫ് അഴിമുഖം

കുരിശ് മരണം – ഒരു ചരിത്രം
ഹിരോടാഡ ഒട്ടോതാകെ എന്ന വിസ്മയം
മരിച്ചവര്‍ക്കും കൂലി
കാമറ പോലെ ചില പ്രാണിക്കണ്ണുകള്‍
മനുഷ്യ മാംസത്തിന്റെ രുചി

 

അഞ്ചാം മന്ത്രിയെ പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചു എന്ന വിവരക്കേട് മാറ്റി നിര്‍ത്തിയാല്‍ എം എല്‍ എ പറഞ്ഞതല്ലേ ശരി? എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ വ്യക്തമായും കൃത്യമായും പറയുന്നില്ല? മുസ്ലിം ലീഗിനോ കോണ്‍ഗ്രസിനോ ഇക്കാര്യങ്ങള്‍ നാട്ടുകാരോട് പറഞ്ഞുകൂടേ? എന്തിനു വര്‍ഗീയ വിഷം പരത്തുന്ന കൃമികള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്നു? എന്തിനു കോട്ടണ്‍ ഹില്ലില്‍ സംഭവിച്ചതുപോലെയുള്ള മണ്ടത്തരങ്ങള്‍ സംഭവിക്കുന്നു? (ജാതീയമായ വേര്‍തിരിവ് എന്ന് ടീച്ചര്‍ പറഞ്ഞതുകൊണ്ട് ലീഗ് രക്ഷപ്പെട്ടു. മതപരമായ വേര്‍തിരിവ് എന്ന് പറഞ്ഞിരുന്നെകില്‍ കാണാമായിരുന്നു കളി.)

 

പല മതങ്ങളും ജാതികളും വര്‍ഗ്ഗങ്ങളും ജീവിക്കുന്ന നമ്മുടെ നാട്ടില്‍, വാര്‍ത്താ മാധ്യമങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും ബഹളമുണ്ടാക്കുമ്പോള്‍ നന്നായി ഭരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സുതാര്യമായും ആത്മവിശ്വാസത്തോടെയും കാര്യങ്ങള്‍ ചെയ്യുക എന്നതാണ്.

 

കേരളം മാറി. ലീഗും മാറി. അക്കാര്യം എല്ലാവരും ഓര്‍ത്താല്‍ നല്ലത്. ‘ഓണസ്റ്റി ഈസ് ദി ബെസ്റ്റ് പോളിസി’ എന്ന് സായ്പ്പ് പറഞ്ഞത് ചുമ്മാതല്ല. 

 

അയലത്തെ അദ്ദേഹം – കെ ജെ ജേക്കബ്

*Views are personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍