UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടിഞ്ഞാണ്‍ കൈവിട്ട കുഞ്ഞാലിക്കുട്ടി

Avatar

കെ പി എസ് കല്ലേരി

നാട്ടിൻ പുറങ്ങളിൽ ചില ചോദ്യങ്ങൾക്ക് ഉത്തരംമുട്ടുമ്പോൾ കുട്ടികൾ തൊടുത്തുവിടുന്നൊരു കുസൃതിയുണ്ട് , ‘അണ്ടിയോ മൂത്തത് മാങ്ങയോ മൂത്തത്..?’ കുട്ടികൾക്കുമാത്രമല്ല മുതിർന്നവർക്കും കൃത്യമായി ഉത്തരം കിട്ടാതെ പോയതിനാൽ ആ ചോദ്യം ഇന്നും തുടരുന്നു. പക്ഷെ ഉത്തരം കിട്ടാതിരിക്കുമ്പോഴും മൂപ്പിന്റെ കാര്യത്തിൽ അണ്ടിയും മാങ്ങയും ഒട്ടും പിറകിലല്ലെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. മാങ്ങയെ വിട്ട് ലീഗിന്റെ കാര്യത്തിലേക്ക് വന്നാലോ. ജനറൽ സെക്രട്ടറിയോ സെക്രട്ടറിയോ മൂത്തത് എന്ന് ചോദിച്ചാൽ ഏത് ലീഗുകാരനും പറയില്ലേ ജനറൽ സെക്രട്ടറി എന്ന്. എന്നിട്ടെന്തേ രാജ്യസഭാ സീറ്റിന്റെ തർക്കം മുറുകിയപ്പോൾ ആകെ ഉയർന്നുവന്ന രണ്ടു പേരുകളിൽ ഒരാൾ ജനറൽ സെക്രട്ടറിയായിട്ടും അവസാനം തങ്ങൾ സീറ്റ് വെറും സെക്രട്ടറിക്ക് നൽകിയത്….ഇത്തരം ചോദ്യങ്ങൾക്കൊന്നും പണ്ടേ മുസ്ലിംലീഗിൽ പ്രസക്തിയില്ലെന്ന് ഇവിടുത്തെ മാധ്യമങ്ങൾക്കും രാഷ്ട്രീയ നിരീക്ഷകർക്കും പിന്നെ ലീഗുകാർക്കും നന്നായിട്ടറിയാം. കാരണം ലോകത്ത് അഖിലേന്ത്യപ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് തീരുമാനിക്കുന്ന ഏക പാർട്ടിയാണല്ലോ മുസ്ലിം ലീഗ്…!

ഇവിടെ പ്രശ്നം മൂപ്പ് മജീദിനോ വഹാബിനോ എന്നതല്ല. മറിച്ച് കുഞ്ഞാലിക്കുട്ടിക്കോ പാണക്കാട്ടെ തങ്ങൾക്കോ എന്നതാണ്. മുസ്ലിം ലീഗിന്റെ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ ചരിത്രം പരിശോധിച്ചാൽ ഐസ്ക്രീം കഴിച്ച് അവശനായ ഘട്ടത്തിൽപോലും കുഞ്ഞാലിക്കുട്ടിക്കു തന്നെയായിരുന്നു മൂപ്പ് കൂടുതൽ. അങ്ങനെ പരസ്യമായി പറയുമ്പോൾ അത് ശരില്ലെന്നും വഹാബിന്റെ സ്ഥാനാർഥി പ്രഖ്യാപനമടക്കം ഇക്കാലങ്ങളിലെല്ലാം തീരുമാനം പ്രഖ്യാപിച്ചത് പാണക്കാട്ട് നിന്നല്ലേ എന്ന് പാവം ലീഗ് അണികൾ വാശിയോടെ ചോദിക്കും. അങ്ങനെ നോക്കുമ്പോൾ  അത് നൂറുശതമാനം ശരിയാണ്. സംസ്ഥാന സെക്രട്ടറിയേറ്റും പ്രവർത്തകസമിതിയും അതിനും മുകളിലത്തെ ഉന്നതധികാരസമിതിയുമെല്ലാം എന്തൊക്കെ സന്നിഗ്ധഘട്ടങ്ങളുണ്ടാവുമ്പോഴും തീരുമാനം പ്രഖ്യാപിക്കാൻ ഒടുക്കം പാണക്കാട് തങ്ങൾക്ക് വിടുന്നതാണ് ഇത്രയും കാലത്തെ കീഴ്വഴക്കം. വഹാബിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. പക്ഷെ ഒരേ ഒരു തിരുത്തുള്ളത് ഇക്കാലമത്രയും തീരുമാനം പ്രഖ്യാപിക്കൽ മാത്രമായിരുന്നു പാണക്കാട് നടന്നത്. തീരുമാനം എടുത്തത്  കുഞ്ഞാലിക്കുട്ടി എന്ന ബദൽ അധികാരസ്ഥാനവും. ശിബാബ് തങ്ങൾ പ്രതാപിയായി വാണകാലത്തും ഹൈദരലി ശിഹാബ്തങ്ങൾ അധികാരമേറിയപ്പോഴുമെല്ലാം  തെരഞ്ഞടുപ്പുകളിൽ സ്ഥാനാർഥികളുടെ പേരുപറഞ്ഞതും രാജ്യസഭയിലേക്ക് ആളുകളെ അയച്ചതും പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാരെ നിശ്ചയിച്ചതും യുഡിഎഫിൽ ലീഗിന്റെ മന്ത്രിമാർ ആരാവണമെന്ന് പറഞ്ഞതും  അവർക്കുള്ള വകുപ്പ് വീതിച്ചതും  സർക്കാരിൽ പാർട്ടിയുടെ തീരുമാനങ്ങളറിയിച്ചതും എന്തിന് പാണക്കാട്ട് ഡ്രൈവർമാരെ വരെ നൽകിയതുമെല്ലാം കുഞ്ഞാലിക്കുട്ടിയായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ അന്നും ഇന്നുമെല്ലാം ഇ.അഹമ്മദും എം.കെ.മുനീറും അബ്ദുൾവഹാബുമെല്ലാം ശത്രുപക്ഷത്ത് നിന്ന് തുടരെത്തുടരെ അമ്പെയ്തിട്ടുപോലും ഒരു വില്ലാളിവീരനായി ലീഗിൽ കുഞ്ഞാലിക്കുട്ടി വിലസി.

പാർട്ടിയിൽ ഒരാൾക്ക് ഒരു സ്ഥാനം എന്ന തീരുമാനം നടപ്പിലാക്കിയപ്പോൾ അദ്ദേഹം വഹിച്ച പാർട്ടി ജനറൽ സെക്രട്ടറിസ്ഥാനം മന്ത്രിസ്ഥാനത്തിന് മുമ്പിൽ ഒഴിയാതെ നിവൃത്തിയില്ലെന്ന ഘട്ടം വന്നപ്പോൾ ഇ.ടി.മുഹമ്മദ് ബഷീറിന് മുമ്പിലേക്ക് തന്റെ നിഴലായി നിന്ന കെ.പി.എ മജീദിനെ തള്ളിനിർത്തിയപ്പോഴും പാണക്കാട്ടെ തങ്ങൾക്ക് വഴങ്ങേണ്ടിവന്നുഎന്നത് ലീഗിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏട്. കുഞ്ഞാലിക്കുട്ടി ഇറങ്ങുന്ന ജനറൽ സെക്രട്ടറി പദം എന്തുകൊണ്ടും അലങ്കരിക്കേണ്ടിയിരുന്നത് ബഷീറാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായിരുന്നില്ല. പക്ഷെ താൻ മന്ത്രിയാവുമ്പഴും പാർട്ടി തനിക്കുചുറ്റും തന്നെ കറങ്ങണമെന്ന് അദ്ദേഹത്തിന്റെ നിർബന്ധബുദ്ധിയാണ് ബഷീർ ജനറൽസെക്രട്ടറിയാവുമ്പോൾ മജീദും കൂടി ഇരിക്കട്ടെ എന്ന കുഞ്ഞാലിക്കുട്ടി തീരുമാനം നടപ്പാക്കപ്പെട്ടതിന് പിന്നിൽ. അതിനു ശേഷം പലകോണുകളിൽ നിന്നായി വ്യാപക എതിർപ്പുകൾ ഉയർന്നപ്പോൾ ബഷീറിനെ സൗകര്യപൂർവം ദേശീയതലത്തിലേക്ക് ഉയർത്തി മജീദിനെ മാത്രം ജനറൽസെക്രട്ടറിയാക്കി നിർത്തി കടിഞ്ഞാൺ കുഞ്ഞാലിക്കുട്ടി തന്നെ കൈയ്യിൽ സൂക്ഷിച്ചു. അത്തരമൊരു കടിഞ്ഞാണാണ് ഒറ്റദിവസം കൊണ്ട് കുഞ്ഞാലിക്കുട്ടിയിൽ നിന്ന് വിട്ടു പോയിരിക്കുന്നത്.

വഹാബിന് പകരം മറ്റാരെങ്കിലുമാണ് മജീദിനെ വെട്ടിയതെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് ഇത്രയും വേദന ഉണ്ടാവുമായിരുന്നില്ല. പക്ഷെ കഴിഞ്ഞ കാലങ്ങളിലെല്ലാം പാർട്ടിക്കുള്ളിലും പുറത്തു നിന്നും തനിക്കെതിരെ ശക്തമായി പടപൊരുതിയ വഹാബ് എല്ലാ കീഴ്വഴക്കങ്ങളും മൂപ്പിളമയുമെല്ലാം മറികടന്ന് രാജ്യസഭയിലേക്ക് ബർത്ത് ഉറപ്പാക്കിയിരിക്കുന്നു. ഒന്നുകൊണ്ടും പേടിക്കാനില്ലെന്നും കേരളത്തിൽ നിന്ന് ലീഗിനൊരു രാജ്യസഭാ സ്ഥാനാർഥിയുണ്ടെങ്കിൽ അത് മജീദായിരിക്കുമെന്ന് അദ്ദേഹത്തിന് നൽകിയ ഉറപ്പ് പാലിക്കപ്പെടാതെ പോവുമ്പോൾ അത് വെറുമൊരു രാജ്യസഭാസീറ്റിന്റെ കാര്യത്തിലെ ഇളക്കം മാത്രമല്ല. ലീഗിൽ ഇനി വരുംകാലങ്ങളിൽ ഉണ്ടായേക്കാവുന്ന കുഞ്ഞാലിക്കുട്ടി വിരുദ്ധ അധികാര ധ്രുവീകരണത്തിന്റെ ശക്തമായ മുന്നറിയിപ്പാണ്. വഹാബും അഹമ്മദും നയിക്കുന്ന ഈ ചേരിയിലേക്ക് മുനീറും ബഷീറും സൂപ്പിയും ചെർക്കളവുമൊക്കെ നിരന്നുനിന്നാൽ കേവലം ഒരു ലീഗ് മന്ത്രി എന്ന നിലയ്ക്കപ്പുറത്ത് കേരളരാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടി ഒന്നുമല്ലാതായിതീരും എന്നൊരു ദൂസ്സൂചനകൂടിയുണ്ട് വഹാബിന്റെ ഈ സ്ഥാനാർഥിത്വത്തിന്.

കഴിഞ്ഞ കാലങ്ങളിൽ പാർട്ടിക്കുള്ളിൽ നിന്ന് എന്തുതന്നെ എതിർപ്പുണ്ടായാലും സംരക്ഷിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട്ടെ തറവാടുണ്ടായിരുന്നു. ഇത്തവണ സ്ഥാനാർഥിത്വ തർക്കമുണ്ടായപ്പോൾ അന്തരിച്ച ശിഹാബ് തങ്ങളുടെ മകൻ മുനവറലി തങ്ങളും കുഞ്ഞാലിക്കുട്ടി പക്ഷത്തിനുവേണ്ടി വഹാബിനെതിരെ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ പോലും രംഗത്തെത്തി. മജീദിന്റെ ജനറൽ സെക്രട്ടറി സ്ഥാനം, കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ അകമഴിഞ്ഞ പിന്തുണ, തങ്ങളുടെ മകന്റെ പരസ്യമായ നിലപാട് ഇതൊക്കെ കൂടി ആയപ്പോൾ മജീദിന്റെ സ്ഥാനാർഥിത്വത്തിന് ആർക്കും ഒരു സംശയം പോലുമുണ്ടായില്ല. പക്ഷെ രാവിലെ ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയപ്പോൾ നാവിൽ നിന്നും വീണ പേര് വഹാബിന്റേതായി. പാർട്ടി പാരമ്പര്യം, മൂപ്പ്, ലീഗ് അണികളുടെ പിന്തുണ, ജനകീയത തുടങ്ങിയവയൊന്നും മജീദിനോളം അവകാശപ്പെടാൻ ഇല്ലാഞ്ഞിട്ടും വഹാബ് സ്ഥാനാർഥിയായിട്ടുണ്ടെങ്കിൽ എന്ത് തന്നെ ന്യായവാദങ്ങളുയർത്തിയാലും മിസ്റ്റർ കുഞ്ഞാലിക്കുട്ടി ഇത് നിങ്ങൾക്കുള്ള മുന്നറിയിപ്പാണ്, ഇനി അറിയാതെങ്ങാനും വല്ല ഐസ്ക്രീമിനും മുമ്പിലൂടെ നടന്നുപോയാൽപ്പോലും താങ്കൾ പെട്ടുപോവും. അത്രമാത്രം വലിയൊരു ശത്രുപക്ഷം താങ്കൾക്കെതിരെ അണിയറയിൽ ശക്തി പ്രാപിച്ചിട്ടുണ്ട്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍