UPDATES

അങ്ങനെ ദേശീയ ലീഗ് പാണക്കാട് ലീഗായി; ഇനി അറിയേണ്ടത് കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലോട്ട് പോകുമോ ഇല്ലയോ എന്നാണ്

പഠിച്ച പാഠങ്ങൾ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വലിയൊരു മാറ്റമായി തന്നെവേണം ദേശീയ നേതൃനിരയിൽ ഉണ്ടായ ഈ മാറ്റങ്ങളെ വായിച്ചെടുക്കാൻ

കെ എ ആന്റണി

കെ എ ആന്റണി

സംഘടനാ തലപ്പത്ത് മലപ്പുറത്തിന്റെ സമ്പൂർണ ആധിപത്യം ഉറപ്പിക്കുന്നതാണ് മുസ്ലിം ലീഗ് ദേശീയ നേതൃനിരയിൽ ഉണ്ടായ മാറ്റങ്ങൾ. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ആക്ടിങ് പ്രസിഡന്റ് ആയി ചുമതലയേറ്റ തമിഴ്‌നാട്ടിൽ നിന്നുമുള്ള മുൻ എംപി കെഎം ഖാദർ മൊയ്‌ദീൻ പ്രസിഡണ്ട് ആയി തുടരുമെങ്കിലും ദേശീയ തലത്തിൽ മുസ്ലിം ലീഗിന്റെ മുഴുവൻ നിയന്ത്രണവും പാണക്കാട് കുടുംബത്തിലും പാണക്കാട് ഹൈദർ അലി ശിഹാബ് തങ്ങളുടെ വിശ്വസ്ഥരും മലപ്പുറംകാരുമായ നേതാക്കളിലും പൂർണമായും ഒതുക്കപ്പെട്ടിരിക്കുന്നു.

പികെ കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറൽ സെക്രട്ടറി ആയി നിശ്ചയിച്ചതിനൊപ്പം തന്നെ ഭരണഘടന ഭേദഗതിയിലുടെ ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദർ അലി ശിഹാബ് തങ്ങളെ മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയർമാനായും നിശ്ചയിക്കുക വഴി ഇനി അങ്ങോട്ട് എല്ലാ തീരുമാനങ്ങളും തങ്ങൾ തന്നെ എടുക്കും എന്ന വ്യക്തമായ സൂചനയാണ് പാർട്ടി നൽകുന്നത്. മുൻപും എല്ലാം തങ്ങൾ തീരുമാനിക്കും എന്ന് പറയാറുണ്ടെങ്കിലും ലീഗിന്റെ ആരംഭകാലം മുതലേ എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത് പാണക്കാട് കുടുംബവുമായി ബന്ധപ്പെട്ട് നിന്നിരുന്ന ചില ലീഗ് നേതാക്കൾ തന്നെയായിരുന്നു. മതകാര്യങ്ങളിൽ സജീവമായി ഇടപെടുന്ന പാണക്കാട് തങ്ങൾ കുടുംബം രാഷ്ട്രീയ വിഷയങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നത് ശരിയല്ലെന്ന സ്വയം വിമർശനത്തിന്റെ ഭാഗമായി കൂടിയായിരുന്നു അത്. ആദ്യകാലത്ത് സിഎച് മുഹമ്മദ് കോയയെയും കെഎം സീതിയെയും പോലെ പ്രഗൽഭമതികളായ നേതാക്കൾ മുസ്ലിം ലീഗിന് ഉണ്ടായിരുന്നുവെന്നതും രാഷ്ട്രീയത്തിനപ്പുറം മത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാണക്കാട് കുടുംബത്തിന് തുണയായി.

എന്നാൽ കേരള മുസ്ലിം ലീഗിനെ ഒരു ദേശീയ പാർട്ടി ആക്കി മാറ്റാനുള്ള വ്യഗ്രത കാലക്രമത്തിൽ ആ പാർട്ടിയെ വല്ലാത്തൊരു ഗതികേടിലേക്കാണ് കൊണ്ടുചെന്നെത്തിച്ചത്. കർണാടകത്തിൽ നിന്നും ഇബ്രാഹിം സുലൈമാൻ സേട്ടും മുംബൈയിൽ നിന്ന് ബനാത്വാലയും ദേശീയ നേതൃത്വത്തിൽ വന്നത് തുടക്കത്തിൽ ഒരു ഗ്ലാമർ പരിവേഷം നൽകിയെങ്കിലും പിന്നീടത് വലിയ ക്ഷീണം ഉണ്ടാക്കിയെന്ന് അനുഭവത്തിൽ നിന്നും പഠിച്ച പാർട്ടിയാണ് ലീഗ്. ബാബ്‌റി മസ്ജിദ് വിഷയത്തിൽ അന്ന് പാർട്ടിയുടെ ദേശീയ അധ്യക്ഷനായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് എടുത്ത കടുത്ത നിലപാടുകൾ മുസ്ലിംലീഗിനെ വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചത്. പാർട്ടി പിളരുകയും മുസ്ലിം ലീഗിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഇനിയങ്ങോട്ട് അത്തരത്തിൽ ഒരു സ്ഥിതി വന്നു ചേരാതിരിക്കാനുള്ള വലിയ കരുതൽ ഞായറാഴ്ച നടന്ന ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ നിന്നും വ്യക്തമാണ്. പഠിച്ച പാഠങ്ങൾ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വലിയൊരു മാറ്റമായി തന്നെവേണം ദേശീയ നേതൃനിരയിൽ ഉണ്ടായ ഈ മാറ്റങ്ങളെ വായിച്ചെടുക്കാൻ. ഖാദർ മൊയ്‌ദീൻ ഒഴികെ മറ്റാരും മറ്റൊരു സംസ്ഥാനത്തും നിന്നും നേതൃനിരയിലേക്ക് പരിഗണിക്കപ്പെട്ടില്ല എന്നത് നൽകുന്ന സന്ദേശവും മറ്റൊന്നാവാൻ ഇടയില്ല.

മറ്റൊരു ഭരണഘടന ഭേദഗതിയിലൂടെ ദേശീയ സെക്രട്ടറി ആയിരുന്ന ഇടി മുഹമ്മദ് ബഷീറിനെ ഓർഗനൈസിംഗ് സെക്രട്ടറി ആക്കിയതിലൂടെ മുസ്ലിം ലീഗിലെ മലപ്പുറത്ത് നിന്ന് തന്നെയുള്ള രണ്ടു വിരുദ്ധ ചേരികളെ ഒരുമിച്ചു കൊണ്ടുവരാനുള്ള നീക്കവും വ്യക്തമാണ്. പുതിയ ദേശീയ നേതൃഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും മലപ്പുറത്ത് നിന്നുള്ളവരാണ്. പിവി അബ്ദുൽ വഹാബ് എംപിയെ ദേശീയ ഖജാൻജി ആക്കുക വഴി കുഞ്ഞാലിക്കുട്ടി തന്റെ നില ഒന്നുകൂടി ഭദ്രമാക്കി എന്ന് തന്നെ വേണം കരുതാൻ.

ഇനിയിപ്പോൾ ഉയരുന്ന വലിയ ചോദ്യം ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന മലപ്പുറം സീറ്റിൽ നിന്ന് കുഞ്ഞാലിക്കുട്ടി മത്സരിക്കുമോ ഇല്ലയോ എന്നതാണ്. പാർട്ടി തീരുമാനിച്ചാൽ താൻ റെഡി എന്നൊക്കെ കുഞ്ഞാലിക്കുട്ടി പറയുന്നുണ്ടെങ്കിലും പകരം ആർ എന്ന ചോദ്യം ബാക്കി നിൽക്കുന്നു. പോരെങ്കിൽ കുഞ്ഞാലിക്കുട്ടി ലോകസഭയിലേക്കു മത്സരിച്ചു വിജയിച്ചാൽ അദ്ദേഹം നിലവിൽ പ്രതിനിധാനം ചെയ്യുന്ന വേങ്ങര മണ്ഡലത്തിലും ഉപ തിരഞ്ഞെടുപ്പ് വേണ്ടി വരും. അപ്പോൾ യുഡിഎഫിന്റെ അനുമതി വേണം എന്നൊക്കെ പലരും എഴുതിക്കണ്ടു. സംഗതി ശരിയാണ്. പക്ഷെ കേരളത്തിൽ ലീഗിന്റെ കാര്യം ലീഗാണ് തീരുമാനിക്കുക എന്നത് ആർക്കാണ് അറിയാത്തത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍